Pages

Wednesday, June 19, 2019

രാമശ്ശേരി ഇഡ്‌ലി

            സോളോ യാത്രകളുടെ ഭൈമീകാമുകനും എന്റെ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ സുഹൈലിന്റെ മുഖപുസ്തക കുറിപ്പിലൂടെയാണ്, ഒരു കൊച്ചുഗ്രാമത്തെ ലോകം മുഴുവൻ പ്രശസ്തമാക്കിയ രാമശ്ശേരി ഇഡ്‌ലിയെപ്പറ്റി ഞാൻ കേൾക്കുന്നത്. ഖസാക്കിന്റെ ഇതിഹാസ ഭൂമി കാണാൻ പോകുമ്പോൾ ഒന്ന് രുചി നോക്കാം എന്ന് കരുതി ഇരിക്കുമ്പോഴാണ്, ഈ വർഷത്തെ ഞങ്ങളുടെ കുടുംബ വിനോദയാത്രക്കായി കൊടൈക്കനാൽ തെരഞ്ഞെടുക്കപ്പെട്ടത്. അതോടെ കുടുംബത്തിലെ എല്ലാവർക്കും  രാമശ്ശേരി ഇഡ്‌ലിയുടെ രുചി നേരിട്ടറിയാനുള്ള വഴിയും ഒരുങ്ങി.

            പാലക്കാട്‌ പൊള്ളാച്ചി ദേശീയ പാതയിലൂടെ എട്ട് കിലോമീറ്റർ ദൂരം മുന്നോട്ട് പോയാൽ കുന്നാച്ചിയെന്ന ഒരു ചെറിയ അങ്ങാടിയിലെത്തും. അവിടെ നിന്നും ഇടത്തോട്ട് ഇടവഴിപോലും നാണിക്കുന്ന രീതിയിൽ ഇടുങ്ങിയ ഒരു റോഡ് വളഞ്ഞും പുളഞ്ഞും മുന്നോട്ട് പോകുന്നു. ഒട്ടും തിരക്കില്ലാത്ത ഈ വഴിയിലൂടെ രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാൽ ചെന്നെത്തുന്നത്  ആളൊഴിഞ്ഞ ഒരു തനി പാലക്കാടൻ ഗ്രാമത്തിലാണ്. ഇഡ്‌ലി തിന്നാൻ തിക്കിത്തിരക്കുന്ന മനുഷ്യജന്മങ്ങളും അത് വിതരണം ചെയ്യാൻ പാടുപെടുന്ന ഹോട്ടലുടമയെയും ഒക്കെയായിരുന്നു അവിടേക്കുള്ള യാത്രയില്‍ ഞാന്‍ മനസ്സിൽ വരച്ച് വച്ച ചിത്രം. പക്ഷേ, ഒരു ഭഗവതി ക്ഷേത്രവും രണ്ട് മൂന്ന് കടകളും മാത്രമുള്ള ചെറിയൊരു ഉൾനാടൻ ഗ്രാമമായിരുന്നു ഞങ്ങളെ വരവേറ്റത്. വീടിന്റെ മുൻ‌ഭാഗം തന്നെയായിരുന്നു കടയായി രൂപാന്തരപ്പെടുത്തിയത്.  “ ഭാഗ്യലക്ഷ്മി അമ്മാസ് ശ്രീ സരസ്വതി ടീ സ്റ്റാള്‍ രാമശ്ശേരി ഇഡ‌ലിക്കട“ എന്ന ബോര്‍ഡ് ഇതു തന്നെ ആ സ്ഥലം എന്ന് വ്യക്തമാക്കി.
           ശങ്കരന്‍ എന്നാണ് കടയുടമയുടെ പേര്. അദ്ദേഹത്തിന്റെ ഭാര്യയും കൂട്ടിനുണ്ട്. പിന്നെ ചില വിളമ്പല്‍ സഹായികളും. പത്താം ക്ലാസ് പരീക്ഷ എഴുതിയ പേരക്കുട്ടിക്കാണ് പണപ്പെട്ടിയുടെ ചുമതല.രാമശ്ശേരിയിലെ മുതലിയാര്‍ കുടുംബാംഗങ്ങള്‍ തലമുറ തലമുറയായി കൈമാറി പോരുന്നതാണ് ഈ ഇഡലിയുടെ നിർമാണം. ഒരാഴ്ചവരെ ഈ ഇഡലി കേടുകൂടാതെ ഇരിക്കുമെന്ന് പറയപ്പെടുന്നു. ഞങ്ങള്‍ കയറി ഇരുന്നതോടെ തന്നെ കട ഹൌസ്‌ഫുള്‍ ആയി. മറ്റാരും തന്നെ അപ്പോള്‍ കഴിക്കാ‍നും വന്നില്ല.

            ഇഡ‌ലി മുന്നില്‍ എത്തിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. സാധാരണ ഇഡലിയുടെ രൂപമേ അല്ല.സാധാരണ ഇഡലി റോഡ് റോളര്‍ കയറ്റി പരത്തിയപോലെ ! കണ്ടാല്‍ കട്ടിയുള്ള എന്തോ ഒരു അപ്പം ആണെന്നേ തോന്നൂ.അങ്ങനെ വലുപ്പത്തിലും രുചിയിലും വേവിക്കുന്ന രീതിയിലും എല്ലാം രാമശ്ശേരി ഇഡലി വ്യത്യസ്തത പുലര്‍ത്തുന്നു.ഉമ്മ അടുക്കളയില്‍ കയറി ഇഡലി ഉണ്ടാക്കുന്ന രീതിയും കണ്ടു.മണ്ണ് കൊണ്ടുണ്ടാക്കിയ ചെറിയ വളയത്തിൽ നൂലുകൊണ്ട് ഒരു വല പോലെ കെട്ടി അതിന്റെ മുകളിൽ മാവ് ഒഴിച്ച് ആവിയില്‍ വേവിച്ചാണ് ഇഡലി ഉണ്ടാക്കുന്നത്. ഒരു ഇഡലിക്ക് 7 രൂപയാണ് വില.ഒരു സെറ്റില്‍ മൂന്നെണ്ണം ഉണ്ടാകും.
              തേങ്ങാ ചട്ട്‌ണി ഒഴിച്ച് ഇഡലി തിന്നാന്‍ തുടങ്ങിയപ്പോഴാണ് മറ്റൊരു ചേട്ടന്‍ പാലക്കാടൻ സാമ്പാറും കൊണ്ട് വന്നത്. അതും ഒഴിച്ച് ആഞ്ഞ് പിടിക്കുമ്പോള്‍ അതാ വരുന്നു ഉള്ളി ചട്‌ണി.അപ്പോ പിന്നെ ഒരു ഇഡലി കൂടി വാങ്ങി.അതിന് അകമ്പടിയായി വന്നത് ഒരു പ്രത്യേകതരം പൊടിയായിരുന്നു.കുരുമുളകും ജീരകവും ഒക്കെ കൂടി അടങ്ങിയ ഒരു വറൈറ്റി സാധനം. ഏതായാലും എല്ലാം കൂട്ടി നന്നായി തട്ടി.

            കാശും കൊടുത്ത് കടയില്‍ നിന്നിറങ്ങുന്നതിന് മുമ്പ് ശങ്കരേട്ടനോട് കുശലം പറഞ്ഞപ്പോഴാണ് അവിടത്തെ മിക്ക വീടുകളിലും ഈ ഇഡലി ഉണ്ടാക്കുന്ന വിവരം അറിഞ്ഞത്.അവയില്‍ ചിലത് ഗ്രാമത്തിന്റെ വേലികളും പട്ടണത്തിന്റെ അതിര്‍ത്തികളും കടന്ന് ദേശാടനം നടത്തുന്നുണ്ട്.മാളുകളിലും എയര്‍പോര്‍ട്ടിലും വിദേശവിസയും കാത്ത് കിടക്കുന്ന ഇഡലികളും രാമശ്ശേരിയില്‍ നിന്നും എന്നും പുറപ്പെടുന്നുണ്ട്. അങ്ങനെ സിമ്പിള്‍ ആയ ഇഡലിയിലൂടെ ഒരു ഗ്രാമം പവര്‍ഫുള്‍ ആകുന്നു.

              രാമശ്ശേരി ഇഡലിയുടെ രുചി നാവിലും മനസ്സിലും കൊത്തിവയ്കണമെങ്കില്‍ അത് ഈ ഗ്രാമത്തില്‍ വന്ന് തന്നെ കഴിക്കണം.പാലക്കാട്ടേക്കുള്ള അടുത്ത യാത്രയില്‍ വീണ്ടും എത്താമെന്ന മോഹത്തോടെ ഞാന്‍ രാമശ്ശേരിയോട് സലാം പറഞ്ഞു.അപ്പോഴേക്കും ഒരു പക്ഷേ രാമശ്ശേരി ഇഡലി ഭൌമ സൂചികാ പട്ടികയില്‍ (Geographical Indication) ഇടം പിടിച്ചേക്കും.

7 comments:

  1. രാമശ്ശേരി ഇഡലിയുടെ രുചി നാവിലും മനസ്സിലും കൊത്തിവയ്കണമെങ്കില്‍ അത് ഈ ഗ്രാമത്തില്‍ വന്ന് തന്നെ കഴിക്കണം.

    ReplyDelete
  2. രാമശ്ശേരി ഇഡലിയുടെ രുചി നാവിലും മനസ്സിലും കൊത്തിവയ്കണമെങ്കില്‍ അത് ഈ ഗ്രാമത്തില്‍ വന്ന് തന്നെ കഴിക്കണം.പാലക്കാട്ടേക്കുള്ള അടുത്ത യാത്രയില്‍ വീണ്ടും എത്താമെന്ന മോഹത്തോടെ ഞാന്‍ രാമശ്ശേരിയോട് സലാം പറഞ്ഞു.അപ്പോഴേക്കും ഒരു പക്ഷേ രാമശ്ശേരി ഇഡലി ഭൌമ സൂചികാ പട്ടികയില്‍ (Geographical Indication) ഇടം പിടിച്ചേക്കും.

    ReplyDelete
  3. മുരളിയേട്ടാ...കഴിച്ചിട്ടുണ്ടോ ?

    ReplyDelete
  4. ഈ ഇഡ്ഡലിയെപ്പറ്റി കേട്ടിട്ടേയുള്ളൂ. ഒരിക്കൽ ടി വി യിൽ കണ്ടു ഇതേപ്പറ്റി .. മാഷിന്റെ ഈ കുറിപ്പിലൂടെ കുറച്ചൂടെ അറിഞ്ഞു. ഇനി രുചി അറിയണേൽ കഴിച്ചല്ലേ പറ്റൂ .. നോക്കാം

    ReplyDelete
  5. ഗീതാ ജീ... അതെ കഴിച്ച് തന്നെ അനുഭവിച്ചറിയുക

    ReplyDelete
  6. ഞാൻ കഴിച്ചിട്ടുണ്ട്... എൻ്റെ ഇഷ്ടവിഭവമാണ് :)

    ReplyDelete
  7. മുബീ...പാലക്കാട്ടുകാര്‍ കഴിച്ചില്ലെങ്കില്‍ പിന്നെ ആരാ കഴിക്കാ ?

    ReplyDelete

നന്ദി....വീണ്ടും വരിക