Pages

Saturday, July 06, 2019

ചാലിയാര്‍ സാക്ഷി

             എന്റെ പ്രിയഗ്രാമത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന പല ചിത്രങ്ങളും എന്റെ മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്. അതില്‍ ചിലതാണ് ശനിയാഴ്ച ചന്ത , ചക്കം തൊടിക ഗ്രൌണ്ടിലെ ഫുട്ബാള്‍ ടൂര്‍ണമെന്റ് , വൈ.എം.എ ക്ക് മുമ്പിലെ പഴയ ബസ് സ്റ്റാന്റ്, വിജയ ടാക്കീസ് , പഴയ പോസ്റ്റ് ഓഫീസ് , ക്യാമ്പ് കുന്നിലെ പഴയ വാട്ടര്‍ ടാങ്ക്, എന്റെ വീടിനടുത്തുണ്ടായിരുന്ന കള്ള്-ചാരായ ഷാപ്പുകള്‍, പഴയ പഞ്ചായത്ത് കെട്ടിടം തുടങ്ങിയവ. ഇവ എല്ലാം ഇന്ന് ഓര്‍മ്മകള്‍ മാത്രമാണ്.

          മേല്പറഞ്ഞവയെപ്പറ്റിയും നാടിന്റെ മറ്റു ചില പ്രത്യേകതകളെപ്പറ്റിയും ഇവിടെ കുറിച്ചിടണം എന്ന് അതിയായ മോഹമുണ്ട്. ഒരു നാടിന്റെ ചരിത്രം അടുത്ത തലമുറക്ക് അല്പമെങ്കിലും കൈമാറാന്‍ അതേ ഇന്ന് വഴിയുള്ളൂ. ഈ ചിന്തയും മനസ്സില്‍ പേറി നടക്കു‌മ്പോഴാണ് എന്റെ നാട്ടുകാരനായ മലിക് നാലകത്ത് ഫേസ്‌ബുക്കില്‍ ‘ഓര്‍മ്മ പെയ്യുന്ന ജാലകം” എന്ന ഒരു തുടരന്‍ കുറിപ്പ് എഴുതുന്നത് ശ്രദ്ധയില്‍ പെട്ടത്.അവ വായിക്കുമ്പോള്‍ പഴയ ചിത്രങ്ങള്‍ മനസ്സിലൂടെ ന്യൂസ് റീല്‍ ആയി ഓടിത്തുടങ്ങുന്നതും ഞാന്‍ അറിയാതെ ഒരു കുട്ടിയായി മാറുന്നതും അനുഭവിച്ചറിഞ്ഞു. ഫേസ്‌ബുക്കില്‍ കുറിപ്പിനോടൊപ്പം പഴയ കുറച്ച് ഫോട്ടോകള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുകയും ചെയ്തു.

                ഈ കുറിപ്പുകള്‍ ‘ചാലിയാര്‍ സാക്ഷി’ എന്ന പേരില്‍ ഒരു പുസ്തകമായി വരുന്നു എന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി. കാരണം, നാടിന്റെ ചരിത്രവും വര്‍ത്തമാനവും ഒരു പരിധി വരെ ഇന്നത്തെ തലമുറക്ക് പരിചയപ്പെടുത്താനും സമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്ന, എന്നാല്‍ പ്രിന്റ് മീഡിയയോട് അടുപ്പം കാണിക്കുന്ന പഴയ തലമുറക്ക് അയവിറക്കാനും പുസ്തകം വഴി സാധിക്കും. പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ മനസ്സ് നിറഞ്ഞു , പഴയ ചിത്രങ്ങള്‍ മനസ്സിന്റെ അടിത്തട്ടില്‍ നിന്നും പൊടി തട്ടി എടുക്കാന്‍ സാധിച്ചതില്‍.

               നാട്ടില്‍ ആരും ഒരു പക്ഷേ ഗൌനിക്കുക പോലും ചെയ്യാത്ത, മാനസിക പ്രശ്നം ബാധിച്ചവരായിരുന്ന അബു , അക്ബര്‍,ദാവൂദ് തുടങ്ങിയവര്‍ മുതല്‍ നാടിന്റെ പെരുമ ലോകം മുഴുവന്‍ പരത്തിയ വിവിധ പ്രമാണികള്‍ വരെ ഈ പുസ്തകത്താളില്‍ വരി വരിയായി നില്‍ക്കുന്നുണ്ട്. കുട്ടിക്കാലത്ത് സ്കൂളില്‍ പോകുമ്പോള്‍ കണ്ടിരുന്ന പല മുഖങ്ങളും പല താളുകളിലൂടെയും ബോധത്തിലേക്ക് ഊര്‍ന്നിറങ്ങി വരുന്നുണ്ട്. പഴയ പല കെട്ടിടങ്ങളും മനസ്സിന്റെ കോണില്‍ നിന്ന് കണ്‍‌മുന്നില്‍ വന്ന് ചിത്രം വരക്കുന്നുണ്ട്. ഇതുവരെ കേള്‍ക്കുകയും അറിയുകയും ചെയ്യാത്ത പഴയ ചരിത്രങ്ങളും ഇതില്‍ ചിറക് വിടര്‍ത്തുന്നുണ്ട്. അങ്ങനെ അരീക്കോടിനെ അറിയുന്നവര്‍ക്കും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അറിവിന്റെ ഒരു സദ്യ തന്നെയാണ് ‘ചാലിയാര്‍ സാക്ഷി’.

           രണ്ടോ മൂന്നോ അധ്യായങ്ങളില്‍ മരിച്ചു എന്നതിന് കാലക്കടലിനക്കരക്ക് യാത്രയായി എന്ന് സൂചിപ്പിക്കുന്നുണ്ട്. ആദ്യത്തെ തവണ വായിക്കുമ്പോള്‍ രസകരമായി തോന്നുമെങ്കിലും ആവര്‍ത്തനം അരോചകമായി അനുഭവപ്പെടുന്നുണ്ട്. അരീക്കോടിന്റെ ഓര്‍മ്മകള്‍ ഇനിയും (ഞാന്‍ മേല്‍ സൂചിപ്പിച്ചവയില്‍ ചിലത് മാത്രമേ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ളൂ) പലതും പൊടി തട്ടിയെടുക്കാനുണ്ട്. അവ മലിക് തന്നെയോ അല്ലെങ്കില്‍ അരീക്കോട് നിന്നുള്ള മറ്റാരെങ്കിലുമോ മറ്റൊരു ഓര്‍മ്മപ്പെയ്ത്തിലൂടെ അനാവരണം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

പുസ്തകം : ചാലിയാര്‍ സാക്ഷി
രചയിതാവ് : മലിക് നാലകത്ത്
പ്രസാധകർ : ഒലീവ് ബുക്സ്
പേജ് : 194
വില : 250 രൂപ

5 comments:

  1. പഴയ പല കെട്ടിടങ്ങളും മനസ്സിന്റെ കോണില്‍ നിന്ന് കണ്‍‌മുന്നില്‍ വന്ന് ചിത്രം വരക്കുന്നുണ്ട്. ഇതുവരെ കേള്‍ക്കുകയും അറിയുകയും ചെയ്യാത്ത പഴയ ചരിത്രങ്ങളും ഇതില്‍ ചിറക് വിടര്‍ത്തുന്നുണ്ട്.

    ReplyDelete
  2. ആകെ ഗൃഹാതുരത്വമാണല്ലൊ.

    ReplyDelete
  3. സുധീ...നോശ്റ്റാല്‍ജിയ നോസ്റ്റാല്‍ജ്യ എന്ന് പറയുന്നത് വെറും നോസ്റ്റാല്‍ജ്യ അല്ല എന്ന് ഇപ്പോ അണ്ടര്‍സ്റ്റാന്റ് ആയില്ലെ? !!!

    ReplyDelete
  4. അരീക്കോടിനെ അറിയുന്നവര്‍ക്കും
    അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അറിവിന്റെ
    ഒരു സദ്യ തന്നെയാണ് ‘ചാലിയാര്‍ സാക്ഷി’....

    ReplyDelete

നന്ദി....വീണ്ടും വരിക