Pages

Tuesday, November 26, 2019

മിഠായിത്തെരുവിലൂടെ...

                ജോലി കോഴിക്കോട് ആയതിനാൽ അരീക്കോട്ട്കാരനായ ഞാൻ, ആഴ്ചയിൽ അഞ്ച് ദിവസവും മിഠായിത്തെരുവ് ഒരു നോക്ക് കാണാറുണ്ട്. തെരുവിലേക്ക് നോക്കി നിൽക്കുന്ന തെരുവിന്റെ കഥാകാരൻ എസ്.കെ പൊറ്റക്കാടിന്റെ പ്രതിമ കാണുമ്പോൾ അദ്ദേഹത്തിന്റെ നിരവധി കഥകളും കഥാപാത്രങ്ങളും മനസ്സിൽ ഓടി എത്തും. ഈ അടുത്ത് വായിച്ച നാടൻ പ്രേമം പൊറ്റക്കാടിനെ ഒന്നു കൂടി ഹൃദിസ്ഥനാക്കി.

               മിഠായിത്തെരുവിന് S M Street എന്നാണ് ഇംഗ്ലീഷിൽ പറയുന്നത്. മിഠായിയുടെ Sweet ഉം തെരുവിന്റെ street ഉം മനസ്സിലായെങ്കിലും അതിനിടക്ക് കയറിക്കൂടിയ  M എന്തിനാണെന്ന് അറിയാത്തതിനാൽ സ്വീറ്റ് മിഠായി തെരുവ് എന്നൊക്കെ പറഞ്ഞ് നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു ! ‘കാന്താരി ഹൽ‌വ’ വിൽക്കുന്ന ഇന്നത്തെ കോഴിക്കോട്ട് അന്ന് Sweet അല്ലാത്ത മിഠായി വിൽക്കുന്ന വല്ല തെരുവും ഉണ്ടായിരുന്നോ എന്നറിയില്ല. വളരെക്കാലത്തിന്  ശേഷമാണ് S M Street എന്നാൽ Sweet Meat Street ആണെന്ന് മനസ്സിലായത്.

                സാമൂതിരി രാജാവിന്റെ കാലത്തോളം പഴക്കമുള്ളതാണ് മിഠായിത്തെരുവിന്റെ കഥ. ഗുജറാത്തി വ്യാപാരികൾ ധാരാളമായുണ്ടായിരുന്ന സ്ഥലമായിരുന്നു കോഴിക്കോട്. ഇന്നും ഗുജറാത്തി തെരുവും ഗുജറാത്തി സ്കൂളും എല്ലാം കോഴിക്കോട്ടുണ്ട്. ഗുജറാത്തികളുടെ പലഹാരമായിരുന്ന ഹ‌ൽ‌വ പൊതുജനങ്ങൾക്ക് കൂടി രുചിക്കാൻ സൌകര്യപ്പെടുന്ന വിധത്തിൽ ഹൽ‌വ കടകൾ തുടങ്ങാൻ സാമൂതിരി രാജാവ് ആവശ്യപ്പെടുകയും അങ്ങനെ ഇന്നത്തെ മിഠായിത്തെരുവിൽ കച്ചവടം ആരംഭിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.

               മാംസം മുറിക്കുന്നപോലെ കത്തികൊണ്ട് ഹൽ‌വ മുറിക്കുന്നത് കണ്ട ഏതോ ഒരു വിദേശി ഇതിനെ മധുരമുള്ള മാംസം എന്നർത്ഥത്തിൽ Sweet Meat എന്ന് വിളിച്ചു. അങ്ങനെ Sweet Meat വിൽക്കുന്ന തെരുവ് Sweet Meat Street അഥവാ S M Street ആയി. ഇന്ന് ‌ഹൽ‌വ കടകൾക്കൊപ്പം മറ്റു നിരവധി ഷോപ്പുകളും പ്രവർത്തിക്കുന്ന മിഠായിത്തെരുവ് കോഴിക്കോട്ടെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിൽ ഒന്നാണ്.

               കേരളത്തിലെ ഏക പാർസി ആരാധനാലയമായ Parsi Anju Amman Baug സ്ഥിതി ചെയ്യുന്നതും മിഠായിത്തെരുവിലാണ്. ഏകദേശം 200 വർഷത്തോളം പഴക്കമുള്ളതാണ് ഈ ആരാധനാലയം. 

             2017 ഡിസംബറിൽ പുതുക്കിയ മിഠായിത്തെരുവ് ജനങ്ങൾക്കായി തുറന്ന് കൊടുത്തു. കല്ലുകൾ പാകി നവീകരിച്ച തെരുവിലൂടെ ഗതാഗതം പൂർണ്ണമായും വിലക്കി. പ്രായമായവരെ അങ്ങോട്ടും ഇങ്ങോട്ടും സൌജന്യമായി കൊണ്ടുപോകാനായി ഒരു ഇലക്ട്രിക് റിക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലെ തെരുവുകൾക്ക് സമാനമായ ഒരു കാഴ്ചയാണ് ഇന്ന് മിഠായിത്തെരുവിന്റെ മുഖം. മാനാഞ്ചിറ സ്ക്വയറിനോടടുത്തുള്ള പ്രവേശന മുഖത്ത് യാത്രക്കാർക്ക് വിശ്രമിക്കാനുള്ള വിവിധ തരം സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.


9 comments:

  1. കോഴിക്കോട്ടെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്ന്...

    ReplyDelete
  2. S M Street എന്നാൽ Sweet Meat Street ആണെന്ന് മനസ്സിലായത് ഇപ്പോഴാണ്!
    ആശംസകൾ മാഷേ

    ReplyDelete
  3. തങ്കപ്പേട്ടാ...അതു ശരി , പുതിയ അറിവ് ആണല്ലേ?വായനക്ക് നന്ദി

    ReplyDelete
  4. അപ്പോൾ മിഠായിത്തെരുവിന് നവീന മുഖം വന്നു ...അല്ലെ  

    ReplyDelete
  5. മുരളിയേട്ടാ...അതെ, പുതിയ മുഖം.പക്ഷേ മുഴുവൻ ആയിട്ടില്ല എന്ന തോന്നൽ ഉണ്ടാക്കുന്നു.

    ReplyDelete
  6. അങ്ങനെ കോഴിക്കോട് മിഠായി തെരുവും അവിടുത്തെ ഹൽവായും
    പരിചയപ്പെടുത്തി. വല്ല എക്സിബിഷൻ ഒക്കെ നടക്കുമ്പോൾ കോഴിക്കോടൻ അലുവ വിൽപനക്ക് വച്ചിരിക്കുന്നത് കാണുമ്പോൾ വാങ്ങാറുണ്ട്. അതിന്റെ രുചി ഒരു പ്രത്യേകത തന്നെല്ലോ...

    ReplyDelete
  7. ഗീതാജി...ഹലുവ എനിക്കിഷ്ടമില്ലാത്തതിനാൽ ഞാൻ അത് ശ്രദ്ധിക്കാറെ ഇല്ല.

    ReplyDelete
  8. കുട്ടി വര്‍ത്തമാനങ്ങള്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വായനക്ക് നന്ദി

    ReplyDelete

നന്ദി....വീണ്ടും വരിക