Pages

Friday, November 29, 2019

ജീ‌എം ചേച്ചി

“നീ എമറാൾഡ് പാലസ് എന്ന് തന്നെയല്ലേ കൊടുത്തത് ?”
എത്ര ഡ്രൈവ് ചെയ്തിട്ടും ലൊക്കേഷൻ എത്താതായപ്പോൾ കത്തുന്ന വയറിന്റെ സ്വാഭാവിക പ്രതികരണത്തോടൊപ്പം മഹ്‌റൂഫിന്റെ ശബ്ദം ഒന്ന് കൂടി ഉയർന്നു. ഒപ്പമുള്ളവർ ആഡിറ്റോറിയത്തിൽ എത്തി വെട്ടൽ ആരംഭിച്ചു എന്ന് കൂടി അറിഞ്ഞതോടെ മഹ്രൂഫിന്റെ കാൽ ആക്സിലറേറ്ററിൽ ശക്തിയായി അമരാൻ തുടങ്ങി.

“തിരൂർ - മലപ്പുറം റോഡ് എന്നാണല്ലോ കാണിക്കുന്നത്...” ഞാൻ മറുപടി പറഞ്ഞു.

“തിരൂർ - മലപ്പുറം റോഡോ ? ഇത് തിരിച്ച് മലപ്പുറത്തേക്ക് തന്നെ എത്താനാ സാധ്യത.നീ ആ ഡെസ്റ്റിനേഷൻ ഒന്ന് കൂടി ചെക്ക് ചെയ്യൂ” മെഹ്‌റൂഫ് സംശയം പ്രകടിപ്പിച്ചു.

മെഹ്രൂഫ് അങ്ങനെ പറഞ്ഞപ്പോൾ എനിക്കും സംശയമായി.അറിയാതെ സമ്മർ പാലസ് എന്നെങ്ങാനും കൊടുത്തിട്ടുണ്ടോ. വണ്ടി ലെഫ്റ്റിലേക്ക് തന്നെ തിരിക്കാനാണ് നിർദ്ദേശം കിട്ടിക്കൊണ്ടിരിക്കുന്നത്. അതായത് വന്ന വഴിയുടെ പാരലൽ ആയിട്ട് !! 

 “എമറാൾഡ് പാലസ് എന്ന് തന്നെയാ കൊടുത്തത്..” ചെക്ക് ചെയ്ത ശേഷം ഞാൻ പറഞ്ഞു.

“നമുക്ക് ആരോടെങ്കിലും ചോദിക്കാം...” കുടൽ കരിഞ്ഞ മഹ്‌റൂഫ് വണ്ടി സൈഡാക്കി.

“ചേട്ടാ...എമറാൾഡ് പാലസ് എവിടെയാ ?” വഴിയരികിൽ കണ്ട ആളോട് ഞാൻ ചോദിച്ചു.

“ആരാ നിങ്ങളെ ഈ വഴി വിട്ടത് ?” മറുചോദ്യം ഞങ്ങളെ ഞെട്ടിച്ചു.

“അത്...അത്...ആ ചേച്ചി !!” ഞാൻ മടിച്ച് മടിച്ച് പറഞ്ഞു. മെഹ്രൂഫ് എന്റെ മുഖത്തേക്ക് ഒന്ന് തറപ്പിച്ച് നോക്കി. ‘എ ഹംഗ്രി മാൻ ഇസ് ആൻ ആംഗ്രി മാൻ’ എന്ന് ആരോ പറഞ്ഞത് പെട്ടെന്ന് എനിക്ക് ഓർമ്മയിൽ വന്നു.

“ഇനി ഒരു കാര്യം ചെയ്യ്...ഫസ്റ്റ് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് ...അടുത്ത ജംഗ്ഷനിൽ നിന്ന് വീണ്ടും ഇടത്തോട്ട് ... പിന്നെ ഒരു പോക്കറ്റ് റോഡ്...അവിടെ നിന്നും വീണ്ടും ഇടത്തോട്ട് ...“ അയാൾ ഓരോ ഇടത്തോട്ട് പറയുമ്പോഴും മെഹ്രൂഫും ഇടത്തോട്ട് പിരിയുന്നത് ഞാൻ ശ്രദ്ധിച്ചു. അവസാനം മെഹ്‌റൂഫ് സീറ്റിൽ ഒരു ‘റ’ പോലെയായി !

“അതായത് ഫുൾ ഇടത്തോട്ട് തന്നെ...എന്നിട്ട് ?” ഞാൻ ചോദിച്ചു.

“അപ്പോ നിങ്ങൾ ദേ അവിടെ എത്തും....പിന്നെ സ്ട്രൈറ്റ് പോയാ മതി !” വണ്ടിയുടെ പിന്നിലേക്ക് ചൂണ്ടി അയാൾ പറഞ്ഞു.

“ഒ..കെ...“ താങ്ക്സ് പറഞ്ഞ് മെഹ്‌റൂഫ് വണ്ടി എടുത്തു.

“അല്ലാ...ഒന്നര മണിക്കൂറായി ഞാൻ ഡ്രൈവ് ചെയ്യുന്നു....വണ്ടി എവിടെയും നിർത്തിയിട്ടും ഇല്ല....പിന്നെ ഏത് ചേച്ചിയുടെ കാര്യമാ നീ അയാളോട് പറഞ്ഞത് ?” ഡ്രൈവിംഗിനിടയിൽ മെഹ്‌റൂഫ് ആകാംക്ഷയോടെ ചോദിച്ചു.

“ അതോ..? അത്...ജീയം ചേച്ചി...ഒരു ചേച്ചി പറഞ്ഞ് തന്നു എന്ന് പറയുമ്പം കേൾക്കുന്ന ആൾക്കും ഒരു ഹരം പിടിക്കും... അതാ അങ്ങനെ പറഞ്ഞത്...” ഞാൻ പറഞ്ഞു.

“ജീഎം ചേച്ചിയോ? അതാരാ...?”

“ജി ഫോർ ഗൂഗിൾ...എം ഫോർ മാപ്....ഗൂഗിൾ മാപ് ചേച്ചി....ഇൻ ഷോർട്ട്.... ജീയം ചേച്ചി...” ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞപ്പോഴേക്കും എമറാൾഡ് പാലസിൽ എത്തിയതിനാൽ ഹംഗ്രി മാൻ അറ്റാക്കിൽ നിന്ന് ഞാൻ തലനാരിഴക്ക് രക്ഷപ്പെട്ടു.

16 comments:

  1. ‘എ ഹംഗ്രി മാൻ ഇസ് ആൻ ആംഗ്രി മാൻ’ എന്ന് ആരോ പറഞ്ഞത് പെട്ടെന്ന് എനിക്ക് ഓർമ്മയിൽ വന്നു.

    ReplyDelete
  2. ജി എം ചേച്ചി ഇഷ്ട്ടപെട്ടു ഒരുപാടു
    ഞാനും മിക്കവാറും വഴി ചോദിക്കുന്നത് G.M ചേച്ചിയോട്.
    ഇഷ്ട്ടപെട്ടു

    ReplyDelete
  3. ജി എംച്ചേച്ചിയോടു വഴിച്ചോദിച്ച് പുഴയിൽച്ചാടിയത് പത്രത്തിൽ വായിച്ചിരുന്നു!
    ആശംസകൾ മാഷേ

    ReplyDelete
  4. രമണിക ചേട്ടാ...എത്ര തെറ്റിച്ചാലും എല്ലാവര്‍ക്കും ഇഷ്ടം ജി എം ചേച്ചിയെ തന്നെയാ

    ReplyDelete
  5. തങ്കപ്പേട്ടാ...അതും ഞങ്ങള്‍ സംസാരിച്ചിരുന്നു !

    ReplyDelete
  6. ചേച്ചി ഒരു അനുഗ്രഹം കൂടിയാണ്..

    ReplyDelete
  7. സുധീ... അത് പിന്നെ പറയാനുണ്ടോ?

    ReplyDelete
  8. എല്ലാവരും ഇപ്പൊൾ G M checheene ആശ്രയിച്ചാണ് വഴി നിശ്ചയിക്കുക...

    ReplyDelete
  9. Geethaji...അതെ, ജീ യെം ചേച്ചിയില്ലെങ്കിൽ ഇപ്പോൽ ജീവിതം വഴിമുട്ടും !

    ReplyDelete
  10. ജിഎം ചേച്ചീ ആളൊരു സംഭവമാ അല്ലേ. ചിലപ്പോൾ കൊണ്ടുപോയി പുഴയിലും ചാടിക്കും.

    ReplyDelete
  11. തപ്പി തപ്പി ചേച്ചീടെ പേര് പറഞ്ഞപ്പോ ഊഹിച്ചിരുന്നു...
    എന്നാലും ചെറുതിൽ ഒത്തിരി നർമ്മം കൊള്ളിച്ച എഴുത്ത്..സലാം മാഷേ

    ReplyDelete
  12. മാഷേ/നല്ല വിവരണം ആയിരുന്നു.ഇതുവരെയും അവിടെ ഒന്നും വന്നിട്ടില്ല. അത്യാവശ്യങ്ങൾക്കായി ഒന്നോ 2 ഒ തവണ ടൗണിൽ വന്നായിട്ടുണ്ട്.അത്ര മാത്രം.മാഷുടെ പോസ്റ്റ് വായിച്ചപ്പോ അവിടോക്കെ ഒന്ന് കാണാൻ തോന്നുന്നു.
    സലാം ഇനിയും വരാം

    ReplyDelete
  13. എഴുത്തുകാരി ചേച്ചീ...ബസ്സ് പോകാത്ത ഒരു വഴിയിലൂടെ കൊണ്ടുപോയി ബസ് കുടുങ്ങിപ്പോയ ഒരനുഭവം എനിക്കുണ്ട്.

    ReplyDelete
  14. വഴിമരങ്ങൾ...ടൈറ്റിൽ കൊടുത്തപ്പോൾ തന്നെ സസ്പെൻസ് പോകുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ചേച്ചിയുടെ പേർ മാറ്റിയത്.
    അരീക്കോട്ടേക്ക് സ്വാഗതം. വിളിച്ചിട്ട് വരണം (9447842699).

    ReplyDelete
  15. ഇക്കാലത്ത് ജീഎം ചേച്ചി സഹായം കൈപറ്റാത്തവരാറുണ്ട് ..അല്ലെ 

    ReplyDelete
  16. മുരളിയേട്ടാ...ലോകം മുഴുവൻ ജീ എം ചേച്ചിയുടെ ഫാൻസാ.

    ReplyDelete

നന്ദി....വീണ്ടും വരിക