Pages

Friday, February 14, 2020

വാലന്റൈൻസ് ഡേ

              എന്റെ അയൽ‌വാസികളാണ് തോമസ് മാഷും ഭാര്യ സാറാമ്മയും.രണ്ട് പേരും ശരാശരി മലയാളിയുടെ ജീവിതത്തിന്റെ പകുതി ലാപ് ഏകദേശം ഓടിത്തീർത്തു കഴിഞ്ഞു. ഇതുവരെ ഓടിയതിന്റെ പകുതി ഒരുമിച്ചോടിയതിന്റെ പൊട്ടലും ചീറ്റലും എന്നും അയല്പക്കത്ത് നിന്നും കേൾക്കാമായിരുന്നു. ഇന്ന് വാലന്റൈൻസ് ഡേയിലും പതിവ് തെറ്റിയില്ല.

“സാറോ...” തോമസ് മാഷ് നീട്ടി വിളിച്ചു.

“എന്താ....കെടന്ന് കാറുന്നത് ? “ സാറാമ്മ കലിപ്പിലായി.

“ഇന്ന് ഏതാ ദിവസം എന്നറിയോടീ നെനക്ക് ?”

“ഇന്നിപ്പോ...?” സാറാമ്മ അല്പ നേരം ആലോചിച്ചിരുന്നു.

“ആ...ഓർമ്മ ഉണ്ടാവൂല...അല്ലെങ്കിലും കുരിശിന് അതിന്റെ ഡേറ്റ് ഓഫ് ബർത്ത് ആലോചിച്ച് വയ്ക്കേണ്ടതില്ലല്ലോ..”

“എന്ത്....എന്താ പറഞ്ഞത് ? കുരിശിങ്കൽ തറവാട്ടിനെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്....” സാറാമ്മ ഫോമിലേക്കുയരാൻ തുടങ്ങി.

“അതേയ്....ഇരുപത്തഞ്ച് വർഷം മുമ്പ്, തുടർച്ചയായി അഞ്ച് വർഷം ഈ ദിവസം, വാലന്റൈൻസ് ഡേയിൽ  ഒരു ചെമ്പനിനീർ ഞാൻ നിനക്ക് തന്നിരുന്നു...“

“അന്ന് സാറോ എന്ന് കാറിയിരുന്നില്ലല്ലോ...”

“അന്ന് സാറോ നേരെ തിരിച്ചിട്ട് വിളിച്ചതോണ്ടാ ഇന്ന് ഈ കുരിശ് തലയിലായത്...”

“എനിക്കും അത് തന്നെയാ പറയാനുള്ളത്....അന്ന് റോസാ ന്നും വിളിച്ച് പുറകിൽ കൂടി കെട്ടലും പൂട്ടലും ഒക്കെ കഴിഞ്ഞ്....ഇപ്പോ എന്നും ആരോടാ പാതിരാ വരെ ചാറ്റിംഗ്....?”

“അത്...പിന്നെ എന്റെ പത്താം ക്ലാസ് സംഗമം ഈയടുത്ത് കഴിഞ്ഞത് നിനക്കറിയില്ലേ? ആ ഗ്രൂപ്പ് വളരെ ആക്റ്റീവാ...”

“എന്റെ പത്താം ക്ലാസ് സംഗമവും തോമാച്ചന്റെ സംഗമത്തിന് മുമ്പ് കഴിഞ്ഞതാ...എന്നിട്ട് ഞാൻ ഈ ഗ്രൂപ്പിൽ തോണ്ടി ഇരിക്കുന്നില്ലല്ലോ...”

“നിനക്ക് തോണ്ടിയിരിക്കാന്‍ ഒരാളെ കിട്ടാത്തതിന് ഞാന്‍ എന്ത് ചെയ്യാനാടീ..”

“ഓ...അത് ശരി...അപ്പോ ഈ വയസ്സ്കാലത്തും ഇതാ പണി അല്ലേ  ? ഇപ്പഴും കൌമാരത്തിലാ ന്നാ വിചാരം....”

‘കൌമാരത്തിലല്ല...കഴുമരത്തിലാ...’ മാഷ് ആത്മഗതം ചെയ്തു.

“എല്ലാം ഞാനിന്ന് നിര്‍ത്തുന്നുണ്ട്...തൊണ്ടി സഹിതം പിടിക്കപ്പെട്ടു...”

“ങേ!! എന്റെ മൊബൈല്‍ നീ ഓപണാക്കിയോ?” തോമസ് മാഷ് ഞെട്ടി.

“അല്ലല്ല....നിങ്ങളുടെ കീശയില്‍ നിന്ന് ഇന്ന് എനിക്കൊരു കത്ത് കിട്ടി...ഒരു പെണ്ണിനാണല്ലോ ആ കത്ത് തോമാച്ചാ...”

“അയ്യോ അത്....”

“ഞാന്‍ ജീവിച്ചിരിക്കുമ്പോ തന്നെ വേണോ ഈ ചാറ്റിംഗും കത്തിംഗും ഒക്കെ...”

“അത്....എനിക്കയക്കാന്‍ ഉള്ളതല്ലെടീ....ആ മാഷില്ലേ....അപ്പുറത്ത് താമസിക്ക്‍ണ....”

“ഓ...അത് ശെരി...രണ്ട് കെളവന്മാര്‍ക്കും പണി ഇതാണല്ലേ?”

“നീ ഇതൊന്ന് മുഴുവന്‍ കേക്കടീ ആദ്യം...”

“ങാ... പറഞ്ഞോ...കേള്‍ക്കാം...വിശ്വസിക്കൂല...”

“ആ മാഷ് ബ്ലോഗ് എഴുതുന്നത് നിനക്കറീലെ...? അവരെ ഗ്രൂപ്പില്‍ ഈ മാസത്തെ ആക്ടിവിറ്റി കത്തെഴുത്താ...മാഷ് കത്തയക്കേണ്ടത് ഈ ലേഡിക്കാ....മാഷക്ക് തിരക്കായതിനാല്‍ അതിന്റെ കഥ-തിരക്കഥ-സംവിധാനം-സംഭാഷണം-നിര്‍മ്മാണം ഒക്കെ ഞാനാ....നമുക്ക് നീണ്ട അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ഉണ്ടല്ലോ...”

“ഓ...നല്ല കാര്യത്തിലാ പരോപകാരം...മേലാല്‍ ഇനി ഇങ്ങനൊരു കത്ത് കിട്ടിയാലുണ്ടല്ലോ...തുണ്ടം തുണ്ടമാക്കും ഞാന്‍...”

‘എന്നെയല്ല... എന്റെ കത്തിനെ...‘ ആത്മഗതം ചെയ്തു കൊണ്ട് തോമസ് മാഷ് അടുത്ത പണിയിലേക്ക് തിരിഞ്ഞു.

31 comments:

  1. എനിക്കും അത് തന്നെയാ പറയാനുള്ളത്....അന്ന് റോസാ ന്നും വിളിച്ച് പുറകിൽ കൂടി കെട്ടലും പൂട്ടലും ഒക്കെ കഴിഞ്ഞ്....ഇപ്പോ എന്നും ആരോടാ പാതിരാ വരെ ചാറ്റിംഗ്....?

    ReplyDelete
  2. എന്നാലും അപ്പുറത്ത് താമസിക്കണ തിരക്കുള്ള ആ മാഷ് ആരായിരിക്കും. ആർക്കാണ് അയാൽ കത്തെഴുതിയത്? ��

    ReplyDelete
  3. രാജ്'.... കത്ത് കിട്ടുന്നാർ പറയട്ടെ...

    ReplyDelete
  4. കത്തെഴുതൽ ഗ്രൂപ്പിൽ പങ്കെടുത്ത മാഷ്, കത്തയയ്ക്കാൻ താമസിച്ചുപ്പോയി. പൊല്ലാപ്പായി.
    ആശംസകൾ മാഷേ

    ReplyDelete
  5. അൽ മിത്ര... നന്ദി

    ഉദയാ... നന്ദി

    ReplyDelete
  6. തങ്കപ്പേട്ടാ... കത്ത് എന്നോ റെഡി. സ്വീകർത്താവ് ആയത് മൂന്നാല് ദിവസങ്ങൾക്ക് മുമ്പാ...

    ReplyDelete
  7. ഒന്നുറപ്പുണ്ട്. കത്ത് അപ്പുറത്തെ മഷി നാവാം. പക്ഷേ കത്തെഴുതുമ്പോൾ അനുഭവിച്ചതുണ്ടല്ലോ അത് അപ്പുറത്തെ മാഷിനല്ല , മ്മടെ തോമാസ് മാഷിന് സ്വന്തം.

    ReplyDelete
  8. സമാന്തരാ... അപ്പുറത്തെ മാഷും തോമസ് മാഷും ഒരാളാണെങ്കിൽ ?? ഹ ഹ ഹാ..

    ReplyDelete
  9. ഇത് കലക്കിയല്ലോ... അടിപൊളി ..!!!
    അങ്ങോട്ട് വരുന്ന കത്തിന് മാഷിനി എന്ത് സമാധാനം പറയുമോ ആവോ ....???

    ReplyDelete
  10. സംഭവിച്ചുകൂടായികയില്ല. ഇഷ്ടം

    ReplyDelete
  11. കല്ലോലിനി... വീട്ടിൽ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ പലതും വരും ന്ന്...

    ആദി ... മിണ്ടാതിരുന്നോ

    ReplyDelete
  12. ഗുണപാഠം: കത്തുകൾ ഈമെയിലിൽ അയക്കുക ;)

    ReplyDelete
  13. കഥാകാരനും അപ്പുറത്തെ തിരക്കുള്ള മാഷും തോമാച്ചനും എല്ലാം ഒരാളാ.... ല്ലേ.....!!?

    ReplyDelete
  14. സത്യം പറഞ്ഞോ.. തോമാച്ചനെക്കൊണ്ട് കത്ത് എഴുതിച്ചു വച്ച മാഷ് മാഷല്ലേ... ആർക്കായിരിക്കും ആ കത്ത് 🤔🤔🤔🤔

    ReplyDelete
  15. മാഷേ..സാറോ ന്നുള്ള വിളിയെ തിരിച്ചിട്ട് ഗതകാലത്തെ സ്നേഹത്തെ റോസാക്കി കാണിച്ചു തന്ന് ഞെട്ടിച്ചു കളഞ്ഞു ട്ടാ.നല്ല ഇഷ്ടായി നമ്മടെ കത്തെഴുത്തു പരിപാടിടെ കഥ.സലാം

    ReplyDelete
  16. ഹോ ആ കത്ത് കയ്യിൽ കിട്ടിയ ആൾ ഈ കത്തെഴുതിയ ആളോട് ആരാധന തോന്നുന്നതുകൊണ്ടു എനിക്കൊന്നു കാണണം എന്നെങ്ങാൻ പറയുമോ ആവോ ;-)

    ReplyDelete
  17. ഗോവിന്ദാ...ഇ-മെയില്‍ കത്തുകള്‍ സ്വീകരിക്കുന്നതല്ല!!

    വീ.കെ...അത് സീക്രെട്ടാ.എല്ലാം കൂടി തലക്കകത്ത് കുഴഞ്ഞ് മറിയുന്നുവെങ്കില്‍ ഞാന്‍ ഉത്തരവാദിയല്ല.

    ReplyDelete
  18. സൂര്യാ...മാഷെക്കൊണ്ട് കത്ത് എഴുതിപ്പിച്ച മാഷ് ആരാണെങ്കിലും ആ കത്ത് കിട്ടുന്നവര്‍ ഭാഗ്യവാന്മാരായിരിക്കും!!

    മാധവാ...ഈ കഥ തുടങ്ങിയപ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്ന ത്രെഡ് അല്ല അവസാനിച്ചപ്പോള്‍ !!!

    ReplyDelete
  19. മഹേഷേ...അങ്ങനെങ്ങാനും പറഞ്ഞാല്‍ കുറെ കുടുംബങ്ങള്‍ കുളം തോണ്ടും !!!

    ReplyDelete
  20. ഇനി കത്താണോ  അതിന്റെ
    ഉടയോനാണൊ തുണ്ടം തുണ്ടമാകുന്നതെന്ന്
    അടുത്ത് തന്നെ അറിയാം ..അല്ലെ ഭായ് 

    ReplyDelete
  21. മുരളിയേട്ടാ...രണ്ടും തുണ്ടമാകില്ല എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

    ReplyDelete
  22. ഹഹ.. അവസാനം ബ്ലോഗ്‌സാപ്പ് ഗ്രൂപ്പ്‌ ലേക്ക് ഒരു ലിങ്ക് ഇട്ടത് കൊള്ളാം..

    ReplyDelete
  23. ഉട്ടോപിയാ...ലേറ്റാണെങ്കിലും വായനക്കും കമന്റിനും നന്ദി

    ReplyDelete
  24. രസമുള്ള എഴുത്ത്.. എന്തിനെയും പോസ്റ്റ്‌ ആക്കാൻ ഉള്ള കഴിവ്.. ഇഷ്ടം.. ആശംസകൾ

    ReplyDelete
  25. പുനലൂരാൻ‌ ജി...ഹ ഹ ഹാ.... പോസ്റ്റിനുള്ള വിഷയം കിട്ടിയില്ല എന്ന പ്രശ്നം ഉണ്ടാകാറില്ല.വായനക്കും പ്രോത്സാഹനങ്ങൾക്കും നന്ദി.

    ReplyDelete

നന്ദി....വീണ്ടും വരിക