Pages

Tuesday, March 10, 2020

റോസാപ്പിള്‍ എന്ന പനിനീർ ചാമ്പ

              തറവാട് മുറ്റത്ത് തല ഉയർത്തി നിന്നിരുന്ന ഒരു മരവും അതിന്റെ അത്യുന്നതങ്ങളിൽ വിരാജിച്ചിരുന്ന മഞ്ഞ നിറത്തിലുള്ള ഒരു കിട്ടാക്കനിയും ഇന്നും ഓർമ്മയിലെ മായാത്ത ചിത്രമാണ്. പ്രകൃതിയുടെ വികൃതിയിൽ എങ്ങനെയോ മണ്ണടിഞ്ഞ ആ മരത്തിന്റെ വേരിൽ നിന്ന് പൊട്ടിമുളച്ച അതിന്റെ പിൻ‌ഗാമി, എന്റെ കാറിന്റെ വഴി തടസ്സപ്പെടുത്തിയെങ്കിലും അടുത്ത പിൻ‌ഗാമി ഉണ്ടാകുന്നത് വരെ അതിൽ കോടാലി വയ്ക്കാൻ ഞാൻ സമ്മതിച്ചില്ല. മുറ്റത്ത് നിന്ന് അല്പം മാറി അതേ മരത്തിന്റെ പുതിയ തൈ മുളച്ച് പൊങ്ങിയതോടെ വഴി തടഞ്ഞവനെ വെട്ടി വീഴ്ത്തി. പിന്നാലെ തറവാടും പൊളിച്ചുമാറ്റി പുതുക്കിപ്പണിതു.
ഇതാണ് ആ മരത്തിന്റെ ഇന്നത്തെ പിൻ‌‌മുറക്കാരൻ.

            ഞങ്ങൾക്ക് കിട്ടാക്കനിയായിരുന്നെങ്കിലും പക്ഷികൾക്ക് ആ പഴം കിട്ടിയിരുന്നു. വവ്വാലുകൾക്കായിരുന്നു അവ ഏറെ ഇഷ്ടം. പക്ഷികളുടെയും വവ്വാലിന്റെയും കൊക്കിൽ നിന്ന് രക്ഷപ്പെടുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ പഴം നിലത്ത് വീണുടയാതിരുന്നാൽ കുട്ടികളായ ഞങ്ങൾക്കും കിട്ടുമായിരുന്നു. 
            ഒരു കുലയില്‍ തന്നെ നിരവധി പൂക്കള്‍ ഉണ്ടാകും ഈ മരത്തില്‍. പൂമൊട്ടും പൂവും തമ്മില്‍ അജഗജാന്തരം ഉണ്ട്. ഈ മൊട്ടില്‍ നിന്ന് വിരിഞ്ഞ പൂവ് തന്നെയാണോ എന്ന് സംശയം തോന്നിയേക്കാം. ഇളം ക്രീം നിറത്തിലുള്ള പൂവ് കാണാന്‍ നല്ല ചന്തമുണ്ടാകും. കുട്ടിക്കാലത്ത് കയ്യെത്തും ദൂരത്തുള്ള പൂക്കളും ഞങ്ങള്‍ പറിച്ച് തിന്നിരുന്നു !
പൂമൊട്ട്
പൂവ്
                എന്റെ മക്കള്‍ ഇതുവരെ ഇതിന്റെ പഴുത്ത കായ കാണുകയോ രുചിക്കുകയോ ചെയ്തിരുന്നില്ല.ഇത്തവണ നന്നായി പൂത്തതിനാല്‍ കായ കിട്ടും എന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതിന് തൊട്ടടുത്ത മരം പരിശോധിക്കുന്നതിനിടയിലാണ് മഞ്ഞ നിറത്തിൽ പഴുത്ത് പാകമായ രണ്ടെണ്ണം വവ്വാലിന്റെ കണ്ണില്‍ പെടാതെ എന്റെ കണ്ണില്‍ പെട്ടത്.
              ഞങ്ങളിതിനെ വിളിച്ചു വരുന്ന പേര് റോസാപ്പിള്‍ എന്നാണ്.കായുടെ ആകര്‍ഷകമായ വാസന ആയിരിക്കാം പേരിന്റെ പിന്നിലെ രഹസ്യം. രുചിയും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്.  ഒരു കൌതുകത്തിനായി എന്റെ പത്താം ക്ലാസ് വാട്‌സാപ് ഗ്രൂപ്പിലും കൃഷിയുമായി ബന്ധപ്പെട്ട രണ്ട് ഫേസ്ബുക്ക് ഗ്രൂപ്പിലും ഇതിന്റെ പേര് ചോദിച്ചുകൊണ്ട് ഞാന്‍ പോസ്റ്റിട്ടു. തൊണ്ണൂറ് ശതമാനം ആള്‍ക്കാരും പറഞ്ഞത് പനിനീര്‍ ചാമ്പ എന്നായിരുന്നു. കൂടാതെ മധുരനെല്ലിക്ക, കല്‍ക്കണ്ടിക്കായ, ശീമ ചാമ്പ, ‍‍‍‍പനിനീർ കായ, പനിനീർ പഴം, മലയൻ ആപ്പിൾ ചാമ്പ, സ്വർണ്ണ ചാമ്പ,മൈസൂർ ചാമ്പ, ആറ്റു ചാമ്പ, പഞ്ചാരക്കായ്, പഞ്ചാരനെല്ലി, റോസാ പഴം, ആന ചാമ്പക്ക എന്നിങ്ങനെയും പേരുണ്ടെന്ന് പലരും പറഞ്ഞു.
              ഞാനിതുവരെ കേട്ടതില്‍ പപ്പായക്കായിരുന്നു പര്യായപദം കൂ‍ടുതല്‍. ഇപ്പോള്‍ എനിക്ക് തോന്നുന്നു റോസാപ്പിളിനാണ് ഏറ്റവും കൂടുതല്‍ പര്യായപദമുള്ളത് എന്ന്. ഇനി ബൂലോകര്‍ക്കും ഇതിന്റെ പേര് പറയാം. വിത്തെടുത്ത് മുളപ്പിക്കാന്‍ വച്ചിട്ടുണ്ട്. വീട്ടിലെ അടുത്ത ജന്മദിനത്തിലോ വിവാഹ വാര്‍ഷിക ദിനത്തിലോ സമ്മാനമായി തൈ ആര്‍ക്കെങ്കിലും നല്‍കാം.

7 comments:

  1. ഞാനിതുവരെ കേട്ടതില്‍ പപ്പായക്കായിരുന്നു പര്യായപദം കൂ‍ടുതല്‍. ഇപ്പോള്‍ എനിക്ക് തോന്നുന്നു റോസാപ്പിളിനാണ് ഏറ്റവും കൂടുതല്‍ പര്യായപദമുള്ളത് എന്ന്.

    ReplyDelete
  2. മലയാപ്പിൾ /ചാമ്പ എന്ന പേരിൽ ഒരു തൈ ഞാനും വാങ്ങി വെച്ചിരുന്നു. വളർന്ന് വരുന്നതേയുള്ളൂ.. ഇത് തന്നെ ആണോ എന്ന് കായ്ക്കുമ്പോ അറിയാം.

    ReplyDelete
  3. ഉട്ട്യോപ്പ്യാ... പേര് കേട്ട് വീണതായിരിക്കും അല്ലേ? ഏതായാലും വളരട്ടെ...ഇല ഇതിൽ കാണുന്ന പോലെയാണോന്ന് നോക്കൂ..

    ReplyDelete
  4. പനിനീർ ചാമ്പാ, ശീമ ചാമ്പാ എന്നൊെക്കെ ഇവിടെയും പറഞ്ഞുകേൾക്കാറുണ്ട്.
    ആശംസകൾ മാഷേ

    ReplyDelete
  5. ഇത് ബ്രിട്ടനിലെ ഒരു കുഞ്ഞാപ്പിൾ
    ചെടിയാണ്  സായിപ്പ് കൊണ്ടുവന്ന
    ചാമ്പയായതിനാലാണ്  ശീമ ചാമ്പ എന്ന് പറയുന്നത് 

    ReplyDelete
  6. മുരളിയേട്ടാ... അപ്പോളിത് ബിലാത്തിപ്പഴം ആണല്ലേ?

    ReplyDelete

നന്ദി....വീണ്ടും വരിക