Pages

Sunday, May 24, 2020

ഒട്ടുമാവിൽ നിന്നൊരു കൊട്ട മാങ്ങ

                 2014 എന്ന വർഷത്തിൻ്റെ പ്രത്യേകത പലർക്കും ഓർമ്മയുണ്ടാകാൻ സാധ്യതയില്ല . അതിന് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കാരണം ഓരോ വർഷവും നമുക്ക് പുതിയ പുതിയ അനുഭവങ്ങൾ സമ്മാനിക്കുമ്പോൾ പഴങ്കഥകൾ നാം മറക്കും. കൊറോണയോ പ്രളയമോ പോലെ അത്ര വലിയ പ്രശ്നങ്ങളോ സങ്കീർണ്ണതകളോ 2014 സമ്മാനിച്ചിട്ടില്ലാത്തതിനാൽ ഓർമ്മയിൽ നിലനിൽക്കാനും സാധ്യതയില്ല. ഏതായാലും 2014 ൻ്റെ പ്രത്യേകത മറ്റൊന്നുമല്ല, ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര കുടുംബ കൃഷി വർഷമായി പ്രഖ്യാപിച്ച വർഷമായിരുന്നു അത്. വിഷരഹിത പച്ചക്കറി ഉൽപാദനത്തിന് സ്വന്തം വീട്ടിൽ അടുക്കളത്തോട്ടം ഉണ്ടാക്കിയും നാഷണൽ സർവ്വീസ് സ്കീമിലൂടെ കാമ്പസ് പച്ചക്കറിത്തോട്ടം എന്ന ആശയം നടപ്പിലാക്കിയും വന്നിരുന്ന എനിക്ക് ആ പ്രഖ്യാപനം ഏറെ ഹൃദ്യമായി. ഒപ്പം എൻ്റെ പ്രവർത്തനങ്ങൾക്കുള്ള അധിക ഊർജ്ജവും അതിലൂടെ കിട്ടി.

                2014 ലെ 364-ാം ദിവസം ഞാൻ കുടുംബ സമേതം തന്നെ ആ വർഷത്തിന് ഒരു യാത്രയയപ്പ് ഒരുക്കി. കൃഷി ഭവനിൽ നിന്നും സൗജന്യമായി ലഭിച്ച ഒരു ഒട്ടുമാവിൻ തൈ (ഐറ്റം ഏതെന്ന് അന്നും ഇന്നും തിരിഞ്ഞിക്കില്ല) മുറ്റത്ത് നട്ടു പിടിപ്പിച്ചായിരുന്നു ഞങ്ങൾ ആ വിടവാങ്ങൽ ചടങ്ങ് നടത്തിയത്. മൂന്നോ നാലോ വർഷങ്ങൾ കൊണ്ട് കായ്ക്കുമെന്നായിരുന്നു പ്രതീക്ഷ. മാങ്ങ ഏറെ ഉപയോഗപ്പെടുത്തുന്ന പരിശുദ്ധ റംസാൻ മാസം  നാല് വർഷങ്ങൾക്ക് ശേഷം മെയ് മാസത്തിൽ ആഗതമാകും എന്നും അന്ന് ഈ മാവിൽ നിന്ന് മാങ്ങ പറിക്കാമെന്നും ഞാൻ മക്കളോട് പറഞ്ഞു.

                 ആദ്യ വർഷം മാവിൻ്റെ സ്ഥിതി വളരെ ശോചനീയമായിരുന്നു. വേരുകൾക്ക് അതിർവരമ്പിടുന്ന കവറിൽ നിന്നും അതിരുകളില്ലാത്ത ഭൂമിയിൽ വേരൂന്നിയതിൻ്റെ ഒരു ലക്ഷണവും അവൾ കാണിച്ചില്ല. തൊട്ടടുത്ത വർഷം മുറ്റത്ത് ചെറിയൊരു തടം കെട്ടിയപ്പോൾ മാവിനെ അതിനുള്ളിലാക്കി. പക്ഷേ, മാവിൻ്റെ ഒട്ടിച്ച ഭാഗം മണ്ണിനടിയിൽ പോകും എന്ന കാരണത്താൽ മുരടിൽ മണ്ണിടാൻ പറ്റിയില്ല. പകരം ചുറ്റും മണ്ണിട്ട് മുരട് കുഴിയാക്കി നിർത്തി. വെള്ളം ഒഴിക്കുമ്പോൾ അതിനെ തടഞ്ഞ് നിർത്താൻ ഇത് സഹായകമായി. അതോടെ മാവ് ഉയരാനും തുടങ്ങി.

             എൻ്റെ പ്രതീക്ഷകൾക്ക് ചിറക് മുളപ്പിച്ചു കൊണ്ട് 2018-ലെ മഞ്ഞുകാലത്ത് അവൾ പുഷ്പിണിയായി. വളരെ കുറച്ച് പൂക്കൾ മാത്രമേ മഞ്ഞിൽ വിരിഞ്ഞുള്ളു. അതിൽ തന്നെ കണ്ണിമാങ്ങയായത് അംഗുലീ പരിമിതവും. അവ മുഴുവൻ വലുതാവുന്നതിന് മുമ്പേ ഭൂമിയെ ചുംബിക്കുകയും കൂടി ചെയ്തതോടെ ആ വർഷത്തെ റംസാനിലെ മാങ്ങ മുറ്റത്തെ മൂവാണ്ടനിൽ നിന്ന് തന്നെയാക്കി.

            2019ലെ വൃശ്ചികം പുലർന്നപ്പോഴേക്കും മുറ്റത്തെ ഒട്ടുമാവും മൂവാണ്ടൻ മാവും കായികമായി ഏറെ പുഷ്ടിപ്പെട്ടിരുന്നു. പക്ഷെ , പ്രളയവും തുടർന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും ആവാം, മാവ് രണ്ടും പൂത്തില്ല. പക്ഷെ ധനുമാസക്കുളിരിൽ രണ്ട് മാവുകളും പൂത്തുലഞ്ഞപ്പോൾ എൻ്റെ മനസ്സിലും കുളിര് പൂത്തു. പൂക്കൾ ഉണ്ണിയായും ഉണ്ണി കണ്ണിയായും കണ്ണി വണ്ണിയാവുന്നതും ഞാനും കുടുംബവും പ്രതീക്ഷയോടെ നിരീക്ഷിച്ചു. മാങ്ങ വലുതായി വന്നപ്പോൾ അതിന് താഴെ കൂടി പോകുന്ന പൂച്ചയുടെ തലയിൽ വരെ തട്ടും എന്ന അവസ്ഥയായി. അതിനെ സംരക്ഷിക്കേണ്ടത് മേൽ പറഞ്ഞ ജന്തുക്കൾക്ക് പുറമേ നാലാം വയസ്സിൻ്റെ നട്ടപ്പിരാന്ത് കാണിക്കുന്ന എൻ്റെ മകനിൽ നിന്നും അയൽപക്കത്തെ വേറെ രണ്ട് നാല് വയസ്സ്കാരിൽ നിന്നും!! അങ്ങനെ ആ കാലവും കഴിഞ്ഞതോടെ മുപ്പതോളം മാങ്ങകൾ ബാക്കിയായി. അവ വലുതാകുന്തോറും മാവിൻ്റെ ചില്ല മഴവില്ല് പോലെ വളയാനും തുടങ്ങി. അവസാനം ഒരു മാങ്ങ മണ്ണിൽ കിടന്ന് വളരാനും തുടങ്ങി.

               അത്യാവശ്യത്തിലധികം മൂപ്പെത്തി എന്ന് മാങ്ങയുടെ നിറം മാറ്റം വിളിച്ചോതിയതും വേനൽമഴ സറപറ പെയ്യാൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു. അങ്ങനെ ആദ്യ ബാച്ചിനെ മരത്തിൽ നിന്നും കൊട്ടയിലാക്കി. ആറ് മാങ്ങകൾ വെറുതെ ഒന്ന് തൂക്കി നോക്കി - 2 കിലോ ! മൂന്നാം ദിനം മാങ്ങ പഴുക്കുകയും ചെയ്തു. ഫലമാംസ നിബിഡമായ മാങ്ങയുടെ രുചി വിവരണാതീതം. ആറ്റ് നോറ്റ് നനച്ച് വളർത്തിയ മാവിലെ മാങ്ങകൾ ഈ വർഷത്തെ റംസാൻ വ്രതങ്ങൾ അവസാനിപ്പിക്കുന്ന സമയത്ത് ഞങ്ങളുടെ ആമാശയങ്ങൾക്ക് ആശ്വാസമേകി. കുടുംബ കൃഷി വർഷത്തിൽ വച്ച മാവിൽ നിന്ന് അതിമധുരം വിതറുന്ന മാങ്ങ തന്നെ കിട്ടിയതിൽ കുടുംബം ഒന്നടങ്കം സന്തോഷം കൊള്ളുന്നു.... ദൈവത്തിന് സ്തുതി.

9 comments:

  1. ആറ്റ് നോറ്റ് നനച്ച് വളർത്തിയ മാവിലെ മാങ്ങകൾ ഈ വർഷത്തെ റംസാൻ വ്രതങ്ങൾ അവസാനിപ്പിക്കുന്ന സമയത്ത് ഞങ്ങളുടെ ആമാശയങ്ങൾക്ക് ആശ്വാസമേകി.

    ReplyDelete
  2. തലവാചകം കണ്ടപ്പോൾ കൊട്ടതേങ്ങപ്പോലെ കൊട്ടമാങ്ങയുമുണ്ടോയെന്നു സംശയിച്ചു!
    മധുരമാമ്പഴം ഇഷ്ടായി.
    ആശംസകൾ മാഷേ

    ReplyDelete
    Replies
    1. തങ്കപ്പേട്ടാ... കണ്ണട മാറ്റണോ?

      Delete
  3. ആറു മാങ്ങകൊണ്ട് ഒരു കൊട്ടമാങ്ങയായി അല്ലേ...അതേതു കൊട്ടയാ മാഷേ ....?
    എന്തായാലും പരിശ്രമിച്ചതിന് നല്ലഫലം മധുരമായിത്തന്നെ കിട്ടിയല്ലോ....

    ReplyDelete
    Replies
    1. വീ കെ ... ആറ് മാങ്ങ ആദ്യ പറിക്കലിൽ. അങ്ങനെ നാലെണ്ണം കഴിഞ്ഞപ്പോ ഒരു കൊട്ടയിലധികം കിട്ടി.

      Delete
  4. മാങ്ങാക്കാര്യം പറഞ്ഞ് മാഷ് കൊതിപ്പിച്ചു . നാട്ടില് പറമ്പില് മൂവാണ്ടൻ മാവ് നിറയെ മാങ്ങയും ഉണ്ടാവും . ഇവിടിരുന്നു കൊതി പിടിക്കാനല്ലാതെ എന്തു ചെയ്യാം .
    ഒട്ടു മാവ് ഉയരം കുറഞ്ഞ മാവാണോ മാഷേ

    ReplyDelete
    Replies
    1. ഗീതാജി... അൽപ നേരത്തെങ്കിലും കൊതിയുടെ കൂടെ നാട്ടിൽ എത്തിയില്ലേ?

      Delete
  5. ഞങ്ങൾക്കൊക്കെ നഷ്ട്ടപ്പെടുന്ന 
    മാമ്പഴക്കാലങ്ങൾ കാട്ടി കൊതിപ്പിക്കുകയാണല്ലെ ..

    ReplyDelete
    Replies
    1. മുരളിയേട്ടാ... ബിലാത്തിയിൽ മാമ്പഴക്കാലം ഇല്ലേ?

      Delete

നന്ദി....വീണ്ടും വരിക