ലോക്ക് ഡൗൺ കാലത്തെ എന്റെ കൃഷി പരീക്ഷണങ്ങളിൽ ഏറ്റവും വിജയകരമായത് കപ്പ കൃഷി ആയിരുന്നു. വീടിന് ചുറ്റുമുള്ള ഇത്തിരിവട്ടത്തിൽ നിന്നും ഒത്തിരി നീളമുള്ള കൊള്ളികൾ കിട്ടിയത് , ആദ്യമായി കപ്പ നട്ട എനിക്ക് തന്ന സന്തോഷം ചെറുതല്ല. സ്വന്തം വിയർപ്പിന്റെ രുചി ഒരിക്കൽ കൂടി അന്ന് ഞാൻ അനുഭവിച്ചറിഞ്ഞു.
ഈ കപ്പഗാഥയാണ് വീട്ടിലേക്കാവശ്യമായ ഇഞ്ചിയും മഞ്ഞളും കൂടി പരീക്ഷിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഇവക്ക് നല്ല വെയിൽ ആവശ്യമില്ല എന്നതും ഗ്രോബാഗിലും വളർത്താം എന്നുള്ളതും എനിക്ക് കൂടുതൽ പ്രചോദനം നൽകി. വൈഗ 2021 ന് തൃശൂരിൽ പോയ സമയത്ത് ആദ്യമായി ഇഞ്ചി - മഞ്ഞൾ വിത്തുകൾ കൂടി ഞാൻ വാങ്ങി. "തേടിയ പുലി കാറിന് കൈ കാട്ടി " എന്ന് പറഞ്ഞപോലെ കൃഷിഭവനിൽ നിന്നും ഇത്തവണ ചില കിഴങ്ങുവർഗ്ഗ വിത്തുകളും സൗജന്യമായി ലഭിച്ചു. അതിലും പ്രമുഖർ ഇഞ്ചിയും മഞ്ഞളുമായിരുന്നു.
ഒരമ്മ പെറ്റ മക്കളാണ് ഇഞ്ചിയും മഞ്ഞളും എന്നാണ് എന്റെ പക്ഷം. ഒരേ പോലെയുള്ള സ്ഥലത്ത് ഒരേ രൂപത്തിലുള്ളതും എന്നാൽ രുചിയിലും നിറത്തിലും വ്യത്യസ്തയുള്ളതുമായ കിഴങ്ങുകളാണ് (അല്ലെങ്കിൽ വേരുകളാണ്) രണ്ടും.തണലിൽ നട്ടാലും വെള്ളം നല്കിയാൽ ഒരു പരാതിയും കൂടാതെ രണ്ടാളും വളർന്ന് വന്നോളും എന്നത് എന്റെ അനുഭവമാണ്.
വിത്ത് നട്ട് ഏതാനും ദിവസങ്ങൾക്കകം തന്നെ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനാൽ എനിക്ക് കോളേജിൽ പോകേണ്ടി വന്നു. അതിനാൽ എന്റെ പുതിയ കൂട്ടുകാർക്ക് കൂടുതൽ ശ്രദ്ധ നൽകാൻ എനിക്ക് പറ്റിയില്ല. ആഴ്ചയിലൊരിക്കൽ നടത്തുന്ന സ്നേഹത്തലോടലുകളിൽ എല്ലാം ഒതുങ്ങി. എങ്കിലും അവർക്ക് നൽകിയ സ്നേഹം അവർ ഇരട്ടിയായി തിരിച്ചും തന്നു.
തണ്ടുണങ്ങിപ്പോയതിനാൽ ഇന്നലെ ഞാൻ അവ കിളച്ചെടുത്തു. ഇഞ്ചി ഇപ്പോൾ അധികം ലഭിച്ചില്ലെങ്കിലും ഇനിയും വിളവെടുക്കാനുണ്ട്. മഞ്ഞളിന്റെ തള്ളകൾ വിത്തിനായി മാറ്റി. ബാക്കിയുള്ളത് ഇനി കഴുകി ഉണക്കി പൊടിക്കണം. കൃഷിയിൽ എന്നെ എന്നും പ്രോത്സാഹിപ്പിക്കുന്ന എന്റെ പ്രിയപ്പെട്ട ഉമ്മ ഒരു മാസം മുമ്പ് തന്ന മഞ്ഞൾ പൊടിച്ചപ്പോൾ ആ മില്ലിൽ ഉയർന്ന സുഗന്ധം എന്റെ മഞ്ഞളിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നു.
പ്രിയരേ, വീട്ടാവശ്യങ്ങൾക്കുള്ള മഞ്ഞളിന് രണ്ടോ മൂന്നോ വിത്ത് ഒരു കുഴിയിലിട്ട് അല്പം മണ്ണിട്ട് മൂടിയാൽ തന്നെ ഫലം ലഭിക്കും. മാർക്കറ്റിൽ നിന്നും കിട്ടുന്ന "മഞ്ഞപ്പൊടി"ക്ക് പകരം മഞ്ഞൾപ്പൊടിയുടെ സുഗന്ധം നമ്മുടെ അടുക്കളയിലും അതിന്റെ ഫലം നമ്മുടെയും കുടുംബാംഗങ്ങളുടെയും ശരീരത്തിലും വ്യാപിപ്പിക്കാൻ ഇങ്ങനെ ഒരു ശ്രമം എല്ലാവരും നടത്തി നോക്കൂ. വിജയം തീർച്ചയാണ്.
വിജയം തീർച്ചയാണ്
ReplyDeleteതീർച്ചയായും.... മനോഹരമായി എഴുതി. ഇനിയും എഴുതുക.....
ReplyDeleteധ്രുവകാന്ത് ... നന്ദി
ReplyDelete