ചാലിയാർ പുഴ അറബിക്കടലിൽ ചേരുന്ന സ്ഥലമായത് കൊണ്ടാണ് ചാലിയത്തിന് ആ പേര് ലഭിച്ചത് എന്നായിരുന്നു ചാലിയാറിന്റെ തീരപ്പട്ടണമായ അരീക്കോട്ടുകാരനായതിനാൽ ഞാൻ ധരിച്ചു വച്ചിരുന്നത്. പ്രൈമറി സ്കൂൾ പഠനകാലത്ത് ആരോ എന്നെ അങ്ങനെ പറഞ്ഞ് പഠിപ്പിച്ചതാണ് എന്നാണ് എന്റെ വിശ്വാസം. അല്ലാതെ കോഴിക്കോട്ടെ ചാലിയത്തെപ്പറ്റി അരീക്കോട്ടെ എട്ട് വയസ്സുകാരനായിരുന്ന ഞാൻ എങ്ങനെ അറിയാനാ?
വർഷങ്ങൾക്ക് ശേഷം ചാലിയത്തിന്റെ ചരിത്രം ചികഞ്ഞപ്പോഴാണ് എന്റെ പൊട്ടൻ ധാരണ പൊളിഞ്ഞത്. എന്ന് മാത്രമല്ല , ചാലിയം എന്ന സ്ഥലം ചരിത്രത്തിൽ അതിപ്രധാനമായ സ്ഥാനം വഹിക്കുന്ന ഒരു നാടാണ് എന്നും അപ്പോഴാണ് തിരിച്ചറിഞ്ഞത്. ചരിത്ര പുസ്തകങ്ങളിലൂടെ കേട്ടറിഞ്ഞ പ്രസിദ്ധ സഞ്ചാരിയായിരുന്ന ഇബ്‌നു ബത്തൂത്ത ചാലിയം സന്ദര്‍ശിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഈ പ്രദേശത്തുകാരുടെ പ്രധാന കൈത്തൊഴില്‍ നെയ്ത്തായിരുന്നു പോലും. നെയ്ത്ത് തൊഴിലാക്കിയവരെ വിളിച്ചിരുന്ന ചാലിയന്മാര്‍ അല്ലെങ്കില്‍ ചാലിയര്‍ എന്ന പദത്തില്‍ നിന്നും നിര്‍ഗ്ഗമിച്ചുണ്ടായതാണ് പോലും ചാലിയം എന്ന സ്ഥലനാമം !
പറങ്കികളും സാമൂതിരിയുടെ നാവികസേനാ തലവന്മാരായിരുന്ന മരക്കാന്മാരും തമ്മിലുള്ള വീരശൂര പരാക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചതിനാലാവും കാലത്തിന്റെ പുരോഗതിക്ക് മുമ്പിൽ ചാലിയം ഇപ്പോഴും മരവിച്ച് നിൽക്കുന്നത്. ഇന്നും കുറെ പള്ളികളും ഇടുങ്ങിയ റോഡുകളും ഒക്കെയുള്ള ഒരു ഉൾനാടൻ പ്രദേശമാണ് ചാലിയം.
മാലിക് ദീനാർ കേരളത്തിൽ വന്ന കാലത്ത് സ്ഥാപിച്ചിരുന്ന ഒരു പള്ളി ചാലിയത്തുണ്ടായിരുന്നു. പക്ഷെ പറങ്കികൾ അത് തകർത്ത് അവിടെ കോട്ട പണിതു. മലബാറിലെ മുസ്ലിംകൾക്ക് ഈ നടപടി ഒട്ടും ഇഷ്ടപെട്ടില്ല. കോഴിക്കോട് രാജാവായിരുന്ന സാമൂതിരിയുടെ സമ്മതത്തോടെ കുഞ്ഞാലി മരക്കാരുടെ നേതൃത്വത്തിൽ അവർ കോട്ട കീഴടക്കി അത് മുഴുവൻ തകർത്ത് തരിപ്പണമാക്കി. കോട്ടയുടെ കല്ലുകളും മറ്റും എടുത്ത് വീണ്ടും പള്ളി പണിതുവത്രെ. പ്രസ്തുത കോട്ടയുടെ ശേഷിപ്പുകൾ ചാലിയത്ത് ഇപ്പോഴും ഉണ്ട് എന്ന് പറയപ്പെടുന്നതിനാൽ, സ്ഥലവാസിയും 2014 ലെ കേരള നാഷണൽ ഗെയിംസിൽ എന്റെ കീഴിലുള്ള വളണ്ടിയറുമായിരുന്ന മഹ്റൂഫിനോട് ഞാൻ അത് കാണിച്ച് തരാനാവശ്യപ്പെട്ടു. കടൽത്തീരത്തെ മണൽപ്പരപ്പിൽ പതിഞ്ഞ് കിടക്കുന്ന ചെങ്കല്ലുകളുടെ കൂട്ടമാണ് അവൻ കാണിച്ച് തന്നത്. പറങ്കിക്കോട്ട തൂത്തെറിഞ്ഞ ശേഷം ജയാരവം മുഴക്കുന്ന കുഞ്ഞാലി മരക്കാറാണ് അന്നേരം മനസ്സിൽ ഓടി എത്തിയത്. കാലിനെത്തഴുകി അന്നേരം കടന്നു പോയ ഒരു തിര , അന്ന് അവിടെ തളം കെട്ടിയ ചോരയുടെ തണുപ്പ് അറിയിച്ചു.
തലേ ദിവസം കടലിൽ പോയ മൽസ്യബന്ധന ബോട്ടുകൾ പലതും തിരിച്ച് വരാൻ തുടങ്ങിയിരുന്നു. പിടക്കുന്ന മത്സ്യങ്ങളെ കാണാൻ ഞങ്ങൾ അതിന്റെ അടുത്തേക്ക് നീങ്ങി. ബോട്ടിൽ അടുക്കി വച്ച പെട്ടിയിലും മറ്റുമായി കണ്ട മത്സ്യവും നാട്ടിൽ വാങ്ങാൻ കിട്ടുന്ന മത്സ്യവും തമ്മിലുള്ള നിറ വ്യത്യാസം ഞങ്ങളെ അത്ഭുതപ്പെടുത്തി.എവിടെ നിന്നോ സംഘടിപ്പിച്ച വലിയൊരു പ്ലാസ്റ്റിക് കവറുമായി മഹ്റൂഫ് ഒരു ബോട്ടിനടുത്തേക്ക് നീങ്ങി. ബോട്ടിലുള്ളവർ ആ കവറിലേക്ക് മത്സ്യം വാരിയിട്ട് കൊടുത്തു. മഹ്റൂഫ് ആ കവർ നേരെ എന്നെ ഏൽപ്പിച്ചു !
"അന്ന് ഞങ്ങളെ പൊന്നുപോലെ നോക്കിയ സാറിന് എന്റെ എളിയ സമ്മാനം" . അന്തം വിട്ട് നിൽക്കുന്ന എന്നെ നോക്കി മഹ്റൂഫ് പറഞ്ഞപ്പോൾ കടലിന്റെ മക്കളുടെ നിഷ്കളങ്ക മനസ്സുകളിലെ സ്നേഹത്തിന്റെ ആഴവും ഞാൻ തിരിച്ചറിഞ്ഞു.
കാലിനെത്തഴുകി അന്നേരം കടന്നു പോയ ഒരു തിര , അന്ന് അവിടെ തളം കെട്ടിയ ചോരയുടെ തണുപ്പ് അറിയിച്ചു.
ReplyDelete