മക്കളുടെ പ്രൈമറി സ്കൂളിലെ വിദ്യാരംഭം ഓരോ മാതാപിതാക്കളുടെയും ജീവിതത്തിലെ അനർഘ നിമിഷങ്ങളിൽ ഒന്നാണ്. മാതാവിന്റെ ചിറകിനടിയിൽ നിന്ന് ഒരു കുഞ്ഞ് സ്വതന്ത്രമാകാൻ തുടങ്ങുന്നതും പുതിയ ലോകത്തേക്ക് പറന്നുയരാൻ ആരംഭിക്കുന്നതും അന്ന് മുതലാണ്. അതിനാൽ തന്നെ മാതാവിനും കുഞ്ഞിനും ഒരു പോലെ ആശങ്ക നിറഞ്ഞ ദിനങ്ങളാണ് സ്കൂളിലെ ആദ്യ ദിനങ്ങൾ.
നിലത്ത് വീണാൽ പൊട്ടുന്ന സ്ലേറ്റും പെൻസിലും ആയിരുന്നു 1976 ൽ ഒന്നാം ക്ലാസിൽ ചേരുമ്പോൾ എനിക്കുണ്ടായിരുന്ന ഏക പഠന സാമഗ്രി. സ്കൂൾ തുറന്ന് ഏറെ കഴിഞ്ഞാണ് തറയും പറയും പഠിപ്പിക്കുന്ന മലയാളം പാഠാവലി എന്ന ഏക ടെക്സ്റ്റ് പുസ്തകം കിട്ടിയത്. ക്ലാസിലെ മിക്ക കുട്ടികൾക്കും സ്ലേറ്റും പുസ്തകവും വാങ്ങാനുള്ള സാമ്പത്തിക ശേഷി പോലും ഇല്ലായിരുന്നു.നാലാം തരം വരെ എഴുത്ത് മുഴുവൻ സ്ലേറ്റിൽ തന്നെയായിരുന്നു.
2022 ജൂൺ ഒന്നിന് എന്റെ മക്കളിൽ നാലാമനും ഏക മകനുമായ അബ്ദുല്ല കെൻസ് എന്ന ലിദുമോനും ഒന്നാം ക്ലാസ് പഠനം ആരംഭിച്ചു. നാലഞ്ച് ടെക്സ്റ്റ് ബുക്കുകളും അത്ര തന്നെ നോട്ടുബുക്കുകളും പെൻസിലും സ്ലേറ്റും കുടയും വാട്ടർ ബോട്ടിലും ബോക്സും എല്ലാം കൂടി ബാഗ് നിറയെ സാധനങ്ങളാണ്. കക്ഷത്തിൽ ഒരു സ്ലേറ്റും തിരുകി സ്കൂളിൽ പോയിത്തുടങ്ങിയ ഞാനും പുറത്ത് ഭാരമേറിയ ഒരു ബാഗും തൂക്കി സ്കൂളിൽ പോയിത്തുടങ്ങുന്ന എന്റെ മോനും തമ്മിലുള്ള കാലവ്യത്യാസത്തെ എന്ത് വിളിക്കണം എന്ന ആലോചനയിലാണ് ഞാൻ.
നാലാമനും ഒന്നാം ക്ലാസിലേക്ക് ..
ReplyDelete