ലോക സാഹിത്യ ചരിത്രത്തിലെ എണ്ണം പറഞ്ഞ രണ്ട് എഴുത്തുകാരാണ് ടോൾസ്റ്റോയിയും ദസ്തയേവ്‌സ്കിയും. സോവിയറ്റ് യൂണിയൻ എന്ന ഭൂഖണ്ഡാനന്തര രാജ്യത്ത് ജീവിച്ചിരുന്ന രണ്ട് പേരുടെയും ജീവിതാനുഭവങ്ങൾ തന്നെയായിരുന്നു അവരുടെ ജനപ്രിയ കൃതികളുടെ ഉൾക്കാമ്പ്. ആ മഹാരഥന്മാരുടെ ചൂടും ചൂരും അറിഞ്ഞ നാടും വീടും കാണുക എന്നത് ഏതൊരു സാഹിത്യ പ്രേമിയുടെയും സ്വപ്നമാണ് ; ഒരു എഴുത്ത്കാരനാണെങ്കിൽ പ്രത്യേകിച്ചും.
ശ്രീമതി എസ്. സരോജത്തിന്റെ നേവ മുതൽ വോൾഗ വരെ എന്ന കൃതിയിൽ ഞാൻ വളരെ കൗതുകത്തോടെ വായിച്ചത് ഈ വിഖ്യാതരുടെ വീട്ടിലേക്കുള്ള എഴുത്ത്കാരിയുടെ സന്ദർശനമാണ്. പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ വായിച്ച് അധികകാലം ആയിട്ടില്ലാത്തതിനാൽ ദസ്തയേവ്‌സ്കിയുടെ വീടിന്റെ മുക്കും മൂലയും ഈ വായനയിലൂടെ കൺമുമ്പിൽ വീണ്ടും തെളിഞ്ഞ് വന്നു. ടോൾസ്റ്റോയിയുടെ വീട്ടിലെത്തിയപ്പോൾ , നിരവധി തവണ കേട്ട അദ്ദേഹത്തിന്റെ ജീവചരിത്രം ഒരിക്കൽ കൂടി വായിച്ചപ്പോൾ മനസ്സിൽ ഒരു നോവും പടർന്നു.
സെന്റ് പീറ്റേഴ്സ് ബർഗിലെയും മോസ്കോയിലെയും കാഴ്ചകൾ വളരെ നന്നായി തന്നെ അക്ഷരങ്ങളിലൂടെ വായനക്കാരിലെത്തിക്കാനും അതുവഴി സഞ്ചാരികളെ റഷ്യയിലേക്ക് മാടി വിളിക്കാനും എഴുത്ത്കാരിക്ക് സാധിച്ചിട്ടുണ്ട്. ലെനിനും സ്റ്റാലിനും വാണ റഷ്യയിൽ ഇത്രയധികം കൃസ്തീയ ദേവാലയങ്ങൾ ഉള്ളത് ഈ വായനയിലൂടെയാണ് ഞാൻ തിരിച്ചറിഞ്ഞത്. രണ്ട് നഗരങ്ങൾക്കും മനോഹാരിത പകരുന്നത് ഇത്രയും ദേവാലയങ്ങളുടെ സാന്നിദ്ധ്യമാണ് എന്ന് പോലും ചിലപ്പോൾ തോന്നിപ്പോകുന്നു. കമ്യൂണിസത്തിന്റെ ഏഴ് പതിറ്റാണ്ട് ഭരണത്തിൽ മതം നിരോധിച്ചെങ്കിലും മത ചിഹ്നങ്ങൾ നിലനിർത്തിയത് ഇന്ന് ആ നാടിന് അനുഗ്രഹമാകുന്നു എന്ന് വരികൾക്കിടയിൽ നിന്ന് വായിക്കാം.
ലോക ശക്തികളിൽ ഒന്നായിരുന്ന റഷ്യയിലെ നഗരക്കാഴ്ചകളിൽ പറഞ്ഞ അർബാത് തെരുവിലെ ജീവിതങ്ങൾ റഷ്യയെപ്പോലുള്ള ഒരു രാജ്യത്ത് ശരിക്കും സംഭവ്യമോ എന്ന് ചിന്തിച്ചു പോയി. അന്ധവിശ്വാസത്തിന്റെ പ്രണയപ്പൂട്ടും റഷ്യയിൽ ഇത്രയും വേരോടിയതിന്റെ പൊരുളും പിടി കിട്ടുന്നില്ല. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും മികവുപയോഗിച്ച് പടുത്തുയർത്തിയ സോറി കുഴിച്ച് താഴ്ത്തി ഉണ്ടാക്കിയ മോസ്കോ മെട്രോയും ഭൂഗർഭ ബങ്കറും അത്ഭുതാവഹമായ കാഴ്ചകളായി അനുഭവപ്പെട്ടു.
രചയിതാവിന്റെ രാഷ്ട്രീയ ചായ്‌വ് ചിലയിടങ്ങളിലെല്ലാം നിറഞ്ഞ് തുളുമ്പുന്നുണ്ടെങ്കിലും മൊത്തത്തിൽ നേവ മുതൽ വോൾഗ വരെ നല്ലൊരു വായനാനുഭവമാണ് സമ്മാനിക്കുന്നത്. യാത്രയിലെ അനുഭവങ്ങൾക്ക് അൽപം കൂടി സ്ഥാനം നൽകാമായിരുന്നു. മിക്ക കാഴ്ചകളുടെയും ചരിത്രം വിരൽ തുമ്പിൽ ലഭിക്കുന്ന ഇക്കാലത്ത് അവ വളരെയധികം നീട്ടിപ്പറയേണ്ടിയിരുന്നില്ല; എന്നാൽ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ അനുഭവസ്ഥന് മാത്രമേ സാധിക്കൂ എന്നതിനാൽ അതിന് പ്രാധാന്യം നൽകാത്തത് വായനക്കാരനെ സംബന്ധിച്ചിടത്തോളം ഒരു നഷ്ടം തന്നെയാണ്. പുസ്തകത്തിൽ പറഞ്ഞ ചരിത്ര വിവരണങ്ങളെക്കാളും അതിലെ അനുഭവങ്ങൾ ആയിരിക്കും വായനക്കാരെയും സഞ്ചാരികളെയും പുസ്തകത്തോട് അടുപ്പിക്കുക എന്നാണ് എന്റെ അഭിപ്രായം.
പുസ്തകം:നേവ മുതൽ വോൾഗ വരെ
രചയിതാവ് : എസ്. സരോജം
പ്രസാധകർ: ചിന്ത പബ്ലിഷേഴ്സ്
പേജ്: 144
വില: 180 രൂപ
മൊത്തത്തിൽ നേവ മുതൽ വോൾഗ വരെ നല്ലൊരു വായനാനുഭവമാണ് സമ്മാനിക്കുന്നത്.
ReplyDelete