സാഹിത്യവും കലയും തലക്ക് പിടിച്ചവരുടെ കൂട്ടത്തിൽ ഞാനുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് എന്റെ ഉത്തരം. എന്നാൽ ഇത് രണ്ടും തലക്ക് തട്ടിയവരുടെ കൂട്ടത്തിൽ ഞാനും ഉണ്ട് എന്നാണ് എന്റെ വിശ്വാസം. ഇത് രണ്ടും തലക്ക് തോണ്ടിയവരുടെ കൂട്ടത്തിൽ എന്റെ കുടുംബവും ഉണ്ട് എന്നാണ് എന്റെ അനുഭവം.
2012 ലെ പ്രഥമ കൊച്ചിൻ ബിനാലെയിൽ (Click & Read) അപ്രതീക്ഷിതമായി എത്തിയ എന്റെ കുടുംബത്തിന് 2016-ലെ ബിനാലെ (Click & Read) കാണണം എന്ന ആഗ്രഹം ജനിച്ചെങ്കിൽ അത് കലയുടെ ഒരു വാസന അടുത്ത് കൂടെ പോയതിന്റെ ലക്ഷണം കൊണ്ട് തന്നെയാണ്.2022 ബിനാലെ ആരംഭിച്ചു കഴിഞ്ഞു; കൊച്ചി വരെ പോകണം എന്ന് കുടുംബം പറയാൻ തുടങ്ങിയതും തലയിൽ കല കയറിയത് കൊണ്ടാണ്.
സാഹിത്യത്തിൽ കുടുംബാംഗങ്ങൾ അത്ര കണ്ട് മുന്നോട്ട് എത്തിയില്ലെങ്കിലും എന്റെ ബ്ലോഗെഴുത്തുകൾക്ക് നിറഞ്ഞ പിന്തുണ എന്നും അവരിൽ നിന്ന് ലഭിക്കാറുണ്ട്. ബ്ലോഗ് കുറിപ്പുകളിലൂടെ രണ്ട് പുസ്തകങ്ങൾ പുറത്തിറക്കാനും എനിക്ക് സാധിച്ചു. ഒന്നാമത്തെ പുസ്തകമായ 'അമ്മാവന്റെ കൂളിംഗ് എഫക്ടിന് " കെ.എസ്. വിശ്വനാഥൻ സ്മാരക അവാർഡും രണ്ടാമത്തെ പുസ്തകമായ "ഓത്തുപള്ളി "ക്ക് പേരക്ക നോവൽ പുരസ്കാരവും ലഭിക്കുകയും ചെയ്തു.
കെ.എസ്. വിശ്വനാഥൻ സ്മാരക അവാർഡ് കോട്ടയത്ത് വച്ച് ഏറ്റുവാങ്ങി കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ വീട്ടിൽ എത്തിയതായിരുന്നു ഞാൻ.
"മക്കൾക്ക് KLF കാണണം പോലും " കട്ടൻ ചായ തരുന്നതിനിടയിൽ ഭാര്യ എന്നോട് സൂചിപ്പിച്ചു.
കോഴിക്കോട് ബീച്ചിൽ ഡി.സി ബുക്സ് നടത്താറുള്ള വാർഷിക സാഹിത്യ ഉത്സവമാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റ് അഥവാ KLF. 2016ലാണ് KLFന്റെ തുടക്കം. മഹാമാരി കാരണം ഇടക്ക് മുടങ്ങിപ്പോയതിനാൽ ഇത് ആറാമത് ഫെസ്റ്റ് ആണ്. കൾച്ചറൽ പ്രോഗ്രാമുകൾ അടക്കം 248 സെഷനുകളാണ് നാല് ദിവസത്തെ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നത്.ഈ വർഷത്തെ ഫെസ്റ്റിന്റെ അവസാന ദിവസമായതിനാൽ നല്ല തിരക്കും, പോരാത്തതിന് രണ്ട് ദിവസത്തെ ഉറക്കവും ഉള്ളതിനാൽ അന്നേരം ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.
മക്കൾ സാധാരണ ആവശ്യപ്പെടുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരാവശ്യമായതിനാലും ഇതുവരെ നടന്ന ഒരു ലിറ്ററേച്ചർ ഫെസ്റ്റിലും പങ്കെടുത്തിട്ടില്ലാത്തതിനാലും ഞാൻ ഒരു പുനരാലോചന നടത്തി. അങ്ങനെ, നോബൽ സമ്മാനജേതാക്കളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാഹിത്യകാരന്മാരും കലാകാരന്മാരും വരുന്ന ഒരു ഫെസ്റ്റ് സ്വന്തം മുറ്റത്ത് നടക്കുമ്പോൾ, അത് കാണാൻ പോകുന്നത് തന്നെ കലയോടും സാഹിത്യത്തോടും കാണിക്കുന്ന ബഹുമാനമാണ് എന്ന തിരിച്ചറിവിൽ ഞാനും കുടുംബ സമേതം ലിറ്ററേച്ചർ ഫെസ്റ്റിൽ എത്തി.
സെഷൻ നടക്കുന്ന വേദികളിലേക്കൊന്നും തന്നെ അടുക്കാൻ പറ്റാത്ത തിരക്കായതിനാൽ ഫെസ്റ്റ് നഗരിയിലെ കാഴ്ചകൾ കണ്ട്, മക്കൾക്കും എനിക്കും ഇഷ്ടപ്പെട്ട കുറെ പുസ്തകങ്ങളും വാങ്ങി ഞങ്ങളും അതിന്റെ ഭാഗമായി.
എഴുത്തുകാരൻ എന്ന നിലക്ക് ഏതെങ്കിലും ഒരു കാലത്ത് എനിക്കും ഈ ഫെസ്റ്റിന്റെ ഭാഗമാകാൻ ദൈവം അവസരം തന്നേക്കാം എന്ന പ്രതീക്ഷയും കുടുംബത്തോട് പങ്ക് വച്ച് രാത്രി വൈകി ഞങ്ങൾ നാട്ടിലേക്ക് മടങ്ങി.
ഇത് രണ്ടും തലക്ക് തോണ്ടിയവരുടെ കൂട്ടത്തിൽ എന്റെ കുടുംബവും ഉണ്ട് എന്നാണ് എന്റെ അനുഭവം.
ReplyDelete