പാഠ്യ വിഷയങ്ങൾക്ക് പുറമെ പാഠ്യേതര കാര്യങ്ങളിലും കുട്ടികളെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നിരവധി പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിൽ ഉണ്ടായിരുന്നു. സ്പോർട്ട്സ് ആയിരുന്നു അതിൽ പ്രധാനം. കലാ പ്രാഗത്ഭ്യം തെളിയിക്കാനായിട്ടുള്ള യൂത്ത് ഫെസ്റ്റിവൽ, സാമൂഹ്യ സേവന പ്രവർത്തനത്തിനുള്ള സ്കൗട്ട് തുടങ്ങിയവയും അന്ന് ഉണ്ടായിരുന്നു.
കുട്ടികളിലെ സർഗവാസനകളെ തിരിച്ചറിയാനും പരിപോഷിപ്പിക്കാനും അന്നത്തെ അദ്ധ്യാപകരിൽ ചിലർക്ക് അതീവ താൽപര്യമുണ്ടായിരുന്നു. എന്റെ ഹൈസ്‌കൂൾ പഠന കാലത്തെ, സ്കൂളിലെ മുഴുവൻ കലാകാരന്മാരും അടിഞ്ഞ് കൂടിയത് എന്റെ ക്ലാസിലായിരുന്നു എന്നാണ് അന്നും ഇന്നും എന്റെ വിശ്വാസം. ഓരോ മാസത്തിലെയും അവസാനത്തെ വ്യാഴാഴ്ച എല്ലാ ക്ലാസുകളിലും സാഹിത്യ സമാജം നടത്തിയിരുന്നു. ഓരോ വിദ്യാർത്ഥിയും എന്തെങ്കിലും ഒരു കലാപരിപാടി അവതരിപ്പിക്കൽ നിർബന്ധവുമായിരുന്നു.
അങ്ങനെ ആദ്യത്തെ സാഹിത്യ സമാജത്തിൽ പരിപാടികള്‍ അവതരിപ്പിക്കാനുളളവരുടെ പേരെഴുതിയപ്പോള്‍, ആനി ടീച്ചര്‍ എന്റെ പേരും എഴുതി. എനിക്ക് യാതൊരു ബന്ധവുമില്ലാത്ത മാപ്പിളപ്പാട്ടിനായിരുന്നു എന്‍റെ പേരെഴുതിയത്. പൊതുവെ അന്തർമുഖനായ എനിക്ക് സ്റ്റേജിൽ കയറി പരിപാടി അവതരിപ്പിക്കുക എന്ന് കേട്ടതോടെ തന്നെ വിറയൽ തുടങ്ങി.
മാപ്പിളപ്പാട്ട് പോയിട്ട് ഏഴാം ക്ലാസ് വരെ പഠിച്ച ഏതെങ്കിലും കവിത പോലും ആലപിക്കാൻ കഴിയാത്ത ഞാൻ ആകെ പരവശനായി.ഇന്നത്തെപ്പോലെ ഇഷ്ടമുള്ള പാട്ട് കേൾക്കാൻ യാതൊരു മാർഗ്ഗവും അന്നില്ലായിരുന്നു.ആകെ കേട്ടിരുന്ന പാട്ട് വല്ല കുറിക്കല്യാണവും ഉണ്ടെങ്കിൽ ഹോട്ടലിന് മുന്നിൽ വച്ച് കെട്ടുന്ന കോളാമ്പിയിലൂടെ പുറത്ത് വന്നിരുന്ന സിനിമാഗാനങ്ങൾ ആയിരുന്നു.അതും, അപൂർവ്വമായി മാത്രമേ കേൾക്കാൻ പറ്റൂ.
"എനിക്ക് പാട്ട് അറിയില്ല ടീച്ചർ.." ഞാന്‍ താണു കേണു പറഞ്ഞു.
"പരിപാടിക്ക് ഇനിയും പത്ത് ദിവസം ഉണ്ട്...അതുകൊണ്ട് ഒരു പാട്ട് പഠിച്ചിട്ട് വന്നോളൂ..." യാതൊരു ദയയും കാണിക്കാതെ ടീച്ചർ പറഞ്ഞു.
"ടീച്ചർ തരുന്ന കണക്ക് തന്നെ പഠിക്കാൻ കഴിയുന്നില്ല....പിന്നെ എങ്ങനാ പാട്ട് പഠിക്കുന്നത്?"
"ആ...നീ എന്തെങ്കിലും പഠിക്കുമോ എന്നൊന്ന് നോക്കട്ടെ..."
"പ്ലീസ് ടീച്ചർ...എനിക്ക് പാടാൻ അറിയില്ല"
"എങ്കിൽ ബാപ്പയെയും കൂട്ടി വന്നോളൂ..."
"ങേ!! ബാപ്പയും പാടില്ല ടീച്ചർ..." എന്റെ മറുപടി കേട്ട് ടീച്ചർ ചിരിച്ചെങ്കിലും എന്നെ ഒഴിവാക്കിത്തന്നില്ല.
ഇനി ഒരു പാട്ട് പഠിക്കുക തന്നെ രക്ഷയുള്ളൂ എന്നതിനാൽ ശനിയാഴ്ച്ച ആവാൻ ഞാൻ കാത്തിരുന്നു.അരീക്കോട് ചന്ത നടന്നിരുന്നത് ശനിയാഴ്ച്ചകളിലാണ്. ചന്തയിൽ പോയാൽ ഏകദേശം എല്ലാ സാധനവും കിട്ടും.പാട്ടു പുസ്തകവും അന്ന് ചന്തയിലേ കിട്ടൂ. കേട്ട പാട്ടിന്റെ വരികൾ ഉള്ള പുസ്തകം തപ്പിപ്പിടിക്കണം.അതിന് പുസ്തകം മുഴുവൻ തിരഞ്ഞ് നോക്കണം.അങ്ങനെ തിരഞ്ഞ് തിരഞ്ഞ്, ഞാൻ പല തവണ കേട്ട ഒരു പാട്ടിന്റെ വരികളുള്ള പുസ്തകം കിട്ടി.
അങ്ങനെ ഞാൻ പാട്ട് പഠിക്കാൻ തുടങ്ങി. വീട്ടിനകത്ത് നിന്ന് പാട്ട് പാടി നോക്കിയാൽ അനിയനും അനിയത്തിയും ഒക്കെ കേട്ട് കളിയാക്കും എന്നതിനാൽ ഞാൻ വീട്ടിലെ കിണറിന്റെ ആൾമറയുടെ അപ്പുറത്ത് പോയിരുന്നു. പാട്ട് ഏകദേശം പഠിച്ച് കഴിഞ്ഞപ്പോൾ അൽപം ഉച്ചത്തിൽ ഞാൻ ഒന്ന് പാടി നോക്കി.
"ഉടനെ കഴുത്തെന്റെതറുക്കൂ ബാപ്പാ...
ഉടയോൻ തുണയില്ലെ നമുക്ക് ബാപ്പാ..."
പാട്ട് കേട്ടതും ഉമ്മ ആ ഭാഗത്തേക്ക് നോക്കി.ഞാൻ ആൾമറയുടെ അപ്പുറത്ത് ഇരുന്നായിരുന്നു പാടിയിരുന്നത്.അതിനാൽ ഉമ്മാക്ക് എന്നെ കാണാൻ കഴിഞ്ഞിരുന്നില്ല.
"അള്ളോ...ന്റെ മോൻ...കിണറ്റിൽ..."
ഉമ്മയുടെ നിലവിളി കേട്ട് ബാപ്പയും അയൽവാസികളും എല്ലാം ഓടിക്കൂടി. ബഹളം കേട്ട് ഞാനും എണീറ്റു.എന്നെക്കണ്ടതും ഉമ്മ അന്തം വിട്ടു നിന്നു.പിന്നിൽ ഓടി വന്നവരും സഡൻ ബ്രേക്കിട്ടു.
"എന്തയിനി അനക്ക് ഔടെ പണി...?" ഉമ്മയുടെ ചോദ്യം.
"സാഹിത്യ സമാജത്തിന് പാട്ട് പഠിച്ചെയ്‌നി..."
"അത്...കെണറ്റിന്റെ ബക്കത്ത് നിന്നാ പട്ച്ചല്...നടക്കങ്ങട്ട് ഔത്ത് ക്ക്..." ബാപ്പയുടെ ആജ്ഞ വന്നതോടെ ഞാൻ വീട്ടിനകത്തേക്ക് കയറി.ഉമ്മയുടെ നിലവിളി കേട്ട് ഓടി വന്നവരൊക്കെ അവരുടെ വഴിക്കും പോയി.
അങ്ങനെ സാഹിത്യ സമാജത്തിന്റെ ദിനമായി.ടീച്ചർ ഓരോരുത്തരെയായി വിളിക്കാൻ തുടങ്ങി. അവരെല്ലാം നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു. എന്റെ പേര് വിളിച്ചതും ഞാൻ എണീറ്റ് സ്റ്റേജിലേക്ക് കയറി.എന്റെ കയ്യും കാലും കയ്യിലെ പുസ്തകവും എല്ലാം കിടു കിടാ വിറക്കുന്നുണ്ടായിരുന്നു.ആരെയും മുന്നിൽ കാണാതിരിക്കാനായി പുസ്തകം മുഖത്തിന് നേരെ പിടിച്ച് ഞാൻ പാട്ടങ്ങ് തുടങ്ങി.
"ഉടനെ കഴുത്തെന്റെതറുക്കൂ ബാപ്പാ...
ഉടുക്കാൻ തുണിയില്ല നമുക്ക് ബാപ്പാ..."
"ആ...മതി..മതി..." ടീച്ചർ പറഞ്ഞു.പക്ഷെ.മുഖം മറച്ചു പിടിച്ചിരുന്നതിനാൽ ഞാനത് കേട്ടില്ല.അടുത്ത ഭാഗവും പാടി. കുട്ടികൾ എല്ലാവരും ആർത്തു ചിരിച്ചു.
"ഉസ്മാനെ...മതീന്ന് നിന്നോടല്ലേ പറഞ്ഞത്..." ടീച്ചറുടെ ശബ്ദം കൂടി. ഞാനും ശബ്ദം കൂട്ടി അടുത്ത രണ്ട് സ്റ്റാൻസയും പാടി പാട്ട് മുഴുവനാക്കി.
'ചന്തയിൽ പോയി പുസ്‌തകവും വാങ്ങി, പാട്ട് പഠിച്ചത് നാട്ടുകാര് മുഴുവൻ അറിയുകയും ചെയ്തു... പിന്നെ രണ്ട് വരി പാടിയിട്ട് നിർത്താനോ... ഞാനേ ഉസ്മാനാ... ഉസ്‌റുള്ള മാൻ ...' സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോരുന്നതിനിടയിൽ ഞാൻ ആത്മഗതം ചെയ്തു.പിന്നീട് പത്താം ക്ലാസ് വരെയുള്ള ഒരു സാഹിത്യ സമാജത്തിലും എനിക്ക് പാട്ട് പാടേണ്ടി വന്നിട്ടില്ല.
ഉസ്മാനെ...മതീന്ന് നിന്നോടല്ലേ പറഞ്ഞത്..." ടീച്ചറുടെ ശബ്ദം കൂടി. ..... സ്കൂൾ ഓർമ്മകൾ തുടരുന്നു...
ReplyDeletesooper, orupadu chirichu
ReplyDelete