ബി.എഡ് പഠന കാലത്ത് എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു മണി. കരുവാരക്കുണ്ട് എന്ന ഗ്രാമത്തിനടുത്ത് കേരള എസ്റ്റേറ്റ് എന്ന സ്ഥലത്തായിരുന്നു അവന്റെ വീട്. ബി.എഡ് പഠനത്തിന് ശേഷമുള്ള ഒരു ഓണത്തിന് അവന്റെ വീട്ടിൽ പോയി സദ്യ ഉണ്ട ശേഷം, കട്ട സഖാവായ അവന്റെ പേരിൽ നേർന്ന ഒരു വഴിപാടിനായി കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ പോയത് ഇന്നും മനസ്സിൽ പച്ച പിടിച്ച് കിടക്കുന്നുണ്ട്.
കടിഞ്ഞാണില്ലാത്ത കുതിരയായതിനാൽ അക്കാലത്ത് എവിടെ വേണമെങ്കിലും പോകുമായിരുന്നു. ബട്ട്, മുറ്റത്തെ മുല്ലക്ക് മണമില്ലാത്തത് കൊണ്ടാകാം എന്റെ സ്വന്തം ജില്ലയിലെ നിരവധി സ്ഥലങ്ങൾ എന്റെ ഫേവറിറ്റ് ലിസ്റ്റിൽ അന്ന് വന്നതേ ഇല്ല. അതിനാൽ ഇക്കഴിഞ്ഞ ദിവസം പാലക്കാട് ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ഐ.ടി ഡിപ്പാർട്ട്മെന്റിലെ സഹപ്രവർത്തകരോടൊപ്പം എത്തുന്നത് വരെ കരുവാരക്കുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടം ഞാൻ ഫോട്ടോയിൽ മാത്രം കണ്ട പരിചയമേ ഉണ്ടായിരുന്നുള്ളൂ.
മലപ്പുറം ജില്ലയിലെ മലയോരമേഖലയായ കരുവാരകുണ്ടിലെ നിരവധി വെള്ളച്ചാട്ടങ്ങളിലെ ഏറ്റവും സുന്ദരമായ ഒന്നാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. ഒലിപ്പുഴയുടെ ഉൽഭവ സ്ഥാനമാണ് ഈ വെള്ളച്ചാട്ടം എന്ന് പറയപ്പെടുന്നു. കരുവാരകുണ്ട് ടൗണിൽ നിന്നും വെറും ആറുകിലോ മീറ്റർ ദൂരം സഞ്ചരിച്ചാൽ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ എത്താം.വെള്ളച്ചാട്ടത്തിന്റെ രണ്ട് കിലോമീറ്റർ അടുത്ത് വരെ മാത്രമേ സാധാരണ വാഹനങ്ങൾ എത്തൂ. ശേഷമുള്ള കരിങ്കല്ല് പാകിയ ഓഫ്റോഡ് തരണം ചെയ്യാൻ ജീപ്പ് യാത്ര മാത്രമാണ് ശരണം. രണ്ട് കിലോമീറ്ററോളം നീളുന്ന ഓഫ് റോഡ് യാത്രക്ക് വൺ സൈഡ് നിരക്ക് ജീപ്പൊന്നിന് ഇരുനൂറ്റമ്പത് രൂപയാണ്.ഒരു ജീപ്പിൽ എട്ട് പേർക്ക് പോകാം.
ജീപ്പിറങ്ങുന്നിടത്ത് തന്നെയാണ് ടിക്കറ്റ് കൗണ്ടർ. ഇരുപത് രൂപയാണ് പ്രവേശന ഫീസ്. ഒരു മൊബൈൽ കമ്പനിക്കും റേഞ്ചില്ലാത്തതിനാലാണോ എന്നറിയില്ല ഒരു തരത്തിലുള്ള ഓൺലൈൻ പെയ്മെന്റ് സംവിധാനവും അവിടെ ഇല്ല. ജീപ്പിറങ്ങി ഞങ്ങൾ വെള്ളച്ചാട്ടം ആരംഭിക്കുന്ന സ്ഥലത്തേക്ക് നടന്നു. 150 അടി ഉയരത്തില്‍ നിന്നും വെളളം താഴേക്ക് പതിക്കുന്ന കാഴ്ച അതിമനോഹരമാണ്. കാണാൻ താഴെ വരെ ഇറങ്ങണം എന്ന് മാത്രം.
സൈലന്റ് വാലിയോട് തൊട്ടുചേര്‍ന്നാണ് കരുവാരക്കുണ്ട് സ്ഥിതി ചെയ്യുന്നത്. സൈലന്റ് വാലി ബഫർ സോണിലെ കാട്ടരുവികളിൽ നിന്നും ഒഴുകി വരുന്ന വെള്ളമാണ് കേരളാംകുണ്ടിൽ എത്തുന്നത്. അതിനാൽ തന്നെ ഈ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്ന് പഴമക്കാര്‍ പറയുന്നു.
ടിക്കറ്റെടുത്ത് താഴെ എത്തിയപ്പോൾ തന്നെ ഒരു സെക്യൂരിറ്റി ജീവനക്കാരൻ എന്നെ സമീപിച്ചു.
"മണി മാഷ് പറഞ്ഞ ആൾക്കാരാണോ?"
"അതെ...'' ഒരമ്പരപ്പോടെ ഞാൻ പറഞ്ഞു.
മൂന്നാഴ്ച മുമ്പ് മണിയെ കണ്ടപ്പോൾ ഈ യാത്രയെപ്പറ്റി ഞാനവനോട് സൂചിപ്പിച്ചിരുന്നു. എന്താവശ്യമുണ്ടങ്കിലും വിളിക്കാനും അവൻ പറഞ്ഞിരുന്നു.പക്ഷെ, ഇവിടെ അവൻ ഇങ്ങനെ പറഞ്ഞേൽപിക്കും എന്ന് സ്വപ്നേപ്പി നിനച്ചില്ല. മണിയുടെ അയൽവാസികളും ഇവിടത്തെ ജീവനക്കാരുമായ പ്രണവും ഉണ്ണികൃഷ്ണനും പ്രത്യേകം ഒരുക്കിത്തന്ന സൗകര്യങ്ങളുപയോഗിച്ച് ഞങ്ങൾ കരുതിയിരുന്ന പ്രാതൽ അവിടെ ഇരുന്ന് കഴിച്ചു.
വെള്ളച്ചാട്ടത്തിൽ ഇറങ്ങണമെങ്കിൽ ഓഫീസിന് തൊട്ട് താഴെ തന്നെ സ്ത്രീകൾക്ക് ഡ്രസ് മാറാനുള്ള സൗകര്യം ഉണ്ട്. ഒരു ഇരുമ്പ് പാലം കടന്ന് വേണം അക്കരെ എത്താൻ. പാലത്തിന്റെ തൊട്ടുതാഴെ അത്യാവശ്യം വലിയൊരു കുഴിയുണ്ട്. കുട്ടികൾക്കും നീന്തലറിയാത്തവർക്കും ഇവിടെ കുളിക്കാം. പാറയിലൂടെ അൽപം മുകളിലേക്ക് കയറിപ്പോയാൽ അവിടെയും കുളിക്കാം. താഴേക്ക് നീണ്ട് കിടക്കുന്ന വലിയൊരു ഇരുമ്പ് ഗോവണി വഴി പ്രധാന വെള്ളച്ചാട്ടത്തിന്റെ അടുത്ത് വരെ പോകാം. വെള്ളച്ചാട്ടത്തിൽ കുളിക്കണമെങ്കിൽ ബാരിക്കേഡ് കടന്ന് പാറയിൽ സജ്ജീകരിച്ച വടത്തിൽ പിടിച്ചിറങ്ങണം.
ഞാനും സഫീർ സാറും വിനയൻ സാറും ജയപാലൻ മാഷും റഹീം മാഷും വടത്തിൽ തൂങ്ങി വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങി. ശുദ്ധമായ തണുത്ത വെള്ളത്തിൽ നീന്തിത്തുടിച്ച് ആർമാദിക്കുമ്പോഴാണ് ഗാർഡ് ഉണ്ണികൃഷ്ണൻ ഞങ്ങളുടെ കൂട്ടത്തിൽ വന്ന കുട്ടികളെ വടം വഴി വെള്ളത്തിലേക്ക് ഇറക്കുന്നത് കണ്ടത്. അൽപം കഴിഞ്ഞ് ഡിപ്പാർട്ട്മെന്റ് ഹെഡ് സംഗീത മിസ്സും മുൻ ഹെഡ് ധന്യ മിസ്സും ഗാർഡ്മാരുടെ സഹായത്തോടെ വടത്തിൽ പിടിച്ച് വെള്ളച്ചാട്ടത്തിലിറങ്ങി. അങ്ങനെ ചരിത്രത്തിലാദ്യമായി ചിലർ പ്രകൃതി ഒരുക്കിയ വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിച്ചു.
കയറിപ്പോരാൻ ആർക്കും മനസ്സ് വന്നില്ലെങ്കിലും നിരവധി സ്പോട്ടുകൾ ഇനിയും കാണാനുള്ളതിനാൽ ഞങ്ങൾ തിരിച്ച് കയറി.
ഈ വർഷത്തെ രണ്ടാമത്തെ വെള്ളച്ചാട്ടത്തിൽ
ReplyDelete