കൃഷിയിൽ നിന്ന് പലരും പിന്തിരിഞ്ഞു പോകുന്ന വർത്തമാന കാലഘട്ടത്തിൽ ഒരു ചെറിയ അടുക്കളത്തോട്ടമെങ്കിലും പരിപാലിച്ച് ഉണ്ടാക്കണം എന്ന ആഗ്രഹം വർഷങ്ങളായി എന്റെ മനസ്സിലുണ്ട്. ആ ആഗ്രഹത്തിനനുസരിച്ചുള്ള ഒരു തോട്ടം വർഷങ്ങളായി ഞാൻ പരിപാലിച്ച് പോരുന്നതിനിടയിലാണ് 2021ലെ വൈഗ കാർഷിക മേളയിൽ ആദ്യമായി ഉൾപ്പെടുത്തിയ അഗ്രി ഹാക്കത്തോണിന്റെ ജഡ്ജിങ് പാനലിലേക്ക് സോഷ്യൽ എക്സ്പെർട്ട് ആയി എന്നെ തെരഞ്ഞെടുത്തത്.ആ അവസരം എനിക്ക് നിരവധി അനുഭവങ്ങളാണ് അന്ന് സമ്മാനിച്ചത്.ഇന്ത്യയിലെ തന്നെ വലിയ കാർഷികമേളയിൽ ഒന്നായ വൈഗ കാർഷികമേള അനുഭവിച്ചറിയാനും പഴയ പല സുഹൃത്തുക്കളെയും കണ്ടുമുട്ടാനും സർവ്വോപരി തൃശൂരിന്റെ തിലകക്കുറിയായി തല ഉയർത്തി നിൽക്കുന്ന വടക്കുനാഥക്ഷേത്രത്തെ വലം വയ്ക്കാനും അന്ന് സാധിച്ചു.
2021ൽ വൈഗയുടെ അഞ്ചാമത് എഡിഷൻ ആയിരുന്നു തൃശൂരിൽ അരങ്ങേറിയത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം പ്രദർശന സ്റ്റാളുകളുടെ എണ്ണം വളരെ പരിമിതമായിരുന്നു. എങ്കിലും തൃശൂരിൽ നടക്കുന്ന വലിയ മേളകളിൽ ഒന്ന് എന്ന നിലക്കും കൃഷി വകുപ്പ് മന്ത്രിയായ വി.എസ് സുനിൽകുമാറിന്റെ സ്വന്തം മണ്ഡലത്തിൽ നടക്കുന്ന മേള എന്ന നിലക്കും വകുപ്പ് അതിന്റെ സംഘാടനത്തിൽ മികവ് പുലർത്താൻ ഏറെ ശ്രദ്ധിച്ചിരുന്നു.മുമ്പ് നടന്ന വൈഗ മേളകളും തൃശൂരിൽ തന്നെയായിരുന്നു എന്നായിരുന്നു എന്റെ ധാരണ.പക്ഷെ 2016 ലെ വൈഗ നടന്നത് തിരുവന്തപുരത്തെ കനകക്കുന്നിലായിരുന്നു എന്ന് ഇത്തവണത്തെ വൈഗയ്ക്ക് ശേഷമാണ് ഞാനറിഞ്ഞത്.
വൈഗ 2023 തിരുവന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് അരങ്ങേറുന്നു എന്ന വാർത്ത ശ്രദ്ധയിൽ പെട്ട ഉടനെ, കഴിഞ്ഞ തവണത്തെ ജൂറി മെംബേർസ് ഗ്രൂപ്പിൽ ഞാൻ വെറുതെ ഒരു ഓർമ്മക്കുറിപ്പിട്ടു. അതിന് മറുപടിയായി, കേരളത്തിലെ മിക്ക ഹാക്കത്തോണിന്റെയും നെടുംതൂണായ എന്റെ മുൻ എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ അബ്ദുൽ ജബ്ബാർ സാർ ഇത്തവണയും അഗ്രി ഹാക്കത്തോൺ നടത്തുന്നതായി അറിയിച്ചു.പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം കുറവായതിനാൽ കഴിഞ്ഞ തവണത്തെയത്ര ജൂറി അംഗങ്ങൾ ഉണ്ടായിരിക്കില്ല എന്ന മുന്നറിയിപ്പും കിട്ടി.എങ്കിലും മുൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരിൽ നിന്ന് എനിക്ക് മാത്രം ഇത്തവണയും സെലക്ഷൻ ലഭിച്ചു.അങ്ങനെ വെള്ളായണി കാർഷിക കോളേജിൽ വച്ച് നടക്കുന്ന രണ്ടാമത്തെ അഗ്രി ഹാക്കത്തോണിലും ജൂറി മെമ്പറായി ഞാൻ എത്തി.
കഴിഞ്ഞ വൈഗയെപ്പോലെ ചില സൗഹൃദങ്ങൾ ഒന്ന് കൂടി ഊട്ടിയുറപ്പിക്കാനും ഞാൻ കാണാൻ ആഗ്രഹിച്ചിരുന്ന കോവളം ബീച്ചിലൂടെ ഒരു പ്രഭാതസവാരി നടത്താനും വൈഗ പ്രദർശനത്തിന്റെ ശരിയായ വലിപ്പവും ആവേശവും തിരിച്ചറിയാനും പുതിയ കുറെ സുഹൃത്തുക്കളെ നേടിയെടുക്കാനും എല്ലാം ഈ വൈഗയിലൂടെ സാധിച്ചു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും അമ്പത് രൂപ കൊടുത്ത് കാണാൻ സാധിക്കുക എന്നത് വളരെ മൂല്യവത്താണ് എന്നതിൽ സംശയമില്ല.സമയക്കുറവ് കാരണം എനിക്ക് അത് മുഴുവൻ കാണാൻ സാധിച്ചില്ല എന്ന ഖേദം ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു.
എന്റെ ചിന്തകള് ഇറക്കിവച്ച് പൊടിതട്ടി മിനുക്കിയെടുക്കാനുള്ളൊരിടം....
Pages
▼
ഇത്തവണ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ....
ReplyDelete