കാലത്ത് എണീറ്റത് തന്നെ വൈകി ആയിരുന്നതിനാൽ ഇന്നത്തെ പരിപാടികൾ എല്ലാം പണ്ടത്തെ ഇന്ത്യൻ റെയിൽവെയെ പോലെ ലേറ്റായും പാളം തെറ്റിയും ഓടാനുള്ള സാദ്ധ്യതകൾ വളരെ കൂടുതലായിരുന്നു.
മാസാവസാനമായതിനാൽ പാൽക്കാരിക്ക് കാശ് കൊടുക്കണം എന്ന് എന്റെ ചിന്തയിൽ വരാറില്ല. പക്ഷെ, ബ്ലോഗിൽ മിനിമം എട്ട് പോസ്റ്റ് തികക്കണം എന്ന് നിർബന്ധമാണ്. T-20 യിലെ അവസാന ഓവറിൽ രണ്ട് പന്തിൽ നിന്ന് ആറ് റൺസ് എന്ന വിജയലക്ഷ്യം പോലെയാണ് പലപ്പോഴും അത് എത്താറ്. ഇത്തവണ മൂന്ന് ദിവസം മൂന്ന് പോസ്റ്റ് എന്ന സാമാന്യം ഭേദപ്പെട്ട സ്കോറിൽ ആണ് നിൽക്കുന്നത്.
കാശ്മീരിൽ പോയി വന്നിട്ട് വർഷം ഒന്ന് കഴിഞ്ഞെങ്കിലും, ദേ കാശ്മീരിന്റെ വിരിമാറിൽ നിന്ന് തൽസമയം ക്യാമറാമാൻ ആബിദിനൊപ്പം അരീക്കോടൻ എന്ന നിലയിൽ ഫേസ്ബുക്കിൽ ദിനംപ്രതി പോസ്റ്റുന്ന യാത്രാ വിവരണങ്ങളും ഇന്ന് പെന്റിംഗിലാണ്. ഇത് വായിച്ചിട്ട് വേണം ഒരു കട്ടനും കൂടി അടിച്ച് ഒന്ന് മയങ്ങി സ്വപ്നത്തിലെങ്കിലും ഒരു കാശ്മീർ യാത്ര സംഘടിപ്പിക്കണം എന്ന് വിചാരിച്ച് കാത്ത് നിൽക്കുന്നവർ ഇന്ന് എത്ര നേരം ക്യൂവിൽ നിൽക്കേണ്ടി വരും എന്നറിയില്ല.
ഇന്നത്തെക്കായി ഇന്നലെ തന്നെ ചുട്ടു വച്ച വ്ളോഗിനും വാലും ചിറകും ഒക്കെ ഫിറ്റ് ചെയ്യാനുണ്ട്. മത്സരം കടുത്ത ഈ കാലത്ത് ആകർഷകമായ രീതിയിൽ ചെയ്തില്ലെങ്കിൽ ടൈറ്റൻ പീസ് പീസായ പോലെ അത് നുറുങ്ങി പോകും.
ഇതിനൊക്കെ പുറമെ നാലഞ്ച് ദിവസത്തെ പത്രം വായന, പച്ചക്കറി പരിപാലനം, മകന്റെ ഹോം വർക്ക് അങ്ങനെ നിർമ്മായ കർമ്മണാ ശ്രീ ലിസ്റ്റ് നീളുന്നുണ്ട്. എല്ലാം കൂടി എപ്പോഴാണ് ചെയ്ത് തീർക്കുക എന്ന ചിന്തയോടെ മറ്റൊരാവശ്യത്തിനായി വീട്ടിന് പുറത്ത് പോയതായിരുന്നു ഞാൻ. തിരിച്ച് പോരുമ്പോൾ ദേ, ഈ വർഷം ഇന്ന് വരെ പെയ്യാത്ത വിധത്തിലുള്ള ഒരു മഴ. നനയാതിരിക്കാൻ ഒരു സ്ഥലത്ത് കയറി നിന്നപ്പോഴാണ് മേൽ ചിന്തകൾ വീണ്ടും ചിറക് വിരിച്ചത്. മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ ആദ്യം ബ്ലോഗ് പോസ്റ്റ് തയ്യാറാക്കി. പിന്നെ എഫ്.ബി. അതും കഴിഞ്ഞ് വ്ളോഗും റെഡി. അപ്പോഴേക്കും മഴയും സ്വാഹ.
അതോടെ ഒരു കാര്യം തിരിച്ചറിഞ്ഞു. സമയം ഇല്ലാത്തതല്ല, ഞാൻ തയ്യാറാകാത്തതാണ് പ്രശ്നം. ഇത് എന്റെ മാത്രം പ്രശ്നം അല്ല എന്ന പ്രതീക്ഷയോടെ .....
എന്താ ലേ?
ReplyDelete