Pages

Thursday, July 13, 2023

ഒരു മൊട്ടയടിപ്പുരാണം

ഓർമ്മയിലെ രണ്ടാമത്തെ മൊട്ടയടിയാണ് ഇത്തവണ നടത്തിയത്. തലയുടെ ഒരു ഭാഗം എണ്ണ തേച്ച കിണ്ണം പോലെ തിളങ്ങുമ്പോൾ മറ്റൊരു ഭാഗത്ത് സെക്കൻഡ് ഷോക്ക് ആളിരിക്കുന്ന പോലെ അവിടെയും ഇവിടെയും ഒക്കെയായി കുറച്ച് മുടി എന്നത് വളരെക്കാലമായി എന്നെയും ബാർബറെയും ഒരേ പോലെ അലോസരപ്പെടുത്തിയിരുന്നു. 

"റ" വട്ടത്തിലുള്ള മുടി വെട്ടാൻ ഞാൻ ചെന്നാലും വൈക്കോൽ കൂന പോലെ നിൽക്കുന്ന മുടിയുമായി അയൽപക്കത്തെ ഫ്രീക്കൻ ചെന്നാലും മുടിവെട്ട്  കൂലി സെയിം എന്നതാണ് എന്നെ അലോസരപ്പെടുത്തിയിരുന്നത്. അവിടെയും ഇവിടെയും പരന്ന് കിടക്കുന്ന മുടി, മെഷീൻ വയ്ക്കാതെ ഫുൾ അദ്ധാനിച്ച് തന്നെ വെട്ടണം എന്നതാണ് ബാർബറുടെ നീരസത്തിന് കാരണം.

അങ്ങനെ ഒരു ദിവസം മുടി വെട്ടാൻ പോയപ്പോഴാണ് ബാർബർ എന്റെ സോഫ്റ്റ് കോർണറിലെ ഏറ്റവും സോഫ്റ്റ് ആയ സ്ഥലത്ത് തന്നെ കയറിപ്പിടിച്ചത് (ഈ ചങ്ങാതിക്ക് ആരാണാവോ ആ കോർണർ  കൃത്യമായി പറഞ്ഞു കൊടുത്തത്?).

"മാഷേ... നിങ്ങൾക്ക് ഫ്രാൻസ് ഫുട്ബാൾ ടീമിനെ വല്യ ഇഷ്ടമാണെന്ന് കേട്ടു..." മുടി വെട്ടുന്നതിനിടയിൽ ബാർബർ ഒരു ചൂണ്ട കൂടി ഇട്ടു.

"അതെങ്ങനെ അറിഞ്ഞു?" ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു.

"2018 ൽ ഫ്രാൻസ് ലോക കപ്പ് നേടും എന്ന് പ്രവചിച്ച ഈ നാട്ടിലെ ഒരേ ഒരു മാന്യനാണ്  നിങ്ങൾ..."

"ഓ കെ ... അപ്പോൾ അതേ പ്രവചനം നടത്തിയ മാന്യന്മാരല്ലാത്തവർ ആരൊക്കെയാ?"

"അത് വിട്... എങ്ങനെയാ ഇത്ര കൃത്യമായി ആ പ്രവചനം നടത്തിയത് എന്നൊന്ന് പറയാമോ??"

"ആ അതൊക്കെ ഇത്ര വല്യ കാര്യമാണോ? തലയിൽ ചെറിയൊരു ബ്രെയിൻ ഉണ്ടായാ മതി..." എന്റെ മറുപടി കേട്ട്, ബാർബർ കോയ ഞാൻ കാണാതെ സ്വയം തലയിൽ ഒന്ന് തപ്പി നോക്കി!

"ആ... അത് തന്നെയാ ഞാനും പറഞ്ഞു വരുന്നത്... വല്യ ബ്രെയിനായാലും ചെറിയ ബ്രെയിനായാലും തല മൊട്ടയടിച്ചാൽ നല്ല സുന്ദര കുട്ടപ്പനാകും ... മാഷ്, ഫ്രാൻസ് ടീമിലെ ലിലിയൻ തുറാമിനെ കണ്ടിട്ടില്ലേ?"

"ഓ... മൂപ്പരെ സൗന്ദര്യത്തിന്റെ രഹസ്യം അതാണല്ലേ? ഞാനറിഞ്ഞില്ല ട്ടോ ... എന്നാലും അനക്ക് വേറെ ആരെ പേരും കിട്ടിയില്ലേ  കോയാ?"

"ഉം.... ഞമ്മളെ സൈനുദ്ദീൻ സൈദാൻ.... അത് പിന്നെ ഇങ്ങൾക്ക് അറിം ന്ന് കരുതി..."

"ആ... അങ്ങനെ പറയ്.... അതൊരു ഒന്നൊന്നര മൊട്ട തന്നെ... ആ മറ്റരാസിന്റെ നെഞ്ചത്തല്ലേ അതിന്റെ മൊഞ്ച് ഞമ്മള് ശരിക്കും കണ്ടത്...."

"മാഷേ ... മാഷെ തലക്കും അങ്ങനെയൊരു മൊട്ട നല്ലോണം ചേരും...." 

"തലയല്ലാതെ പിന്നെ വേറെ എവിടേലും മൊട്ടയടിക്കാൻ പറ്റോ?"

"അതൊക്കെ പറ്റും ... ഇത്തവണ തല ഒന്ന് മൊട്ടയാക്കിയാലോ?"

"അതേയ്.... പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ അന്ന് ഞാനൊന്ന് മൊട്ടയടിച്ചിരുന്നു...."

"അപ്പോ... അന്നും തല ഇങ്ങനായിരുന്നോ?"

"പറയട്ടെ... പത്ത് കഴിഞ്ഞാൽ പിന്നെ സ്‌കൂളിലേക്ക് പോകണ്ടല്ലോ... അപ്പോ അവരാരും മൊട്ട കാണില്ല എന്നതായിരുന്നു ഒരു കാരണം..."

"ങാ...അന്ന് പിന്നെ മൊട്ടയടിച്ചവരൊക്കെ മുടി പോലെയുള്ള ഒരു തൊപ്പി ഇടുമായിരുന്നു... ദൂരേന്ന് കണ്ടാൽ മുടി തന്നെ.... "

"ആ ഇപ്പോ ആ തൊപ്പി ഇട്ടു വരുന്നത് ഫ്രൂട്ട്സ് കടയിലെ ആപ്പിളുകളാ... തൊപ്പിയുടെ വലിപ്പവും നിറവും  മാറി എന്ന് മാത്രം...."

"മാഷ് അന്ന് ആ തൊപ്പി ഇട്ടിരുന്നോ?"

"ഞാൻ അന്ന് സ്‌കൗട്ടിൽ അംഗമായിരുന്നു... അതിന്റെ തൊപ്പി ഇട്ട് ഒരു തലക്കെട്ടും കെട്ടിയായിരുന്നു ഞാൻ പുറത്തിറങ്ങിയിരുന്നത്... അടുത്തെത്തിയാലേ അത് തൊപ്പിയാണെന്നറിയൂ..."

"ആ ...അത് നല്ല ഐഡിയ..."

"അന്ന് രണ്ട് പ്രശ്നങ്ങൾ ഞാൻ നേരിട്ടിരുന്നു..."

"ഉം... അതെന്താ...?"

"ഒന്ന്.... വൈകുന്നേരം പുഴ മാട്ടുമ്മൽ (മണൽ തീരത്ത് ) ഫുട്ബാൾ കളി ഉണ്ടാകും ... അപ്പോൾ ബാളിൽ മുഴുവൻ മണല് പറ്റിപ്പിടിച്ചിരിക്കും... ഉയർന്ന് വരുന്ന ബാൾ ഹെഡ് ചെയ്യുമ്പോൾ മൊട്ടയും മണലും കൂടി ഉരസിയിട്ട് ഒരു തീപ്പൊരി പാറലുണ്ട്... "

"ശരിക്കും...??" കോയ വാ പൊളിച്ചു.

"കോയാ ആ വായ അടക്ക്, ഈച്ച കയറും... തീ പൊരി ഞാൻ കാണൂലല്ലോ.. പക്ഷേ, അതിന്റെ ഒരു പൊള്ളല് ശരിക്കും അറിയും...."

'ഒന്ന് കട്ട വച്ച് തള്ള് മാഷെ...' എന്ന കോയയുടെ ആത്മഗതം ഞാൻ കേട്ടില്ലെന്ന് നടിച്ചു.

"ങാ... പിന്നെ എന്തായിരുന്നു പ്രശ്‍നം....?"

"അത്... നീ കൊട്ടത്തേങ്ങ കണ്ടിട്ടില്ലേ?"

"ആ..."

"കളി കഴിഞ്ഞാ പിന്നെ ചാലിയാറിൽ ഒരു കുളിയുണ്ട്... അതിൽ മുങ്ങാംകുഴി ഇട്ട് ഒരു പോക്കുണ്ട്..."

"അതിനെന്തിനാ കൊട്ടത്തേങ്ങ?"

"അതാ പറയുന്നത്.... മൊട്ടയടിച്ചാൽ പിന്നെ നമ്മളെ തല കൊട്ടത്തേങ്ങ പോലെയാ... കൊട്ടത്തേങ്ങ വെള്ളത്തിലാഴ്ത്തിയാൽ ഇരട്ടി വേഗത്തിൽ 'ബും' എന്ന് മുകളിലേക്ക് തന്നെ പോരും... മൊട്ടത്തലയുമായി വെള്ളത്തിൽ മുങ്ങിയാലും അത് തന്നെ അവസ്ഥ...!"

"ഓ ... അങ്ങനിം ഇണ്ടല്ലേ? പക്ഷേ ഇപ്പോൾ പുഴയിൽ കളിയും ഇല്ല കുളിയും ഇല്ല ... അതുകൊണ്ട് അടുത്ത തവണ മാഷെ തല നമുക്ക് മൊട്ടയടിക്കാം...  ആരാ ഒരു ചേഞ്ച് ഇഷ്ടപ്പെടാത്തത് മാഷേ?" മുടി വേട്ട മുഴുവനാക്കിക്കൊണ്ട് കോയ പറഞ്ഞു.

"ഓ കെ... " ഞാനും സമ്മതം മൂളി.

അങ്ങനെ 2023 ജൂലൈ 1 ശനിയാഴ്ച ,ഞാൻ മുൻകൈ എടുത്ത് നടത്തുന്ന എന്റെ രണ്ടാമത്തെ തലമുണ്ഡനം കഴിഞ്ഞു.അന്ന് തന്നെ ഒരു കല്യാണത്തിന് പോയപ്പോൾ ആദ്യ പ്രതികരണം....

"കാറ്റ് വീഴ്ച ഇപ്പോൾ അതിശക്തമാണെന്ന് തോന്നുന്നല്ലോ?"

അടുത്ത പ്രതികരണം.

"ഹജ്ജ് ഇന്നലെ കഴിഞ്ഞതല്ലേ ഉള്ളൂ... അപ്പോഴേക്കും നിങ്ങൾ നാട്ടിലെത്തിയോ?" (മക്കയിൽ ഹജ്ജ് കർമ്മം നിർവ്വഹിച്ച ശേഷം മുടി വെട്ടുന്നത് പതിവാണ്).

മൂന്നാമത്തെ പ്രതികരണം ആയിരുന്നു മാരകം.

"എ ഐ ക്യാമറ ഹെൽമറ്റ് ധരിച്ചില്ല എന്ന കാരണത്താൽ നിനക്ക് പിഴ ഇടില്ല ... അത്രക്കും തിളക്കമുണ്ട്..." 

1 comment:

  1. ഈ ചങ്ങാതിക്ക് ആരാണാവോ ആ കോർണർ കൃത്യമായി പറഞ്ഞു കൊടുത്തത്?

    ReplyDelete

നന്ദി....വീണ്ടും വരിക