ഒരു ശനിയാഴ്ച ദിവസം.
"അതേയ്... ഇന്ന് ആ സൈക്കിൾ ബാലൻസ് ഒന്ന് ശ്രമിച്ചു നോക്കണം...." രണ്ട് ദിവസം മുമ്പ് കാറിൻ്റെ ലൈസൻസ് ടെസ്റ്റ് പാസായ ആവേശത്തിൽ അടുക്കളയിൽ നിന്ന് ഭാര്യ വിളിച്ച് പറഞ്ഞു.
"ആ ...ശരി....ശരി..." ഞാൻ സമ്മതിച്ചു.
അടുക്കള പണി കഴിഞ്ഞ് ഭാര്യ മുറ്റത്തേക്ക് എത്തിയപ്പോഴേക്കും ഞാൻ, അനിയന്റെ മക്കളുടെ സൈക്കിൾ അവിടെ എത്തിച്ചിരുന്നു.സൈക്കിൾ ബാലൻസ് ഉള്ള എനിക്ക് തന്നെ അതിൽ ശരിയായ വിധത്തിൽ ചവിട്ടാൻ പ്രയാസമായിരുന്നു.എങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ഞാൻ അവളെ കയറ്റി ഇരുത്താൻ നോക്കി. കാല് നിലത്ത് എത്താത്തതിനാൽ അവൾക്ക് ഒട്ടും ധൈര്യം വന്നില്ല.
"കുട്ടികളുടെ സൈക്കിൾ മതി... ഇതിൽ നിന്ന് വീണാൽ പണിയാകും..." ബാലൻസ് കിട്ടാതെ വീണാൽ എനിക്കും താങ്ങാൻ പറ്റില്ല എന്നതിനാൽ അത് നല്ലൊരു നിർദ്ദേശമായി എനിക്ക് തോന്നി. മോൻ ചവിട്ടുന്ന സൈക്കിൾ ഉടനെ അവിടെ എത്തിക്കുകയും ചെയ്തു. ഭാര്യ അതിൽ ഇരുന്നതും അതിന്റെ സീറ്റ് മലർന്നു പോയി.
"ഇനി...മറ്റേ സൈക്കിളുണ്ട്..." അയല്പക്കത്തേക്ക് ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു.
"എങ്കിൽ അതൊന്ന് നോക്കാം..." മോന്റെ സൈക്കിളിനെക്കാളും അല്പം കൂടി വലിയ ഒരു സൈക്കിൾ ആയിരുന്നു അത്. സവാരി കഴിഞ്ഞ് എന്റെ വീട്ടിൽ തന്നെയായിരുന്നു അത് നിർത്തിയിടാറ്.
അങ്ങനെ അതിൽ കയറി അര മണിക്കൂറോളം ഞാൻ അവളെ പരിശീലിപ്പിച്ചു. ഒന്ന് ഉരുളുമ്പോഴേക്കും ഊര 'എസ്' ആകൃതിയിൽ ആകുന്നതിനാൽ സൈക്കിളും 'എസ്' വരക്കും.
"അതേയ്... ടു വീലർ കൊണ്ട് എട്ട് ആണ് ഇടേണ്ടത്... എസ് അല്ല....." ഞാൻ അവളെ ഓർമ്മിപ്പിച്ചു.
"എസ് ഇട്ട് ഒരു ക്രോസ്സും ഇട്ടാൽ എട്ട് ആയില്ലേ?"
"ങാ... അത് പണ്ട് കണക്ക് ടീച്ചറെ പറ്റിക്കാൻ ഇട്ട എട്ട്... ഇവിടെ അങ്ങനെ എട്ടിട്ടാൽ നിനക്കീ ജന്മത്തിൽ പിന്നെ ലൈസൻസ് കിട്ടില്ല...ഒരു എട്ടിടാൻ ഇത്രയൊക്കെ ബുദ്ധിമുട്ടുണ്ടോ?"
"നല്ല ആളാ ചോദിക്കുന്നത്...നിങ്ങൾക്കിത് വരെ കഴിഞ്ഞിട്ടുണ്ടോ?"
"എനിക്ക് സൈക്കിൾ ബാലൻസ് ഉണ്ട്... ചെറുപ്പത്തിൽ അത്യാവശ്യം അടി കിട്ടിയിട്ട് തന്നെയാ ആ ബാലൻസ് ശരിയായത്... നിനക്ക് അത് കിട്ടാത്തതിന്റെ കുറവാ..."
"ങാ...വാസ്കോ ഡ ഗാമയുടെ കാലത്തെ ചരിത്രം വിളമ്പാൻ വളരെ എളുപ്പമാ... അങ്ങനെയാണെങ്കി ഇതൊന്ന് ഓടിച്ച് കാണിക്ക്..."
വെല്ലുവിളി വന്ന് കഴിഞ്ഞാൽ പിന്നെ അത് ഏറ്റെടുത്തിട്ട് തന്നെ കാര്യം എന്നതാണ് എൻ്റെ പോളിസി. അതിനാൽ, കുറെ കാലമായി പോർച്ചിൽ അനങ്ങാതെ കിടന്നിരുന്ന സൈക്കിളിനടുത്തേക്ക് ഞാൻ നീങ്ങി. സീറ്റിൽ രണ്ട് തവണ ആഞ്ഞൊന്ന് അടിച്ച് പൊടി തട്ടി. ശേഷം ഞാൻ സൈക്കിളിൽ കയറിയിരുന്നു. പതുക്കെ പെഡലിൽ കാലമർത്തി. സൈക്കിൾ വളഞ്ഞും പുളഞ്ഞും സാവധാനം മുന്നോട്ട് നീങ്ങിത്തുടങ്ങി. പിന്നീടത് നേരെ ചൊവ്വേ സഞ്ചരിക്കാൻ തുടങ്ങിയതോടെ എൻ്റെ ചുണ്ടിൽ ഒരു മന്ദഹാസവും വിരിഞ്ഞു.
"ഹൗ !!"
പെട്ടെന്നാണ് എൻ്റെ പൃഷ്ഠത്തിൽ അസഹ്യമായ ഒരു വേദന അനുഭവപ്പെട്ടത്. പിന്നാലെ സൈക്കിൾ ഒന്ന് വളഞ്ഞ് പുളഞ്ഞ് തലേ ദിവസം വാങ്ങിക്കൊണ്ടുവച്ച മൺചട്ടികൾക്കിടയിലേക്ക് ഓടിക്കയറി. നില തെറ്റി സൈക്കിളിനൊപ്പം ഞാനും ചട്ടിയുടെ മുകളിൽ കൂടി മറിഞ്ഞു വീണു. നാല് ചട്ടികൾ തൽസമയം തന്നെ പരലോകം പൂകി, രണ്ടെണ്ണം അത്യാസന്ന നിലയിലുമായി.
എൻ്റെ അവസ്ഥ കണ്ട് ചിരിയടക്കാൻ പാടുപെടുന്ന ഭാര്യയുടെ മുഖത്തേക്ക് ഒരു ഇളിഭ്യച്ചിരിയോടെ ഞാൻ ഒന്ന് നോക്കി.
"ഹൗ!" വീണ്ടും ഞാൻ അലറി. സൈക്കിൾ സീറ്റിനടിയിൽ കൂട് കൂട്ടിയ കടന്നലുകൾ എനിക്ക് ചുറ്റും മൂളിപ്പറക്കാൻ തുടങ്ങിയതോടെ ഞാൻ തട്ടിപ്പിടഞ്ഞെഴുന്നേറ്റോടി.
പിന്നീട് ഇതുവരെ അവളും ഞാനും സൈക്കിളിൽ കയറിയിട്ടില്ല.
ഭാര്യക്ക് ഡ്രൈവിംഗ് ലൈസൻസ് കിട്ടിയിട്ട് ഒരു വർഷം തികയുന്നു.
ReplyDelete👍
Delete