സ്റ്റേഷനിൽ നിന്നും പതിനഞ്ചോ
ഇരുപതോ മിനുട്ട് നേരത്തെ ഓട്ടത്തിന് ശേഷം ഞങ്ങൾ ഒരു ഇടുങ്ങിയ ഗല്ലിയിലേക്ക് പ്രവേശിച്ചു.സ്കൂൾ
കുട്ടികൾ സൈക്കിൾ ചവിട്ടി രസിക്കുന്നതും റോഡിൽ ക്രിക്കറ്റ് കളിക്കുന്നതും കാണാമായിരുന്നു.ഇടതടവില്ലാതെ
വാഹനങ്ങൾ കടന്നു പോകുന്നുമുണ്ടായിരുന്നു. പക്ഷേ ആ മക്കൾക്ക് വിശാലമായ ഈ ഭൂമിയിൽ കളിക്കാൻ
വേറെ സ്ഥലം ഇല്ലായിരുന്നു.നാം ജനിച്ച് കളിച്ച് തിമർക്കുന്ന നമ്മുടെ ഗ്രാമം എന്ന വലിയ
അനുഗ്രഹം അവിടെ ഞാൻ ശരിക്കും തിരിച്ചറിഞ്ഞു.
ലുധിയാനയിലെ തണുപ്പിൽ
ഒരു ഓവർകോട്ടും ഒരു ക്യാപും ധരിച്ച വെളുത്ത് സുമുഖനായ ഉയരം കുറഞ്ഞ ഒരാളായിരുന്നു ഞങ്ങളുടെ
ആതിഥേയനും ജിതിനിന്റെ അമ്മാവനുമായ രാജേട്ടൻ.കേരള രീതിയിൽ മുറ്റത്ത് ഒരു തുളസിത്തറയും
അതിൽ ഒരു തുളസിച്ചെടിയും ഉണ്ടായിരുന്നു.പക്ഷേ വീട് ഇംഗ്ലീഷിലെ ഏതോ അക്ഷരം പോലെ ആയിരുന്നു
കിടന്നിരുന്നത്.
നമസ്കാരം നിർവ്വഹിച്ച്
കഴിഞ്ഞ് ശേഷം ഞാൻ രാജേട്ടനോട് ജലന്ധറിൽ ബിസിനസ് തുടങ്ങാനുണ്ടായ കാരണം ചോദിച്ചു.ആ കഥ
കേട്ട് ഞാൻ ശരിക്കും തരിച്ചിരുന്നു.
വർഷങ്ങൾക്ക് മുമ്പ് ബന്ധുവിന്റേയോ
അതോ സുഹൃത്തിന്റെയോ കല്യാണത്തിൽ പങ്കെടുക്കാനായാണ് രാജേട്ടൻ
ജലന്ധറിൽ എത്തുന്നത്. കല്യാണവും ഭക്ഷണവും
മറ്റു പരിപാടികളും എല്ലാം കഴിഞ്ഞ് തിരിച്ച് നാട്ടിലേക്ക് പോകാനായി റെയിൽവേ സ്റ്റേഷനിൽ
എത്തി. ഇന്നത്തെപ്പോലെ കുതിച്ചോടുന്ന തീവണ്ടികൾക്ക് പകരം അന്ന് കിതച്ചോടുന്ന തീവണ്ടികൾ
ആയിരുന്നു ഉണ്ടായിരുന്നത്.അതും എണ്ണത്തിൽ വളരെ കുറവും.ചുരുക്കിപ്പറഞ്ഞാൽ രാജേട്ടന്
കയറേണ്ട വണ്ടി മിസ്സായി!!!
ദിവസങ്ങൾ കഴിഞ്ഞ് ഇനിയും
വന്നേക്കാവുന്ന അടുത്ത വണ്ടി കാത്തു നിൽക്കാതെ രാജേട്ടൻ ജലന്ധർ സിറ്റിയിലേക്ക് തിരിച്ചു പോന്നു.പലവിധ
ഫാക്ടറികളും പ്രവത്തിക്കുന്ന സിറ്റിയിലെ ഒരു സ്ഥാപനത്തിൽ അറിയാവുന്ന വിവരം വച്ച് അദ്ദേഹം ജോലിക്ക് കയറി.വളരെ
ചുരുങ്ങിയ കാലം ജോലി ചെയ്തതോടെ തന്നെ ആ കമ്പനിയുടെ പ്രവർത്തനത്തിന്റെ വ്യാപ്തിയും അതിന്റെ
വിപണന സാധ്യതകളും രാജേട്ടൻ മനസ്സിലാക്കി. അനുയോജ്യമായ ഒരു പാർട്ട്ണറേയും കമ്പനി തുടങ്ങാനുള്ള
സ്ഥലവും ലഭിച്ചതോടെ രാജേട്ടൻ ആ കമ്പനി വിട്ട് തന്റേതായ ഒരു സ്ഥാപനം ജലന്ധറിൽ ആരംഭിച്ചു
!
കമ്പനി വളർന്നു വരുന്നതിനിടെ
പാർട്ട്ണർ തന്റെ അവകാശവുമായി പിരിഞ്ഞുപോയി. രാജേട്ടൻ മാത്രം മാനേജർ ആയി വന്നപ്പോൾ ചിന്ത
പുതിയ ദിശയിലേക്ക് തിരിഞ്ഞു.സ്പോർട്ട്സ് സാമഗ്രികൾക്ക് പേരുകേട്ട ജലന്ധർ സിറ്റിയിൽ
അതുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം തുടങ്ങാനുള്ള ആലോചന കടന്നുവന്നു.പഠിച്ച് നേടിയ അറിവും
പ്രവർത്തനത്തിലൂടെ നേടിയ അറിവും വച്ച് രാജേട്ടൻ സോഫ്റ്റ് ബാളും ഹോക്കിബാളും ഉല്പാദിപ്പിക്കുന്ന
ഒരു ഫാക്ടറി ആരംഭിച്ചു !!
ഇന്ന് എ.ആർ എന്ന രാജേട്ടന്റെ
കമ്പനി സ്പാന്നെർ , ചവണ , സ്ക്ര്യൂ ഡ്രൈവർ തുടങ്ങിയ സാധാരണ ഉപകരണങ്ങളിൽ പ്ലാസ്റ്റിക്
പോലെയുള്ള ഒരു കോട്ടിംഗ് കൂടി ഉണ്ടാക്കി വിദേശത്തേക്ക് കയറ്റി വിടുന്നു.ഇതിനാവശ്യമായ
വിവിധ കളറിലുള്ള ഡൈകളും മറ്റ് രാസപദാർത്ഥങ്ങളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും
രാജേട്ടൻ തന്നെ നേരിട്ട് പോയി കൊണ്ട് വരുന്നു.ഒരു പറ്റം ഹിന്ദിക്കാർ അദ്ദേഹത്തിന്റെ
ഈ കമ്പനിയിൽ സംതൃപ്തരായി ജോലി ചെയ്യുന്നു.
എ.ആർ സ്പോർട്ട്സ് എന്ന
രാജേട്ടന്റെ രണ്ടാമത്തെ കമ്പനിയാണ് യഥാർത്ഥത്തിൽ ലോകപ്രശസ്തമായത്.സ്വന്തം പ്രയത്നത്തിലൂടെ
നേടിയ അറിവിലൂടെ ഉല്പാദിപ്പിച്ചെടുത്ത ഹോക്കിബാളുകൾ ഇന്ന് ഉപയോഗിക്കുന്നത് ഇന്ത്യയിൽ
അല്ല !!!ജർമ്മനിയിലേയും ഹോളണ്ടിലേയും ആസ്ത്രേലിയയിലേയും അന്താരാഷ്ട്ര ഹോക്കി മത്സരവേദികളിലാണ്.
“ഗുണനിലവാരത്തിൽ ഒരു കൊമ്പ്രമൈസും
ചെയ്യാത്തതിനാൽ ജർമ്മനിയിലെ ഒരു കമ്പനി എന്റെ മുഴുവൻ പ്രൊഡക്ടും ഏറ്റെടുക്കുന്നു.ഓരോ
ബാച്ചും ഞാൻ സ്വയം പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ കയറ്റുമതി ചെയ്യുന്നുള്ളൂ…: “ രാജേട്ടൻ പറഞ്ഞു.
“എങ്കിൽ എന്തുകൊണ്ട് ഇന്ത്യയിൽ
അത് ഉപയോഗിക്കുന്നില്ല..?” ഞാൻ വെറുതെ ചോദിച്ചു.
“ഇവിടെ 40 രൂപക്ക് നിലവാരം
കുറഞ്ഞ ബാളുകൾ കിട്ടും.പിന്നെ 150 രൂപ വരുന്ന ഈ ബാൾ ആരെങ്കിലും വാങ്വാ? ഭക്ഷണത്തിന്
ശേഷം നമുക്ക് അതെല്ലാം ഒന്ന് കാണാം….”
ഭക്ഷണത്തിനായി ചെന്നപ്പോഴാണ്
ശരിക്കും കണ്ണ് തള്ളിപ്പോയത്. കേരള രീതിയിൽ ഇലയിൽ (വാഴ ഇല കിട്ടാത്തതിനാൽ പ്ലാസ്റ്റിക്
ഇല തന്നെ) വിളമ്പിയ സദ്യക്ക് സാമ്പാറും അവിയലും കാളനും ഓലനും എല്ലാം ഉണ്ട്. ഒപ്പം
കോഴിക്കറിയും.ഇതും പോരാഞ്ഞ് പഞ്ചാബിൽ സുലഭമല്ലാത്ത മത്സ്യം കൊണ്ടുണ്ടാക്കിയ വിഭവങ്ങളും.എട്ടാം
തീയതി വീട്ടിൽ നിന്നും പുറപ്പെട്ട് എട്ടു ദിവസത്തിന് ശേഷമാണ് ഒരു കേരള സ്റ്റൈൽ ഊൺ ലഭിക്കുന്നത്
എന്നതിനാൽ എല്ലാവരും മൂക്കറ്റം തിന്നു.പഞ്ചാബിയായ സർവന്റിനോട് ചിക്കൻ ആവശ്യപ്പെട്ട്
കോഴിക്കാൽ ഉയർത്തിക്കാട്ടിയ ആൻസനും മത്സ്യം ആവശ്യപ്പെട്ട് അതിന്റെ മുള്ള് ഉയർത്തിപ്പിടിച്ച
ഫ്രെഡ്ഡിയും വെണ്ടക്ക ഉയർത്തിക്കാട്ടിയ ആതിരയും
മനസ്സിൽ മായാതെ നിൽക്കുന്നു.“സാമ്പാറ് ക പാനി” എന്ന ശ്രീവിദ്യയുടെ ആവശ്യം സർവന്റിലും
ചിരി പടർത്തി. അമ്മാവനെ നന്നായി മുടിപ്പിച്ച സന്തോഷത്തിൽ മരുമകൻ ജിതിൻ ഒരു മൂലയിലിരുന്ന് കോഴിയുമായി
പടപൊരുതി.അഞ്ചു ദിവസത്തെ ഉത്തരേന്ത്യൻ ഭക്ഷണം ലക്കും ലഗാനുമില്ലാതെ കയറ്റിയതിനാൽ രാഹുലിനും
ഷിജിനും ഈ വിഭവ സമൃദ്ധിക്ക് മുമ്പിൽ നോക്കി നിൽക്കാനേ യോഗമുണ്ടായിരുന്നുള്ളൂ.പനി പിടിച്ച
ഹരീഷും ഒതുങ്ങി നിന്നു.ഇന്ത്യയിലെ ഏത് ഭക്ഷണവും ഫലപ്രദമായി ദഹിപ്പിക്കുന്ന എന്റെ ആമാശയത്തിന്
ഇതെല്ലാം പുല്ലായതിനാൽ ഞാനും മോശമാക്കിയില്ല.
ഭക്ഷണശേഷം നേരെ മുമ്പിൽ
തന്നെയുള്ള രാജേട്ടന്റെ കമ്പനിയിലേക്ക് ഞങ്ങൾ കയറി.ഓഫീസ് റൂമിൽ വച്ചിരുന്ന ബാളുകളുടെ
സാമ്പിളുകൾ ഞങ്ങൾക്ക് പരിചയപ്പെടുത്തി.ആവശ്യമായ മൂന്നോ നാലോ എണ്ണം എടുക്കാൻ പറഞ്ഞതും
സുവർണ്ണ ക്ഷേത്രത്തിലെ കൌണ്ടറിൽ ചെയ്തപോലെ അതും കാലിയാക്കി കൊടുത്തു.ഒരു ഹോക്കി ബാൾ
മാത്രം അവിടെ ബാക്കി വയ്ക്കേണ്ട എന്ന് കരുതി നേരത്തെ പോക്കറ്റിലാക്കിയ സോഫ്റ്റ്ബാളിന്റെ
കൂടെ ഞാൻ അതും കൂടി നിക്ഷേപിച്ചു!!
നാലഞ്ചു നിലയിലായി ശേഖരിച്ച്
വച്ച വിവിധതരം രാസവസ്തുക്കൾ രാജേട്ടൻ ഞങ്ങൾക്ക് പറഞ്ഞ് തന്നു.അതിന്റെ വാസന പിടിക്കാതെ
ചിലർ ഉടൻ തന്നെ താഴോട്ടിറങ്ങി.കൂടെ വന്ന രാജേട്ടന്റെ പട്ടിക്കുട്ടി എല്ലാവരുടേയും കാൽ
നക്കാൻ തുടങ്ങിയതോടെ ഞാനും താഴോട്ടിറങ്ങി.എല്ലാം
കണ്ടും കേട്ടും അനുഭവിച്ചും വളരെ സന്തോഷത്തോടെ വൈകുന്നേരം ഞങ്ങൾ രാജേട്ടനോട് വിടപറഞ്ഞു.
രാവിലെ തീവണ്ടിയിൽ ഉണ്ടായ ദുരനുഭവം കാരണം
മിക്കവരുടേയും പേഴ്സ് കാലിയായതിനാൽ തിരിച്ചുള്ള പോക്കിന് ആരും ട്രെയിൻ തെരഞ്ഞെടുത്തില്ല.ചർദ്ദിയും
മറ്റ് അനുബന്ധ ഭീഷണികളും ഉണ്ടായിട്ടും സന്ധ്യയോടെ ഞങ്ങൾ ജലന്ധർ സിറ്റിയിൽ നിന്നും ലുധിയാനയിലേക്ക്
ബസ് കയറി.
ഫോട്ടോ കടപ്പാട് : ജിതിൻ
(തുടരും……)
പഞ്ചാബിയായ സർവന്റിനോട് ചിക്കൻ ആവശ്യപ്പെട്ട് കോഴിക്കാൽ ഉയർത്തിക്കാട്ടിയ ആൻസനും മത്സ്യം ആവശ്യപ്പെട്ട് അതിന്റെ മുള്ള് ഉയർത്തിപ്പിടിച്ച ഫ്രെഡ്ഡിയും വെണ്ടക്ക ഉയർത്തിക്കാട്ടിയ ആതിരയും മനസ്സിൽ മായാതെ നിൽക്കുന്നു.“സാമ്പാറ് ക പാനി” എന്ന ശ്രീവിദ്യയുടെ ആവശ്യം സർവന്റിലും ചിരി പടർത്തി. അമ്മാവനെ നന്നായി മുടിപ്പിച്ച സന്തോഷത്തിൽ മരുമകൻ ജിതിൻ ഒരു മൂലയിലിരുന്ന് കോഴിയുമായി പടപൊരുതി.
ReplyDeleteരാജേട്ടന്‍റെ ഭക്ഷണം കുശാലായി.....
ReplyDeleteആശംസകള്‍
ജലന്ധറിലെ മലയാളിവിജയം
ReplyDeleteതങ്കപ്പന്‍ജീ....ഭേഷായി ന്ന് തന്നെ പറയാം
ReplyDeleteഅജിത്ജീ....അതേ , അറിയപ്പെടാത്ത മലയാളി വിജയകഥകളില്‍ ഒന്ന് ....