Pages

Tuesday, April 29, 2014

പൂർവ്വകാലം മറക്കാതിരിക്കുക...

കടന്നുപോന്ന വഴികൾ തിരിഞ്ഞു നോക്കണം എന്ന് എല്ലാവരും പറയാറുണ്ട് (ഒന്നൊഴികെ ...അതേതെന്ന് ഞാൻ പറയേണ്ടതില്ലല്ലോ). എങ്കിലേ നമ്മുടെ പൂർവ്വാ‍ശ്രമ ജീവിതവും ഇപ്പോഴത്തെ അനുഗ്രഹവും വേർതിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സാധിക്കൂ എന്നത് തന്നെയാണ് ഇതിന്റെ പിന്നിലുള്ള സത്യം.ചിലർക്ക് അത് പഴയ അനുഗ്രഹവും ഇപ്പോഴത്തെ വിഷമഘട്ടങ്ങളും ആകാം.അതും ഒരു പുനർവിചിന്തനത്തിനുള്ള നിമിത്തമായേക്കാം.

 സർ എഡ്മണ്ട് ഹിലാരി എവറെസ്റ്റ് കൊടുമുടി കീഴടക്കുനതിന് മുമ്പേ അതിനടുത്തുള്ള മിക്ക ഗിരിശൃംഘങ്ങളും കീഴടക്കിയിരുന്നു.ഓരോ ആരോഹണവും വിജയിക്കുമ്പോൾ പിന്നിട്ട പാതയിലേക്കായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ തിരിഞ്ഞുനോട്ടം. അടുത്ത നോട്ടമാകട്ടെ ചുറ്റുമുള്ള ഉയർന്നു നിൽക്കുന്ന അടുത്ത കൊടുമുടികളിലേക്കും. പിന്നിട്ട പാത തരുന്ന ആത്മവിശ്വാസമാണ് അടുത്തത് കീഴടക്കാനുള്ള ആത്മധൈര്യം പകർന്നു നൽകിയിരുന്നത് എന്ന് ഇതിൽ നിന്നും വ്യക്തമാണ്.

 വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചു വീഴാതെ സ്വപ്രയത്നത്താൽ ധനികനായ ഒരാൾ തന്റെ പഴയ അവസ്ഥയെപ്പറ്റി ആലോചിക്കുമ്പോൾ  സ്വാഭാവികമായും അയാളുടെ ഉള്ളിൽ  തന്റെ സഹജീവികളോട് ഒരു ദീനാനുകമ്പ മൊട്ടിടും. അത് പുഷ്പിച്ച് കായ്ഫലങ്ങൾ ഉണ്ടാകുമ്പോൾ അയാളുടെ ചുറ്റുമുള്ള സമൂഹത്തിൽ അതിന്റെ അനുരണങ്ങൾ കാണാൻ സാധിക്കും. അത് മാതൃകയാക്കി മറ്റുള്ളവരും പ്രവർത്തിക്കാൻ തുടങ്ങിയാൽ ലോകം തന്നെ മാറിമറിയും.എന്നാൽ എല്ലാം എന്റെ കഠിനപ്രയത്നത്തിന്റെ ഫലമാണ് എന്ന ധാരണയിൽ മറ്റുള്ളവരെ പുച്ഛിക്കുകയും തന്റെ പൂർവ്വകാലം മറക്കുകയും ചെയ്യുന്നവന് നിലനില്പ് തന്നെ അസാധ്യമായേക്കാം.

ഇത് ജീവിതത്തിൽ വലിയ വലിയ നേട്ടങ്ങൾ എത്തിപ്പിടിച്ചവർക്കോ വിജയം കൈവരിച്ചവർക്കോ മാത്രമുള്ള ഒരു ഉപദേശമല്ല. മറിച്ച് എല്ലാവരും പ്രാവർത്തികമാക്കേണ്ട ഒരു കാര്യമാണ്. തിരിച്ചറിവിൽ നിന്നുള്ള പാഠമേ ജീവിതത്തെ മാറ്റിമറിക്കുകയുള്ളൂ.

(തികച്ചും യാദൃശ്ചികമായി ഇന്നലെ ഞാൻ നടന്ന കോഴിക്കോട്ടെ ഒരു ഊടുവഴി (പലരും ഉപയോഗിച്ച് കൊണ്ടിരിക്കുന്ന, കണ്ണൂർ റോഡിനേയും സ്വപ്നനഗരിയിലേക്ക് എത്തുന്ന മിനിബൈപാസിനേയും ബന്ധിപ്പിക്കുന്ന) യിലൂടെ അതിലേറെ യാദൃശ്ചികമായി ഇന്നും നടന്നുപോയപ്പോൾ എന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകളാണ് മേൽ പറഞ്ഞത്. )

3 comments:

  1. തിരിച്ചറിവിൽ നിന്നുള്ള പാഠമേ ജീവിതത്തെ മാറ്റിമറിക്കുകയുള്ളൂ...

    ReplyDelete
  2. “എന്നാൽ എല്ലാം എന്റെ കഠിനപ്രയത്നത്തിന്റെ ഫലമാണ് എന്ന ധാരണയിൽ മറ്റുള്ളവരെ പുച്ഛിക്കുകയും തന്റെ പൂർവ്വകാലം മറക്കുകയും ചെയ്യുന്നവന് നിലനില്പ് തന്നെ അസാധ്യമായേക്കാം.“
    ഇത്തരക്കാർക്കേ നമ്മുടെ നാട്ടിൽ ഇന്ന് നിലനിൽ‌പ്പുള്ളു. എന്തിനേയും കൈക്കുള്ളിലാക്കാൻ അവർക്ക് കഴിയും. ആദർശവും കൊണ്ടു നടക്കുന്നവരെ ഇവരേപ്പോലുള്ളവർ ചവിട്ടി മെതിക്കുന്നത് നാം ദിനവും കാണുന്നതല്ലെ മാഷേ..
    നല്ല ചിന്തകൾ.
    ആശംസകൾ...

    ReplyDelete
  3. ചിന്തിപ്പിക്കുന്ന ചിന്തകള്‍ മാഷേ

    ReplyDelete

നന്ദി....വീണ്ടും വരിക