ജീവിതത്തിലെ ചില പരിചയപ്പെടലുകൾ
തികച്ചും യാദൃശ്ചികമായിരിക്കാം. അതോടൊപ്പം അൽഭുതം നിറഞ്ഞതും. സിനിമാനടിയും സംവിധായകയുമായ
രേവതിയുമായി ഞാൻ പരിചയപ്പെട്ടത് മുമ്പ് ഇവിടെ പറഞ്ഞിരുന്നു.അതിലും ഏറെ ആശ്ചര്യകരമായ
ഒരു സംഭവമായിരുന്നു ഇന്ന് എന്റെ ജീവിതത്ത്ലുണ്ടായ ഈ പരിചയപ്പെടൽ.
സുകുമാർ അഴീക്കോട് ഫൌണ്ടേഷന്റെ
നേതൃത്വത്തിൽ അഴീക്കോട് മാഷിന്റെ ജന്മദിനാഘോഷത്തിന്റെ
ഭാഗമായി കോഴിക്കോട്ട് വച്ച് നടത്തുന്ന അഖിലകേരള പ്രസംഗമത്സരത്തിന്റെ സംഘാടകസമിതി യോഗത്തിലേക്ക്
എന്നെ ക്ഷണിച്ചത് ഇതേ ഫൌണ്ടേഷന്റെ ഭാരവാഹിയും എൻ.എസ്.എസ് ടെക്നിക്കൽ സെൽ സംസ്ഥാന കോർഡിനേറ്ററുമായ
അബ്ദുൽ ജബ്ബാർ സാർ ആണ്. കോഴിക്കോട് അല്ലാമ ഇക്ബാൽ അക്കാദമി ഹാളിൽ വരുന്ന 11-ആം തീയതി
നടക്കുന്ന പരിപാടിയിൽ സേവനം നൽകാൻ കുറച്ച് വളണ്ടിയർമാരെ സംഘടിപ്പിക്കുക എന്നതായിരുന്നു
ഈ ക്ഷണത്തിലൂടെ ഞാൻ മനസ്സിലാക്കിയ എന്റെ കർതവ്യം.
യോഗത്തിന് രണ്ടാമനായി
എത്തിയത് ഞാൻ തന്നെയായിരുന്നു.അക്കാദമി റിസപ്ഷനിൽ അല്പ നേരം കാത്ത് ഇരുന്ന ശേഷം പലരും
എത്തിത്തുടങ്ങി.അല്പസമയത്തിനകം തന്നെ ഞങ്ങളെ മുകളിലെ ഒരു ചേമ്പറിലേക്ക് നയിച്ചു. ആറോ
ഏഴോ പേർക്ക് കഷ്ടിച്ച് ഇരിക്കാവുന്ന ആ മുറിക്കകത്ത് കണ്ട മുഖം എനിക്ക് നല്ല പരിചയം!മുകളിലേക്ക്
അല്പം (അല്പം മാത്രം) വളഞ്ഞ് നിൽക്കുന്ന ആ മീശ കണ്ടപ്പോൾ എന്റെ മനസ്സിൽ മുളപൊട്ടിയ
സംശയം പക്ഷേ, തല കണ്ടപ്പോൾ (അങ്ങനെ ഇതുവരെ കാണാത്തതിനാൽ) തവിടുപൊടിയായി.സന്നിഹിതരായ പലരോടും
‘നാടൻ കാക്കാ’ സ്റ്റൈലിൽ യാതൊരു ജാടയും കൂടാതെ സംസാരിക്കുമ്പോൾ ഉയരുന്ന ശബ്ദവും എനിക്ക് ഏറെ
പരിചിതമായി തോന്നി.അദ്ദേഹം തന്നെ ഓരോരുത്തരെയായി മറ്റുള്ളവർക്ക് വേണ്ടി പരിചയപ്പെടുത്തി.
എന്റെ നേരെ നോക്കി അദ്ദേഹം
ചോദിച്ചു : “എന്താ പേര്?”
“ആബിദ്”
“ഇവിടന്ന് വിളിച്ചിട്ട്
വന്നതോ അല്ല….”
“ജബ്ബാർ സാർ പറഞ്ഞിട്ട്
വന്നതാ….” ഞാൻ പറഞ്ഞ് കഴിഞ്ഞതും
വാതിൽ തുറന്ന് ജബ്ബാർ സാർ ചേമ്പറിലേക്ക് പ്രവേശിച്ചു.
“സിന്ദഗി തോ ബഹുത് ലംബ
ഹെ …” എന്ന് തുടങ്ങുന്ന
ഒരു കുഞ്ഞു ഉർദു കവിത എനിക്ക് ഏറെ പരിചയം തോന്നിച്ച
ആ മനുഷ്യനിൽ നിന്നും ഒഴുകിയതോടെ ഞാൻ എന്റെ സംശയം ദുരീകരിച്ചു – അതേ , രാഷ്ട്രീയ കേരളവും മത
കേരളവും മതനിരപേക്ഷ കേരളവും ഒരു പോലെ ശ്രവിക്കുന്ന സുന്ദരമായ അനവധി നിരവധി വാഗ്ധോരണികളുടെ
ഉടമ സാക്ഷാൽ എം.പി. അബ്ദുസമദ് സമദാനി എം.എൽ.എ !!! തൊപ്പിയിടാത്ത സമദാനിയെ ഞാൻ കാണുന്നത്
ആദ്യമായിട്ടായതിനാലും സുന്ദരമായ വാക്കുകളും അല്ലാമ ഇക്ബാലിന്റെ വരികളും അനായാസം നിർഗ്ഗളിക്കുന്ന അതേ നാവ് കൊണ്ട്, ഒരു എം.എൽ.എ ആയിട്ടും
അവിടെ കൂടിയിരിക്കുന്ന സാധാരണക്കാരോട് സംസാരിക്കുന്ന രീതിയും ആണ് എന്നെ ആദ്യം സംശയാലുവാക്കിയത്.
യോഗം ആരംഭിച്ച് വിവിധ
കമ്മിറ്റികൾ രൂപീകരിച്ചു. സുകുമാർ അഴീക്കോട് ഫൌണ്ടേഷന്റെ ചെയർമാൻ എന്ന നിലക്ക് സമദാനി
സാഹിബാണ് പേരുകൾ നിർദ്ദേശിക്കുന്നത്.നേരത്തെ പറഞ്ഞ ആ ഒരു നിമിഷത്തെ സംസാരം മാത്രമേ
ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നൂ എങ്കിലും എന്റെ പേര് യാതൊരു തടസ്സവും കൂടാതെ അദ്ദേഹം നിർദ്ദേശിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. അല്പ നേരം കഴിഞ്ഞ് മിനുട്ട്‌സിൽ ഞാൻ എഴുതിയ ആബിദ് തറവട്ടത്ത്
എന്ന് കണ്ട് വീണ്ടും സമദാനി സാഹിബ് ചോദിച്ചു.
“തറവട്ടത്ത് എന്നാൽ പ്രൊഫ:
ടി.അബ്ദുള്ള സാഹിബിന്റെ…”
“അതേ….എന്റെ മൂത്താപ്പയാണ് പ്രൊഫ: ടി.അബ്ദുള്ള സാഹിബ്…”
“ആഹാ..ഇത്തവണ അനുസ്മരണ
സമ്മേളനത്തിൽ ഞാൻ ആയിരുന്നു പ്രഭാഷണം നടത്തിയത്…അന്ന് ഉണ്ടായിരുന്നോ”
“ഇല്ല സാർ…ഇത്തവണ പങ്കെടുക്കാൻ സാധിച്ചില്ല…പിന്നെ ഇവിടെ നിന്നിറങ്ങുമ്പോൾ സാറെ നേരിട്ട് കണ്ട്
പറയാം എന്ന് കരുതിയാ ഞാൻ ആദ്യം പേര് മുഴുവൻ പറയാതിരുന്നത്….ഞാൻ എൻ.എസ്.എസ് വഴിയാണ് ഇവിടെ എത്തിയത്…”
“ഓ….അപ്പോൾ ജബ്ബാറിനെ പോലെ സാമൂഹ്യസേവന രംഗത്ത് അല്ലേ…”
“അതേ….ഈ വർഷം ഇന്ത്യയിലെ ബെസ്റ്റ് പ്രൊഗ്രാം ഓഫീസർക്കുള്ള
ഇന്ദിരാഗാന്ധി നാഷണൽ അവാർഡ് ലഭിച്ചിരുന്നു…”
“ഓ…വെരി ഗുഡ്…കൺഗ്രാജുലേഷൻസ്…” എന്റെ കൈ പിടിച്ച് കുലുക്കിക്കൊണ്ട് സമദാനി സാഹിബ്
പറഞ്ഞപ്പോൾ എന്റ്റെ മനം നിറഞ്ഞു..കാരണം ആ ഷേൿഹാന്റ് അടുപ്പിച്ചത് ഞങ്ങളുടെ ഹൃദയങ്ങളെയായിരുന്നു.
പ്രസംഗകലയുടെ ആചാര്യനും
കേരളരാഷ്ട്രീയത്തിലെ നേതാവും എം.എൽ.എ യും ഒക്കെയായിട്ടും ഞങ്ങളോട് സമദാനി സാഹിബ് ഇടപഴകിയ
രീതി എനിക്ക് ഏറെ ഹൃദ്യമായി തോന്നി.അത് തന്നെയാണ് അദ്ദേഹത്തിന്റെ നേതൃത്വഗുണം എന്ന്
ഞാൻ മനസ്സിലാക്കുന്നു.
അതേ , രാഷ്ട്രീയ കേരളവും മത കേരളവും മതനിരപേക്ഷ കേരളവും ഒരു പോലെ ശ്രവിക്കുന്ന സുന്ദരമായ അനവധി നിരവധി വാഗ്ധോരണികളുടെ ഉടമ സാക്ഷാൽ ....
ReplyDeleteഅങ്ങനേയും ചില നേതാക്കന്മാർ നമുക്കുണ്ട്...
ReplyDeleteആശംസകൾ...
ഒരു അനുഭവത്തെ വളരെ ഹൃദ്യമായി പകര്‍ത്തി..
ReplyDelete