ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്
കോട്ടയത്ത് നടന്ന ‘ഹരിതശ്രീ’ എന്ന പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതി (പ.പ.പ.പ)യുടെ
ഉത്ഘാടന ചടങ്ങിലേക്ക് സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയരക്റ്ററേറ്റിൽ
നിന്ന് നേരിട്ട് ക്ഷണം ലഭിച്ചതനുസരിച്ച് ഞാനും പങ്കെടുത്തു. മുഖ്യാതിഥിയായി പങ്കെടുത്ത
സിനിമാനടൻ ശ്രീ.ഭരത് സുരേഷ് ഗോപിയെ കോട്ടയത്തെ പ്ലസ് ടു കുട്ടികൾ ഹർഷാരവത്തോടെ സ്വീകരിച്ചത്
എന്നെ അത്ഭുതപ്പെടുത്തി.എന്നാൽ താരത്തിന്റെ വാക്കുകളിൽ പ്രകൃതി സംരക്ഷണവും മയക്കുമരുന്നിനെതിരെയുള്ള
പോരാട്ടവും നിറഞ്ഞ് നിന്നത് എനിക്കിഷ്ടപ്പെട്ടു.
ഉത്ഘാടന ചടങ്ങ് കഴിഞ്ഞ്
തിരുവനന്തപുരം ജെംസ് ട്രൂപിന്റെ മാജിക് ഷോ കൂടി ഉണ്ടായിരുന്നു. കുഞ്ഞു കുഞ്ഞു ഐറ്റങ്ങളിലൂടെ
മുന്നേറി, പ്രകൃതി സംരക്ഷണ സന്ദേശ പ്രചാരണങ്ങൾ നടത്തുന്ന മാജിക് മുൻ സീറ്റിലിരുന്ന്
തന്നെ ഞാൻ സാകൂതം വീക്ഷിച്ചു. മജീഷ്യൻ ഇന്ദ്ര അജിത്തിന്റെ ഈ ഐഡിയ എനിക്ക് ഏറെ ഇഷ്ടപ്പെടുകയും
ചെയ്തു.
‘നഗരത്തിന് ഒരു ഹരിതച്ചാർത്ത്’
എന്ന പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം വി.ജെ.ടി ഹാളിൽ സജ്ജമാക്കിയ ഉത്ഘാടന ചടങ്ങിന്
മുമ്പ് ആ സ്റ്റേജിൽ എന്റെ കോളേജിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ അവതരിപ്പിക്കാൻ
അവസരം ലഭിച്ച ഞാൻ , ചരിത്ര പ്രസിദ്ധനായ മാമ്മൻ മാപ്പിളയുടെ പേരിലുള്ള കോട്ടയത്തെ ഈ
സ്റ്റേജിലും ഒന്ന് കയറാൻ മനസാ ആഗ്രഹിച്ചു. പക്ഷേ പരിപാടിയുടെ ഉത്ഘാടനവും മറ്റും കഴിഞ്ഞ്
വിശിഷ്ടാതിഥികൾ എല്ലാം സ്ഥലം വിട്ട് മാജിക് ഷോ തുടങ്ങിയതിനാൽ എന്റെ ആഗ്രഹം ഞാൻ അടക്കിപ്പിടിച്ചു.
മാജിക് അങ്ങനെ മുന്നേറുന്നതിനിടയിലാണ്
ഒരു ഐറ്റത്തിലൂടെ ഈ മാജിക് ഷോ ഔദ്യോഗികമായി ഉത്ഘാടനം ചെയ്യാൻ , പെട്ടെന്ന് മജീഷ്യൻ എന്നെ ക്ഷണിച്ചത്. ക്ഷണം കേൾക്കേണ്ട
താമസം ഞാൻ സ്റ്റേജിലേക്ക് കുതിച്ചു. എന്റെ കയ്യിൽ ഒരു പച്ച റിബ്ബൺ തന്ന ശേഷം അത് അടിമുടി
ഒന്ന് പരിശോധിക്കാനും കാണികൾക്ക് കാണിച്ചു കൊടുക്കാനും പറഞ്ഞു. ശേഷം ഒരു കത്രികയും
കടലാസും തന്ന ശേഷം കത്രികയുടെ ഒറിജിനാലിറ്റി പരീക്ഷിക്കാൻ കടലാസ് മുറിക്കാനും പറഞ്ഞു.
ഇനി ഇതേ കത്രിക കൊണ്ട് റിബ്ബൺ മുറിക്കുമ്പോൾ അത് മുറിയാതെ ഈ സദസ്സിന് മുമ്പിൽ ഞാൻ നാണം
കെടുമോ എന്ന പേടി എന്റെ മനസ്സിൽ അന്നേരം ഉണ്ടായി.
പരിശോധിച്ച് തിരികെ കൊടുത്ത
റിബ്ബൺ കയ്യിൽ പ്രത്യേക രീതിയിൽ പിടിച്ച് കത്രിക കൊണ്ട് മുറിച്ച് പരിപാടി ഉത്ഘാടനം
ചെയ്യാൻ മജീഷ്യൻ പറഞ്ഞു. ഞാൻ ധൈര്യസമേതം കത്രിക റിബ്ബണിൽ വച്ച് വെട്ടി – അതാ റിബ്ബൺ
കഷ്ണമായി. പോകുന്നതിന് മുമ്പ് രണ്ടാക്കി മുറിച്ച് നശിപ്പിച്ച റിബ്ബൺ കൂട്ടി യോജിപ്പിക്കാനുള്ള
ദൌത്യം കൂടി മജീഷ്യൻ എന്നെ ഏൽപ്പിച്ചപ്പോൾ ഞാൻ ശരിക്കും ഞെട്ടി.
സദസ്സിനോട് പല കാര്യങ്ങളും
പറയുന്നതിനിടക്ക് ഞാൻ മുറിച്ച റിബ്ബണിന്റെ അറ്റങ്ങൾ രണ്ടും കൂടി മജീഷ്യൻ കൂട്ടിക്കെട്ടി.
ശേഷം അത് നന്നായി ചുരുട്ടി , നിവർത്തിപ്പിടിച്ച എന്റെ കയ്യിലേക്ക് വച്ച് തന്നു.കൈ രണ്ടും
കൂട്ടിപ്പിടിച്ച് റിബ്ബൺ മറച്ചു പിടിക്കാൻ മജീഷ്യൻ ആവശ്യപ്പെട്ടു.ശേഷം ചില മന്ത്രങ്ങളും
ആംഗ്യങ്ങളും എന്റെ കൈക്ക് മുകളിലൂടെ കടന്ന് പോയി.ശേഷം എന്റെ കൈ തുറന്ന് ആ റിബ്ബൺ പരിശോധിക്കാൻ
പറഞ്ഞു.റിബ്ബൺ പഴയ പടി തന്നെ ഒറ്റ റിബ്ബൺ ആയി മാറിയിരുന്നു!!
മാജിക്കിൽ പങ്കെടുത്തെക്കാളുപരി,
ഞാൻ ആഗ്രഹിച്ച പ്രകാരം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷര പട്ടണ പ്രഖ്യാപനം അടക്കമുള്ള നിരവധി ചരിത്രമുഹൂർത്തങ്ങൾക്ക്
സാക്ഷ്യം വഹിച്ച മാമ്മൻ മാപ്പിള ഹാളിലെ ആ സ്റ്റേജിൽ ഒരു പരിപാടിയുടെ ഭാഗമായി കാലുകുത്താൻ
സാധിച്ചു എന്നത് എനിക്ക് ഏറെ സന്തോഷം നൽകി. അതിനാൽ തന്നെ മജീഷ്യൻ ഇന്ദ്ര അജിത്തിന്
ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞാണ് ഞാൻ സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോന്നത്.
മാജിക്കിൽ പങ്കെടുത്തെക്കാളുപരി, ഞാൻ ആഗ്രഹിച്ച പ്രകാരം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷര പട്ടണ പ്രഖ്യാപനം അടക്കമുള്ള നിരവധി ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച മാമ്മൻ മാപ്പിള ഹാളിലെ ആ സ്റ്റേജിൽ ഒരു പരിപാടിയുടെ ഭാഗമായി കാലുകുത്താൻ സാധിച്ചു എന്നത് എനിക്ക് ഏറെ സന്തോഷം നൽകി.
ReplyDeleteആശംസകള്‍, മാന്ത്രികാ!! (അല്ലെങ്കില്‍ വേണ്ട- ആശംസകള്‍, അസിസ്റ്റന്റ് മാന്ത്രികാ!)
ReplyDeleteഅപ്പോൾ ശരിക്കും മജീഷ്യനായി. അല്ലെ മാഷേ...?
ReplyDelete