Pages

Thursday, June 12, 2014

ബ്രസൂക്കയും ചില കോപ്രായങ്ങളും


ഫിഫ ലോക‌കപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് ബ്രസീലിൽ തിരശ്ശീല ഉയരാൻ നിമിഷങ്ങൾ മാത്രമേ ബാക്കിയുള്ളൂ.ഇനി ഒരു മാസക്കാലം ലോകത്തെ ഭൂരിപക്ഷം ജനങ്ങളുടെ കണ്ണും കാതും മനസ്സും ‘ബ്രസൂക്ക’ എന്ന ഒരു ചെറിയ ഗോളത്തിന് ചുറ്റും തിരിഞ്ഞു കൊണ്ടേ ഇരിക്കും – അതെ , ലോക‌കപ്പ് മത്സരങ്ങൾക്കായി ഉപയോഗിക്കുന്ന പന്തിന് ചുറ്റും.

മത്സരങ്ങൾ നടക്കുന്നത് ലോകഫുട്ബാളിന്റെ കുലപതികളായ ബ്രസീലിന്റെ മണ്ണിലാണ്.എന്നാൽ മലപ്പുറം ജില്ലയിലൂടെ ഒരു ബ്രസീലുകാരനോ അർജെന്റീനക്കാരനോ ഇപ്പോൾ കടന്നുപോകാൻ ഇട വന്നാൽ തങ്ങൾക്ക് വഴി പിഴച്ചോ എന്ന് ന്യായമായും സംശയിച്ചു പോകും.അത്രയും വീറിലും വാശിയിലാണ് മലപ്പുറത്തിന്റെ മുക്കിലും മൂലയിലുമുള്ള ഫ്ലെക്സ് യുദ്ധങ്ങൾ.ഇത്തവണത്തെ പല ഫ്ലെക്സ് ബോർഡുകളും ഉപയോഗിച്ച് ഒരു വീട് തന്നെ മേൽക്കൂരയിടാം. അത്രക്കും ആണ് പല ബോർഡുകളുടേയും വലിപ്പം. അവയിൽ കാണുന്ന വാക്കുകളാകട്ടെ ‘മലപ്പൊറത്താർക്ക് മാത്രം തിരിണതും!!‘ .തമിഴന്മാരെ തോൽ‌പ്പിക്കുന്ന വിധത്തിൽ കട്ടൌട്ട് യുദ്ധവും പല സ്ഥലത്തും കാണുന്നുണ്ട്.അതിലേറെയും അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സിയുടേതാണ്. മെസ്സിയോ ടീമോ പരാജയപ്പെട്ടാൽ ഇവയിൽ എത്ര എണ്ണത്തിന് തല ഉണ്ടാകും എന്ന് കണ്ടറിയണം. തല പോയതിന്റെ പേരിൽ ഉരുളുന്ന തലകൾ എതൊക്കെ ആയിരിക്കും എന്നും കണ്ടറിയണം.

                                                     കടപ്പാട് : ഗൂഗ്‌ൾ

ഫുട്ബാൾ കമ്പം നല്ലതായിരിക്കാം. പക്ഷേ ഒരു ടീമിനെ അന്ധമായി സ്നേഹിച്ച് അവരുടെ ജയം ആഘോഷിക്കുകയും മറ്റു ടീമുകളുടെ വിജയം കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നത് ഒരു ഫുട്ബാൾ പ്രേമിക്ക് ഭൂഷണമല്ല.ഇന്ന് നമ്മുടെ തെരുവുകളിലും കവലകളിലും നടക്കുന്നത് അന്ധമായ അടിമത്വമാണ്.തന്റെ ടീമിന്റെ വിജയം മാത്രം കാംക്ഷിക്കുന്ന വിവിധ ഗ്രൂപ്പുകളാണ് നാട് മുഴുവൻ.ബ്രസീൽ തോറ്റാലും വേണ്ടില്ല അർജന്റീന കപ്പ് നേടരുത് എന്ന് പറയുന്നത് ലാറ്റിനമേരിക്കൻ ഫുട്ബാളിനെ സ്നേഹിക്കുന്ന ആൾ തന്നെയാണ്. അപ്പോൾ നമ്മുടെ ടീം ആരാധന ഏത് ദിശയിലേക്കാണ് പോകുന്നത് എന്ന് വ്യക്തം.

ലോക‌കപ്പ് ഫുട്ബാൾ മത്സരങ്ങൾ തുടങ്ങിയിട്ട് എൺപത് വർഷങ്ങളിലധികം കടന്ന് പോയി.പക്ഷേ ഇതുവരെ എട്ട് രാജ്യങ്ങൾക്ക് മാത്രമേ കപ്പ് ഉയർത്താനുള്ള ഭാഗ്യം ലഭിച്ചിട്ടുള്ളൂ.അതിൽ നിന്നും ഈ മത്സരത്തിന്റെ കാഠിന്യം തിരിച്ചറിയാൻ സാധിക്കും.അപ്പോൾ ഓരോ ടീമും നേരിടുന്ന സമ്മർദ്ദവും നമുക്ക് ഗണിച്ചെടുക്കാം.അവരുടെ കൂടെ ആവശ്യമില്ലാതെ ,ഇങ്ങ് ദൂരെ ഏതോ നാടിന്റെ ഒരു കോണിൽ കഴിയുന്ന നാമും എന്തിന് അനാവശ്യമായ മാനസിക സമ്മർദ്ദങ്ങൾക്ക് അടിമപ്പെടണം?അവർക്ക് വേണ്ടി എന്തിന് നമ്മുടെ കാശും സമയവും കളയണം? കപ്പ് ഒരു ടീമിനേ കിട്ടൂ എന്ന് പകൽ പോലെ സത്യമായിട്ടും നാമെന്തിന് ഈ ഫ്ലെക്സ് യുദ്ധം നടത്തണം?

സ്പോർട്സ്മാൻ സ്പിരിട്ട് എന്നത് വിട്ട് ടീം സ്പിരിട്ട് കടന്നുകൂടിയപ്പോഴുള്ള വിവിധ ദുരന്തങ്ങൾ നാം നിത്യേന കാണുന്നതാണ്. എട്ടു വർഷങ്ങൾക്ക് മുമ്പ് ,മത്സരം കഴിഞ്ഞ് ആഹ്ലാദ സൂചകമായി നടത്തിയ പ്രകടനത്തിനിടെ തലക്കടിയേറ്റ് ദിവസങ്ങളോളം ജീവിതത്തിനും മരണത്തിനുമിടക്കുള്ള തൂക്കുപാലത്തിൽ തങ്ങേണ്ടി വന്ന ഒരു നാട്ടുകാരനെ എനിക്ക് അറിയാം. ഓരോ ലോകകപ്പ് മത്സരങ്ങൾ വരുമ്പോഴും അദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും മനസ്സിൽ ആ ശപിക്കപ്പെട്ട ദിനം തന്നെയായിരിക്കും ആദ്യം ഓടി എത്തുക എന്നതിൽ സംശയമില്ല.

അതിനാൽ നമ്മുടെ സ്നേഹം ഫുട്ബാൾ എന്ന ഗെയിമിനോടാകട്ടെ.നമ്മുടെ ഭാരതം ലോകകപ്പിൽ പങ്കെടുക്കുമ്പോൾ ഇത്തരം കോപ്രായങ്ങൾക്കും കോലാഹലങ്ങൾക്കും അപ്പുറം നമുക്കും അവരെ അകമഴിഞ്ഞ്  പ്രോത്സാഹിപ്പിക്കാം .നടക്കില്ല മാഷെ എന്ന് പറയാൻ വരട്ടെ, നടക്കും എന്ന ശുഭപ്രതീക്ഷയെങ്കിലും മനസ്സിൽ സൂക്ഷിക്കാം.


5 comments:

  1. നടക്കില്ല മാഷെ എന്ന് പറയാൻ വരട്ടെ, നടക്കും എന്ന ശുഭപ്രതീക്ഷയെങ്കിലും മനസ്സിൽ സൂക്ഷിക്കാം.

    ReplyDelete
  2. ഓരോ പിരാന്ത്......ല്ലാണ്ടെന്ത്!

    ReplyDelete
  3. നടക്കില്ല മാഷെ എന്ന് പറയാൻ വരട്ടെ, നടക്കും.അതെ.

    ReplyDelete
  4. നടക്കില്ല മാഷെ എന്ന് പറയാൻ വരട്ടെ, നടക്കും.അതെ.

    ReplyDelete
  5. ഏറെ സന്തോഷിക്കാൻ കിട്ടുന്ന അവസരമല്ലെ... സന്തോഷിക്കട്ടെ. പക്ഷെ, ശത്രു പക്ഷത്തും സ്വന്തം കൂട്ടുകാരോ നാട്ടുകാരോ ഒക്കെ ആണെന്നുള്ള തിരിച്ചറിവ് നഷടപ്പെടുത്തരുത്.

    ReplyDelete

നന്ദി....വീണ്ടും വരിക