നാഷണൽ സർവീസ് സ്കീമിന്റെ
പ്രോഗ്രാം ഓഫീസറായി ചാർജ്ജ് ഏറ്റെടുത്തതിന് ശേഷം സംസ്ഥാനത്തിനകത്ത് നിരവധി യാത്രകൾ
നടത്തേണ്ടി വന്നിട്ടുണ്ട്. എൻ.എസ്.എസ് ന്റെ കൂടെപ്പിറപ്പായി കോളേജിൽ പ്രവർത്തിക്കുന്ന
മറ്റ് സംഘടനകളായ ഭൂമിത്രസേന ക്ലബ്ബ്, റെഡ് റിബ്ബൺ ക്ലബ്ബ്, പാലിയേറ്റീവ് കെയർ ക്ലബ്ബ്
തുടങ്ങിയവയുടെ എല്ലാം ചാർജ്ജും കൂടി വഹിക്കുന്നതിനാൽ മാസത്തിലൊരിക്കലെങ്കിലും ജില്ലാ
അതിർത്തി ഭേദിക്കാതെ നിർവ്വാഹമില്ല.യാത്ര എനിക്ക് ഇഷ്ടമുള്ള സംഗതി ആയതിനാൽ കാര്യപ്പെട്ട
മുടക്കം ഇല്ലെങ്കിൽ അവയിലധികത്തിലും ഞാൻ പങ്കെടുക്കാറുമുണ്ട്.
ക്യാമ്പുകളും സെമിനാറുകളും
പരിശീലനങ്ങളും യോഗങ്ങളും കഴിഞ്ഞ് നാട്ടിലെത്തുക
എന്നത് ചില ദിവസങ്ങളിൽ വെല്ലുവിളിയാണ്. ജസ്റ്റ് ലാസ്റ്റ് ബസ്സിന് എത്തുമെന്ന് തോന്നിക്കുന്ന
രൂപത്തിൽ ആകും ചില ക്യാമ്പുകൾ സമാപിക്കുക.ചിലപ്പോൾ ബസ് പ്രതീക്ഷകൾ അവസാനിച്ച സമയത്തായിരിക്കും
കൊണ്ടോട്ടിയിലോ മഞ്ചേരിയിലോ മുക്കത്തോ ഒക്കെ എത്തിച്ചേരുക. ഇങ്ങനെയുള്ള ഒരു ദിവസം കൊട്ടോട്ടിക്കാരൻരാത്രി 10 മണിക്ക് മഞ്ചേരിയിൽ എത്തി എന്നെ വീട്ടിലെത്തിച്ച സന്ദർഭം ഉണ്ടായിട്ടുണ്ട്.
പലപ്പോഴും ഇങ്ങനെ സുഹൃത്തുക്കളോ ബന്ധുക്കളോ ആയി ആരെയെങ്കിലും അപ്രതീക്ഷിതമായി ദൈവം
മുമ്പിൽ എത്തിച്ചു തരാറുണ്ട് (അൽഹംദുലില്ലാഹ്).
ഇക്കഴിഞ്ഞ വ്യാഴാഴ്ച തികച്ചും
വ്യത്യസ്തമായ ഒരു അനുഭവമാണ് ഉണ്ടായത്. ജൂൺ 5 വ്യാഴാഴ്ച പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി
കേരള സർക്കാർ ആരംഭിച്ച പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതി (പ.പ.പ.പ)യുടെ ഉത്ഘാടന
പരിപാടിയിൽ കോട്ടയത്ത് പോയതായിരുന്നു ഞാൻ.ബഹു.വനം വകുപ്പ് മന്ത്രി ശ്രീ.തിരുവഞ്ചൂർ
രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ധനകാര്യമന്ത്രി ശ്രീ.കെ.എം മാണി ആയിരുന്നു ഉത്ഘാടനം നിർവ്വഹിച്ചത്.
സിനിമാനടൻ ശ്രീ.ഭരത് സുരേഷ് ഗോപി മുഖ്യാതിഥിയും. പ്രോഗ്രാം ഉച്ചക്ക് ഒന്നരയോടെ അവസാനിക്കുകയും
ചെയ്തു.
ആ സമയത്ത് കോട്ടയത്ത്
നിന്നും ബസ് മാർഗ്ഗം പുറപ്പെട്ടാൽ ഏഴ് മണിക്കൂർ
ഇരിക്കണം കോഴിക്കോട്ടെത്താൻ. എട്ട് മണി കഴിഞ്ഞ് കോഴിക്കോട്ടെത്തിയാൽ നാട്ടിലേക്കുള്ള
ലാസ്റ്റ് ബസും സ്റ്റാന്റ് വിട്ടിരിക്കും. ട്രെയിനിന് പോകാമെന്ന് കരുതി ട്രെയിൻ സമയം
നോക്കിയപ്പോൾ കോഴിക്കോട്ടേക്ക് ട്രെയിൻ ഉള്ളത് രാത്രിയും. സിനിമ കണ്ട് സമയം കളയുന്ന
പതിവ് ഇപ്പോൾ ഇല്ലാത്തതിനാൽ അതുവരെ കോട്ടയത്ത് സമയം കളയാൻ ഒരു മാർഗ്ഗവും ഇല്ലായിരുന്നു.
അങ്ങനെ ഊൺ കഴിച്ച ശേഷം രണ്ടും കല്പിച്ച് കോഴിക്കോട്ടേക്കുള്ള ബസ്സിൽ കയറി.
രാത്രി പത്തരക്കേ കോഴിക്കോട്
എത്തൂ എന്ന് കണ്ടക്ടർ പറഞ്ഞതിനാൽ തൃശൂർ ഇറങ്ങി പെരിന്തൽമണ്ണ വഴി ഭാഗ്യം പരീക്ഷിക്കാൻ
ഞാൻ തീരുമാനിച്ചു.വൈകിട്ട് 7 മണിക്ക് തൃശൂരിൽ എത്തി അന്വേഷിച്ചപ്പോൾ ഒമ്പതരക്ക് മഞ്ചേരിയിലേക്ക്
ബസ്സുള്ളതായി അറിഞ്ഞു..അതിന് പോന്നാൽ അർദ്ധരാത്രി 12മണിക്ക് മഞ്ചേരിയിൽ ഇറങ്ങേണ്ടി
വരും എന്നതിനാൽ ഏഴരക്ക് ഞാൻ പെരിന്തൽമണ്ണയിലേക്ക് കയറി ഒമ്പതേമുക്കാലിന് അവിടെ എത്തി.
അതേ ബസ്സിൽ വന്നിറങ്ങിയ ഒരു ചെറുപ്പാക്കാരനെ പരിചയപ്പെട്ടപ്പോൾ അദ്ദേഹവും അരീക്കോടിനടുത്ത
കാവനൂരിലേക്കായിരുന്നു.സംസാരത്തിൽ നിന്നും അയാൾ ഒരു ലോറി ഡ്രൈവർ ആണെന്ന് മനസ്സിലായി.അതിനാൽ
തന്നെ ഏതെങ്കിലും ലോറി കിട്ടും എന്നും അയാൾ പ്രത്യാശ പ്രകടിപ്പിച്ചു. എങ്കിൽ ലോറിയിലും
ഒന്ന് യാത്ര ചെയ്ത് നോക്കാം എന്ന് എന്റെ മനസ്സും ആഗ്രഹിച്ചു.
പക്ഷേ മുന്നിൽ കിതച്ചെത്തിയത്
മഞ്ചേരിയിലേക്കുള്ള ഒരു ഓട്ടോറിക്ഷ ആയിരുന്നു.ലോറിയും കാത്ത് സമയം കളയുന്നത് പന്തിയല്ല
എന്നതിനാൽ ഞങ്ങൾ രണ്ട് പേരും ഓട്ടോയിൽ കയറി 11 മണിയോടെ മഞ്ചേരിയിൽ എത്തി.വീണ്ടും സുഹൃത്തിന്റെ
നിർദ്ദേശപ്രകാരം നെല്ലിപ്പറമ്പ് ജംഗ്ഷനിൽ എത്തി കാത്ത് നിന്നു. ആദ്യം വന്നത് ഒരു ലോറി
തന്നെയായിരുന്നു. സുഹൃത്ത് കൈകാട്ടി ലോറി നിർത്തി.ഞങ്ങൾ അതിലേക്ക് വലിഞ്ഞ് കയറി.(ലോറിയിൽ
കയറാനുള്ള പാട് ഞാൻ അപ്പോൾ മനസ്സിലാക്കി).
കൊയിലാണ്ടിയിലേക്ക് ഇരുമ്പ്കമ്പി
കയറ്റി പോകുന്ന ആ ലോറിയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.എന്റെ സുഹൃത്ത് എന്തൊക്കെയോ
ഡ്രൈവറോട് ചോദിച്ചു.അതെല്ലാം ലോറീയ പദങ്ങളായതിനാൽ എനിക്ക് ഒന്നും മനസ്സിലായില്ല.ലോറി
കാബിനുള്ളിലെ ചൂടും ശബ്ദവും എല്ലാം സഹിച്ച് ദുർഘടമായ മലമ്പാതകളിലൂടെയും മറ്റും രാത്രി
ഇതോടിക്കുന്ന ലോറി ജീവനക്കാരുടെ സ്വഭാവം മാറിയില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന് എനിക്ക്
അന്നേരം മനസ്സിലായി.
സഹയാത്രികൻ അരീക്കോടിന്
അഞ്ച് കിലോമീറ്റർ മുമ്പ് കാവനൂരിൽ ഇറങ്ങിയതോടെ എന്റെ മനസ്സിൽ ചില ചിന്തകൾ പടരാൻ തുടങ്ങി.ഇനി
അല്പ നേരം യാത്ര ചെയ്യേണ്ടത് വിജനമായ സ്ഥലത്ത് കൂടിയാണ് എന്നതും മുമ്പ് കേട്ട പല ലോറിക്കഥകളും
എന്റെ മനസ്സിൽ ചെറിയൊരു ഭയം മുളപ്പിച്ചു.സൌഹൃദം സ്ഥാപിക്കുകയാണ് ഇത്തരം അവസരങ്ങളിൽ
നല്ലത് എന്ന ഉള്ളിൽ നിന്നുള്ള ഉപദേശ പ്രകാരം ഞാൻ ലോറി ഡ്രൈവറോട് സ്ഥലവും പേരും സഹായി
ഇല്ലാത്തതിന്റെ കാരണങ്ങളും എല്ലാം ചോദിച്ചറിഞ്ഞു. അദ്ദേഹവും തിരിച്ച് കുറേ കാര്യങ്ങൾ
എന്നോടും ചോദിച്ചതോടെ ആ അഞ്ച് കിലോമീറ്റർ പെട്ടെന്ന് കഴിഞ്ഞ് പോയി.
വീടിനടുത്ത് ഇറങ്ങാൻ നേരത്ത്
ഞാൻ പേഴ്സിൽ നിന്നും കാശ് എടുത്ത് അദ്ദേഹത്തിന് നേരെ നീട്ടി. പക്ഷേ അത് വാങ്ങാൻ അദ്ദേഹം
കൂട്ടാക്കിയില്ല.അത് സ്വീകരിക്കാതെ ഇറങ്ങാൻ ഞാനും കൂട്ടാക്കിയില്ല. എന്റെ നിർബന്ധത്തിന്
മുന്നിൽ അവസാനം അയാൾ അത് വാങ്ങിയപ്പോൾ ഞാൻ കേട്ട എല്ലാ ലോറിക്കഥകളും അതിലെ നായകരായ
ഡ്രൈവർമാരുടെ പ്രവർത്തനങ്ങളും എന്റെ മനസ്സിൽ നിന്നും കോട്ടയം കടന്നിരുന്നു.
എന്റെ നിർബന്ധത്തിന് മുന്നിൽ അവസാനം അയാൾ അത് വാങ്ങിയപ്പോൾ ഞാൻ കേട്ട എല്ലാ ലോറിക്കഥകളും അതിലെ നായകരായ ഡ്രൈവർമാരുടെ പ്രവർത്തനങ്ങളും എന്റെ മനസ്സിൽ നിന്നും കോട്ടയം കടന്നിരുന്നു.
ReplyDeleteലോറിയാത്രയും ഒരു അനുഭവമല്ലേ!
ReplyDeleteകോട്ടയത്ത് നിന്നും അരീക്കോടിനു പോകാൻ കക്കാടോ രാമനാട്ടു കരയോ ഇറങ്ങിയാൽ പോരെ ? കൊണ്ടോട്ടിയിൽ നിന്നും രാത്രി ഒൻപതര വരെ ബസ് ഉണ്ടായിരുന്നു ഇപ്പോൾ അറിയില്ല എന്തായാലും ജീപ്പ് കിട്ടും
ReplyDelete