ഇന്ന് ജൂൺ 1. മുപ്പത്തഞ്ച്
വർഷങ്ങൾക്ക് മുമ്പുള്ള ഒരു ജൂൺ ആണ് എന്റെ മനസ്സിൽ ഓടി വരുന്നത്. തിമർത്തു പെയ്യുന്ന
മഴയിൽ രണ്ടാം ക്ലാസ്സിലിരിക്കാൻ വേണ്ടി പുറപ്പെട്ട ദിവസം. ക്ലാസ്സിലെ മിക്ക കുട്ടികളുടേയും
കയ്യിൽ ഒന്നാം ക്ലാസ്സിൽ ഉപയോഗിച്ചിരുന്ന അതേ സ്ലേറ്റും അതേ കുടയും അതേ ബാഗും. നിലത്ത്
വീണ് രണ്ട് കഷ്ണമായി പുറത്തെ മരച്ചട്ടക്കൂടിൽ നിന്നും പുറത്ത് ചാടാൻ വെമ്പുന്ന ശരീഫിന്റേയും
അബ്ദുള്ളയുടേയും സ്ലേറ്റുകളും നാലാം തരം വരെ ഒരു പോറലും ഏൽക്കാതെ ഞാൻ ഉപയോഗിച്ച എന്റെ
സ്ലേറ്റും ഇന്നും എന്റെ മനസിലെ ക്ലാവ് പിടിച്ച ഓർമ്മകളാണ്.
ഇന്ന് കാലവും കോലവും മാറി.
എൽ.കെ.ജി പയ്യൻസ് വരെ ടാബ്ലെറ്റിനെപ്പറ്റിയും സ്മാർട്ട് ഫോണിനെപ്പറ്റിയും സംസാരിക്കുക
മാത്രമല്ല , ഉപയോഗിക്കാൻ കൂടി അറിയുന്നവരായി.ആൺകുട്ടികൾ എല്ലാവരും മുടി പറ്റേ വെട്ടി
ഒരു തരം മൊട്ട രൂപത്തിൽ വന്നിരുന്ന കാലം മാറി.അവിടേയും ഇവിടേയും വരണ്ടിയും ചുരണ്ടിയും
വരുന്ന കുട്ടികൾ. പോക്കറ്റിൽ അഞ്ചിന്റെയോ പത്തിന്റെയോ നാണയത്തുട്ടുകൾ ഉള്ളവൻ രാജാവായിരുന്ന
കാലം ഇന്ന് പോക്കറ്റിൽ 10 രൂപയില്ലെങ്കിൽ കണ്ട്രിയും തെണ്ടിയും ആയി ചിത്രീകരിക്കുന്ന
കാലമായി മാറി.
Courtesy : Google
ഇത്രയും പറഞ്ഞത് ദിവസങ്ങൾക്ക്
മുമ്പ് എൽ.കെ.ജി യിൽ ചേർത്ത എന്റെ മൂന്നാമത്തെ മകൾക്ക് വേണ്ടി ബാഗ് വാങ്ങാൻ പോയപ്പോൾ
കേട്ട ഒരു വർത്തമാനമാണ്. നാനൂറ് രൂപയുടെ മുകളിലുള്ള ബാഗ് എടുത്ത് കാണിച്ച കടക്കാരനോട്
ഞാൻ ചോദിച്ചു.
“നാലാം ക്ലാസ് വരെ ഉപയോഗിക്കാൻ
പറ്റുമോ?”
“അതെങ്ങിനെയാ കാക്കാ….അടുത്ത വർഷം പുതിയ ബാഗ് വേണമെന്ന് നിങ്ങളുടെ കുട്ടി തന്നെ പറയില്ലേ
? അപ്പോൾ ഈ ബാഗിനും കാലാവധി അത്ര പോരേ?”
മൂന്ന് സംഗതികളാണ് ഈ മറുപടിയിലൂടെ
വ്യക്തമാകുന്നത്. നമ്മുടെ കുട്ടികൾക്ക് വേണ്ടി നാം വാങ്ങുന്ന ഇത്തരം സാധനങ്ങളുടെ ഗുണനിലവാരം
ആ മറുപടിയിൽ ഉണ്ട്. ഉപയോഗിക്കുക വലിച്ചെറിയുക എന്ന പാശ്ചാത്യൻ സംസ്കാരം നമ്മുടെ സമൂഹത്തിൽ
എത്രത്തോളം ആഴ്ന്നിറങ്ങി എന്നതിന്റെ സൂചനയും ആ മറുപടിയിൽ ഉണ്ട്. കുട്ടികളുടെ ഏത് ആവശ്യവും
നിറവേറ്റി കൊടുക്കുന്ന മാതാപിതാക്കളുടെ അധിക സ്നേഹം എന്ന ദുഷ്‌പ്രവണതയെ പറ്റിയും ആ
മറുപടിയിൽ വ്യംഗ്യമായി സൂചിപ്പിച്ചിട്ടുണ്ട്.
പുതിയ അദ്ധ്യയന വർഷം തുടങ്ങുമ്പോൾ
ആ കടക്കാരന്റെ ഈ മറുപടി എല്ലാവരെയും ഒന്നിരുത്തി ചിന്തിപ്പിക്കട്ടെ.ചുരുങ്ങിയത് മൂന്ന്
വർഷമെങ്കിലും ഉപയോഗിക്കാൻ പറ്റുന്ന രൂപത്തിലായിരിക്കണം പുതിയതായി വാങ്ങിയ ബാഗിനോടും
കുടയോടും ഉള്ള നിന്റെ പെരുമാറ്റമെന്ന് നമ്മുടെ കുട്ടിയോട് ഉപദേശിച്ചു കൊടുക്കേണ്ടത്
നാം തന്നെയാണ്.ഓരോ വർഷവും പുതിയതിന് വേണ്ടി ശഠിക്കുന്ന കുട്ടിയോട് ഇത്തരം ഒരു ബാഗോ
കുടയോ വാങ്ങാൻ പോലും കഴിവില്ലാത്ത നിരവധി രക്ഷിതാക്കളുടേയും അവരുടെ കുട്ടികളേയും പറ്റി
ഒരു നിമിഷം ചിന്തിക്കാൻ പറയുക. കുട്ടികളുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റി കൊടുക്കുന്നതിന്
മുമ്പ് അതിന്റെ ആവശ്യകതയെപറ്റി രക്ഷിതാക്കൾ സ്വയം വിലയിരുത്തുക.അത്യാവശ്യമല്ലാത്ത ആവശ്യങ്ങൾ
കുട്ടിയെ ബോധ്യപ്പെടുത്തിയ ശേഷം ഒഴിവാക്കേണ്ടവ ഒഴിവാക്കുക. ഒപ്പം കുട്ടിയുടെ പഠന കാലത്ത്
എല്ലാ ഇലക്ട്രോണിക് മാധ്യമങ്ങളിൽ നിന്നും ഒരു നിശ്ചിത അകലം പാലിക്കാൻ മാതാപിതാക്കളും
കുട്ടികളും നിർബന്ധമായും ശ്രദ്ധ പുലർത്തുക….സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
നിലത്ത് വീണ് രണ്ട് കഷ്ണമായി പുറത്തെ മരച്ചട്ടക്കൂടിൽ നിന്നും പുറത്ത് ചാടാൻ വെമ്പുന്ന ശരീഫിന്റേയും അബ്ദുള്ളയുടേയും സ്ലേറ്റുകളും നാലാം തരം വരെ ഒരു പോറലും ഏൽക്കാതെ ഞാൻ ഉപയോഗിച്ച എന്റെ സ്ലേറ്റും ഇന്നും എന്റെ മനസിലെ ക്ലാവ് പിടിച്ച ഓർമ്മകളാണ്.
ReplyDeleteകാലാന്തരങ്ങള്‍!!!!!!
ReplyDeleteഅധികമായാൽ അമൃതും വിഷം :)
ReplyDelete