Pages

Wednesday, April 08, 2015

കോഴിപ്പാറയിൽ ഒരു സായാഹ്നം

അവധിക്കാലം വരുന്നത് കുട്ടികൾക്കെന്ന പോലെ എനിക്കും ഏറെ പ്രിയങ്കരമാണ്.രണ്ട് മാസത്തെ അവധിയാണ് സർക്കാർ അനുവദിച്ചതെങ്കിലും അതിൽ ഒരു മാസത്തിൽ താഴെ മാത്രമേ മിക്കപ്പോഴും ആസ്വദിക്കാൻ സാധിക്കാറുള്ളൂ.എല്ലാ കോളേജിലും ഉള്ള പോലെ വെക്കേഷൻ ഡ്യൂട്ടി എന്ന ഒരു പരിപാടി ഇവിടെയും ഉണ്ട്.ഇവിടത്തെ പ്രത്യേകത, ചില കാര്യങ്ങൾ ചെയ്യാൻ ഞാൻ മാത്രമേ ഉള്ളൂ എന്നത് കൂടിയാണ്.അതിനാൽ വിചാരിച്ച പോലെ ഒഴിവ് കാലം ആസ്വദിക്കാൻ പറ്റി എന്ന് വരില്ല.

വേനലവധി തുടങ്ങി രണ്ടാം ദിവസമാണ് പെട്ടെന്ന്  ഒരു പിക്നിക് സ്പോട്ട് എന്റെ മനസ്സിൽ വന്നത്.ലുലുവിന് മൂന്നാം തീയതി മുതൽ ഒരു ക്യാമ്പ് ആരംഭിക്കുന്നതിനാലും പെങ്ങളുടേയും അനിയന്റേയും മക്കൾസ് പ്രസന്റ് ആയതിനാലും അന്ന് ഉച്ചക്ക് ശേഷം തന്നെ തിരിക്കാം എന്ന് കരുതി - സ്ഥലം നാല് വർഷം മുമ്പ് ഞങ്ങളുടെ എൻ.എസ്.എസ് ക്യാമ്പിൽ നിന്നും ട്രെക്കിംഗിനിടക്ക് കണ്ട കോഴിപ്പാറ വെള്ളച്ചാട്ടം.അരീക്കോട് നിന്നും 25 കിലോമീറ്റർ അകലം.



വേനൽ ആയതിനാൽ വെള്ളം ഇല്ലാത്ത വെള്ളച്ചാട്ടം കാണാം എന്ന മുന്ധാരണ പ്രകാരമാണ് ഞാനും ഭാര്യയും  മൂന്ന് മക്കളും സീനിയർ സിറ്റിസൺ ആയ ഉമ്മയും അനിയന്റെയും പെങ്ങളുടേയും മക്കളും അടങ്ങുന്ന എട്ടംഗ സംഘം വൈകിട്ട് നാല് മണിക്ക് കാറിൽ യാത്ര തിരിച്ചത്.എന്റെ ധാരണയിൽ വന്ന ഒരു പിശക് മൂലം അര മണിക്കൂറിനകം സ്ഥലത്ത് എത്താം എന്നായിരുന്നു കരുതിയത്.എന്നാൽ തോട്ടുമുക്കം വഴി കൂമ്പാറ കഴിഞ്ഞ് പിന്നെ കുത്തനെയുള്ള കയറ്റവും ഹെയർപിൻ വളവുകളും കയറിയിറങ്ങി കക്കാടംപൊയിലും കഴിഞ്ഞ് കോഴിപ്പാറ എത്തുമ്പോൾ സമയം അഞ്ചര മണി ആയിരുന്നു.ഞങ്ങൾ ലാന്റ് ചെയ്തതും അത് വരെ തൂങ്ങി നിന്നിരുന്ന മഴ പൊടിയാൻ തുടങ്ങി.ഇരുട്ടും കൂടി മൂടിയതിനാൽ കാറിൽ നിന്നും ഇറങ്ങണോ വേണ്ടേ എന്ന് തീരുമാനിക്കാൻ നോക്കുമ്പോഴാണ് ആ ബോർഡ് ശ്രദ്ധയിൽ പെട്ടത്.സന്ദർശന സമയം രാവിലെ 9 മണി മുതൽ നാലര വരെ!



വെള്ളച്ചാട്ടത്തിൽ നീരാടി മടങ്ങുന്ന ഒരു സംഘത്തോട് ഞാൻ വെറുതെ 'കഥ' ചോദിച്ചു.അത്യാവശ്യം വെള്ളം ഉണ്ട് എന്നറിഞ്ഞപ്പോൾ മഴയായാലും ഒന്ന് പോയി നോക്കാം എന്ന് കരുതി.അപ്പോഴതാ കൗണ്ടറിൽ ടിക്കറ്റ് മെഷീനുമായി വനപാലകർ.പോകാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ അവർ 'യെസ്' മൂളി, എണ്ണത്തിനും വണ്ണത്തിനും അനുസരിച്ചുള്ള ടിക്കറ്റ് മുറിച്ച് തന്നു (ബോർഡിനെ വിശ്വസിച്ച് സംഗതി തീരുമാനിക്കരുത് എന്ന് പാഠം -ആറരക്കും സന്ദർശകർക്ക് പ്രവേശനം നൽകുന്നുണ്ടായിരുന്നു! ). മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയും ആണ് ടിക്കറ്റ് നിരക്ക്.സ്റ്റിൽ ക്യാമറക്ക് 25 രൂപ എന്നും സ്മാർട്ട്ഫോണിന് 10 രൂപ എന്നും ഒക്കെ ബോർഡിൽ നിരക്കുണ്ടെങ്കിലും അതിനൊന്നും കാശ് വാങ്ങിയില്ല (ബോർഡിനെ വിശ്വസിച്ച് സംഗതി തീരുമാനിക്കരുത് എന്ന് ഒരേ സ്പോട്ടിൽ നിന്ന് രണ്ടാമത്തെ അനുഭവം !)സമയം ഒട്ടും കളയാതെ ഞങ്ങൾ കൗണ്ടറിൽ നിന്നും 50 മീറ്റർ നടന്നതും മുന്നിലതാ ശാന്തമായി ഒഴുകുന്ന വെള്ളം.അത് കണ്ടതും പിന്നെ എല്ലാവർക്കും ആവേശമായി.മഴ അതിനിടക്ക് സ്ഥലം വിട്ടത് ഞങ്ങൾ അറിഞ്ഞതേ ഇല്ല.



വെള്ളം ഉണ്ടാകില്ല എന്ന ധാരണ മനസ്സിൽ പതിഞ്ഞതിനാലാവും തോർത്ത്മുണ്ട് എടുക്കാൻ കരുതിയിട്ടും അത് ഞാൻ മറന്ന് പോയത്.കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം സുന്ദരമായി മുങ്ങിക്കളിക്കാനും കുളിക്കാനും പറ്റുന്ന രൂപത്തിൽ തെളിഞ്ഞ വെള്ളം കണ്ടപ്പോൾ മക്കൾ അടങ്ങി നിന്നില്ല.



വെള്ളത്തിൽ ഇറങ്ങി 'തവളാമുട്ടൽ' എന്ന് ഞങ്ങൾ വിളിക്കുന്ന മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ തവളക്കുഞ്ഞുങ്ങളെ പിടിച്ചും പരസ്പരം വെള്ളം തേവിയും അവർ ആ സായാഹ്നം നന്നായി ആസ്വദിച്ചു.സൈലന്റ് വാലിയിൽ പോയപ്പോൾ 'തവളാമുട്ടലിനെ' പിടിക്കാൻ പഠിച്ച എന്റെ രണ്ടാമത്തെ മകൾ ലുഅ അനായാസം അവയെ കൈക്കലാക്കി മറ്റുള്ളവർക്ക് നൽകിക്കൊണ്ടിരുന്നു.പൊടിമോൾ ലൂനയും 'തവളാമുട്ടൽ' കയ്യിൽ വാങ്ങിയപ്പോൾ പിന്നെ ലുലുവും പേടിയും അറപ്പും മാറ്റി അതിനെ കയ്യിൽ എടുത്തു.കുട്ടികളുടെ കളി ആസ്വദിച്ച് ഞങ്ങളും ഇരുന്നു.




സംരക്ഷണ ഉപാധികൾ ഒന്നും ഇല്ലാത്ത സ്ഥലം ആയതിനാലും വെള്ളത്തിലെ പാറകളിൽ അല്പം വഴുവഴുപ്പ് ഉള്ളതിനാലും കൈ വിട്ട് ഓടുന്ന മക്കളേയും കൊണ്ട് ഒരിക്കലും കോഴിപ്പാറയിൽ പോകരുത്.കാരണം സൗമ്യമായി ആ വെള്ളച്ചാട്ടം നമ്മെ അപകടത്തിലേക്ക് ക്ഷണിക്കും.മഴക്കാലത്ത് അപ്രതീക്ഷിത മലവെള്ളം കുത്തി ഒഴുകും എന്നതിനാൽ സൂക്ഷിക്കണം.സുരക്ഷിതമായ കാലം ഫെബ്രുവരി മുതൽ ഏപ്രിൽ വരെ തന്നെയായിരിക്കും.





വഴി :മലപ്പുറം ഭാഗത്ത് നിന്നുള്ളവർക്ക് എന്റെ സ്വന്തം നാടായ അരീക്കോട് വഴി, ഞാൻ മേൽ പറഞ്ഞ റൂട്ട് ഉപയോഗിക്കാം.നിലമ്പൂരിൽ നിന്നും കോഴിപ്പാറയിൽ എത്താൻ മറ്റൊരു റോഡുണ്ട്.കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്നവർ മുക്കം-കൂടരഞ്ഞി-കൂമ്പാറ വഴി പോകുന്നതാണ് എളുപ്പം എന്ന് തോന്നുന്നു.വയനാട് നിന്ന് വരുന്നവർക്ക് ഈങ്ങാപുഴ-തിരുവമ്പാടി-കൂടരഞ്ഞി-കൂമ്പാറ വഴിയും എത്താം.

ഒരു മണിക്കൂറോളം മാത്രമേ അവിടെ ഞങ്ങൾക്ക് സമയം ലഭിച്ചുള്ളൂ.തിരിച്ച് കാറിൽ കയറിയതും  ഞങ്ങൾക്ക് വേണ്ടി ദൈവം അത് വരെ തടുത്ത് നിർത്തിയ മഴ വീണ്ടും കോരിച്ചൊരിയാൻ തുടങ്ങി!ഇനിയും എത്താമെന്ന പ്രതീക്ഷയിൽ ഞങ്ങളുടെ വണ്ടി മല ഇറങ്ങി.

20 comments:

  1. തിരിച്ച് കാറിൽ കയറിയതും ഞങ്ങൾക്ക് വേണ്ടി ദൈവം അത് വരെ തടുത്ത് നിർത്തിയ മഴ വീണ്ടും കോരിച്ചൊരിയാൻ തുടങ്ങി!ഇനിയും എത്താമെന്ന പ്രതീക്ഷയിൽ ഞങ്ങളുടെ വണ്ടി മല ഇറങ്ങി.

    ReplyDelete
  2. നന്നായിട്ടുണ്ട്‌.!!!!!!

    അവിടെ ഒരിക്കലും എത്തിച്ചേരാൻ പറ്റുമെന്ന് തോന്നുന്നില്ലെങ്കിലും സാറിന്റെ എഴുത്തും ചിത്രങ്ങളും കൊണ്ട്‌ ആ വിഷമം ഞാൻ മായ്ച്ചു കളഞ്ഞു...

    ReplyDelete
  3. ഞങ്ങളതിനെ വാലുമാക്രീന്നാ വിളിക്കുന്നത്. ചിലയിനം പിക്കപ്പ് വാനുകളെയും ഞങ്ങടെ നാട്ടാര് വാലുമാക്രിയെന്ന് വിളിക്കും

    ReplyDelete
  4. നന്നായിട്ടുണ്ട് വിവരണവും,ചിത്രങ്ങളും...
    വാല്‍മാക്രി പിടുത്തം രസായി.
    ആശംസകള്‍

    ReplyDelete
  5. നല്ല വിവരണം. നമ്മുടെ നാടിന്റെ ഈ പ്രകൃതിഭംഗി ഒരിക്കലും നഷ്ടമാകാതിരിക്കട്ടെ. വരും തലമുറകൾക്കും ഇതെല്ലാം ആസ്വദിക്കാൻ സാധിക്കട്ടെ.

    ReplyDelete
  6. അടുത്ത ലീവിന് സകുടുംബം അവിടെ പോണം... മാഷുടെ വീട്ടില്‍ വന്നു ഉച്ചഭക്ഷണോം കഴിഞ്ഞു വിശ്രമിച്ചങ്ങു പോകാല്ലോ .....

    ReplyDelete
  7. വായിച്ചു വരുമ്പോൾ ഇടക്കിടെ ഉള്ള ചില സൂചനകൾ അല്പം ശങ്ക ഉളവാക്കി. അല്പം വൈകിയായാലും കോഴിപ്പാറയിലെ സായാഹ്നം കുട്ടികൾ നല്ലവണ്ണം
    ആസ്വദിച്ചുവല്ലോ? ഒപ്പം മറ്റുള്ളവർക്കും അവ ആസ്വദിക്കണമെങ്കിൽ വഴിയും കൃത്യമായി പറഞ്ഞിരിക്കുന്നു. നന്നായി.

    ReplyDelete
  8. അങ്ങിനെ ഒരു അവധിക്കാലം വെള്ളത്തിൽ ആസ്വദിച്ചു.

    ReplyDelete
  9. അവധിക്കാലം ഞങ്ങളും ആസ്വദിച്ചുട്ടോ...

    ReplyDelete
  10. സുധി....എല്ലാവർക്കും എല്ലായിടത്തും എത്തിച്ചേരാൻ പറ്റില്ലല്ലോ.അപ്പോൾ വിവരണം വായിച്ച് എത്തിയ പ്രതീതി ഉണ്ടാക്കുക.

    അജിത്തേട്ടാ....അതെന്നെ.പക്ഷേ വാഹനത്തെ ഞങ്ങൾ വിളിക്കുന്നത് “നായിക്കുറുക്കൻ” എന്നാ!!!

    തങ്കപ്പേട്ടാ.....നന്ദി

    മണി....ആ നല്ല മനസ്സ് എല്ലാവർക്കും ഉണ്ടാകട്ടെ

    ReplyDelete
  11. തണൽ....സ്വാഗതം സുസ്വാഗതം

    ഗീത(ചേച്ചി?)....നന്ദി

    ബിപിനേട്ടാ....അവധിക്കാലം വെള്ളത്തിൽ തുടങ്ങി!!!

    മുബീ...ങ്കേ!!!നഡയിലും ഇപ്പോൾ അവധിയാണോ????

    ReplyDelete
  12. ഞാനെത്തും മാഷേ ..... ഞാനൊരു വീട് വച്ചിരിക്കുന്നത് വയനാട്ടിലാണ്.....നല്ല വിവരണം.... അവധി ആഘോഷമാക്കൂ.....ആശംസകൾ......

    ReplyDelete
  13. അവധികള്‍ നിറച്ചാര്‍ത്തുള്ളതാകട്ടെ.... ..
    ഫോണും ലാപ്പും വിട്ടു പിള്ളേര് ആകാശവും വെള്ളവും കാണട്ടെ..

    ReplyDelete
  14. അങ്ങനെ മാഷ്ടെ കൂടെ കോഴിപ്പാറ വരെ പോയി വന്നൂ..

    'കോഴിക്കോട് ഭാഗത്തുനിന്നും വരുന്നവർ മുക്കം- കൂടരഞ്ഞി-കൂമ്പാറ വഴി..' അത് നോട്ട് ചെയ്തു കേട്ടോ..

    ഏപ്രിൽ മാസത്തിലെ പൊരിയുന്ന വെയിലിലും അവിടെ വെള്ളവും മഴയുമൊക്കെയുണ്ടല്ലേ.. കൊതിപ്പിച്ചു..

    ReplyDelete
  15. വിനോദ് ജി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അഞ്ച് വർഷം ഞാനും വയനാട്ടിൽ ഉണ്ടായിരുന്നു.ഈ വെക്കേഷനിൽ ഒന്നു കൂടി അവിടെയെല്ലാം കറങ്ങാൻ പ്ലാൻ ചെയ്യുന്നു.

    വിനീത്....താങ്കൾക്കും മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.പറഞ്ഞപോലെ എന്റെ മക്കൾക്ക് ഫോൺ ഞാൻ കൊടുക്കാറേ ഇല്ല.ലാപിന് മുന്നിലും അധിക നേരം ഇരിക്കാൻ സമ്മതിക്കാറില്ല.കളിക്കാനും ചുറ്റാനും കൂട്ടുകൂടാനും നിറയെ അവസരങ്ങൾ നൽകുന്നു.അതാണ് എന്റെ പോളിസി.

    ജിമ്മി....അപ്രതീക്ഷിത മഴയാണ് കോഴിപ്പാറയിലെ എന്നല്ല ഏത് വെള്ളച്ചാട്ടത്തിലേയും സന്ദർശകർക്ക് ഭീഷണി.

    ReplyDelete
  16. കൊഴിപ്പാറ നല്ല സ്ഥലം ആണല്ലോ.. ഒന്ന് പോകണം..

    ReplyDelete
  17. ഈ വെക്കേഷന് കക്കാടാം പൊയിൽ മുഴുവനുമൊന്ന് അടിച്ചുപൊളിക്കണമെന്ന ആഗ്രഹം ബാക്കിവെച്ച് വെക്കേഷൻ തീരാൻ പോവുന്നു.......

    ReplyDelete
  18. വയനാടന്‍ യാത്രക്ക് വരുമ്പോള്‍ അറിയിക്കുക.... ദൂരമല്ലാത്ത ദൂരത്തില്‍ ഗുണ്ടല്‍പ്പേട്ടും മൈസൂരുമുണ്ട്.....

    ReplyDelete
  19. ശ്രീജിത്ത്...അതെ നല്ല സ്ഥലമാ.ഇപ്പോ നിലമ്പൂരിലേക്കുള്ള റോഡിന്റെ പണി ഏകദേശം തീരാറായി.അപ്പോൾ ആഡ്യൻപാറയും കാണാം.

    Praദീപ് മാഷെ...വെക്കേഷൻ ഇനിയും 15 ദിവസം കൂടിയുണ്ട്.പക്ഷേ ഇപ്പോഴത്തെ മഴയെ സൂക്ഷിക്കണം.അപ്രതീക്ഷിതമായി കുത്തൊഴുക്ക് ഉണ്ടാകും.

    വിനോദ് ജി.....ഏപ്രിൽ അവസാനം മൈസൂർ വഴി ബാംഗ്ലൂരിൽ പോയിരുനു(പോസ്റ്റ് തയ്യാറായി വരുന്നു)

    ReplyDelete
  20. ഈ ‘കോഴിപ്പാറ‘ എന്നെ ആകർഷിക്കുന്നുവല്ലോ മാഷെ

    ReplyDelete

നന്ദി....വീണ്ടും വരിക