Pages

Wednesday, September 19, 2018

ഈന്തും ചില ഓര്‍മ്മച്ചീന്തുകളും

                1989ലെ മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ ഒരു ചോദ്യം ഇങ്ങനെയായിരുന്നു.

               “Intum Podi" is made  from 

             അന്ന് നല്‍കിയ 4 ഉത്തരങ്ങളില്‍ Cycas ഉണ്ടായിരുന്നു എന്ന് മാത്രം എനിക്ക് ഓര്‍മ്മയുണ്ട്. ഞാന്‍ കറുപ്പിച്ചത് ഏത് എന്ന് ഇപ്പോള്‍ ഓര്‍മ്മയില്‍ ഇല്ല. എനിക്ക് മെഡിക്കല്‍ പ്രവേശനം കിട്ടാത്തതിനാല്‍ എന്റെ ഉത്തരങ്ങള്‍ പലതും തെറ്റിയ കൂട്ടത്തില്‍ ഇതും തെറ്റിയിരിക്കും എന്ന് കരുതുന്നു.

              ഞാന്‍ ആ ചോദ്യം വായിച്ചത് ‘ഇന്റം പോടി’ എന്നായിരുന്നു. അതെന്താണെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. അതേ സമയം എന്റെ സഹപാഠിയായിരുന്ന ഫസലു‌റഹ്മാന്‍ അത് വായിച്ചത് ‘ഈന്തും പൊടി’ എന്നായിരുന്നു. അവന് ഉത്തരവും കൃത്യമായി കിട്ടി.അന്നത്തെ പ്രവേശന പരീക്ഷയില്‍ ജയിച്ച് MBBSഉം കഴിഞ്ഞ് ഫസലു‌റഹ്മാന്‍ ഇപ്പോള്‍ യു.കെ യില്‍ ഡോക്ടറായി സേവനം അനുഷ്ടിക്കുന്നു. എന്നെ ഇന്ത്യന്‍ ലാന്റിലും അവനെ ഇംഗ്ലീഷ് ലാന്റിലും ആക്കിയ ആ ചോദ്യത്തിന്റെ ഉത്തരം എന്റെ വീടിന് മുന്നില്‍ നെഞ്ചും വിരിച്ച് നില്‍ക്കുന്ന കാഴ്ച കണ്ടപ്പോള്‍ എന്റെ ഇട നെഞ്ചില്‍ ചില ഓര്‍മ്മച്ചീന്തുകള്‍ മിന്നിമറഞ്ഞു.
            ഈന്ത് എന്ന മരം മുമ്പ് നാട്ടിലുടനീളം കണ്ടു വന്നിരുന്നു. എന്റെ ഓര്‍മ്മയില്‍ പുഴവക്കത്ത് ധാരാളമായി തഴച്ചു വളര്‍ന്നിരുന്ന ഒരു കൊച്ചുമരമാണ് ഈന്ത്. പ്രത്യേക രൂപത്തിലുള്ള തടിയും ഇലയും അതിനെ വ്യത്യസ്തമാക്കുന്നു. ഈന്തിന്റെ ഇലയെ ‘ഈന്തും പട്ട’ എന്നാണ് വിളിച്ചിരുന്നത്.

            ഞങ്ങളുടെ കുട്ടിക്കാല വിനോദങ്ങളില്‍ ഒന്നായിരുന്നു ‘കുറ്റിപ്പുര’ കെട്ടല്‍. വേനലവധിക്കാലത്ത് കളിക്കാനായി നിര്‍മ്മിക്കുന്ന പുരകളാണിത്. അതിന്റെ മേല്‍ക്കൂര മേയാനും റൂമുകള്‍ തിരിക്കാനും ഉപയോഗിച്ചിരുന്നത് ഈന്തും പട്ടകള്‍ ആയിരുന്നു.ദിവസങ്ങളോളം അത് നിലനില്‍ക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

            എന്റെ കുടുംബത്തിലെ എന്റെ ഓര്‍മ്മയിലെ ആദ്യത്തെ കല്യാണം വലിയ മൂത്തുമ്മയുടെ മൂത്ത രണ്ട് മക്കളുടേതാണ്. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അത് എന്നാണ് എന്റെ ഓര്‍മ്മ. അന്ന് കല്യാണപ്പന്തലിന്റെ വശങ്ങള്‍ അലങ്കരിക്കാനും (ഇന്ന് സാരിയോ മറ്റോ ഉപയോഗിച്ച് മറക്കുന്നു) പുഴ വക്കത്ത് നിന്ന് ഈന്തും പട്ട വെട്ടി കൊണ്ടു വന്നത് ഞാന്‍ ഓര്‍ക്കുന്നു. ഇന്നും ‘കുറിക്കല്യാണം’ എന്ന പേരില്‍ അറിയപ്പെടുന്ന ധന സമാഹരണ പരിപാടിക്ക് അത് നടത്തുന്ന കടക്ക് മുമ്പില്‍ ഈന്തും പട്ട കെട്ടിവയ്ക്കാറുണ്ട്.

             ജീവിച്ചിരിക്കുന്ന ഫോസിലുകള്‍ക്ക് ഉദാഹരണമാണ് ഈന്ത്. ദിനോസറുകള്‍ വസിച്ചിരുന്ന ജുറാസിക് കാലഘട്ടത്തിനും മുമ്പെ ഈന്ത് പശ്ചിമഘട്ടത്തില്‍ ഉണ്ടായിരുന്നു പോലും! ഇന്ന് ഈ മരം കാണാന്‍ പശ്ചിമഘട്ടത്തില്‍ ചെന്നാല്‍ നിരാശയായിരിക്കും ഫലം. അതുകൊണ്ട് തന്നെ എന്റെ മൂന്നാമത്തെ മോളെ വിളിച്ച് ആ മരത്തെ ഞാന്‍ നന്നായി പരിചയപ്പെടുത്തിക്കൊടുത്തു. കൂടാതെ കായ ഉണ്ടായ ശേഷം പുതിയ ഇലകള്‍ വരുന്നത് ഓരോ ദിവസവും നിരീക്ഷിക്കാനും പറഞ്ഞു. തവിട്ട് നിറത്തില്‍ പള്ളിമിനാരം പോലെ ഉയര്‍ന്ന് വന്ന്, പച്ച ഇലകളായി വിരിഞ്ഞ് വന്നത് അവളില്‍ ഒരു ജിജ്ഞാസ ഉണ്ടാക്കി.

             മലയാളികളില്‍ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഈന്ത് എന്നാല്‍ ഈന്തപ്പന ആണെന്നാണ്. രണ്ടാഴ്ച മുമ്പ് വീട്ടില്‍ വന്ന ഒരു ചെറുപ്പക്കാരന്‍ ആ മരം എന്താണെന്ന് ചോദിച്ചു. ഈന്ത് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം മനസ്സിലാക്കിയത് ഈത്തപ്പഴം ഉണ്ടാകുന്ന ഈന്തപ്പനയാണ്. ഈന്തും ഈന്തപ്പനയും രൂപത്തിലും കായയിലും ഇലയിലും എല്ലാം അജഗജാന്തരമുണ്ട്.

           ഈന്തിന്റെ കായ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു മലബാരി വിഭവമാണ് ഈന്തു പിടി. അതിനെപ്പറ്റി അടുത്ത പോസ്റ്റില്‍ പറയാം.

1 comment:

  1. എന്നെ ഇന്ത്യന്‍ ലാന്റിലും അവനെ ഇംഗ്ലീഷ് ലാന്റിലും ആക്കിയ ആ ചോദ്യത്തിന്റെ ഉത്തരം എന്റെ വീടിന് മുന്നില്‍ നെഞ്ചും വിരിച്ച് നില്‍ക്കുന്ന കാഴ്ച കണ്ടപ്പോള്‍ എന്റെ ഇട നെഞ്ചില്‍ ചില ഓര്‍മ്മച്ചീന്തുകള്‍ മിന്നിമറഞ്ഞു.

    ReplyDelete

നന്ദി....വീണ്ടും വരിക