Pages

Wednesday, July 24, 2019

സല്യൂട്ട് ഫസല്‍

           ദിവസങ്ങൾക്ക് മുമ്പ് ഞാൻ വാട്സ് ആപ്പിൽ ഒരു ഫോട്ടോ ഇട്ടു. വീട്ടു മുറ്റത്ത് നിന്നും പറിച്ചെടുത്ത സപ്പോട്ട , ചാമ്പക്ക , കോവക്ക, പച്ചമുളക് തുടങ്ങിയവ തീർത്ത വർണ്ണ വൈവിധ്യം ഒരു കൌതുകമായി തോന്നിയതിനാൽ ആ ഫോട്ടോ മറ്റു പല ഗ്രൂപ്പുകളിലും ഷെയർ ചെയ്തു. അന്ന് വൈകിട്ട്, ആറാം ക്ലാസ് വരെ എന്റെ കൂടെ പഠിച്ച ഇപ്പോൾ ഇംഗ്ലണ്ടിൽ ജോലി നോക്കുന്ന ഡോക്റ്റർ കൂടിയായ ഫസലുൽ‌റഹ്മാൻ  അവന്റെ ജോലി സ്ഥലത്ത് നിന്നും ഫോണില്‍ എന്നെ വിളിച്ചു. തുടര്‍ന്ന് അര മണിക്കൂറിലധികം ഞങ്ങള്‍ സംസാരിച്ചു. അതിന്റെ സംഗ്രഹം ഒന്ന് ഷെയര്‍ ചെയ്യണമെന്ന് തോന്നി.

            കുട്ടിക്കാലത്ത് താമസിച്ചിരുന്ന ചെറുതെങ്കിലും സുന്ദരമായ ഒരു വീടിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ടാണ് ഫസല്‍ സംസാരം തുടങ്ങിയത്. അതിന്റെ ചുറ്റുമുണ്ടായിരുന്ന വിവിധ മരങ്ങളും വള്ളികളും കുറ്റിച്ചെടികളും പലതും പേരറിയാത്തവയായിരുന്നു. പക്ഷേ അവക്കിടയിലൂടെ നടന്നു നീങ്ങുമ്പോള്‍ മരങ്ങള്‍ പൊഴിക്കുന്ന ഇലകളുടെ തലോടലും തൊട്ടാവാടികളുടെ നോവിക്കലും വള്ളിച്ചെടികളുടെ കാലില്‍ ചുറ്റലും അനര്‍ഘമായ ഒരനുഭവമായിരുന്നു സമ്മാനിച്ചിരുന്നത്.

              ഇന്ന് പ്രസ്തുത വീടില്ല.ഫസലിന്റെ സഹോദരന്‍  പുതുതായി പണിത വീടിന് പരിസരത്ത് ഇത്തരം മരങ്ങളും ചെടികളും ഇല്ല. വീടിന് ചുറ്റും ഇന്റര്‍ലോക്ക് പോലുള്ളവയുടെ സാന്നിദ്ധ്യം എല്ലാ തരം ചെടികളെയും അകറ്റി. കോണ്‍ക്രീറ്റ് കാടുകള്‍ നാടിനെ കീഴടക്കിയതിനാല്‍ പരിസരങ്ങളിലും പഴയ കാഴ്ച ഉണര്‍ത്തുന്ന ഒന്നും തന്നെയില്ല.കുടുംബ സമേതം നാട്ടില്‍ വരുമ്പോള്‍ തന്റെ കുട്ടിക്കാലത്തേക്ക് ഒന്നു കൂടി തിരിഞ്ഞ് നടക്കാനും തന്റെ മക്കള്‍ക്ക് ആ അനുഭവങ്ങള്‍ അനുഭവഭേദ്യമാക്കാനും ഇന്ന് തരമില്ല.

            ഇതിന് ഫസല്‍ കണ്ട പരിഹാര മാര്‍ഗ്ഗമാണ് എന്നെ ഏറെ സന്തോഷിപ്പിച്ചത്. ഒരേക്കറോളം സ്ഥലം വാങ്ങി ഇട്ടിരിക്കുകയാണ് അവനിപ്പോള്‍. അവിടെ  പണ്ടത്തെ മരങ്ങളും (അന്നത് താനെ മുളച്ച് വരുന്നവയായിരുന്നു) നാടന്‍ മാവുകളും പന്നലും തൊട്ടാവാടിയും ഒക്കെ നിറഞ്ഞ് നില്‍ക്കണം എന്നൊരാഗ്രഹം. അങ്ങനെ സസ്യ നിബിഡമായ ഹരിത സമ്പൂര്‍ണ്ണമായ ഒരു പറമ്പിലൂടെ ജീവിതത്തിന്റെ അവസാന ദശകങ്ങളില്‍ എങ്കിലും വീണ്ടും ഒന്ന് നടക്കണം.ഈ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി എന്റെ തൈ നടല്‍- ജൈവ കൃഷി പരീക്ഷണങ്ങള്‍ക്ക് അവന്റെ ഈ പറമ്പ് ഉപയോഗിക്കാനുള്ള പരിപൂര്‍ണ്ണ സമ്മതം കൂടി അവന്‍ നല്‍കി.

            പ്രിയ സുഹൃത്തുക്കളെ, ജീവിതത്തിലെ ചില നഷ്ടങ്ങള്‍ നമ്മെ വല്ലാതെ വേട്ടയാടും. പക്ഷെ പ്രകൃതി നഷ്ടപ്പെട്ടതില്‍ വേട്ടയാടപ്പെടുന്ന മനസ്സ് സല്യൂട്ട് അര്‍ഹിക്കുന്നു. സല്യൂട്ട് ഫസല്‍.

3 comments:

  1. പ്രകൃതി നഷ്ടപ്പെട്ടതില്‍ വേട്ടയാടപ്പെടുന്ന മനസ്സ് സല്യൂട്ട് അര്‍ഹിക്കുന്നു.

    ReplyDelete
  2. ഫസലിനെ പോലെ സസ്യ നിബിഡമായ ഹരിത സമ്പൂര്‍ണ്ണമായ ഒരു പറമ്പിലൂടെ ജീവിതത്തിന്റെ അവസാന ദശകങ്ങളില്‍ ചിലവഴിക്കാനായ് എനിക്കും നാട്ടിൽ വരണമെന്നുണ്ട് ..
    പക്ഷേ ഏത് ദശകമാണ് ആയത് എന്നൊരു കൺഫൂഷ്യനിൽ നിൽക്കുകയാണ് ...?

    ReplyDelete
  3. ബിലാത്തിച്ചേട്ടാ...നന്ദി

    ReplyDelete

നന്ദി....വീണ്ടും വരിക