Pages

Tuesday, August 20, 2019

അതിജീവനം - 3

                 ഡോസൺ സായ്പ് അന്ത്യവിശ്രമം കൊള്ളുന്ന നെടുങ്കയം കാട്ടിൽ കഴിഞ്ഞ ഡിസംബറിൽ കുടുംബ സമേതം സന്ദർശിച്ചപ്പോൾ അടുത്ത വരവ് കാടിന്റെ മക്കളെ സാന്ത്വനിപ്പിക്കാനായിരിക്കും എന്ന് നിനച്ചതേയില്ല.

               മൂന്ന് വാഹനങ്ങളിലായി 17 പേരായിരുന്നു ഇന്ന് ഞങ്ങളുടെ സംഘത്തിൽ ഉണ്ടായിരുന്നത്. SSC 87 ബാച്ചിന്റെ സാമൂഹ്യ പ്രവർത്തനത്തിന്റെ ഹരിശ്രീ കുറിച്ചത് നെടുങ്കയം ആദിവാസി കോളനിയിലായത് യാദൃശ്ചികം. അഭിലാഷ് എന്ന ആദിവാസി യുവാവിന്റെ സഹായത്തോടെ സഹപാഠി കൃഷ്ണൻ എരഞ്ഞിക്കൽ കണ്ടെത്തിയ പത്ത് കുടുംബങ്ങളും സഹായത്തിന് തികച്ചും അർഹരായവർ ആയിരുന്നു.
             ഒരു വീട്ടിലെ മിനിമം ആവശ്യങ്ങളായ ബക്കറ്റ് (15 ലിറ്റർ), പാട്ട, മഗ്, പ്ലാസ്റ്റിക് കണ്ടൈനർ ( 2 എണ്ണം), സ്റ്റീൽ പ്ലേറ്റും ഗ്ലാസും ( 4 എണ്ണം വീതം), കഞ്ഞിപ്പാത്രം, സ്റ്റീൽ കൈല് (2 എണ്ണം), 1Kg യും 2 kg യും അരി വേവിക്കാൻ പറ്റുന്ന 2 അലുമിനിയം കലങ്ങളും മൂടിയും അടങ്ങുന്നതായിരുന്നു ഒരു കിറ്റ്. നേരത്തെ കണ്ടെത്തിയ പത്ത് കുടുംബങ്ങൾക്ക് പുറമെ ഇന്ന് കണ്ട് ബോധ്യപ്പെട്ട പത്ത് കുടുംബങ്ങൾക്ക് കൂടി പാത്രങ്ങൾ വിതരണം ചെയ്യാൻ സാധിച്ചു. ഇന്നലെ പെട്ടെന്ന് കൂടുതൽ കിറ്റ് വാങ്ങിയാലോ എന്ന മെഹ്ബുബിന്റെ ചോദ്യത്തിന് യെസ് മൂളുമ്പോൾ അത് ഇത്രയും കുടുംബങ്ങൾക്ക് ആശ്വാസമേകും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.
               ഒന്നാം ക്ലാസ് മുതൽ ഡിഗ്രി വരെ പഠിക്കുന്ന അമ്പതോളം വിദ്യാർത്ഥികൾക്ക് നോട്ടുപുസ്തകം, പേന, പെൻസിൽ, ഇറേസർ എന്നിവയും നല്കി. സാമൂഹ്യ പ്രവർത്തകനായ ജോസ് അരീക്കോടും ഞങ്ങളുടെ കൂടെ ചേർന്നത് കൂടുതൽ പുസ്തകങ്ങൾ നല്കാൻ സഹായിച്ചു. സ്വന്തം വീട്ടിലെ സൽക്കാരം ഉപേക്ഷിച്ച് ഞങ്ങളോടൊപ്പം കൂടിയ GEC വയനാടിലെ എന്റെ Nടട വളണ്ടിയറായിരുന്ന കരുളായിക്കാരൻ ഫവാസിന്റെ സാന്നിദ്ധ്യവും ഏറെ ഉപകാരപ്പെട്ടു.
             ഏകദേശം 3 മണിയോടെ വിതരണം പൂർത്തിയായി. ആമാശയത്തിന്റെ നിലവിളി അപ്പോഴേക്കും അസഹ്യമായിരുന്നു. സമയം തെറ്റിയതിനാൽ ഹോട്ടലുകളിൽ ഉച്ചഭക്ഷണം  തീർന്നിരുന്നു. വഴി മദ്ധ്യേയുള്ള എന്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ കയറിയത് താല്കാലിക ആശ്വാസം നൽകി.

            ഇനിയും ധാരാളം പ്രവർത്തനങ്ങൾ ചെയ്യാനുണ്ട്. ബാച്ചിലെ എല്ലാവരും തന്നാലാവുന്നത് എത്രയാണെങ്കിലും നല്കിയാൽ നമ്മുടെ സഹജീവികളുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ ഇനിയും നമുക്ക് സാധിക്കും. എല്ലാവരും സഹകരിക്കും എന്ന് പ്രതീക്ഷിക്കട്ടെ.

           വൈകിട്ട് അഞ്ചരയോടെ എല്ലാവരും സ്വന്തം വീട്ടിലെത്തി. വഴി നീളെ കണ്ട പ്രളയ ദുരിതങ്ങൾ ഇപ്പോഴും മനസിനെ വേട്ടയാടിക്കൊണ്ടേ ഇരിക്കുന്നു. ഇനിയും ഒരു ദുരന്തത്തിന് ഞങ്ങളെ സാക്ഷിയാക്കരുതേ എന്ന് മനമുരുകി പ്രാർത്ഥിക്കുന്നു.

3 comments:

  1. ഇനിയും ഒരു ദുരന്തത്തിന് ഞങ്ങളെ സാക്ഷിയാക്കരുതേ എന്ന് മനമുരുകി പ്രാർത്ഥിക്കുന്നു.

    ReplyDelete
  2. ദുരന്തത്തിന്റെ നേർക്കാഴ്ച്ചകൾ ...

    ReplyDelete
  3. അന്ന് എന്റെ മനസ്സ് പിടഞ്ഞ്‌കൊണ്ടേ ഇരുന്നു. കവളപ്പാറ കൂടി കണ്ടിരുന്നെങ്കില്‍ ഒരു പക്ഷേ ഞാന്‍ വീട്ടില്‍ തിരിച്ചെത്തില്ലായിരുന്നു .

    ReplyDelete

നന്ദി....വീണ്ടും വരിക