Pages

Tuesday, January 08, 2019

ഡോസൺ സായിപ്പിന്റെ നെടുങ്കയത്തിൽ...

               നിലമ്പൂരിനടുത്തുള്ള ഏതാണ്ട് എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പല പ്രാവശ്യം പോയിട്ടും ഞാൻ എത്തിപ്പെടാത്ത സ്ഥലമായിരുന്നു നെടുങ്കയം. നിലമ്പൂരിൽ നിന്നും 15 കിലോമീറ്റർ അകലത്തിൽ കരുളായി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലം. ആനയടക്കമുള്ള വന്യമൃഗങ്ങളുടെയും മാവോവാദികളുടെയും ആക്രമണ ഭീഷണിയായിരിക്കാം കുടുംബ സമേതമുള്ള നെടുങ്കയം യാത്രയിൽ നിന്ന് എന്നെ പിന്തിരിപ്പിച്ച അദൃശ്യ ശക്തി. ഭാര്യാ സഹോദരിയുടെ വീട് കരുളായിയിൽ ആയതിനാൽ അവിടെ പോകുമ്പോൾ സന്ദർശിക്കാം എന്ന നിലക്ക് മാറ്റിവച്ചതാണ് മറ്റൊരു കാരണം.

              ഏതായാലും ഏറും മോറും ഒത്ത് എന്ന് പറഞ്ഞപോലെ ഭാര്യാ സഹോദരിയുടെ വീട്ടിൽ പോകേണ്ടതായി വന്നു. അന്ന് നെടുങ്കയം കൂടി കണ്ടിട്ടേ മടങ്ങൂ എന്ന് ഞാനും തീരുമാനിച്ചു. കരുളായി സ്വദേശിയായ, ജി.ഇ.സി വയനാടിലെ പൂർവ്വ വിദ്യാർത്ഥി ഫവാസിനെ വിളിച്ച് വിവരം പറഞ്ഞു. കരുളായി എത്തുമ്പോൾ അവനെ വിളിച്ചാൽ അവനും കൂടി വരാം എന്ന് പറഞ്ഞപ്പോൾ മേല്പറഞ്ഞ രണ്ട് ആക്രമണ ഭീഷണി പങ്ക് വയ്ക്കാൻ ഒരാളെ കൂടി കിട്ടി! പക്ഷെ മക്കൾ മൂന്ന് പേരും മറ്റൊരു കാരണത്താൽ എന്റെ ഭാര്യാ വീട്ടിൽ യാത്ര അവസാനിപ്പിച്ചു.

               നാട്ടിലേക്ക് കടത്താനായി തേക്ക് നട്ട്  പിടിപ്പിക്കുകയും അതിലേക്ക് വാഹനസൌകര്യവും ഒരുക്കുന്നതായിരുന്നു നിലമ്പൂർ മേഖലയിൽ ബ്രിട്ടീഷ്‌കാരുടെ പ്രധാന പരിപാടി. അങ്ങനെയാണ് കനോലി തേക്കിൻ‌തോട്ടവും നിലമ്പൂരിലേക്ക് ട്രെയിനും ഒക്കെ ഉണ്ടാകുന്നത്. നെടുങ്കയത്തെ തേക്ക് തോട്ടവും അങ്ങോട്ടുള്ള റോഡും പാലവും എല്ലാം ഇതേ ഉദ്ദേശത്തോടെ തന്നെ നിർമ്മിച്ചതാണ്. നെടുങ്കയത്ത് എത്താൻ, അന്നത്തെ ഫോറസ്റ്റ് എൻജിനീയർ ആയിരുന്ന ഇ.എസ് ഡോസൺ (Dawson) കരിമ്പുഴക്ക് കുറുകെ പണിതത് രണ്ടു ഗർഡർ പാലങ്ങളാണ്. 
               ഒന്നാം പാലത്തിനടുത്തുള്ള ടിക്കറ്റ് കൌണ്ടറില്‍ നിന്ന് ടിക്കറ്റെടുക്കണം. മുതിര്‍ന്നവര്‍ക്ക് 10 രൂപയും കുട്ടികള്‍ക്ക് 5 രൂപയും ആണ് നിരക്ക്.പിന്നെ കാടിന്റെ വന്യത ആസ്വദിച്ചുകൊണ്ട് അല്പദൂരം ഡെഐവ് ചെയ്യാം.ആനകളെ പലപ്പോഴും കാണാറുള്ള സ്ഥലത്ത് കൂടിയാണ് ഈ യാത്ര! 1933ൽ നിർമ്മിച്ച രണ്ടാം പാലത്തിനടുത്തു വരെയേ സഞ്ചാരികളുടെ വാഹനം അനുവദിക്കൂ. ഇന്നും ഒന്നും സംഭവിക്കാത്ത പാലത്തിലൂടെ ഒരു KSRTC ബസ് ദിവസേന സർവീസ് നടത്തുന്നുണ്ട്.
                ഡോസൺ സായിപ്പിന്റെ ജീവൻ കവർന്ന കയം പാലത്തിന്റെ നേരെ താഴെയാണ്. ശുദ്ധവും തെളിഞ്ഞതുമായ കരിമ്പുഴയുടെ മാദക ഭംഗി എല്ലാവരെയും മാടി വിളിക്കും. ആ വിളിയിൽ ലയിച്ച് ചേർന്ന് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി അവിടെ മുന്നറിയിപ്പ് ബോർഡുണ്ട്. ഇറങ്ങുന്നതിന്റെ മുമ്പ് ഒന്ന് വായിച്ചാൽ ജീവനോടെ മടങ്ങാം. 
                മുന്നറിയിപ്പ് ബോര്‍ഡും കടന്ന് ഞങ്ങള്‍ കാട്ടിലൂടെ നടക്കാന്‍ തുടങ്ങി.റോഡ് രണ്ടായി പിരിയുന്നിടത്ത് ഡോസന്‍ സായിപ്പിന്റെ അന്ത്യ വിശ്രമ സ്ഥലം കാണാം. ഇത്രയും വലിയൊരു എഞ്ചിനീയര്‍ ആരാലും തിരിഞ്ഞ് നോക്കാനില്ലാതെ അന്ത്യ വിശ്രമം കൊള്ളുന്നത് കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ മനസ്സില്‍ ഒരു നീറ്റല്‍ ഉണ്ടായി.
                   ഇനി വലതു ഭാഗത്തേക്കുള്ളത് ടാറിടാത്ത ഒരു വഴിയാണ്. ഉള്‍ക്കാട്ടില്‍ സ്ഥിതി ചെയ്യുന്ന മാഞ്ചീരി എന്ന സ്ഥലത്തേക്കുള്ള റോഡാണത്. ഇപ്പോഴും ഗുഹയില്‍ താമസിക്കുന്നു എന്ന് പറയപ്പെടുന്ന   പ്രാക്തന ഗോത്രവർഗക്കാരായ ചോലനായ്ക്കർ താമസിക്കുന്ന ഗ്രാമം.കിലോമീറ്ററുകള്‍ സഞ്ചരിച്ചാലേ മാഞ്ചീരിയില്‍ എത്തൂ. അങ്ങോട്ട് പോകാന്‍ പ്രത്യേക അനുവാദവും വേണം.

                ഇടത്തോട്ട് തിരിയുന്ന റോഡിന് അല്പം കൂടി മുന്നോട്ട് പോയാല്‍ മനോഹരമായി സജ്ജീകരിച്ച ഒരു ട്രൈബല്‍ സ്കൂളില്‍ എത്തും.സ്കൂള്‍ കെട്ടിടവും പുറത്തെ പാര്‍ക്കും കുട്ടികളെ എന്നും സ്കൂളില്‍ എത്താന്‍ പ്രേരിപ്പിക്കും.
                  അല്പം കൂടി മുന്നോട്ട് പോയാല്‍ ആദിവാസികളെ കുടിയിരുത്തിയ കോളനിയായി. കോളനി തുടങ്ങുന്നിടത്താണ് പഴയ ആനപ്പന്തി മോടി പിടിപ്പിച്ച് നിലനിര്‍ത്തിയിരിക്കുന്നത്. 1935ല്‍ ആണ് ഇവിടെ ആനപ്പന്തി പ്രവര്‍ത്തനം തുടങ്ങിയത് എന്നും ഇത്തരം അഞ്ചോളം ആനപ്പന്തികള്‍ ഉണ്ടായിരുന്നു എന്നും സമീപത്തെ ബോര്‍ഡ് പറയുന്നു.              

                  മടങ്ങിപ്പോരുമ്പോഴാണ് പാലത്തിന്റെ  വലതു ഭാഗത്ത് ഗേറ്റിനുള്ളില്‍ ഒരു ചെറിയ കെട്ടിടം ശ്രദ്ധയില്‍ പെട്ടത്. സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള ടൂറിസ്റ്റ് ബംഗ്ലാവ് ആണ്. പഴയ ബംഗ്ലാവ് മോടി കൂട്ടിയതാണ്. സായാഹ്ന സൂര്യന്റെ അരുണകിരണങ്ങള്‍ കരിമ്പുഴയില്‍ പതിക്കുന്നതും നോക്കി ബാല്‍ക്കണിയില്‍ ഇരിക്കാന്‍ നല്ല രസമായിരിക്കും എന്ന് ഒറ്റ നോട്ടത്തില്‍ തോന്നുന്നു. താമസത്തിന് വനം വകുപ്പുമായി തന്നെ ബന്ധപ്പെടണം.
              കേരളത്തിലെ രണ്ടാമത്തെ ഇക്കോ ടൂറിസം സെന്ററാണ് നെടുങ്കയം. ഒരേ ഒരു KSRTC ബസ് കിട്ടിയില്ലെങ്കില്‍ നിലമ്പൂരില്‍ നിന്ന് കരുളായിയിലേക്ക് ബസ് കയറാം. അവിടെ നിന്നും 7 കിലോമീറ്റര്‍ കൂടി ഓട്ടോക്കോ ജീപ്പിനോ പോകാം. അല്പ നേരം കാട് ആസ്വദിക്കാന്‍ സമയമുള്ളവര്‍ ഒന്ന് ശ്രമിച്ചു നോക്കുക.

              മടക്ക യാത്രയില്‍ ഫവാസിന്റെ വീടും കൂടി സന്ദര്‍ശിച്ച് എന്റെ നെടുങ്കയം യാത്ര അവസാനിപ്പിച്ചു.

9 comments:

Areekkodan | അരീക്കോടന്‍ said...

ശുദ്ധവും തെളിഞ്ഞതുമായ കരിമ്പുഴയുടെ മാദക ഭംഗി എല്ലാവരെയും മാടി വിളിക്കും. ആ വിളിയിൽ ലയിച്ച് ചേർന്ന് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി അവിടെ മുന്നറിയിപ്പ് ബോർഡുണ്ട്. ഇറങ്ങുന്നതിന്റെ മുമ്പ് ഒന്ന് വായിച്ചാൽ ജീവനോടെ മടങ്ങാം.

Cv Thankappan said...

എഞ്ചിനിയർ ഇ.എസ്.ഡോസൺ സായിപ്പ് പണിയിച്ച പാലം...ഒടുവിൽ........കഷ്ടമായി............
ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...സത്യം.ആ കല്ലറ കണ്ടാല്‍ വിദേശി ആണെങ്കിലും മനസ്സില്‍ ഒരു വിങ്ങല്‍ അനുഭവപ്പെടും

Manikandan said...

പ്രകൃതിസൗന്ദര്യം നിറഞ്ഞ എത്ര സ്ഥലങ്ങളാണ് നമ്മുടെ തന്നെ നാട്ടിൽ, അധികം വികലമാക്കപ്പെടാതെ ഇവയൊക്കെ ഇങ്ങനെ തന്നെ നിലനിൽക്കട്ടെ. യാത്രകൾ തുടരൂ. ഞങ്ങൾ വായനക്കാർക്ക് പുതിയ സ്ഥലങ്ങൾ അങ്ങനെ പരിചയപ്പെടാമല്ലൊ.

Areekkodan | അരീക്കോടന്‍ said...

Manikandan ji...പരിസ്ഥിതിയെക്കുറിച്ച് ബോധമില്ലാത്ത ടൂറിസ്റ്റുകള്‍ കൂടിയാല്‍ തീര്‍ച്ചയായും ഈ പച്ചപ്പ് മായും.വായനക്കും അഭിപ്രായത്തിനും നന്ദി.കിട്ടുന്ന ഇടവേളകളില്‍ കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ തുടരും, ഇന്‍ഷാ അല്ലാഹ്

© Mubi said...

പ്രകൃതിയോട് കരുതലോടെ പെരുമാറാൻ സന്ദർശകരായ നമ്മളും പഠിക്കേണ്ടിയിരിക്കുന്നു. ഇതുപോലെയുള്ള എത്ര സ്ഥലങ്ങളാണ് നമ്മൾ തന്നെ നശിപ്പിച്ചിട്ടുള്ളത്? “Travel and tell no one, live a true love story and tell no one, live happily and tell no one, people ruin beautiful things.” ― Kahlil Gibran

Areekkodan | അരീക്കോടന്‍ said...

മുബീ...ജിബ്രാന്‍ പറഞ്ഞത് വല്ലാത്തൊരു സംഗതി തന്നെയാണല്ലോ.

Muralee Mukundan , ബിലാത്തിപട്ടണം said...

കേരളത്തിലെ രണ്ടാമത്തെ ഇക്കോ ടൂറിസം സെന്ററാണ് നെടുങ്കയം. ഒരേ ഒരു KSRTC ബസ് കിട്ടിയില്ലെങ്കില്‍ നിലമ്പൂരില്‍ നിന്ന് കരുളായിയിലേക്ക് ബസ് കയറാം. അവിടെ നിന്നും 7 കിലോമീറ്റര്‍ കൂടി ഓട്ടോക്കോ ജീപ്പിനോ പോകാം. അല്പ നേരം കാട് ആസ്വദിക്കാന്‍ സമയമുള്ളവര്‍ ഒന്ന് ശ്രമിച്ചു നോക്കുക.

Areekkodan | അരീക്കോടന്‍ said...

ബിലാത്തിയേട്ടാ... കോപ്പി പേസ്റ്റ് !!!

Post a Comment

നന്ദി....വീണ്ടും വരിക