Pages

Thursday, March 31, 2016

വിഡ്ഢികൾക്ക് വേണ്ടി...


ലോകത്തിലെ എല്ലാ ദിനാചരണങ്ങളും ഒരു ദിവസം മുഴുവനാണ്‌. എന്നാൽ വിഡ്ഢി ദിനം ഉച്ചക്ക് 12 മണി വരെ മാത്രമേയുള്ളൂ എന്ന് ചെറുപ്പം മുതലേ കേൾക്കുന്നു. ഈ വിഡ്ഢിത്തരം ഉണ്ടാക്കി വച്ചതാരാണാവോ ? 

Friday, March 25, 2016

തറവാടും തറവട്ടത്തും

ഞാന്‍ ജനിച്ചു വളര്‍ന്ന അരീക്കോട്ടെ തറവാട് വീട് ഈ അടുത്ത് പൊളിച്ചു.അതിന് ശേഷം പതിവില്ലാതെ എന്റെ കൊച്ചുമകള്‍ യു.കെ.ജിക്കാരി ലൂന എന്റെ അടുത്ത് വന്ന് ചോദിച്ചു – “ഉപ്പച്ചിയുടെ പേരെന്താ?”

“ആബിദ് തറവട്ടത്ത്...” ഞാന്‍ പറഞ്ഞു.

“അല്ല....ഇനി ആബിദ് അരീക്കോട് എന്നാണ് ഉപ്പച്ചിയുടെ പേര്‍..” അവള്‍ പറഞ്ഞു.

“ങേ!!അതെന്താ അങ്ങനെ?” ഞാന്‍ ആബിദ് അരീക്കോട് എന്നും അറിയപ്പെടാറുണ്ടെങ്കിലും അവളുടെ  പുതിയ ഉത്തരം കിട്ടാനായി ഞാന്‍ ചോദിച്ചു.

“അതേയ്....തറവാട് പൊളിച്ചു....ഇനി പേരിന്റ്റെ പിന്നില്‍ തറവട്ടത്ത് എന്ന് പറ്റില്ല...!!!” തറവാടും തറവട്ടത്തും തമ്മില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയ കുഞ്ഞു മനസ്സിന്റെ പ്രതികരണം !!

(തറവട്ടത്ത് എന്നത്  കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് നൊച്ചാട് എന്ന സ്ഥലത്തെ എന്റെ പിതാവിന്റെ തറവാട് പേരാണ്.ആ തറവാട്ട് പേര്‍ ഉണ്ടാക്കിയ ഇതുപോലെയുള്ള നിരവധി കൊച്ചു കൊച്ചു കഥകള്‍ ഉണ്ട്....തുടരും)


Sunday, March 20, 2016

ഭൂമിക്ക് വേണ്ടി ഒരു മണിക്കൂറ്


ചുട്ടുപൊള്ളുന്ന ചൂട് താരതമ്യേന നല്ല കാലാവസ്ഥ അനുഭവപ്പെടുന്ന ദൈവത്തിന്റെ സ്വന്തം നാടിനെയും അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നാം ദിനേന കേട്ടുകൊണ്ടിരിക്കുന്നു.സൂര്യാഘാതം എന്ന പദം ഹൃദയാഘാതം എന്ന പദം പോലെ ചിരപരിചിതമായി.സൂര്യന്‍ അന്നും ഇന്നും ഏകദേശം ഒരേ നിലയില്‍ തന്നെയാണ് ഊര്‍ജ്ജം പുറത്ത് വിടുന്നത് എന്ന് ശാസ്ത്രം പറയുന്നു.അങ്ങനെ ഇപ്പോള്‍ ഉണ്ടാകുന്ന പൊള്ളല്‍ സൂര്യന്റെ മേല്‍ ചാര്‍ത്തി സൂര്യാഘാതം എന്ന പേരും നല്‍കി മനുഷ്യന്‍ കൈ കഴുകുന്നു.

ഈ അവസരത്തിലാണ് എര്‍ത്ത് അവര്‍ എന്ന സൂചനാ ഐക്യദാര്‍ഢ്യം പ്രസക്തമാകുന്നത്. ഭൂമിയെ രക്ഷിക്കാന്‍ , ഭൂമിക്ക് വേണ്ടി ചിന്തിക്കാന്‍, ഭൂമിക്കും അതിലെ ഇതര ജീവികള്‍ക്കും നിലനില്‍ക്കാന്‍ , വര്‍ഷത്തില്‍ ഒരു മണിക്കൂര്‍ നേരത്തേക്കെങ്കിലും സമയം കണ്ടെത്താനുള്ള ഒരു ആഹ്വാനമാണ് എര്‍ത്ത് അവര്‍ ആചരണം.ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും പ്രതിരോധിക്കാന്‍  ലോകമെമ്പാടും നടക്കുന്ന ഒരു ശ്രമമാണിത്.

ലോകമൊട്ടുക്കുമുള്ള വിവിധ ചരിത്രസ്മാരകങ്ങളും പ്രശസ്ത കെട്ടിടങ്ങളും പ്രകാശപൂരിതമായി നില്‍ക്കുന്ന നിരവധി ഫോട്ടോകള്‍ നാം കണ്ടിട്ടുണ്ട്.ഇന്ത്യാഗേറ്റിന്റെയും രാഷ്ട്രപതി ഭവന്റെയും മറ്റും  ദീപാലങ്കൃതമായ കാഴ്ച അല്ലെങ്കില്‍ രാത്രിക്കാഴ്ച നേരില്‍ കണ്ടവര്‍ക്ക് അത് എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു ഓര്‍മ്മ തന്നെയായിരിക്കും.അത്തരം സ്മാരകങ്ങള്‍ വരെ രാത്രിയില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് വൈദ്യുതി അണച്ച് ഈ പ്രതീകാത്മക ഐക്യദാര്‍ഢ്യത്തില്‍ പങ്കെടുക്കുന്നു എന്ന് അറിയുമ്പോള്‍ ഇതിന്റെ പ്രാധാന്യം നാം മനസ്സിലാക്കണം.

                                                 ഫോട്ടോ കടപ്പാട് : ഗൂഗ്‌ള്‍


കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എന്റെ വീട്ടില്‍ ഞാന്‍ എര്‍ത്ത് അവര്‍ ആചരിച്ചു വരുന്നുണ്ട്. വീട്ടുകാരെ മുഴുവന്‍ ഇതിനെപ്പറ്റി ധരിപ്പിച്ച ശേഷമാണ് ഈ ആചരണം എന്നതിനാല്‍ അവരും എന്നോട് സഹകരിക്കുന്നു. ഒരു മണിക്കൂര്‍ നേരത്തേക്ക് വൈദ്യുതി ഓഫ്ഫാക്കുമ്പോള്‍ നമുക്ക് ചുട്ടുപൊള്ളുന്നു എങ്കില്‍ ഭൂമിക്ക് എത്ര മാത്രം പൊള്ളുന്നു എന്ന് ഒരു നിമിഷത്തേക്കെങ്കിലും നമുക്ക് ചിന്തിക്കാന്‍ സാധിക്കണം.മാധ്യമങ്ങളിലൂടെ നമ്മുടെ മന്ത്രിമാരും പരിസ്ഥിതി പ്രവര്‍ത്തകരും ഈ ആചരണത്തില്‍ പങ്കെടുക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. നിര്‍ഭാഗ്യവശാല്‍ ലോകം മുഴുവന്‍ പങ്കെടുക്കുന്ന ഈ ആചരണത്തിലും കേരള ജനതയുടെ പ്രതികരണം തണുത്തതാണ് എന്ന് പറയാതിരിക്കാന്‍ വയ്യ.നാം ഇനി എന്ന് ഉണരുമോ ആവോ ?

20/3/2016 ലെ പത്രറിപ്പോര്‍ട്ട് 

20/3/2016 മാതൃഭൂമി ദിനപത്രത്തിലെ എന്റെ പ്രതികരണം 

Wednesday, March 16, 2016

ബാബുവിനെത്തേടി....3

ബാബുവിനെത്തേടി....1
ബാബുവിനെത്തേടി....2

ഇന്ന് നടന്ന സംഭവവും വർഷങ്ങൾക്ക് മുമ്പ് ജയചന്ദ്രൻ സാർ കൂടി പങ്കെടുത്ത ഒരു യോഗാനന്തരം നടന്ന ഈ സംഭവവും പറഞ്ഞുകഴിഞ്ഞപ്പോഴാണു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു ഏട് എന്റെ ഓർമ്മയിലേക്ക് തുന്നിച്ചേർത്തത്. പെരുമ്പാവൂരിൽ നിന്നും അങ്കമാലിയിലേക്കുള്ള യാത്രക്കിടയിൽ ഞാൻ ആ കഥ മുഴുവൻ കേട്ടു.

നെറ്റിയിൽ സദാ ചന്ദനക്കുറിയും തൊട്ട് മാത്രമേ ഞാൻ ജയചന്ദ്രൻ മാഷെ കണ്ടിട്ടുള്ളൂ. അദ്ദേഹത്തിന്റെ ബാല്യകാലത്തെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു റഹീം (പേര് യഥാർത്ഥമല്ല ). തൊട്ടടുത്ത വീടുകളിൽ ആയിരുന്നു അവർ താമസിച്ചിരുന്നത്. കുട്ടിക്കാലത്തെ കുസൃതിയിൽ അവർ പരസ്പരം അടികൂടിയിരുന്നു, ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു , ഒരേ പായയിൽ കിടന്നുറങ്ങിയിരുന്നു.അങ്ങനെ രണ്ട് മതസ്ഥരെങ്കിലും എന്നും ആ വീട്ടുകാർക്കിടയിൽ സ്നേഹം നില നിന്നു.ഇരു മതങ്ങളുടെയും ആഘോഷ ദിവസങ്ങളിൽ അവർ പരസ്പരം സന്തോഷം പങ്കിട്ടു.

അങ്ങനെ ഇരിക്കെ കുട്ടികൾ വലുതായി. റഹീമിന്റെ കുടുംബത്തിനു എന്തോ ആവശ്യാർത്ഥം പാലക്കാട്ടേക്ക് താമസം മാറ്റേണ്ടി വന്നു. കുഞ്ഞുനാളിലേ പരസ്പരം സുഖ:ദുഖങ്ങൾ പങ്കുവച്ച മനസ്സുകൾ ഇനി ഒരുമിച്ച് ഇല്ല.റഹീമും ജയചന്ദ്രനും പരസ്പരം കെട്ടിപ്പിടിച്ച് കണ്ണീരൊഴുക്കി യാത്ര പറഞ്ഞു.ഇറങ്ങുമ്പോൾ റഹീം പറഞ്ഞതായി ജയചന്ദ്രന്റെ മനസ്സില് ഉള്ളത് പാലക്കാട് പുതുനഗരത്തിലേക്കാണു താമസം മാറുന്നത് എന്നായിരുന്നു.മൊബൈലും ഫേസ്ബുക്കും പോയിട്ട്  ലാന്റ്ഫോൺ പോലും ഇല്ലാത്ത അക്കാലത്തെ വിടവാങ്ങൽ ഒരു തരത്തിൽ അവസാനത്തേത് തന്നെയായിരുന്നു.

കാലങ്ങൾ പലതും മാറിമറിഞ്ഞു.റഹീമും ജയചന്ദ്രനും വലുതായി , കല്യാണം കഴിച്ചു , കുട്ടികളായി.ഒരു ദിവസം പെട്ടെന്ന് ജയചന്ദ്രന്റെ മനസ്സില് ഒരു തിരയിളക്കം അനുഭവപ്പെട്ടു. ബാല്യകാലത്ത്‌ തന്റെ കൂടെ കളിച്ച് നടന്ന റഹീമിനെ ഒന്ന് കാണണം.സ്വയം സഞ്ചരിക്കാൻ തന്റേടവും സ്വാതന്ത്ര്യവും ഉള്ളതിനാൽ ഒരു കാൽവയ്പ്പ്  മാത്രമേ ഇനി ആവശ്യമുള്ളൂ. മറ്റെന്തോ കാര്യത്തിൽ ഏർപ്പെട്ടതോടെ ആ ചിന്ത തല്ക്കാലം മുറിഞ്ഞു. അടുത്ത ദിവസം പൂര്വ്വാധികം ശക്തമായി റഹീമിനെ കാണണം എന്ന ചിന്ത തിരിച്ച് വന്നു.അപ്പോഴും തല്ക്കാലം അടക്കിയെങ്കിലും മൂന്നാം ദിവസം ജയചന്ദ്രൻ മാഷുടെ മനസ്സ് അയഞ്ഞില്ല.പാലക്കാട് പുതുനഗരത്ത്തിൽ എവിടെയോ താമസിക്കുന്ന റഹീം എന്ന എന്തോ ജോലിക്കാരനേയും തേടി തൃശൂർ ഇരിങ്ങാലക്കുടയിൽ നിന്നും ജയചന്ദ്രൻ മാഷ് ബസ്സ്‌ കയറി.

പുതുനഗരത്ത്തിൽ എത്തിയ ജയചന്ദ്രൻ മാഷ് റഹീമിനെ എങ്ങനെയോ അന്വേഷിച്ച് കണ്ടെത്തി.അന്ന് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത് എത്തിയ റഹീം ജയചന്ദ്രൻ മാഷെ കണ്ടതും കണ്ണിൽ നിന്നും ചുടുനീരുറവ അണപൊട്ടിയൊഴുകി.വാക്കുകള്ക്ക് അവിടെ സ്ഥാനമില്ലായിരുന്നു , രണ്ട്  ഹ്രുദയങ്ങൾ തമ്മിലായിരുന്നു അപ്പോൾ  സംവദിച്ചിരുന്നത്. കഥ ഒന്നുമറിയാതെ റഹീമിന്റെ ഭാര്യ ആ രംഗങ്ങൾക്ക് സാക്ഷിയായി.

രണ്ട് ദിവസം മുമ്പ് നടന്ന ഒരു അപകടത്തിൽ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ റഹീമിനെയാണു താൻ കണ്ടത് എന്ന് റഹീമിന്റെ ഭാര്യയിൽ നിന്നും ജയചന്ദ്രൻ മാഷ്  മനസ്സിലാക്കി . ആ അപകടം പറ്റിയ നിമിഷത്തിൽ തന്റെ മനസ്സില് ദൈവം  തോന്നിച്ചതായിരുന്നു റഹീമിനെ കാണണം എന്ന ചിന്ത എന്ന് ജയചന്ദ്രൻ മാഷ് പറഞ്ഞപ്പോഴാണു ചില അസമയത്തെ തോന്നലുകളെപ്പറ്റി ഞാൻ അറിയാതെ ചിന്തിച്ചു പോയത്.

ബസ്സ്‌ അങ്കമാലിയിൽ എത്തി.ജയചന്ദ്രൻ മാഷോട് യാത്ര പറഞ്ഞ്  ഇറങ്ങി ഞാൻ അടുത്ത പ്രയാണം ആരംഭിച്ചു.


(അവസാനിച്ചു )

Sunday, March 13, 2016

ബാബുവിനെത്തേടി....2


പിറ്റേ ദിവസം 10 മണിക്ക് തന്നെ  പ്രോഗ്രാം ഓഫീസര്‍മാര്‍ക്കായുള്ള എന്റെ സെഷന്‍ കഴിഞ്ഞ് ഞാന്‍ മടക്കയാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.പക്ഷെ എവിടെയൊക്കെയോ തട്ടിത്തടഞ്ഞ് മടക്കയാത്ര അടുത്ത സെഷന്‍ കൈകാര്യം ചെയ്ത ശ്രീരാമ പോളിടെക്നിക്കിലെ ജയചന്ദ്രന്‍ മാഷുടെ കൂടെയാക്കി.

“സാറെ, കോതമംഗലത്ത് നിന്ന് നേരിട്ട് ബസ് കിട്ടാന്‍ പ്രയാസമാണ്...” ജയചന്ദ്രന്‍ മാഷ് പറഞ്ഞു.

“അല്ലെങ്കിലും നേരിട്ട് പോകണ്ട....ഇന്ന് വെള്ളിയാഴ്ചയാ....ഞാന്‍ അങ്കമാലിയില്‍ ഇറങ്ങി പള്ളിയില്‍ കയറിയിട്ടേ വരുന്നുള്ളൂ...”

“ എങ്കില്‍ നമുക്ക് പെരുംബാവൂരിലേക്ക് കയറി അവിടെ നിന്നും അടുത്ത ബസ് പിടിക്കാം...” ജയചന്ദ്രന്‍ മാഷ് നിര്‍ദ്ദേശിച്ചു.

“പെരുംബാവൂരിലേക്ക് ദാ നിറയെ ബസ്സുകള്‍...” പ്രൈവറ്റ് ബസ്സുകള്‍ കാണിച്ച് ഞാന്‍ പറഞ്ഞു.

“അത് വേണ്ട....കെ.എസ്.ആര്‍.ടി.സി ക്ക് പോകാം.അല്ലെങ്കില്‍ സ്റ്റാന്റിലേക്ക് ഓട്ടോ പിടിക്കേണ്ടി വരും...”

“ഓ.കെ..” ഇന്നലെ ആ കൌണ്ടറില്‍ നിന്നും എനിക്ക് ലഭിച്ച മറുപടിയിലുള്ള ശുഭാപ്തി വിശ്വാസം കാരണം ഞാന്‍ വേഗം സമ്മതം മൂളി.

അല്പസമയം കഴിഞ്ഞ് വന്ന ഒരു കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറി ഞങ്ങള്‍ പെരുമ്പാവൂരിലേക്ക് തിരിച്ചു. എന്റെ മനസ്സില്‍ ബാബു വീണ്ടും വെളുത്ത പല്ലുകള്‍ കാട്ടി ചിരിച്ചു.

**************************************************
ഇതേ സമയത്ത് പെരുമ്പാവൂര്‍ സ്റ്റാന്റില്‍.....

“ഡ്‌റും.....ഡ്‌റും.....ഡും....നാശം ഈ ശകടം വീണ്ടും പണിമുടക്കാന്‍ തുടങ്ങിയല്ലോ...?” ഡ്രൈവര്‍ സുഗതന്‍ പതിനെട്ടടവും പയറ്റിയിട്ടും പെരുമ്പാവൂര്‍ സ്റ്റാന്റില്‍ നിന്നും എറണാകുളത്തേക്കുള്ള ആ വണ്ടി അനങ്ങിയില്ല.

“എടാ പി.ആറേ....ഇതും കൊണ്ട് എറണാകുളത്ത് പോകാന്‍ പറ്റും എന്ന് തോന്നുന്നില്ല.....”

“ങാ....ഞാന്‍ റിപ്പോര്‍ട്ട് ചെയ്യട്ടെ....പക്ഷെ എനിക്കിന്ന് അടുത്ത ബസ്സിനെങ്കിലും ഡ്യൂട്ടിക്ക് പോയെ പറ്റൂ....” കണ്ടക്ടറുടെ മറുപടി.

“ങാ....നീ പൊയ്ക്കോ....ഞാന്‍ ഇന്നിനി ഡ്യൂട്ടിക്കില്ല....”

“സാര്‍.... എറണാകുളത്തേക്കുള്ള ടി412 ബ്രേക്ക്ഡൌണ്‍ ആണ്.എനിക്ക് അടുത്ത ബസില്‍ ഡ്യൂട്ടി തന്നാല്‍ ഉപകാരം...” കണ്ടക്ടര്‍ സ്റ്റേഷന്‍ മാസ്റ്ററുടെ അടുത്ത് ബോധിപ്പിച്ചു.

“അതൊന്നും പറ്റില്ല....ബസ് ഡൌണ്‍ ആയാല്‍ അന്ന് ജീവനക്കാരും ഡൌണ്‍....വേഗം മെക്കാനിക്കിനെ പോയി കണ്ട് റിപ്പോര്‍ട്ട് ചെയ്യ്.....” സ്റ്റേഷന്‍ മാസ്റ്ററുടെ കടുത്ത മറുപടി.

‘ങാ...അങ്ങനെയെങ്കില്‍ ഡ്യൂട്ടിക്ക് പോകുന്നില്ല....ഫേസ്ബുക്കില്‍ കുറെ പേരെ ലൈക്കാനും ഷെയര്‍ ചെയ്യാനും പുതിയ ഫോട്ടോകള്‍ ഇടാനും ഒക്കെയുണ്ട്.അതൊക്കെ ഇന്നങ്ങ് ഇരുന്ന് തീര്‍ക്കാം...’ ആത്മഗതം ചെയ്തുകൊണ്ട് കണ്ടക്ടര്‍ നേരെ വിശ്രമമുറിയിലേക്ക്നടന്നു. അടുത്ത രണ്ട് സുഹൃത്തുക്കളെയും ഒപ്പം കൂട്ടി ഒരു മൂലയില്‍ ഇരുന്ന് സ്മാര്‍ട്ട് ഫോണില്‍ തോണ്ടാന്‍ തുടങ്ങി.

**********************************
“സാറെ....പെരുമ്പാവൂര്‍ എത്തി” ഉറക്കത്തില്‍ നിന്നും ജയചന്ദ്രന്‍ മാഷ് എന്നെ ഉണര്‍ത്തി.

“ഓ...ഇത്ര പെട്ടെന്നോ...?”

സ്റ്റാന്റില്‍ ഇറങ്ങിയ ഉടനെ എന്റെ കണ്ണുകള്‍ വീണ്ടും ബാബുവിനെ തേടാന്‍ തുടങ്ങി – “മാഷെ....ഒന്ന് വെയ്റ്റ് ചെയ്യണം...ഞാന്‍ ഒരാളെപ്പറ്റി ഒന്ന് അന്വേഷിക്കട്ടെ....” അടുത്ത ബസ്സിന് കയറി സ്ഥലം വിടാനിരുന്ന ജയചന്ദ്രന്‍ മാഷോട് ഞാന്‍ പറഞ്ഞു.

“ശരി സാര്‍...”

ഞാന്‍ നേരെ ഇന്നലത്തെ അതേ കൌണ്ടറിലേക്ക് നീങ്ങി. ബാബുവിനെപ്പറ്റി ചോദിക്കാന്‍ വേണ്ടി അകത്തേക്ക് നോക്കി.

“അതാ....അതാ....അകത്ത് സ്മാര്‍ട്ട് ഫോണില്‍ കുത്തിക്കളിക്കുന്ന മൂന്ന് പേരില്‍ ഒരാള്‍....20 വര്‍ഷം മുമ്പ് പിരിഞ്ഞുപോയതില്‍ പിന്നെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഞങ്ങളുടെ ബാബു....!!” .എന്റെ കണ്ണ് നിറയാന്‍ തുടങ്ങി

അതേ സമയത്ത് തന്നെ പുറത്തേക്ക് നോക്കിയ ബാബു എന്നെ കണ്ടതും “ആബിദ്....നീ ഇവിടെ?” എന്ന ചോദ്യത്തോടെ സന്തോഷം നിറഞ്ഞ മുഖത്തോടെ എന്റെ അടുത്തേക്ക് ഓടി വന്നു.പിന്നെ 1996ലെ ആ കലാലയമുറ്റത്തേക്കും ഹോസ്റ്റലിലേക്കും അവിടത്തെ അന്തേവാസികളിലേക്കും ഞങ്ങള്‍ നിമിഷ നേരം കൊണ്ട് പറന്നെത്തി.ഞങ്ങള്‍ രണ്ട് പേരുടെയും കുടുംബവും കുശലാന്വേഷണങ്ങളിലൂടെ കടന്നുപോയി. രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള ഈ കണ്ടുമുട്ടലിന്റെ വികാരവായ്പ് പ്രകടിപ്പിക്കുന്ന ഞങ്ങളുടെ മുഖഭാവങ്ങള്‍ ജയചന്ദ്രന്‍ മാഷ് ക്യാമറയില്‍ പകര്‍ത്തി.



എനിക്ക് അധികനേരം അവിടെത്തങ്ങാന്‍ സമയമില്ലാത്തതിനാല്‍ അടുത്ത ബസ്സിന് കയറാന്‍ തീരുമാനിച്ചു.ബാബുവിന്റെ ബസ് കൃത്യസമയത്ത് ബ്രേക്ക്ഡൌണ്‍ ആയതിനാല്‍ ആണ് ഈ കൂടിക്കാഴ്ച സംഭവിച്ചത് എന്നും ഇല്ലെങ്കില്‍ എറണാകുളത്തേക്ക് തിരിച്ചേനെ എന്നും ബാബു പറഞ്ഞപ്പോള്‍ ദൈവത്തിന്റെ കൃത്യമായ ഒരു ഇടപെടല്‍ കൂടി ഞാന്‍ തിരിച്ചറിഞ്ഞു.

അങ്കമാലിയിലേക്കുള്ള യാത്രയില്‍ ഇന്നത്തെ സമാഗമത്തിന്റെ മാധുര്യം ഞാന്‍ ജയചന്ദ്രന്‍ മാഷെ അറിയിച്ചു.ഒപ്പം വര്‍ഷങ്ങള്‍ക്ക്മുമ്പ് നടന്ന ഈ സംഭവവും. അപ്പോള്‍ ജയചന്ദ്രന്‍ മാഷ് എന്നെ ഒരു കഥ കേള്‍പ്പിച്ചു.


(തുടരും....)

Saturday, March 12, 2016

ബാബുവിനെത്തേടി....1

കോതമംഗലത്ത് പോകാന്‍ എവിടെയാ ഇറങ്ങേണ്ടത് ? “ നാട്ടില്‍ നിന്നും പാലായിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറി ഞാന്‍ കണ്ടക്ടറോട് ചോദിച്ചു.

“പെരുംബാവൂരില്‍ ഇറങ്ങിയാല്‍ മതി..”

“ടൌണിലോ അതോ സ്റ്റാന്റിലോ?”

“കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ തന്നെ...”

പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് എന്ന കേട്ടതോടെ, മാസങ്ങള്‍ക്ക് മുമ്പ് എന്റെ എം.എസ്.സി സഹപാഠി കൊല്ലം എഴുകോണ്‍ സ്വദേശി ഷാജഹാന്‍ പറഞ്ഞ വാക്കുകള്‍ പെട്ടെന്ന് മനസ്സില്‍ ഓടിയെത്തി.

അന്ന് ഷാജഹാന്‍ വീട്ടില്‍ വന്ന ദിവസം അവന്റെ സീനിയറും ഞങ്ങളുടെ ഹോസ്റ്റല്‍മേറ്റുമായിരുന്ന പെരുമ്പാവൂര്‍കാരന്‍ ബാബുവിനെപ്പറ്റി ഞാന്‍ ചോദിച്ചു – “ ഞാനും കണ്ട കാലം മറന്നു. നമ്പര്‍ എന്റെ അടുത്ത് ഉണ്ടായിരുന്നു, പക്ഷേ നഷ്ടപ്പെട്ടു. പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി യില്‍ അന്വേഷിച്ചാല്‍ കിട്ടും “

എന്‍.എസ്.എസ് സംബന്ധമായി കേരളമങ്ങോളമിങ്ങോളം നിരവധി യാത്രകള്‍ നടത്തിയെങ്കിലും പെരുമ്പാവൂര്‍ വഴി പോകേണ്ട ആവശ്യം വന്നിട്ടില്ലാത്തതിനാല്‍ ബാബു മനസ്സില്‍ ഒരു ചിത്രമായി തന്നെ നിലകൊണ്ടു. എങ്കിലും എന്നെങ്കിലും അതുവഴി പോകാന്‍ ദൈവനിശ്ചയം ഉണ്ടാകുമെന്നും അന്ന് 20 വര്‍ഷം മുമ്പ് കൈവിട്ട് പോയ ആ പ്രിയ സുഹൃത്തിനെ കാണാമെന്നും ഞാന്‍ മനസ്സില്‍ കരുതി.ആ ചിന്തയിലേക്കാണ് കണ്ടക്ടറുടെ മറുപടി എന്നെ പെട്ടെന്ന് തള്ളിയിട്ടത്.

“പെരുംബാവൂരില്‍ എപ്പോള്‍ എത്തും ?” രാവിലെ 10 മണിക്ക് കയറിയ ഞാന്‍ ചില പ്രതീക്ഷകളോടെ ചോദിച്ചു.

“ വൈകിട്ട് 4 മണി “

പിന്നെ ഞാന്‍ സ്വപ്നലോകത്തെ ബാലഭാസ്കരനായി. 1996-ല്‍ തളിപ്പറമ്പ് സര്‍ സയ്യിദ്കോളേജിന്റെ ഹോസ്റ്റലിലെ കൂരിരുട്ടില്‍, ബാബു ചിരിക്കുമ്പോള്‍ കാണുന്ന തിളക്കമേറിയ വെളുത്ത പല്ലുകളും ഞാന്‍ ബാബുവിന്റെ വീട്ടില് പോയി ഒരു ദിവസം താമസിച്ചതും സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന ബാബുവിന് വേണ്ടി ഞാന്‍ ജോലി തേടിയതും നാട്ടിനടുത്തുള്ള ഒരു അണ്‌എയ്ഡഡ് സ്കൂളില്‍ ബാബു ഇന്റര്‍വ്യൂവിന് വന്നപ്പോള്‍ എന്റെ വീട്ടില്‍ വന്നതും അന്ന് എരിവ് കാരണം അവന്‍ തൊണ്ട ചിനക്കിയതും എല്ലാം മനസ്സിലൂടെ ഫ്ലാഷ് ബാക്കായി ഓടിമറഞ്ഞു. അതിനിടയില്‍ എപ്പോഴോ ഞാന്‍ നിദ്രയിലേക്കും ഊളിയിട്ടു.

സമയം നാല് മണിയോടടുത്തു. പെരുംബാവൂരില്‍ എത്താന്‍ ഇനി നിമിഷങ്ങള്‍ മാത്രം. എന്റെ മനസ്സില്‍ ബാബു വീണ്ടും വെളുത്ത പല്ലുകള്‍ കാട്ടി ചിരിച്ചു.

“പെരുമ്പാവൂര്‍...” കണ്ടക്ടര്‍ പറഞ്ഞു. ഞാന്‍ സീറ്റില്‍ നിന്നെണീറ്റ് ബസ്സില്‍ നിന്നിറങ്ങി.നേരെ ഇന്‍ഫര്‍മേഷന്‍ കൌണ്ടറിലേക്ക് നടന്നു.എല്ലാവരും ബസ്സുകളെപ്പറ്റി അന്വേഷിക്കുന്ന ആ കൌണ്ടറില്‍ ഞാന്‍ ബാബുവിനെപ്പറ്റി ചോദിച്ചു.

“പോഞ്ഞാശ്ശേരിയില്‍ നിന്നും വരുന്ന ബാബു എന്നൊരു കണ്ടക്ടറുണ്ടോ ഇവിടെ ?”

“അറിയില്ല, ഞാന്‍ ഇവിടെ പുതിയ ആളാ...” എന്റെ എല്ലാ സ്വപ്നങ്ങളേയും തകിടം മറിച്ച പെട്ടെന്നുള്ള മറുപടി.

“ ഇനീഷ്യല്‍ അറിയോ ?ഇവിടെ കുറേ ബാബുമാരുണ്ട്...”അദ്ദേഹത്തിന്റെ അടുത്ത ചോദ്യം എന്നെ വീണ്ടും പ്രതീക്ഷയിലെക്കെത്തിച്ചു.

“പി.എം എന്നാണെന്ന് തോന്നുന്നു...”

“സ്റ്റാന്റിന്റെ നേരെ പിന്നില്‍ താമസിക്കുന്ന ഒരു ബാബു ഉണ്ട്...പക്ഷെ അയാള്‍ ഡ്രൈവറാ...”

“അതല്ല...വീട് പോഞ്ഞാശ്ശേരിയിലാണ്....കണ്ടക്ടറാണ്...”ഞാന്‍ പറഞ്ഞു.

“ചേട്ടാ....അതേതാ ആ ബാബു...?” അപ്പോള്‍ അങ്ങോട്ട് കയറി വന്ന ഒരാളോട് അദ്ദേഹം ചോദിച്ചു.

“ആളെ മുമ്പ് കണ്ടിട്ടുണ്ടോ....കറുത്ത് ഉയരം കുറഞ്ഞ ഒരാളാണോ ..?” പുതിയ ആഗതന്‍ ചോദിച്ചു.

“ങാ...അതു തന്നെ....” ബാബുവിന്റെ ഉയരം അപ്പോഴാണ് ഒരു അടയാളമായി എന്റെ മനസ്സില്‍ എത്തിയത്.

“ങാ...ആളുണ്ട്...പക്ഷേ ഇന്ന് ഡ്യൂട്ടിയില്‍ ഇല്ല....നാളെ വന്നാല്‍ കാണാം...”

“സാര്‍....എനിക്ക് നമ്പറ് കിട്ടോ?”

“ഏയ് ...അതൊന്നും അറിയില്ല...”

“ഞങ്ങള്‍ 20 വര്‍ഷം മുമ്പ് ഒരുമിച്ച് പഠിച്ചവരാണ്....നമ്പറ് തന്നാല്‍ ഉപകാരമായിരുന്നു...” പിറ്റേ ദിവസം ബാബുവിനെ കാണാന്‍ അതുവഴി വരും എന്ന് യാതൊരു ഉറപ്പും ഇല്ലാത്തതിനാല്‍ ഞാന്‍ താണ് പറഞ്ഞു.

“അറിയില്ല സുഹൃത്തേ....” അദ്ദേഹം തീര്‍ത്ത് പറഞ്ഞതോടെ ബാബുവിനെ കാണാനുള്ള എന്റെ സ്വപ്നങ്ങള്‍ ആ സ്റ്റാന്റില്‍ വീണുടഞ്ഞു. അടുത്ത് കണ്ട പള്ളിയില്‍ കയറി നമസ്കരിച്ച് ഞാന്‍ കോതമംഗലത്തേക്ക് യാത്രയായി.


(തുടരും...)