Pages

Showing posts with label കേരള എന്‍‌ട്രന്‍സ്. Show all posts
Showing posts with label കേരള എന്‍‌ട്രന്‍സ്. Show all posts

Tuesday, August 12, 2014

സമ്മതിച്ചു….പക്ഷേ

“ഹലോ.കീം ഹെല്പ്ലൈൻ അല്ലേ ?” കഴിഞ്ഞ രണ്ട് മാസമായി എനിക്ക് വരുന്ന ഫോൺകാളുകളിൽ മറുതലക്കൽ നിന്നുള്ള ചോദ്യം മിക്കവാറും ഇതായിരിക്കും.ഒപ്പം ‘ഹാവൂ കിട്ടിപ്പോയി’ എന്ന ആശ്വാസ നിശ്വാസവും.കേരള എഞ്ചിനീയറിംഗ്  അഗ്രികൾച്ചർ മെഡിക്കൽ (KEAM) എന്നാണ് ഈ കീമിന്റെ മുഴുവൻ രൂപം(ഇതെന്തൊരു പേര് എന്ന് എന്നോട് ചോദിക്കരുത്).അതുമായി ബന്ധപ്പെട്ട് വരുന്ന സംശയങ്ങളുടെ നിവാരണത്തിന് കേരളമൊട്ടുക്കുള്ള കേന്ദ്രങ്ങളാണ് കീം ഹെല്പ്‌ലൈൻ. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് എന്ട്രൻസ് കമ്മീഷണറുടെ ഓഫീസിലെ ഹെല്പ്‌ലൈനിൽ വിളിച്ച് മടുത്ത പലരും പിന്നെ ഈ ജില്ലാകേന്ദ്രങ്ങളിലേക്കാണ് വിളിക്കാറ്‌. ഇതിന്റെ കോഴിക്കോട് ജില്ലയുടെ ചാർജ്ജായിരുന്നു പതിവ്പോലെ എനിക്ക് കിട്ടിയത്.അങ്ങനെ ഫോൺ അറ്റന്റ് ചെയ്യപ്പെടുമ്പോഴുള്ള ദീർഘശ്വാസമാണ് മേൽ സൂചിപ്പിച്ചത്.

ഇന്ന് അന്താരാഷ്ട്രയുവജനദിനത്തോടനുബന്ധിച്ച് കേരള യൂത്ത് വെൽഫയർബോർഡ് എൻ.എസ്.എസ് ടെക്നിക്കൽ സെല്ലുമായി ചേർന്ന് കോഴിക്കോട് നടത്തിയ സെമിനാറിൽ പങ്കെടുത്ത് രാത്രി വീട്ടിൽ തിരിച്ചെത്തിയതായിരുന്നു ഞാൻ.ലോക യുവത്വത്തിന്റെ 20 ശതമാനം മാനസിക വെല്ലുവിളി നേരിടുന്നതിനാൽ ‘മാനസികാരോഗ്യം – യുവാക്കളിൽ’ എന്നതായിരുന്നു ഈ വർഷത്തെ ദിനാചരണത്തിന്റെ വിഷയം.

സെമിനാറിലെ വിഷയവുമായി ബന്ധപ്പെട്ട ചിന്തയിലിരിക്കുമ്പോഴാണ് ഒരു ഫോൺ കാൾ വന്നത് - “ഹലോ.കീം ഹെല്പ്ലൈൻ അല്ലേ ?”

“അതേ

“സാർ, ഒരു സംശയം.സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ എൻ.ഓ.സി കിട്ടാൻ ലിക്വിഡേറ്റഡ് ഡാമേജ് അടക്കണോ?” ഇതുവരെ ആരും ചോദിക്കാത്ത ഒരു ചോദ്യമായിരുന്നു അത്.അതിനാൽ തന്നെ നേരിട്ട് ഒരു മറുപടി പറയുക അസാധ്യ്‌വുമായിരുന്നു.അതിനാൽ ഞാൻ വെറുതെ ചോദിച്ചു – “മോൻ ഇപ്പോൾ എവിടെയാ പഠിക്കുന്നത് ?”

“മൂന്നാറിലാ

“മൂന്നാറിൽ നിന്ന് നീ എങോട്ട് മാ‍റാനാ?”

“ഇത് കുറേ ദൂരെയായതിനാൽ തൃശൂരിലോ കോഴിക്കോട്ടോ മാറാൻ

“അതെന്തിനാനിനക്ക് അവിടത്തെ പ്രകൃതി ആസ്വദിച്ചു കൂടേ? കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ നീ അവിടം മതി എന്ന് പറയും

“സാർകുറച്ച് ഹോം സിക്ക്നസ് ഉണ്ട്.”

“ഇത്രയും വലുതായിട്ടോ?”

“അല്ല സാർ .വീട്ടിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നത് കുറച്ച് നേരത്തെ ആയോ എന്നൊരു തോന്നൽ

“അഞ്ചാം ക്ലാസ്സിൽ നിന്ന് ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികൾ ഉണ്ട്..നിനക്ക് 17 വയസ്സായില്ലേ?ഇനിയും ഉപ്പയേയും ഉമ്മയേയും എന്നും കാണണമെന്ന് പറയുന്നത് ശരിയല്ല..”

“സാർഅതല്ലരി സാർ” അവൻ ഉത്തരം മുട്ടി ഫോൺ വച്ചു.ഇതെല്ലാം കേട്ടു നിന്ന എന്റെ ഭാര്യ ചോദിച്ചു – “ആരാ ആ വിളിച്ചത്?”

“എനിക്കറിയില്ല

“അറിയാത്ത ആൾക്കാണോ ഇത്രയും നേരം ഉപദേശം നൽകിയത്..?”

“അതേഹോംസിക്ക്നെസ് എന്ന ഒരുതരം മാനസിക വെല്ലുവിളി നേരിടുന്ന ഒരു പയ്യനാണ് വിളിച്ചത്

“അതും എൻ‌ട്രൻസും തമ്മിൽ എന്താ ബന്ധം?ഇതിനും നിങ്ങൾ മറുപടി കൊടുക്കണോ?”

“എൻ‌ട്രൻസ് കൌൺസലിംഗ് എന്നാ പറയാറ്‌എന്ന് വച്ചാൽ സംശയം ഉന്നയിക്കുന്നവനെ കൌൺസൽ ചെയ്യാനും അറിയണം എന്ന്.”

“ഹും സമ്മതിച്ചു.പക്ഷേ പെൺകുട്ടികളോട് വേണ്ടട്ടോ..”

ഇന്ന് ഞാൻ കേട്ട 20 ശതമാനം പേർ പലതരത്തിൽ നേരിടുന്ന മാനസിക വെല്ലുവിളി സത്യമാണെന്ന് ഇതോടെ വ്യക്തമായി  .



Wednesday, June 27, 2012

കേരളാ എന്‍ട്രന്‍സും ഞാനും -2

“ഹലോ....ആം ഫ്രം മുംബൈ.....ആ മൈ ടോക്കിങ്ങ് റ്റു മിസ്റ്റര്‍ അബീത് ?”

“യെസ്...ദാറ്റ് മിസ്റ്റര്‍ ഇസ് ഹിയര്‍...”

“അച്ചാ....”

“ങേ!!!” അച്ചാ വിളികേട്ട് ഞാന്‍ ഒന്ന് ഞെട്ടി.

“അച്ചാ....ഐ വാന്റ് റ്റു നൊ അബൌട്ട് ദിസ് കീ നമ്പര്‍...ഫ്രം വേര്‍ വില്ല് ഐ ഗെറ്റ് ഇറ്റ്...”

‘ഈ ഹിന്ദിക്കാരിക്ക് വിളിക്കാന്‍ വേറെ ഒരു അച്ചനേയും കിട്ടിയില്ലേ എന്ന്’‘ മനസ്സില്‍ ഓര്‍ത്ത് ഞാന്‍ പറഞ്ഞു.-

“യൂ ഹാവ് റ്റു കം ഹിയര്‍ റ്റു ഗെറ്റ് ഇറ്റ്....”

“അച്ചാ...റ്റു കാലികറ്റ് എഞ്ചിനീയറിംഗ് കോളേജ് ?”

“യെസ്...”

“അച്ചാ...ഐ വില്‍ റീച്ച് വിതിന്‍ എ അവര്‍....”

“ങേ!മുംബയില്‍ നിന്നോ?”

“അതൊന്ന് ടെസ്റ്റ് ചെയ്തതല്ലേ....ഞാന്‍ അസ്സല്‍ കോഴിക്കോട്ടുകാരിയാ....ഓ കെ സീ യൂ ..”

ആരൊക്കെ വിളിച്ച് മക്കാറാക്കുന്നു എന്ന് അറിയാന്‍ ഒരു വഴിയും ഇല്ലാത്തതിനാല്‍ നേരില്‍ വന്നാലും ഒന്ന് വിരട്ടാന്‍ പോലും ആവാത്ത കിങ്ങ് ആയി പോയി പാവം ഈ ഒപ്‌ഷന്‍ ഫെസിലിറ്റി അഡ്‌മിനിസ്ട്രേറ്റര്‍.

കേരളാ എന്‍ട്രന്‍സും ഞാനും - 1

                   മെഡിക്കല്‍/എഞ്ചിനീയറിംഗ് ഒപ്‌ഷന്‍ ഫെസിലിറ്റി അഡ്‌മിനിസ്ട്രേറ്റര്‍ എന്ന പദവി പണ്ട് ദാസന്‍ പറഞ്ഞ പോലെ അത്ര ചെറിയ പദവിയൊന്നുമല്ല എന്ന് കൊല്ലങ്ങളായി ഇതിന്റെ ഭരണം നടത്തുന്ന എനിക്ക് ഇപ്പോള്‍ മനസ്സിലായി തുടങ്ങി.ഹെല്പ്ഡെസ്കും ഒപ്‌ഷന്‍ ഫെസിലിറ്റി സെന്ററും (ഒ.എഫ്.സി) ഒരുമിച്ച് കൊണ്ടുപോകുക എന്നത് തികച്ചും ദുഷ്കരമായ ഒരു ജോലി കൂടിയാണെന്നും  ഇപ്പോള്‍ എനിക്ക് മനസ്സിലായി തുടങ്ങി.എന്‍ട്രന്‍സുമായി ബന്ധപ്പെട്ട എന്ത് ഗമണ്ടന്‍ ചോദ്യത്തിനും ഉത്തരം പറയാന്‍ എന്റെ മണ്ട അധികം പുകക്കേണ്ട അവസ്ഥ എനിക്ക് വരാറില്ല.കാരണം മിക്ക ചോദ്യങ്ങളും അത്തരത്തിലുള്ളതാണ്.എന്‍ട്രന്‍സ് കമ്മീഷണര്‍ എന്നെപ്പോലെയുള്ളവരെ  ഈ പണിക്കുള്ള കിങ്ങുമാരാക്കിയത്  വെറുതെയല്ല എന്നും ഇപ്പോള്‍ എനിക്ക് മനസ്സിലായി.അങ്ങനെയുള്ള ചില അനുഭവങ്ങള്‍ ഇവിടെ പങ്കു വയ്ക്കട്ടെ.

“ഹലോ... ആബിദ് സാര്‍ അല്ലേ?”

“ആ...അതേ...പറയൂ....”

“ എന്‍ട്രന്‍സുമായി ബന്ധപ്പെട്ട് ഒരു സംശയം ഉണ്ട് സാര്‍....”

“ഓകെ....ചോദിച്ചോളൂ....”

“ഈ പ്ലസ് ടു മാര്‍ക്ക് എന്റര്‍ ചെയ്ത് കിട്ടുന്ന ഡേറ്റ ഷീറ്റും മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും കൂടി അയക്കേണ്ടത് പരന്ന കവറിലോ അതോ നീണ്ട കവറിലോ?”

(കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളുമായി ഞാന്‍ വീണ്ടും വരാം...)

Tuesday, July 14, 2009

"നോട്ട്‌ ദി പോയന്റ്‌..."

        മെഡിക്കല്‍കോളേജിലും എഞ്ചിനീയറിംഗ്‌ കോളേജിലും പ്രവേശനം തേടുന്നതിന്റെ മുന്നോടിയായുള്ള ഓപ്ഷന്‍ കൊടുക്കല്‍ മഹാമഹം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ ദിവസങ്ങളില്‍ (ഒരു അനുഭവം ഇതാ ഇവിടെ)എനിക്ക്‌ വരുന്ന ചില ഫോണ്‍കാളുകള്‍ വളരെ രസകരമാണ്‌. ഇന്നലെ വന്ന ഒരു ഫോണ്‍ വിളി ഇങ്ങനെയായിരുന്നു.

"ഹലോ...ഓപറേഷന്‍ കൊടുക്കുന്ന സ്ഥലമല്ലേ?"

"ഓപറേഷന്‍ ചെയ്യുന്നത്‌ മെഡിക്കല്‍ കോളേജില്‍,ഇത്‌ എഞ്ചിനീയറിംഗ്‌കോളേജാ..."

"ആ എഞ്ചിനീയറിംഗ്‌കോളേജിലേക്ക്‌ തന്നെയാ വിളിച്ചത്‌....അവിടെ പ്രവേശനത്തിനുള്ള എന്തോ ഒന്ന് കൊടുക്കുന്നുണ്ടല്ലോ...?"

"ഓ...ഓപ്ഷന്‍..."

"ആ ...അതു തന്നെ....അപ്പോ എനിക്ക്‌ ചില സംശയങ്ങല്‍ ഉണ്ട്‌,നോട്ട്‌ ദി പോയന്റ്‌..."

"ങാ...ചോദിച്ചോളൂ..."

"എന്റെ മകള്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ വരുന്ന സ്കൂളിലാണ്‌ പ്ലസ്‌ ടു പഠിച്ചത്‌....നോട്ട്‌ ദി പോയന്റ്‌..."

"ങേ....കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ വരുന്ന സ്കൂളിലോ?" സ്കൂളുകള്‍ എന്ന് മുതലാണ്‌ യൂണിവേഴ്സിറ്റിയുടെ കീഴില്‍ വരാന്‍ തുടങ്ങിയത്‌ എന്നറിയാതെ ഞാന്‍ ഞെട്ടി.

"ആ...അതേ....കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ വരുന്ന സ്കൂളില്‍ തന്നെ....അതായത്‌ കണ്ണൂര്‍ ജില്ലയില്‍..."

"എന്നാ പിന്നെ അങ്ങനെയങ്ങ്‌ പറഞ്ഞാല്‍ പോരെ....."

"അല്ലല്ല.....നോട്ട്‌ ദി പോയന്റ്‌...കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ വരുന്ന സ്കൂളില്‍ പഠിച്ച എന്റെ മകള്‍ക്ക്‌ കോഴിക്കോട്‌ യൂണിവേഴ്സിറ്റിയുടേയോ കേരള യൂണിവേഴ്സിറ്റിയുടെയോ കീഴിലുള്ള കോളേജില്‍ അഡ്‌മിഷന്‍ കിട്ടിയാല്‍....നോട്ട്‌ ദി പോയന്റ്‌...."

"അഡ്‌മിഷന്‍ കിട്ടിയാല്‍....നോട്ട്‌ ദി പോയന്റ്‌....????നിങ്ങളെന്താ വെറുതെ സമയം മെനക്കെടുത്തുകയാണോ?വേറെ കാളുകള്‍ വരുന്നത്‌ കേള്‍ക്കുന്നില്ലേ..."

"യൂ നോട്ട്‌ ദി പോയന്റ്‌ ഫസ്റ്റ്‌...."

"ആ...വേഗം പറ..."

"അങ്ങനെ അഡ്‌മിഷന്‍ കിട്ടിയാല്‍ മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കേണ്ടി വരുമോ?"

"ങേ!!!നിങ്ങളുടെ മകള്‍ പ്ലസ്‌ ടു കഴിഞ്ഞല്ലേ വരുന്നത്‌...?"

"അതേ ...കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ വരുന്ന സ്കൂളില്‍ നിന്ന് പ്ലസ്‌ ടു കഴിഞ്ഞു...നോട്ട്‌ ദി പോയന്റ്‌..."

"ഓ.....നാശം....ഈ നോട്ട്‌ ദി പോയന്റ്‌..."

"സംശയത്തിന്‌ മറുപടി തരൂ..."

"ആ കിട്ടുമെങ്കില്‍ വാങ്ങിക്കോ" എന്ന് മനസ്സില്‍ വന്നെങ്കിലും നോട്ട്‌ ദി പോയന്റ്‌ വല്ല വക്കീലോ മറ്റോ ആണോ എന്ന സംശയവും സംസാരം റിക്കാര്‍ഡ്‌ ചെയ്യപ്പെടുന്നുണ്ടോ എന്നറിയാത്തതിനാലും ഞാനത്‌ പറഞ്ഞില്ല.

"അതിന്റെ ആവശ്യമില്ല"തല്‍ക്കാലം അദ്ദേഹത്തിന്റെ സംശയം തടഞ്ഞു നിര്‍ത്താന്‍ ഞാന്‍ പറഞ്ഞു.

"ഓ കെ.....എങ്കില്‍ രണ്ടാമത്തെ സംശയം..."

"ങാ...ചോദിക്കൂ..."

"നിങ്ങളുടെ പ്രോസ്പെക്ടസ്‌ ഉണ്ടല്ലോ....പ്രോസ്പെക്ടസ്‌..?"

"ഞങ്ങളുടെ പ്രോസ്പെക്ടസോ?"

"അതേ...ഈ അപേക്ഷ വാങ്ങുമ്പോള്‍ കിട്ടിയ ഈ തടിയന്‍ പുസ്തകം...."

"ങാ...മനസ്സിലായി...."

"അതില്‍ പേജ്‌ നമ്പര്‍ ..... പാര .....-ല്‍ പറയുന്നു,അഡ്മിഷന്‍ നേടുന്നതിന്‌ മുമ്പ്‌ ഹെപറ്റൈറ്റിസ്‌-ബി വാക്സിന്‍ എടുത്തിരിക്കണം എന്ന്...!!!"

'ഇത്‌ വല്ലാത്തൊരു പാരയായല്ലോ ദൈവമേ' എന്ന ആത്മഗതത്തോടെ ഞാന്‍ ചോദിച്ചു: "അങ്ങനെ പറയുന്നുണ്ടോ?"

"അതെ....അങ്ങനെ തന്നെ പറയുന്നുണ്ട്‌...അത്‌ നിര്‍ബന്ധമാണോ?യൂ ഗോട്ട്‌ ദി പോയന്റ്‌"

"ആ...ഐ നോട്ട്‌ ഗോട്ട്‌ ആന്‍ഡ്‌ കോട്ട്‌ ദി പോയന്റ്‌..."

"ഓ കെ...എന്തു പറയുന്നു..."

"അഡ്മിഷന്‍ ലഭിച്ചാല്‍ എടുക്കണം എന്നല്ലേ പറയുന്നത്‌...?താങ്കളുടെ മകള്‍ക്ക്‌ അഡ്മിഷന്‍ കിട്ടിയിട്ടില്ലല്ലോ...ഓപ്ഷന്‍ കൊടുക്കാന്‍ തുടങ്ങുന്നതല്ലേയുള്ളൂ...."

"ഓഹ്‌...സൊ യൂ കോട്ട്‌ ദി പോയന്റ്‌....താങ്ക്‌ യൂ ഫോര്‍ ഇന്‍ഫര്‍മേഷന്‍..."

"ഹാവൂ...." റിസീവര്‍ താഴെ വയ്ക്കുമ്പോള്‍ ഞാന്‍ അറിയാതെ പറഞ്ഞുപോയി.