Pages

Sunday, July 31, 2016

അല്‍ഫോന്‍സ......

പഴക്കടയില്‍ നിന്നും ഒരു ഐറ്റം ചൂണ്ടി നമ്പൂരി: ഇതേതാ പഴം ?

കടക്കാരന്‍ : റമ്പൂട്ടാന്‍

നമ്പൂരി : ങേ!! ഒരുമ്പെട്ടവനോ?

തൊട്ടടുത്തത് ചൂണ്ടി നമ്പൂരി വീണ്ടും : ഇതോ?

കടക്കാരന്‍ : അല്‍ഫോന്‍സ

ഉടന്‍ നമ്പൂരിയുടെ ആത്മഗതം : ‘ഒരുമ്പെട്ടവനെയും അല്‍ഫോന്‍സയെയും  അടുത്തടുത്ത് വയ്ക്കുന്നത് അത്ര നല്ലതല്ലട്ടോ !!!’

Saturday, July 30, 2016

സൌജന്യ സേവനങ്ങൾ - കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്

പേര് സൂചിപ്പിക്കുന്നതുപോലെ യുവജനങ്ങളുടെ വിവിധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന , സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു ബോഡിയാണിത്.വിദ്യാർത്ഥികളെക്കാളും ഈ ബോർഡ് മുൻ‌ഗണന നൽകുന്നത് യുവജനങ്ങളുടെ ക്ഷേമത്തിനും മറ്റും തന്നെയാണ്. വർഷങ്ങളായി കേരളോത്സവം പോലെയുള്ള കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് യുവജനക്ഷേമ ബോർഡ് ആണ്.

കാമ്പസ് ലീഡേഴ്സിനായി മൂന്നോ അഞ്ചോ ദിവസം നീണ്ടു നിൽക്കുന്ന യുവജ്യോതി ക്യാമ്പുകൾക്ക് സാമ്പത്തിക സഹായം നൽകുന്നത് ഈ ബോർഡാണ്.2011-ൽ കോഴിക്കോട്ട് ഞാൻ കൺ‌വീനറായി എൻ.എസ്.എസ് ടെക്നിക്കൽ സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പ്  ഷെഡ്യൂളിൽ ഇല്ലാതെത്തന്നെ അന്നത്തെ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ‌ചാണ്ടി സന്ദർശിച്ചു.

ദേശീയ യുവജനദിനവും അന്താരാഷ്ട്ര യുവദിനവും സംഘടിപ്പിക്കാനും യൂത്ത്ക്ലബ്ബുകൾക്ക് സാമ്പത്തിക പിന്തുണ ബോർഡ് നൽകുന്നുണ്ട്. കോഴിക്കോട് ജോലി ചെയ്യുമ്പോൾ അന്താരാഷ്ട്രയുവജന ദിനത്തോടനുബന്ധിച്ചുള്ള‍ ഒരു പ്രോഗ്രാം വെസ്റ്റ്‌ഹില്‍ പോളിറ്റെക്നിക്കിലും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗാന്ധിയന്‍ ടോക്കും സ്വാതന്ത്ര്യ സമര ക്വിസ് മത്സരവും എന്റെ കോളേജിലും ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.

യുവജനങ്ങള്‍ക്കായി നാഷണല്‍ സര്‍വീസ് സ്കീമുമായി ചേര്‍ന്ന് ബോര്‍ഡ് വിവിധ പരിപാടികള്‍ നടത്തുന്നുണ്ട്.രണ്ട് വര്‍ഷം മുമ്പ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ വച്ച് നടത്തിയ “ഫ്യൂഷന്‍” എന്ന യുവസംരംഭക സംഗമം പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ യുവാക്കള്‍ക്ക് പ്രേരണ നല്‍കുന്നതായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷം “ജീവദായിനി” എന്ന പേരില്‍ ഒരു ലക്ഷത്തിലധികം പേര്‍ ഉള്‍ക്കൊള്ളുന്ന രക്തദാതാക്കളുടെ ഓണ്‍ലൈന്‍ ഡയരക്ടറി ഉണ്ടാക്കി. “പുനര്‍ജ്ജനി” എന്ന പേരില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ കേടായ ഉപകരണങ്ങളും ഫര്‍ണ്ണീച്ചറുകളും നന്നാക്കുന്ന പദ്ധതി വന്‍ വിജയമായതിനെത്തുടര്‍ന്ന് ഇത്തവണത്തെ ബജറ്റില്‍ ഏഴ് കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കൂടാതെ രണ്ട് വര്‍ഷം മുമ്പ് കൊടുങ്ങല്ലൂരില്‍ വച്ച് ഒരു ദേശീയോത്ഗ്രഥന ക്യാമ്പും യുവാക്കള്‍ക്കായി സംഘടിപ്പിക്കപ്പെട്ടു.ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് നടക്കുന്ന നാഷണല്‍ യൂത്ത്ഫെസ്റ്റിവലിലും സംസ്ഥാനടീമിനെ അയക്കുന്നത് ബോര്‍ഡിന്റെ നേതൃത്വത്തിലാണ്.എന്‍.എസ്.എസ് ടീമിനെ നയിച്ചുകൊണ്ട് 2014ല്‍ ലുധിയാനയില്‍ വച്ച് നടന്ന നാഷണല്‍ യൂത്ത്ഫെസ്റ്റിവലില്‍ ഞാനും പങ്കെടുത്തിരുന്നു.

ഈ പരിപാടികളിലെല്ലാം ഫണ്ട് നേരിട്ട് തന്നത് പുനര്‍ജ്ജനിക്കും യുവജ്യോതി ക്യാമ്പിനും മാത്രമാണ്. ബാക്കിയെല്ലാം ഫണ്ട് ചെലവാക്കുന്നത് ബോര്‍ഡ് തന്നെയാണ്.

ഫണ്ട് തരുന്ന മറ്റൊരു വകുപ്പാണ് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍.അതേകുറിച്ച് അടുത്തതില്‍….


Friday, July 29, 2016

തെരുവ് കച്ചവടക്കാരന്‍

“വയറ് വേദന, വയറ് സ്തംഭനം,നെഞ്ചെരിച്ചില്‍,വയറെരിച്ചില്‍, പുളിച്ചുതികട്ടല്‍.....എല്ലാം വൃത്തിയായി സൂക്ഷിക്കാന്‍....”

“ങേ!!!!”

ബസ്സില്‍ കയറിയ തെരുവ് കച്ചവടക്കാരന്‍ പറയുന്നത് കേട്ട് ഞാന്‍ ഞെട്ടി.അദ്ദേഹത്തിന്റെ കയ്യിലെ സാധനത്തിലേക്ക് ഞാന്‍ ശ്രദ്ധിച്ചു. ഒരേ സമയം വായുഗുളികയും വിവിധതരം കാര്‍ഡുകള്‍ ഇടുന്നതിനുള്ള വാലറ്റും വില്പന നടത്തുകയായിരുന്നു അദ്ദേഹം.

Thursday, July 28, 2016

സൌജന്യ സേവനങ്ങൾ - ആരോഗ്യവകുപ്പ്

നാഷണൽ സർവീസ് സ്കീമിൽ പ്രോഗ്രാം ഓഫീസർ ആയതിന് ശേഷമാണ് സർക്കാറിന്റെ വിവിധ വകുപ്പുകൾ വിദ്യാർത്ഥികൾക്ക് വേണ്ടി വ്യത്യസ്തങ്ങളായ പരിപാടികൾക്കായി അനുവദിക്കുന്ന വിവിധ ധനസഹായങ്ങളെക്കുറിച്ചും മറ്റു സാങ്കേതിക പിന്തുണകളെക്കുറിച്ചും ഞാൻ മനസ്സിലാക്കിയത്. അതിന് ശേഷം പലർക്കും ഇതിനെപ്പറ്റി സമയാസമയങ്ങളിൽ അറിയിപ്പുകൾ നൽകിയെങ്കിലും ഇന്നും പലരും അത്തരം സഹായങ്ങൾ ഉപയോഗപ്പെടുത്തുന്നില്ല എന്നത് ഖേദകരമാണ്.ക്ഷമിക്കണം, ഇവിടെ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് സാമൂഹ്യ സേവനത്തിന് നാഷണൽ സർവീസ് സ്കീം പോലെയുള്ള സംവിധാനത്തിലൂടെ വിദ്യാർത്ഥികളെ ഉപയോഗപ്പെടുത്തുമ്പോൾ സമീപിക്കാവുന്ന വകുപ്പുകളെക്കുറിച്ചാണ്. അതിനാൽ തന്നെ പൊതുജനങ്ങളെക്കാളും അദ്ധ്യാപകർക്കാണ് ഈ കുറിപ്പ് ഏറെ പ്രയോജനപ്രദമാകുക.

പ്രോഗ്രാം ഓഫീസർ ആയ ഞാൻ ആദ്യമായി ഉപയോഗപ്പെടുത്തിയ വകുപ്പ് ആരോഗ്യവകുപ്പ് തന്നെയായിരുന്നു.എൻ.ആർ.എച്.എം ഫണ്ട് ഉപയോഗിച്ച് ആരോഗ്യവകുപ്പ് നിരവധി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതായി അറിഞ്ഞിരുന്നു. എന്നാൽ അവ മിക്കവയും അല്പം പോലും ബോധമില്ലാത്തവർക്കായിരുന്നതിനാൽ വെള്ളത്തിൽ വരച്ച വര പോലെ അടുത്ത നിമിഷം തന്നെ ഇല്ലാതാകുന്നതായി ഞാൻ നിരീക്ഷിച്ചു. ഇതേ പ്രവർത്തനം വിദ്യാർഥികൾക്കിടയിൽ നടത്തിയാൽ പത്ത് പേർക്കെങ്കിലും ബോധം വന്നാൽ അതിന്റെ ഫലം കാണാം എന്നതിനാൽ ഞാൻ ആരോഗ്യ വകുപ്പിലെ മാസ് മീഡിയ ഓഫീസറെ സമീപിച്ചു.

പുകവലി വിരുദ്ധ ബോധവൽക്കരണവും രക്തദാന ബോധവൽക്കരണവും ക്ലാസ്സുകളായി തന്നെ വിദ്യാർത്ഥികൾക്കും അധ്ധ്യാപക-അനദ്ധ്യാപകർക്കും നൽകി.റിസോഴ്സ് പേഴ്സണും പ്രൊജക്ടറും അടക്കമുള്ള സംവിധാനങ്ങൾ വകുപ്പ് തന്നെ ഒരുക്കിത്തന്നു. പങ്കെടുക്കുന്നവർക്ക് പരിപാടിയുടെ സമയക്രമതിനനുസരിച്ചുള്ള ഭക്ഷണവും വകുപ്പ് നൽകി.പരിപാടി നടത്താനുള്ള സ്ഥല സൌകര്യവും കേൾക്കാൻ താല്പര്യമുള്ള ശ്രോതാക്കളെയും ഞാനും നൽകി.

ഇതേ വകുപ്പിന്റെ സഹായവും കേരള സ്റ്റേറ്റ് എയ്ഡ്സ് കൺ‌‌ട്രോൾ സൊസൈറ്റിയുടെ പിന്തുണയും ഉപയോഗിച്ച് നിരവധി രക്തദാന ക്യാമ്പുകളും കോളേജിൽ നടത്തി.രക്തം ദാനം ചെയ്യുന്നവർക്കുള്ള ലഘുപാനീയങ്ങൾ വകുപ്പ് നൽകും. രക്തം ദാനം ചെയ്യുമ്പോൾ നീണ്ടു നിവർന്ന് കിടക്കാൻ കഴിയുന്ന രൂപത്തിൽ അല്പം ഉയർന്ന ഡെസ്ക് പോലെയുള്ള സംവിധാനങ്ങളും കാറ്റും വെളിച്ചവുമുള്ള അല്പം വിശാലമായ മുറിയും ഉണ്ടായിരിക്കണം.ഡോക്ടറടക്കം ഈ പ്രവർത്തനത്തിന് എത്തിയ അഞ്ചോ ആറോ പേർക്കുള്ള ഉച്ചഭക്ഷണം മാത്രമാണ് അന്ന് എനിക്ക് ചെലവ് വന്നത്. ഒരു മഹത്തായ സാമൂഹ്യ സേവനത്തിൽ പങ്കാളികളാകാൻ പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികൾക്ക് അന്ന് സാധിച്ചു.പലർക്കും രക്തം ദാനം ചെയ്യാനുള്ള ഭയം മാറ്റാനും ഇത്തരം പ്രവർത്തനത്തിലൂടെ സാധിച്ചതിനാൽ കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിലായിരിക്കെ അഞ്ചോ ആറോ തവണ ഈ സംവിധാനം ഞാൻ ഉപയോഗപ്പെടുത്തി.അതിനാൽ തന്നെ ഇപ്പോൾ ഞാൻ അങ്ങോട്ട് ആവശ്യപ്പെടുന്നതിന് മുമ്പെ അവർ ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുന്നു!മാസ്മീഡിയ ഓഫീസർമാരെ സമീപിച്ചാൽ (തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നോ സർക്കാർ ആശുപത്രിയിൽ നിന്നോ വിവരം ശേഖരിക്കുക) യൂത്ത്ക്ലബ്ബുകൾക്കും മേല്പറഞ്ഞ രണ്ട് പരിപാടികളും സ്വന്തം നാടുകളിൽ സംഘടിപ്പിക്കാവുന്നതാണ്. ഈ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഒന്ന് ശ്രമിച്ചാൽ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന കാൻസർ , വൃക്ക രോഗങ്ങൾക്കെതിരെ ചെറിയൊരു ബോധം സൃഷ്ടിക്കാനും നമ്മുടെ ആശുപത്രികളിൽ യാതന അനുഭവിക്കുന്ന രോഗികൾക്കായി രക്തം ദാനം ചെയ്യാനും സാധിക്കും.


യുവജനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന മറ്റൊരു വകുപ്പാണ് കേരള സംസ്ഥാന യുവജനക്ഷേമ വകുപ്പ്.അതേ പറ്റി അടുത്ത കുറിപ്പിൽ.

Wednesday, July 27, 2016

ലുഅമോളുടെ മാസം‌മാറികൾ

കുട്ടിക്കാലത്ത് മതവിദ്യാഭ്യാസത്തിനായി മദ്രസയിൽ പോകുന്ന പതിവുണ്ടായിരുന്നു.വളരെ മുമ്പ് ഓത്തുപള്ളിയിൽ പോവുക എന്നായിരുന്നു ഇതിന് പറഞ്ഞിരുന്നത്.ഞാനും അനിയനും പോയിരുന്ന മദ്രസ നടക്കാവുന്ന ദൂരത്തിലുള്ള പുത്തലം എന്ന സ്ഥലത്തായിരുന്നു.അതേ പ്രദേശത്ത് നിന്നും സ്കൂളിൽ പഠിക്കുന്ന ഒട്ടു മിക്കവരും മദ്രസയിലും സഹക്ലാസ്മേറ്റ്സ് ആയിട്ടോ തൊട്ടുയർന്ന ക്ലാസിലോ താഴ്ന്ന ക്ലാസിലോ ഉണ്ടായിരിക്കും.

എന്റെ ക്ലാസ്മേറ്റ് ആയിരുന്നു പുത്തലം സ്വദേശിയായ മുഹ്സിൻ.ഉഴുന്നൻ കുടുംബാംഗമായതിനാൽ അവൻ ഏതോ ഒരു വഴിയിലൂടെ എന്റെ കുടുംബമാണ് എന്ന് ഞാനും അനിയനും മനസ്സിലാക്കി വച്ചിരുന്നു. അക്കാലത്തെ എന്റെ പ്രധാനഹോബി ചെടി വളർത്തുക അഥവാ ഗാർഡനിംഗ് ആയിരുന്നു. മുഹ്സിനും ഇതേ ഹോബിക്കാരനായതിനാൽ, മദ്രസ വിട്ടാൽ അവന്റെ വീട്ടിൽ പോയി അവിടെയുള്ളതും ഞങ്ങളുടെ വീട്ടിൽ ഇല്ലാത്തതുമായ ചെടികൾ ശേഖരിക്കുക എന്നതായിരുന്നു പ്രധാന പരിപാടി.

ഇന്ന് എന്റെ രണ്ടാമത്തെ മോൾ ലുഅ അതേ മദ്രസയിൽ പഠിക്കുന്നു. അത്ഭുതമെന്ന് പറയട്ടെ എന്റെ ചെടി വളർത്തൽ ഹോബി അവൾക്കും കിട്ടി! മദ്രസയിൽ നിന്നും വരുമ്പോൾ അവളുടെ കയ്യിൽ ഏതെങ്കിലും ഒരു ചെടിക്കമ്പ് അല്ലെങ്കിൽ ചെടി ഉണ്ടായിരിക്കും. ഇങ്ങ്നെ കൊണ്ട് വന്ന് ഇപ്പോൾ എന്റെ മുറ്റത്ത് പല വർണ്ണത്തിലുള്ള ഇലകളോട് കൂടിയ, ഞങ്ങൾ മാസം‌മാറി എന്ന് വിളിക്കുന്ന ചെടികൾ ധാരാളമായി.ഇതിന്റെ ഇലകൾ ഓരോ മാസവും മാറും എന്നാണ് ഈ പേരിൻറ്റെ അടിസ്ഥാനം. പക്ഷെ ഇന്നുവരെ ഈ പേരിനെ നീതീകരിക്കാൻ എന്റെ വീട്ടിലെ ഈ ചെടികൾക്ക് സാധിച്ചിട്ടില്ല.പിന്നെ കുഞ്ഞില വലിയ ഇലയാകാൻ ഒരു മാസം എടുക്കും.അപ്പോൾ അതിന്റെ ഇലകൾക്ക് സ്വാഭാവികമായും മാറ്റം ഉണ്ടാകും. കുട്ടിക്കാലത്ത് അത് മനസ്സിലാക്കാൻ മാത്രം ബുദ്ധി ഉണ്ടായിരുന്നില്ല.അതിനാൽ അങ്ങനെ മാറുന്നുണ്ട് എന്ന് മനസ്സിനെ അങ്ങ് ബോധിപ്പിച്ചു!
10-15 വർഷങ്ങൾക്ക് മുമ്പ് ഞാനും ഇതിന്റെ പല തരവും വീട്ടിൽ നട്ടു വളർത്തിയിരുന്നു.അമിതമായ മഴയിലും അമിതമായ വെയിലിലും ഈ ചെടി നശിച്ചു പോകും.മുറ്റത്തിന് നിറപ്പകിട്ട് നൽകാൻ ഏറ്റവും നല്ല ചെടിയാണ് വർഷത്തിലും മാറാത്ത മാസം‌മാറി! എങ്കിലും ഈ ചെടികളുടെ സൌന്ദര്യം ലുഅ മോളെയും ഞങ്ങളെ എല്ലാവരെയും ഒരേ പോലെ സന്തോഷിപ്പിക്കുന്നു.

Saturday, July 23, 2016

കാരറ്റും കാപ്സിക്കവും

     എന്റെ സസ്യ കോം‌പ്ലാൻ കഴിച്ചതോടെ സോറി മുരടിൽ ലഭിച്ചതോടെ വളരെക്കാലമായി മുരടിച്ച് നിന്നിരുന്ന കാപ്സിക്കം ഒന്നുണർന്നു.ചെടി അധികം വളർന്നില്ലെങ്കിലും ഉണ്ടായ ശാഖകളിൽ മുഴുവനും പൂ വിരിഞ്ഞു , അതുപോലെ കൊഴിഞ്ഞു.പക്ഷെ എന്റെ നിരന്തര സാമീപ്യത്തിന് മുന്നിൽ കാപ്സിക്കം കീഴടങ്ങി. അങ്ങനെ രണ്ട് കാപ്സിക്കം കായ(അതോ മുളകോ) അതിൽ ഉണ്ടായി.എനിക്കും മക്കൾക്കും സന്തോഷമായി.

      ദിവസം കഴിയുംതോറും കാപ്സിക്കം വലുതായി. കടയിൽ നിന്നും ലഭിക്കുന്ന മുഴുത്ത കാപ്സിക്കം പോലെ ഇതും ആകും എന്ന് പ്രതീക്ഷയുണ്ടായിരുന്നില്ലെങ്കിലും ഒരു തക്കാളിയുടെ അത്ര എങ്കിലും വലിപ്പം വയ്ക്കും എന്ന് ഞാൻ കരുതി.പക്ഷെ ആ സ്വപ്നത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.ഉണ്ടായ രണ്ട് കാപ്സിക്കവും ഇരുട്ടിന്റെ മറവിൽ ഏതോ ജീവി പകുതി വീതം അകത്താക്കി. ബാക്കി ഭാഗം മഴയിൽ കുതിർന്ന് ചീയുകയും ചെയ്തു.മക്കൾ നഷ്ടപ്പെട്ട അമ്മ ശേഷിക്കുന്ന ഇലകൾ കൂടി പൊഴിച്ചതോടെ കാപ്സിക്കം ചെടിയുടെ കഥ കഴിഞ്ഞു.

       സൌജന്യമായി കിട്ടിയ സങ്കര ഇനത്തിൽ പെട്ട കാരറ്റ് വിത്ത് കുറെ കാലമായി കവറിനുള്ളിൽത്തന്നെ വിശ്രമിച്ചിരുന്നു.വിത്ത് നൽകിയ ആൾ പറഞ്ഞ് തന്ന പ്രകാരം അല്പം വിത്തെടുത്ത് ഞാൻ ഒരു ട്രേയിൽ നിക്ഷേപിച്ചു (ചകിരിച്ചോറും ചാണകവും നിറച്ചതായിരിക്കണം ട്രേ). അല്പ ദിവസങ്ങൾക്ക് ശേഷം ട്രേയിൽ നിന്ന് പച്ചനാമ്പുകൾ തലനീട്ടി.ഏകദേശം രണ്ടില പ്രായമായപ്പോൾ അതിലെ ശക്തരായ ചെടികളെ ഞാൻ ഗ്രോബാഗിലേക്ക് മാറ്റി.

പക്ഷെ എന്റെ പ്രതീക്ഷകൾ തെറ്റിച്ച് ഗ്രോബാഗിലെ രണ്ടെണ്ണം ഒഴികെ ബാക്കി എല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞു .ബാക്കിയായ രണ്ടും വളരണോ വേണ്ടേ എന്ന ഒരു ചിന്തയിലായിരുന്നു കുറെ കാലം.അവയ്ക്ക് സ്യൂഡൊമോണാസ് കലക്കിയ വെള്ളം ഞാൻ അല്പം ഒഴിച്ചുകൊടുത്തു. ദിവസങ്ങൾക്കകം അതിന്റെ മാറ്റവും ഞാൻ ദർശിച്ചു. അന്ന് ബാക്കിയായ രണ്ട് കാരറ്റ് ചെടികളും ഇപ്പോൾ നന്നായി വരുന്നു.കാരറ്റ് ഉണ്ടായോ ഇല്ലേ എന്നറിയാൻ അത് പറിച്ച് നോക്കാൻ മനസ്സ് പറയും.ഉടൻ തന്നെ എതിർമനസ്സ് പ്രവർത്തിക്കുന്നതിനാൽ ഒരു വലിയ മണ്ടത്തരത്തിൽ നിന്നും എന്നും രക്ഷപ്പെടുന്നു.മക്കൾക്കോ പെരുച്ചാഴികൾക്കോ ഇതേ ഐഡിയ എങ്ങാനും തോന്നിയാൽ കുഴഞ്ഞത് തന്നെ.

മഴക്കാലം തുടങ്ങിയതോടെ മഴ നേരിട്ട് നനയാത്ത വിധം കുറ്റിപ്പയറും വെണ്ടയും മുളകും തക്കാളിയും വളർത്താനുള്ള ശ്രമത്തിലാണ്.പത്തിരുപത് വിത്തുകൾ നട്ടതിൽ ഓരോന്നിന്റെയും രണ്ടെണ്ണമെങ്കിലും വളർന്ന് വരും എന്നാണെന്റെ പ്രതീക്ഷ.അങ്ങനെയെങ്കിൽ അടുത്ത മൂന്ന് മാസത്തേക്കുള്ള പച്ചക്കറികൾ വീട്ടുമുറ്റത്ത് നിന്ന് തന്നെ പറിച്ചെടുക്കാം.

Friday, July 22, 2016

കുമ്പളവള്ളിയും കൂട്ടുകാരും

        കോവക്കയുംചീരയും നന്നായി വിളഞ്ഞപ്പോൾ വീണ്ടും ചില പച്ചക്കറികൾ കൂടി പരീക്ഷിക്കാൻ തോന്നി. എനിക്ക് ഒരു മുഴം മുമ്പേ ഇറങ്ങി ഉമ്മ തന്നെ അതിന് ആരംഭം കുറിച്ചു.മത്തനും കുമ്പളവും ചെരങ്ങയും (ചുരക്ക) തണ്ണിമത്തനും ഉമ്മയുടെ വിത്തിടലിൽ ഉൾപ്പെട്ടു. ഞങ്ങളുടെ പച്ചക്കറി സ്നേഹം കണ്ടറിഞ്ഞ ദൈവം അവ മുളപ്പിച്ചു.കൊടും വേനലായതിനാൽ ചീരയോടൊപ്പം ഇവ കൂടി നനക്കേണ്ട ജോലി ഞാൻ ഏറ്റെടുത്തു.ചുരുക്കി പറഞ്ഞാൽ ഉമ്മ നട്ടു,ദൈവം മുളപ്പിച്ചു, ഞാൻ നനച്ചു.

         തൈകൾ നന്നായി വന്നപ്പോൾ കുമ്പളത്തെക്കാളും ഭൂരിപക്ഷം മത്തനായിരുന്നു. മത്തൻ വള്ളി പെട്ടെന്ന് തന്നെ പിച്ച വയ്ക്കാനും തുടങ്ങി.അല്പം കാലിവളവും കൂടി ഇട്ടതോടെ മത്തൻ വള്ളി ഓരോ ദിവസവും ഓടുന്ന ദൂരം കൂടിക്കൂടി വന്നു.ഇലകൾ ധാരാളമായി നിറഞ്ഞു. അവിടവിടെ പൂക്കളും വിടർന്നു.പക്ഷേ എല്ലാം ആൺപൂക്കളായിരുന്നു
ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു കായ പോലും പിടിക്കാതായപ്പോൾ മത്തനില എങ്കിലും കറി വയ്ക്കാനെടുക്കാൻ ഞാൻ ഉപദേശിച്ചു. അതിന് ശേഷം മിക്ക ദിവസങ്ങളിലും മത്തനില കറിയായും (താളിപ്പ്) തോരനായും എന്റെ തീന്മേശയിൽ അണിനിരക്കാൻ തുടങ്ങി.മത്തനിലത്താളിപ്പ് ആലോചിക്കുമ്പോഴേ എന്റെ വായിൽ വെള്ളമൂറും , മക്കളുടെ വായിലെ വെള്ളം വറ്റുകയും ചെയ്യും.അവർക്കിത് അത്ര ഇഷ്ടമല്ല.അവർ വലുതാവുമ്പോൾ ഇതൊക്കെ കാണാൻ പറ്റുമോ എന്ന് പോലും സംശയമാണ്.
        മത്തനിലയും ചീരയും മുരിങ്ങയും മാറി മാറി താളിച്ച് നോമ്പുകാലത്തെ അത്താഴത്തിന് ഞങ്ങൾ കറിയായി ഉപയോഗിച്ചുഅപ്പോഴാണ് ഒരു ദിവസം ഒന്ന് മാറ്റിപ്പിടിക്കാൻ തോന്നിയത്.കോവക്ക വള്ളി നിറയെ പുതിയ ഇലകൾ ഉണ്ടായി നിൽക്കുന്നുണ്ടായിരുന്നു.അതിനാൽ ഒരു ദിവസം അതും കറി വച്ച് നോക്കാം എന്ന് തീരുമാനിച്ചു.ഞാൻ തന്നെ ഇളം ഇലകൾ ശ്രദ്ധാപൂർവ്വം നുള്ളിയെടുത്തു.
ഭാര്യ അതുകൊണ്ടും താളിപ്പ് കറി ഉണ്ടാക്കി.പക്ഷേ പിറ്റേ ദിവസം എനിക്ക് വയറിന് എന്തോ പന്തികേട് തോന്നി.അനിയന്റെ ഭാര്യക്കും ഇതേ പ്രശ്നം.കറി കൂട്ടിയ മറ്റാർക്കും ഒരു പ്രശ്നവും ഇല്ലതാനും.എങ്കിലും കോവക്ക ഇല പിന്നെ ഞങ്ങൾ ഉപയോഗിച്ചില്ല. ഇപ്പോൾ കോവക്ക വള്ളിയിൽ കായ ഇല്ല , ഇലകളേ ഉള്ളൂ.എന്നിരുന്നാലും അനുഭവമേ ഗുരു!

        മത്തനും കുമ്പളവും കായ പിടിച്ചില്ലെങ്കിലും ചുരക്ക ഇപ്പോൾ കായ പിടിച്ച് തുടങ്ങി.
അതിനിടയിൽ ഞങ്ങളറിയാതെ ഒരു ഗ്രോ ബാഗിൽ പുതിയൊരു വള്ളി വളർന്ന് വന്നു.അതിൽ കുറെ കുഞ്ഞ് മഞ്ഞപ്പൂക്കളും വിരിഞ്ഞു. പൂക്കൾ എല്ലാം കായയായി മാറാൻ തുടങ്ങിയെങ്കിലും ഒന്നിന് മാത്രമേ അല്പം വണ്ണം വയ്ക്കാനുള്ള ഭാഗ്യം കിട്ടിയുള്ളൂഅതിനാൽ തന്നെ അവനെ തിരിച്ചറിയാൻ സാധിച്ചു – വെള്ളരി.പക്ഷെ അവനെയും മൂപ്പെത്തുന്നതിന് മുമ്പെ പ്രാണികൾ ആക്രമിച്ചതിനാൽ കേട് വന്നു.

അല്പം താല്പര്യ്മുണ്ടെങ്കിൽ ഈ കൃഷിയെല്ലാം മനസ്സിന് ഉന്മേഷവും സന്തോഷവും നൽകും.ഭൂമിക്ക് ഒരു പച്ചപ്പും.

Monday, July 18, 2016

ചീര പുരാണം

            വേനല്ക്കാലത്ത് ചെയ്യാന്‍ പറ്റിയ മറ്റൊരു നല്ല പ്രവര്‍ത്തനമാണ് ചീരകൃഷി.ചീര തോരനും ചീര താളിപ്പ്കറിയും എനിക്ക് മുമ്പ് തന്നെ വളരെ ഇഷ്ടമായിരുന്നു. ഉമ്മ ടീച്ചറായിരുന്ന കാലത്തേ കൂര്‍ത്ത ഇലയുള ഒരു തരം ചുവന്ന ചീര വീട്ടില്‍ ധാരാളമായി ഉണ്ടായിരുന്നു (പല സ്ഥലങ്ങളിലും റോഡ് വയ്ക്കത്ത് ആവശ്യക്കാരില്ലാതെയും ഈ ചീര കണ്ടിട്ടുണ്ട്). അതുകൊണ്ടുണ്ടാക്കുന്ന താളിപ്പും കൂട്ടിയുള ചോറുണ്ണല്‍ എന്നും ഗൃഹാതുരത്വം ഉണര്‍ത്തും. ആ ചീര കൊണ്ടുണ്ടാക്കിയ തോരന്‍ കൂട്ടിക്കുഴച്ചാണ് സ്കൂളില്‍ പോകുന്ന കാലത്ത് കറി ഇല്ലാതെ ചോറ് ഉണ്ടിരുന്നത്. 
              ഉമ്മ പഠിപ്പിച്ചിരുന്നത് സര്‍ക്കാര്‍ ഹൈസ്കൂളില്‍ ആയിരുന്നു. അക്കാലത്ത് മലപ്പുറത്തെ മിക്ക സ്കൂളുകളിലും അധ്യാപികമാരായി ഉണ്ടായിരുന്നത് സ്റ്റേറ്റുകാര്‍ എന്ന് വിളിക്കുന്ന തെക്കന്‍ കേരളത്തില്‍ നിന്നുളവരായിരുന്നു.അവരില്‍ നിന്നും കേട്ടറിഞ്ഞതിലൂടെ പച്ചക്കറികളിലെ പല പരീക്ഷണങ്ങള്‍ക്കും ഞങ്ങളുടെ അടുക്കള വേദിയായി.അവ ഭക്ഷിച്ചു നോക്കാന്‍ ഞങ്ങള്‍ക്കും വിധിയുണ്ടായി.അത്തരത്തില്‍ ഒരു പച്ചക്കറിയായിരുന്നു ഒരാള്‍ പൊക്കത്തില്‍ കൊമ്പുകളായി വളരുന്ന മധുരച്ചീര (തേങ്ങ ഇട്ട് തോരന്‍ വച്ചാല്‍  മധുരം ഉണ്ടാകാറുണ്ട്).ഈ ചീര അത്ര രുചികരമല്ലെങ്കിലും അതിലുണ്ടാകുന്ന കായ കാണാന്‍ നല്ല രസമായിരുന്നു.അക്കാലത്ത് വീട്ടില്‍ ധാരാളമായുണ്ടായിരുന്ന മധുരച്ചീര ഇപ്പോള്‍ എവിടെയും കാണാനില്ല.

              ഉമ്മ സ്കൂളില്‍ നിന്ന് തന്നെ കൊണ്ട് വന്ന ഒരു ചീര ഇനമാണ് സാമ്പാര്‍ ചീര.ഇതിന്റെയും പേരിന് പിന്നിലെ രഹസ്യം എനിക്കറിയില്ല,ഇത് സാമ്പാറില്‍ ഇടുന്നതായി ഞാന്‍ എവിടെയും കണ്ടിട്ടുമില്ല.വളരെ വേഗം പടര്‍ന്ന് പിടിക്കുന ഒരു ചെടിയാണിത്.വേണ്ട എന്ന് കരുതി പിഴുതെടുത്ത് ഒടിച്ച് മടക്കി വലിച്ചെറിഞാലും അവിടെക്കിടന്ന് വേര് പിടിക്കും !കോഴികളും താറാവുകളും ഇതിന്റെ ഇലകള്‍ കൊത്തുന്നതായി ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്.തോരന്‍ വച്ചാല്‍ ഒരു വഴുവഴുപ്പ് സ്വഭാവമായതിനാല്‍ ഞങ്ങള്‍ക്ക് പലര്‍ക്കും ഇതിഷ്ടമല്ല. 
            കടകളില്‍ കിട്ടുന്ന, ഏകദേശം വട്ടത്തില്‍ ഇലയുള പച്ചച്ചീരയും ചുവന്ന ചീരയും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എന്റെ വീട്ടില്‍ സ്ഥാനം പിടിച്ചത്. പച്ചച്ചീര എവിടെ നിന്നോ എത്തിയതാണ്.ഇത്തവണ രണ്ട് സ്ഥലത്ത് നിന്നായി വിത്ത് വാങ്ങിയപ്പോള്‍ പച്ചച്ചീരയും ചുവന്ന ചീരയും കിട്ടി. ചീര വിത്ത് വിതറുന്നതിന് മുമ്പ് അല്പം മണലും കൂടി ചേര്‍ക്കണം എന്നൊരു പാഠവും ഇത്തവണ തെരുവ്കച്ചവടക്കാരനില്‍ നിന്ന് കിട്ടി. മണല്‍ ചേര്‍ക്കുമ്പോള്‍ വിത്തുകള്‍ പരസ്പരം ഒട്ടിപ്പിടിക്കില്ല. അതുകൊണ്ട് തന്നെ വിതറിയ വിത്തുകള്‍ മണ്ണില്‍ വീഴുമ്പോള്‍ അവക്കിടയില്‍ അത്യാവശ്യം വിടവ് ഉണ്ടാകും.ഇത് അവയ്ക്ക് സുഗമമായി വളരാന്‍ സഹായകമാകും (ഗ്രോ ബാഗിലും ചാക്കിലും മറ്റു കവറുകളിലും വിതറുന്നവര്‍ വെറുതെ മണല്‍ കളയേണ്ട!). 
             ഉമ്മ തന്നെ കൊണ്ടുവന്ന ഒരു ഐറ്റം ചീര കൂടി ഇപ്പോള്‍ വീട്ടിലുണ്ട്.വലിയ ഇലകളുള വളിച്ചീര.സാമ്പാറ് ചീര പോലെത്തന്നെ തോരന്‍ വച്ചാല്‍ വഴുവഴുപ്പായതിനാല്‍ ഈ ചീരയും അത്ര രുചികരമായി എനിക്ക് തോന്നിയിട്ടില്ല. 
പക്ഷെ ഇത്തവണ എന്റെ ചീരകൃഷി ഞാന്‍ നന്നായി ആസ്വദിച്ചു , നന്നായി ഭക്ഷിക്കുകയും ചെയ്തു.Sunday, July 17, 2016

കോവക്കക്കാലം

         വളരെക്കാലത്തിന് ശേഷമാണ് ഒരു വേനലവധിക്കാലം മുഴുവന്‍ വീട്ടില്‍ കഴിയാനുള അവസരം ഇത്തവണ ലഭിച്ചത്.അതിനാല്‍ തന്നെ ചി കാര്‍ഷിക പരീക്ഷണങ്ങള്‍ക്ക് എനിക്ക് സമയം കിട്ടി.സ്വയം കൃഷി ചെയ്ത് പച്ചക്കറി ഉണ്ടാക്കുന്നതിലു രസം ചെറുപ്പത്തിലേ ഞങ്ങള്‍ അനുഭവിച്ചറിഞ്ഞിരുന്നു.തൊടിയില്‍ മുഴുവന്‍ പയറ്‌ വളി പിടിച്ച് അതില്‍ കുറിയ ഒരു തരം പയറ്‌ പിടിച്ച് നില്‍ക്കുന്ന ഒരു ചിത്രം എന്റെ മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്.അന്ന് പയറ്‌ നുളുന്നതും പയറ്‌ തിന്നാന്‍ തത്തയെപ്പോലു ഒരു പച്ചക്കിളി വരുന്നതും പയറ്‌ കൊറിക്കാന്‍ വരുന്ന അണ്ണാനെ കെണി വച്ച് പിടിക്കുന്നതും എല്ലാം ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു.

          ബി.എഡിന്പഠിക്കുമ്പോള്‍ സ്വയം കുഴി എടുത്ത് ഞാന്‍ കുറെ ചേന കൃഷി ചെയ്തിരുന്നു.വീട്ടിലെ പച്ചക്കറി ഉല്പന്നങ്ങള്‍ എത്ര അധികമുണ്ടായാലും ഇതുവരെ വിറ്റതായി എന്റെ ഓര്‍മ്മയില്‍ എവിടെയും ഇല്ല.പക്ഷെ എന്റെ മാതാപിതാക്കള്‍ അത് ചുറ്റുവട്ടത്തുള എല്ലാവര്‍ക്കും കൊടുത്തിരുന്നതായി ഞാന്‍ ഇന്നും ഓര്‍ക്കുന്നു.ആ ഒരു ശീലം ഞാന്‍ മുതിര്‍ന്നപ്പോഴും തുടരുന്നു.

          മുമ്പ് ഒരുപാട് തവണ ശ്രമിച്ചിട്ടും നടക്കാതെ പോയ കോവക്ക (കോവല്‍) വളി പിടിപ്പിക്കലായിരുന്നു ഇത്തവണത്തെ പ്രധാന കൃഷി. കോവക്കക്ക് നല്ലവണ്ണം വെളം വേണം എന്നാണ് എല്ലാവരും പറഞ്ഞത്.സ്വന്തമായി കിണര്‍ ഇല്ലാത്തതിനാലും വെളത്തിന് വാട്ടര്‍ അതോറിറ്റിയെ ആശ്രയിക്കുന്നതിനാലും വെളത്തിന്റെ കാര്യത്തില്‍ ഒരു ആശങ്ക ഉണ്ടായിരുന്നു.പക്ഷെ അവയെല്ലാം അസ്ഥാനത്താക്കി ദൈവം എന്റെ ആഗ്രഹം നിറവേറ്റി.
            വീടിനോട് ചേര്‍ന്ന് ഒരു കോവക്ക വളി ഉണ്ടായപ്പോള്‍ ഒരു നൈലോണ്‍ വല വാങ്ങി അതിന് പടരാനുള സൌകര്യം ഉണ്ടാക്കി. പന്തല്‍ കെട്ടിയപ്പോഴെല്ലാം അത് പരാജയമായിരുന്നതിനാലാണ് വല പരീക്ഷിച്ചത്. വെളം ലഭിക്കുന്ന ദിവസങ്ങളില്‍ എന്നും അത്യാവശ്യം വെളം നല്‍കി.വളി പടര്‍ന്ന് പന്തലിച്ചപ്പോള്‍ അവിടെയും ഇവിടെയും പൂവിടാന്‍ തുടങ്ങി.വിടര്‍ന്ന പൂക്കളെല്ലാം കായയാകുന്ന കാഴ്ച കണ്ട് ഞാന്‍ അന്തം വിട്ടു. പടര്‍ന്ന് പന്തലിച്ച കോവക്ക വളി കണ്ട് അയല്‍‌വാസികളും അത്ഭുതം കൂറി.
              വളിയില്‍ നിറയെ കായകള്‍ തൂങ്ങാന്‍ തുടങ്ങിയതോടെ എന്റെയും കുടുംബത്തിന്റെയും സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ വിളവെടുപ്പ് നടത്തി.എന്നും ഓരോ കുട്ട നിറയെ കോവക്ക കിട്ടി.
അയല്‍ക്കൂട്ടത്തിലെ അംഗങ്ങള്‍ക്ക് മുഴുവന്‍ ഞങ്ങളുടെ വിഷരഹിതമായ കോവക്ക പച്ചയായി ഭക്ഷിക്കാനും തോരന്‍ വയ്ക്കാനും നല്‍കി.ഭക്ഷണ സംരക്ഷണ മാര്‍ഗ്ഗങ്ങളെ പറ്റി ക്ലാസ്സില്‍ പഠിക്കാനുണ്ടായപ്പോള്‍ ലുഅ മോള്‍ കോവക്ക നെടുകെ കീറി ഉപ്പിലിട്ട് ക്ലാസ്സില്‍ അവതരിപ്പിച്ചു. നിമിഷങ്ങള്‍ക്കകം തന്നെ കൊണ്ടുപോയ കുപ്പി കാലിയായി! മഴ തുടങ്ങിയ ഉടനെ കോവക്ക പന്തല്‍ നിലം പതിച്ചു.അന്ന് ഈ സീസണിലെ അവസാനത്തെ വിളവെടുപ്പ് നടത്തി.
            ഇത്രയും വിളവെടുത്തതോടെ ഞാന്‍ രണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി. അത്രയധികം വെളമൊന്നും കോവക്കക്ക് ആവശ്യമില്ല (വെളം കൂടിയാല്‍ ഒരു പക്ഷെ ഇതിലും കൂടുതല്‍ വിളവ് കിട്ടുമായിരിക്കും).ഒരു വളവും പ്രയോഗിക്കാതെ തന്നെ നന്നായി വിള തരുന്ന ഒന്നാണ് കോവക്ക.പടരാന്‍ നല്ലൊരു പന്തലും പരിചരിക്കാന്‍ നല്ലൊരു മനസ്സും ഉണ്ടായാല്‍ മാത്രം മതി.

Saturday, July 16, 2016

കോവളത്തെ എന്റെ വീട് !!

           മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി , നെടുമങ്ങാടിനടുത്ത് ആനാടിലെ മോഹന്‌ദാസ് എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടന്ന എന്‍.എസ്.എസ്‌ന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സംഗമം ജൂലൈ 10 ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് അവസാനിച്ചു. പിറ്റെ ദിവസം മുതല്‍ ബാര്‍ട്ടണ്‍ഹില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഒരു ത്രിദിന വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാനുളതിനാല്‍ എനിക്കന്ന് ഒരു രാത്രി സത്രവും അതുവരെയു സമയം കളയലും നിര്‍ബന്ധമായി.സംഗമത്തില്‍ പങ്കെടുത്ത എന്റെ രണ്ട് പെണ്‍ വളണ്ടിയര്‍മാരും തിരുവനന്തപുരം നിവാസികള്‍ ആയിരുന്നു. അവര്‍ ക്ഷണിച്ച പ്രകാരം അവരുടെ വീടുകളിലേക്ക് പോകാന്‍ പിന്നെ എനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല.

             അങ്ങനെ വയനാട്ടിലെ എന്റെ വളണ്ടിയര്‍മാരില്‍ , എന്നെ സല്‍ക്കരിക്കാനു ആദ്യ അവസരം തിരുവനന്തപുരംകാരിയും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ അഫ്രക്ക് ലഭിച്ചു.എന്നെയും അഫ്ര അടക്കം സംഗമത്തില്‍ പങ്കെടുത്ത നാല് വളണ്ടിയര്‍മാരെയും അഴീക്കോട്ടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ അവളുടെ പിതാവ് കാറുമായി എത്തി.വളരെ ഹൃദ്യമായി കുടുംബം ഒന്നടങ്കം ഞങ്ങളെ സ്വീകരിച്ചു.ശേഷം ഞങ്ങള്‍ എന്റെ വളണ്ടിയര്‍ സെക്രട്ടറി കൂടിയായ ചിത്രയുടെ വിഴിഞ്ഞത്തു വീട്ടിലേക്ക് തിരിച്ചു.അവിടെയും ഒരു അമ്മയുടെ സ്നേഹസമ്പന്നമായ സ്വീകരണം ഞങ്ങള്‍ ഏറ്റുവാങ്ങി.

           വിഴിഞ്ഞത്തേക്കു യാത്രക്കിടയില്‍, അന്ന് തന്റെ ചേട്ടന്റെ വീട്ടില്‍ താമസിക്കാം എന്ന് ചിത്ര എന്നോട് പറഞ്ഞു.തിരുവനന്തപുരത്ത് താമസിക്കാനിട വന്നാല്‍ എന്റെ മുന്‍ റൂം മേറ്റും സഹപ്രവര്‍ത്തകനും കൂടിയായ ശറഫുദ്ദീന്‍ സാറിന്റെ ആറ്റിങ്ങലെ വീടിനായിരുന്നു ഞാന്‍ മുന്‍‌ഗണന കൊടുക്കാറ്.അതിനാല്‍ തന്നെ ചിത്രക്ക് മുമ്പില്‍ ഞാന്‍ ഒരു കണ്ടീഷന്‍ വച്ചു – രാത്രി കഞ്ഞി തരുമെങ്കില്‍ ഞാന്‍ അവളുടെ ചേട്ടന്റെ വീട്ടില്‍ താമസിക്കാം !അത് അംഗീകരിച്ചതോടെ ചിത്രയുടെ വീട്ടില്‍ നിന്നും കോവളം ജംഗ്ഷനിലു അവളുടെ ചേട്ടന്റെ വീട്ടില്‍  ഞങ്ങള്‍ എത്തി.

           ആദ്യമായി കണ്ടുമുട്ടുന്ന എന്നെ വളരെ ഹൃദ്യമായിത്തന്നെ ആ വീട്ടുകാരും സ്വീകരിച്ചു. വിദേശികള്‍ക്ക് ഹോം സ്റ്റേ കൂടി നല്‍കുന്ന ഒരു വീടായിരുന്നു അത്.വീടിന്റെ മുകള്‍ നിലയിലായി മൂന്ന് റൂമുകളും ഒരു അടുക്കളയും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.അവയില്‍ ഒരു റൂം എനിക്കായി തുറന്ന് തന്നു.കുളിച്ച് ഫ്രഷായ എന്നെ താമസിയാതെ ഭക്ഷണത്തിന് ക്ഷണിച്ചു.

           തീന്മേശയില്‍ വച്ച വിഭവം കണ്ട് ഞാന്‍ ശരിക്കും ഞെട്ടി.കാരണം, എന്റെ വീട്ടില്‍ കഞ്ഞിയിലേക്ക് ചെറുപയര്‍ തോരന്‍ ഇട്ടാണ് ഞാന്‍ കുടിക്കാറ്.ഇതൊന്നും അറിയാതെ എന്റെ ആതിഥേയ ഉണ്ടാക്കിയത് ചെറുപയര്‍ ഇട്ട് വേവിച്ച കഞ്ഞി!അതിഥി ഇച്ഛിച്ചതും ആതിഥേയന്‍ വിളമ്പിയതും ചെറുപയര്‍ കഞ്ഞി എന്ന ചൊല്ല് അക്ഷരം പ്രതി ശരി!!ചേട്ടനും ചേച്ചിയും അവരുടെ രണ്ട് മക്കളും അപ്പനും ചിത്രയും ഞാനും ഒരു വീട്ടിലെ അംഗങ്ങള്‍ എന്ന പോലെ കഞ്ഞിയും അച്ചാറും ചമ്മന്തിയും പറങ്കി പൊരിച്ചതും ആസ്വദിച്ച് കഴിച്ചു.ഹോം സ്റ്റേക്കായി എത്തുന്ന വിദേശികളുടെ ഭക്ഷണ-പെരുമാറ്റ രീതികളും ഇതിനിടയില്‍ ഞങ്ങളുടെ ചര്‍ച്ചാവിഷയമായി.

           പിറ്റേന്ന് രാവിലെ പ്രാതലും കഴിഞ്ഞ് ചിത്രയോടും ചേട്ടനോടും ചേച്ചിയോടും അപ്പനോടും യാത്ര പറഞ്ഞ് ഞാന്‍ ഇറങ്ങി.വഴി നീളെ എന്റെ ചിന്ത, ചിത്രയെ സ്നേഹപൂര്‍വ്വം പരിപാലിക്കുന്ന, അവളുടെ അദ്ധ്യാപകനായ എന്നെ ബഹുമാനത്തോടെ വളരെ നന്നായി സ്വീകരിച്ച, ഞങ്ങളുടെ രണ്ടുപേരുടെയും ആരുമല്ലാത്ത ആ ക്രിസ്ത്യന്‍ കുടുംബത്തെക്കുറിച്ചായിരുന്നു.

Friday, July 15, 2016

മമ്മുട്ടിക്കായുടെ വീട്ടിലെ നോമ്പ് തുറ!

“താന്‍ ഏത് ഭൂമിയില്‍ മരിക്കും എന്ന് ഒരുത്തനും തീര്‍ച്ചയില്ല” എന്ന് വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നു. അതേ പോലെ ഭൂമിയില്‍ ഉല്പാദിപ്പിക്കപ്പെട്ട ഓരോ ധാന്യമണിയും പഴങ്ങളും ആരുടെ വയറ്റില്‍ എത്തണം എന്ന് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.അതായത് ഇന്ന് രാത്രിയിലെ കഞ്ഞി ഞാന്‍ എന്റെ വീട്ടില്‍ നിന്ന് കുടിക്കുമോ അതല്ല ശ്രീ ബരാക് ഒബാമയോടൊപ്പം വൈറ്റ്‌ഹൌസില്‍ പേരറിയാത്ത എന്തോ ഒരു സാധനം തിന്നുമോ അതല്ല ഒന്നും കഴിക്കാതെ ഭൂമി വിട്ടുപോകുമോ എന്ന് ഒരു നിശ്ചയവുമില്ല.ഇനി ഞാന്‍ ഒരു നെന്മണിയാണെങ്കില്‍ ഇന്ന് ഞാന്‍ പിണറായിയുടെ അന്നനാളത്തിലൂടെ ഇറങ്ങുമോ അതല്ല മഞ്ജു വാര്യരുടെ ആമാശയത്തിലെത്തുമോ അതല്ല വല്ല തത്തയുടെയും വയറ്റിലെത്തുമോ എന്ന് അതില്‍ ദൈവം കൊത്തിവച്ചിട്ടുണ്ടത്രേ! ഭൂമിയില്‍ നിലവിലുള്ളതും മരിച്ചുപോയതുമായ ശതകോടി ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ വിസ്മയം സൃഷ്ടിക്കുന്ന ദൈവത്തിന് അതൊട്ടും അസാധ്യമല്ല.

ജൂണ്‍ 29ന് ഒരു ക്യാമ്പ് കഴിഞ്ഞ് ഞാന്‍ മാനന്തവാടിയില്‍ തിരിച്ചെത്തിയപ്പോള്‍ സമയം വൈകിട്ട് 6 മണി കഴിഞ്ഞിരുന്നു.നോമ്പ് പിടിച്ചിരുന്നതിനാല്‍ മഗ്‌രിബിന് ശേഷം അല്പം ഭക്ഷണം നിര്‍ബന്ധമായിരുന്നു.അബ്ദുല്ലാക്കയുടെ മെസ്സിലേക്ക് പലതവണ വിളിച്ചെങ്കിലും ആരും വിളി കേട്ടില്ല.റൂം മേറ്റ് ശബീര്‍ സാറും ഒരു യാത്ര കഴിഞ്ഞ് മാനന്തവാടിയില്‍ എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ.അതിനാല്‍ നമസ്കാരാനന്തരം മാനന്തവാടിയില്‍ കണ്ടുമുട്ടി ഭക്ഷണം കഴിച്ചിട്ട് ക്വാര്‍ട്ടേഴ്സിലേക്ക് പോകാം എന്ന് തീരുമാനിച്ചു.

അന്ന് മഗ്‌രിബ് നമസ്കാരം കഴിഞ്ഞ് ഞാന്‍ പള്ളിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ശബീര്‍ സാറിന്റെ ഫോണ്‍ വിളി വന്നു. മാനന്തവാടി ടൌണില്‍ വള്ളിയൂര്‍കാവ് ജംഗ്ഷനില്‍ മമ്മുട്ടിക്ക എന്നൊരാളുടെ വീട്ടില്‍ നിന്നാണ് വിളിക്കുന്നത്, ഭക്ഷണം അവിടെ നിന്നും കഴിക്കാം!സാറിന്റെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി ആതിഥേയനും എന്നെ നേരിട്ട് ക്ഷണിച്ചു.ക്ഷണം സ്വീകരിച്ച് അവിടെ എത്തിയപ്പോള്‍ കിട്ടിയത് കുഞ്ഞിപ്പത്തലും ടയര്‍പത്തലും അലീസയും കോഴിക്കറിയും ബീഫ് വരട്ടിയതും അടക്കം വിഭവസ‌മൃദ്ധമായ നോമ്പ് തുറ!

ഭക്ഷണം കഴിച്ച് ആതിഥേയനോട് സലാം പറഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ ശബീര്‍ സാറോട് ചോദിച്ചു -
“സാറ് മമ്മുട്ടിക്കയുമായി എങ്ങനെ പരിചയം?”

“ഞാന്‍ നമസ്കരിക്കാന്‍ പള്ളിയില്‍ കയറിയപ്പോള്‍ നോമ്പ് തുറക്കാന്‍ അദ്ദേഹം എനിക്ക് ഒരു കാരക്ക തന്നു.നമസ്കാര ശേഷം വീട്ടിലേക്ക് വരണം എന്നും പറഞ്ഞു.ഞാന്‍ ആ ക്ഷണം സ്വീകരിച്ചു”

“അപ്പോള്‍ യാതൊരു മുന്‍ പരിചയവും ഇല്ല??”

“ഇല്ല!!”

അന്ന് നോമ്പ് തുറ സമയത്തെ ഭക്ഷണം ദൈവം ഞങ്ങള്‍ക്ക് നിശ്ചയിച്ചത് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും യാതൊരു മുന്‍ പരിചയവും ഇല്ലാത്ത മാനന്തവാടിയിലെ മമ്മുട്ടിക്കായുടെ വീട്ടിലായിരുന്നു. ദൈവം എവിടെ നിശ്ചയിച്ചോ അവിടെ നാം ഓടി എത്തും - ഭരണമാണെങ്കിലും മരണമാണെങ്കിലും. ഈ ഗണത്തിലെ അടുത്ത അനുഭവം രണ്ട് ദിവസം മുമ്പ് ഉണ്ടായി - ഒരു ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ സംഗമം.

(തുടരും...)

Thursday, July 07, 2016

അവസാനത്തെ മാങ്ങയും...

അങ്ങനെ ഇക്കൊല്ലത്തെ മാമ്പഴക്കാലത്തിനും അവസാനമായി. അവസാനത്തെ മാങ്ങയും മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ നിന്നും നിലം പതിച്ചപ്പോള്‍, മുറ്റത്തെ മാവില്‍ നിന്നും ആദ്യത്തെ മാങ്ങ വീണപ്പോഴുള വൈലൊപ്പിളി സാറിന്റെ കവിതയാണ് ഓര്‍മ്മയില്‍ വന്നത്.
“അങ്കണത്തൈമാവില്‍ നി-
ന്നാദ്യത്തെപ്പഴം വീഴ്കെ...
മ്മതന്‍ നേത്രത്തില്‍ നി-
ന്നുതിര്‍ന്നു ചുടു കണ്ണീര്‍....”

ഇത്തവണത്തെ മാമ്പഴക്കാലത്തിന് എന്റെ ജീവിതത്തില്‍ അത്രയും പ്രാധാന്യം ഉണ്ടായിരുന്നു. എനിക്കും മക്കള്‍ക്കും എത്തിപ്പിടിക്കാന്‍ അത്രയും ഉയരത്തില്‍ മാത്രം വളര്‍ന്നുകൊണ്ട്, എന്റെ ബാപ്പ നട്ടുവളര്‍ത്തിയ എന്റെ മുറ്റത്തെആ മൂവാണ്ടന്‍ മാവ്‌ ഇത്തവണ 200ല്‍ അധികം മാങ്ങ ഞങ്ങള്‍ക്ക് നല്‍കി. ഞങ്ങളുടെ കോളനിയില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും, അയല്‍വാസികള്‍ക്കും, പ്രസവിച്ച് കിടക്കുന്ന എന്റെ ഭാര്യയെ കാണാന്‍ വന്നവര്‍ക്കും, ഞാന്‍ മാങ്ങ പറിക്കുന്ന സമയത്ത് അതുവഴി വന്നവര്‍ക്കും, മക്കളുടെ സുഹൃത്തുക്കള്‍ക്കും, എന്റെ സുഹൃത്തുക്കള്‍ക്കും, അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കും എല്ലാം ഇത്തവണ മൂവാണ്ടന്‍ മാങ്ങയുടെ രുചി അറിയാന്‍ സാധിച്ചു. അയല്‍ക്കൂട്ടത്തിലെ ഒരു വീട്ടില്‍ നിന്നും ഞങ്ങളുടെ മൂവാണ്ടന്‍ ഗള്‍ഫിലും എത്തി എന്നും മാങ്ങയുടെ മധുരം പ്രത്യേകം എടുത്ത് പറഞ്ഞു എന്നും അവര്‍ അറിയിച്ചു. അണ്ണാനും കാക്കക്കും മറ്റു ജന്തുക്കള്‍ക്കും കഴിക്കാനും ഇത്തവണ ധാരാളം മാങ്ങ കിട്ടി.ഒരു മാങ്ങ പോലും പുഴു കാരണം നഷ്ടപ്പെട്ടതായി ആരും പറഞ്ഞില്ല – എല്ലാം ദൈവാനുഗ്രഹം, അല്‍ഹംദുലില്ലാഹ്.ബാപ്പക്ക് സര്‍വ്വശക്തനായ ദൈവം അതിന്റെ പ്രതിഫലം നല്‍കട്ടെ , ആമീന്‍.

മൂവാണ്ടന്‍ മാങ്ങയുടെ രുചിയും പുഴു ഇല്ല എന്ന ഗുണവും എല്ലാവരും തിരിച്ചറിഞ്ഞതോടെ മാവിന്റെ തൈക്കും ഡിമാന്റ് ആയി. ഇത്തവണ മാങ്ങ നല്‍കുമ്പോഴെല്ലാം അതിന്റെ അണ്ടി മുളപ്പിച്ച് നടാനും ഞാന്‍ ഉപദേശിച്ചിരുന്നു.വീട്ടില്‍ പലതരം മാങ്ങകള്‍ എത്തുന്നതിനാല്‍ ഈ അണ്ടി വേര്‍തിരിച്ച് അറിയാനും അറിഞ്ഞാല്‍ തന്നെ അത് കുഴിച്ചിടാനും എല്ലാവര്‍ക്കും സാധിക്കണം എന്നില്ല.അതിന് പോംവഴിയായാണ് ഞങ്ങളുടെ അയല്‍ക്കൂട്ടം ബാലസഭ ഇത്തവണത്തെ ലോകപരിസ്ത്ഥിതി ദിനാചരണം, അവര്‍ സ്വയം നട്ട് മുളപ്പിച്ച മൂവാണ്ടന്‍ മാവിന്‍ തൈ വിതരണം ചെയ്തുകൊണ്ട്  വേറിട്ടതാക്കിയത്. 

ആ പ്രവര്‍ത്തനത്തിന്റെ ഫോളോ അപ് വര്‍ക്കുകളും ചെയ്തുകൊണ്ട് ബാലസഭ കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നു.


Wednesday, July 06, 2016

പെരുന്നാള്‍...പെരുന്നാള്‍

ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍ ദിനം എന്നത് പൊതുവേ കുടുംബത്തില്‍ എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന ദിനമാണ്. ഒരു ആഘോഷം എന്നതിലുപരി കുടുംബാംഗങ്ങള്‍ മുഴുവന്‍ ഒത്തുചേരുന്ന ഒരു സന്ദര്‍ഭം കൂടിയാണ് ഈ ഈദ് ദിനം.

തറവാട് പൊളിച്ചുപണിയുന്നതിനാല്‍ ഇത്തവണ ഈദിന്റെ തലേ ദിവസത്തെ അഥവാ റംസാനിലെ അവസാനത്തെ നോമ്പുതുറ എന്റെ വീട്ടിലായിരുന്നു. പുതിയ പുരയില്‍ താമസമാക്കിയതു മുതല്‍ മുടങ്ങാതെ ഒരു ഇഫ്താര്‍ പാര്‍ട്ടിയെങ്കിലും ഞാന്‍  നടത്താറുണ്ടായിരുന്നു.പക്ഷെ ഇത്തവണ കൊച്ചുകുട്ടി ഉള്ളതിനാല്‍ ഭാര്യക്ക് അവനെ ശ്രദ്ധിക്കേണ്ടതിനാല്‍ അത് നടത്താന്‍ സാധിച്ചില്ല.പക്ഷെ ഇന്ന് എന്റെ ഉമ്മയും നാല് മക്കളും അവരുടെ മക്കളും മരുമക്കളും  സംഗമിച്ചതോടെ വീട്ടില്‍ ഈദിന്റെ സന്തോഷത്തോടൊപ്പം കുട്ടികള്‍ക്ക് ഇഫ്താറിന്റെ രസവും പങ്കിടാനായി.
കുടുംബത്തില്‍ എനിക്കും ചെറിയ അനിയനും ഓരോ ആണ്മക്കള്‍ കൂടി പിറന്നതോടെ ഇത്തവണത്തെ ഈദിന് അംഗസംഖ്യയും കൂടി. ഈയിടെ കല്യാണം കഴിഞ്ഞ പെങ്ങളുടെ മൂത്തമോളും ഭര്‍ത്താവും ഗള്‍ഫില്‍ ആയതിനാല്‍ അവര്‍ക്ക് ഈ വിരുന്നില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. എങ്കിലും ഒരു ഈദിന് കൂടി ഞങ്ങള്‍ക്ക് ഒത്തുചേരാനും സന്തോഷം പങ്കിടാനും അവസരം തന്ന ജഗദീശ്വരന് സര്‍വ്വ സ്തുതിയും അര്‍പ്പിക്കുന്നു-അല്‍ഹംദുലില്ലാഹ്.

കളിച്ചും കലാപരിപാടികള്‍ അവതരിപ്പിച്ചും മൈലാഞ്ചി അണിഞ്ഞും മക്കള്‍ ഈദ് സായാഹ്നം ആസ്വദിച്ചപ്പോള്‍ മുതിര്‍ന്നവര്‍ തക്ബീര്‍ ധ്വനികള്‍ മുഴക്കി അല്ലാഹു തന്നെയാണ് ഏറ്റവും വലിയവന്‍ എന്ന് പ്രഖ്യാപിച്ചു.ഇനി ഈദ് ദിനത്തില്‍ പരസ്പരബന്ധം ചേര്‍ക്കലിന്റെ സന്ദര്‍ശനങ്ങള്‍ കൂടി ആകുമ്പോള്‍ പെരുന്നാള്‍ ഉയര്‍ത്തുന്ന മാനവസാഹോദര്യത്തിന്റെയും സൌഹാര്‍ദ്ദത്തിന്റെയും സന്ദേശ കൈമാറ്റം കൂടി നടക്കും.

എല്ലാവര്‍ക്കും ഈദാശംസകള്‍ നേരുന്നതോടൊപ്പം മാക്സിമം ബന്ധങ്ങള്‍ പുതുക്കാനും ഊട്ടിയുറപ്പിക്കാനും കൂടി സാധിക്കട്ടെ എന്നും ആശംസിക്കുന്നു.

Monday, July 04, 2016

അബ്ദുല്ലാക്കയുടെ മെസ്സ്


         ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഞാന്‍ ആദ്യമായി കോളേജിന് സമീപത്തുള്ള അബ്ദുല്ലാക്കയുടെ മെസ്സില്‍ നോമ്പ് തുറക്കാന്‍ എത്തിയത്.മുന്നില്‍ നിരന്ന വിഭവങ്ങള്‍ കണ്ട് ഞാന്‍ അന്തം വിട്ടു പോയി - പഴം പൊരി, മുട്ടപ്പത്തല്‍, ഉള്ളിവട എന്നിവ വെവ്വേറെ പ്ലേറ്റുകളില്‍ ഇഷ്ടം പോലെ !ബാക്കി വയ്ക്കാന്‍ പാടില്ല എന്ന് കൂടെയുള്ളവര്‍ ഉപദേശിച്ചതിനാല്‍ പ്ലേറ്റ് കാലിയാകാന്‍ അധികം താമസം വേണ്ടി വന്നില്ല.

         സമീപത്തെ പള്ളിയില്‍ നിന്നും  നമസ്കാരം കഴിഞ്ഞ് വന്നപ്പോള്‍ മെസ്സില്‍ ഭക്ഷണം വിളമ്പുന്ന അബ്ദുല്ലാക്കയുടെ മകളുടെ ചോദ്യം
“പത്തിരി വേണോ പുട്ട് വേണോ ?ചൂട് പുട്ട് എടുക്കാം....”

         എന്റെ തീരുമാനം കാത്ത് നില്‍ക്കാതെ അവര്‍ തന്നെ ആവി പറക്കുന്ന പുട്ടും ചിക്കന്‍ കറിയും ബീഫ് വരട്ടിയതും മുന്നില്‍ കൊണ്ട് വച്ചു.ആഞ്ഞ് വീശുന്ന കാറ്റും തോരാതെ പെയ്യുന്ന മഴയും കുളിര്‍ കോരിയിടുമ്പോള്‍ കിട്ടിയ ആ ഭക്ഷണം എന്റെ സ്വന്തം വീട്ടില്‍ നിന്ന് എന്ന പോലെ ഞാന്‍ നന്നായി ആസ്വദിച്ചു.അതിന്റെ കൂടെ കപ്പയും ചേമ്പും പുഴുങ്ങിയത് കൂടി ലഭിച്ചപ്പോള്‍ എന്റെ വന്ദ്യപിതാവ് ജീവിച്ചിരിപ്പുണ്ടായിരുന്ന കാലത്തെ നോമ്പുകാലം മനസ്സില്‍ ഓടിയെത്തി.ബാപ്പാക്ക് നോമ്പ് തുറക്കുമ്പോള്‍ എന്തെങ്കിലും പുഴുക്ക് നിര്‍ബന്ധമായിരുന്നു.

          തറാവീഹ് നമസ്കാരത്തിന് ശേഷം പിറ്റേന്ന് പുലര്‍ച്ചെ അത്താഴത്തിനുള്ളത് വാങ്ങാനായി ചെന്നപ്പോള്‍ അതാ വീണ്ടും ആവി പറക്കുന്ന കുത്തരി കഞ്ഞി മേശപ്പുറത്ത്! വീട്ടിലായിരിക്കുമ്പോള്‍ കഞ്ഞി നിര്‍ബന്ധമായ എനിക്ക് ആ തണുപ്പില്‍ കഞ്ഞി കണ്ടതോടെ സകലനിയന്ത്രണവും പോയി.കഞ്ഞിയിലേക്ക് കിട്ടിയ സൈഡ് ഡിഷ് അതിലേറെ ഹൃദ്യമായി. തുടരന്‍ മഴയില്‍ ഉണ്ടായ നീരൊഴുക്കിലൂടെ തൊട്ടടുത്ത പുഴയില്‍ നിന്നും കയറി വരുന്ന മത്സ്യങ്ങളെ അബ്ദുല്ലാക്കയും മക്കളും കൂടി പിടിച്ച് അപ്പപ്പോള്‍ തന്നെ മെസ്സിലെത്തിച്ച് പൊരിച്ചെടുത്തതായിരുന്നു സൈഡ് ഡിഷ്. കഞ്ഞിയോടൊപ്പം ഓരോ മീനും വായിലൂടെ അകത്താകുമ്പോള്‍  ഞാന്‍ വീണ്ടും, എന്റെ കുട്ടിക്കാലത്ത് മദ്രസയില്‍ പോകുമ്പോള്‍ റോഡിനരികിലെ ചാലിലൂടെ ഒഴുകുന്ന തെളിനീര്‍ വെള്ളവും അതിലൂടെ ഞങ്ങളുടെ കോളനിയില്‍ അന്ന് ഉണ്ടായിരുന്ന പാറക്കുളത്തില്‍ എത്തുന്ന മത്സ്യങ്ങളും മനസ്സില്‍ കണ്ടു.

           ഈ റംസാനും വിട പറയുകയായി.അവസാനത്തെ പത്തിലെ ഏതാനും ദിവസങ്ങള്‍ മാത്രം മാനന്തവാടിയില്‍ തങ്ങിയ എനിക്ക് അബ്ദുല്ലാക്കയുടെ മെസ്സ് ഹൃദ്യമായ അനുഭവമായി. കവി കുറ്റിപ്പുറം കേശവന്‍ നായര്‍ പാടിയത് എത്ര സത്യം!
 “നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിന്‍പുറം നന്മകളാല്‍ സ‌മൃദ്ധം..”

Sunday, July 03, 2016

എന്തൊരു മലയാളം ?

“ഉപ്പച്ചീ...കൂടുക എന്ന് പറഞ്ഞാല്‍ അര്‍ത്ഥം കുറയുക എന്നാണോ?” മോള്‍ സ്കൂളില്‍ നിന്നും വന്നപ്പോളുള്ള ചോദ്യം.

“കൂടുക എന്നതിന്റെ എതിര്‍പദമാണ് കുറയുക എന്നത്...”

“കൂടുക എന്നതിന് എപ്പോഴെങ്കിലും കുറയുക എന്ന് അര്‍ത്ഥം വരോ?”

“ഇല്ലല്ലോ...”

“എന്നിട്ട് എന്റെ കാലിലെ ഉണങ്ങിയ മുറിവ് നോക്കി മലയാളം മിസ് പറയാ...മോളെ കാലിലെ മുറിവ് കൂടിയല്ലോ ന്ന്....ഈ മലയാളത്തിന്റെ ഒരു കോലം !!!“