Pages

Thursday, August 28, 2008

കഞ്ചിക്കോട്ടെ സാബു അല്ല...ഇത്‌ അരീക്കോട്ടെ ആബുവാ....

എന്റെ സുഹൃത്തുക്കളില്‍ പലര്‍ക്കും മൊബൈല്‍ഫോണ്‍ കണക്ഷന്‍ കിട്ടിയ ശേഷമാണ്‌ എനിക്ക്‌ അതിന്റെ ആവശ്യകത മനസ്സിലായതും ഞാന്‍ കണക്ഷന്‍ എടുത്തതും.കണക്ഷന്‍ കിട്ടിയ ദിവസം തന്നെ പുത്തന്‍ കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ ഞാന്‍ മൊബൈലില്‍ തന്നെ കളിച്ചുകൊണ്ടിരുന്നു.ഫോണ്‍ നമ്പര്‍ അറിയാവുന്ന സുഹൃത്തുക്കളെയെല്ലാം വിളിച്ച്‌ എന്റെ മൊബൈല്‍ നമ്പര്‍ നല്‍കുകയും "മിസ്‌കാള്‍" എന്ന പരീക്ഷണവിളി വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു.

അടുത്ത ദിവസം വൈകുന്നേരം.ഫോണ്‍ മേശപ്പുറത്ത്‌ വച്ച്‌ ഞാന്‍ ടോയ്‌ലറ്റില്‍ കയറിയതേ ഉള്ളൂ.

"ലജ്ജാവതിയേ....നിന്റെ കള്ളക്കടക്കണ്ണില്‍....ലജ്ജാവതിയേ....നിന്റെ കള്ളക്കടക്കണ്ണില്‍...." എന്റെ ഫോണില്‍ നിന്നുള്ള റിംഗ്‌ടോണ്‍ ഉയര്‍ന്നു.അതേ പോലെ നിലക്കുകയും ചെയ്തു.

'കൃത്യസമയത്ത്‌' തന്നെ മിസ്‌ അടിച്ച ആ സുഹൃത്തിനെ മനസാ അഭിനന്ദിക്കുന്നതിനിടയില്‍ 'ലജ്ജാവതി' വീണ്ടും കേള്‍ക്കാന്‍ തുടങ്ങി.

ഇരുന്ന ഇരിപ്പില്‍ നിന്ന് , പണ്ട്‌ ആര്‍ക്കിമിഡീസ്‌ യുറേക്ക യുറേക്ക എന്ന് വിളിച്ച്‌ ഓടിയപോലെ ഞാന്‍ ഫോണിനടുത്തേക്ക്‌ ഓടി(സമീപത്ത്‌ ആരും ഇല്ലാഞ്ഞത്‌ അവരുടെയും എന്റെയും ഭാഗ്യം എന്ന് ഇന്ന് ഞാന്‍ ഓര്‍ത്തുപോകുന്നു!!).ഇന്‍കമിംഗ്‌ കാളിന്റെ നമ്പര്‍ നോക്കി അറ്റന്റ്‌ ചെയ്യുക എന്ന 'കോമണ്‍സെന്‍സ്‌' അന്ന് എനിക്കില്ലായിരുന്നു.അല്ലെങ്കിലും ഫോണ്‍ കിട്ടിയതിന്റെ പിറ്റേ ദിവസം തന്നെ ആ കോമണ്‍സെന്‍സ്‌ ആര്‍ക്കും ഉണ്ടാകും എന്ന് എനിക്ക്‌ തോന്നുന്നില്ല.ഫോണ്‍ എടുത്ത്‌ കാള്‍ അറ്റന്റ്‌ ചെയ്തുകൊണ്ട്‌ ഞാന്‍ പറഞ്ഞു...

"ഹലോ"

"ഹലോ" മറുഭാഗത്ത്‌ നിന്ന് ഒരു കിളിനാദം - എന്റെ ഫോണിലേക്കുള്ള ആദ്യ കിളിവിളി.

"ഹലോ ...ആരാ?" ആളെ മനസ്സിലാകാത്തതിനാല്‍ ഞാന്‍ ചോദിച്ചു.

"നീ ഇത്ര എളുപ്പം എന്നെ മറന്നോടാ....ഞാന്‍ ഷിലുവാ.....ഷിലു..."

PG ക്ക്‌ പഠിക്കുന്ന സമയത്ത്‌ ഞാന്‍ അടുത്ത്‌ കൂടെ പാസ്‌ ചെയ്തപ്പോള്‍ 'ദേവാ' എന്ന് വിളിച്ചുപോയതിന്‌ ഡിപ്പാര്‍ട്ട്‌മന്റ്‌ തലവിയുടെ പഴി കേട്ട ഷിലു.....ഷിലുഷാലിമാര്‍ എന്ന പേരു കാരണം ഷാലിമാര്‍ പെയ്ന്റിന്റെ ഉടമയുടെ മകള്‍ എന്ന ഗര്‍വ്വോടെ നടന്നിരുന്ന ഷിലു....ആ ഷിലു എനിക്ക്‌ ഫോണ്‍ കിട്ടി രണ്ടാം ദിവസം തന്നെ എന്നെ വിളിക്കുന്നു!!!!

"ഓ മൈ ഗോഡ്‌.....വണ്ടര്‍ഫുള്‍ സര്‍പ്രൈസ്‌ കാള്‍....ഹൗ യൂ ഗോട്ട്‌ മൈ നമ്പര്‍..?" ഫോണിന്റെ മറുതലക്കല്‍ ഷിലു എന്ന പെണ്‍കുട്ടി ആയതിനാല്‍ എന്റെ നാവില്‍ നിന്ന് ഇംഗ്ലീഷ്‌ നുരഞ്ഞ്‌ പൊങ്ങി.

" ഇറ്റിസ്‌ ജസ്റ്റ്‌ എ സര്‍പ്രൈസ്‌...അനിയത്തിയുടെ കോഴ്സ്‌ കഴിഞ്ഞോ?" അവളുടെ ചോദ്യം.

എനിക്ക്‌ അനിയത്തി ഇല്ലാത്തതിനാല്‍ അനിയനെ ആയിരിക്കും ഉദ്ദേശിച്ചത്‌ എന്ന മട്ടില്‍ ഞാന്‍ മറുപടി പറഞ്ഞു

" ഇല്ല......അവന്‌ ഒരു സെമസ്റ്റര്‍ കൂടി ബാക്കിയുണ്ട്‌...."

"കഷ്ടം...."ആ മറുപടി എനിക്ക്‌ പിടികിട്ടിയില്ല.

"പിന്നെ മമ്മി മരിച്ചത്‌ പത്രത്തിലൂടെ ഞാനറിഞ്ഞു....പപ്പാ ആശുപത്രി വിട്ടോ...?"

"ങ്‌ഹേ!!!" വീട്ടില്‍ ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്ന എന്റെ ഉമ്മയേയും ഉപ്പയേയും പറ്റിയുള്ള ആ വര്‍ത്തമാനം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

"ഹലോ.....നിങ്ങള്‍ ആരെയാ വിളിച്ചത്‌?" ഒരു കണ്‍ഫര്‍മേഷന്‌ വേണ്ടി ഞാന്‍ ചോദിച്ചു.

"കഞ്ചിക്കോട്ടെ സാബു അല്ലേ..?" മറുതലക്കല്‍ നിന്ന് ചോദ്യം വന്നു.

"ഓ....സ്ഥലത്തിലും പേരിലും ചെറിയൊരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌....കഞ്ചിക്കോട്ടെ സാബു അല്ല...ഇത്‌ അരീക്കോട്ടെ ആബുവാ...." ചിരിച്ചുകൊണ്ട്‌ ഞാന്‍ മറുപടി നല്‍കി.

"ഓ മൈ ഗോഡ്‌ റോംഗ്‌ നമ്പര്‍!!! സോറി ഫോര്‍ ഡിസ്റ്റര്‍ബന്‍സ്‌..."

"OK.... ബട്ട്‌ കീപ്‌ ദിസ്‌ നമ്പര്‍... " എന്ന് റിക്വസ്റ്റ്‌ ഇട്ടപ്പോഴേക്കും അവള്‍ ഫോണ്‍ വെച്ചു.

Wednesday, August 27, 2008

റമളാനും എന്റെ ബാപ്പയും

ഒരു റമളാന്‍ മാസം കൂടി സമാഗതമായിക്കൊണ്ടിരിക്കുന്നു.എന്റെ ഓര്‍മ്മയില്‍ ബാപ്പ കൂടെ ഇല്ലാത്ത ആദ്യത്തെ റമളാനാണ്‌ കടന്നു വരുന്നത്‌.പുണ്യങ്ങളുടെ പൂക്കാലമായ റമളാനില്‍ സദാസമയവും ഖുര്‍ആന്‍ പാരായണം ചെയ്യലായിരുന്നു ബാപ്പയുടെ രീതി.നേരിട്ടറിയുന്നതും പത്രദ്വാര അറിഞ്ഞതുമായ അഗതികളേയും അശരണരേയും സഹായിക്കലും അദ്ദേഹത്തിന്റെ പതിവില്‍ പെട്ടതായിരുന്നു.

റമളാന്‍ മാസം ആഗതമാകുന്നതിന്‌ മുമ്പേ ധാരാളം മണിഓര്‍ഡര്‍ ഫോമുകള്‍ എന്നെക്കൊണ്ടോ അനിയനെക്കൊണ്ടോ ബാപ്പ വാങ്ങിപ്പിക്കുമായിരുന്നു.ചെറുപ്രായത്തില്‍ ഞങ്ങള്‍ റമളാന്റെ വരവ്‌ അറിയുന്നത്‌ അങ്ങനെയാണ്‌.

റമളാന്‍ മാസം തുടങ്ങിയാല്‍ പിന്നെ എല്ലാ ദിവസവും ബാപ്പ പേപ്പറില്‍ നിന്ന്‌ എന്തോ വെട്ടി എടുക്കുന്നത്‌ കാണാമായിരുന്നു.(സഹായാഭ്യര്‍ത്ഥനകളുടെ കട്ടിംഗുകളാണ്‌ അവ എന്ന് മുതിര്‍ന്നപ്പോഴാണ്‌ മനസ്സിലായത്‌).ഇങ്ങനെ ഒരാഴ്ച ശേഖരിച്ച കട്ടിംഗുകളെല്ലാം മണിഓര്‍ഡര്‍ ഫോം സഹിതം ബാപ്പ എനിക്ക്‌ കൈമാറും.ബാപ്പക്ക്‌ കൈവിറ ഉണ്ടായിരുന്നതിനാല്‍ മണിഓര്‍ഡര്‍ ഫോം പൂരിപ്പിക്കല്‍ എന്റെ ഡ്യൂട്ടി ആയിരുന്നു.

പിറ്റേന്ന് അത്‌ പോസ്റ്റ്‌ ഓഫീസില്‍ കൊണ്ടുപോയി അടയ്കേണ്ടതും ഞാനോ അനിയനോ ആയിരിക്കും. മൊത്തം അടയ്ക്കേണ്ട സംഖ്യയും അതിന്റെ M O കമ്മീഷനും പ്രത്യേകം പ്രത്യേകമായി തന്നെ ബാപ്പ തരും.

ഇങ്ങനെ റമളാന്‍ പിറന്നാല്‍ കൂടുതലായി ,പോസ്റ്റ്‌ ഓഫീസ്‌ വഴിയും വീട്ടില്‍ വരുന്നവര്‍ക്ക്‌ നേരിട്ടും മറ്റ്‌ ചിലര്‍ക്ക്‌ ദൂതന്മാര്‍ വഴിയും ബാപ്പ സഹായമെത്തിക്കും.പലപ്പോഴും ആ ഉദാരമനസ്ക്കതക്ക്‌ മുമ്പില്‍ ഞാന്‍ സ്തംഭിച്ചുപോയിട്ടുണ്ട്‌.

"ദാനധര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുക.അത്‌ നിങ്ങളുടെ ധനത്തെ ശുദ്ധീകരിക്കും.ദാനധര്‍മ്മങ്ങള്‍ നിങ്ങളുടെ സമ്പത്തിനെ കുറക്കുകയില്ല.മറിച്ച്‌ ഇരട്ടിക്കിരട്ടിയായി വര്‍ദ്ധിപ്പിക്കും.വരാനിരിക്കുന്ന ആപത്തിനെ തടയാനും ദാനധര്‍മ്മങ്ങള്‍ ഉപകാരപ്പെടും" .ഇതായിരുന്നു ഓരോ ദാനസമയത്തും ബാപ്പ ഞങ്ങളോട്‌ ഉപദേശിച്ചിരുന്നത്‌.

ദാനധര്‍മ്മങ്ങളും സത്പ്രവൃത്തികളും വര്‍ദ്ധിപ്പിച്ച്‌ നമ്മുടെ ചുറ്റും സഹവസിക്കുന്ന എല്ലാവര്‍ക്കും താങ്ങും തണലുമാകുന്ന രൂപത്തില്‍ എല്ലാക്കാലത്തും നമുക്ക്‌ പ്രവര്‍ത്തിക്കാം.പുണ്യങ്ങളുടെ പൂക്കാലമായ റമളാനില്‍ പ്രത്യേകിച്ചും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുക.അല്ലാഹു അനുഗ്രഹിക്കട്ടെ,ആമീന്‍.

Tuesday, August 26, 2008

TSG 8683 -ന്റെ മൂത്താപ്പ

ഒരു ദിവസം, ഞാനും റഹീമും ഷെയറായി നടത്തിയിരുന്ന ഒരു സ്ഥാപനത്തിന്റെപരസ്യം ജനങ്ങളിലേത്തിക്കാന്‍ , ഞങ്ങള്‍ രണ്ട്‌ പേരും TSG 8683 -ല്‍ ഉലകം ചുറ്റാനിറങ്ങി.

"നമ്മുടെ പരസ്യം, കാറിന്റെ പിന്നിലങ്ങ്‌ ഒട്ടിച്ചാലോ?" റഹീം ചോദിച്ചു.

"അത്‌ വേണോ?"

  "കാറിന്റെ പുറത്താകുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കും" റഹീം അഭിപ്രായപ്പെട്ടു.

"അതെങ്ങനെ?"

"ഇത്‌ തള്ളാന്‍ വരുന്നവരെല്ലാം ആ പരസ്യം കാണില്ലേ?"

"എങ്കില്‍ പിന്നെ നമ്മുടെ സ്ഥാപനത്തെപ്പറ്റിയും നല്ല മതിപ്പാകും" ഞാനും വിട്ടില്ല,

"ങാ....അതു ശരിയാ...അപ്പോ അതു വേണ്ട..."

അങ്ങനെ ഞങ്ങള്‍ അരീക്കോടിനക്കരെ മൂര്‍ക്കനാട്ട്‌ എത്തി.മൂത്രമൊഴിക്കാന്‍ വേണ്ടി TSG 8683 -നെ രണ്ട്‌ ഇലക്ട്രിക്‌ പോസ്റ്റുകള്‍ക്കിടയില്‍ ഒതുക്കി ഇട്ടു. മൂത്രമൊഴിച്ചതിന്‌ ശേഷം കാറിനടുത്ത്‌ നിന്നു കൊണ്ട്‌ ഞങ്ങള്‍ അടുത്തപ്രോഗ്രാമിനെപറ്റി പ്ലാന്‍ ചെയ്യുമ്പോള്‍ റഹീമിന്റെ പരിചയക്കാരനായ ഒരാള്‍ TSG 8683 -ന്റെ മൂത്താപ്പയുടെ ഗണത്തില്‍ വരുന്ന ഒരു കാറുമായിഅതു വഴി വന്നു.ഞങ്ങളെ കണ്ട ഉടനേ അവന്‍ കാറില്‍ നിന്നും വിളിച്ചു പറഞ്ഞു.

"സ്റ്റാര്‍ട്ട്‌ ആവുന്നുണ്ടാവില്ല അല്ലേ?"

"നിര്‍ത്ത്‌.....നിര്‍ത്ത്‌......ഒരു കാര്യം ചോദിക്കാനാ?" കാര്‍ നിര്‍ത്താതെ പാസ്‌ ചെയ്തപ്പോള്‍ റഹീം അവനോട്‌ വിളിച്ചു പറഞ്ഞു.

  "ഏയ്‌.....നിര്‍ത്തുന്ന പ്രശ്നമില്ല...." അവന്‍ ഇങ്ങോട്ടും വിളിച്ചു പറഞ്ഞു.

"ഇല്ല....ഞങ്ങളുടെ വണ്ടിക്ക്‌ പ്രശ്നമൊന്നുമില്ല....തള്ളാനുമല്ല...."റഹീം വീണ്ടും വിളിച്ചു പറഞ്ഞു.

"നിങ്ങളുടെ വണ്ടിക്ക്‌ പ്രശ്നമുണ്ടാവില്ല....പക്ഷേ എന്റെ ഈ ശകടം നിര്‍ത്തിയാല്‍നമ്മള്‍ മൂന്ന് പേര്‍ മതിയാവില്ല തള്ളാന്‍.....ടാറ്റാ....ബൈ...ബൈ...."അവന്‍ നിര്‍ത്താതെ പോയി.

TSG 8683 -നെക്കാളും 'മുന്തിയ' ഒരു കാര്‍ കണ്ട സംതൃപ്തിയില്‍ ഞങ്ങള്‍ അടുത്ത സ്വീകരണ സ്ഥലത്തേക്ക്‌ യാത്രയായി.

ബൂലോക നുണയന്‍ ! ബൂലോക നുണയന്‍ !!

ഞാന്‍ ബൂലോകത്ത്‌ ഭൂജാതനായ സമയത്ത്‌ ആരോ പറഞ്ഞു തന്ന കുറേ സെറ്റിംഗ്‌സുകള്‍ വൈകിയാണെങ്കിലും അക്ഷരം പ്രതി നടപ്പിലാക്കിയിട്ടുണ്ട്‌ എന്നാണ്‌ എന്റെ ഉത്തമ ബോധ്യം.(അല്ലെങ്കില്‍ പറഞ്ഞുതന്നവര്‍ അങ്ങ്‌ ക്ഷമിച്ചേക്കുക)

അങ്ങിനെ ഒരു സഹൃദയന്‍ സന്തോഷപൂര്‍വ്വം ഏല്‍പിച്ചു തന്ന ഒരു സാധനമാണ്‌, ദേ വലതുഭാഗത്ത്‌. "തോന്ന്യാക്ഷരങ്ങള്‍ ഇതുവരെ" എന്ന തലക്കെട്ടിന്റെ ഏറ്റവും താഴെക്കാണുന്ന ആ കുന്ത്രാണ്ടം.കണ്ടില്ലേ,മെസപ്പെട്ടൊമിയ സെറ്റ്‌ല്‍മന്റ്‌ !!! അതിന്റെ മുകളില്‍ അവന്റെ ഒടുക്കത്തെ ഒരു ഫോണ്‍ നമ്പറും!!!എന്നും അത്‌ റോങ്ങ്‌ നമ്പറാ.....

എന്താ കണ്ടില്ലേ?പിന്നെന്താ ഒരു സംശയം?ഓ....മെസപ്പെട്ടൊമിയ എന്നല്ല അല്ലേ? എന്തെങ്കിലും ആകട്ടെ.അവനെ ഞാന്‍ അവിടെ തന്നെ കൊണ്ടു വച്ചത്‌ എന്തിനാന്നറിയോ?ഈ "തോന്ന്യാക്ഷരങ്ങള്‍" കാണാനും വായിക്കാനും ആസ്വദിക്കാനും ധൈര്യസമേതമോ, കുടുംബസമേതമോ, തലയില്‍ മുണ്ടിട്ടോ,അടുക്കള വാതില്‍ വഴിയോ,നിയമനങ്ങള്‍ നടക്കുന്ന വാതില്‍ വഴിയോ,മറ്റേതെങ്കിലും വഴിയോ എത്ര പേര്‍ വരുന്നു എന്ന് നോക്കാനുള്ള കണക്കപ്പിള്ളയായാണ്‌.എന്നിട്ട്‌ ഇപ്പോ എന്താ പ്രശ്നം എന്നായിരിക്കും.സബൂര്‍ കരൊ.പറയാം.

അവനിപ്പോ കാണിക്കുന്ന നമ്പര്‍ കണ്ടില്ലേ?അതും ഒരു വെറും നമ്പറാ.ബ്ലോഗ്‌ ഒന്ന് റിഫ്രെഷ്‌ ചെയ്തു നോക്കൂ.ഒന്ന് കൂട്ടേണ്ടിടത്ത്‌ അവന്‍ എത്ര കൂട്ടി?(കണക്കറിയാത്തവര്‍ ഇവിടെ വച്ച്‌ മടങ്ങിപ്പോകുക)ചിലപ്പോള്‍ മൂന്ന്,ചിലപ്പോള്‍ അഞ്ച്‌.ആരാ അവനെ ഒന്നാം ക്ലാസ്സില്‍ കണക്ക്‌ പഠിപ്പിച്ചത്‌ ?

കൊറേ മുമ്പും ഇവന്‍ ഈ സത്ഗുണം കാണിച്ചിട്ടുണ്ട്‌.അന്ന് ഒറ്റ അടിക്ക്‌ ഇവന്‍, ഇന്ത്യ വിട്ട റോക്കറ്റ്‌ പോലെ 14000 ത്തില്‍ നിന്ന് ഒരു ചാട്ടം.എങ്ങോട്ട്‌ 600 ലേക്ക്‌!!!മറ്റൊരു ദിവസം ഇസിന്‍ബയേവ വടി കുത്തി ചാടിയപോലെ 1200ല്‍ നിന്ന് 1600 ലേക്കും!!!

ഇനി നിങ്ങള്‍ തന്നെ പറയൂ.ഈ ബൂലോക നുണയനെ ഇവിടെ വച്ച്‌ പൊറുപ്പിക്കണോ?

വേണ്ട...വേണ്ട എന്ന് പറയാന്‍ എളുപ്പം.പുതിയൊരു സത്യസന്ധനെ ലിംഗ സഹിതം (Link എന്നാണ്‌ ഉദ്ദേശിച്ചത്‌ ട്ടോ) പറഞ്ഞു തന്നിട്ട്‌ മതി ഇവന്‌ വീരചരമചക്രം നല്‍കല്‍.

ആദ്യ വെടിക്കാരനെ സാദരം സഹര്‍ഷം സ്വാഗതം ചെയ്തുകൊണ്ട്‌.....

Monday, August 25, 2008

പന്ത്രണ്ടാം മാസത്തില്‍ പ്രസവിക്കപ്പെട്ടവന്‍ !!!

രാമന്‍: തിരുമേനി അറിഞ്ഞോ? നമ്പൂരി: എന്ത്‌? രാമന്‍:ആ....നമ്മളെ വടക്കേലെ പാറു പ്രസവിച്ചൂന്ന്... നമ്പൂരി:അതിന്‌ കാരണക്കാരന്‍ നോമല്ലല്ലോ? പിന്നെന്തിന്‌ നോമതറിയണം? രാമന്‍:അതല്ല തിരുമേനീ....അവള്‍ക്ക്‌ എട്ട്‌ മാസേ ഗര്‍ഭം ആയിട്ടൊള്ളൂ.... നമ്പൂരി:ശിവ ശിവാ....എട്ട്‌ മാസോ? രാമന്‍:ങാ....തികയാതെ പ്രസവിക്കപ്പെടുന്ന കുട്ടികള്‍ക്ക്‌ പൊതുവേ ആരോഗ്യംകൊറയും ന്നാ പറയുന്നേ......മാത്രല്ല ഉന്മേഷും പ്രസരിപ്പും ഒക്കെകൊറയും ത്രേ.... നമ്പൂരി:ങേ.....അങ്ങന്വേം ണ്ടോ? രാമന്‍:ആ....അങ്ങനേം ണ്ട്‌ നമ്പൂരി: അപ്പോ നോമിന്‌ ഒരു സംഗതി നിശ്ശം കിട്ടി. രാമന്‍: ങേ , അതെന്താ തിരുമേനീ? നമ്പൂരി:നമ്മടെ കോലോത്തെ ശങ്കരനില്ലേ....അവനെ പ്രസവിച്ചത്‌ അപ്പോപന്ത്രണ്ടാം മാസത്തിലായിരിക്കും....എന്താ അവന്റെ ഒരു പൊളപ്പും പ്രസരിപ്പും...!!!!

തൊറമാങ്ങ എന്ന ഒറമാങ്ങ

സേലന്‍ മാങ്ങ, കുറുക്കന്‍ മാങ്ങ,മൂവാണ്ടന്‍ മാങ്ങ,കോമാങ്ങ തുടങ്ങീഅനേകം മാങ്ങകള്‍ പരിചയപ്പെട്ട്‌, സ്വാദും അറിഞ്ഞ ശേഷമാണ്‌ വയനാട്ടില്‍വച്ച്‌ പുതിയൊരു മാങ്ങയെപ്പറ്റി ഞാന്‍ കേട്ടത്‌ - തൊറമാങ്ങ.

ഫ്രൂട്ട്‌സ്‌ വില്‍ക്കുന്ന ഒരു കടയിലും ലഭിക്കാത്ത മാങ്ങയാണ്‌ തൊറമാങ്ങ.എന്നാലോ ബേക്കറിയില്‍ ലഭിക്കുകയും ചെയ്യും!!!

പേരു കേട്ടിട്ട്‌ ആദ്യമേ ഒരു പന്തികേട്‌ തോന്നിയതിനാല്‍ ഞാന്‍ ഈ മാങ്ങ അന്വേഷിച്ച്‌ ആദ്യം പോയത്‌ ഫ്രൂട്ട്‌സ്‌ കടയിലോ ബേക്കറിയിലോ ആയിരുന്നില്ല.- പച്ചക്കറി പീടികയിലായിരുന്നു!!!(മീന്‍ മാര്‍ക്കറ്റില്‍ പോയില്ലല്ലോ എന്ന്നിങ്ങള്‍ക്കും ആശ്വസിക്കാം)

"ഒറമാങ്ങയുണ്ടോ?" ഞാന്‍ കടയില്‍ ചോദിച്ചു.

"എത്ര എണ്ണം വേണം?" കടക്കാരന്റെ മറുചോദ്യം.

'ങേ! മാങ്ങ എണ്ണി വാങ്ങുകയോ?' എന്ന ചോദ്യം മനസ്സില്‍ വന്നപ്പോഴേക്കുംകടക്കാരന്‍ സാധനം എടുത്ത്‌ നീട്ടി - പ്ലാസ്റ്റിക്ക്‌ കവറില്‍ പാക്ക്‌ ചെയ്തഒരു സാധനം.ഉള്ളിലെ ലേബലില്‍ എഴുതിയത്‌ ഞാന്‍ വായിച്ചു നോക്കി.അപ്പോഴാണ്‌ഒറമാങ്ങയല്ല തൊറമാങ്ങയാണ്‌ യഥാര്‍ത്ഥ പേരെന്ന് മനസ്സിലായത്‌.ഒറ(മലപ്പുറംകാര്‍ കവറിന്‌ പറയുന്ന പേര്‌)യില്‍ ഇടുന്ന മാങ്ങയായതുകൊണ്ട്‌ ഞാന്‍പറഞ്ഞ പേരും ചേരും.

ടേസ്റ്റ്‌ അറിയാന്‍ വേണ്ടി ഒരു പാക്കറ്റ്‌ ഞാന്‍ വാങ്ങി.രുചി നോക്കിയ എനിക്ക്‌ അത്‌ വളരെ ഇഷ്ടപെട്ടു.

മാങ്ങ ഉപ്പിലിട്ടോ അല്ലാതെയോ ഉണക്കി അതില്‍ പ്രത്യേക തരം മസാല(ഉപ്പും മുളകും പുളിയും ചേര്‍ന്നത്‌)തേച്ച്‌ പിടിപ്പിച്ചതാണ്‌ ഈ തൊറമാങ്ങ.വലിയ മാങ്ങ രണ്ട്‌ ഭാഗവും കീറി മസാല ഉള്ളിലും തേച്ച്‌ പിടിപ്പിച്ചശേഷം വീണ്ടും പഴയപോലെ യോജിപ്പിച്ച്‌ (റബ്ബര്‍ ബാന്റിട്ട്‌ കെട്ടി !!)പാക്ക്‌ ചെയ്യുന്നു.മാങ്ങ തുറന്ന് തിന്നുന്നതിനാലാവും 'തുറമാങ്ങ' എന്ന പേര്‌.

ചോറ്‌, കഞ്ഞി എന്നിവയുടെ കൂടെ കഴിക്കാനും വെറുതെ നൊട്ടി നുണയാനും നല്ലൊരു ഐറ്റമാണ്‌ തൊറമാങ്ങ.പഴകുംതോറും ടേസ്റ്റ്‌ കൂടും എന്ന് ഇവിടെയുള്ളവര്‍പറയുന്നു.മറ്റു പലഹാരങ്ങളുടെ കൂടെ തൊറമാങ്ങയും തലശ്ശേരിയില്‍നിന്നും വയനാട്ടിലേക്ക്‌ വന്നതായിരിക്കും എന്ന് അനുമാനിക്കപ്പെടുന്നു.

തൊറമാങ്ങ പ്രിപ്പറേഷന്‍ അറിയുന്നവര്‍ അത്‌ ബൂലോകത്ത്‌ അവതരിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Thursday, August 21, 2008

ഒരു ഒന്നാം ക്ലാസ്‌ ഇന്റര്‍വ്യൂ

എന്റെ സുഹൃത്തിന്റെ മകനെ ഈ വര്‍ഷമാണ്‌ സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തിയത്‌.മുമ്പേ അവന്റെ കുസൃതിത്തരങ്ങളെപറ്റി എനിക്ക്‌ അറിയാമായിരുന്നു.ഒരു ദിവസംസുഹൃത്തിന്റെ വീട്ടില്‍ ചെന്ന ഞാന്‍ പയ്യനെ വിളിച്ച്‌ ചോദിച്ചു.

"എങ്ങനെയുണ്ട്‌ സ്കൂളൊക്കെ ?"

"അടിപൊളിയാ അങ്ക്‌ള്‍.."

"O K....ക്ലാസ്സോ?"

"ചെത്ത്‌ ക്ലാസ്‌ റൂമാ...."

""ങേ!!" ഞെട്ടിയെങ്കിലും ഞാനത്‌ പുറത്ത്‌ കാണിച്ചില്ല.

"ക്ലാസ്സില്‍ നിന്റെ അടുത്ത സുഹൃത്ത്‌ ആരാ?"

"മൈക്കള്‍ ജാക്സണ്‍...."

'ഹമ്മേ...' ഞാന്‍ വീണ്ടും ഞെട്ടി.ഇവന്‍ പറയുന്നത്‌ സത്യം തന്നെയോഎന്നറിയാന്‍ ഞാന്‍ അടുത്ത ചോദ്യം ചോദിച്ചു.

"അവന്‍ എവിടെയാ ഇരിക്കുന്നത്‌ ?"

"അവന്‍ പിന്നില്‍..... വലത്തേ അറ്റത്ത്‌....ഞാന്‍ മുന്നില്‍ ഇടത്തേ അറ്റത്ത്‌....എന്നിട്ടെന്താ കാര്യം?"

"ങേ!....അതെന്താ അങ്ങനെ പറയാന്‍....?"

"അതോ രണ്ടറ്റത്താണെങ്കിലും ടീച്ചര്‍ക്ക്‌ ഞങ്ങളെ രണ്ട്‌ പേരെയും ഒരുമിച്ച്‌നോക്കാന്‍ സാധിക്കും...."

"ങേ!!!അതെങ്ങനെ?"

"അതോ....ടീച്ചര്‍ക്ക്‌ കോങ്കണ്ണാ..."

Wednesday, August 20, 2008

ഇങ്ങനേയും മനുഷ്യര്‍

ഇക്കഴിഞ്ഞ ആഗസ്റ്റ്‌ 15-ന്റെ സുപ്രഭാതം.ഭാര്യാപിതാവും ഭാര്യയുടെസഹോദരീ ഭര്‍ത്താവും ഉച്ചക്ക്‌ എന്റെ വീട്ടില്‍ എത്തുമെന്ന് ഫോണ്‍ വന്നു.ഈ മാനന്തവാടിയില്‍ വല്ലപ്പോഴും വരുന്നവരെ നന്നായി ഒന്ന് സല്‍ക്കരിക്കണംഎന്ന് ഞാന്‍ മനസ്സില്‍ കരുതി.

ഉച്ചയിലേക്കുള്ള മെനു ഭാര്യയോട്‌ തിരക്കി.അങ്ങനെ നെയ്ച്ചോറും കോഴിക്കറിയും ആക്കാമെന്ന് തീരുമാനിച്ചതനുസരിച്ച്‌ ഞാന്‍ കോഴിവാങ്ങാനായി മാര്‍ക്കറ്റിലേക്ക്‌ പുറപ്പെട്ടു.

കോഴിയും വാങ്ങി തിരിച്ചു വരുമ്പോഴാണ്‌ നെയ്ച്ചോറിന്‌ രുചി കൂട്ടാന്‍ശുദ്ധമായ നെയ്യ്‌ തന്നെ വേണമെന്ന ഭാര്യയുടെ വിദഗ്ദ ഉപദേശം ഞാന്‍ ഓര്‍ത്തത്‌.ഉടന്‍ അടുത്ത കടയില്‍ നിന്നും അല്‍പം നെയ്യും വാങ്ങി.ഉച്ചഭക്ഷണംഅല്‍പം കൂടി കൊഴുപ്പിക്കാന്‍ ഞാന്‍ ഒരു കിലോ ഞാലിപ്പൂവന്‍ പഴവും വാങ്ങി.

തിരിച്ചു വീട്ടിലേക്ക്‌ നടക്കുന്നതിനിടയില്‍ സ്വറ്റര്‍ ധരിച്ച്‌ ഒരു വൃദ്ധന്‍വേച്ചു വേച്ചു വരുന്നത്‌ എന്റെ ശ്രദ്ധയില്‍ പെട്ടു.എന്റെ വയറിനെ സുഭിക്ഷമാക്കാന്‍ഞാന്‍ ചെലവഴിച്ച സംഖ്യ ഓര്‍ത്ത്‌ ആ വൃദ്ധനെ നോക്കിയപ്പോള്‍ , അയാള്‍ക്കെന്തെങ്കിലുംനല്‍കാതിരിക്കുന്നത്‌ മോശമായി എനിക്ക്‌ തോന്നി.അയാള്‍ കൈ നീട്ടുന്നതിന്‌ മുമ്പ്‌ തന്നെനല്‍കാന്‍ ഞാന്‍ ഒരു ..... രൂപ നോട്ട്‌ റെഡിയാക്കി വച്ചു.

എന്റെ അടുത്ത്‌ എത്തിയതും പെട്ടെന്ന് കൈ നീട്ടിക്കൊണ്ട്‌ അയാള്‍ പറഞ്ഞു.

"സുഖമില്ല....എന്തെങ്കിലും..."

കയ്യിലെടുത്ത്‌ വച്ചിരുന്ന നോട്ട്‌ മറ്റാരും കാണാതെ ഞാന്‍ അയാളുടെകയ്‌കളിലേക്ക്‌ തിരുകി ഉടന്‍ സ്ഥലം വിട്ടു.

അന്ന് സന്ധ്യയോടടുത്ത്‌ , ഞാന്‍ ടൗണില്‍ നിന്നും വീട്ടിലേക്ക്‌ മടങ്ങി വരികയായിരുന്നു.റോഡിന്റെ വലതു വശത്ത്‌ കൂടി നടന്നു കൊണ്ടിരുന്ന ഞാന്‍ ദൃഷ്ടി മുന്നോട്ട്‌പായിച്ചു.അപ്പോഴാണ്‌ എന്റെ അല്‍പം മുമ്പിലായി ഇടതു വശത്തു കൂടി ആവൃദ്ധന്‍ നടന്നു നീങ്ങുന്നത്‌ ഞാന്‍ കണ്ടത്‌.

വലതുവശത്തെ തൊട്ടടുത്ത കെട്ടിടം ഒരു ബാര്‍ ആയതിനാലും രാവിലെഞാന്‍ സഹായം നല്‍കിയതിനാലും ആ വൃദ്ധനെ ഒന്ന് നിരീക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു.പെട്ടെന്ന് വൃദ്ധന്‍ റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ എന്റെ മുമ്പിലെത്തി.അയാള്‍ മന്ദം മന്ദം മുന്നോട്ട്‌ നീങ്ങി ബാറിന്റെ ഗേറ്റിലെത്തി.ഞാന്‍ അയാളെത്തന്നെനിരീക്ഷിച്ചു.

അതാ....അയാള്‍ ബാറിന്റെ ഗേറ്റ്‌ കടന്ന് ഉള്ളിലോട്ട്‌ പ്രവേശിച്ചു.അകത്ത്‌ ധാരാളംപേരുള്ളതിനാല്‍ അവിടെയും യാചനയാണോ ലക്ഷ്യം എന്നറിയാന്‍ ഞാന്‍ അയാളെത്തന്നെശ്രദ്ധിച്ചു.ഇല്ല,ആരുടെ നേരെയും അയാള്‍ കൈ നീട്ടുന്നില്ല.

വേച്ചു വേച്ചു നടന്ന് അയാള്‍ ബാറിനകത്തെ ജനക്കൂട്ടത്തില്‍ അലിയുമ്പോള്‍, ഗേറ്റിന്‌ പുറത്ത്‌ ഞാന്‍ തരിച്ച്‌ നിന്നു.

നമ്മുടെ സമൂഹത്തിന്റെ ദുരന്തമാണിത്‌.നേരത്തെ ശീലിച്ച മദ്യപാനവുംപുകവലിയും മറ്റും വയസ്സുകാലത്തും നിര്‍ത്താന്‍ കഴിയാതെ വരുന്നു.പക്ഷേപണം സമ്പാദിക്കാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ യാചകനായി കള്ളം പറഞ്ഞ്‌പണം സ്വരൂപിച്ച്‌ അന്നന്നത്തെ ആവശ്യം നിര്‍വ്വഹിക്കുന്നു.ഈ കള്ളനാണയങ്ങള്‍ക്കിടയില്‍പെട്ട്‌ അര്‍ഹതപ്പെട്ടവനും തഴയപ്പെടുന്നു.

Tuesday, August 19, 2008

ചക്കിക്കൊത്ത ചങ്കരന്‍

TSG 8683 എന്റെ ഉടമസ്ഥതയില്‍ വരുന്നതിന്ന് മുമ്പ്‌ ഞാന്‍ സ്ഥിരം യാത്രചെയ്യാറുള്ള ബസായിരുന്നു കാര്‍വാന്‍ - നിലമ്പൂരില്‍ നിന്നും മാനന്തവാടി വരെ പോകുന്ന ബസ്‌.കൊല്ലങ്ങളായി മുടങ്ങാതെ സര്‍വ്വീസ്‌ നടത്തുന്ന അപൂര്‍വ്വംചില ബസ്സുകളില്‍ ഒന്നാണ്‌ കാര്‍വാന്‍.രാവിലെ ഏഴരക്ക്‌ മാനന്തവാടിയിലേക്കും വൈകിട്ട്‌ ആറേകാലിന്‌തിരിച്ചും അരീക്കോട്ട്‌ കൂടെ കടന്ന് പോകും.

പതിവ്‌ പോലെ ഒരു ദിവസം പുറത്തിറങ്ങിയ ഞാന്‍ മൂത്താപ്പയുടെ മകന്‍ലുഖ്മാന്റെ മുമ്പില്‍ പെട്ടു."ഇന്നെന്താ ജയലളിതയുടെ കാര്‍ എടുക്കുന്നില്ലേ?"

"ഇന്ന് ഞാന്‍ എടുത്തില്ല..."

"അതെന്തേ.....നിനക്ക്‌ ഉന്തിത്തള്ളല്‍ ശരിക്കും പ്രാക്ടീസ്‌ ആയോ?"

"അതല്ല.."

"എങ്കില്‍ കാര്‍ എടുത്ത്‌ വാ....നമുക്ക്‌ ഒന്നോടിച്ച്‌ നോക്കാം...."

"കാര്‍ ഇവിടെയില്ല...റഹീം കൊണ്ടു പോയിരിക്കുകയാ...."

"എങ്ങോട്ട്‌...?"

"വയനാട്ടിലേക്ക്‌..."

"യാ...ഖുദാ!!!! അപ്പോ ഇന്ന് കാര്‍വാന്‍ ഇല്ലേ?"

"ഉണ്ടല്ലോ..."

"രാവിലെ നീ കണ്ടോ?"

"ആ...കൃത്യ സമയത്ത്‌ തന്നെ പാസ്‌ ചെയ്തിട്ടുണ്ട്‌..."

"എങ്കില്‍ ആറേകാലിന്‌ സ്റ്റാന്റില്‍ പോയി നില്‍ക്കണം..."

"അതെന്തിനാ..?"

"അതോ......നിന്റെ കാറും അതിലേക്ക്‌ ഡ്രൈവറായി റഹീമും....ചക്കിക്കൊത്ത ചങ്കരന്‍.."

"ങാ...ങാ.....അതിനെന്തിനാ ആറേകാലിന്‌ സ്റ്റാന്റില്‍ പോകണം എന്ന് പറഞ്ഞത്‌?"

"അത്‌ കാര്‍വാന്‍ കൃത്യ സമയത്ത്‌ തന്നെ തിരിച്ചെത്തുന്നുണ്ടോ എന്നറിയാന്‍...കൃത്യ സമയത്ത്‌ എത്തുന്നില്ല എങ്കില്‍ നിന്റെ കാറും റഹീമും കൂടിചുരം ബ്ലോക്കാക്കി എന്ന് ഉറപ്പിക്കാമല്ലോ?"

തിരിച്ച്‌ എന്ത്‌ പറയണം എന്നറിയാതെ നില്‍ക്കുമ്പോള്‍ ചിരിച്ചുകൊണ്ട്‌ലുഖ്മാന്‍ നടന്നകന്നു.

Sunday, August 17, 2008

നോക്കിയ N95-ഉം ഒരു പാവം മരമണ്ടനും - ഭാഗം മൂന്ന്

ആദ്യ ഭാഗങ്ങള്‍ : http://abidiba.blogspot.com/2008/06/n95-2.html#links എന്റെ NOKIA N95-ന്‌ ഞാനും എനിക്ക്‌ എന്റെ NOKIA N95-ഉം പരസ്പരം തലവേദനകള്‍ ഉണ്ടാക്കിക്കൊണ്ട്‌ കാലചക്രം മുന്നോട്ട്‌ ഉരുണ്ട്‌ കൊണ്ടിരുന്ന കാലത്തെ ഒരു സുപ്രഭാതം. ഫോണെടുത്ത്‌ ഞാന്‍ സ്ലൈഡിംഗ്‌ പാനല്‍ നീക്കാന്‍ ആരംഭിക്കവേ ഡിസ്പ്ലേ വന്നു.പെട്ടെന്ന് പാനല്‍ സ്ലൈഡ്‌ ചെയ്ത്‌ അതിന്റെ യഥാര്‍ത്ഥ പൊസിഷനില്‍ എത്തി.പക്ഷേ അപ്പോഴേക്കും ഡിസ്പ്ലേ ഓഫായി.ഞാന്‍ സാധാരണ പോലെ ഫോണിന്റെ എല്ല ബട്ടണിലും അമര്‍ത്തി നോക്കി.നോ ഡിസ്പ്ലേ,നോ രക്ഷ. "ങേ!!!ഫോണ്‍ ചത്തോ ?"NOKIA N95 ആദ്യമായി എന്നെ ഞെട്ടിച്ചു. ടച്ച്‌ സ്ക്രീനിന്റെ കുത്താംകോല്‌ എടുത്ത്‌ കുത്തിയിട്ടും പഹയന്‍ ഉണര്‍ന്നില്ല.അറ്റ കൈ എന്ന നിലക്ക്‌ ഞാന്‍ പവര്‍ ബട്ടണ്‍ അല്‍പ നേരം അമര്‍ത്തി. അതാ വരുന്നു....വെല്‍കം മെസേജ്‌ !!!അന്ന് ഞാന്‍ ഒരു കാര്യം കൂടി മനസ്സിലാക്കി - ഇവനെ ഒതുക്കാന്‍(ഓഫാക്കാന്‍)സ്ലൈഡിംഗ്‌ പാനല്‍ മയമില്ലാതെ ഒന്ന് ഉന്തിയാല്‍ മതി,ബോധരഹിതനായിഅവന്‍ നിലംപതിച്ചു കൊള്ളും!!! സുപ്രഭാതങ്ങള്‍ പിന്നെയും പൊട്ടി വിടര്‍ന്നു.ഒരു ദിവസം നോക്കിയയിലെ അലാറക്കഴുത അലറിക്കൊണ്ടിരിക്കുന്നു.നാലാമത്തെയോ അഞ്ചാമത്തെയോ അലാറം എന്റെ കാതില്‍ സംഗീതമായി എത്തി.ഉടന്‍ എണീറ്റ്‌ ഞാന്‍ ടച്ച്‌ സ്ക്രീനിലെ 'സ്റ്റോപ്‌' തൊട്ടു.അവന്‍ അലാറം നിര്‍ത്തിയില്ല! ഞാന്‍ ഒന്നു കൂടി ശക്തിയില്‍ 'സ്റ്റോപ്‌'അമര്‍ത്തി.അവന്‍ അപ്പോഴും അലറല്‍ തുടര്‍ന്നു. 'ങാ...ഹാ....നീ അത്രക്കായോ...?' എന്ന് ഞാന്‍ മനസ്സില്‍ കരുതിയതും അവന്‍ സ്റ്റോപ്പായി!!(അന്ന് പിന്നെ അവന്‍ അലറിയിട്ടില്ല).മനസ്സില്‍ വിചാരിക്കുന്നതും ചെയ്യാന്‍ കഴിയുന്ന NOKIA N95!!!പക്ഷേ അതെന്റെ വ്യാമോഹം മാത്രമായിരുന്നു.മറ്റു മെനുകള്‍ എടുത്ത്‌ പ്രവര്‍ത്തിപ്പിച്ച്‌ നോക്കിയപ്പോളാണ്‌ ഞാന്‍ ആ ഞെട്ടിപ്പിക്കുന്ന സത്യം മനസ്സിലാക്കിയത്‌.എന്റെ നോക്കിയയുടെ ടച്ച്‌ സ്ക്രീന്‍ തലേന്ന് രാത്രി വീരചരമം പ്രാപിച്ചിരിക്കുന്നു.(അത്‌ വരെയുള്ള സേവനത്തിന്‌ ഞാന്‍ അവന്‌ ഒരു സഹന വീരചരമ ചക്രം സമ്മാനിച്ചു) സൂര്യന്‍ പതിവ്‌ പോലെ പടിഞ്ഞാറ്‌ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്തു(അത്‌ പണ്ടേ എനിക്ക്‌ കണ്‍ഫൂഷനാണ്‌).ഒരു ദിവസം ഫോണ്‍ ഓണാക്കിയ എനിക്ക്‌ വെല്‍കംസോംഗ്‌ കേള്‍ക്കാന്‍ കഴിഞ്ഞില്ല.ഞാന്‍ സ്ലൈഡിംഗ്‌ പാനല്‍ നീക്കി.അപ്പോഴുണ്ടാകുന്ന മ്യൂസിക്കും കേള്‍ക്കുന്നില്ല.കൂട്ട പണിമുടക്ക്‌ നടത്താന്‍ ഇതെന്താ കേരള ഗവണ്‍മന്റ്‌ ഉദ്യോഗസ്ഥരോ എന്ന്‌ ചിന്തിച്ച്‌ ദ്വേഷ്യത്തോടെ ഞാന്‍ ഫോണ്‍ ഓഫാക്കി.ഓഫാക്കുമ്പോഴുള്ള ദീനരോദനവും കേള്‍ക്കുന്നില്ല!!!അങ്ങിനെ എന്റെNOKIA N95 ഊമയുമായി. (ഒരു പക്ഷേ തുടരും....)

Friday, August 15, 2008

സ്വാതന്ത്ര്യ ദിനം - ഒരു ബാല്യകാല ഓര്‍മ്മ.

ഇന്ത്യ അറുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ കുട്ടിക്കാലത്ത്‌നടന്ന ഒരു കൊച്ചു സംഭവം ഓര്‍മ്മയില്‍ വരുന്നു.അരീക്കോട്‌ ഇന്നത്തെ അരീക്കോട്‌ ആകുന്നതിന്റെ മുമ്പ്‌ ഞങ്ങളുടെ നാട്ടില്‍ ഒരുനായര്‍ ഉണ്ടായിരുന്നു.എല്ലാവരും അദ്ദേഹത്തെ നായര്‍ എന്ന് തന്നെയാണ്‌ വിളിച്ചിരുന്നത്‌.യഥാര്‍ത്ഥ പേര്‍ ആര്‍ക്കും അറിയില്ല.അല്‍പം മാനസിക രോഗി കൂടി ആയിരുന്നു അദ്ദേഹം.(ഇപ്പോള്‍ നായര്‍ ജീവിച്ചിരിപ്പുണ്ടാഇല്ലയോ എന്നറിയില്ല)

ഞാന്‍ അല്‍പം മുതിര്‍ന്ന ശേഷമുള്ള നായരുടെ രൂപം എന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്‌.ലോട്ടറി വില്‍പനയായിരുന്നു നായരുടെ ജോലി.നെഞ്ചില്‍ ഇന്ത്യയുടെ പതാകയുംകുത്തി ഇന്ദിരാഗാന്ധിയുടെ വലിയൊരു ഫോട്ടോയും കയ്യിലേന്തി നായര്‍ നടക്കും.ഇന്നത്തെ പോലെ സിക്കീമും ഭൂട്ടാനും(ലോട്ടറികളാണ്‌ കേട്ടോ) ഒന്നും അന്നില്ല.കേരള ലോട്ടറി മാത്രം.അതും ആഴ്ചയില്‍ ഒന്ന് മാത്രം.നായരുടെ കയ്യില്‍ നിന്ന് ആരെങ്കിലും ലോട്ടറി ടിക്കറ്റ്‌വാങ്ങാറുണ്ടോ എന്നെനിക്കറിയില്ല.ചില ദിവസങ്ങളില്‍ നായര്‍, കോണ്‍ഗ്രസ്സ്‌ നേതാക്കളെ പുകഴ്ത്തിയും മറ്റ്‌ എല്ലാ പാര്‍ട്ടികളുടേയും നേതാക്കളെ തെറിയഭിഷേകംചെയ്തും സംസാരിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌.

ലോട്ടറി വില്‍പനക്ക്‌ മുമ്പുള്ള കാലത്താണെന്നാണെന്റെ ഓര്‍മ്മ.ഒരു ദിവസംനായര്‍ ഞങ്ങളുടെ കോളനി റോഡ്‌ തുടങ്ങുന്നിടത്തുള്ള, മൂത്താപ്പയുടെ മില്ലിനെ ചാരി ഇരിക്കുന്നു.നായര്‍ എന്തോ ചിന്തയിലായിരുന്നു.കുട്ടികളായ ഞങ്ങള്‍ കളിക്കാനിറങ്ങിയപ്പോളാണ്‌ നായരുടെ ഇരിപ്പ്‌ ശ്രദ്ധയില്‍പെട്ടത്‌.ഞങ്ങളെല്ലാവരും പേടിച്ച്‌ പേടിച്ച്‌ നായരുടെ ചുറ്റും കൂടി.

അന്ന് നായര്‍ വളരെ ശാന്തനായിരുന്നു.തലയില്‍ വരെ ഞങ്ങള്‍ കൈ വച്ച്‌ കളിച്ചിട്ടും നായര്‍ ഒന്നും പറഞ്ഞില്ല.കുറേ നേരം ഞങ്ങളോടൊത്ത്‌ ചെലവഴിച്ച ശേഷം നായര്‍ എവിടെ നിന്നോ ചെറിയ ഒരിന്ത്യന്‍ പതാക കയ്യിലെടുത്തു.ഇന്നത്തെപ്പോലെ പതാകകള്‍ എല്ല മുറുക്കാന്‍ കടയിലും സര്‍വ്വ സാധാരണമായിരുന്നില്ല.ഇത്‌ എവിടെ നിന്ന് ലഭിക്കും എന്ന് അറിവും ഉണ്ടായിരുന്നില്ല.(അറിഞ്ഞാലും വാങ്ങാന്‍കാശും ഉണ്ടായിരുന്നില്ല).സ്വാതന്ത്ര്യദിനത്തില്‍സ്കൂളില്‍ പരിപാടിക്ക്‌ പോകുമ്പോള്‍ ഒരു പക്ഷേ പതാക കിട്ടിയാലായി.

കൊടി എടുത്ത്‌ ഞങ്ങളെ കാണിച്ചുകൊണ്ട്‌ നായര്‍ പറഞ്ഞു.

"നാളെ ആഗസ്റ്റ്‌ 15 ആണ്‌.ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം.കോണ്‍ഗ്രസ്‌ നേടിത്തന്ന സ്വാതന്ത്ര്യം."(നായര്‍ നല്ലൊരു കോണ്‍ഗ്രസ്സ്‌ അനുഭാവിയായിരുന്നു)

കുട്ടികളായ ഞങ്ങള്‍ക്ക്‌ കോണ്‍ഗ്രസ്സും ആഗസ്റ്റ്‌ 15-ഉം പ്രത്യേകിച്ച്‌ അര്‍ത്ഥമില്ലാത്തപദങ്ങള്‍ മാത്രമായിരുന്നു.

"നാളെ ഇതുപോലെയുള്ള കുറേ കൊടികള്‍ ഞാന്‍ കൊണ്ടുവരും.നിങ്ങള്‍ കുട്ടികള്‍കുപ്പായത്തിന്റെ കീശയില്‍ കൊടി കുത്തി നടക്കണം..."

ഞങ്ങളുടെ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു അന്ന്.

പിറ്റേന്ന് കാലത്തേ ഞങ്ങളെല്ലാവരും നായരെ കാത്തിരുന്നു.കൊടികുത്തി എങ്ങനെ നടക്കണമെന്ന് പലരും അഭിനയിച്ച്‌ നോക്കുകയുംചെയ്തു!! സമയം ഇഴഞ്ഞ്‌ നീങ്ങി.മിനുട്ടുകള്‍ മണിക്കൂറുകളായി.പ്രതീക്ഷയോടെ ഞങ്ങള്‍ റോഡിലേക്ക്‌, നായര്‍ വരുന്നുണ്ടോ എന്ന് എത്തിനോക്കി.സമയം കൊഴിഞ്ഞു പോയതല്ലാതെ അന്ന് നായര്‍ വന്നില്ല!!!ഞങ്ങളുടെ കൊടി കുത്തിയ സ്വപ്നങ്ങള്‍ എല്ലാം വൃഥാവിലായി.

പിന്നീട്‌ പലപ്പോഴും നായരെ ഞാന്‍ കണ്ടുമുട്ടിയെങ്കിലും അന്നത്തെ കൊടി ചോദിക്കാന്‍ എനിക്ക്‌ ധൈര്യമില്ലായിരുന്നു.കുട്ടികളായ ഞങ്ങള്‍ക്ക്‌ കൊടിവാഗ്ദാനം ചെയ്ത കാര്യം മാനസികരോഗിയായ നായര്‍ അന്ന് തന്നെ മറന്നുപോയതാവാം.അല്ലെങ്കില്‍ പിറ്റേ ദിവസം ഞങ്ങളേയും തിരഞ്ഞ്‌ വേറെഏതെങ്കിലും ദിശയില്‍ അദ്ദേഹം പോയിട്ടുണ്ടാവാം.

മനോരോഗിയായിരുന്ന നായര്‍ പറഞ്ഞ ആ ദിവസം ആഗസ്റ്റ്‌ 15 തന്നെ ആയിരുന്നോ എന്ന് ആര്‍ക്കറിയാം?എങ്കിലും ആഗസ്റ്റ്‌ 15 വരുമ്പോള്‍ നായര്‍ മനസ്സില്‍ ഓടി എത്തുന്നു.

Thursday, August 14, 2008

കൊതുക്‌ നശീകരണ യന്ത്രം!!!

പതിവ്‌ പോലെ ഒരു ദിവസം.ഞാന്‍ കാറുമായി പുറപ്പെട്ടു.യാത്രയുടെ ഉദ്ദേശംഎന്തായിരുന്നു എന്ന് ഇപ്പോള്‍ ഓര്‍മ്മയില്ല.കാറില്‍ ഞാന്‍ മാത്രമായതിനാല്‍കാറിനും എനിക്കും ഒരു പരിശീലനം എന്നതായിരുന്നിരിക്കും എന്റെ അജണ്ട എന്ന്കരുതുന്നു.

മെയിന്‍ റോഡില്‍ അരീക്കോട്‌ അങ്ങാടി ആരംഭിക്കുന്നിടത്താണ്‌ എന്റെ മൂത്താപ്പയുടെഅനിയന്‍ റസാഖ്‌ക്കയുടെ വീട്‌.സര്‍ക്കാറില്‍ നിന്നും അടുത്തൂണ്‍ പറ്റിയതിനാല്‍, മിക്കവാറും വീടിന്റെ വരാന്തയിലോ അല്ലെങ്കില്‍ സമീപത്തെ കടയിലോ അദ്ദേഹം ഇരിപ്പുണ്ടാവും.

അന്നും അദ്ദേഹം വീട്ടു വരാന്തയില്‍പത്രം വായിച്ചിരിക്കുന്നുണ്ടായിരുന്നു.എന്റെTSG 8683 മന്ദം മന്ദം അരീക്കോട്‌ അങ്ങാടിയെ ലക്ഷ്യമാക്കി നീങ്ങി, മേല്‍ കക്ഷിയുടെ വീടിനടുത്തെത്തി.വിശാലമായ അരീക്കോട്‌ അങ്ങാടി കാറിന്റെ ചില്ലിനുള്ളിലൂടെ എന്റെ മുന്നില്‍ തെളിഞ്ഞു.മുന്നില്‍ അല്‍പം ദൂരെ ബസ്‌സ്റ്റാന്റിലേക്ക്‌കയറുന്ന ബസുകളും നിര്‍ത്തിയിട്ട ഓട്ടോറിക്ഷകളും അങ്ങുമിങ്ങും നടക്കുന്നജനങ്ങളേയും ഞാന്‍ കണ്ടു.

സായിപ്പിന്റെ മുന്നില്‍ കവാത്ത്‌ മറന്നവനെപ്പോലെ പെട്ടെന്ന് കാറിന്‌ ഒരു പന്തികേട്‌.(അങ്ങാടിയിലെ തിരക്ക്‌ കണ്ട ടെന്‍ഷനില്‍ കവാത്ത്‌ മറന്നത്‌ ഞാന്‍ തന്നെയായിരുന്നുഎന്ന് പിന്നീട്‌ എനിക്ക്‌ ബോധ്യമായി).തേഡില്‍ ഇന്നും സെക്കന്റിലേക്ക്‌ തട്ടിയ ഗിയര്‍ ചെന്ന് വീണത്‌ ന്യൂട്രലില്‍.സംഗതിയറിയാതെ ഞാന്‍ ആക്സിലറേറ്ററില്‍കാലമര്‍ത്തി.

"ബും.....ബും....ബൂം...." റൈസായി കാര്‍ നിന്നു.

ഉടന്‍ റസാഖ്ക്ക വീട്ടില്‍ നിന്നും ഇറങ്ങി വന്നു.കാര്‍ വീണ്ടും സ്റ്റാര്‍ട്ടാക്കാന്‍തത്രപ്പെടുന്ന എന്നെക്കണ്ട്‌ അദ്ദേഹം ചോദിച്ചു.

"നീ ആയിരുന്നോ..? ഇതേതാ കാര്‍?"

"എന്റേത്‌ തന്നെയാ..."

"എക്സ്പീരിയന്‍സ്‌ ആയിട്ടില്ല അല്ലേ?"

"കാറിനായിട്ടുണ്ട്‌....എനിക്കായിട്ടില്ല....."

സംസാരിക്കുന്നതിനിടെ വണ്ടിസ്റ്റാര്‍ട്ട്‌ ആയതിനാല്‍ കൂടുതല്‍ വര്‍ത്തമാനത്തിന്‌ നില്‍ക്കാതെ ഞാന്‍ തടിഎടുത്തു.

പിറ്റേന്ന് വൈകുന്നേരം നടക്കാനിറങ്ങിയ എന്നോട്‌ മൂത്താപ്പയുടെ മകന്‍ലുഖ്മാന്‍ പറഞ്ഞു.

"നിന്നെ റസാഖ്‌ എളാപ്പ ചോദിച്ചിരുന്നു...."

"ങേ!!!എന്ന്?"

"ഇന്ന്....കൊറച്ച്‌ മുമ്പ്‌......നിന്റെ കാറും കൊണ്ടൊന്ന് ചെല്ലാന്‍ പറഞ്ഞു..."

"ങേ!!!കാറും കൊണ്ട്‌ ചെല്ലാനോ....? എന്തിനാദ്‌..?? കാര്യം പിടികിട്ടാതെ ഞാന്‍ ചോദിച്ചു.

"അതോ....?"

"ആ....പറ...."

"ഇന്നലെ വൈകിട്ട്‌ നിന്റെ കാര്‍ അവരുടെ വീടിന്‍ മുമ്പില്‍ റൈസാക്കിയതിനാല്‍രാത്രി ഒരൊറ്റ കൊതുകും ആ പ്രദേശത്ത്‌ ഉണ്ടായിരുന്നില്ല പോലും....ഇന്നുംഅതുപോലെ കാര്‍ ഒന്ന് റൈസാക്കിയാല്‍ കൊതുക്‌ കടിയില്‍ നിന്നും രക്ഷപ്പെടാമായിരുന്നുഎന്ന് എളാപ്പ പറഞ്ഞു"

ചിരിച്ചു കൊണ്ട്‌ ലുഖ്മാന്‍ പറഞ്ഞപ്പോള്‍ ഒരു ഇളിഭ്യച്ചിരിയോടെകേട്ടു നില്‍ക്കുകയല്ലാതെ നിര്‍വ്വാഹമില്ലായിരുന്നു.

Wednesday, August 13, 2008

നനഞ്ഞൊലിച്ച്‌ ഒരു പെണ്‍കുട്ടി

ഒരു ദിവസം ഞാനും മകളും കൂടി സ്കൂളിലേക്ക്‌ നടന്നു പോവുകയായിരുന്നു.മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഞങ്ങള്‍ രണ്ട്‌ പേരും കുട എടുത്തിരുന്നു.തണുപ്പില്‍ നിന്നും രക്ഷ നേടാന്‍ മോള്‍ സ്വറ്റര്‍ ധരിക്കുകയും ചെയ്തിരുന്നു.

വീട്ടില്‍ നിന്നും പുറപ്പെട്ട്‌ അല്‍പം കഴിഞ്ഞ ഉടന്‍ തന്നെ മഴ പെയ്യാന്‍ തുടങ്ങി.ശക്തിയായ മഴയില്‍ കുട എങ്ങനെ പിടിക്കണം എന്നറിയാതെ ഞങ്ങള്‍ രണ്ട്‌ പേരുംവിഷമിച്ചു.കാറ്റിലും മഴയിലും ഞങ്ങള്‍ കൂടുതല്‍ നനയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ മകളേയും കൂട്ടി അടുത്ത്‌ കണ്ട കടത്തിണ്ണയിലേക്ക്‌ കയറി.

ചറപറ പെയ്യുന്ന മഴയും നോക്കി ഞാനും മകളും അവിടെ നില്‍ക്കുന്നതിനിടെനനഞ്ഞൊലിച്ച്‌ ഒരു പെണ്‍കുട്ടി ഞങ്ങളുടെ മുമ്പിലൂടെ കടന്നു പോയി.യൂനിഫോം ധരിച്ചതിനാല്‍ ഏതോ സ്കൂളില്‍ പഠിക്കുന്ന കുട്ടിയാണ്‌ അതെന്ന്എനിക്ക്‌ ബോധ്യമായി.

കുട ഉണ്ടായിട്ടും നനഞ്ഞപ്പോള്‍ തണുത്ത്‌ വിറക്കുന്ന ഞാന്‍.... സ്വറ്റര്‍ ധരിച്ചിട്ടും വിറച്ചുകൊണ്ടിരിക്കുന്ന എന്റെ മകള്‍....അതേ സമയത്ത്‌ തന്നെ എന്റെ മുമ്പിലൂടെ നനഞ്ഞൊലിച്ച്‌ കടന്നു പോയ ആ പെണ്‍കുട്ടി.എന്റെ മനസ്സിലൂടെ ഒരു വെള്ളിടി പാഞ്ഞു.

മോളെ വിളിച്ച്‌ ഞാന്‍ ചോദിച്ചു."ലുലൂ (മോളുടെ വിളിപ്പേര്‌).....ആ കുട്ടിയെനീ ശ്രദ്ധിച്ചോ?"

"ഇല്ല....എന്താ?"

"ഇപ്പോള്‍ നമ്മുടെ മുമ്പിലൂടെ നനഞ്ഞൊലിച്ച്‌ ഒരു പെണ്‍കുട്ടി കടന്നു പോയി..."

"ഞാന്‍ കണ്ടില്ല...ആ കുട്ടിക്കെന്താ മഴയത്ത്‌ കുട എടുത്താല്‍?"

"ങാ...ശരിയാണ്‌.പക്ഷേ കുട ഇല്ലെങ്കില്‍ എന്ത്‌ ചെയ്യും? ആ കുട്ടിയെപ്പോലെഎത്രയോ കുട്ടികള്‍ സ്കൂളില്‍ പോകാന്‍ കുടയില്ലാതെ,ചെരുപ്പില്ലാതെ,ബാഗില്ലാതെ വിഷമിക്കുന്നു....അവരുടെ മാതാപിതാക്കള്‍ക്ക്‌ ഇതെല്ലാം കൂടി വാങ്ങിക്കൊടുക്കാനുള്ളകഴിവ്‌ ഉണ്ടാകില്ല.അപ്പോള്‍ അവര്‍ ഉള്ളതുകൊണ്ട്‌ തൃപ്തിപ്പെട്ട്‌ ജീവിക്കുന്നു"

"ങാ"

"ഇത്തരം കുട്ടികളെ കാണുമ്പോള്‍ നിനക്ക്‌ ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ചോര്‍ത്ത്‌ ദൈവത്തെ സ്തുതിക്കുക.അവ ലഭിക്കാത്തവരോട്‌ സഹാനുകമ്പ പ്രകടിപ്പിക്കുകയുംകഴിയുന്നവ പങ്ക്‌ വെക്കുകയും ചെയ്യുക.ഒരു പക്ഷേ നമുക്കും ഈ അവസ്ഥവന്നാലോ എന്ന് ആലോചിച്ചു നോക്കുക.അപ്പോഴേ മറ്റുള്ളവരെ സഹായിക്കാനുള്ളമന:സ്ഥിതി കൈ വരൂ".

Tuesday, August 12, 2008

സ്വര്‍ണ്ണമെഡല്‍ എന്ന അപമാനം!!!!

(പത്രങ്ങളിലെല്ലാം ഇന്ന് വെടിക്കെട്ട്‌ തലക്കെട്ട്‌.എന്റെ തലക്കുള്ളിലും വെടിക്കെട്ട്‌.അതിനാല്‍ എഴുതിപ്പോയതാണ്‌.)

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒളിമ്പിക്സില്‍ ഇന്ത്യക്ക്‌ വേണ്ടി വ്യക്തിഗത സ്വര്‍ണ്ണ മെഡല്‍ നേടിയ അഭിനവ്‌ ബിന്ദ്രക്ക്‌ അഭിനന്ദനങ്ങള്‍ !!!

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു അമേരിക്കകാരനോ,ജപ്പാന്‍കാരനോ,കൊറിയക്കാരനോ എന്തിന്‌ ഒരു എത്യൊപ്പിയക്കാരനോ (അയാള്‍ ഇവിടെ എത്തുകയാണെങ്കില്‍) ഇന്നത്തെ പത്രം എടുത്ത്‌ നോക്കിയാല്‍ തീര്‍ച്ചയായും അന്തം വിട്ടു പോകും.നമ്മുടെ അഭിമാന മുഹൂര്‍ത്തം പല അപമാനങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു.

സ്വാതന്ത്ര്യം കിട്ടി 61 വര്‍ഷം കഴിയുന്നു.ഇന്ത്യക്ക്‌ ഒളിമ്പിക്സില്‍ ആദ്യ വ്യക്തിഗത സ്വര്‍ണ്ണം ലഭിക്കാന്‍ ഇത്രയും കാത്തിരിക്കേണ്ടി വന്നു എന്ന് പറയാന്‍, അല്ലെങ്കില്‍ ഇന്ന് പത്രം നോക്കുന്ന ഒരു വിദേശിയുടെ മുമ്പില്‍ ഈ വിവരം വിളമ്പാന്‍ പോലും നമുക്ക്‌ നാണമില്ലേ?

നൂറ്‌ കോടി ജനങ്ങളുടെ പ്രാര്‍ത്ഥന ഫലിച്ചു എന്ന് പലരും പറയുന്നു.സ്വാതന്ത്ര്യത്തിന്‌ ശേഷം കോടികള്‍ പൊടിപൊടിച്ച്‌ എത്ര എത്ര കായിക മാമാങ്കത്തില്‍ നമ്മുടെ അത്‌ലറ്റുകള്‍ സോറി ഒഫീഷ്യല്‍ സംഘം പങ്കെടുത്തു?(ഒഫീഷ്യല്‍ സംഘത്തിലെ അംഗങ്ങളുടെ എണ്ണത്തിന്‌ മെഡല്‍ ഉണ്ടായിരുന്നെങ്കില്‍ എല്ലാ ഒളിംപിക്സിലും അത്‌ ഇന്ത്യക്ക്‌ തന്നെയായിരിക്കും, തീര്‍ച്ച) 100 കോടി ജനങ്ങളില്‍ പകുതി പേരുടെയെങ്കിലും പ്രാര്‍ത്ഥന ഈ പേക്കൂത്ത്‌ നിര്‍ത്തി ഈ രാജ്യത്തെ പട്ടിണിപ്പാവങ്ങളിലേക്ക്‌ ശ്രദ്ധ തിരിക്കൂ എന്നായിരുന്നില്ലേ?

ഇന്നലെ സ്വര്‍ണ്ണം നേടിയ അഭിനവ്‌ ബിന്ദ്ര 1998 മുതലാണ്‌ രാജ്യത്തിന്‌ വേണ്ടി ഷൂട്ടിംഗ്‌ റേഞ്ചില്‍ ഇറങ്ങിത്തുടങ്ങിയത്‌.എന്ന് വച്ചാല്‍ 10 വര്‍ഷം മുമ്പ്‌.ഇതുവരെ ഈ താരം അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നേടിയത്‌ 6 സ്വര്‍ണ്ണമാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട്‌ പറയുന്നു.നിരവധി ആഭ്യന്തര മല്‍സരങ്ങളില്‍ മികവ്‌ തെളിയിക്കുകയും ചെയ്തു.രാജ്യം 2001-ല്‍ അര്‍ജ്ജുന അവാര്‍ഡും 2002-ല്‍ പരമോന്നത കായിക ബഹുമതിയായ രാജീവ്‌ ഗാന്ധി ഖേല്‍രത്ന അവാര്‍ഡും ബിന്ദ്രക്ക്‌ സമ്മാനിക്കുകയും ചെയ്തു.ഇനിയിപ്പോള്‍ ഭാരത രത്നം അല്ലാതെ ഏത്‌ അവാര്‍ഡ്‌ ബിന്ദ്രയുടെ തൊപ്പിയില്‍ ചാര്‍ത്തും എന്ന് ന്യായമായി സംശയിക്കുന്നു.മികവിന്റെ പരകോടിയില്‍ എത്തിയിട്ടും പലര്‍ക്കും ലഭിക്കാതെ പോയ ഖേല്‍രത്ന അവാര്‍ഡ്‌ ഇത്രയും നേരത്തെ ഈ താരത്തിന്‌ നല്‍കിയതിന്റെ പിന്നിലെ കളികള്‍ 'കളിയിലെന്ത്‌ കാര്യം' എന്ന ചൊല്ലിലൂടെ നാം സൗകര്യപൂര്‍വ്വം മറന്നു.

വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചു വീഴുന്നവന്‌ ഉന്നതങ്ങളില്‍ എന്നും പിടിപാടുണ്ട്‌.അതവന്റെ വളര്‍ച്ചക്കിടയില്‍, അവാര്‍ഡുകളുടേയും പുരസ്കാരങ്ങളുടേയും രൂപത്തില്‍ ലഭിച്ചുകൊണ്ടിരിക്കും.അതില്ലാത്തവന്‍ നേട്ടത്തിന്റെ സുവര്‍ണ്ണ ദിനത്തില്‍ മാത്രം ഹീറോയും പിന്നെ സീറോയും ആയിരിക്കും.

വാല്‍ക്കഷ്ണം: 2000-ല്‍ വെങ്കലം, 2004-ല്‍ വെള്ളി, 2008-ല്‍ സ്വര്‍ണ്ണം.ഇന്ത്യ കുതിക്കുന്നു എന്ന് ആരും അച്ച്‌ നിരത്തില്ല എന്ന് കരുതുന്നു.

Monday, August 11, 2008

ചോറിന്റെ അളവ്‌

തെക്കന്‍ കേരളത്തിലെ പ്രസിദ്ധമായ ഒരു ഹോട്ടലില്‍ നമ്പൂരി ഊണ്‍ കഴിക്കാന്‍ കയറി.

"ഒരൂണ്‌ തരാ" നമ്പൂരി പറഞ്ഞു .

വെയ്റ്റര്‍ ഊണ്‌ കഴിക്കാനുള്ള പാത്രവും കറികളും കൊണ്ട്‌ വച്ചു.അവസാനം ചെറിയ ഒരു പാത്രത്തില്‍ അല്‍പം ചോറും.വിശന്ന് പൊരിഞ്ഞ്‌ നില്‍ക്കുന്ന നമ്പൂരിക്ക്‌ ചോറിന്റെ അളവ്‌ കണ്ട്‌ സഹിച്ചില്ല.

"ഡോ....ഒന്നിങ്ങട്ട്‌ വന്നേ..." നമ്പൂരി വെയ്റ്ററെ വിളിച്ചു.

വെയ്റ്റര്‍ നമ്പൂരിയുടെ അടുത്ത്‌ ഓടി എത്തി.

"നോം ഊണ്‌ ചോദിച്ചതേ നോമിന്‌ കഴിക്കാനാ ,അത്‌ കൊണ്ടുവാ... കോഴിക്ക്‌ കഴിക്കാനുള്ള ഇത്‌ അങ്ങ്‌ കൊണ്ടുപൊയ്ക്കോ... "

Friday, August 08, 2008

ഒരു അപ്രതീക്ഷിത ബൂലോക മീറ്റ്‌

.എന്റെ ജന്മദിനത്തെപ്പറ്റി അതിന്റെ രണ്ട്‌ ദിവസം മുമ്പ്‌ വരെ ഞാന്‍ ബോധവാനായിരുന്നതിനാല്‍അന്നേക്കുള്ള ഒരു പോസ്റ്റ്‌ തയ്യാറാക്കി പോസ്റ്റ്‌ ചെയ്യാന്‍ Blogar.com ല്‍ ഏല്‍പിച്ച്‌ ഞാന്‍ എന്റേതായജോലികളില്‍ ഏര്‍പ്പെട്ടു.

ജന്മദിനം ആഘോഷിക്കുന്ന പരിപാടി ഇല്ലാത്തതിനാല്‍ ആ ദിനം പിറന്നിട്ടും ഞാന്‍ അറിഞ്ഞില്ലഅന്ന് രാവിലെ 8 മണിയോടെ Indiarocks.com ല്‍ നിന്നും SMS വന്നപ്പോളാണ്‌ എനിക്കത്‌ ഓര്‍മ്മ വന്നത്‌.പിന്നാലെ എന്റെ BEd സഹപാഠിയും നല്ലൊരു സഖാവുമായ മണിയുടെ (അവന്റെ ജന്മദിനവും അന്ന് തന്നെയായിരുന്നു) SMS -ഉം വന്നു.

അന്ന് വൈകുന്നേരം റൂമിലെത്തിയപ്പോള്‍ ഒരു അജ്ഞാത നമ്പറില്‍ നിന്നും എനിക്ക്‌ ഫോണ്‍ വന്നു.

ഞാന്‍ ഫോണ്‍ എടുത്തു.

"ഹലോ....ആബിദ്‌ അല്ലേ...?"

അപരിചിതമായ ശബ്ദം എന്റെ പേരെടുത്ത്‌ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി.

"അതേ.....ആബിദ്‌ ആണ്‌..."

"ഞാന്‍ അലിയു.....അറിയ്‌വാ?'

"ഓ....അലിയു പാലത്തിങ്ങല്‍ അഥവാ തറവാടി.."

"അതേ..."

"നാട്ടിലെത്തിയോ?"

"ഞാനിപ്പോള്‍ നിങ്ങളുടെ നാട്ടിലുണ്ട്‌....ബത്തേരിയിലേക്ക്‌ പൊയ്ക്കൊണ്ടിരിക്കുന്നു..."

"ങാ...ഹാ..." ഞാന്‍ അത്ഭുതം കൂറി.

"ബത്തേരിയിലേതാ താമസിക്കാന്‍ പറ്റിയ നല്ല ഹോട്ടലുള്ളത്‌?"

ബത്തേരിയെപ്പറ്റി എനിക്ക്‌ സാമാന്യ ജ്ഞാനം പോലും ഇല്ലാതിരുന്നതിനാല്‍ഞാന്‍ നിസ്സഹായനായി പറഞ്ഞു .

"അയ്യോ....ബത്തേരി എനിക്ക്‌ ഒരു ആക്സസും ഇല്ലാത്തതിനാല്‍ ഒന്നും അറിയില്ല...നിങ്ങള്‍ ഇങ്ങോട്ട്‌ പോന്നേക്ക്‌..."

"അത്‌ വേണ്ട....ഞങ്ങള്‍ കുറേ പേരുണ്ട്‌.ഏതായാലും ഞങ്ങള്‍ പോയ്‌ നോക്കട്ടെ..എന്നിട്ട്‌ വിളിക്കാം.ബത്തേരി നിന്ന് ആബിദിന്റെ അടുത്തേക്ക്‌ എത്ര ദൂരമുണ്ട്‌?"

"30 കിലോീമീറ്റര്‍"

"ങാ...അപ്പോ നോക്കട്ടെ....ഇന്ന് പറ്റിയാല്‍ ഇന്നു തന്നെ വരാം അല്ലെങ്കില്‍ നാളെ...അവിടെ കാണില്ലേ..പ്രത്യേകിച്ച്‌ വേറെ പരിപാടി ഒന്നും ഇല്ലല്ലോ"

"ഇല്ല...ഇന്ന് ഇവിടെത്തന്നെയുണ്ടാകും...നാളെ കോളേജുണ്ട്‌...പ്രശ്നമില്ല,നിങ്ങള്‍ വിളിച്ചാല്‍ മതിഞാന്‍ അവിടെ എത്തും..."

"ങാ ശരി"

ഇതും പറഞ്ഞ്‌ തറവാടി ഫോണ്‍ വച്ചു.തൃശൂരില്‍ നിന്നും ഇവിടം വരെ എത്തിയിട്ട്‌ താമസിക്കാന്‍ ഒരു റൂം പറഞ്ഞു കൊടുക്കാന്‍ സാധിക്കാത്തതില്‍ എനിക്ക്‌ എന്നോട്‌ തന്നെ പുച്ഛം തോന്നി.ഞാന്‍ ഫോണെടുത്ത്‌ അന്നാട്ടുകാരായ ആരെങ്കിലും ഉണ്ടോ എന്ന് വെറുതെ ഒന്ന് തപ്പിയതും മൂന്ന് വര്‍ഷം മുമ്പ്‌ഇവിടം വിട്ടുപോയ ബത്തേരിക്കാരനായ ബിജുവിന്റെ നമ്പര്‍ കിട്ടി.ഉടന്‍ ഞാന്‍ ബിജുവിനെവിളിച്ചു.ഭാഗ്യത്തിന്‌ അവന്‍ റേഞ്ചില്‍ ഉണ്ടായിരുന്നു.Rejency , Prince എന്നീ രണ്ട്‌ഹോട്ടലുകള്‍ അവന്‍ പറഞ്ഞു തന്നു.ഉടന്‍ ഞാന്‍ അതിഥികളെ വിളിച്ചു വിവരം കൊടുത്തു.അപ്പോഴേക്കും മറ്റാരോ അവരെ Rejency യിലേക്ക്‌ ഡയരക്റ്റ്‌ ചെയ്തിരുന്നു.

രാത്രി 8 മണിക്ക്‌ എനിക്ക്‌ വീണ്ടും ഫോണ്‍ വന്നു.

"ഞങ്ങള്‍ മാനന്തവാടിയിലേക്ക്‌ പുറപ്പെട്ടിരിക്കുന്നു"

രാവിലെ യാത്ര തുടങ്ങിയിട്ട്‌ ബത്തേരിയില്‍ നിന്നും ഇനിയും ഇതു വരെ അന്ന് തന്നെ വരാനുള്ളആ മനസ്സിനെ ഞാന്‍ നമിച്ചു.9 മണിയോടെ തറവാടിയും വല്ല്യമ്മായിയും പച്ചാനയും അടങ്ങിയ ആ ബ്ലോഗ്‌ കുടുംബംഎന്റെ റൂമിലെത്തി.തമ്മില്‍ ഇതുവരെ കണ്ടിട്ടില്ല എങ്കിലും അപരിചിതത്വം ഒന്നും ഇല്ലാതെ ഞങ്ങള്‍ സംസാരിച്ചു.കഴിഞ്ഞ ഡിസംബറില്‍ ഹൈദരാബാദില്‍ സതീശിനേയും ആശയേയും കണ്ടുമുട്ടിയ പോലെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം കൊണ്ട്‌ എന്റെ മനം തുള്ളി.ബൂലോകവും ഇഹലോകവും കടന്ന് പ്രവാസി ലോകത്തിലേക്കും ഞങ്ങളുടെ ചര്‍ച്ച നീണ്ടു.ഒപ്പം അഗ്രജന്റെ ഒരു ദൂതും തറവാടി എനിക്ക്‌ കൈമാറി.

ജന്മദിനത്തില്‍ ലഭിച്ച നല്ലൊരു സമ്മാനമായി, ഈ അപ്രതീക്ഷിത ബൂലോക മീറ്റ്‌.ഒരു മണിക്കൂറിലേറെ ഇവിടെ ചെലവഴിച്ച്‌ അവര്‍ യാത്ര പറഞ്ഞപ്പോളും, ഹൈദരാബാദിന്‌ശേഷം ബൂലോക സൗഹൃദത്തിന്റെ തീവ്രത വീണ്ടും തൊട്ടറിഞ്ഞ എന്റെ ഭാര്യയുടെഅമ്പരപ്പ്‌ മാറിയിരുന്നില്ല.എനിക്കും ഇത്‌ സ്വപ്നമാണോ എന്ന് തോന്നാതിരുന്നില്ല.വലിയൊരുബോക്സ്‌ മിഠായി ലഭിച്ച എന്റെ രണ്ട്‌ മക്കളും ഒരു പക്ഷേ പരസ്പരം നുള്ളി നോക്കിയിട്ടുണ്ടാകും.

( ഈ മീറ്റിന്റെ ഫോട്ടോ തറവാടിയുടെ സമ്മതം കിട്ടിയാല്‍ പോസ്റ്റ്‌ ചെയ്യാം)

കൊട്ടിയത്തെ കൊട്ട്‌

‌ഡബ്‌ള്‍ ബെല്‍ അടിച്ചാല്‍ ബസ്‌ പറക്കുകയും ഡബ്‌ളിന്റെ മാലപ്പടക്കം പൊട്ടിയാല്‍ ബസ്‌ പറപറക്കുകയും ചെയ്യുന്ന മലപ്പുറത്ത്‌ നിന്ന് , സുഹൃത്‌ സന്ദര്‍ശനത്തിനായി ഞാന്‍ കൊല്ലം ജില്ലയിലെ കൊട്ടിയത്തെത്തി.കുണ്ടറയായിരുന്നു എന്റെ യാത്രാ ലക്ഷ്യം.

കുണ്ടറക്കുള്ള ബസ്‌ വന്ന് നിര്‍ത്തി.ഞാന്‍ അതില്‍ കയറിയതും മുന്നിലെ വാതിലിനടുത്ത്‌ നിന്ന കണ്ടക്ടര്‍ (ബസ്സില്‍ രണ്ട്‌ കണ്ടക്ടര്‍മാര്‍ ഉണ്ടായിരുന്നു) ബെല്ലടിച്ചു.

"ടിം..ടിം.........ഡിം."

ബെല്ലടി കേട്ടിട്ടും ഡ്രൈവര്‍ക്ക്‌ യാതൊരു ഭാവഭേദവുമില്ല!!!

പത്തോ പതിനഞ്ഞോ സെക്കന്റിന്‌ ശേഷം കണ്ടക്ടര്‍ വീണ്ടും ബെല്ലടിച്ചു.

"ടിം..ടിം.........ഡിം."

'ഹൊ.....ഡബ്‌ള്‍ അടിക്കുമ്പോഴേക്കും ആരെങ്കിലും കയറാന്‍ വരും'

ഡബ്‌ളിന്‌ പിന്നാലെ സിംഗ്‌ള്‍ ബെല്‍ അടിക്കുന്നത്‌ വല്ലവനും കയറാന്‍ വന്നിട്ടാണെന്ന്‌ കരുതി ഞാന്‍ മനസ്സില്‍ പറഞ്ഞു.അപ്പോഴേക്കും അതാ വീണ്ടും ബെല്ലടി.

"ടിം..ടിം.........ഡിം."

ഇതെന്താ കഥ എന്നറിയാന്‍ ഞാന്‍ കണ്ടക്ടര്‍ നില്‍ക്കുന്ന വാതില്‍ക്കലേക്ക്‌ നോക്കി.കയറാനോ ഇറങ്ങാനോ ആരും ഇല്ലാഞ്ഞിട്ടും അവന്‍ ബെല്ലിന്റെ ചരട്‌ പിടിച്ച്‌ വലിച്ച്‌ കുഞ്ഞുങ്ങള്‍ പാവ കളിക്കുന്ന പോലെ കളിച്ചു കൊണ്ടേ ഇരിക്കുന്നു!

"ടിം..ടിം.........ഡിം.ടിം..ടിം.........ഡിം."

നിര്‍വ്വികാരരായി കേട്ട്‌ നില്‍ക്കുന്ന ഡ്രൈവറും യാത്രക്കാരും!!!

മുപ്പത്തിയെട്ട്‌ തവണ കൊട്ടിയതിന്‌ ശേഷം(ഒരു വര്‍ഷം മുമ്പും ഇതേ അനുഭവമുള്ളതിനാല്‍ ഞാന്‍ എണ്ണി) താഴ്‌ന്ന ശബ്ദത്തിലുള്ള ഒരു പ്രത്യേക മണിയടിയില്‍ ഡ്രൈവര്‍ ബസ്‌ സ്റ്റാര്‍ട്ടാക്കി.ഇക്കളി മലപ്പുറത്തായിരുന്നെങ്കില്‍ ഡ്രൈവറുടേയും കണ്ടക്ടറുടേയും തലയില്‍ കിട്ടുമായിരുന്ന കൊട്ടിന്റെ എണ്ണവും തീവ്രതയും ഞാന്‍ ആലോചിച്ചുപോയി.

'ഇവരുടെ ഈ കൊട്ട്‌ കൊണ്ടാകാം ഈ നാടിന്‌ കൊട്ടിയം എന്ന പേര്‌ കിട്ടിയത്‌'- ബസ്‌ നീങ്ങി തുടങ്ങിയപ്പോള്‍ എന്റെ ചിന്ത പോയത്‌ അങ്ങിനെയായിരുന്നു.

Wednesday, August 06, 2008

വിദ്യാസമ്പന്നന്റെ സംസ്കാരം- ഭാഗം 2

(ഭാഗം 1 :) http://abidiba.blogspot.com/2008/07/blog-post_30.html

"ഞാന്‍ പറഞ്ഞതില്‍ തെറ്റ്‌ ഉണ്ടോ സര്‍?" എന്റെ സഹയാത്രികന്‍ എന്നോടായി ചോദിച്ചു.

ഇല്ല എന്നര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി.

"ഞാനും ഡിഗ്രി കഴിഞ്ഞതാ.....ബി കോം.എനിക്കറിയാം എന്നെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ അനുഭവിച്ച കഷ്ടപ്പാട്‌...."

"എന്നിട്ട്‌ ഇപ്പോള്‍ നിങ്ങള്‍ എന്ത്‌ ചെയ്യുന്നു?" ഞാനും സംസാരം തുടങ്ങി.

"ഇപ്പോള്‍ ഇവിടെ ഒരു ഫര്‍ണീച്ചര്‍ കട നടത്തുന്നു.മറ്റൊരാളുടെ കൂടെ ഷെയറായിട്ട്‌."

"ഈ ഫര്‍ണീച്ചര്‍ കച്ചവടം ലാഭമുള്ള ഏര്‍പ്പാടാണോ?" ഞാന്‍ വെറുതെ ഒരു ചോദ്യം തട്ടി.

"കള്ള കച്ചവടം നടത്തുന്നവര്‍ക്ക്‌ കൊള്ള ലാഭമുണ്ടാക്കാം....അല്ലാത്തവര്‍ക്ക്‌ അരിക്ക്‌ വകയുണ്ടാക്കാം.എന്നാലും മോശമില്ല..."

"ആ...അത്‌ ഏതിലും അങ്ങനെ തന്നെയല്ലേ? ഇപ്പോള്‍ എവിടേക്കാ പോകുന്നത്‌?"

"താമരശ്ശേരിയിലേക്ക്‌....കുടുംബം മിനിഞ്ഞാന്ന് അങ്ങോട്ട്‌ പോയതാ....മക്കളെ കാണാതെ എനിക്ക്‌ ഒറ്റക്ക്‌ ഇവിടെ നില്‍ക്കാന്‍ വയ്യ..."

അത്‌ പറഞ്ഞപ്പോള്‍ എനിക്ക്‌ അതുവരെ അനുഭവപ്പെട്ടിരുന്ന ചെറിയ സ്മെല്‍ സംശയമുണ്ടാക്കി.ഉടന്‍ ഞാന്‍ ചോദിച്ചു.

"അപ്പോ ഫാമിലി പോയതെന്താ?"

"സാറേ....സാറിന്‌ സ്മെല്‍ അടിക്കുന്നുണ്ടോ?ഞാന്‍ അല്‍പം സ്മോള്‍ അടിച്ചിട്ടുണ്ട്‌...അതുകൊണ്ടൊന്നുമല്ല ഭാര്യ പോയത്‌."

"പിന്നെ?"

"അവളുടെ അമ്മക്ക്‌ സുഖമില്ല...മൂന്ന് ദിവസം മുമ്പ്‌ ഞാന്‍ ഒറ്റക്ക്‌ പോയി കണ്ടു വന്നതാ...അവളുടെ അമ്മയാണെങ്കിലും എന്റെ കൂടി അമ്മയുടെ പരിഗണന ഞാന്‍ നല്‍കുന്നു."

"ശരി...ശരി.....നിങ്ങള്‍ ആ വിദ്യാര്‍ത്ഥികളെ നന്നായി ഉപദേശിച്ചു, സ്വന്തം കുട്ടികളെ നന്നായി സ്നേഹിക്കുന്നു....ഭാര്യയുടെ അമ്മയെ പരിചരിക്കുന്നു....എല്ലാം നല്ല സ്വഭാവങ്ങള്‍...എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട്‌ കുടി എന്ന ദു:സ്വഭാവം വച്ച്‌ പുലര്‍ത്തുന്നു?"

"സാറേ....സുരേഷ്‌ കുടിയനാണ്‌....ചെയിന്‍ സ്മോക്കറാണ്‌...ഒരു ദിവസം പുകയൂതി വിടാന്‍ എനിക്ക്‌ നൂറ്‌ രൂപ വേണം..."

"ങേ!!!"ഞാന്‍ ഞെട്ടി.

"പക്ഷേ അതെന്റെ ബിസിനസ്സിന്‌ അത്യാവശ്യമാണ്‌.എനിക്ക്‌ സംസാരിക്കണമെങ്കില്‍ അകത്ത്‌ 'അവന്‍' കയറണം.കുടിച്ചില്ലെങ്കില്‍ സുരേഷ്‌ ഇതുപോലെ സംസാരിക്കില്ല...."

"പക്ഷേ....ഇത്‌ നല്ലൊരു സ്വഭാവമല്ല എന്നറില്ലേ?"

"അറിയാം സാര്‍.....ഞാനത്‌ control ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്‌..."

"പുകവലി നിങ്ങളെ മാത്രമല്ല നിങ്ങളുടെ പൊന്നുമക്കളേയും പ്രതികൂലമായി ബാധിക്കും എന്നറിയില്ലേ ?"

"അതും അറിയാം സാര്‍..."

"അപ്പോള്‍ പിന്നെ നിങ്ങള്‍ക്ക്‌ ഈ രണ്ടും ദു:ശ്ശീലങ്ങളും ഉപേക്ഷിച്ചു കൂടേ?"

"സാര്‍....എന്റെ കുടുംബത്തിന്‌ പുറത്ത്‌ നിന്നും ഒരാള്‍ എന്നോട്‌ ആദ്യമായിട്ടാണ്‌ ഇങ്ങനെ പറയുന്നത്‌.....എല്ലാവരും അവന്‍ കുടിക്കുന്നെങ്കില്‍ അവന്റെ ആരോഗ്യവും കാശുമല്ലേ എന്ന മട്ടില്‍ വിടുമ്പോള്‍ സാര്‍ എന്നെ പിന്തിരിപ്പിക്കുന്നു...."

"അതേ....ഞാന്‍ വിശ്വസിക്കുന്ന മതത്തിന്റെ ഭാഗമാണത്‌...താങ്കള്‍ പിന്മാറിയാല്‍ അതില്‍ സന്തോഷിക്കുന്ന ധാരാളം പേരുണ്ടാവും.ഒപ്പം ചാരിതാര്‍ത്ഥ്യത്തോടെ ഈയുള്ളവനും...."

"സാറിന്റെ ഉപദേശം ഞാന്‍ സ്വീകരിക്കുന്നു.ഇനി സാര്‍ സുരേഷിനെ കാണുമ്പോള്‍ സുരേഷ്‌ മിണ്ടാതെ ഇരിക്കുന്നതായിരിക്കും കാണുന്നത്‌.അതായത്‌ സുരേഷ്‌ കുടിച്ചിട്ടുണ്ടാവില്ല.സത്യമായിട്ടും കുടിക്കാത്ത സുരേഷിനെ സാര്‍ കാണും"

"കാണണം..."

സുരേഷിനെ ഞാന്‍ പിന്നീട്‌ കണ്ടിട്ടില്ല.നമ്മുടെ ഇടയില്‍ എത്രയോ സുരേഷുമാര്‍ അലയുന്നു.അല്‍പ നേരം അവരുമായി സൗഹൃദം പങ്കിട്ടാല്‍ ഒരു പക്ഷേ ഒരാളെ നമുക്ക്‌ ജീവിതത്തിലേക്ക്‌ കൈ പിടിച്ചുയര്‍ത്താനാവും.അയാളിലൂടെ ഒരു കുടുംബത്തേയും.

ഹിരോഷിമയുടെ ഗദ്ഗദങ്ങള്‍

‍രണ്ടാഴ്ച മുമ്പ്‌ ഞങ്ങളുടെ കോളേജ്‌ മാഗസിനില്‍ ഒരു ഇംഗ്ലീഷ്‌ കവിത വായിച്ചു.അതിന്റെ രത്നചുരുക്കം ഇതായിരുന്നു.

എന്നും സ്കൂളിലേക്ക്‌ പോകുന്ന മകളെ സ്നേഹചുംബനങ്ങള്‍ അര്‍പ്പിച്ച്‌ അയക്കുന്ന അമ്മ.അന്നും പതിവു പോലെ സ്കൂളിലേക്ക്‌ അയക്കുമ്പോള്‍ മകള്‍ പറഞ്ഞു.

"അമ്മേ....എനിക്ക്‌ ഇന്ന് അമ്മയുടെ സ്നേഹലാളനങ്ങള്‍ നഷ്ടപ്പെടുമോ എന്നൊരു ഭയം തോന്നുന്നു..."

"ഇല്ല മോളേ....ധൈര്യമായി പോയി വരൂ...." അമ്മ മകളെ ഒന്നു കൂടി കെട്ടിപ്പിടിച്ച്‌ ചുംബിച്ച്‌ യാത്രയാക്കി.

അന്ന് ഹിരോഷിമയില്‍ വീണ ആറ്റം ബോംബിന്റെ അഗ്നി ജ്വാലയില്‍ അനവധി നിരപരാധികളോടൊപ്പം ആ നിഷ്കളങ്ക ബാല്യവും എരിഞ്ഞൊടുങ്ങി.

ലോകം മുഴുവന്‍ ആ കറുത്ത ദിനത്തില്‍ കേഴുമ്പോള്‍ ഞാന്‍ എങ്ങനെ ജന്മദിനം ആഘോഷിക്കും ? മുപ്പത്തിയെട്ടാം ജന്മദിനവും കഴിഞ്ഞ മുപ്പത്തിയേഴെണ്ണത്തെപോലെ ആരവങ്ങളില്ലാതെ ആഘോഷങ്ങല്ലില്ലാതെ ശാന്തമായി കടന്നുപോകുന്നു.

Monday, August 04, 2008

നമ്പൂരിയുടെ ഏകജാലകം

"എന്തായി തിരുമേനീ മോളുടെ +1 പ്രവേശനം ?" നമ്പൂരിയോട്‌ സുഹൃത്ത്‌ ചോദിച്ചു.

"ഒന്നും പറയണ്ട.....ഇതുവരെ ഒരു വിവരോം ഇല്ല്യ...."

"ആര്‍ക്ക്‌ ? അവര്‍ക്കോ അതോ തിരുമേനിക്കോ?"

"വിഡ്ഢി കൂശ്മാണ്ഠം !!! നിനക്കറിയോ ഇപ്പോ എല്ലാം ഏകജാലകത്തിലൂടെയാ...."

"ആ ...എന്നിട്ട്‌?"

"അപ്പോ നോം അപേക്ഷേം കൊണ്ട്‌ ചെന്നപ്പോ....."

"ചെന്നപ്പോ..?"

"സ്കൂളിലുണ്ട്‌ ഒരു ജനല്‍ മാത്രം തൊറന്നിട്ടിരിക്ക്‌ണു.....ആ ഏകജാലകത്തിലൂടെ നോം അപേക്ഷ അങ്ങ്‌ അകത്തേക്കിട്ടു തിരിച്ചു പോന്നതാ....!!!പിന്നെ ഇതുവരെ ഒരു വിവരോം ഇല്ല....ശിവ ശിവാ..."