Pages

Friday, December 30, 2022

ദി ഡി മരിയ എഫെക്ട്

അപ്രതീക്ഷിത സഹായം എത്തിക്കുന്ന, ദൈവത്തിന്റെ ദൂതരെയാണ് മാലാഖ അഥവാ എയ്ഞ്ചൽ എന്ന് വിളിക്കുന്നത്.അർജന്റീന ടീമിൽ അത്തരം ഒരു എയ്ഞ്ചൽ ഉണ്ട്.ലയണൽ മെസ്സിയുടെ നിഴലിൽ ഒതുങ്ങിക്കൂടുന്ന സാക്ഷാൽ എയ്ഞ്ചൽ ഡി മരിയ എന്ന മിഡ്‌ഫീൽഡർ.നീണ്ടു മെലിഞ്ഞ ആ കാലുകളിൽ നിന്ന് വഴിമാറിപ്പോകാൻ പന്തിന് പോലും മടിയാണ് എന്ന് തോന്നിപ്പോകും ഈ മാലാഖയുടെ കളി കണ്ടാൽ.

ഡി മരിയയുടെ സഹായം അർജന്റീനയ്ക്ക് ആവശ്യം വരുന്നത് ഫൈനൽ മത്സരങ്ങളിലാണ്. മെസ്സി അമിത സമ്മർദ്ദത്തിൽ ഉഴറുമ്പോൾ രക്ഷകനാകുന്നത് ഡി മരിയ ആയിരിക്കും.ഇക്കഴിഞ്ഞ ലോകകപ്പ് ഫൈനലിലും നാം അത് ദർശിച്ചതാണ്. ഡി മരിയ കളത്തിലുള്ളപ്പോൾ അർജന്റീനയുടെ ആക്രമണങ്ങൾക്ക് മൂർച്ചയുണ്ടായിരുന്നു.ഡി മരിയയുടേതടക്കം രണ്ട് ഗോളുകൾ അടിച്ച് ടീം സെറ്റ് ആയി എന്ന് തോന്നിയ നിമിഷത്തിൽ അർജന്റീന കോച്ച് ഡി മരിയയെ പിൻവലിച്ചു.അതോടെ കളി അർജന്റീനയുടെ കയ്യിൽ നിന്നും വഴുതിത്തുടങ്ങി.കൈലിയൻ എംബാപ്പേ രണ്ട് ഗോളുകളും തിരിച്ചടിച്ചപ്പോൾ സൈഡ് ബെഞ്ചിലിരുന്ന് കണ്ണീർ വാർക്കുന്ന ഡി മരിയയെ ലോകം മുഴുവൻ കണ്ടു.

മറഡോണക്ക് ശേഷം അർജന്റീന ഫുട്ബാൾ ടീം നേടിയ രാജ്യാന്തര കപ്പുകളിൽ എല്ലാം ഡി മരിയയുടെ കാലൊപ്പ് പതിഞ്ഞിട്ടുണ്ട്.2008 ൽ ബീജിംഗ് ഒളിമ്പിക്സിൽ നൈജീരിയയെ തോല്പിച്ച് ഒളിമ്പിക് ഫുട്ബാൾ സ്വർണ്ണം നിലനിർത്തിയപ്പോൾ ഫൈനലിലെ ഏക ഗോളിന്റെ ഉടമ ഡി മരിയ ആയിരുന്നു. 2014 ൽ ഫിഫ ലോകകപ്പിൻറെയും 2015 ലും 2016 ലും കോപ്പ അമേരിക്ക ഫൈനലിലും അർജന്റീന എത്തിയെങ്കിലും ഡി മരിയയുടെ ബൂട്ടിൽ നിന്ന് ഗോൾ പിറന്നില്ല.മൂന്നിലും അർജന്റീന പരാജയപ്പെടുകയും ചെയ്തു.

2021 ൽ ബ്രസീലിനെ അവരുടെ നാട്ടിൽ വച്ച് മുട്ടുകുത്തിച്ച് അർജന്റീന കോപ്പ അമേരിക്ക കപ്പ് നേടുമ്പോൾ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ ആദ്യത്തെ അന്താരാഷ്ട്ര കിരീടമായിരുന്നു അത്.മിശിഹായ്ക്ക് വേണ്ടി മാലാഖയായി അവതരിച്ച് ഫൈനലിലെ ഏക ഗോൾ അടിച്ചത് എയ്ഞ്ചൽ ഡി മരിയയും.കോപ്പ അമേരിക്ക ചാമ്പ്യന്മാരും യൂറോപ്യൻ ചാമ്പ്യന്മാരും തമ്മിലുള്ള ഫൈനലിസിമയിൽ ഇറ്റലിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തപ്പോൾ അതിലൊരു ഗോൾ ഡി മരിയയുടെ പേരിലായിരുന്നു.ഇപ്പോഴിതാ 2022 ൽ ഫ്രാൻസിനെ തോല്പിച്ച് ലോകകിരീടം ചൂടിയപ്പോഴും മെസ്സിക്ക് കട്ട സപ്പോർട്ടുമായി ഒരു ഗോൾ അടിച്ചുകൊണ്ട് എയ്ഞ്ചൽ ഡി മരിയ എന്ന നിശബ്ദ താരം അർജന്റീനയുടെ  സാക്ഷാൽ മാലാഖയാകുന്നു.

അർജന്റീന ഫൈനലിൽ എത്തുകയും ഡി മരിയ ഒരു ഗോളടിക്കുകയും ചെയ്‌താൽ പിന്നെ എതിർ ടീം കപ്പിൽ മുത്തമിടില്ല എന്ന് നാലാം തവണയും തെളിഞ്ഞു.അതാണ് ദി ഡി മരിയ എഫെക്ട്.ഇനിയും ഈ മാലാഖയുടെ അവതാരങ്ങൾ ഫുട്ബാൾ ലോകം ആകാംക്ഷയോടെ കാത്ത് നിൽക്കുന്നു.

Wednesday, December 28, 2022

മരുഭൂമിയിലെ നത്തോലികൾ

ഖത്തറിൽ വേൾഡ് കപ്പ് മത്സരങ്ങൾ തുടങ്ങുന്നതിന്റെ തലേ ദിവസം എന്റെ നാട്ടിൽ മീഡിയാ വൺ ചാനലിന്റെ ഒരു OB വാൻ വന്നു. വിവിധ നാടുകളിലെ ലോകകപ്പിന്റെ ആവേശം പ്രേക്ഷകരിൽ എത്തിക്കുക എന്നതായിരുന്നു Road Kick എന്ന ആ പരിപാടിയുടെ ഉദ്ദേശം. ഞാനും സുഹൃത്തുക്കളോടൊപ്പം അതൊന്ന് കാണാൻ പോയി(ഇവിടെ ക്ലിക്ക് ചെയ്താൽ കാണാം). അന്നവിടെ കൂടിയവരിൽ തൊണ്ണൂറ്റി ഒമ്പത് ശതമാനവും അർജന്റീന അല്ലെങ്കിൽ ബ്രസീലിന്റെ ഫാൻസ് ആയിരുന്നു. ബാക്കിയുള്ളവർ പോർച്ചുഗൽ,ജർമ്മനി, ഇംഗ്ലണ്ട്, ബെൽജിയം എന്നീ രാജ്യങ്ങളെ പിന്തുണക്കുന്നവരും.

കളി തുടങ്ങി മൂന്നാം ദിവസം തന്നെ അർജന്റീന ഫാൻസ് ഞെട്ടിത്തരിച്ചു പോയി. നിഷ്പ്രയാസം തോൽപിക്കാം എന്ന് കരുതിയ സൗദി അറേബ്യയോട് മെസ്സിയും കൂട്ടരും 2-1 ന്റെ തോൽവി ഏറ്റുവാങ്ങിയപ്പോൾ ഖത്തറിൽ പല തലകളും ഉരുളും എന്നതിന്റെ സൂചനയായി അത് മാറി. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ഈ തോൽവി എന്നത് കൂടുതൽ ഷോക്കിംഗ് ആയി. അന്ന് മുതൽ ഖത്തറിന്റെ മരുഭൂമിയിൽ നത്തോലികൾ നീന്താൻ തുടങ്ങി.

സൗദി അറേബ്യ നൽകിയ ഊർജ്ജം ആവാഹിച്ചെടുത്തത് ജപ്പാനായിരുന്നു. ലോകകപ്പിൽ മികച്ച പ്രകടനങ്ങളുടെ ചരിത്രമുള്ള ജർമ്മനി ആദ്യ കളിയിൽ തന്നെ ജപ്പാന് കീഴടങ്ങി (2-1). ലീഡെടുത്ത ശേഷമായിരുന്നു ജർമ്മനിയുടെയും തോൽവി.താമസിയാതെ പ്രഥമ റൗണ്ടിൽ തന്നെ ജർമ്മനി പുറത്താവുകയും ചെയ്തു. 

അന്ന് തന്നെ ആരും ശ്രദ്ധിക്കാതെ പോയ ഒരു മത്സരത്തിൽ നിലവിലുള്ള റണ്ണേഴ് അപ്പായ ക്രൊയേഷ്യയെ ആഫ്രിക്കയിൽ നിന്നുള്ള മൊറോക്കോ ഗോൾ രഹിത സമനിലയിൽ കുരുക്കി , വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ ഒരു സൂചന നൽകി.മൂന്ന് ദിവസം കഴിഞ്ഞ് മൊറോക്കോ തകർത്തത് ഈ ലോകകപ്പിൽ മുത്തമിടും എന്ന് കരുതിയ ലോക രണ്ടാം നമ്പറുകാരായ ബെൽജിയത്തെയായിരുന്നു. നത്തോലികൾക്ക് സ്രാവിന്റെ ശക്തിയും ഉണ്ടാകാം എന്ന് അന്ന് തെളിഞ്ഞു. 

മൂന്ന് ദിവസം കൂടി കഴിഞ്ഞ് ടുണീഷ്യ എന്ന നത്തോലി പുളഞ്ഞപ്പോൾ വഴി മാറിക്കൊടുത്തത് നിലവിലുളള ചാമ്പ്യന്മാരായിരുന്ന ഫ്രാൻസ് എന്ന കൊമ്പൻസ്രാവ് ആയിരുന്നു.രണ്ട് ദിവസം കഴിഞ്ഞ് ജപ്പാൻ സുനാമി ആർത്തിരമ്പിക്കയറിയത് സ്പെയിനിന് മുകളിലായിരുന്നു (2-1). അതേ സ്കോറിന് കൊറിയ, പറങ്കികളെയും കൊത്തി നുറുക്കിയപ്പോൾ യൂറോപ്യൻ ഫുട്ബാളിന്റെ അപ്പോസ്തലർ എല്ലാം ഏഷ്യൻ ഫുട്ബാളിന്റെ ശക്തി മനസ്സിലാക്കി.അതും കഴിഞ്ഞാണ് ലോകം വീണ്ടും ഞെട്ടിത്തരിച്ച് പോയത്.  അവസാന നിമിഷത്തിലെ ഗോളിൽ കാമറൂണിന് മുന്നിൽ സാക്ഷാൽ നെയ്മറും സംഘവും നാണം കെട്ടു.

നോക്ക്ഔട്ട് റൗണ്ടിൽ മൊറോക്കോ വീണ്ടും ഞെട്ടിച്ചു. വീണത് മുൻചാമ്പ്യന്മാരായ സ്പെയിൻ ആയിരുന്നു.ക്വാർട്ടർ ഫൈനലിൽ പെനാൽട്ടി ഷൂട്ടൗട്ടിലൂടെ ക്രൊയേഷ്യ ബ്രസീലിനെ വിമാനം കയറ്റിയപ്പോൾ മൊറോക്കോ മറുപടിയില്ലാത്ത ഒരു ഗോളിന് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും സംഘത്തെയും മടക്കി അയച്ചുകൊണ്ട് ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മാറി.സെമിയിലും ഫൈനലിലും അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല.ആദ്യ കളി തോറ്റ അർജന്റീന കപ്പുമായി (Click & Read) മടങ്ങി.

ഫോട്ടോ കടപ്പാട് : ഗൂഗിള്‍

ലാറ്റിനമേരിക്കക്കും യൂറോപ്പിനും പുറത്ത് നിന്ന് ഇതുവരെ ഒരു ലോകചാമ്പ്യൻ ഫുട്ബാളിൽ ഉയർന്ന് വന്നിട്ടില്ല. പക്ഷേ, ഖത്തർ വേൾഡ് കപ്പ് അവരെയെല്ലാം ഒരു പാഠം പഠിപ്പിച്ചു; ഈ രണ്ട് ഭൂഖണ്ഡങ്ങൾക്കും അപ്പുറവും ഫുട്ബാൾ ശക്തിപ്രാപിക്കുന്നുണ്ട്. സമീപ ഭാവിയിൽ ആ സ്വർണ്ണകപ്പിൽ മുത്തമിടാൻ , മരുഭൂമിയിൽ നീന്താൻ ആരംഭിച്ച ഈ നത്തോലികൾ കൊമ്പൻ സ്രാവുകളായി പരിണമിക്കും എന്ന് ഓർത്തിരിക്കുക. 

NB:നത്തോലി ചെറിയ ഒരു മീനല്ല.

ദി ഡി മരിയ എഫെക്ട് ഇവിടെ വായിക്കുക

Thursday, December 22, 2022

ഒറ്റാലി മുത്തപ്പനും മീൻ ദൈവവും

കോട്ടയം ആസ്ഥാനമായ പരസ്പരം വായനക്കൂട്ടത്തിൽ ഞാൻ അംഗമായിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല.ആഴ്ച തോറും നടക്കുന്ന ഓൺലൈൻ സാഹിത്യ സമ്മേളനങ്ങളിലൂടെ നമ്മുടെ പ്രതിഭ തേച്ച് മിനുക്കാനുള്ള ഒരവസരമായാണ് ഈ കൂട്ടത്തിലെ അംഗത്വം എനിക്ക് അനുഭവപ്പെട്ടത്.വായനക്കൂട്ടത്തിലെ അംഗങ്ങൾ രചിച്ച പുസ്തകങ്ങളുടെ ചർച്ചയും എല്ലാ മാസവും ചുരുങ്ങിയത് ഒന്നെങ്കിലും ഉണ്ടാകും.ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് പുസ്തകം സൗജന്യമായി അയച്ചു തരും.ഈ വർഷം ഞാൻ പങ്കെടുക്കുന്ന മൂന്നാമത്തെ പുസ്തക ചർച്ച ഇക്കഴിഞ്ഞ ഡിസംബർ 18 നായിരുന്നു.ചർച്ചക്കായി ലഭിച്ച 'ഒറ്റാലി മുത്തപ്പനും മീൻ ദൈവവും' എന്ന പുസ്‌തമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

പതിമൂന്ന് കഥകളുടെ ഒരു സമാഹാരമാണ് 'ഒറ്റാലി മുത്തപ്പനും മീൻ ദൈവവും.' സ്വന്തം പരിസരങ്ങളിൽ നിന്ന് കഥാകൃത്ത് മുങ്ങിയെടുത്ത മുത്തുകളായിട്ടാണ് ഈ കഥകൾ എനിക്കനുഭവപ്പെട്ടത്. കഥകൾക്കുള്ളിൽ ഉപകഥകളായും കവിതകളായും പല കഥകളും വികാസം പ്രാപിക്കുന്നു. കുഞ്ഞു കുഞ്ഞു കാര്യങ്ങൾ വലിയ വലിയ കഥകളാക്കി, വായനക്കാരന് മടുപ്പുളവാക്കാത്ത വിധത്തിൽ പറയുന്നതിൽ കഥാകാരൻ വിജയിച്ചിരിക്കുന്നു.

'ചതിഫലം' എന്ന ഒന്നാം തരം കഥയിലൂടെയാണ് പുസ്തകാരംഭം. ഒരാനയുടെ പ്രസവവും അനുബന്ധ കാര്യങ്ങളും വിശദമായും സരസമായും അവതരിപ്പിച്ചത് ഇഷ്ടപ്പെട്ടു. കുട്ടിക്കാലത്ത് എന്റെ സമീപ ദേശത്ത് ഒരാന പ്രസവിച്ചത് കാണാൻ പോയതും ഈ കഥ വായിച്ചപ്പോൾ ഓർമ്മ വന്നു. 'വൃക്ഷത്തിന് പറയാനുള്ളത് ' എന്ന കഥ ഭാര്യാ ഭർതൃ ബന്ധത്തെ നന്നായി അവതരിപ്പിക്കുന്നു. 'കുട്ടേട്ടൻ ' എന്ന കഥയാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. എന്റെ ഹോസ്റ്റലിനടുത്ത് ചായക്കട നടത്തുന്ന കുട്ടേട്ടനെപ്പറ്റി ഒരു കഥ എഴുതണം എന്ന് മനസ്സിൽ കരുതിയിരിക്കുമ്പോഴാണ് അതേ പോലെയുള്ള ഒരു കുട്ടേട്ടന്റെ കഥ വായിച്ചത്. സമൂഹത്തിന്റെ അരിക് പറ്റി ജീവിക്കുന്നവരും ആപത്തിൽ തുണയാകും എന്ന് ഈ കഥ പഠിപ്പിക്കുന്നു.

രംഗ ബോധമില്ലാത്ത കോമാളിയാണ് മരണം എന്ന് സാധാരണ പറയാറുണ്ട്. ഈ കൃതിയിലെ ഒരു പ്രധാന കഥാപാത്രമായിട്ടാണ് മരണത്തെ എനിക്കനുഭവപ്പെട്ടത്. പതിമൂന്ന് കഥകളിൽ പതിനൊന്നിലും ഏറ്റവും പ്രിയപ്പെട്ടവരെ തന്നെ മരിപ്പിക്കാൻ കഥാകൃത്ത് തയ്യാറാകുന്നത് വല്ലാത്തൊരു ധൈര്യം തന്നെ. 'മായശാപം ' എന്ന മൂന്നാമത്തെ കഥയിൽ റേഷൻ കടക്കാരൻ കോമക്കുറുപ്പിൽ ആരംഭിക്കുന്ന മരണ പരമ്പര 'മരണമൊരതിജീവനം' എന്ന കഥയിലെ ആശാന്റെ മരണത്തിൽ അവസാനിക്കുന്നതോടെ പുസ്തകവും അവസാനിക്കുന്നു. രണ്ട് കഥകളുടെ തലക്കെട്ടിലും മരണം കയറി വരുന്നുണ്ട്.

പുസ്തകം കയ്യിൽ കിട്ടിയ ഉടനെ ഞാൻ ഇൻഡക്സ് പേജായിരുന്നു തിരഞ്ഞത്. അത് ഈ പുസ്തകത്തിൽ ഇല്ലായിരുന്നു. മാത്രമല്ല, പ്രൂഫ് റീഡിംഗ് കൃത്യമായി നടത്തിയിട്ടില്ല എന്നും പുസ്തകം വിളിച്ചോതുന്നുണ്ട്. ചില തെറ്റുകൾ ഉദ്ദേശിച്ചതിന്റെ നേർ വിപരീതത്തിലേക്കാണ് നയിക്കുന്നത്. നീലിഫർ എന്ന കഥയിലെ പേജ് 28 ൽ 'വിശുദ്ധ ഖുറാനിൽ പറയുന്നത് നമ്മൾ മരിച്ചു ചെന്നാൽ നമ്മുടെ അവയവങ്ങൾ നമുക്കെതിരെ സാക്ഷി പറയരുതെന്നാണ് ' എന്നതിന് പകരം  'വിശുദ്ധ ഖുറാനിൽ പറയുന്നത് നമ്മൾ മരിച്ചു ചെന്നാൽ നമ്മുടെ അവയവങ്ങൾ നമുക്കെതിരെ സാക്ഷി പറയുമെന്നാണ് ' എന്നായിരുന്നു വേണ്ടത്. 

പിൻകവർ പേജിലെ ശ്രീ മാടമ്പ് കുഞ്ഞിക്കുട്ടന്റെ വാക്കുകൾ അവതാരികയിൽ നിന്നോ മറ്റോ എടുത്തതാണ് എന്ന് കരുതുന്നു. പക്ഷെ അങ്ങനെയൊന്ന് പുസ്തകത്തിനകത്ത് എവിടെയും കണ്ടില്ല.
എങ്കിലും നല്ലൊരു വായനാനുഭവം തരുന്ന പുസ്തകമാണ് ഒറ്റാലി മുത്തപ്പനും മീൻ ദൈവവും. 

പുസ്തകം : ഒറ്റാലി മുത്തപ്പനും മീൻ ദൈവവും
രചയിതാവ് : എസ്. തുളസീദാസ്
പ്രസാധകർ: സിജിലി പബ്ലിക്കേഷൻസ്
പേജ്: 166
വില : Rs 200

Wednesday, December 21, 2022

ആ കാവ്യനീതി പുലർന്നു

ഒടുവിൽ ഒരു കാവ്യനീതി പോലെ ലയണൽ മെസ്സി ആ സ്വർണ്ണക്കപ്പിൽ മുത്തം വച്ചു. നിലവിലുള്ള ചാമ്പ്യന്മാരായ ഫ്രാൻസിനെ മുട്ടുകുത്തിക്കുമ്പോൾ , കഴിഞ്ഞ ലോകകപ്പിൽ തങ്ങളെ നാട്ടിലേക്ക് വിമാനം കയറ്റിയ ടീമിനോടുള്ള പ്രതികാരം കൂടിയായി അത് മാറി. ഫൈനലിൽ കവാത്ത് മറക്കുന്നവൻ എന്ന ശാപത്തിൽ നിന്നും മെസ്സിക്ക് മോചനവുമായി .


ടെലിവിഷൻ നമ്മുടെ നാട്ടിൽ വന്ന് തുടങ്ങിയ 1990 മുതൽ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഞാൻ കാണാറുണ്ട്. പക്ഷെ ഇതുവരെ ഇത്രയും ആകാംക്ഷ നിറഞ്ഞ, ഞെരമ്പുകൾ വലിഞ്ഞ് മുറുകിയ , ആവേശം പരകോടിയിലെത്തിയ ഒരു മത്സരം കണ്ടിട്ടില്ല.  ഫൈനൽ വരെ ടീമിനെ തോളിലേറ്റിയ എംബാപ്പെയെ ഒന്ന് ക്ലോസപ്പിൽ കാണാൻ പോലും കിട്ടാതെ എൺപതാം മിനുട്ട് വരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ഫ്രാൻസ് പെട്ടെന്ന് തന്നെ കീഴടങ്ങും എന്നായിരുന്നു മത്സരം വീക്ഷിച്ച എല്ലാവരുടെയും ധാരണ. 

പക്ഷേ, കാലിൽ കൊരുത്ത പന്തിനെ വലയിൽ കയറ്റാതെ വിടാൻ ഒരുക്കമില്ലാത്ത എംബാപ്പെ വിശ്വരൂപം പ്രാപിച്ചത് കിരീടം കൈയിൽ നിന്നും വഴുതുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴാണ്. ഓരോ അടിക്കും തിരിച്ചടി നൽകി ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയപ്പോൾ പലപ്പോഴും ശ്വാസം പോലും നിലച്ചു പോയി. മെസ്സിയുടെ അടിക്ക് എംബാെപ്പയുടെ തട എന്ന രീതിയിൽ കളി പുരോഗമിച്ചപ്പോൾ രണ്ട് മണിക്കൂർ നേരത്തേക്ക് ലോകം മുഴുവൻ ആ കുഞ്ഞ് പന്തിന്റെ ഗതികൾ നിരീക്ഷിച്ചിരുന്നു പോയി.

വിശ്വകിരീടത്തിന് പുറമെ ഗോൾഡൻ ബോളിനും ഗോൾഡൻ ബൂട്ടിനും കൂടി ഈ ഫൈനൽ പോരാട്ടം നിർണ്ണായകമായിരുന്നു.തോൽവിയോടെ തുടങ്ങി അവസാനം വിശ്വവിജയികളാക്കി അർജന്റീനയെ മാറ്റിമറിച്ച ലയണൽ ആന്ദ്രെ മെസ്സി എന്ന മിശിഹാ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബാൾ ഏറ്റുവാങ്ങിയപ്പോൾ അത് അർഹതക്കുള്ള അംഗീകാരമായി.ക്ലബ്ബ് ഫുട്ബാളിൽ ഒരേ ടീമിനായി കളിക്കുന്ന മെസ്സിയും എംബാപ്പയും ഇഞ്ചോടിഞ്ച് പോരാടിയപ്പോൾ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് എംബാപ്പെയും കരസ്ഥമാക്കിയതോടെ ഫൈനൽ മത്സരം കണ്ട എല്ലാവർക്കും ആശ്വാസവുമായി.


 ഫുട്ബാളിലെ ഏതാണ്ട് എല്ലാ റിക്കാർഡുകളും പങ്കിട്ടെടുക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും ഫിഫ വേൾഡ് കപ്പ് കയ്യിലേന്താൻ ഒരു അവസരം ലഭിച്ചിരുന്നില്ല.ഈ ലോകകപ്പോടെ ഈ രണ്ട് ഇതിഹാസങ്ങളും ലോകകപ്പ് മത്സരങ്ങളോട് വിട പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആ സ്വപ്നം സഫലീകരിക്കാൻ സാധിച്ചില്ല.പക്ഷെ, കഠിനപ്രയത്നത്തിന്റെ  പര്യായമായ മെസ്സി, ഒരു കുഞ്ഞിനെ എന്നപോലെ ആ ട്രോഫിയിൽ തലോടുമ്പോൾ ലോകത്തെ എല്ലാ സോക്കർ പ്രേമികളും ഉറക്കെ പറയുന്നു..." യൂ ഡിസർവ് ഇറ്റ് മെസ്സി , യൂ ആർ ദ ലജന്റ് ഓഫ് സോക്കർ വേൾഡ് " .

വേൾഡ് കപ്പിന്റെ ആരവം തൽക്കാലം നിലക്കുമ്പോൾ ഒരു കാര്യം വ്യക്തമാവുന്നു.ഇന്ന് മെസ്സിയുടെ പേരിലുള്ള സകല റിക്കാർഡുകളും താമസിയാതെ എംബാപ്പെ സ്വന്തം പേരിലാക്കും. പത്തൊമ്പതാം വയസ്സിൽ റഷ്യയിൽ തുടങ്ങിയ ആ പട്ടാഭിഷേകം ഖത്തറിലും തുടർന്നു.ഇനി മെക്സിക്കോയിലും തുടരും, ഇൻഷാ അല്ലാഹ്.

Monday, December 19, 2022

ഇഡ്‌ലി ഹബ്ബ്

 "ഒരു ഡബിൾ താറാവ് വൺ സൈഡ് "

ടേബിളിൽ നിന്നും കുശിനിയിലേക്കുള്ള ഓർഡർ കേട്ട് ഞാൻ ഞെട്ടി. ഇഡ്‌ലി ഹബ്ബിൽ സദാ കേൾക്കുന്ന ഓർഡറിൽ ഒന്നാണിത്. 

'ഇഡ്‌ലി ഹബ്ബ് , അതെന്തൂട്ട് സാധനം?' എന്നായിരിക്കും നിങ്ങളുടെ ചിന്ത. വൈകിട്ട് ആറ് മണിക്ക് ശേഷം മാത്രം ആളുകൾ ക്യൂ നിന്നും ഇരുന്നും നടന്നും ഒക്കെ ഇഡ്‌ലിയും വടയും ഓംലറ്റും എല്ലാം വയറ് നിറയെ തട്ടുന്ന ഒരു സാദാ തട്ടുകടയുടെ പേരാണ് ഇഡ്‌ലി ഹബ്ബ്.മണ്ണാർക്കാട് - ചെർപ്പുളശ്ശേരി റൂട്ടിൽ ശ്രീകൃഷ്ണപുരത്താണ് ഈ തട്ടുകട(ഇപ്പോൾ പേര് മാറ്റി 'കാളിദാസന്റെ തട്ടുകട' എന്നാക്കി).

ആവി പറക്കുന്ന ഇഡ്‌ലിയും അതിന് കൂട്ടായി എത്തുന്ന ഉഴുന്ന് വടയും അല്ലെങ്കിൽ പരിപ്പ് വടയും ആണ് ഇഡ്‌ലി ഹബ്ബിലെ മെയിൻ ഡിഷ്.സ്റ്റീൽ  പ്ളേറ്റിൽ ചെറിയ ഒരു വാഴയിലക്കഷ്ണത്തിൽ വച്ച് തരുന്ന ഇഡ്‌ലിയുടെ നാലതിരുകളിലും അണിനിരക്കുന്ന ഐറ്റംസ് കൂടി ആകുമ്പോൾ ഇഡ്‌ലി ഗ്ളും ഗ്ളും ശബ്ദമുണ്ടാക്കി നേരെ ആമാശയത്തിലെത്തിക്കൊണ്ടേ ഇരിക്കും. സാമ്പാർ,ചട്ട്ണി,ചമ്മന്തി എന്നിവയ്ക്ക് പുറമെ തരുന്ന ഒരു പൊടി കൂടി ചേരുമ്പോഴാണ്, ഇഡ്‌ലി പോയ വഴി അറിയാതെ ആമാശയത്തിൽ ചേക്കേറുന്നത്.മല്ലി, മുളക്, ഉഴുന്ന്,അരി  എന്നിവയുടെ പൊടിയും ഉപ്പും ചേർത്ത ഒരു കൂട്ടാണ് ഈ പൊടി. വെളിച്ചെണ്ണയിൽ ചാലിച്ചാണ് ഇത് കൂട്ടേണ്ടത്.ഇല്ലെങ്കിൽ അണ്ണാക്കിൽ കയറി ചുമച്ച് പണ്ടാരം അടങ്ങും എന്ന് തീർച്ച.

മെയിൻ ഡിഷ് കഴിയുമ്പോഴേക്കും 'ഫ്രണ്ട് ഓഫീസിൽ' നിന്നുള്ള   ഓംലെറ്റിന്റെയും ബുൾസൈയുടെയും ഗന്ധം മൂക്ക് തുളച്ച് കയറും. ഇഡ്‌ലിക്ക് അകമ്പടിയായി ഇതിലേതെങ്കിലും ഒന്ന് ചെന്നാലേ ഇഡ്‌ലി ഹബ്ബിലെ നളപാചക രുചി മുഴുവനാകൂ.രണ്ട് താറാവ് മുട്ട ഒരു സൈഡ് വേവിച്ചെടുക്കുന്ന ഓംലറ്റാണ്  "ഒരു ഡബിൾ താറാവ് വൺ സൈഡ് " .ഇതേപോലെ 'സിംഗിൾ ചിക്കൻ വൺ സൈഡ്' ,'സിംഗിൾ താറാവ് ഒനിയൻ ഫ്രീ' എന്നിങ്ങനെ വിവിധ ഓർഡറുകൾ വിളിച്ച് പറയുന്നത് കേൾക്കാം.ഓർഡർ ചെയ്യുന്നത് തന്നെയാണോ വരുന്നത് എന്ന് തിന്നുന്നവനേ അറിയൂ.


ഊർജ്‌ജസ്വലരായ രണ്ട് ചെറുപ്പക്കാരാണ് ഇഡ്‌ലി ഹബ്ബ് നടത്തുന്നത്.വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് ഇഡ്‌ലി ഹബ്ബ് തുറക്കുന്നത്.വലിയൊരു കടയല്ല,ഒരു സാദാ തട്ടുകടയാണ് എന്നത് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.
പ്രിയപ്പെട്ട സഹപ്രവർത്തകർ ഷൈൻ സാർ, റഹീം മാഷ് , ജയപാലൻ മാഷ് തുടങ്ങിയരോടൊപ്പമാണ് ഞാൻ ഇഡ്‌ലി ഹബ്ബിൽ പോയിരുന്നത്.  കടയിലെ തിരക്ക് കാരണം മെല്ലെ മെല്ലെ ഞങ്ങൾ അവിടന്ന് പിൻവലിഞ്ഞ് പുതിയൊരു താവളം കണ്ടെത്തി.കടയുടെ പേര് മാറ്റിയതോ അതല്ല രുചി പോയതോ എന്നറിയില്ല ഇഡ്‌ലി ഹബ്ബിൽ ഇപ്പോൾ പഴയ തിരക്കുണ്ടാവാറില്ല.   

Wednesday, December 14, 2022

ഫീനിക്സ് പക്ഷികൾ

ടെലിവിഷനും ഇന്റർനെറ്റും ഇല്ലാത്ത കാലത്ത് സ്പോർട്സ്റ്റാർ എന്ന മാഗസിനിലൂടെ അറിഞ്ഞ (എന്റെ അനുഭവം) മറഡോണയെന്ന ഫുട്ബാൾ മാന്ത്രികനിലൂടെയായിരുന്നു അർജന്റീന എന്ന രാജ്യം മലപ്പുറത്ത് പേരെടുത്തത്.അതുകൊണ്ട് തന്നെയായിരിക്കാം മലപ്പുറത്ത് അന്നും ഇന്നും സോക്കർ ആരാധകർ കൂടുതലുള്ള രാജ്യമായി അർജന്റീന തുടരുന്നത്.പക്ഷെ മറഡോണ കളം വിട്ടതോടെ അർജന്റീന എന്റെ മനസ്സിൽ നിന്നും കൂടൊഴിഞ്ഞു.ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ അതേ അർജന്റീനയിൽ നിന്നുള്ള ലയണൽ മെസ്സി എന്ന സിംഹമാണ് ഫുട്ബാളിലെ സകല സിംഹാസനത്തിലും കയറി നിൽക്കുന്നത്.അർജന്റീനയും ബാഴ്‌സലോണയും എന്റെ ഇഷ്ട ടീമല്ലെങ്കിലും മെസ്സി മാജിക്കിൽ ഞാനും ആകൃഷ്ടനായി.

" ഫുട്ബാൾ മൈതാനത്ത്, കഴുകന്റെ കണ്ണും പുള്ളിപ്പുലിയുടെ വേഗതയും കുറുക്കന്റെ കൌശലവും സിംഹത്തിന്റെ ഗാംഭീര്യവും സമന്വയിപ്പിച്ച് ചിത്രശലഭം പോലെ പാറിക്കളിക്കുന്ന  ഒരു പാവം പയ്യൻ എന്ന് ഒറ്റ വാചകത്തിൽ മെസ്സിയെ പരിചയപ്പെടുത്താം " 

 2013 ൽ തുടർച്ചയായി നാലാം തവണയും ഫിഫ ബാലൺ ഡി ഓർ (FIFA Ballon d'Or) പുരസ്കാരത്തിനായി ലയണൽ മെസ്സി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഞാൻ എൻറെ ബ്ലോഗിൽ കുറിച്ച വരികളാണിത് (പൂർണ്ണമായും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) വീണ്ടും നാല് തവണ കൂടി ബാലൺ ഡി ഓർ നേടി സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയെയും ബഹുദൂരം പിന്നിലാക്കി മെസ്സി സോക്കർ ലോകത്തെ സിംഘമായി ഗർജ്ജനം തുടർന്നു.പക്ഷേ, വർഷങ്ങൾ കാത്തിരുന്നിട്ടും ഒരു അന്താരാഷ്‌ട്ര ഫുട്ബാൾ കിരീടം സ്വന്തം നാട്ടിലെത്തിക്കാൻ മെസ്സിക്ക് സാധിക്കാത്തത് ഈ നേട്ടങ്ങൾക്കിടയിലും വിമർശനങ്ങളുടെ കൂരമ്പുകൾ ഏറ്റുവാങ്ങാൻ ഇടയാക്കി. 

2021 ജൂലൈ 10ന് നിലവിലുള്ള ചാമ്പ്യന്മാരായ സാക്ഷാൽ ബ്രസീലിനെ അവരുടെ നാട്ടിൽ വച്ച് മലർത്തിയടിച്ച് കോപ്പ അമേരിക്ക കപ്പ് എന്ന ആദ്യ അന്താരാഷ്‌ട്ര ഫുട്ബാൾ കിരീടം ലയണൽ മെസ്സി ഉയർത്തിയപ്പോൾ ഞാൻ ബ്ലോഗിലിട്ട കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയായിരുന്നു.
"ഫുട്ബാൾ ആരാധകരുടെ കണ്ണ് ഇനി ഖത്തറിലേക്കാണ്. കോപ്പയിലെ വിജയം ചായക്കോപ്പയിലെ കൊടുങ്കാറ്റ് ആയിരുന്നില്ല എന്ന് 2022 ലോക കപ്പിൽ മെസ്സിക്കും കൂട്ടർക്കും തെളിയിക്കേണ്ടതുണ്ട്. പേരുദോഷം കഴുകിക്കളഞ്ഞ ടീമിന്റെ പടയോട്ടത്തിന്റെ തുടക്കമാകുമോ കോപ്പയിലെ ബ്രസീലിനെതിരെയുള്ള വിജയം ? കാത്തിരുന്ന് കാണാം".(പൂർണ്ണമായും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

ആരാധകരുടെ മനസ്സിൽ വാനോളം പ്രതീക്ഷകൾ ഉയർത്തി ഖത്തറിൽ ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ, എല്ലാവരും എഴുതിത്തള്ളിയ സൗദി അറേബ്യക്ക് മുന്നിൽ ഫുട്ബാളിലെ രാജകുമാരൻ ശിരസ്സ് നമിച്ചപ്പോൾ ലോകം മുഴുവൻ ഞെട്ടി.ഈ ലോകകപ്പിൽ എന്റെ ഫേവറിറ്റ് ടീം ഇംഗ്ലണ്ട് ആയിരുന്നെങ്കിലും (ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റു മടങ്ങി) സഹപ്രവർത്തകൻ റഹീമിന്റെ ദുഃഖം കണ്ട ഞാൻ പറഞ്ഞു - "1990ൽ നിലവിലുള്ള ചാമ്പ്യൻമാർ എന്ന പരിവേശത്തോടെ ഇറ്റലിയിൽ ആദ്യ കളിക്കിറങ്ങിയ അർജന്റീന കാമറൂണിനോട് തോറ്റു കൊണ്ടാണ് തുടങ്ങിയത്.പക്ഷെ അന്ന് കളി അവസാനിപ്പിച്ചത് ഫൈനലിൽ ആയിരുന്നു.ഈ വർഷവും നമുക്ക് അങ്ങനെ പ്രതീക്ഷിക്കാം."

ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ മെക്സിക്കോയെയും മൂന്നാം മത്സരത്തിൽ പോളണ്ടിനെയും തകർത്ത് പ്രീക്വാർട്ടറിൽ കയറിയ അർജന്റീന, ആസ്‌ട്രേലിയയെ കെട്ടുകെട്ടിച്ച് ക്വാർട്ടറിലേക്ക് മുന്നേറി.ക്വാർട്ടറിൽ നെഡർലാന്റിനെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ മുട്ടുകുത്തിച്ച് സെമിയിൽ കയറി.ചിര വൈരികളായ ബ്രസീലിനെ നിലം പരിശാക്കി എത്തിയ ക്രൊയേഷ്യ ആയിരുന്നു സെമിയിൽ എതിരാളി.2018 റഷ്യൻ ലോകകപ്പിൽ തങ്ങളെ 3 - 0 ന് നാണം കെടുത്തിയ ക്രൊയേഷ്യയെ അതേ സ്‌കോറിൽ പുറത്താക്കുമ്പോൾ മെസ്സി എന്ന മാന്ത്രികന്റെ മുഖത്ത് കളിക്കിടയിൽ ആദ്യമായി നിലാവുദിക്കുന്നത് എല്ലാവരും ദർശിച്ചു.ഒരു ഫീനിക്സ് പക്ഷിയെ പോലെ അയാൾ മൈതാനത്ത് ചിറകടിച്ചുയർന്നു.

ഇനി കപ്പിനും ചുണ്ടിനും ഇടയിൽ നിലവിലുള്ള ചാമ്പ്യന്മാരായ ഫ്രാൻസ്  മാത്രം.റിക്കാർഡുകൾ കുന്നു കൂട്ടിയ ഭൂമിയിലെ ഒരേ ഒരു ഫുട്ബാൾ രാജാവ് കിരീടം വയ്ക്കുമോ അതല്ല ഉടയ്ക്കുമോ എന്ന് കണ്ടറിയാം.

                                                          ഫോട്ടോ കടപ്പാട് : ഗൂഗിള്‍



Monday, December 05, 2022

ഒരു അന്താരാഷ്‌ട്ര അരങ്ങേറ്റം

പുതുവർഷത്തിന്റെ വരവാണ് പലർക്കും പല പ്രതീക്ഷകളും സമ്മാനിക്കുന്നത്.പുതുവർഷം കടന്നു വരുമ്പോൾ 'ഈ വർഷം നിനക്കും കുടുംബത്തിനും ഐശ്വര്യ സമ്പൂർണ്ണമാകട്ടെ' എന്ന് മലയാളത്തിലും മംഗ്‌ളീഷിലും ഇതിന്റെ തന്നെ ഇംഗ്‌ളീഷിലും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ആശംസിക്കുമ്പോൾ പലപ്പോഴും ഒരു പാഴ് ആശംസയായി തള്ളാറാണ് പതിവ്.പക്ഷെ ആത്മാർത്ഥമായി നമ്മെ സ്നേഹിക്കുന്നവരുടെ കരുതലും പ്രാർത്ഥനയും ഫലിക്കാറുണ്ട് എന്നാണ് എൻറെ അനുഭവം.

കാലമേറെയായി ഒരു ഡോക്ടറേറ്റ് ബിരുദം(പി.എച്ച്.ഡി) എടുക്കുന്നതിനെപ്പറ്റി ഞാൻ ആലോചിക്കുന്നു. രണ്ടാഴ്ച മുമ്പ് സഹ പ്രവർത്തകനായ സത്യനാഥിൽ നിന്നും യാദൃശ്ചികമായി കേൾക്കാനിടയായ ഒരു വർത്തമാനം എന്നിൽ ആ മോഹം ഒരിക്കൽ കൂടി ഉണർത്തി.മൂന്ന് തവണ പി.എച്ച്.ഡിക്ക് രെജിസ്ട്രേഷൻ നടത്തുകയും വർക്കുകൾ ബഹുദൂരം മുന്നോട്ട് പോവുകയും ചെയ്തിട്ടും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന അനുഭവം സത്യനാഥ് പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ അതൊരു ദീപം കൊളുത്തി.അങ്ങനെ പുതുവർഷത്തിൽ പി.എച്ച്.ഡിക്ക് രെജിസ്റ്റർ ചെയ്യാൻ ഞങ്ങൾ രണ്ടാളും ഒരു തീരുമാനത്തിലെത്തി. പരിസ്ഥിതി സംബന്ധമായ ഒരു തീം തന്നെ ആയിരിക്കട്ടെ ഗവേഷണ വിഷയം എന്നും ചെറിയൊരു ധാരണയിലെത്തി.

ഈ തീരുമാനം എടുത്ത് രണ്ട് ദിവസം കഴിഞ്ഞാണ് മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയിലെ കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഡോ.എസ്.നാഗരത്നത്തിന്റെ ഒരു ക്ഷണം എന്നെത്തേടി എത്തിയത്.Eco Vision Indica എന്ന എക്സ്പെർട്ട് ഗ്രൂപ്പിലൂടെ വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന അദ്ദേഹം ഓൺലൈനിൽ സംഘടിപ്പിച്ച നാലഞ്ച് പരിപാടികളിൽ ഞാനും പങ്കെടുത്തിരുന്നു. Future of Eco Literacy: The Role of Emergent Eco Centric Media എന്ന ടോപ്പിക്കിൽ മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന Online International Communication Conferenceൽ പങ്കെടുക്കാനുള്ള ഒരു ക്ഷണം ആയിരുന്നു അത്.

നാളിതുവരെ ഇത്തരം കോൺഫറൻസുകളിൽ പങ്കെടുക്കുകയോ പേപ്പർ അവതരിപ്പിക്കുകയോ ചെയ്യാത്ത എൻറെ ഉള്ളിൽ ഒരു പേപ്പർ അവതരിപ്പിക്കാനുള്ള മോഹം ഉദിച്ചു.ആദ്യത്തെ അവതരണം തന്നെ അന്താരാഷ്ട്ര വേദിയിൽ ആണെന്നുള്ളതിനാൽ ഞാൻ അതിന്റെ വിവിധ തലങ്ങൾ ഗൂഗിൾ/യൂട്യൂബ് വഴി മനസ്സിലാക്കി.കൂടാതെ റിസർച്ച് ഗൈഡായി പ്രവർത്തിക്കുന്ന പ്രീഡിഗ്രി സുഹൃത്ത് ഡോ.മുഹമ്മദ് സഫറുള്ളയെ വിളിച്ച് കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കുകയും ചെയ്തു.എനിക്കും സാധിക്കും എന്ന് വിശ്വാസം വന്നതിനാൽ എനിക്ക് ഇഷ്ടപ്പെട്ട ഒരു ടോപ്പിക്കും അവരുടെ ലിസ്റ്റിൽ നിന്ന് ഞാൻ തെരഞ്ഞെടുത്തു.ഈയിടെ കൊളാവിപ്പാലം  (Click & Read) സന്ദർശിച്ചപ്പോൾ എനിക്ക് ലഭിച്ച ചില അറിവുകളെ അടിസ്ഥാനമാക്കി Local Wisdom Based Environmental Education എന്ന വിഷയമായിരുന്നു ഞാൻ തെരഞ്ഞെടുത്തത്.പേപ്പറിന്റെ abstractഉം ഏഴ് സ്ലൈഡുകളിൽ ഒതുങ്ങുന്ന ഒരു പ്രെസെന്റേഷനും സമർപ്പിച്ച് ഞാൻ കാത്തിരുന്നു.

ഡിസംബർ 3,4 തീയ്യതികളിലെ കോൺഫറൻസിലേക്ക് എൻറെ പേപ്പറും തെരഞ്ഞെടുത്തു എന്ന മെയിൽ എനിക്ക് ലഭിച്ചത് ഡിസമ്പർ രണ്ടിന് വൈകിട്ടാണ്.

അങ്ങനെ, UNESCO ന്യൂഡൽഹി ക്ലസ്റ്റർ ഓഫീസർ ഇൻ ചാർജ്ജ് ഹെസ്‌കേൽ ഡിലാമിനി അടക്കമുള്ള ഇന്ത്യയിലെയും വിദേശത്തെയും നിരവധി പേർ പങ്കെടുത്ത അന്താരാഷ്ട്ര കോൺഫറൻസിലൂടെ ഞാനും ഈ രംഗത്ത് ഹരിശ്രീ കുറിച്ചു.ആണ്ടറുതി അടുത്ത സമയത്ത് വരുന്ന ഇത്തരം സന്തോഷങ്ങൾ കൂടിയാണ് വരും വർഷങ്ങളെ പ്രതീക്ഷാ നിർഭരമാക്കുന്നത്. 

Wednesday, November 30, 2022

വീണ്ടും ഒരു അദ്ധ്യാപകൻ

 എന്റെ മാതാപിതാക്കൾ അദ്ധ്യാപകരായിരുന്നു. ആ പാത പിന്തുടർന്ന് ഒരു അദ്ധ്യാപകൻ ആകുക എന്ന ആഗ്രഹത്തോടെ തന്നെയായിരുന്നു ഞാൻ ബി.എഡ് പഠനം ആരംഭിച്ചത്. പഠന കാലത്ത് തന്നെ ചില ട്യൂഷൻ സെന്ററുകളിൽ ക്ലാസെടുത്ത് കൊണ്ട് പരിചയ സമ്പത്ത് നേടുകയും ചെയ്തു.

ആഗ്രഹിച്ചതിന് വിപരീതമായി സർക്കാർ ജോലി ആദ്യം ലഭിച്ചത് മൃഗസംരക്ഷണ വകുപ്പിലായിരുന്നു. പിന്നീട് വിദ്യുച്ഛക്തി വകുപ്പിലേക്ക് മാറി. ഹൈസ്കൂൾ ടീച്ചറുടെയും ഹയർസെക്കണ്ടറി സ്കൂൾ ടീച്ചറുടെയും പി.എസ്.സി. ലിസ്റ്റിൽ വന്നെങ്കിലും നിയമനം കിട്ടിയില്ല. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ ആയി ജോലി കിട്ടിയതോടെ ആഗ്രഹിച്ച ജോലിയുടെ സഹോദര വകുപ്പിലെങ്കിലും എത്തിപ്പെട്ടു. ടെക്നിക്കൽ വിഭാഗത്തിലായതിനാൽ ഇവിടെയും ക്ലാസ്റ്റെടുക്കാനുള്ള അവസരം ലഭിച്ചില്ല.

നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ആയതോടെ നിരവധി ക്ലാസുകൾ എടുക്കാൻ അവസരം ലഭിച്ചു. പക്ഷെ, അവയെല്ലാം ഒരു സങ്കര ഗ്രൂപ്പിനായിരുന്നു. ഒന്നുകിൽ ഒരു കോളേജിലെ വിവിധ ബ്രാഞ്ചിൽ നിന്നുള്ളവർ അല്ലെങ്കിൽ വിവിധ കോളേജിൽ നിന്നുള്ളവർ ആയിരുന്നു ശ്രോതാക്കൾ . ഇക്കഴിഞ്ഞ ദിവസം എന്റെ ആ ആഗ്രഹവും നിറവേറി. പാലക്കാട് ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ലൈഫ് സ്കിൽ എന്ന പേപ്പറിന്റെ ആദ്യ മോഡ്യൂൾ ആരംഭിച്ചു കൊണ്ട് അമ്പതാം വയസ്സിൽ ഞാൻ  വീണ്ടും അദ്ധ്യാപകനായി - അൽഹംദുലില്ലാഹ് .

Monday, November 28, 2022

ഭ്രാന്താചലം ക്ഷേത്രം

 യാത്ര ഇതുവരെ  (Click & Read)

താഴേക്കിറങ്ങുമ്പഴും ജയപാലൻ മാഷ് ഇടക്കിടെ ഏതാനും സ്റ്റെപ്പുകൾ മുകളിലോട്ട് തന്നെ കയറിപ്പോകുന്നത് ഞങ്ങൾ ശ്രദ്ധിച്ചു.

അമ്പത് അടി ഉയരത്തില്‍ 300 ഏക്കര്‍ സ്ഥലത്ത് വിസ്തൃതമായി കിടക്കുന്ന കൂറ്റന്‍ പാറയായ ഭ്രാന്താചലം നാറാണത്ത് ഭ്രാന്തന്റെ പ്രധാന ആവാസകേന്ദ്രമായിരുന്നു എന്നും പറയപ്പെടുന്നു.
ഇവിടെയുള്ള കാഞ്ഞിരമരത്തില്‍ ഭ്രാന്തനെ കെട്ടിയിട്ടിരുന്നതായി പറയപ്പെടുന്നു. പാറയുടെ കിഴക്കുഭാഗത്തായി വലിയ മൂന്ന് ഗുഹകളുണ്ട്. ഇവിടെ നാറാണത്ത് ഭ്രാന്തന്‍ തപസു ചെയ്തിരുന്നതായും വിശ്വാസമുണ്ട്. ഈ കൊടുംപാറക്കു മുകളില്‍ ഒരിക്കലും വെള്ളം വറ്റാത്ത പത്തിലധികം കുഴികള്‍ കാണാം. പഞ്ചതീര്‍ഥം എന്ന് അറിയപ്പെടുന്ന കുഴിയുടെ അടിയിലായി അഞ്ച് അറകളുണ്ട്.

Read more: https://www.deshabhimani.com/news/kerala/news-thrissurkerala-17-10-2016/596209
രായിരനെല്ലൂര്‍ മലയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഭ്രാന്താചലം ക്ഷേത്രവും പ്രസിദ്ധമാണ്. അമ്പത് അടി ഉയരത്തില്‍ 300 ഏക്കര്‍ സ്ഥലത്ത് വിസ്തൃതമായി കിടക്കുന്ന കൂറ്റന്‍ പാറയായ ഭ്രാന്താചലം നാറാണത്ത് ഭ്രാന്തന്റെ പ്രധാന ആവാസകേന്ദ്രമായിരുന്നു എന്നും പറയപ്പെടുന്നു.
ഇവിടെയുള്ള കാഞ്ഞിരമരത്തില്‍ ഭ്രാന്തനെ കെട്ടിയിട്ടിരുന്നതായി പറയപ്പെടുന്നു. പാറയുടെ കിഴക്കുഭാഗത്തായി വലിയ മൂന്ന് ഗുഹകളുണ്ട്. ഇവിടെ നാറാണത്ത് ഭ്രാന്തന്‍ തപസു ചെയ്തിരുന്നതായും വിശ്വാസമുണ്ട്. ഈ കൊടുംപാറക്കു മുകളില്‍ ഒരിക്കലും വെള്ളം വറ്റാത്ത പത്തിലധികം കുഴികള്‍ കാണാം. പഞ്ചതീര്‍ഥം എന്ന് അറിയപ്പെടുന്ന കുഴിയുടെ അടിയിലായി അഞ്ച് അറകളുണ്ട്.

Read more: https://www.deshabhimani.com/news/kerala/news-thrissurkerala-17-10-2016/59620താഴേക്കിറങ്ങുമ്പഴും ജയപാലൻ മാഷ് ഇടക്കിടെ ഏതാനും സ്റ്റെപ്പുകൾ മുകളിലോട്ട് തന്നെ കയറിപ്പോകുന്നത് ഞങ്ങൾ ശ്രദ്ധിച്ചു.

" സ്കൂളിലെ കണക്ക് ക്ലാസിൽ കൃത്യമായിട്ട് ഇരിക്കാത്തതിന്റെ കുഴപ്പമാ.." ഷൈൻ സാർ പറഞ്ഞു. ജയപാലൻ മാഷ് മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി.

"ഇനി മലയാളം ക്ലാസിൽ ഇരുന്നിരുന്നോ എന്ന് നോക്കട്ടെ.... ആ ബോർഡിലെ മൂന്നാമത്തെ വരി ഒന്ന് വായിക്കൂ..." താഴെ, സ്റ്റെപ്പുകൾ ആരംഭിക്കുന്നിടത്ത് സ്ഥാപിച്ച ബോർഡ് ചൂണ്ടി ഷൈൻ സാർ പറഞ്ഞു.

ജയപാലൻ മാഷ് കീശയിൽ നിന്ന് കണ്ണട എടുത്ത് വച്ച് ബോർഡിലേക്ക് നോക്കി. ഒരു ശ്രമം പോലും നടത്താതെ മാഷ് കീഴടങ്ങി.റഹീം മാഷും വായിക്കാൻ ശ്രമിച്ച് നാവ് കടിച്ചു. പെട്ടെന്ന് എന്റെ ഫോൺ റിംഗ് ചെയ്തതിനാൽ ഞാൻ തടിയൂരി.


"ആബിദേ... നിങ്ങൾ എവിടെ എത്തി..."

"ദേ...മല ഇറങ്ങിക്കഴിഞ്ഞു..."

" ങേ! ഇറങ്ങിയ തേ ഉള്ളോ ... ഇനി താഴെ എത്തണ്ടേ?" 

" ദേ ... ഇപ്പോ എത്തും... ഞങ്ങൾ കാറിൽ കയറി..."

"ഭഗവാനാണ് ... കാറിൽ താഴെ കാത്ത് നിൽപ്പുണ്ട് ... " 

'ഭഗവാൻ കാറിലും വരാൻ തുടങ്ങിയോ' ജയപാലൻ മാഷ് ആത്മഗതം ചെയ്തു.

"ആബിദേ ... എവിടെ എത്തി?" ഭഗവാൻ വീണ്ടും വിളിച്ചു.

"ദേ... താഴെ മെയിൻ റോഡിൽ എത്താറായി...''

"ങാ..കണ്ടു .. ബ്ലാക്ക് കാറല്ലേ... ഞാൻ തൊട്ട് മുന്നിലുണ്ട് ... വലത്തോട്ട് തിരിഞ്ഞ് എന്റെ പിന്നാലെ പോരൂ..." 

നടുവട്ടം അങ്ങാടിയിൽ ഭഗവാൻ കാറ് സൈഡാക്കി. അതിന് പിന്നാലെ ഞങ്ങളും വണ്ടി ഒതുക്കി നിർത്തി. വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയ ഭഗവാനെ ഞാൻ ഹസ്തദാനം ചെയ്തു.

"മാഷേ... ഇതാണാ ഭഗവാൻ... ഭഗവൻദാസ് എന്നാണ് മുഴുവൻ പേര് ... " എല്ലാവർക്കുമായി ഞാൻ ഭഗവാനെ പരിചയപ്പെടുത്തി.

"ഇനി ഒരു ചായ കുടിച്ചിട്ട് നീങ്ങാം..." ഭഗവാൻ ഞങ്ങളെ ഒരു ചെറിയ മക്കാനിയിലേക്ക് ആനയിച്ചു.

"വേണ്ടതെന്തും കഴിക്കാം..." ചില്ലലമാരിയിൽ വിശ്രമിക്കുന്ന എണ്ണക്കടികളിലേക്ക് ചൂണ്ടി ഭഗവാൻ പറഞ്ഞു.

"എനിക്ക് രണ്ടു കായ ബജി , ഒരു ഉഴുന്ന് വടയും ... ചായ അൽപം മധുരം കുറച്ചതും.. ഭഗവാൻ പ്രസാദിച്ച് നിൽക്കല്ലേ.." ജയപാലൻ മാഷ് തന്റെ ഓർഡർ നൽകി.

"ഇനി നാറാണത്ത് ഭ്രാന്തനെ തളച്ചിട്ട കാഞ്ഞിര മരമുണ്ട്.." ഭഗവാൻ പറഞ്ഞ് തുടങ്ങി.

"ഓ... അത് ശരിയാ... യൂ ട്യൂബിൽ കണ്ടിരുന്നു. " ജയപാലൻ മാഷ് പറഞ്ഞു.

" നാറാണത്ത് ഭ്രാന്തൻ താമസിക്കാൻ ...."

" ഒരു ഗുഹ ഉണ്ടാക്കിയതും യൂ ട്യൂബിൽ പറഞ്ഞിരുന്നു..." രണ്ടാമത്തെ കായ ബജിയും വായിലേക്കിട്ട് ജയപാലൻ മാഷ് ഇടക്ക് കയറി പറഞ്ഞു.

"എങ്കിൽ ഇനി ബാക്കി കഥ നിങ്ങള് പറയ്..." റഹീം മാഷ് ജയപാലനോട് പറഞ്ഞു

" വേറെ ഒന്നും എനിക്കറിയില്ല.."

"എങ്കിൽ വാ... നമുക്ക് അതൊക്കെ ഒന്ന് കാണാം..."

എല്ലാവരും വീണ്ടും വണ്ടിയിൽ കയറി. കുറെ മുന്നോട്ട് പോയപ്പോൾ അകലെ കുന്നിൻ മുകളിൽ നാറാണത്ത് ഭ്രാന്തൻ നിൽക്കുന്നത് കണ്ടു.

" ആബിദേ...വലത്തോട്ട് നോക്ക് ... ഇത് വഴിയാണ് തുലാം ഒന്നിന് ഭക്തർ മല കയറുന്നത്.... നമുക്ക് മറ്റൊരു വഴിയേ പോകണം... വണ്ടി തിരിച്ച് വിടാം.." മുന്നിലെ കാറിൽ നിന്നും , പിന്നിലെ കാറിലിരിക്കുന്ന ഞങ്ങൾക്ക് ഭഗവാൻ നിർദ്ദേശങ്ങൾ തന്നു. അവൻ പറഞ്ഞതനുസരിച്ച് മറ്റൊരു വഴിയിലൂടെ സഞ്ചരിച്ച് ഞങ്ങൾ വലിയൊരു പാറയുടെ മുന്നിലെത്തി. വണ്ടി പാർക്ക് ചെയ്ത് ഞങ്ങളിറങ്ങി.

"ഇതിന്റെ മുകളിലാണ് ഭ്രാന്താചലം ടെമ്പിൾ " മുകളിലേക്ക് കയറിപ്പോകുന്ന പടികൾ കാണിച്ച് ഭഗവാൻ പറഞ്ഞു.

"ഞങ്ങൾക്ക് കയറാൻ പറ്റുമോ?" 

"എല്ലാവർക്കും കയറാം... വരൂ... ഞാനും ഇവിടെ കയറിയിട്ട് വർഷങ്ങളായി.."
അങ്ങനെ , വരരുചിയുടെ പന്ത്രണ്ട് മക്കളില് ഒരാളായി പറയിപെറ്റ പന്തിരുകുലത്തിൽ ജനിച്ച നാറാണത്ത് ഭ്രാന്തനെ കുടിയിരുത്തിയ ഭ്രാന്താചലം ക്ഷേത്രത്തിൽ ഞങ്ങളെത്തി.
പാലക്കാട് - മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ കൊപ്പം - വളാഞ്ചേരി റൂട്ടില്‍ ഒന്നാംതിയതിപ്പടി ജങ്ക്ഷനില്‍ തിരുവേഗപ്പുറ പഞ്ചായത്ത് ഓഫീസിനടുത്താണ് ഭ്രാന്താചലം ക്ഷേത്രം.വലിയൊരു പാറയില്‍ കൊത്തിയ അറുപത്തിമൂന്ന് പടികള്‍ കയറി വേണം ക്ഷേത്രത്തിലെത്താൻ.നാറാണത്ത് ഭ്രാന്തനെ ബന്ധിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന വലിയൊരു കാഞ്ഞിര മരവും അതിലൊരു ചങ്ങലയും കാണാം.


കടുത്ത വേനലിലും വറ്റാത്ത നീരുറവകളുള്ള നിരവധി കുഴികളും പാറമുകളിൽ കാണപ്പെടുന്നു. ക്ഷേത്രത്തിനോട് ചേര്‍ന്നു പാറയുടെ വശത്തായി കാണപ്പെടുന്ന ഗുഹ പോലെയുള്ള മൂന്ന് അറകൾ നാറാണത്ത് ഭ്രാന്തൻ സ്വന്തം കൈകളാൽ മാന്തി ഉണ്ടാക്കിയതാണ് എന്നും പറയപ്പെടുന്നു.

ഇതാണാ ഭഗവാൻ
 
ഭഗവാനിൽ നിന്നും നേരിട്ട് കേട്ടറിഞ്ഞ ഐതിഹ്യങ്ങളും ചരിത്ര കഥകളും തലയിലേറ്റി ഞങ്ങൾ തിരിച്ചിറങ്ങി. സമയം സന്ധ്യ മയങ്ങിയതിനാൽ ഭഗവാനോട് യാത്ര പറഞ്ഞ് ഞങ്ങൾ തിരിച്ചു പോന്നു.

Friday, November 25, 2022

നാറാണത്ത് ഭ്രാന്തന്റെ മുന്നിൽ

യാത്ര തുടക്കം (Click & Read)

പിറ്റേ ദിവസം ഉച്ചക്ക് ശേഷം ഞങ്ങൾ നാൽവർ സംഘം നാറാണത്ത് ഭ്രാന്തന്റെ രായിരനെല്ലൂർ മല ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.ജി.എം ചേച്ചി (Click & Read) കാണിച്ച് തരുന്ന വഴിയിലൂടെ വണ്ടി ഓടിക്കുക എന്നതായിരുന്നു ഷൈൻ സാറിന്റെ പോളിസി. മുന്നിലെ സീറ്റിൽ റഹീം മാഷും ഒരുറപ്പിന് വേണ്ടി പിന്നിലെ സീറ്റിൽ ജയപാലൻ മാഷും ഗൂഗിൾ മാപ്പിട്ടു.

"200 മീറ്റേഴ്സ് ടേൺ ലെഫ്റ്റ് ..... 700 മീറ്റേഴ്സ് ടേൺ റൈറ്റ് .... 2 കിലോമീറ്റേഴ്സ് ടേൺ ലെഫ്റ്റ്... " ജയപാലൻ മാഷ് ഗൂഗിൾ മാപ്പ് തന്ന വിവരങ്ങൾ വായിക്കാൻ തുടങ്ങി.

"അതങ്ങനെ വായിക്കേണ്ട ജയപാലാ... സ്ഥലമെത്തുമ്പോൾ ഗൂഗിൾ പറയും..." ഷൈൻ സാറ് പറഞ്ഞു.

" അല്ല... ഗൂഗിൾ അത് പറയാൻ മറന്നു പോയാലോ എന്ന് കരുതി ഞാൻ അഡ്വാൻസായി പറഞ്ഞതാ.."

നടുവട്ടം എന്ന സ്ഥലത്ത് നിന്നും വലത്തോട്ട് തിരിയുന്ന ഒരു ഇടുങ്ങിയ വഴിയിലേക്ക് ജി.എം ചേച്ചി ഞങ്ങളെ ആനയിച്ചു. റോഡ് കൂടുതൽ കൂടുതൽ ഇടുങ്ങി വന്നെങ്കിലും കയറ്റം കൂടിക്കൂടി വന്നതിനാൽ ഉദ്ദേശിച്ച മലയിലേക്ക് തന്നെയാണ് കയറുന്നത് എന്ന് ഞങ്ങൾ അനുമാനിച്ചു. അങ്ങനെ ഭഗവാൻ പറഞ്ഞ നമ്പൂതിരിയുടെ അധീ
നതയിലുള്ള നാരായണമംഗലത്ത് ആമയൂര് മന കാണുന്നത് വരെ യാത്ര തുടർന്നു. മറ്റൊരു മനുഷ്യ ജാലങ്ങളും വരാത്തതിനാൽ, ആകെക്കൂടെയുള്ള ഒറ്റ വണ്ടി പാർക്കിംഗ് ഏരിയയിൽ ഷൈൻ സാർ കാർ ഒതുക്കി നിർത്തി.ജയപാലൻ മാഷ് മനയിലേക്ക് ചെന്ന് നാല് പേര് മല കയറുന്നതായി അറിയിച്ചു.

"422 സ്റ്റെപ്പുകൾ കയറിയിട്ട് വേണം മുകളിലെത്താൻ എന്നാണ് യൂടുബിൽ കണ്ടത് ... ഇത് പക്ഷേ അത്രയൊന്നും ഇല്ലല്ലോ..." മുകളിലേക്ക് കയറിപ്പോകുന്ന സ്റ്റെപ്പുകൾ നോക്കി ജയപാലൻ പറഞ്ഞു.

" എന്നാ എണ്ണി നോക്ക് ... " റഹീം മാഷ് പറഞ്ഞതനുസരിച്ച് ഓരോ സ്റ്റെപ്പ് കയറുമ്പോഴും ജയപാലൻ മാഷ് എണ്ണി.  ഹരിതാഭവും വിജനവുമായ വളഞ്ഞ് പുളഞ്ഞ് പോകുന്ന സ്റ്റെപ്പുകൾ മനോഹരമായ ഒരു കാഴ്ച വിരുന്നൊരുക്കി. ശരീരത്തിന്റെ ഭാരം അനുവദിക്കാത്തതിനാൽ റഹീം മാഷും ഷൈൻ സാറും സാവധാനം കയറിക്കൊണ്ടിരുന്നു. മുമ്പിൽ പോയ ഞാൻ ഇനി കയറാനുള്ള സ്റ്റെപ്പുകളുടെ ഏകദേശ രൂപം താഴേക്ക് ഫോൺ ചെയ്തറിയിച്ചു.

"അയ്യോ...! " പെട്ടെന്നാണ് ജയപാലൻ മാഷ് തലയിൽ കൈ വെച്ച് പറഞ്ഞത്.

"എന്ത് പറ്റി?" കൂടെയുണ്ടായിരുന്ന റഹിം മാഷും ഷൈൻ സാറും ചോദിച്ചു.

" അത്... സ്റ്റെപ്പിന്റെ എണ്ണം തെറ്റിപ്പോയി..." 

"അതെയോ? ... താഴെ ഞങ്ങളിരുന്ന സ്ഥലം വരെ 54 ആണ് എണ്ണിയത്... പോയി അവിടന്നിങ്ങട്ട്  എണ്ണി വന്നോളൂ..." റഹീം മാഷ് വെറുതെ തള്ളി.

ജയപാലൻ മാഷ് താഴേക്കിറങ്ങിപ്പോയി 54 മുതൽ വീണ്ടും എണ്ണിത്തുടങ്ങി.

"ഇതിന്റെ മറ്റൊരു രൂപമായിരുന്നു നാരായണത്ത് ഭ്രാന്തനും ചെയ്തിരുന്നത്..." ഷൈൻ സാർ പറഞ്ഞു.

"പറയി പെറ്റ പന്തിരുകുലത്തിലെ ഒരാളാണ് നാറാണത്ത് ഭ്രാന്തൻ... " ജയപാലൻ മാഷ് ചരിത്രവിവരണം തുടങ്ങി.

"എന്ത് കുല...?" മറ്റെന്തോ കേട്ട റഹീം മാഷ് ചോദിച്ചു.

"പന്തിരുകുല...എന്ന് വച്ചാൽ നമ്മുടെ വാഴക്കുലയെക്കാളും അല്പം കൂടി വലിപ്പം വരും... നാറാണത്ത് ഭ്രാന്തന്റെ ഏക സഹോദരിയായിരുന്നു കാരയ്ക്കലമ്മ " ജയപാലൻ മാഷ് തുടർന്നു.

"ചരിത്രം ...... മുകളിലെത്തിയിട്ട് ..... പറയാം..." കിതച്ചു കൊണ്ട് റഹീം മാഷ് പറഞ്ഞു.

മുന്നിൽ പോയ ഞാൻ പടികളെല്ലാം കയറി മുകളിലെത്തി. മുകളിൽ നിന്നും താഴോട്ട് നോക്കിയാലുള്ള കാഴ്ച ഒന്നാന്തരമായിരുന്നു.


നാലഞ്ച് സ്റ്റെപ്പുകൾ കൂടി പിന്നിട്ടതോടെ ഞാൻ ക്ഷേത്രപറമ്പിലെത്തി. ആളൊഴിഞ്ഞ  ഭഗവതി ക്ഷേത്രവും തൊട്ടടുത്ത ആൽത്തറയും കാറ്റിന്റെ മൂളക്കവും ഒരു ഭീകരത സൃഷ്ടിച്ചു. അൽപം അകലെയായി നാറാണത്ത് ഭ്രാന്തൻ താഴേക്ക് നോക്കി നിൽപ്പുണ്ട്. പത്ത് മിനിട്ടോളം ഞാനവിടെ കാത്തിരുന്നു.  എല്ലാവരും മുകളിലെത്തിയ ശേഷം ഞങ്ങൾ നാറാണത്ത് ഭ്രാന്തന്റെ അടുത്തേക്ക് നീങ്ങി.

"അയ്യേ...ഇതെന്താ ഇങ്ങനെ?" നാറാണത്ത് ഭ്രാന്തനെ കണ്ട ഉടനെ ജയപാലൻ മാഷ് ചോദിച്ചു.

"എന്ത്??" ഞങ്ങൾക്ക് പെട്ടെന്ന് ആ ചോദ്യം മനസ്സിലായില്ല.

"അദ്ദേഹത്തിൻറെ കൈ കണ്ടോ...വളരെ പരുക്കൻ ആയിട്ട്..."

"ദിവസവും കല്ലുരുട്ടി ഈ മലയിൽ എത്തിച്ചതല്ലേ...പിന്നെ കൈ പരുക്കാനാകാതിരിക്കുമോ?" റഹീം മാഷ് ചോദിച്ചു.

"ഓ...അത് ശരിയാ..." 

ജയപാലൻ മാഷ് നിന്നും ഇരുന്നും കിടന്നും എല്ലാം നാറാണത്ത് ഭ്രാന്തനെ ഫോട്ടോ എടുത്തു.സെൽഫിയും സിംഗിളും ഗ്രൂപ്പും എല്ലാം എടുത്ത് മാഷ് അംഗമായ എല്ലാ ഗ്രൂപ്പിലും പോസ്റ്റും ചെയ്തു.മല കയറിയ ക്ഷീണം കാറ്റിന് കൈമാറി ഞങ്ങൾ തിരിച്ചിറങ്ങി.


 "അല്ലാ...ഇത് ഭഗവതി ക്ഷേത്രം ആണല്ലോ ...അപ്പൊ, സാർ വിളിച്ച ഭഗവാൻ എവിടെ?" ഇറങ്ങുന്ന സമയത്ത് ജയപാലൻ മാഷ് വീണ്ടും ചോദിച്ചു.

"ശരിയാ...ഒന്ന് വിളിക്കട്ടെ..."

"ഇതെന്താ...ബാലരമയിലെ രാജുവും രാധയും മായാവിയെ വിളിക്കുന്ന പോലെയാണോ ഭഗവാനെ വിളിക്കുന്നത്?" റഹീം മാഷ് ചോദിച്ചു.അതിനു മുമ്പേ എൻറെ ഫോണിൽ ഉത്തരം വന്നു.

"ഭഗവാനെ...നീ എവിടെയാ...?" ഞാൻ ചോദിച്ചു. ചോദ്യം കേട്ട് ജയപാലൻ മാഷ് വീണ്ടും എന്നെ നോക്കി.

'നാറാണത്ത് ഭ്രാന്തനെ കണ്ടപ്പോഴേക്കും ഭഗവാനോട് കുശലം പറയുന്ന ഭ്രാന്തൻ' ജയപാലൻ മാഷ് ആത്മഗതം ചെയ്തു.

"നിങ്ങൾ മല ഇറങ്ങിയോ? ഞാൻ ദേ താഴെ ഇപ്പോ എത്തും..." ഫോണിന്റെ ലൗഡ് സ്പീക്കറിലൂടെ ഭഗവാൻറെ ശബ്ദം കേട്ട് ജയപാലൻ മാഷ് കാത് കൂർപ്പിച്ചു.

"പിന്നെ...ഭഗവാനെ...നാല് നല്ല ചായ വേണം ട്ടോ..." 

"ചായ മതിയോ...? നിങ്ങൾക്കിഷ്ടമുള്ള എന്തും കഴിക്കാം...താഴേക്ക് വേഗം വരൂ..."

"ഇതെന്താ കഥ സാറേ ....ആരാണാ ഭഗവാൻ..?" വിശ്വാസിയല്ലാത്ത ജയപാലൻ മാഷ് കൺഫ്യൂഷനിലായി.

"താഴെ വച്ച് ഭഗവാനെ നമുക്ക് നേരിട്ട് കാണാം..." ഞാൻ മാഷോട് പറഞ്ഞു.

"ങേ!!"

(തുടരും... ഭ്രാന്താചലം ക്ഷേത്രത്തിൽ ...)

Monday, November 21, 2022

ആരാണാ ഭഗവാൻ?

2022 ജൂലൈ മാസം. മൺസൂൺ കാലമായതിനാൽ മഴ തിമർത്ത് പെയ്യുന്നുണ്ട്. അന്ന് രാവിലെയും മഴ പതിവ് തെറ്റിച്ചില്ല. വൈകിട്ടാണ് സഹപ്രവർത്തകരായ ജയപാലൻ മാഷും റഹീം മാഷും ഒരു ചെറിയ ആഗ്രഹം പങ്ക് വച്ചത്.

"അതെയ്...ഷൈൻ സാർ ഇന്നല്ലെങ്കിൽ നാളെ വിട പറയും..." ജയപാലൻ മുഖവുരയായി തുടങ്ങി.

"ങേ!!" വയസ്സ് അമ്പത്തിനാലായെങ്കിലും നാൽപതിന്റെ ചുറുചുറുക്കിലുള്ള സാറെപ്പറ്റി കേട്ടത് വിശ്വസിക്കാനാവാതെ ഞാനൊന്ന് ഞെട്ടി.

"സാറിനെന്താ ഇത്ര ഗുരുതരമായ അസുഖം?" കൂട്ടത്തിൽ പുതുമുഖമായതിനാൽ ആകാംക്ഷയോടെ ഞാൻ ചോദിച്ചു.

"ഏയ്... അസുഖം ഒന്നൂല്ല... ട്രാൻസ്ഫർ ഓർഡർ ഇന്ന് അല്ലെങ്കിൽ നാളെ വരും..." 

"ഓ... അതാണോ...?" എനിക്ക് സമാധാനമായി.

"ആ... അപ്പോ അതിന് മുമ്പെ നമുക്കൊന്ന് ആ മല കയറാൻ പോകണ്ടേ?" ജയപാലൻ കാര്യം അറിയിച്ചു.

"ബാബു മല ?" ലോകം മുഴുവൻ അറിയപ്പെടുന്ന പാലക്കാട്ടെ ഏക മലയെപ്പറ്റിയാണെന്ന് കരുതി ഞാൻ ചോദിച്ചു.

" അല്ലെന്നേ.... ആ ഭ്രാന്തന്റെ മല..."

"ഓ.... നാറാണത്ത് ഭ്രാന്തൻ.... "

"ങാ... അത് തന്നെ.... അതിവിടെ അടുത്തെങ്ങാനും അല്ലേ...?"

"രായിരനെല്ലൂർ .... വളാഞ്ചേരിക്കടുത്ത് ... പക്ഷേ .... ഈ മഴക്കാലത്ത് അമ്പത് കഴിഞ്ഞ നമ്മൾ മല കയറാൻ പോകണോ?"

"എനിക്ക് അമ്പതായിട്ടില്ല..." റഹീം മാഷ് ഇടയിൽ കയറി.

"ആ... ഞാൻ സൈറ്റ് നോക്കി...സൈറ്റിൽ കാണുന്ന നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല.." ജയപാലൻ തന്റ നിസ്സഹായത വെളിപ്പെടുത്തി.

" നാറാണത്ത് ഭ്രാന്തനും നമ്പറോ ?" റഹീം മാഷ് ആത്മഗതം ചെയ്തു.

"സാറ് മലപ്പുറത്ത് കാരനല്ലേ .... ഒന്ന് ശ്രമിക്ക് ..." അപ്പോഴാണ് നാൽവർ സംഘത്തിൽ ഷൈൻ സാറും ജയപാലൻ മാഷും തൃശൂർകാരാണെന്നും റഹീം മാഷ് കോഴിക്കോട്ട്കാരനാണെന്നതും ഞാൻ ഓർത്തത്. എങ്കിൽ മലപ്പുറത്തിന്റെ പവർ ഒന്ന് കാണിച്ചിട്ട് തന്നെ കാര്യം എന്ന നിലയിൽ ഞാൻ പറഞ്ഞു.

"ഓകെ... വെയിറ്റ് ... " ഞാൻ ഫോണെടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു.

"ആരെയാ സാറ് വിളിക്കുന്നത്?" ആകാംക്ഷയോടെ ജയപാലൻ ചോദിച്ചു.

"ഭഗവാനെ ... " ഞാൻ കൂസലില്ലാതെ മറുപടി പറഞ്ഞു.

"ങാ... ന്നാ കിട്ടിയത് തന്നെ...'' ജയപാലൻ കളിയാക്കി.

"ഡാ.. ഭഗവാനെ .... ഗുഡ് മോണിങ്ങ്" മറുതലക്കൽ ഫോണെടുത്ത ഉടനെ ഞാൻ പറഞ്ഞു. 

'ഭഗവാനോട് ഗുഡ് മോണിങ്ങോ ? ' എത്തും പിടിയും കിട്ടാതെ ജയപാലൻ എന്നെത്തന്നെ നോക്കി. മറുഭാഗത്ത് നിന്ന് ആരോ സംസാരിക്കുന്നത് കേൾക്കുന്നതിനാൽ ജയപാലന് കൂടുതൽ സംശയമായി.

"ആബിദേ ...നീ എപ്പോ വേണമെങ്കിലും വന്നോ... മഴയൊന്നും പ്രശ്നമില്ല... എപ്പോ വേണേലും മല കയറാം... മല ഇല്ലത്തെതാണ്... വേണമെങ്കിൽ നമ്പൂരിയെ വിളിച്ച് പറയാം.." ലൗഡ് സ്പീക്കറിലൂടെ മറുപടി കേട്ട ജയപാലൻ വാ പൊളിച്ച് എന്നെത്തന്നെ നോക്കി നിന്നു .

" എന്നാലും സാറ് ആരെയാ ശരിക്കും വിളിച്ചത്?" ജയപാലന് സംശയം മാറിയില്ല.

"ഭഗവാനെത്തന്നെ... നമുക്ക് അവിടെ ചെല്ലുമ്പോൾ നേരിട്ട് കാണാം.."

"ഓ...കെ... എങ്കിൽ ഷൈൻ സാർ റെഡിയാണെങ്കിൽ നാളെ തന്നെ പോകാം..." ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ചു. 

അന്ന് രാത്രി മുഴുവൻ ജയപാലൻ മാഷ് ചിന്തയിലായിരുന്നു.
"കാര്യങ്ങൾ ഇത്ര എളുപ്പം തീർപ്പാക്കിയ , ആരാണാ ഭഗവാൻ...?"

(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക )


Sunday, November 20, 2022

ഖത്തറിൽ പന്തുളരുമ്പോൾ ....

അങ്ങനെ അറേബ്യൻ അത്തറിനാൽ സുഗന്ധ പൂരിതമായ ഖത്തറിന്റെ മണ്ണിലും ലോകകപ്പിന്റെ പന്ത് ആദ്യമായി ഉരുളാൻ തുടങ്ങുകയാണ്. ലോക കപ്പിന്റെ പന്ത് എവിടെ  ഉരുളാൻ തുടങ്ങുമ്പോഴും അതിന്റെ മുഴുവൻ ആവേശവും ആവാഹിക്കുന്നത് മലയാളി മനസ്സിലാണ്. പ്രത്യേകിച്ചും മലപ്പുറത്തിന്റെ മണ്ണിലാണ്. പോർവിളികൾ ബോർഡുകളിലും കട്ടൗട്ടുകളിലും ഒതുങ്ങുന്നു എന്നതും കേരളത്തിന്റെ പ്രത്യേകതയാണ്.

മലയാളിയെ സംബന്ധിച്ചിടത്തോളം ഫിഫ വേൾഡ് കപ്പ് ഇത്രയും അടുത്തെത്തിയ ഒരു സന്ദർഭവും ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. അതിനാൽ തന്നെ ഏറ്റവും കൂടുതൽ മലയാളികൾ കാണാനിടയുള്ള ലോകകപ്പും ഞാനും ഒരു ലോകകപ്പ് ഫുട്ബോൾ മത്സരം നേരിട്ട് കണ്ടു എന്ന് സമീപ ഭാവിയിൽ പറയാൻ സാദ്ധ്യതയുള്ള ലോകകപ്പും 2022 ലേതായിരിക്കും.

ലോകകപ്പിന് തിരശ്ശീല വീഴുമ്പോൾ കപ്പുയർത്താൻ ഒരു ടീമേ ഉണ്ടാകൂ. എന്നാൽ സമകാലിക ഫുട്ബോളിൽ മൂന്ന് സൂര്യൻമാർ ജ്വലിച്ച് നിൽക്കുന്ന കാലമാണിത്. അതിനാൽ തന്നെ കപ്പ് ആര് നേടിയാലും ഈ ലോകകപ്പോടെ ഇതിൽ രണ്ട് സൂര്യന്മാർ ഉറപ്പായും അസ്തമിക്കും. ചിലപ്പോൾ മൂന്ന് സൂര്യന്മാരും മണ്ണിൽ പതിക്കും. പുതിയ സൂര്യന്മാർ ഖത്തറിന്റെ മണ്ണിൽ നിന്ന് സോക്കറിന്റെ വിണ്ണിലേക്കുയരും.

കഴിഞ്ഞ മൂന്ന് ലോകകപ്പിലും ഞാൻ പ്രവചിച്ച ടീമുകളായിരുന്നു  (click & Read) ജേതാക്കളായത്.അതിനാൽ തന്നെ കഴിഞ്ഞ ഒരാഴ്ചയായി മക്കൾ എന്റെ ടീം ഏതാണെന്ന് അറിയാൻ ഉത്സുകരാണ്. കഴിഞ്ഞ മൂന്ന് തവണ നിന്ന ടീമിന്റെയും കൂടെ നിൽക്കാൻ ഈ വർഷം മനസ്സ് വരുന്നില്ല. ലോക ഫുട്ബാളിലെ മിന്നും നക്ഷത്രങ്ങളായ മെസ്സിയുടെയോ നെയ്മറിന്റെയോ റൊണാൾഡോയുടെയോ കൂടെ നിൽക്കാനും ഞാനില്ല. ഇത്തവണ ഇംഗ്ലണ്ട് ആണ് എന്റെ ഇഷ്ട ടീം. 


Saturday, November 19, 2022

രാഷ്ട്രപതി ഭവനിലേക്കുള്ള പാത.

2009 ജൂണിലാണ് വയനാട് നിന്ന് ഞാൻ ജി ഇ സി കോഴിക്കോടിലേക്ക് ട്രാൻസ്ഫറായി വന്നത്. ആ വർഷത്തെ NSS സപ്തദിന ക്യാമ്പിന്റെ കൂടിയാലോചനാ മീറ്റിംഗിൽ സ്റ്റാഫ് പ്രതിനിധിയായിട്ടായിരുന്നു പുതിയ കോളേജിൽ NSS യൂണിറ്റിലെ എന്റെ അരങ്ങേറ്റം. അന്നത്തെ മീറ്റിംഗ് എട്ട് നിലയിൽ പൊട്ടിയെങ്കിലും മറ്റൊരു ക്യാമ്പ് സൈറ്റ് രണ്ട് ദിവസത്തിനകം റെഡിയാക്കി വളണ്ടിയർ സെക്രട്ടറിമാർ മികവ് തെളിയിച്ചതോടെയാണ് എനിക്ക് ഈ യൂണിറ്റിനോട് മതിപ്പ് തോന്നിയത്. പാവണ്ടൂരിൽ നടന്ന പ്രസ്തുത ക്യാമ്പിൽ പങ്കടുത്തപ്പോഴാണ് എന്റെ വളണ്ടിയർ കാലത്തെ NSS ഉം 'പുതിയ ' NSS ഉം തമ്മിലുള്ള 'വ്യത്യാസങ്ങൾ ' മനസ്സിലായത്. 

ആദ്യ ദിവസം തന്നെ ക്യാമ്പിലെ  കുട്ടികളുടെ പേര് മുഴുവൻ ഹൃദിസ്ഥമാക്കിക്കൊണ്ടായിരുന്നു ഇവിടെ ഞാൻ ഹരിശ്രീ കുറിച്ചത്. പ്രോഗ്രാം ഓഫീസർ പോലും അടിയറവ് പറഞ്ഞ സ്ഥാനത്ത്  ജയിക്കാൻ കഴിഞ്ഞത് എനിക്ക് വലിയ പ്രചോദനമായി. എന്നാൽ നാലാം ദിവസം വീണ്ടും ക്യാമ്പിൽ എത്തിയപ്പോഴാണ് പുതിയ കുറെ മുഖങ്ങളെ ക്യാമ്പിൽ കണ്ടത്; പഴയ മുഖങ്ങൾ ക്യാമ്പ് വിട്ടു പോവുകയും ചെയ്തിരുന്നു. യൂണിറ്റിനെ നേർപാതയിൽ നയിക്കാനുള്ള ഒരു ചിന്തയുടെ തുടക്കം അവിടെ നിന്നാരംഭിച്ചു.

തിരുവനന്തപുരത്ത് വച്ച് നടന്ന ആ വർഷത്തെ ടെക്നിക്കൽ സെൽ NSS സംസ്ഥാന അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ എന്നോട് പറഞ്ഞെങ്കിലും പോകാൻ സാധിച്ചില്ല . ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് വന്ന വളണ്ടിയർമാർ അവരുടെ അനുഭവം എന്നോട് പങ്ക് വച്ചു. അവാർഡ് ലഭിച്ച യൂണിറ്റുകൾ ചെയ്ത പ്രവർത്തനങ്ങളെക്കാളും മികച്ച പലതും നമ്മുടെ യൂണിറ്റ് ചെയ്തിരുന്നു പോലും. അതിന്റെ തെളിവ് ഞാനാവശ്യപ്പെട്ടപ്പോൾ അവർ കൈ മലർത്തി. യൂണിറ്റിനെ മൊത്തം മാറ്റി മറിച്ച ഡോക്യുമെന്റേഷൻ എന്ന പ്രക്രിയയുടെ തുടക്കം അവിടെ മുതൽ ആരംഭിച്ചു. പ്രവർത്തനങ്ങൾക്കൊപ്പം അതിന്റെ കൃത്യമായ റിപ്പോർട്ടും ഫോട്ടോയും  പത്രക്കുറിപ്പും ഹാജർ നിലയും എല്ലാം സൂക്ഷിക്കാൻ തുടങ്ങിയത് അന്ന് മുതലായിരുന്നു.

2010 ൽ നിലവിലുള്ള പ്രോഗ്രാം ഓഫീസർക്ക് സ്ഥലം മാറ്റം കിട്ടിയതോടെയാണ് ആ ചുമതല ഞാൻ സന്തോഷപൂർവ്വം ഏറ്റ് വാങ്ങിയത്. സാമൂഹ്യ സേവന സന്നദ്ധരായ ഒരു കൂട്ടം നല്ല മക്കൾക്ക് വഴി കാട്ടിയാവുക എന്നതോടൊപ്പം യൂണിറ്റിനെ സംസ്ഥാന - ദേശീയ തലങ്ങളിലേക്കുയർത്തുക എന്ന ലക്ഷ്യവും അന്ന് ഞാൻ മനസ്സിൽ കുറിച്ചു. 

യൂണിറ്റ് നടത്തുന്ന ഓരോ പരിപാടിയും ഒരു കോഴിക്കോടൻ ടച്ചിലൂടെ വ്യത്യസ്തമാക്കുക, റിപ്പോർട്ടുകൾ കൃത്യമായി തയ്യാറാക്കി സൂക്ഷിക്കുന്നതോടൊപ്പം തന്നെ സംസ്ഥാന സെല്ലിനെ യഥാസമയം അറിയിക്കുക, ദൃശ്യ ശ്രാവ്യ അച്ചടി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ സാമൂഹ്യ സേവനങ്ങൾ പുറം ലോകത്തെയും അറിയിക്കുക തുടങ്ങിയവയായിരുന്നു പുതുതായി നടപ്പിൽ വരുത്തിയ കാതലായ മാറ്റങ്ങൾ. 

സപ്തദിന ക്യാമ്പിൽ ഏഴ് ദിവസവും പങ്കെടുക്കുന്നവർ മാത്രം ക്യാമ്പിന് വന്നാൽ മതി എന്ന നിർദ്ദേശം നൽകിയപ്പോൾ ക്യാമ്പിന് ആളുണ്ടാവില്ല എന്ന മറുപടിയായിരുന്നു എനിക്ക് ലഭിച്ചത്. പക്ഷേ യൂണിറ്റ് പ്രവർത്തനനിരതമായതോടെ എന്റെ നേതൃത്വത്തിലുള്ള ആദ്യ സപ്തദിന ക്യാമ്പായ തലയാട്ടിലേക്ക് വന്നത് അറുപത്തി എട്ട് പേരായിരുന്നു. ക്യാമ്പിന്റെ  അംഗബലം അമ്പതായി നിജപ്പെടുത്തിയ സ്ഥാനത്താണ് ഏഴ് ദിവസവും സന്നദ്ധ പ്രവർത്തനത്തിന് തയ്യാറായി അറുപത്തിയെട്ട് പേരെത്തിയത്. ആ ക്യാമ്പിൽ പങ്കെടുത്ത എല്ലാവരുടെയും മനസ്സിൽ ക്യാമ്പിലെ ഓരോ നിമിഷങ്ങളും ഇന്നും പച്ച പിടിച്ച് നിൽക്കുന്നു. ജി.ഇ.സി. കോഴിക്കോടിന്റെ NSS ചരിത്രം അവിടം മുതൽ മാറി മറിയാൻ തുടങ്ങി.

വളണ്ടിയർമാരുടെയും അധ്യാപകരുടെയും പിന്തുണയോടെ സ്വപ്ന പദ്ധതിയായി പടുത്തുയർത്തിയ സഹവാസിക്കൊരു വീട്, വൺഡേ വൺ റുപ്പീ പ്രോഗ്രാമിലൂടെ ശേഖരിച്ച ഫണ്ടുപയോഗിച്ച് ഒരു കിഡ്നി രോഗിയുടെ ഒരു വർഷത്തെ ഡയാലിസിസ് സ്പോൺസറിംഗ് , സംസ്ഥാന സർക്കാർ ഏറ്റെടുത്ത ജൈവ മാലിന്യ സംസ്കരണ പദ്ധതിയായ പൈപ്പ് കമ്പോസ്റ്റിംഗ് , കാമ്പസിനെ മുഴുവൻ ഹരിതാഭമാക്കിയ മൈ ബർത്ത് ഡേ ആൻ എർത്ത് ഡേ , ലഹരിക്കെതിരെ ഉദ്ബോധനം നടത്തുന്ന ' ഒരു മദ്യ സിനിമ ' എന്ന ഷോർട്ട് ഫിലിം തുടങ്ങിയവയിലൂടെ വളരെ പെട്ടെന്ന് തന്നെ ജി.ഇ.സി.കെ എൻ.എസ്.എസ് യൂണിറ്റ് സംസ്ഥാന ശ്രദ്ധയിൽപ്പെട്ടു. അതോടെ അവാർഡുകളുടെയും അംഗീകാരങ്ങളുടെയും മലവെള്ളപ്പാച്ചിലും ആരംഭിച്ചു.

മുൻ വളണ്ടിയർ സെക്രട്ടറി യാസിർ വി.പി ക്ക് മികച്ച വളണ്ടിയർ പുരസ്കാരം ലഭിച്ചതിലൂടെയായിരുന്നു തുടക്കം. അതേ വർഷം തന്നെ വളണ്ടിയർ സെക്രട്ടറി അപർണ്ണക്ക് പ്രീ റിപബ്ലിക്ക് ഡേ പരേഡ് ക്യാമ്പിലേക്ക് സെലക്ഷനും ലഭിച്ചു. പോണ്ടിച്ചേരി നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ കേരള ടീം ആയി പ്രോഗ്രാം ഓഫീസർക്കും പത്ത് വളണ്ടിയർമാർക്കും  പങ്കെടുക്കാൻ അവസരം ലഭിച്ചതായിരുന്നു അടുത്ത അംഗീകാരം.

തൊട്ടടുത്ത വർഷം ടെക്നിക്കൽ സെല്ലിന് കീഴിലെ ബെസ്റ്റ് യൂണിറ്റ്, ബെസ്റ്റ് പ്രോഗ്രാം ഓഫീസർ (ആബിദ് തറവട്ടത്ത് ), ബെസ്റ്റ് വളണ്ടിയർ (അപർണ പി ), ടോപ് സ്കോറർ (ആയിഷ റിസാന) തുടങ്ങി അവാർഡുകളും നേടി. ആ വർഷത്തെ സംസ്ഥാന ഗവൺമെന്റ് എൻ.എസ്.എസ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോഴും ബെസ്റ്റ് യൂണിറ്റ്,  ബെസ്റ്റ് പ്രോഗ്രാം ഓഫീസർ (ആബിദ് തറവട്ടത്ത്), ബെസ്റ്റ് വളണ്ടിയർ (അപർണ പി ) അവാർഡുകൾ ചരിത്രത്തിലാദ്യമായി ഒരു ഗവ.എഞ്ചിനീയറിംഗ് കോളേജ് കരസ്ഥമാക്കി. കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ സംസ്ഥാനത്തെ ബെസ്റ്റ് ഭൂമിത്ര സേനാ ക്ലബ്ബ് അവാർഡും , ബെസ്റ്റ് ഫാക്കൾറ്റി ഇൻ ചാർജ്ജ് (ആബിദ് തറവട്ടത്ത്)അവാർഡും , സാമൂഹ്യ സുരക്ഷാ മിഷന്റെ അവാർഡും , തെർമോ പെൻപോൾ സന്നദ്ധ രക്തദാന അവാർഡും കൂടി ലഭിച്ചതോടെ വളണ്ടിയർമാർ ആവേശത്തിന്റെ എവറസ്റ്റിൽ എത്തി.

2012 ലെ അവാർഡ് മഴ തോർന്നതിന് പിന്നാലെ നാഷണൽ യൂത്ത് ഫെസ്റ്റിവലിലും നാഷണൽ അഡ്വഞ്ചർ ക്യാമ്പിലും GEC യുടെ മക്കൾ കേരളത്തെ പ്രതിനിധാനം ചെയ്തു. ഇന്ത്യയിലാദ്യമായി ഒരു NSS സെല്ലിന്റെ മുഴുവൻ പ്രവർത്തനങ്ങളും വെബ് സൈറ്റ് മുഖേനയാക്കിയത് കേരള ടെക്നിക്കൽ സെൽ NSS ആയിരുന്നു. അതിന് കാർമ്മികത്വം വഹിച്ച വളണ്ടിയർ അഫ്നാസിന് ചൈനയിൽ സന്ദർശനം നടത്തിയ ഇന്ത്യൻ യൂത്ത് ഡെലിഗേറ്റ്സ് ലും അവസരം ലഭിച്ചു.

2013-ൽ സംസ്ഥാന ഗവൺമെന്റിന്റെ ബെസ്റ്റ് യൂണിറ്റ് , ബെസ്റ്റ് പ്രോഗ്രാം ഓഫീസർ (ആബിദ് തറവട്ടത്ത് ) അവാർഡുകൾ തുടർച്ചയായി രണ്ടാം തവണയും നേടിയപ്പോൾ അത് കേരള NSS ചരിത്രത്തിലാദ്യത്തെ തുടർ നേട്ടമായി. തുല്യതയില്ലാത്ത പ്രവർത്തനങ്ങളിലൂടെ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ യൂണിറ്റിനെത്തേടി ഇന്ത്യാ മഹാരാജ്യത്തിലെ മികച്ച NSS യൂണിറ്റിനും പ്രോഗ്രാം ഓഫീസർ (ആബിദ് തറവട്ടത്ത്) ക്കുമുള്ള  ഇന്ദിരാ ഗാന്ധി NSS ദേശീയ അവാർഡ് കൂടി എത്തിയതോടെ 2010 ൽ പ്രോഗ്രാം ഓഫീസർ സ്ഥാനം ഏറ്റെടുക്കുമ്പോൾ ഞാൻ കുറിച്ച ലക്ഷ്യം സാക്ഷാൽക്കരിച്ചു. രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്നും ആ അവാർഡ് ഏറ്റ് വാങ്ങുമ്പോൾ ഒരു ചരിത്രം കൂടി അവിടെ വിരചിതമായി. NSS ദേശീയ അവാർഡ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ഗവ.എഞ്ചിനീയറിംഗ് കോളേജ് എന്ന ബഹുമതി ജി.ഇ.സി. കോഴിക്കോടിന് സ്വന്തമായി.

യൂണിറ്റിലെ വളണ്ടിയറായിരുന്ന അനുഷ 2014 ലെ റിപബ്ലിക് ദിന പരേഡിൽ കൂടി പങ്കെടുത്തതോടെ ദേശീയ തലത്തിൽ NSS വളണ്ടിയർമാർക്ക് പങ്കെടുക്കാവുന്ന എല്ലാ ക്യാമ്പുകളിലും പങ്കെടുത്ത കേരളത്തിലെ ഏക NSS യൂണിറ്റായും ജി.ഇ.സി. കോഴിക്കോട് മാറി. യാസിർ വി.പി ക്ക് ശേഷം അപർണ്ണ, അനീഷ് അഹമ്മദ്, ഹിഷാം, അനുഷ എന്നിവരിലൂടെ തുടർച്ചയായി അഞ്ച് തവണ ടെക്നിക്കൽ സെല്ലിന്റെ ബെസ്റ്റ് വളണ്ടിയർ അവാർഡ് നേടിയ മറ്റൊരു യൂണിറ്റും കേരളത്തിൽ ഇല്ല. ഇതിനിടെ ലക്ഷ്മി എസ് , ടോപ് സ്കോറർ അവാർഡ് വീണ്ടും ജി.ഇ.സി.കെ യിൽ എത്തിച്ചു.  സംസ്ഥാന സർക്കാറിന്റെ ബെസ്റ്റ് വളണ്ടിയർ അവാർഡും അനുഷയിലൂടെ വീണ്ടും ജി.ഇ.സി.കെ കരസ്ഥമാക്കി.

ഒരു ദശാബ്ദം കഴിഞ്ഞിട്ടും ഈ റിക്കാർഡുകൾ ഒന്നും തകർക്കപ്പെട്ടിട്ടില്ല എന്നത് ഒരു സത്യം വിളിച്ചോതുന്നു - ജി ഇ സി കോഴിക്കോടിലെ NSS ന് തുല്യം ജി ഇ സി കോഴിക്കോട് NSS മാത്രം.

Excellence is doing ordinary things extraordinarily  Well. 



Friday, November 18, 2022

പാനിപ്പത്തിലൂടെ .....

എന്റെ കാശ്മീർ യാത്രയിലെ (Click & Read) വിവിധ കാഴ്ചകളും അനുഭവങ്ങളും എന്നും മനസ്സിൽ പച്ച പിടിച്ച് തന്നെ നിൽക്കുകയാണ്. ഒരിക്കൽ കൂടി ആ സ്ഥലങ്ങളിൽ കൂടി കറങ്ങി നടക്കാൻ ശരീരം വല്ലാതെ ആഗ്രഹിക്കുന്നു. ഗുൽമാർഗ്ഗിലെ മഞ്ഞു പൂക്കൾ കാണാനും തണുത്തുറഞ്ഞ ദാൽ ലേക്കിൽ കൂടി നടക്കാനും കാശ്മീരിൽ ഇനിയും പോകണം എന്ന ആഗ്രഹത്തെ ബലപ്പെടുത്തുന്നു.

ഡൽഹിയിൽ നിന്നും കാശ്മീരിലേക്കുള്ള ഞങ്ങളുടെ യാത്ര രാത്രിയായിരുന്നു. അതിരാവിലെ ജമ്മുവിൽ എത്തിയ ആ യാത്രയിൽ ഡൽഹി - ജമ്മു റൂട്ടിലെ ഒരു കാഴ്ചയും കാണാൻ സാധിച്ചില്ല. ജമ്മുവിൽ നിന്നും തിരിച്ച് ഡൽഹിയിലേക്കുള്ള യാത്രയും രാത്രിയായിരുന്നു. ഞങ്ങളുടെ കാബിനിൽ കൂട്ടിന് ഉണ്ടായിരുന്നത് ഒരു നോർത്തിന്ത്യൻ ഫാമിലിയായിരുന്നു. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള  കേരളത്തിൽ നിന്ന് 3500 -ഓളം കിലോമീറ്റർ സഞ്ചരിച്ച് വടക്കേ അറ്റത്തെ കാശ്മീരിൽ ഞങ്ങൾ എത്തിയത് അവർക്ക് അത്ഭുതമായി. പാനിപ്പത്തിൽ ആയിരുന്നു അവർക്ക് ഇറങ്ങേണ്ടത്. അപ്പോഴാണ് ആ ചരിത്ര ഭൂമിയിലൂടെയാണ് ഈ യാത്ര എന്ന് ഞാൻ മനസ്സിലാക്കിയത്.

ഇന്ത്യയിലെ മുഗൾ രാജവാഴ്ചക്ക് തുടക്കമിട്ട യുദ്ധ ഭൂമിയാണ് പാനിപ്പട്ട്. 1526 ൽ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ മുഗൾ രാജാവായ ബാബർ, ലോധി വംശത്തിലെ ഇബ്രാഹിം ലോധിയെ തോൽപിച്ചതോടെയാണ് മുഗൾ രാജവാഴ്ച ഇന്ത്യയിൽ ആരംഭിച്ചത്. 1556 ൽ രണ്ടാം പാനിപ്പത്ത് യുദ്ധവും 1761 ൽ മൂന്നാം പാനിപ്പത്ത് യുദ്ധവും നടന്നതായി ഹൈസ്കൂൾ ക്ലാസ്സുകളിലും പിന്നീട് PSC പരീക്ഷകൾക്ക് വേണ്ടിയും പഠിച്ചിട്ടുണ്ട്.

ഇപ്പോൾ ഏഴാം തരത്തിൽ പഠിക്കുന്ന എന്റെ മൂന്നാമത്തെ മകൾ ലൂനക്ക് ഉടൻ തന്നെ ഈ വർഷങ്ങളും രാജാക്കന്മാരും സോഷ്യൽ സയൻസിൽ പഠിക്കേണ്ടതായി വരും എന്നതിനാൽ പാനിപ്പത്ത് യുദ്ധങ്ങളുടെ ഒരു ചെറു വിവരണം ഞാൻ നൽകി. ഇന്ത്യൻ ചരിത്രത്തിലെ ഈ ഇതിഹാസ ഭൂമി കണ്ടിട്ടുണ്ട് എന്ന് പറയാനെങ്കിലും സാധിക്കും എന്നതിനാൽ പാനിപ്പത്ത് സ്റ്റേഷൻ എത്താനായി ഞങ്ങൾ കാത്തിരുന്നു.

രാവിലെ 8.45 ന് വണ്ടി പാനിപ്പത്തിലെത്തി. അത്രയധികം തിരക്കൊന്നും ഇല്ലാത്ത ഒരു ജങ്ക്ഷൻ ആയിരുന്നു പാനിപ്പത്ത്. ട്രെയിനിന് അൽപ സമയം വെയിറ്റിംഗ് ഉള്ളതിനാൽ ഞങ്ങൾ പുറത്തിറങ്ങി , ആ പഴയ രണഭൂമിയിൽ കാല് കുത്തി.

ഇബ്രാഹിം ലോധിയുടെ മഖ്ബറ , മൂന്നാം പാനിപ്പത്ത് യുദ്ധം നടന്ന കാലാ ആം പാർക്ക്, സലാർ ഗഞ്ച് ഗേറ്റ്, കാബൂളി ബാഗ് മോസ്ക്, അലാവുദ്ദീൻ ഖിൽജിയുടെ മകൻ അലി ഷാ കലന്തറിന്റെ ശവകുടീരം, പാനിപ്പത്ത് മ്യൂസിയം തുടങ്ങി നിരവധി കാഴ്ചകൾ പാനിപ്പത്തിലുണ്ട്. ഡൽഹിയിൽ നിന്നും 100 കിലോമീറ്റർ മാത്രം ദൂരമുള്ള ഈ ചരിത്ര ഭൂമിയിലൂടെ അടുത്ത ഉത്തരേന്ത്യൻ  യാത്രയിൽ  കറങ്ങണം , ഇൻഷാ അല്ലാഹ്.

Wednesday, November 16, 2022

നേവ മുതൽ വോൾഗ വരെ

ലോക സാഹിത്യ ചരിത്രത്തിലെ എണ്ണം പറഞ്ഞ രണ്ട് എഴുത്തുകാരാണ് ടോൾസ്റ്റോയിയും ദസ്തയേവ്‌സ്കിയും. സോവിയറ്റ് യൂണിയൻ എന്ന ഭൂഖണ്ഡാനന്തര രാജ്യത്ത് ജീവിച്ചിരുന്ന രണ്ട് പേരുടെയും ജീവിതാനുഭവങ്ങൾ തന്നെയായിരുന്നു അവരുടെ ജനപ്രിയ കൃതികളുടെ ഉൾക്കാമ്പ്. ആ മഹാരഥന്മാരുടെ ചൂടും ചൂരും അറിഞ്ഞ നാടും വീടും കാണുക എന്നത് ഏതൊരു സാഹിത്യ പ്രേമിയുടെയും സ്വപ്നമാണ് ; ഒരു എഴുത്ത്കാരനാണെങ്കിൽ പ്രത്യേകിച്ചും.

ശ്രീമതി എസ്. സരോജത്തിന്റെ നേവ മുതൽ വോൾഗ വരെ എന്ന കൃതിയിൽ ഞാൻ വളരെ കൗതുകത്തോടെ വായിച്ചത് ഈ വിഖ്യാതരുടെ വീട്ടിലേക്കുള്ള എഴുത്ത്കാരിയുടെ സന്ദർശനമാണ്. പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ വായിച്ച് അധികകാലം ആയിട്ടില്ലാത്തതിനാൽ ദസ്തയേവ്‌സ്കിയുടെ വീടിന്റെ മുക്കും മൂലയും ഈ വായനയിലൂടെ കൺമുമ്പിൽ വീണ്ടും തെളിഞ്ഞ് വന്നു. ടോൾസ്റ്റോയിയുടെ വീട്ടിലെത്തിയപ്പോൾ , നിരവധി തവണ കേട്ട അദ്ദേഹത്തിന്റെ ജീവചരിത്രം ഒരിക്കൽ കൂടി വായിച്ചപ്പോൾ മനസ്സിൽ ഒരു നോവും പടർന്നു. 

സെന്റ് പീറ്റേഴ്സ് ബർഗിലെയും മോസ്കോയിലെയും കാഴ്ചകൾ വളരെ നന്നായി തന്നെ അക്ഷരങ്ങളിലൂടെ വായനക്കാരിലെത്തിക്കാനും അതുവഴി സഞ്ചാരികളെ റഷ്യയിലേക്ക് മാടി വിളിക്കാനും എഴുത്ത്കാരിക്ക് സാധിച്ചിട്ടുണ്ട്. ലെനിനും സ്റ്റാലിനും വാണ റഷ്യയിൽ ഇത്രയധികം കൃസ്തീയ ദേവാലയങ്ങൾ ഉള്ളത് ഈ വായനയിലൂടെയാണ് ഞാൻ തിരിച്ചറിഞ്ഞത്. രണ്ട് നഗരങ്ങൾക്കും മനോഹാരിത പകരുന്നത് ഇത്രയും ദേവാലയങ്ങളുടെ സാന്നിദ്ധ്യമാണ് എന്ന് പോലും ചിലപ്പോൾ തോന്നിപ്പോകുന്നു. കമ്യൂണിസത്തിന്റെ ഏഴ് പതിറ്റാണ്ട് ഭരണത്തിൽ മതം നിരോധിച്ചെങ്കിലും മത ചിഹ്നങ്ങൾ നിലനിർത്തിയത് ഇന്ന് ആ നാടിന് അനുഗ്രഹമാകുന്നു എന്ന് വരികൾക്കിടയിൽ നിന്ന് വായിക്കാം.

ലോക ശക്തികളിൽ ഒന്നായിരുന്ന റഷ്യയിലെ നഗരക്കാഴ്ചകളിൽ പറഞ്ഞ അർബാത് തെരുവിലെ ജീവിതങ്ങൾ റഷ്യയെപ്പോലുള്ള ഒരു രാജ്യത്ത് ശരിക്കും സംഭവ്യമോ എന്ന് ചിന്തിച്ചു പോയി. അന്ധവിശ്വാസത്തിന്റെ പ്രണയപ്പൂട്ടും റഷ്യയിൽ ഇത്രയും വേരോടിയതിന്റെ പൊരുളും പിടി കിട്ടുന്നില്ല. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും മികവുപയോഗിച്ച് പടുത്തുയർത്തിയ സോറി കുഴിച്ച് താഴ്ത്തി ഉണ്ടാക്കിയ മോസ്കോ മെട്രോയും ഭൂഗർഭ ബങ്കറും അത്ഭുതാവഹമായ കാഴ്ചകളായി അനുഭവപ്പെട്ടു.

രചയിതാവിന്റെ രാഷ്ട്രീയ ചായ്‌വ് ചിലയിടങ്ങളിലെല്ലാം നിറഞ്ഞ് തുളുമ്പുന്നുണ്ടെങ്കിലും മൊത്തത്തിൽ നേവ മുതൽ വോൾഗ വരെ നല്ലൊരു വായനാനുഭവമാണ് സമ്മാനിക്കുന്നത്. യാത്രയിലെ അനുഭവങ്ങൾക്ക് അൽപം കൂടി സ്ഥാനം നൽകാമായിരുന്നു. മിക്ക കാഴ്ചകളുടെയും ചരിത്രം വിരൽ തുമ്പിൽ ലഭിക്കുന്ന ഇക്കാലത്ത് അവ വളരെയധികം നീട്ടിപ്പറയേണ്ടിയിരുന്നില്ല; എന്നാൽ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ അനുഭവസ്ഥന് മാത്രമേ സാധിക്കൂ എന്നതിനാൽ അതിന് പ്രാധാന്യം നൽകാത്തത് വായനക്കാരനെ സംബന്ധിച്ചിടത്തോളം ഒരു നഷ്ടം തന്നെയാണ്. പുസ്തകത്തിൽ പറഞ്ഞ ചരിത്ര വിവരണങ്ങളെക്കാളും അതിലെ അനുഭവങ്ങൾ ആയിരിക്കും വായനക്കാരെയും സഞ്ചാരികളെയും പുസ്തകത്തോട് അടുപ്പിക്കുക എന്നാണ് എന്റെ അഭിപ്രായം. 

 പുസ്തകം:നേവ മുതൽ വോൾഗ വരെ

 രചയിതാവ് : എസ്. സരോജം 

പ്രസാധകർ: ചിന്ത പബ്ലിഷേഴ്സ്

പേജ്: 144

വില: 180 രൂപ

Tuesday, November 15, 2022

ഒരുമയുടെ രണ്ട് വ്യാഴവട്ടങ്ങൾ

ഇന്ന് 2022 നവംബർ 15. ഇരുപത്തിനാല് വർഷങ്ങൾക്ക് മുമ്പ് 1998 നവംബർ 15 നാണ് മമ്പാടിന് അടുത്ത മേപ്പാടം സ്വദേശി ലുബ്ന എന്റെ ജീവിത സഖിയായത്. മൂന്ന് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും ഈ കാലയളവിനിടക്ക് ദൈവം ഞങ്ങൾക്ക് അനുഗ്രഹിച്ചു നൽകി - അൽഹംദുലില്ലാഹ്.

ഞങ്ങളുടെ ഓരോരുത്തരുടെയും ജന്മദിനത്തിൽ ഒരു തൈ വയ്ക്കുന്ന ശീലം വർഷങ്ങളായി തുടരുന്നു.കഴിഞ്ഞ മൂന്ന് വർഷമായി വിവാഹ വാർഷിക സുദിനത്തിലും ഞങ്ങൾ ഒരു തൈ വീതം പുരയിടത്തിൽ നട്ട് വരുന്നുണ്ട്. കഴിഞ്ഞ വർഷം വച്ച നീർമാതളം  (Click & Read) വലിയ മാറ്റങ്ങളില്ലാതെ നിലനിൽക്കുന്നു . എന്നാൽ 2020 ൽ വച്ച ആയുർജാക്ക്  (Click & Read) അസാധാരണ വളർച്ചയോടെ കഴിഞ്ഞ വർഷം തന്നെ ചക്ക പിടിച്ചു. പക്ഷെ, ചക്കകൾ അതുപോലെ തന്നെ ഉണങ്ങിപ്പോയി. എന്നാൽ ഇത്തവണ ആയുർജാക്ക് ഇരട്ടി സന്തോഷം നൽകി. ചക്ക സീസൺ ആയില്ലെങ്കിലും ആറെണ്ണമാണ്  പൊട്ടി വന്നത്. അതിൽ ചിലത് അത്യാവശ്യം വലിപ്പവും ആയി.

2019 ൽ നട്ട മുന്തിരി വള്ളിയിലും (Click & Read) തൊട്ടടുത്ത വർഷം തന്നെ കായ പിടിച്ചിരുന്നു. എന്റെസ്ഥലം മാറ്റം കാരണം ഒരു വർഷത്തിലേറെയായി അതിനെ ഒട്ടും ശ്രദ്ധിക്കാൻ പറ്റുന്നില്ല. എന്നിട്ടും ടെറസിന്റെ മുകളിൽ ഒരുക്കിയ പന്തലും കവിഞ്ഞ്  അത് പടർന്ന് പിടിക്കുക തന്നെയാണ്. അവിടെയും ഇവിടെയും ഒക്കെയായി മുന്തിരികളും ഉണ്ട്.

ഇത്തവണ മുന്തിരി വള്ളിയിൽ ഒരു അതിഥിയും ചേക്കേറിയിട്ടുണ്ട് - ഒരു നാരായണക്കിളി.കൂട് പെട്ടെന്ന് കണ്ടപ്പോൾ 'തുറക്കാത്ത വാതിലിലെ' ഈ പാട്ടാണ് ഓർമ്മയിൽ വന്നത്.

നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്‌
നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്‌ - ഒരു
നാഴിയിടങ്ങഴി മണ്ണുണ്ട്‌ - അതിൽ
നാരായണക്കിളിക്കൂടു പോലുള്ളൊരു
നാലു കാലോലപ്പുരയുണ്ട്‌
നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്‌ - ഒരു
നാഴിയിടങ്ങഴി മണ്ണുണ്ട്‌...

ഇഷ്ടപ്പെട്ട ഒരു തൈ ലഭിച്ചാലുടനെ ഇരുപത്തിനാലാം വിവാഹ വാർഷിക സുദിനത്തിന്റെ ഓർമ്മയ്ക്കായി ഇത്തവണയും നടണം എന്നുദ്ദേശിക്കുന്നു.

Friday, November 11, 2022

സർഗ്ഗാലയ ക്രാഫ്റ്റ് വില്ലേജ്

പറങ്കികളുടെ കപ്പൽ പടയുടെ നീക്കം വീക്ഷിക്കാൻ കുഞ്ഞാലി മരയ്ക്കാർ  (Click & Read) കയറി നിന്നിരുന്ന കോട്ടയ്ക്കകത്തെ പാറയും അതിന് ചുറ്റുമുള്ള ഇരുപത് ഏക്കർ സ്ഥലവും ഇന്ന് മറ്റൊരു രൂപത്തിലൂടെ സഞ്ചാരികളെ ആകർഷിച്ചു വരുന്നു - കേരള ടൂറിസം വകുപ്പിന്റെ കീഴിൽ സർഗ്ഗാലയ ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് ഇരിങ്ങൽ എന്ന പേരിൽ. ടൂറിസം വകുപ്പിനുവേണ്ടി സർഗ്ഗാലയ ആവിഷ്‌ക്കരിച്ചു പ്രവർത്തിപ്പിക്കുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ്.2010 നവംബർ 14 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ക്രാഫ്റ്റ് വില്ലേജ് ഇന്ന് ഇരിങ്ങലിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.

കരകൗശല തൊഴിലുകളും കൈത്തൊഴിലുകളും പൈതൃകകലകളും അന്യം നിന്ന് പോകുന്ന സാഹചര്യത്തിൽ പ്രാദേശിക കരകൗശല തൊഴിലാളികൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും പ്രദർശിപ്പിക്കാനും വിപണനം നടത്താനും അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ ക്രാഫ്റ്റ് വില്ലേജ് എന്ന ആശയം മുന്നോട്ട് വച്ചത്. ഇപ്പോൾ അറുപതിലധികം സ്റ്റാളുകളിലായി കളിമണ്ണ്,ചൂരൽ,നാരുകൾ,മുള, കയർ,ഷെൽ,തെങ്ങ്, ഈന്തപ്പന, പൈൻ എന്നീ നിരവധി വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നു.കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിന്റെ ബാല പാഠങ്ങൾ അഭ്യസിക്കാനും സൗകര്യമുണ്ട്.പ്രവൃത്തി മേളക്കും ഉപജീവനത്തിനും ഇവ പഠിക്കുന്നവരും ഉണ്ട്.

മനോഹരമായ കോട്ടേജുകളായാണ് സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്. കരകൗശലവസ്തുക്കളിൽ ടെറാക്കോട്ട ആഭരണങ്ങൾ,ഡ്രൈ ഫ്ലവർ, മരയുത്പന്നങ്ങൾ,ചിപ്പിയും മുത്തും കൊണ്ടുള്ള ആഭരണങ്ങളും കൗതുകവസ്തുക്കളും,ലോഹ-കോൺക്രീറ്റ്-കളിമൺ ശില്പങ്ങൾ, കൈത്തറിയുത്പന്നങ്ങൾ,തുണിസഞ്ചികൾ, തുടങ്ങീ നിരവധി ഐറ്റങ്ങളുണ്ട്. ചിരട്ട,ചകിരി,തഴ,പനനാര്,ഈറ്റ,മുള,പനമ്പ്,വൈക്കോൽ തുടങ്ങിയവ കൊണ്ടുള്ള അലങ്കാരവസ്തുക്കളും വീട്ടുപകരണങ്ങളും ആഭരണങ്ങളും കാണാനും വാങ്ങാനും സാധിക്കും.വിവിധ ആവശ്യങ്ങൾക്കുള്ള കളിമൺ പാത്രങ്ങൾ,ചൂരൽ ഉത്പന്നങ്ങൾ, ഗൃഹാലങ്കാരസാമഗ്രികൾ,വസ്ത്രങ്ങൾ തുടങ്ങിയവയുടെ ശേഖരവുമുണ്ട്.പകൽ സമയത്ത് എത്തിയാൽ ഇവയെല്ലാം കാണുകയും വാങ്ങുകയും ചെയ്യുന്നതോടൊപ്പം ഇവയുടെ നിർമ്മാണവും കാണാം.

കുടുംബവുമായി എത്തുന്നവർക്ക് ഇരിങ്ങൽ പുഴയിൽ സ്പീഡ്/പെഡൽ ബോട്ടിങ് സൗകര്യവുമുണ്ട്.അക്വേറിയവും എംപോറിയവും നാടൻ വിഭവങ്ങളുള്ള ഭക്ഷണശാലയും, അതിവിശാലമായ പാർക്കിങ് സൗകര്യവും എല്ലാം ക്രാഫ്റ്റ് വില്ലേജിന്റെ ആകർഷണങ്ങളാണ്. എല്ലാ വർഷവും ഡിസംബർ-ജനുവരി മാസങ്ങളിലായി നടത്തുന്ന ദേശീയകരകൗശലമേളയിൽ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള കരകൗശലവിദഗ്ദ്ധരും കലാകാരന്മാരും പങ്കെടുക്കാറുണ്ട്.നാടിന്റെ ഉത്സവമായ പ്രസ്തുത മേള ലക്ഷങ്ങളെ ആകർഷിച്ചുവരുന്നു.

മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 40 രൂപയും പാർക്കിങ്ങിന് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്.സ്‌കൂൾ വിനോദയാത്രാ സംഘങ്ങൾക്ക് പ്രത്യേക പാക്കേജും ലഭ്യമാണ്.രാവിലെ പത്തു മണി മുതൽ വൈകുന്നേരം എട്ട് മണി വരെയാണ് പ്രവർത്തന സമയം. തിങ്കളാഴ്ച അവധിയാണ്. എന്നാൽ പൊതുഅവധി ദിനങ്ങളായ തിങ്കളാഴ്ചകളിൽ സര്‍ഗ്ഗാലയ പ്രവർത്തിക്കും.    

 

Thursday, November 10, 2022

കുഞ്ഞാലി മരയ്ക്കാർ മ്യൂസിയം

മിനി ഗോവയിൽ  (Click & Read) നിന്നും ഒരു വിളിപ്പാടകലെയാണ് ഇരിങ്ങൽ എന്ന സ്ഥലം. ഇരിങ്ങൽ എന്ന് കേട്ടിട്ടില്ലെങ്കിലും കുഞ്ഞാലി മരക്കാർ എന്ന് കേൾക്കാത്തവർ ചുരുക്കമായിരിക്കും. അതെ, സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ തലവനും പോർച്ചുഗീസ് സൈന്യത്തിന്റെ തലവേദനയും ആയിരുന്ന കുഞ്ഞാലി മരയ്ക്കാർ നാലാമൻ താമസിച്ചിരുന്ന നാടാണ് ഇരിങ്ങൽ.


 കുഞ്ഞാലി മരയ്ക്കാർ മൂന്നാമൻ എന്നറിയപ്പെട്ട പട്ടു മരയ്ക്കാർ ആയിരുന്നു സാമൂതിരിയുടെ സഹായത്തോടെ ഇരിങ്ങലിൽ കോട്ട പണിതത്.  ഒരു നഗരത്തോളം വലിപ്പമുണ്ടായിരുന്ന കോട്ട പണിതതോടെ സാമൂതിരിയുടെ നാവികപ്പടക്ക് മുമ്പിൽ പോർച്ചുഗീസുകാർ തലകുനിച്ചു.കുഞ്ഞാലി മരയ്ക്കാർ നാലാമൻ അധികാരമേറ്റതോടെ പോർച്ചുഗീസ് മാതൃകയിൽ കോട്ട നവീകരിക്കുകയും ചെയ്തു.എന്നാൽ സാമൂതിരി തന്നെ തന്റെ നാവികത്തലവനെ ചതിയിലൂടെ പോർച്ചുഗീസുകാർക്ക് സമ്മാനിച്ചു.കോട്ട കീഴടക്കിയ പറങ്കിപ്പട്ടാളം കോട്ടയും കെട്ടിടങ്ങളും പള്ളിയും ഇടിച്ചു നിരപ്പാക്കി.

കുഞ്ഞാലി മരയ്ക്കാർ നാലാമൻ താമസിച്ചിരുന്ന വീടിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഇന്ന് നിലവിലുള്ളത്.പുല്ല് മേഞ്ഞിരുന്ന വീട് ഓട് മേഞ്ഞ് മിനുക്കിയിട്ടുണ്ട്. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ .മ്യൂസിയത്തിൽ പ്രവേശിക്കാൻ മുതിർന്നവർക്ക് 10 രൂപയും കുട്ടികൾക്ക് 5 രൂപയും നൽകണം. രാവിലെ 9മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പ്രവേശനം.തിങ്കളാഴ്ച അവധിയാണ്. കോട്ടയുടെ മുഴുവൻ രൂപവും മരക്കാർമാരുടെ ചരിത്രവും മ്യൂസിയത്തിൽ നിന്ന് കണ്ടും കേട്ടും അറിയാം. സമീപ പ്രദേശങ്ങളിൽ നിന്നും ലഭിച്ച ചില പുരാവസ്തുക്കളും പ്രദർശനത്തിന് വച്ചിട്ടുണ്ട്.


 മ്യൂസിയത്തിൽ നിന്നും അൽപം കൂടി മുന്നോട്ട് പോയാൽ കുഞ്ഞാലി മരയ്ക്കാർ മസ്ജിദ് കാണാം. പോർച്ചുഗീസുകാരുടെ സിംഹാസനം പള്ളിയിലെ മിമ്പറായും (പ്രസംഗപീഠം ) പ്രത്യേക തരത്തിലുള്ള വാൾ വെള്ളിയാഴ്ചകളിലെ ഖുത്തുബക്കും ഉപയോഗിക്കുന്നുണ്ട് എന്നും അത് ആ ദിവസം മാത്രമേ കാണാൻ സാധിക്കൂ എന്നും മ്യൂസിയത്തിൽ നിന്നും പറഞ്ഞു.എങ്കിലും ഒന്ന് പോയി നോക്കാം എന്ന് കരുതി ഞങ്ങളവിടെ എത്തി.

ളുഹർ നമസ്കാരത്തിന്റെ സമയമായതിനാൽ പള്ളി തുറന്നിരുന്നു. അകം പള്ളിയിലായിരുന്നു നമസ്കാരം. നമസ്കാര ശേഷം, മിമ്പറാക്കിയ സിംഹാസനവും വാളും എല്ലാം ഞങ്ങൾ കൺമുന്നിൽ കണ്ടു. ചരിത്ര പ്രധാനമായ ഒരു വിളക്കും മറ്റൊരു വസ്തുവും കൂടി പള്ളിക്കകത്ത് ഉണ്ടായിരുന്നു.
സിംഹാസനം
വാൾ മൂലയിൽ ചാരിവച്ച നിലയിൽ
വിളക്ക്

പള്ളിക്കമ്മറ്റി പ്രസിഡണ്ട് മമ്മു സാഹിബിനോട് ആ നാടിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. അരീക്കോട് നിന്നാണ് എന്നറിയിച്ചപ്പഴാണ് പള്ളി ഇമാം അരീക്കോട്ടുകാരനാണ് എന്നറിഞ്ഞത്. അതോടെ പറങ്കികളുടെ വാൾ കയ്യിലെടുത്ത് നോക്കാനും ആരും കയറി നോക്കാത്ത പള്ളിയുടെ മുകൾ നില കാണാനും എല്ലാം അനുവാദം ലഭിച്ചു. 
അങ്ങനെ കുഞ്ഞാലി മരയ്ക്കാരുടെ പള്ളിയും ചരിത്രവും എല്ലാം വിശദമായി കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ് ഞങ്ങൾ അടുത്ത കേന്ദ്രത്തിലേക്ക് നീങ്ങി.

Tuesday, November 08, 2022

മിനി ഗോവ

നാടുകളനവധി തെണ്ടിയുട്ടെണ്ടെങ്കിലും ഗോവ ഇന്നും ഞാൻ എത്തിപ്പെടാത്ത സ്ഥലങ്ങളിൽ ഒന്നാണ്.കടൽതീരവും അതോടനുബന്ധിച്ചുള്ള ടൂറിസവും വ്യവസായവും ആണ് ഗോവയിൽ കാണാനുള്ളത് എന്ന് മനസ്സിൽ ആരോ പറഞ്ഞിട്ടതിനാലാണ് ആ വഴി പോകാൻ മനസ്സ് വരാത്തത്.എന്നാൽ പോർട്ടുഗീസ് ആധിപത്യത്തിന്റെ നിരവധി ശേഷിപ്പുകൾ ഗോവയിലുണ്ട്. അതിനാൽ  തന്നെ പുരാതന കാലത്തേക്ക് ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്കും ഗോവ ഇഷ്ടമാകും.

ഗോവ കാണാനുള്ള ആഗ്രഹം മനസ്സിൽ നട്ടു വളർത്തിക്കൊണ്ട് വരുമ്പോഴാണ് കേരളത്തിൽ ഒരു മിനി ഗോവ ഉണ്ടെന്ന് അറിഞ്ഞത്.അതും വീട്ടിൽ നിന്ന് വെറും എഴുപത് കിലോമീറ്റർ ദൂരത്തിൽ, രണ്ട് മണിക്കൂർ ഡ്രൈവ് ചെയ്‌താൽ എത്താവുന്ന അത്രയും അടുത്ത്!!കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് ഇരിങ്ങലിലാണ് മിനി ഗോവ സ്ഥിതി ചെയ്യുന്നത്.കോട്ടപ്പുറം ബീച്ച് ആണ് ഇന്ന് മിനി ഗോവ എന്നും പാവപ്പെട്ടവന്റെ ഗോവ എന്നും ഒക്കെ അറിയപ്പെടുന്നത്.

എന്തുകൊണ്ട് ഈ പേര് വന്നു എന്നത് എനിക്കജ്ഞാതമാണ്.പക്ഷെ ഗോവ താവളമാക്കിയിരുന്ന പോർട്ടുഗീസുകാരെ വിറപ്പിച്ച കുഞ്ഞാലി മരക്കാർ താമസിച്ചിരുന്നത് ഇവിടെ നിന്ന് ഒരു വിളിപ്പാടകലെ മാത്രമായിരുന്നു എന്നത് ഈ പേരുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഗവേഷണം നടത്തേണ്ടി വരും.
പേരുകേട്ട വടകര സാന്റ്ബാഗ്‌സിന്റെ മറു തീരമാണ് മിനി ഗോവ.

മിനി ഗോവ എന്ന് ഗൂഗിൾ മാപ്പിൽ പരതി നോക്കിയാലോ റോഡിൽ കാണുന്ന സൈൻ ബോർഡുകളിൽ നോക്കിയാലോ നിങ്ങൾക്ക് മിനി ഗോവയിൽ എത്താൻ സാധ്യമല്ല.കാരണം ഇപ്പറഞ്ഞ സ്ഥലത്തൊന്നും മിനി ഗോവ സ്ഥാനം പിടിച്ചിട്ടില്ല.പയ്യോളിക്കടുത്ത് കടലാമ സംരക്ഷണത്തിന് പേരുകേട്ട  കൊളാവിപ്പാലം  (Click & Read) കഴിഞ്ഞുവേണം മിനി ഗോവയിൽ എത്താൻ. കൊളാവിപ്പാലത്ത് നിന്നും രണ്ട് കിലോമീറ്റർ കൂടി കടലിന് സമാന്തരമായി മുന്നോട്ട് പോയാൽ വിശാലമായ ഒരു സ്വകാര്യ പറമ്പിൽ റോഡ് അവസാനിക്കും. കാർ പാർക്കിംഗിനുള്ള ഏരിയയാണ് അത്. സമീപത്തെ വീട്ടുകാരാണ് ഈ സ്ഥലം ഒരുക്കിയിരിക്കുന്നത്. 20 രൂപയാണ് പാർക്കിംഗ് ചാർജ്ജ്.

വണ്ടി നിർത്തി ഞങ്ങൾ ഇറങ്ങി നടന്നു. പോകുന്ന വഴിയിൽ ഏതോ കാലത്ത് കരക്കടിഞ്ഞ ഒരു കപ്പലിന്റെ (അല്ലെങ്കിൽ വലിയൊരു ബോട്ടിന്റെ ) യന്ത്രഭാഗങ്ങൾ കാണാം. തുരുമ്പെടുത്ത് നശിച്ച് പോകുന്ന അത് എന്തുകൊണ്ട് ആരും തിരിഞ്ഞ് നോക്കുന്നില്ല എന്നത് ദുരൂഹമാണ്.


 ഒരാൾക്ക് മാത്രം കടന്ന് പോകാവുന്ന കുറ്റിക്കാടുകൾക്കിടയിലൂടെയുള്ള വഴിയും താണ്ടി ഞങ്ങൾ മനോഹരമായ ഒരു കനോപിയിലേക്ക് പ്രവേശിച്ചു. വീതിയേറിയ വഴിക്ക് പന്തലിട്ട പോലെ ഇരുവശത്ത് നിന്നും വളർന്ന് നിൽക്കുന്ന അധികം ഉയരമില്ലാത്ത മരങ്ങൾ. ആ വഴിയുടെ അവസാനത്തിൽ എത്തുമ്പോൾ കാണുന്ന വിശാലമായ പഞ്ചാരമണൽപ്പരപ്പും ഹരിതാഭമായ കണ്ടൽകാടുകളും ചേർന്നൊരുക്കിയ പ്രകൃതി രമണീയമായ സ്ഥലമാണ് മിനി ഗോവ. 

"സേവ് ദി ഡേറ്റ് " വീഡിയോക്കാരുടെ പറുദീസയാണ് മിനി ഗോവ. കുറ്റ്യാടിപ്പുഴ കടലിൽ വന്ന് ചേരുന്ന ഈ സ്ഥലം നേരിട്ട് കാണുന്ന പോലെ അത്ര സുരക്ഷിതമല്ല. ആഴം കുറഞ്ഞ സ്ഥലമെന്ന് തോന്നുമെങ്കിലും വെള്ളത്തിൽ ഇറങ്ങുന്നത് അപകടം ക്ഷണിച്ച് വരുത്തും.

തേക്കടിയിൽ കാണുന്ന പോലെയുള്ള മരക്കുറ്റികളും ഇടതൂർന്ന് വളർന്ന് നിൽക്കുന്ന കണ്ടൽക്കാടുകളും തറ പോലെ ഉറച്ച മണൽപ്പരപ്പും പുഴയും കടലും എല്ലാം കൂടി സൃഷ്ടിച്ചെടുക്കുന്ന സൗന്ദര്യം വാക്കുകൾക്കതീതമാണ്. സഞ്ചാരികൾ ഏറെയൊന്നും എത്തിപ്പെടാത്തതിനാൽ മനസ്റ്റ് നിറയും വരെ പ്രകൃതി ആസ്വദിക്കാനും സാധിക്കും. 

വീഡിയോ ഷൂട്ടിംഗിനും മറ്റും എത്തുന്നവരും കുടുംബ സമേതം എത്തുന്നവരും  ഉച്ചഭക്ഷണം ആവശ്യമുണ്ടെങ്കിൽ പാർക്കിംഗ് ഏരിയയിലെ വീട്ടിൽ നേരത്തെ പറഞ്ഞ് ഏൽപ്പിക്കണം (ഫോൺ:9846807049).അടുത്തെവിടെയും ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളില്ല.നേരം ഇരുട്ടുന്നതിന് മുമ്പ് ഇവിടെ നിന്ന് തിരിച്ച് പോകുന്നതാണ് ഉത്തമം. ആൾ താമസമുള്ള സ്ഥലങ്ങളിൽ നിന്ന് ഏറെ അകലെ ആയതിനാൽ സാമൂഹ്യവിരുദ്ധരുടെ ശല്യം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്. 

കോഴിക്കോട് ജില്ലയിൽ ഇങ്ങനെ ഒരു സ്ഥലം ഉള്ളതായി പലർക്കും അറിയില്ല. ഒരിക്കൽ ഇവിടെ എത്തിയാൽ മിനി ഗോവ നിങ്ങളെ വീണ്ടും മാടി വിളിക്കും എന്ന് തീർച്ചയാണ്.


 

Monday, November 07, 2022

കൊളാവിപ്പാലം

കടലാമ സംരക്ഷണത്തിന് ലോകത്ത് തന്നെ പേരുകേട്ട സ്ഥലമാണ് വടകരക്കടുത്തുള്ള കൊളാവിപ്പാലം.എന്നാൽ  ആമ സംരക്ഷണ കേന്ദ്രത്തിൽ ആമയുണ്ടാകും എന്ന ധാരണ ഇവിടേക്കുള്ള മുൻ സന്ദർശനത്തോടെ തന്നെ എനിക്ക് ഇല്ലാതായിരുന്നു.അന്ന് പൂട്ടിക്കിടന്ന കേന്ദ്രം ഇത്തവണ തുറന്നു കണ്ടതും മുന്നിൽ മൂന്ന് പെൺകുട്ടികൾ സംസാരിച്ച് ഇരിക്കുന്നത് കണ്ടതും കൊണ്ട് ഞാൻ കാർ നിർത്തി അന്വേഷിച്ചു.കേന്ദ്രം, ഒരാഴ്ച മുമ്പ് വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചു എന്നും അകത്ത് ആമയുണ്ട് എന്നും അറിഞ്ഞതോടെ ഞങ്ങൾ പ്രതീക്ഷയോടെ കാറിൽ നിന്നിറങ്ങി.

വലിയൊരു അസ്ഥികൂടമാണ് കേന്ദ്രത്തിനകത്തെ പ്രഥമ കാഴ്ചവസ്തു. പ്രസ്തുത അസ്ഥികൂടം നീലത്തിമിംഗലത്തിന്റെതാണെന്നും, അല്പം അകലെ കെട്ടിടത്തിന്റെ മോന്തായത്തിൽ തട്ടുന്ന വിധത്തിൽ ചാരിവച്ചിരിക്കുന്നത് അതിന്റെ താടി എല്ലാണെന്നും വിവരം കിട്ടി.പുറത്തിരുന്ന പെൺകുട്ടികളിൽ ഒരാളായ അനാമിക ഞങ്ങൾക്ക് കാര്യങ്ങൾ വിശദീകരിച്ച് തന്നു.ഡിഗ്രിക്ക് പഠിക്കുന്ന അനാമിക,കടലാമ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന "തീരം" എന്ന പ്രകൃതി സംരക്ഷണ സമിതിയുടെ പ്രവർത്തക കൂടിയാണ്.

ചുമർ നിറയെ ആമകളെപ്പറ്റി അറിവ് നൽകുന്ന പലതരം പോസ്റ്ററുകൾ പതിച്ചതിൽ ഒന്ന് എൻറെ ശ്രദ്ധ പിടിച്ചുപറ്റി."അരിബാഡ" (arribada) എന്ന ആ പോസ്റ്ററിൽ കടലാമകൾ കൂട്ടം കൂട്ടമായി കരയിലേക്ക് വരുന്നതാണ് കണ്ടത്.സ്പാനിഷ് വാക്കായ arribadaയുടെ അർത്ഥം "arrival by sea” എന്നാണെന്ന് ഗൂഗിൾ പറഞ്ഞ് തന്നു.Olive Ridley ഇനത്തിൽപെട്ട ആയിരക്കണക്കിന് കടലാമകൾ മുട്ടയിടാൻ കരക്ക് കയറുന്ന പ്രതിഭാസമാണ് "അരിബാഡ" എന്ന് ചുരുക്കിപ്പറയാം.പോസ്റ്ററിൽ കാണുന്നപോലെ കൊളാവിപ്പാലത്തും ഉണ്ടാകാറുണ്ടോ എന്ന ചോദ്യത്തിന് ആൾപ്പെരുമാറ്റം ഉള്ള സമയത്ത് ആമ കരക്ക് കയറില്ല എന്നായിരുന്നു അനാമികയുടെ മറുപടി.മാത്രമല്ല ആ പോസ്റ്ററിൽ കാണുന്നപോലെ ഇതുവരെ കൊളാവിപ്പാലത്ത് കണ്ടിട്ടില്ല എന്നും അറിയിച്ചു.ആമ മുട്ടയിട്ട് മണലിട്ട് മൂടി തിരിച്ചു പോകും. കുറുക്കനും കീരിയും അത് കണ്ടെത്തി ഭക്ഷണമാക്കും.

തീരത്ത് കാണുന്ന ആമ മുട്ടകൾ ശേഖരിച്ച് മണൽപ്പരപ്പിൽ തന്നെ രണ്ടടി ആഴത്തിൽ കുഴിയെടുത്ത് പ്രത്യേകം തയ്യാറാക്കിയ ഹാച്ചറിയിൽ നിക്ഷേപിക്കും.45 മുതൽ 60 ദിവസത്തിനകം അത് വിരിഞ്ഞ് ആമക്കുഞ്ഞുങ്ങൾ പുറത്ത് വരും.അവയെ കടലിലേക്ക് തന്നെ തിരിച്ച് വിടും.ഓഗസ്റ്റ് മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് ആമകൾ സാധാരണ മുട്ടയിടുന്നത്.ഈ ആമക്കുഞ്ഞുങ്ങളെ എങ്ങോട്ട് തിരിച്ച് വിട്ടാലും അത് പടിഞ്ഞാറേക്ക് നീങ്ങി കടലിൽ എത്തും എന്നും അനാമിക പറഞ്ഞു തന്നു.

സംരക്ഷണകേന്ദ്രത്തിലെ ഒരു ടാങ്കിൽ രണ്ട് വലിയ ആമകളെയും കണ്ടു.അവയിൽ ഒന്ന് നീന്താൻ കഴിയാതെ നിൽക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് ഒരു കൈ നഷ്ടപ്പെട്ടത് കണ്ടത്.ഇങ്ങനെ പരിക്ക് പറ്റുന്ന ആമകളെ സംരക്ഷിക്കാനും "തീരം" ശ്രദ്ധിക്കാറുണ്ട്.മറ്റു ആമകളെപ്പോലെ തലയും കാലും ഉള്ളിലേക്ക് വലിക്കാൻ ഈ ആമകൾക്ക് കഴിയില്ല എന്നും അനാമിക പറഞ്ഞു.ഇങ്ങനെ നിരവധി അറിവുകളാണ് കൊളാവിയിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചത്.യാതൊരു തരത്തിലുള്ള ഫീസും ഇവിടെ ഈടാക്കുന്നില്ല.കൊളാവിപ്പാലത്ത് നിന്നും അല്പം കൂടി മുന്നോട്ട് പോയാൽ പ്രകൃതി ഒരുക്കിയ "മിനി ഗോവ" യിൽ എത്താം.