Pages

Wednesday, July 30, 2008

വിദ്യാസമ്പന്നന്റെ സംസ്കാരം

മാനന്തവാടിയില്‍ നിന്നും കുടുംബ സമേതം നാട്ടിലേക്ക്‌ പോകുന്ന ഒരു ദിവസം.കല്‍പറ്റയില്‍ നിന്നും കുറേ പേര്‍ ബസ്സില്‍ കയറി.അവരില്‍ അല്‍പം മുഷിഞ്ഞ വേഷധാരിയായ ഒരാളും ഉണ്ടായിരുന്നു.പിന്നെ കുറേ പിള്ളേരും.ഞാനിരിക്കുന്ന സീറ്റില്‍ മൂന്ന് പേര്‍ക്ക്‌ ഇരിക്കാമെങ്കിലും ഞാനും ഭാര്യയും കുട്ടിയും അടക്കം രണ്ടര സീറ്റേ ടിക്കറ്റ്‌ പ്രകാരം ഞങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ടിരുന്നുള്ളൂ.അതിനാല്‍ അയാളെ ഞാന്‍ എന്റെ സീറ്റിലേക്ക്‌ ക്ഷണിച്ചു.അയാള്‍ വന്നിരിക്കുകയും ചെയ്തു. ബസ്‌ നീങ്ങാന്‍ തുടങ്ങി.സീറ്റിലിരിക്കുന്ന യാത്രക്കാര്‍ തങ്ങളുടേതായ സ്വപ്നങ്ങളിലേക്ക്‌ ഊളിയിട്ടു കൊണ്ടിരുന്നു.സീറ്റില്‍ ചാരി നിന്നിരുന്ന വിദ്യാര്‍ത്ഥികള്‍ പലതും പറഞ്ഞ്‌ ചിരിക്കാനും ബഹളം വയ്ക്കാനും തുടങ്ങി. പിള്ളേരുടെ ശബ്ദം എനിക്ക്‌ അരോചകമായി തോന്നി. പെട്ടെന്ന് എന്റെ സഹസീറ്റുകാരന്‍ കുട്ടികളില്‍ ഒരാളെ വിളിച്ചു ചോദിച്ചു. "നീ എന്തിനാ പഠിക്കുന്നത്‌ ?" "ഡിഗ്രിക്ക്‌" "നിന്റെ അച്ഛനമ്മമാര്‍ കാശും തന്ന് നിന്നെ ഡിഗ്രിക്ക്‌ വിടുന്നത്‌ ഇതിനാണോ?" "എന്താ ?" ചോദ്യത്തിന്റെ പൊരുള്‍ മനസ്സിലാകാതെ പയ്യന്‍ ചോദിച്ചു. "കുറേ നേരമായി ഞാന്‍ ശ്രദ്ധിക്കുന്നു.എന്തൊരു ബഹളമാ നിങ്ങളീ സൃഷ്ടിക്കുന്നത്‌? ബസ്സില്‍ നിങ്ങളെ കൂടാതെ ധാരാളം പേര്‍ യാത്ര ചെയ്യുന്നത്‌ നിങ്ങള്‍ കാണുന്നില്ലേ?" "ഓ...പക്ഷേ ബസ്സില്‍ പുകവലിക്കരുത്‌ എന്ന് എഴുതി വച്ച പോലെ സംസാരിക്കരുത്‌ എന്ന് എവിടെയും എഴുതി വച്ചിട്ടില്ലല്ലോ ചേട്ടാ....ഹ...ഹാ...." പിള്ളേര്‍ മൊത്തം പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. "ങാ ഹാ...അപ്പോള്‍ എഴുതി വച്ചില്ലെങ്കില്‍ എന്തും ചെയ്യാമെന്നാണോ ? നീ കാശ്‌ കൊടുത്തില്ലേ ? അത്‌ എവിടെയെങ്കിലും എഴുതി വച്ചിട്ടാണോ കൊടുത്തത്‌?" "അത്‌....ഒരു സാമാന്യ മര്യാദ...." ഉത്തരം മുട്ടിയ പയ്യന്‍ തല ചൊറിഞ്ഞുകൊണ്ട്‌ പറഞ്ഞു. അപ്പോള്‍ എന്റെ സഹയാത്രികന്‍ അവരോടായി പറഞ്ഞു. "വിദ്യാഭ്യാസം ഉണ്ടായിട്ട്‌ കാര്യമില്ല.അതിനൊത്ത സംസ്കാരം കൂടി നാം വളര്‍ത്തി എടുക്കണം.ഡിഗ്രിയും പിജിയും ഒരു പക്ഷേ എങ്ങനെയെങ്കിലും ലഭിക്കും.സംസ്കാരം അങ്ങനെയല്ല.അത്‌ അറിവിനും വളര്‍ച്ചക്കും അനുസരിച്ച്‌ സ്വയം ആര്‍ജ്ജിക്കണം.ഇതു പോലെയുള്ള അവസരങ്ങളില്‍ നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവര്‍ക്ക്‌ ശല്യമാകുന്നുണ്ടോ എന്ന് യുവാക്കളായ നിങ്ങള്‍ ശ്രദ്ധിക്കണം.യുവാക്കള്‍ നന്നായാലേ ഒരു സമൂഹം നന്നാവൂ.സമൂഹം നന്നായാല്‍ ലോകവും നന്നാകും.തീര്‍ച്ചയായും ഇന്നത്തെ നിങ്ങളുടെ പെരുമാറ്റം പലരെയും ശല്യപ്പെടുത്തുകയും അലോസരപ്പെടുത്തുകയും ചെയ്തിട്ടുണ്ടാകും.അതു പോട്ടെ.നാളെ മുതല്‍ ഇതാവര്‍ത്തിക്കില്ല എന്ന് നിങ്ങള്‍ സ്വയം തീരുമാനിക്കുക.അതനുസരിച്ച്‌ പ്രവര്‍ത്തിക്കുക...." "ശരി ചേട്ടാ....ഇനി ഞങ്ങള്‍ ശ്രദ്ധിക്കാം....ഞങ്ങള്‍ക്ക്‌ ഇറങ്ങാറായി....താങ്കളുടെ വിലപ്പെട്ട നിര്‍ദ്ദേശത്തിന്‌ നന്ദി..." പിള്ളേര്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ഞാന്‍ അയാളെ പരിചയപ്പെടാന്‍ തീരുമാനിച്ചു. (തുടരും..)

Tuesday, July 22, 2008

കാരണം

ബസ്‌ ചാര്‍ജ്ജ്‌ വര്‍ദ്ധന, കറന്റ്‌ ചാര്‍ജ്ജ്‌ വര്‍ദ്ധന, വിലക്കയറ്റം........

കര്‍ക്കിടകത്തില്‍ ഇതുവരെ ഒരു തുള്ളി പോലും ഇറ്റാത്ത മഴ.....

അദ്ധ്യാപകനെ വരെ ചവിട്ടിക്കൊല്ലുന്ന കലികാലം........

പിന്നെ........

എനിക്ക്‌ ചികുന്‍ ഗുനിയയും........

ഇതൊന്നും താങ്ങാന്‍ കഴിവില്ലാത്തതിനാലാവും, കര്‍ഷകനും അദ്ധ്യാപകനും മക്കളെ അതിരറ്റ്‌ സ്നേഹിച്ചവനുമായിരുന്ന എന്റെ ബാപ്പയെ ദൈവം നേരത്തെ തിരിച്ചു വിളിച്ചത്‌.

Sunday, July 13, 2008

അല്‍പ കാലത്തേക്ക്‌ വിട പറയുന്നു....

പ്രിയ ബൂലോകരേ.....

എന്റെ പിതാവിന്റെ ആകസ്മിക മരണം ബൂലോക വാസികളെ അറിയിക്കാനായി ഞാന്‍ പോസ്റ്റ്‌ ഇട്ടിരുന്നു.ബൂലോകത്തെ ധാരാളം പേര്‍ എന്റെയും കുടുംബത്തിന്റെയും ദു:ഖത്തില്‍ പങ്ക്‌ ചേര്‍ന്നു.എല്ലാവര്‍ക്കും നന്ദി.

അനോണിയായി വന്ന് ഒരു സുഹൃത്ത്‌ എന്റെ മറ്റൊരു പോസ്റ്റിനെക്കുറിച്ച്‌ ചോദിക്കുകയുണ്ടായി.

പ്രിയ സുഹൃത്തേ....ആ പോസ്റ്റ്‌ ബാപ്പയുടെ മരണത്തിനു മുമ്പേ ,Blogger ല്‍ ഉള്ള posting option ഉപയോഗിച്ച്‌ schedule ചെയ്തിട്ടതായിരുന്നു.അതേ പോലെ കമന്റ്‌ ബോക്സിന്റെ മുകളിലുള്ള സ്വന്തം കമന്റ്‌ ആ നിര്‍ണ്ണായക നിമിഷത്തില്‍ എന്റെ ശ്രദ്ധയില്‍ നിന്നു വിട്ടു പോയി.(തെറ്റ്‌ ചൂണ്ടിക്കാട്ടിയതിന്‌ നന്ദി)

നേരത്തെ തയ്യാറാക്കി വച്ച ഒരു പോസ്റ്റ്‌ കൂടി കഴിഞ്ഞ ആഴ്ച നല്‍കിയപ്പോഴും അനോണി സുഹൃത്ത്‌ രോഷം കൊള്ളുന്നത്‌ കണ്ടു.

ഇപ്പോള്‍ ഞാനും കിടപ്പിലായതിനാല്‍ ബൂലോകത്ത്‌ നിന്നും അല്‍പ കാലത്തേക്ക്‌ വിട്ടു നില്‍ക്കാന്‍ ആലോചിക്കുന്നു.ഇതുവരെ പ്രോല്‍സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചുകൊണ്ട്‌ വിട പറയട്ടെ.....

Wednesday, July 09, 2008

കാര്യം നിസ്സാരം....പക്ഷേ....

എന്റെ പെങ്ങള്‍ താമസിക്കുന്നത്‌ മേലാറ്റൂരിനടുത്ത്‌ ഉച്ചാരക്കടവിലാണ്‌.അവളെയും കുടുംബത്തേയും സന്ദര്‍ശിക്കാന്‍ ഞാനോ അനിയനോ ഒറ്റക്കോ കുടുംബസമേതമോ ഇടക്കിടെ അവിടെ പോകും.അതിലും ഏറെ തവണ അവള്‍ ഞങ്ങളുടെ വീട്ടില്‍ വരും. ഈ അടുത്ത്‌ ഒരു ദിവസം ഞാന്‍ ഒറ്റക്ക്‌ മേലാറ്റൂരിലേക്ക്‌ പുറപ്പെട്ടു.മഞ്ചേരിയില്‍ നിന്നും നേരിട്ടുള്ള ബസ്‌ കാണാത്തതിനാല്‍ ഞാന്‍ പാണ്ടിക്കാട്ടേക്ക്‌ കയറി.അവിടെ നിന്നും മറ്റൊരു ബസില്‍ കയറി മേലാറ്റൂരിലെത്താനായിരുന്നു പ്ലാന്‍.മുറിച്ച്‌ മുറിച്ചുള്ള ഈ യാത്ര പതിവില്ലാത്തതിനാല്‍ പിന്നിട്ട ദൂരം , ചാര്‍ജ്ജ്‌ എന്നിവയെക്കുറിച്ചോ പിന്നിടാനുള്ള ദൂരം , ചാര്‍ജ്ജ്‌ എന്നിവയെക്കുറിച്ചോ വ്യക്തമായ ധാരണ ഇല്ലായിരുന്നു. പാണ്ടിക്കാട്‌ ബസ്സ്റ്റാന്റില്‍ കുറച്ച്‌ അധിക നേരം തന്നെ ബസ്‌ കാത്തു നില്‍ക്കേണ്ടി വന്നു.മേലാറ്റൂര്‍ വരെ പോകുന്ന ബസ്‌ വന്നപ്പോള്‍ എവിടെ നിന്നൊക്കെയോ കുറേ ആളുകള്‍ ഓടിക്കൂടി.ബസില്‍ നിന്നും ഇറങ്ങുന്നവരെ ശരിയായി ഇറങ്ങാന്‍ പോലും സമ്മതിക്കാതെ ജനം ബസ്സിനുള്ളിലേക്ക്‌ ഇരച്ചു കയറി.എന്റെ "തടിമിടുക്ക്‌" , ഈ തിരക്കില്‍ നിന്നും മാറിനില്‍ക്കാന്‍ എന്നെ ഉപദേശിച്ചു. തിരക്കൊഴിഞ്ഞ ശേഷം ഞാനും അതേ ബസ്സില്‍ കയറി.ഉന്തിത്തള്ളി കയറിയവര്‍ സീറ്റുകളില്‍ ഇരിപ്പുറപ്പിച്ച്‌ തിരക്കിയതിന്റെ വീരഗാഥകള്‍ പാടുന്നുണ്ട്‌.ഇതിനിടയില്‍ കണ്ടക്ടര്‍ വന്നു.ഞാന്‍ മേലാറ്റൂരിലേക്ക്‌ ടിക്കറ്റ്‌ എടുത്തു.വെറും അഞ്ച്‌ രൂപ!!! ഈ അഞ്ച്‌ രൂപ ദൂരത്തിനായിരുന്നോ ഈ ജനം ഇത്രയും ശക്തിയില്‍ തിക്കിത്തിരക്കി കയറിയത്‌?എത്ര പേര്‍ക്ക്‌ അത്‌ കൊണ്ട്‌ ഉപദ്രവങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായി? ആലോചിച്ചപ്പോള്‍ എനിക്ക്‌ അത്ഭുതം തോന്നി. നിസ്സാര കാര്യങ്ങള്‍ക്ക്‌ വരെ അനാവശ്യ വാശിയും ത്വരയും പ്രകടിപ്പിക്കുന്ന ഒരു സമൂഹമായി നാം മാറിയിരിക്കുന്നു.അല്‍പ നേരത്തേക്ക്‌ വേണ്ടിയുള്ള ഒരു സ്വാര്‍ത്ഥസുഖത്തിന്‌ , ചുറ്റുമുള്ള എത്ര പേരെ നാം ഉപദ്രവിക്കുന്നു എന്ന് വെറുതെ ഒരു കണക്കെടുപ്പ്‌ നടത്തി നോക്കുക.താന്‍ കാരണം മറ്റുള്ളവര്‍ കഷ്ടപ്പെടുന്ന അവസ്ഥ പരമാവധി കുറക്കുക.ജീവിത യാത്രയിലെ ഏത്‌ രംഗത്തും ഈ നയം പിന്തുടരുക.