Pages

Monday, May 31, 2021

രണ്ട് ക്ലാസ്സുകൾ

             കോവിഡ് രണ്ടാം തരംഗം നാട്ടിലാകെ താണ്ഡവമാടുമ്പോൾ വീട്ടിൽ അടച്ചു പൂട്ടിയിരിക്കുകയല്ലാതെ മറ്റു നിർവ്വാഹമൊന്നുമോ ഇല്ലായിരുന്നു. മലപ്പുറം ജില്ലയിൽ മൂന്നാഴ്ചയോളം മുപ്പൂട്ട് ( എല്ലാം ചുരുക്കിപ്പറയുന്ന മലപ്പുറത്ത് ട്രിപ്പിൾ ലോക്‌ഡൗൺ ഇങ്ങനെ ചുരുക്കി പറയും) ആയതിനാൽ വീട്ടിലെ അടുക്കളത്തോട്ടം പരിപാലനത്തിലും ബ്ലോഗ്-വ്‌ളോഗ് തയ്യാറാക്കലിലും ആയിരുന്നു എന്റെ പ്രധാന ശ്രദ്ധ. അതിനിടയിൽ ആണ് തീർത്തും അപ്രതീക്ഷിതമായി രണ്ട് ക്ലാസ്സുകൾ കൈകാര്യം ചെയ്യേണ്ടി വന്നത്. 

          നാഷണൽ സർവീസ് സ്‌കീമിന്റെ എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും പുറത്താക്കപ്പെട്ടെങ്കിലും, ഇന്നും  എന്റെ സിരകളിൽ ഒഴുകുന്ന രക്തത്തിന് ചൂടുണ്ടെങ്കിൽ നാഷണൽ സർവീസ് സ്‌കീം എന്ന് കേൾക്കുമ്പോൾ അതിന്റെ ഒഴുക്കിന് ഒരിക്കൽ കൂടി ചൂട് പിടിക്കും.ആ അവസ്ഥയിലാണ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായ ഡോ. മിഥുൻ എന്നെ വിളിച്ചത്. കോഴിക്കോട് സർവകലാശാലക്ക് കീഴിൽ വരുന്ന തൃശൂർ ജില്ലയിലെ വിവിധ കോളേജുകളിലെ എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറിമാർക്ക് വേണ്ടി ഒരു ഓറിയെന്റേഷൻ ക്ലാസ് എടുക്കാനാവശ്യപ്പെട്ടു കൊണ്ടായിരുന്നു ആ വിളി.   

             മിഥുൻ സാറെ മുൻ പരിചയമില്ലെങ്കിലും ഞാനാ ക്ഷണം സ്വീകരിച്ചു. കാരണം അദ്ദേഹം എന്നെ കണ്ടെത്തിയ രീതിയിലെ കൗതുകം തന്നെ. കേരളത്തിൽ എത്രയോ പ്രഗത്ഭരായ പ്രോഗ്രാം ഓഫീസർമാർ ഉണ്ടായിട്ടും അദ്ദേഹം പോയത് നേരെ എം.എച്.ആർ.ഡി വെബ്സൈറ്റിലേക്കാണ്.അവിടെ നിന്ന് അദ്ദേഹത്തിന് കിട്ടിയത് എന്നെയും എന്റെ സതീർഥ്യനായിരുന്ന കോതമംഗലം എം.എ എഞ്ചിനീയറിംഗ് കോളേജിലെ പ്രോഗ്രാം ഓഫീസറായ ഡോ. ജയ് എം പോൾ സാറെയും ആയിരുന്നു (ഞങ്ങൾ രണ്ട് പേരും ദേശീയ അവാർഡ് ജേതാക്കൾ ആയതിനാലാണ് എം.എച്.ആർ.ഡി വെബ്സൈറ്റിൽ വന്നത് ).

               ക്ലാസ് ആരംഭിച്ചത് എനിക്കോർമ്മയുണ്ട്. പിന്നെ ഞാൻ പറഞ്ഞുകൊണ്ടേ ഇരുന്നു. രണ്ട് മണിക്കൂർ ഓൺലൈനിൽ തീർന്നത് ഞാനും അറിഞ്ഞില്ല, കേട്ടിരുന്ന മക്കളും അറിഞ്ഞില്ല.സെഷൻ കഴിഞ്ഞ് മീറ്റിൽ നിന്നും എല്ലാവരും ഇറങ്ങിയ ശേഷം മിഥുൻ സാർ എന്നെ ഫോണിൽ വിളിച്ച് അദ്ദേഹത്തിന്റെ സന്തോഷം പ്രകടിപ്പിച്ചപ്പോൾ എനിക്ക് വീണ്ടും അഭിമാനം തോന്നി.കാരണം തൃശൂർ ജില്ലക്കാരിയും യൂണിവേഴ്സിറ്റി റിസോഴ്‌സ് പേഴ്‌സണും ദേശീയ അവാർഡ് ജേതാവുമായ മുൻ പ്രോഗ്രാം ഓഫീസർ ഡോ. സോണിയെയും ഡോ. ജയ് എം പോൾ സാറേയും  മിഥുൻ സാർ ബന്ധപ്പെട്ടപ്പോൾ അവരുടെ വിജയഗാഥക്ക് പിന്നിലുള്ള കൈ എന്റേതാണെന്ന് അറിയിച്ചിരുന്നു പോലും. യാതൊരു മുൻ പരിചയവും ഇല്ലാതെ എന്നെ തെരഞ്ഞെടുത്ത  ശേഷമാണ് ഈ വിവരങ്ങൾ എല്ലാം കിട്ടിയത് എന്നും ശരിക്കും ഇതൊരു സർപ്രൈസ് സെലക്ഷൻ ആയിരുന്നു എന്നും അറിഞ്ഞപ്പോൾ എനിക്കും ഏറെ സന്തോഷമായി.

             രണ്ടാമത്തെ ക്ലാസ് കോഴിക്കോട് , മലപ്പുറം  ജില്ലകളിലെ പന്ത്രണ്ടോളം എൻ.എസ്.എസ് വളണ്ടിയർമാർക്കായിരുന്നു. വിവിധ എൻ.എസ്.എസ് യൂണിറ്റുകൾക്കായി ഓറിയന്റെഷൻ ക്ലാസ് എടുക്കാൻ ഒരു ടീമിനെ സജ്ജമാക്കുക എന്ന ആശയത്തോടെ കോഴിക്കോട് AWH പോളിടെക്ക്നിക്കിലെ അദ്ധ്യാപകനും ട്രെയിനറുമായ സുനിൽ എം.എസ് രൂപം കൊടുത്ത 'പെൻസിൽ ബോക്സ്' എന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഈ ക്ലാസ്. രാവിലെ കൃത്യം ഏഴരക്ക് തുടങ്ങിയ പ്രോഗ്രാമിന്റെ ഒഴുക്ക് മന്ദഗതിയിലാകുമ്പോഴേക്കും സമയം ഒമ്പതര കഴിഞ്ഞിരുന്നു. കുട്ടികളുടെയും പങ്കെടുത്ത പ്രോഗ്രാം ഓഫീസർമാരുടെയും ഫീഡ്ബാക്ക് ആവേശം നിറഞ്ഞതായിരുന്നു. 

               മഹാമാരി തളച്ചിടുമ്പോൾ  ഇത്തരം ചില തുരുത്തുകൾ നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് . അതിന് നിമിത്തമായ എല്ലാ സുമനസ്കർക്കും ഹൃദയം നിറഞ്ഞ നന്ദി.


Monday, May 24, 2021

പെരുമഴ നനഞ്ഞ പൂമ്പാറ്റകൾ

ജീവിതം എന്നാൽ ശാന്തമായി ഒഴുകുന്ന ഒരു പുഴയാണ് എന്ന് ചിലർ പറയും. എന്നാൽ തിരമാലകൾ ഒന്നിന് പിന്നാലെ മറ്റൊന്നായി അലയടിക്കുന്ന സാഗരമാണ് എന്നായിരിക്കും ചിലരുടെ പ്രതികരണം. എൻ്റെ അഭിപ്രായത്തിൽ ജീവിതം പുഴയും കടലും കുന്നും കുഴിയും എല്ലാം ആണ്.അതുകൊണ്ടായിരിക്കാം ജീവിതത്തോടൊപ്പം എനിക്ക് പ്രകൃതിയെയും സ്നേഹിക്കാൻ തോന്നിയത്. 

'പെരുമഴ നനഞ്ഞ പൂമ്പാറ്റകൾ' എന്ന തലക്കെട്ട് തന്നെ ഒരു പ്രകൃതി സ്നേഹിയെ സംബന്ധിച്ചിടത്തോളം ആകർഷണീയമാണ്. കാരണം മഴയും പൂമ്പാറ്റയും അവൻ്റെ സ്നേഹഭാജനങ്ങളിൽ പെട്ടതാണ് എന്നത് തന്നെ. പേരക്ക ബുക്സിന്റെ കാറ്റലോഗ് നോക്കി കുറെ പുസ്തകങ്ങൾ വാങ്ങിയ കൂട്ടത്തിൽ ഈ പുസ്തകവും ഉൾപ്പെടാൻ കാരണവും ഈ ബന്ധമായിരിക്കാം.

നിലമ്പൂരിനടുത്ത് കവളപ്പാറയിൽ 2019 ലെ പേമാരിയോടനുബന്ധിച്ചുണ്ടായ ഉരുൾപൊട്ടലും അത് ഒരു കുഞ്ഞു കുട്ടിയുടെ ഏകാന്തതക്ക് വിരാമമിടുമ്പോൾ അവളനുഭവിക്കുന്ന സന്തോഷങ്ങളും ആണ് ഈ നോവലിന്റെ ഇതിവൃത്തം. കുഞ്ഞുമനസ്സ് അനുഭവിക്കുന്ന ഏകാന്തതയുടെ ഭീകരത ഒരു പരിധി വരെ തുറന്നു കാട്ടാൻ കഥാകൃത്തിന് സാധിച്ചിട്ടുണ്ട്. അതിനൊരു സാന്ത്വനമായി പ്രളയം അവൾക്കിഷ്ടപ്പെട്ടവരെ പലരെയും സമ്മാനിക്കുമ്പോൾ ആ അവസ്ഥ എന്തെന്നറിയാതെ അവളതിൽ സന്തോഷിക്കുന്നു.

ഒമ്പതാം അദ്ധ്യായത്തിന്റെ പകുതി വരെ നോവൽ നോവ് പടർത്തി നോവലായി തന്നെ ഒഴുകുന്നു. പക്ഷെ അതിന് ശേഷം ദുരന്തത്തിന്റെ നേർ വിവരണമായി അത് വഴിമാറുന്നു. ഇടക്ക് പ്രധാന കഥാപാത്രമായ രിഫ മോളുടെ പിതാവിന്റെ പേര് വരെ മാറിപ്പോകുന്നത് ഈ വിവരണം കാരണമായിരിക്കാം. സൈബർ യുഗത്തിലെ തലമുറ ദൃക്‌സാക്ഷികളായ പ്രളയത്തെ അടയാളപ്പെടുത്തുന്ന ആദ്യത്തെനോവൽ എന്ന നിലയിൽ പുസ്തകം ഒരു ഓർമ്മക്കുറിപ്പായി നിലനിൽക്കും.


പുസ്തകം : പെരുമഴ നനഞ്ഞ പൂമ്പാറ്റകൾ 
രചയിതാവ് : ഹംസ ആലുങ്ങൽ 
പേജ് : 88 
പ്രസാധകർ : പേരക്ക ബുക്സ് 
വില : 100 രൂപ

 

Sunday, May 23, 2021

ആൻ ഐഡിയ കാൻ സേവ് ..... 3

 കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ച് ഇല്ലാത്ത ഒരു കോളേജിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ എന്ന തസ്തികയിൽ ജോലി ചെയ്‌താൽ കിട്ടുന്ന അനുഭവ സമ്പത്ത് വളരെ വിചിത്രവും രസാവഹവുമാണ്. കോളേജിലെ നെറ്റ്‌വർക്ക് സംബന്ധമായ സംഗതികളും ഓൺലൈൻ വിവര വിനിമയ സംബന്ധമായ കാര്യങ്ങളും വിവിധ സോഫ്റ്റ്‌വെയറുകളും  കൈകാര്യം ചെയ്യലാണ് പൊതുവെ എല്ലാ കോളേജിലെയും കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ജോലിയുടെ സ്വഭാവം.ബട്ട്, കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ച് ഇല്ലാത്ത കോളേജിലാണെങ്കിൽ അറ്റന്റർ ഇരിക്കുന്ന  കമ്പ്യൂട്ടർ ചെയറിന്റെ കണക്കടക്കം തലയിൽ പേറേണ്ടി വരും.

അങ്ങനെ കമ്പ്യൂട്ടർ പ്രോഗ്രാമർ എന്ന ഗ്ളാമർ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കെ ഞങ്ങളുടെ നെറ്റ്‌വർക്ക് പ്രൊവൈഡർ ആയ ബി.എസ്.എൻ.എൽ ഇടക്കിടക്ക് മുട്ടൻ പണികൾ തന്ന് പരീക്ഷിക്കാൻ തുടങ്ങി. ബിൽ യഥാസമയം അടക്കാത്തതിന്റെ പേരിൽ ഡിസ്കണക്ട് ചെയ്താലും ബി.എസ്.എൻ.എൽ ഓഫീസിൽ വിളിച്ച് ചോദിക്കുന്നത് വരെ കള്ളൻ കപ്പലിൽ തന്നെയാണെന്ന് നമ്മളറിയില്ല. ചുരുക്കിപ്പറഞ്ഞാൽ കോളേജിലെ നെറ്റ് കണക്ഷൻ എങ്ങനെ കട്ടായാലും അതിനെ തിരിച്ച് കൂട്ടിലാക്കൽ നമ്മുടെ ഉത്തരവാദിത്വം ആണ്.

കോളേജിലെ ഇന്റർനെറ്റ് സൗകര്യം ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും യൂസർ നെയിമും പാസ്‌വേഡും നൽകിയിട്ടുണ്ട്.വൈഫൈ സൗകര്യം ലഭ്യമാകണമെങ്കിൽ ഉപകരണത്തിന്റെ മാക് അഡ്രസ് രെജിസ്റ്റർ ചെയ്യണം.അങ്ങനെയിരിക്കെ എന്റെ സ്വന്തം ഡിപ്പാർട്ട്മെന്റിൽ ഒരു അത്ഭുത സംഭവം റിപ്പോർട്ട് ചെയ്തു; അതും ഞങ്ങളുമായി ശീതസമരത്തിൽ ഏർപ്പെട്ട ഒരു ടീച്ചറുടെ കാബിനിൽ നിന്ന്. 

ടീച്ചർക്ക് ലാപ്ടോപ്പിൽ കൂടി കോളേജ് പോർട്ടലിലേക്ക് കയറാനും ഇന്റർനെറ്റ് സൗകര്യം ഉപയോഗപ്പെടുത്താനും സാധിക്കുന്നുണ്ട്. തൊട്ടടുത്ത് തന്നെയുള്ള ഡെസ്ക്ടോപ്പ് കമ്പ്യുട്ടറിലൂടെ ഇതിന് സാധിക്കുന്നില്ല.നെറ്റ്‌വർക്ക് ഇൻഡിക്കേഷൻ എല്ലാം കറക്ടാണ്താനും.

ഇൻകറക്ട് യൂസർ നെയിം ഓർ പാസ്സ്‌വേർഡ് എന്നാണ് മെസേജ് വരുന്നത്.പക്ഷെ അതെ യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ചാണ് ലാപ്ടോപ്പിൽ ഇന്റർനെറ്റ്‌ ലഭ്യമാകുന്നതും. സംഗതിയുടെ ഗുട്ടൻസ് പിടി കിട്ടിയില്ലെങ്കിലും പ്രശ്നം പരിഹരിക്കൽ ഞങ്ങളുടെ ഉത്തരവാദിത്വമായി മാറി. അങ്ങനെ ഞാനും സഹപ്രവർത്തകനും കൂടി സംഭവസ്ഥലം സന്ദർശിച്ചു. ടീച്ചറോട് യൂസർ നെയിമും പാസ്‌വേഡും നൽകാൻ പറഞ്ഞു .ആദ്യം ലാപ്ടോപ്പിൽ നൽകി. പ്രശ്നങ്ങൾ ഇല്ലാതെ കോളേജ് പോർട്ടലിൽ കയറി.ശേഷം 90 ഡിഗ്രി തിരിഞ്ഞ് ഡെസ്ക്ടോപ്പിൽ അതേ യൂസർ നെയിമും പാസ്‌വേഡും നൽകിയെങ്കിലും ഇൻകറക്ട് സന്ദേശം  വന്നു. ടീച്ചർ ജയിച്ച ഭാവത്തിൽ എന്നെ ഒന്ന് നോക്കി.പതിവ് പോലെ എന്റെ കഷണ്ടിയിൽ ഒരു ബൾബ് മിന്നി.

"ടീച്ചറെ... ആ പാസ്സ്‌വേർഡ് മറ്റെവിടെയെങ്കിലും ഒന്ന് ടൈപ്പ് ചെയ്യൂ..."

ടീച്ചർ ഞാൻ പറഞ്ഞത് പോലെ ചെയ്തു. 

"പാസ്സ്‌വേർഡ് കറക്ട് ആണോ ?"

"അതെ"

"ടൈപ്പ് ചെയ്തത് മുഴുവൻ വന്നിട്ടുണ്ടോ എന്ന് നോക്കൂ ..."

"ഓ ... ഒരക്ഷരം വന്നിട്ടില്ല .."

"അത് തന്നെ .... ആ അക്ഷരത്തിന്റെ കീ വർക്ക് ചെയ്യുന്നില്ല. ആ അക്ഷരം എവിടെ നിന്നെങ്കിലും കോപ്പി ചെയ്ത് ഒന്ന് പരീക്ഷിച്ച് നോക്കൂ "

ടീച്ചർ അതനുസരിച്ചു. പ്രശ്‍നം സുന്ദരമായി പരിഹരിക്കപ്പെട്ടു !!

"ആൻ ഐഡിയ കാൻ സേവ് യുവർ മാനം " ഞാൻ മനസ്സിൽ ഒന്ന് കൂടി കോറിയിട്ടു കൊണ്ട് വിജയ ശ്രീലാളിതനായി കാബിനിൽ നിന്നിറങ്ങി.

Saturday, May 22, 2021

ആൻ ഐഡിയ കാൻ സേവ് ..... 2

 ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കാലത്ത് ഉച്ച സമയത്ത് അങ്ങോട്ട് കയറുന്ന പതിവ് ഞാനായിട്ട് വളർത്തിയിരുന്നില്ല. കാരണം നീണ്ടു നിവർന്നു കിടക്കുന്ന കട്ടിൽ കണ്ടാൽ ഏത് മഹർഷിയുടെയും കൺട്രോൾ പോകും എന്നത് തന്നെ. 

ഒരു ദിവസം എന്തോ ആവശ്യത്തിന് ഞാൻ ക്വാർട്ടേഴ്‌സിലേക്ക് കയറി. ഒന്നാം നമ്പർ ക്വാർട്ടേഴ്‌സിൽ നിന്ന് കൂലങ്കുഷമായ ചർച്ച കേട്ട് ഞാനും അങ്ങോട്ട് എത്തി നോക്കി. ആയിടെ ട്രാൻസ്ഫർ ആയി വന്ന അസിസ്റ്റന്റ് പ്രൊഫസറും കുടുംബവും ആയിരുന്നു അവിടെ താമസിച്ചിരുന്നത്. ഒരു ഡൈനിംഗ് ടേബിളിന് ചുറ്റും പ്രൊഫസറും തൊട്ടടുത്ത റൂമുകാരനും എന്റെ റൂം മേറ്റും കൂടിയാണ് ചർച്ച.

"എന്താ ഇവിടെ ഒരു വട്ടമേശ സമ്മേളനം ?" ഞാൻ ചോദിച്ചു 

"അത് .... ഇവനെ അകത്ത് കയറ്റാനുള്ള പണി നോക്കുകയാ ...: മേശ ചൂണ്ടിക്കാട്ടി റൂമുടമ പറഞ്ഞു.

"അവൻ ഇവിടെ എത്തിയതെങ്ങനാ ?"

"അത് ഫ്രന്റ്‌ ഡോർ വീതി ഉണ്ട് ... ഈ ഡോർ അത്ര വീതി ഇല്ല.."

"ഓ കെ .... ഞാനൊന്ന് തള്ളി നോക്കട്ടെ ..." ഞാൻ ചോദിച്ചു.

"ഓ .... നോക്കിക്കോളൂ ... വെയില് കൊണ്ട കഷണ്ടി അല്ലെ .... എന്തെങ്കിലും ഐഡിയ ഉണ്ടായാലോ ...."

ഞാൻ മേശ തള്ളി നോക്കി. മധ്യഭാഗം അല്പം വീതി കൂടിയതായതിനാൽ അവിടെ കുടുങ്ങി. ഞാൻ കയ്യിൽ കിട്ടിയ കാലൻ കുട എടുത്ത് മേശയുടെ മധ്യഭാഗത്തെ വീതി അളന്നു . വാതിലിന്റെ വീതിയും അളന്നു നോക്കി. പി ടി ഉഷക്ക് ഒളിമ്പിക്സ് മെഡൽ നഷ്ടപ്പെട്ടതു പോലെ പോയിന്റുകൾ വ്യത്യാസത്തിന് ആണ് മേശ കുരുങ്ങി നിൽക്കുന്നത് എന്ന് മനസ്സിലാക്കി.ബട്ട്, മേശ ചുരുങ്ങാനും വാതിൽ വികസിക്കാനും തയ്യാറല്ലാത്തതിനാൽ നോ രക്ഷ.

"സാറേ ... ശ്രമം നിർത്തിയോ ?" ഹതാശയനായി നിൽക്കുന്ന എന്നെ നോക്കി  റൂമുടമ ചോദിച്ചു.

ഞാൻ പിന്നെയും മേശയുടെ വീതിയും നീളവും ഉയരവും ഒക്കെ അളന്നു. പണ്ട് പഠിച്ച സിലിണ്ടറിന്റെ വ്യാപ്തത്തിന്റെ സൂത്രവാക്യവും പൈതഗോറസ് സിദ്ധാന്തവും സൈൻ സ്‌ക്വയർ തീറ്റ പ്ലസ് കോസ്‌ക്വയർ തീറ്റയും ഒക്കെ പ്രയോഗിക്കാൻ ശ്രമം നടത്തി. പക്ഷെ അളവെടുത്തത്‌ കുട കൊണ്ടായതിനാൽ ദയനീയമായി പരാജയപ്പെട്ടു.

"ഈ അടിഭാഗം ഇല്ലെങ്കിലും ഇതിന് പ്രശ്നമില്ല... അതങ്ങ് മുറിച്ച് മാറ്റാം .."  റൂമുടമ ഏറ്റവും പ്രായോഗികമായ സൊലൂഷൻ പറഞ്ഞു.

"അല്ല ... പിൻവാതിൽ നിയമനം സോറി പിൻവാതിലിലൂടെ അകത്ത് കയറ്റാമോ എന്ന് നോക്കിയോ ?" ഞാൻ ചോദിച്ചു.

"ആദ്യം ശ്രമിച്ചത് അതാ .." ഉത്തരം എന്നെ വീണ്ടും ചിന്താകുലനാക്കി.

"ഏതായാലും ഒരു ആശാരിയെ വിളിച്ചിട്ടുണ്ട് ... മറ്റന്നാളെ വരൂ ..." റൂമുടമ  പറഞ്ഞു.

ഞാൻ പിന്നെയും മേശയുടെ മുകൾ ഭാഗവും അടിഭാഗവും എല്ലാം വിസ്തരിച്ച് നോക്കി.

"വൈഫിന്റെ ഫ്രണ്ടിന്റെ ഹസ്ബന്റ് ഇവിടെ അടുത്ത് എവിടെയോ താമസിക്കുന്നുണ്ട്. അവരുടെ കയ്യിൽ വാൾ ഉണ്ട് . അത്യാവശ്യമാണെങ്കിൽ അവർ വരാം എന്ന് പറഞ്ഞിട്ടുണ്ട്." റൂമുടമ പറഞ്ഞെങ്കിലും ഞാൻ കേട്ടതായി ഭാവിച്ചില്ല.

ഞാൻ മേശയെ ഒന്നുകൂടി ഉഴിഞ്ഞു നോക്കി. ആ നോട്ടത്തിൽ ഏത് കല്ലും ഉരുകിപ്പോകും എന്ന തോന്നൽ വന്നതിനാൽ റൂമുടമ മേശയിൽ തന്നെ ശ്രദ്ധ പതിപ്പിച്ചു. ശേഷം ഞാൻ വാതിലിനെ ഒന്ന് മൊത്തം കണ്ണിൽ ആവാഹിച്ചു .റൂമുടമ ഉടനെ വാതിലിലേക്ക് ശ്രദ്ധ പതിപ്പിച്ചു.

"യുറേക്കാ ...യുറേക്കാ ...." എന്റെ ശബ്ദം കേട്ട് എല്ലാവരും എനിക്ക് നേരെ നോക്കി.

"എന്ത് യുറേക്കാന്ന് ?" അവർ എല്ലാവരും ചോദിച്ചു.

"മേശ നേരെ കയറില്ല ... വളഞ്ഞും കയറില്ല ..."

"അത് തന്നെയല്ലേ ഞങ്ങളും ഇതുവരെ പറഞ്ഞത് ..."

"യെസ് ... ബട്ട് , എല്ലാവരും മേശ പിടിക്ക് ... ലോക ചരിത്രത്തിൽ ഇന്നേവരെ ഒരു മേശയും അനുഭവിക്കാത്ത ഒരു മാസ് എൻട്രി ..."

"ങേ ...അതെന്താ ?"

"മേശ കുത്തനെ നിർത്ത്..." എല്ലാവരും കൂടി മേശ കുത്തനെ നിർത്തി.

"ഇനി തള്ള് ..."

എല്ലാവരും കൂടി തള്ളി. ഇത്തവണ  പോയിന്റുകൾ വ്യത്യാസത്തിന് മേശയുടെ ഉയരം കുറഞ്ഞതിനാൽ മേശ അകത്തെത്തി !!

"ആൻ ഐഡിയ കാൻ സേവ് യുവർ മേശ " റൂമുടമയെ നോക്കി ഞാൻ പറഞ്ഞപ്പോൾ എന്റെ കഷണ്ടിത്തലയിലായിരുന്നു എല്ലാവരുടെയും കണ്ണ് .

Friday, May 21, 2021

ആൻ ഐഡിയ കാൻ സേവ് ..... 1

ഒരു സാധനം വാങ്ങിയാൽ അതിൻ്റെ അവസാന ശ്വാസം വരെ അല്ലെങ്കിൽ അത് വാങ്ങിയവന്റെ അവസാന ശ്വാസം വരെ അത് ഉപയോഗിക്കുക എന്നത് പണ്ടേ എൻ്റെ സ്വഭാവമായിരുന്നു. അല്ലെങ്കിൽ അത് വാങ്ങിയവൻ എന്ത് വിചാരിക്കും എന്നതായിരുന്നു ഈ സ്വഭാവത്തിന് പിന്നിലുള്ള രഹസ്യം.

ഈ പ്രത്യേക സ്വഭാവം കാരണം ചില കടകളിലേക്ക് എനിക്ക് ആയുസ്സിൽ ഇതുവരെ ഒരിക്കൽ മാത്രമേ പോകേണ്ടി വന്നിട്ടുള്ളൂ. ചില കടകളിൽ ഭരണ മാറ്റം പോലെ അഞ്ച് വർഷത്തിൽ ഒരിക്കൽ (ഇത്തവണ ഈ താരതമ്യം തെറ്റാണ് തെറ്റാണ് തെറ്റാണ് ) അതുമല്ലെങ്കിൽ ഏഴു വർഷത്തിൽ ഒരിക്കൽ ഒക്കെ കയറി ഇറങ്ങും.

കെട്ടിയതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണം ഒന്നും ഇല്ലെങ്കിലും, ഇൻസൈഡ് ചെയ്യുമ്പോൾ അതിനൊരു നെറ്റിപ്പട്ടം എന്ന പോലെ ഒരു ബെൽറ്റ് കൂടി കെട്ടുക എന്നത് ആരിൽ നിന്നോ ഞാൻ കടമെടുത്ത സ്വഭാവമാണ്. അതുകൊണ്ട് തന്നെ ബെൽറ്റ് കെട്ടാതെ ഇൻസൈഡ് ചെയ്യുന്നവരെ കാണുമ്പോൾ മീശ വച്ച ഷാരൂഖ് ഖാനെയാണ് എനിക്ക് ഓർമ്മ വരിക.

അവസാനമായി ബെൽറ്റ് വാങ്ങിയത് എന്നാണെന്ന് കൃത്യമായി ഓർമ്മയില്ലെങ്കിലും അന്ന്  ആദ്യമായി ചെയ്ത ഒരബദ്ധം ഇന്നും മനസ്സിലുണ്ട് (ബെൽറ്റിലും).കടക്കാരൻ ബെൽറ്റിന്റെ 'പാമ്പ്' എനിക്ക് കാണിച്ചു തന്നു.ശേഷം ഒരു പെട്ടി തുറന്ന് പല തരത്തിലുള്ള ബക്കിളുകളും. ബെൽറ്റിന്റെ രണ്ടറ്റവും തമ്മിൽ കൂട്ടി യോജിപ്പിക്കുക എന്നതിലുപരി അതിന് മറ്റുള്ളവരുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിക്കാനും ഒരു കഴിവുണ്ട്. അതിനാൽ ബെൽറ്റ് ലുക്കില്ലെങ്കിലും ബക്കിൾ ലുക്കുള്ളതാക്കാൻ ഞാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. അതിനായി ബക്കിളുകൾക്കിടയിൽ പരതുന്നതിനിടയിൽ അവൻ ഒരു കാര്യം കൂടി പറഞ്ഞു .

"രണ്ടെണ്ണം എടുത്താൽ ഓരോ ദിവസവും മാറ്റി ഇടാം... രണ്ട് ബെൽറ്റ് ആണെന്ന് കാഴ്ചക്കാർക്ക് തോന്നും ..."

"ഐഡിയ ഈസ് ഗുഡ് ... ബട്ട് ബെൽറ്റ് ഈസ് ഇൻ മൈ അര... ഒരാളും അങ്ങനെ ചിന്തിക്കില്ല മകനെ " എന്ന് മറുപടി കൊടുക്കാൻ തോന്നിയെങ്കിലും ഞാനായതുകൊണ്ട് കൊടുത്തില്ല.

അങ്ങനെ ഒരു ബക്കിളും അതിനൊരു ബെൽറ്റും സെലക്ട് ചെയ്ത് കാശും കൊടുത്തു.വീട്ടിലെത്തി ബക്കിൾ ഘടിപ്പിച്ച് ബെൽറ്റ് ചുറ്റിയപ്പോൾ ബെൽറ്റിലെ റെഡിമെയ്ഡ് തുളകളെല്ലാം പിൻഭാഗത്ത് എവിടെയോ എത്തിയിരുന്നു .ഇത് പണ്ട് മുതലേ സംഭവിക്കുന്നതിനായതിനാൽ, ആയതിന് ഞാൻ  കണ്ടു വച്ച പ്രത്യേക ഉപകരണമായ പപ്പടക്കോൽ അന്നും എന്റെ സഹായത്തിനെത്തി.പിറ്റേന്ന് മുതൽ ഞാൻ പുതിയ ബെൽറ്റും കെട്ടി കോളേജിൽ പോകാനും തുടങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം ചെറിയൊരു സംഭവം ഉണ്ടായി . കുട്ടികൾക്ക് എന്തോ പറഞ്ഞു കൊടുക്കുന്നതിനിടയിൽ ഓരോരുത്തരുടെ മുഖത്ത് ഒരു ചിരി പടരാൻ തുടങ്ങി. അവരെല്ലാം നോക്കുന്നത് ഒരേ സ്ഥലത്തേക്കാണെന്ന് എനിക്ക് പെട്ടെന്ന് പിടി കിട്ടി. ഞാൻ വേഗം തിരിഞ്ഞ് നിന്ന് പാന്റിലെ റെയിൽവേ ഗേറ്റ് ഭദ്രമായി അടച്ചിട്ടുണ്ട് എന്നുറപ്പ് വരുത്തി. പിന്നെയും ഈ പെൺകുട്ടികൾ എന്തിനാണ് വാ പൊത്തി ചിരിക്കുന്നത് എന്നറിയാൻ ഞാൻ ഒന്ന് കൂടി തപ്പി നോക്കി. ബക്കിൾ ബെൽറ്റിന്റെ അറ്റത്ത് നിന്ന് പിടിവിട്ട് തൂങ്ങി നിൽക്കുന്നു!!അന്ന് ഞാനത് എങ്ങനെയൊക്കെയോ മാനേജ് ചെയ്ത് മാനം കാത്തു.

പിന്നീട് ഇത് ഇടക്കിടക്ക് സംഭവിക്കാൻ തുടങ്ങിയതോടെ അതിന്റെ കാരണം ഞാൻ കണ്ടെത്തി. ബെൽറ്റിന്റെ അറ്റത്ത് തേയ്മാനം സംഭവിച്ചിരിക്കുന്നു. അതിനാൽ അറ്റം മുറിക്കണം. അതിന് പറ്റിയ കത്രിക എന്റെ കയ്യിൽ ഇല്ലാത്തതിനാൽ ഞാൻ, ചെരുപ്പുകുത്തി ശിവനെ അഭയം പ്രാപിച്ചു. ശിവന്റെ കയ്യിലുള്ള ലോക്കൽ കത്രിക ബെൽറ്റിനെ നിഷ്പ്രയാസം മുറിക്കുന്നത് കണ്ട് ഞാൻ ഞെട്ടി. കാരണം അതിലും നല്ല കത്രിക വീട്ടിൽ വച്ചാണ് ഞാൻ നാട്ടിൽ കത്രിക തപ്പി നടന്നത്.പിന്നീട് ഉണ്ടായ ബക്കിളിന്റെ ഓരോ ലൂസ് മോഷനും ഞാൻ സ്വന്തം കത്രിക പ്രയോഗിച്ചു. 

ഈ പ്രക്രിയ തുടർന്നാൽ താമസിയാതെ എന്റെ ബെൽറ്റ് എന്റെ മകന്റെ അരയിലേക്ക് ട്രാൻസ്ഫർ വാങ്ങും എന്ന നഗ്‌ന സത്യം ഞാൻ മനസ്സിലാക്കി.ബക്കിൾ ഘടിപ്പിക്കുന്ന ബെൽറ്റ് എനിക്ക് പരിചയപ്പെടുത്തിയ കടക്കാരന്റെ മെഡുല ഒബ്‌ളാങ്കട്ടക്ക് മണ്ണാങ്കട്ട കൊണ്ട് ഒരേറ് കൊടുക്കാൻ തോന്നി.പ്രളയ കാലമായതിനാൽ സ്യൂട്ടബിൾ മണ്ണാങ്കട്ട കിട്ടാത്തതിനാൽ അവൻ രക്ഷപ്പെട്ടു.

അങ്ങനെയിരിക്കെ, പ്രളയ ദുരിതാശ്വാസത്തിന്റെ ഒരു ക്യാമ്പിൽ വച്ച് എന്റെ സഹപ്രവർത്തകന്റെ മുന്നിൽ വച്ച് ബക്കിൾ ഊരി നിലത്ത് വീണു. ജാള്യതയോടെ ഞാൻ അത് എടുക്കുന്നതിനിടയിൽ സഹപ്രവർത്തകൻ എന്നെ നോക്കി ചോദിച്ചു.

"എന്തു പറ്റി സാർ ?"

"അത് .... ബക്കിൾ വീണതാ ... ഇനി ബെൽറ്റ് അറ്റം മുറിച്ചാലേ അത് ഫിറ്റാകൂ ...അതിന് കത്രിക ഇല്ല " 

"ബെൽറ്റ് അറ്റം മുറിക്കേ .... സാർ ഒരു പേപ്പർ കഷ്ണം എടുത്ത് നാലായി മടക്കി ബെൽറ്റിന്റെ അറ്റത്ത് വച്ച് ബക്കിൾ അതിലേക്ക് തിരുകി കയറ്റി നോക്കൂ ... പിന്നെ അത് അനങ്ങില്ല ..."

സഹപ്രവർത്തകൻ പറഞ്ഞതുപോലെ ഞാൻ ചെയ്തു നോക്കി.സംഭവം കിടു ആണ് ,ബക്കിൾ ഇനി ആന വലിച്ചാലും ഊരില്ല എന്ന് പറയാൻ പറ്റില്ലെങ്കിലും കാറ്റിൽ ഊരി വീഴില്ല എന്നുറപ്പായി. അതോടെ എന്റെ ബെൽറ്റും അകാല മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. 'ആൻ ഐഡിയ കാൻ സേവ് യുവർ ബെൽറ്റ് ' എന്ന് അന്ന് ഞാൻ മനസ്സിലാക്കി.

Saturday, May 15, 2021

ഒരു വോട്ടെണ്ണൽ വീരഗാഥ

ഇതുവരെയുള്ള സർക്കാർ സർവീസിൽ ഇലക്ഷൻ ഡ്യൂട്ടി എത്ര എണ്ണം കിട്ടി എന്ന് ചോദിച്ചാൽ പെട്ടെന്ന് ഉത്തരം കിട്ടാത്ത അത്രയും ആയിട്ടുണ്ട്. ഞാൻ സർക്കാർ സേവനം ആരംഭിച്ചത് മൃഗസംരക്ഷണ വകുപ്പിലായിരുന്നു. പ്രസ്തുത വകുപ്പ് അവശ്യ സർവീസിൽ പെടുന്നത് ആയതിനാലും ആ സർവീസിന്റെ പകുതി ഭാഗവും ഞാൻ ലീവിൽ ആയതിനാലും അക്കാലയളവിൽ നിയമസഭാ തെരഞ്ഞെടുപ്പും ലോകസഭാ തെരഞ്ഞെടുപ്പും നടന്നിട്ടും  ഡ്യൂട്ടി കിട്ടിയിരുന്നില്ല.അല്ലെങ്കിലും അന്നെല്ലാം ഇലക്ഷൻ ഡ്യൂട്ടിയും സെൻസസ് ഡ്യൂട്ടിയും അദ്ധ്യാപകർക്ക് മാത്രം അറിയാവുന്ന ഒരു പണിയായിരുന്നു. 

2000 ൽ നടന്ന പഞ്ചായത്ത് ഇലക്ഷൻ മുതലാണെന്ന് തോന്നുന്നു അദ്ധ്യാപകർക്ക് പുറമെ മറ്റു ഡിപ്പാർട്ട്മെന്റിൽ നിന്നുള്ളവരും ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട് തുടങ്ങിയത്.എനിക്ക് ആദ്യമായി ഇലക്ഷൻ ഡ്യൂട്ടി കിട്ടുന്നതും ആ വർഷത്തിൽ ആയിരുന്നു. മഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിൽ കാഷ്യർ ആയിരിക്കെയാണ് കിഴിശ്ശേരിക്കടുത്ത് ആലിൻചുവട് സ്‌കൂളിൽ ആദ്യമായി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടത്.ശേഷം വന്ന എല്ലാത്തരം ഇലക്ഷനിലും ഡ്യൂട്ടി ലഭിക്കാതെ പോയത് വളരെ വിരളമാണ്.കാരണം 2004ൽ കെ.എസ്.ഇ.ബി വിട്ട    ഞാനും ഇലക്ഷൻ ഡ്യൂട്ടി കുത്തകയാക്കിയ അദ്ധ്യാപക ഗണത്തിലായി.

ഇതുവരെ ചെയ്ത ഓരോ ഇലക്ഷൻ ഡ്യൂട്ടിയും വ്യത്യസ്തങ്ങളും സംഭവ ബഹുലങ്ങളും ആയിരുന്നു.ഇപ്പോൾ ഏറ്റവും അവസാനമായി ചെയ്ത ഡ്യൂട്ടി 2021 നിയമസഭാ ഇലക്ഷന്റെ കൗണ്ടിംഗ് സൂപ്പർവൈസിംഗ് ആയിരുന്നു.ഇതിനായി  ഒരു ഓൺലൈൻ ക്ലാസും, കോവിഡ് ഭീഷണി വളരെ അധികമായിട്ടും അതേ കാര്യങ്ങൾ തന്നെ ഒരു ഓഫ്‌ലൈൻ ക്ലാസും ആയി നൽകിയത് എനിക്ക് ആദ്യത്തെ അനുഭവമാണ്. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ  കോവിഡ് പ്രതിരോധ വാക്സിൻ എടുത്തിരിക്കണമെന്ന് പറഞ്ഞിരുന്നു. അത് പ്രായോഗികമല്ല എന്നതിനാലായിരിക്കും 72 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി.ആർ ടെസ്റ്റ് മതി എന്നായി പിന്നീടുള്ള നിർദ്ദേശം.മൂന്ന് ലൊക്കേഷനുകളിൽ കയറി ഇറങ്ങിയ ശേഷമാണ് എനിക്കും സുഹൃത്തിനും ടെസ്റ്റ് തരമായത്. അതിന്റെ റിസൾട്ടും കൃത്യ സമയത്ത് കിട്ടില്ല എന്ന് ബോധ്യം വന്നപ്പോൾ തലേ ദിവസം നടത്തിയ ആന്റിജൻ ടെസ്റ്റ് റിസൾട്ടും സ്വീകാര്യമാണെന്ന് ഉത്തരവെത്തി. അതുപ്രകാരം എന്റെ നാട്ടിലെ താലൂക്ക് ആശുപത്രിയിൽ എത്തി അതും ചെയ്തു.

കൗണ്ടിംഗിന്റെ തലേദിവസം റാൻഡമൈസേഷൻ എന്ന എന്തോ ഒരു പ്രക്രിയ നടത്തിയപ്പോൾ, സഹപ്രവർത്തകരായ മിക്ക ലേഡി സ്റ്റാഫും ജില്ലയുടെ ബൗണ്ടറി ലൈനിൽ എത്തിയപ്പോൾ എനിക്ക് ക്രീസ് വിട്ട് പോകേണ്ടി പോലും വന്നില്ല.എനിക്ക്  ഡ്യൂട്ടി കിട്ടിയത് എലത്തുർ മണ്ഡലത്തിന്റെ കേന്ദ്രമായ എന്റെ കോളേജിന്റെ തൊട്ടടുത്ത സ്ഥാപനമായ ഗവൺമെൻറ് പോളിടെക്‌നിക്കിൽ ! രാവിലെ ആറ് മണിക്ക് ഹാജരാകണം എന്ന നിർദ്ദേശം വെറും ഒരു മണിക്കൂർ മാത്രം തെറ്റിച്ച് ഏഴ് മണിക്ക് ഞാൻ റിപ്പോർട്ട് ചെയ്തു.അപ്പോഴും അവസാന റാൻഡമൈസേഷൻ കഴിഞ്ഞിരുന്നില്ല. അതിനാൽ അഞ്ച് മണിക്ക് എത്തിയവനും ഏഴ് മണിക്ക് എത്തിയവനും എല്ലാം ഭക്ഷണം ശരിക്ക് കഴിക്കാത്തതിനാൽ തുല്യ ദു:ഖിതർ ആയിരുന്നു. ഞാൻ നോമ്പ് നോറ്റിരുന്നതിനാൽ ആ ദു:ഖത്തിൽ എനിക്ക് പങ്കുണ്ടായിരുന്നില്ല.

സമയം 7 .20 ആയപ്പോൾ കൗണ്ടിംഗ് സൂപ്പർവൈസർമാരുടെ ഫൈനൽ റാൻഡമൈസേഷൻ കഴിഞ്ഞ് ടേബിൾ മാർക്കിംഗും ടീം സെറ്റിങ്ങും കഴിഞ്ഞു.കൗണ്ടിംഗ് സൂപ്പർവൈസറും കൗണ്ടിംഗ് അസ്സിസ്റ്റന്റും മൈക്രോ ഒബ്സർവറും അടങ്ങിയ മൂന്നംഗ സംഘങ്ങൾ ഓരോന്നോരോന്നായി  വിവിധ ഹാളിലെ വിവിധ ടേബിളിലേക്കായി നീങ്ങിത്തുടങ്ങി.ഓരോ ടീമിനെ വിളിക്കുമ്പോഴും അടുത്തത് ഞാൻ എന്ന പ്രതീക്ഷ ഉണ്ടായെങ്കിലും ഫൈനൽ റാൻഡമൈസേഷനിൽ ഞാൻ സ്റ്റേഡിയത്തിന് പുറത്തായിരുന്നു പതിച്ചത് എന്ന് വൈകിയാണ് മനസ്സിലായത്. അതോടെ ഇത് വരെയുള്ള സർക്കാർ സർവീസിൽ ആദ്യമായി കൗണ്ടിംഗ് റിസർവേഷൻ ഡ്യൂട്ടിയിലായി.

അങ്ങനെ , മീഡിയ റൂം എന്ന പേരിൽ സജ്ജീകരിച്ച ഒരു പന്തലിൽ ബിഗ് സ്‌ക്രീനിൽ ചാനൽ 24 ന്റെ അരുണും വിജയനും എസ്.കെയും നടത്തിയ കൗണ്ടിംഗ് ലൈവ് (കോമഡി) ഷോ ആസ്വദിച്ച്  ഞാനും പേരറിയാത്ത കുറെ പേരും ഇരുന്നു.രണ്ടര മണിയോടെ, അച്ചടക്കത്തോടെ ഇരുന്നതിനുള്ള പ്രതിഫലമായി 600 രൂപയും കിട്ടി ! അകത്ത് വോട്ട് എണ്ണിയവനും കൊടുത്തത് അത് തന്നെയായിരുന്നു. അങ്ങനെ പുതിയൊരു അനുഭവം സമ്മാനിച്ചുകൊണ്ട് ഈ ഇലക്ഷൻ ഡ്യൂട്ടിയും പര്യവസാനിച്ചു.അടുത്ത അനുഭവത്തിനായി ഇനി 2024 നെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. 

പല നിഴലുകളിൽ ഒരു മുഖം

പേരക്ക ബുക്സ് എന്ന  പുസ്തക പ്രസിദ്ധീകരണ സംരംഭവുമായി മാസങ്ങൾക്ക് മുമ്പാണ് ഞാൻ ബന്ധം സ്ഥാപിച്ചത്. എന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട്, ചില കാര്യങ്ങൾ അറിയാനായി പേരക്ക ബുക്സിന്റെ സാരഥി ഹംസ ആലുങ്ങലുമായി മുമ്പ് ചർച്ച ചെയ്തിരുന്നെങ്കിലും ഇതിന്റെ കീഴിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലും ബുക്ക് ക്ലബ്ബിലും എല്ലാം അംഗമായത് അടുത്ത കാലത്താണ്.പേരക്ക കുടുംബ സംഗമം എന്ന പേരിൽ കോഴിക്കോട്ട് വച്ച് നടത്തിയ ക്ലബ്ബ് അംഗങ്ങളുടെ ഒത്തുചേരലിൽ പങ്കെടുത്തപ്പോഴാണ് ഒരു പ്രസിദ്ധീകരണ സംരംഭത്തിന് ഇത്രയധികം ജനകീയമാകാൻ സാധിക്കും എന്നത് തിരിച്ചറിഞ്ഞത്. അതിനാൽ തന്നെ അതിനെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമായതിനാൽ പുസ്തകം വിൽക്കാൻ പോയ ഞാൻ കൈ നിറയെ പുസ്തകം വാങ്ങിയാണ് തിരിച്ചു പോന്നത്.പേരക്കയുടെ സമ്മാനമായി വേറെ കുറെ പുസ്തകങ്ങളും കൂടി ആ സംഗമത്തിൽ നിന്നും കിട്ടി.

കിട്ടിയ പുസ്തകങ്ങളിൽ ഞാൻ ആദ്യമായി വായിക്കാൻ തെരഞ്ഞെടുത്തത് ശ്രീ ഷഫീഖ്  എൻ വി എഴുതിയ 'പല നിഴലുകളിൽ ഒരു മുഖം' എന്ന പുസ്തകമാണ്. മരുഭൂവിലെരിഞ്ഞ പച്ച മനുഷ്യരുടെ ജീവിത ഗന്ധിയായ കഥകൾ എന്ന ടൈറ്റിൽ ലൈൻ ആയിരിക്കാം ഈ തെരഞ്ഞെടുപ്പിന് കാരണം. ആട് ജീവിതം വായിച്ച ആരും മരുഭൂമിയിലെ ജീവിതങ്ങളെപ്പറ്റി വീണ്ടും വീണ്ടും വായിക്കാനും അറിയാനും ഇഷ്ടപ്പെടും എന്നത് തീർച്ചയാണ്.

അറേബ്യൻ ഉപഭൂഖണ്ഡത്തിലെ പ്രമുഖ രാജ്യങ്ങളായ യെമൻ, യു.എ.ഇ , ഖത്തർ എന്നിവിടങ്ങളിൽ എല്ലാം ജോലി നോക്കിയ ആൾ എന്ന നിലയിൽ മരുഭൂമിയിലെ അനുഭവങ്ങൾ കൊണ്ട് സമ്പന്നമായിരിക്കും കഥാകാരന്റെ ജീവിതവും എഴുത്തും എന്ന് ഞാൻ ഊഹിച്ചു. എന്റെ ഊഹം തെറ്റിയില്ല; ഈ പുസ്തകത്തിലെ ഏതാണ്ട് എല്ലാ കഥകളും കഥകളല്ല, മറിച്ച് കഥാകൃത്തിന്റെ അനുഭവങ്ങളാണ് എന്നാണ് എന്റെ വായനാനുഭവം. 

സ്‌കൂളിൽ ഒരുമിച്ച് പഠിച്ച, പിന്നീട് കാലയവനികക്കുള്ളിൽ എവിടെയോ ഒളിച്ചിരുന്ന കളിക്കൂട്ടുകാരനെ തലശ്ശേരിയിൽ വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന അനുഭവ കഥയിൽ തുടങ്ങി, തന്റെ പ്രിയപ്പെട്ട അദ്ധ്യാപകനായ വേണു മാഷിന്റെ പ്രതീക്ഷകൾ തെറ്റിച്ചതിന്റെ പേരിൽ തലശ്ശേരിയിൽ വച്ച് തല കുനിക്കുന്ന അനുഭവ കഥയിൽ അവസാനിക്കുമ്പോൾ വായനക്കാരൻ അറേബ്യൻ ഉപഭൂഖണ്ഡത്തിലൂടെ ഒരു സഞ്ചാരവും നടത്തിക്കഴിഞ്ഞിരിക്കും! അങ്ങനെ ജീവിതത്തിലെ കുഞ്ഞു കുഞ്ഞു അനുഭവങ്ങൾ പെറുക്കി വച്ച പുസ്തകം നാം അറിയാതെ വായന പൂർത്തിയാക്കും.

ആദ്യ പുസ്തകം എന്ന നിലയിൽ വലിയ വീരവാദങ്ങൾ ഒന്നും ഈ പുസ്തകത്തെപ്പറ്റി രചയിതാവ് കൊട്ടിഘോഷിക്കുന്നില്ല. വായനക്കാരൻ എന്ന നിലക്ക് എനിക്കും എടുത്ത് പറയാവുന്ന ഒരു കഥ സൂചിപ്പിക്കാൻ പ്രയാസമാണ്. ഓരോ അനുഭവങ്ങളും അല്പം കൂടി മർമ്മവും നർമ്മവും കൂട്ടിയാൽ ഈ തലശ്ശേരിക്കാരനിൽ നിന്ന് ഇനിയും നല്ല കഥകൾ ഉറവെടുക്കും എന്ന പ്രതീക്ഷ ഈ പുസ്തകം നൽകുന്നു.


പുസ്തകം       : പല നിഴലുകളിൽ ഒരു മുഖം

രചയിതാവ് : ഷഫീഖ്  എൻ വി

പബ്ലിഷേഴ്സ്   : പേരക്ക ബുക്സ്

പേജ്              : 103 

;വില             : 130 രൂപ 

രണ്ട് ഈദ് ആശംസകൾ

മുസ്‌ലിംകൾക്ക് ആഘോഷിക്കാൻ ദൈവം നിശ്ചയിച്ച് നൽകിയ രണ്ട് ആഘോഷങ്ങളാണ് ഈദുൽ ഫിത്വറും (ചെറിയ പെരുന്നാൾ) ഈദുൽ അദ്ഹായും (ബലി പെരുന്നാൾ).ഇതല്ലാത്ത പലതരം ആഘോഷങ്ങളും ഇന്നത്തെ സമൂഹത്തിൽ നടക്കുന്നുണ്ട് എങ്കിലും അവയൊന്നും യഥാർത്ഥ മത നിർദ്ദേശങ്ങളുമായി യോജിച്ചതല്ല.

ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ ശുദ്ധീകരിക്കപ്പെട്ട മനസ്സുമായിട്ടാണ് ഈദ് മൈതാനത്ത് (ഈദ് ഗാഹ്) വിശ്വാസികൾ ഒത്തുകൂടുന്നത്. വ്രത വിരാമത്തിന്റെ ആഘോഷം എന്നാണ് ഈദുൽ ഫിത്വർ എന്നതിനർത്ഥം.  ആശംസാ കൈമാറ്റങ്ങളും  ബന്ധുഗൃഹ സന്ദർശനങ്ങളും സൗഹൃദ കൂട്ടങ്ങളും എല്ലാം ഈദിന്റെ ഭാഗമായി നടന്നുവരുന്നു.ഇത്തവണ കോവിഡ് ഭീഷണി ഏറെ രൂക്ഷമായതിനാൽ ഇവയിൽ ഓൺലൈൻ ആയി നടത്താൻ പറ്റുന്നവ മാത്രമാണ് മിക്ക സ്ഥലത്തും നടന്നിട്ടുള്ളൂ.

പത്ത് വർഷത്തോളമായി ഈദ് രാവിൽ അല്ലെങ്കിൽ ഈദ് ദിനത്തിൽ മുടങ്ങാതെ എനിക്ക് രണ്ട് ആശംസകൾ ലഭിക്കും.വ്യക്തിപരമായി ലഭിക്കുന്ന നിരവധി സന്ദേശങ്ങളിൽ നിന്ന് ഇത് രണ്ടും ഞാൻ എടുത്തു പറയാൻ കാരണമുണ്ട്. രണ്ടും വരുന്നത് ഹിന്ദു സഹോദരങ്ങളിൽ നിന്നാണ്.നിരവധി ഹിന്ദു സഹോദരീ സഹോദരന്മാരിൽ നിന്നും ക്രിസ്ത്യൻ സഹോദരീ-സഹോദരന്മാരിൽ നിന്നും ലഭിക്കുന്ന ആശംസകളിൽ നിന്ന് ഇവ രണ്ടും വേറിട്ട് നിൽക്കുന്നു.

അതിൽ ഒന്നാമത്തെ ആശംസ എക്കാലത്തും നേരിട്ടുള്ള ഒരു ഫോൺ കാൾ ആണ്. മാനന്തവാടിയിലെ ദീർഘ കാല താമസത്തിനിടക്ക് അറിയാതെ അടുത്തുപോയ പവിത്രേട്ടന്റെ വിളിയാണ് അത്. മറ്റു പല സന്ദർഭങ്ങളിലും പവിത്രേട്ടൻ വിളിക്കാറുണ്ടെങ്കിലും പെരുന്നാളിന്റെ തലേദിവസം ഒന്ന് വിളിച്ച് എനിക്കും കുടുംബത്തിനും ആശംസ നേർന്നില്ലെങ്കിൽ പവിത്രേട്ടന് ഉറക്കം വരില്ല എന്നാണ് എനിക്ക് തോന്നിയത്.കേവലം ഒരാശംസ അറിയിച്ച് വയ്ക്കുന്നതിന് പകരം ദീർഘനേരം സംസാരിക്കാനും കൂടി ഈ അവസരം ഉപയോഗപ്പെടുത്തുന്ന വ്യക്തിയാണ് പവിത്രേട്ടൻ.

രണ്ടാമത്തെ ആശംസ ഇന്നും എനിക്ക് അത്ഭുതം നിറഞ്ഞതാണ്. അത്  ഒരു എസ്.എം.എസ് ആയിട്ടാണ് സാധാരണ വരാറ്. മുസ്ലിം വിരോധത്തിന് പേരുകേട്ട സാക്ഷാൽ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിൽ നിന്നുള്ള ശ്രീമാൻ യശ്വന്ത് സിങ്ങിന്റെതാണ് ആ ആശംസ. ഉത്തരേന്ത്യയിലെ ഈദിനനുസരിച്ച് അത് ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ നിൽക്കുമെങ്കിലും മുടക്കമില്ലാതെ എത്തും! 2011 ൽ പോണ്ടിച്ചേരിയിൽ വച്ച് നടന്ന എൻ.എസ്.എസ് ന്റെ നാഷണൽ  ഇന്റഗ്രേഷൻ ക്യാംപിൽ ഉത്തർപ്രദേശിൽ നിന്നുള്ള വളന്റിയർമാരെയും നയിച്ച് വന്ന ശ്രീ.യശ്വന്ത് സിങ്ങിന്റെ മനസ്സിൽ കേരള വളന്റിയർമാരെയും നയിച്ച് എത്തിയ ഞാൻ കയറിക്കൂടിയത് എങ്ങനെ എന്നത് ഇന്നും എനിക്ക് അജ്ഞാതമാണ്.ക്യാമ്പ് കഴിഞ്ഞ് പിറ്റേ ദിവസം സൺഡേ മാർക്കറ്റിൽ ഷോപ്പിംഗ് നടത്താൻ അദ്ദേഹത്തെയും ടീമിനെയും സഹായിച്ചിരുന്നു എന്നത് മാത്രമാണ് നേരിയ ഒരു സാധ്യത.അന്ന് താൽക്കാലിക ജീവനക്കാരനായിരുന്ന അദ്ദേഹം പിന്നീട് ജോലിയിൽ നിന്നും എൻ .എസ് .എസ്  ൽ നിന്നും വിട്ടു പോയിട്ടും ഞാനുമായുള്ള ബന്ധം തുടരുന്നു.

എല്ലാ ഈദിനും എത്തുന്ന ഈ രണ്ട് ആശംസകളും ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. കേവലം ഫോർവേഡ് ചെയ്യുന്ന വിവിധതരം ആശംസകൾക്കിടയിൽ അവ വേറിട്ട് നിൽക്കുന്നു. കാരണം ഈ രണ്ട് ആശംസകളും മനസ്സിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നു വരുന്ന ഒരു ബന്ധത്തിന്റെ കുളിരിൽ നിന്നും ഉരുത്തിരിയുന്ന ഒരു സ്നേഹ പ്രവാഹമാണ് . അതെന്നെന്നും നിലനിൽക്കട്ടെ. ഈദാശംസകൾ.