Pages

Thursday, February 28, 2019

സന്തോഷം സന്തോഷം

             എന്റെ വീട്ടില്‍ ഒരു അപ്രഖ്യാപിത മത്സരം നടക്കുന്നുണ്ട്. സമ്മാനങ്ങള്‍ നേടുന്നതിലുള്ള മത്സരമാണത്. ഞാനും എന്റെ മൂന്ന് മക്കളുമാണ് മത്സരാര്‍ത്ഥികള്‍. കട്ടക്ക് കട്ട മത്സരം തന്നെ നടക്കുന്നതിനാല്‍ പുതിയതായി പണി കഴിപ്പിച്ച ഷോകേസും നിറഞ്ഞു കഴിഞ്ഞു ! മക്കളും ഞാനും കൂടി ഇതുവരെ അതില്‍ എത്തിച്ചിരിക്കുന്നത് 144 ഓളം മെമെന്റോകളും ട്രോഫികളും ഷീല്‍ഡുകളും ഫലകങ്ങളും ! മക്കള്‍ ഇപ്പോഴും മത്സരങ്ങളില്‍ പങ്കെടുക്കുന്നു , ഞാനും എനിക്ക് കഴിയുന്ന മത്സരങ്ങളില്‍ പങ്കെടുത്ത് കൊണ്ടിരിക്കുന്നു.

               ഏറ്റവും ഇളയവളായ ലൂന മോള്‍ മത്സരക്കളത്തില്‍ ഇറങ്ങിത്തുടങ്ങിയിട്ടേ ഉള്ളൂ. രണ്ട് മാസം മുമ്പ് ബാലഭൂമിയുടെ മത്സരത്തില്‍ അവള്‍ക്ക് സമ്മാനം കിട്ടിയത് ഇവിടെ ഞാന്‍ പറഞ്ഞിരുന്നു.  ദിവസങ്ങള്‍ക്ക് മുമ്പ് ബാലഭൂമിയിലൂടെത്തന്നെ അവള്‍ക്ക് വീണ്ടും സമ്മാനം കിട്ടി. ഇത്തവണ അടിക്കുറിപ്പ് മത്സരത്തിനായിരുന്നു സമ്മാനം. 2007ല്‍ മനോരമയുടെ ഒരു അടിക്കുറിപ്പ് മത്സരത്തില്‍ ഞാനും സമ്മാനാര്‍ഹന്‍ ആയിരുന്നു ! പിന്നീടും നിരവധി അടിക്കുറിപ്പ് മത്സരങ്ങളില്‍ ഞാന്‍ പങ്കെടുത്തെങ്കിലും സമ്മാനം കിട്ടിയത് ക്വിസ് മത്സരത്തിലായിരുന്നു !

               മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ലൂനമോള്‍ക്ക് ബാലഭൂമിയില്‍ നിന്നുള്ള ആദ്യസമ്മാനമായ ഇന്‍സ്ട്രുമെന്റ് ബോക്സ് ഇന്ന് കിട്ടി. അവള്‍ക്ക് ഉപകാരപ്പെടില്ലെങ്കിലും എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ പോകുന്ന രണ്ടാമത്തെ മോള്‍ ലുഅക്ക് പുത്തന്‍ ബോക്സ് ആയി !!
             ദേ പിന്നാലെ എനിക്കും കിട്ടി അടുത്തത് !!

(66)+ (46) + (21)

ചാലിയാർ (എന്റെ അരീക്കോട് - 3)

             പുഴ ഒരു നാടിന്റെ ജീവനാഡിയാണ് എന്നതിൽ എനിക്ക് സംശയമില്ല. കാരണം കുന്നിൻ മുകളിലുള്ള എന്റെ പുരയിടത്തിലെ 22 കോൽ താഴ്ചയുള്ള കിണറിൽ വെള്ളം പൊങ്ങുന്നതും താഴുന്നതും പുഴയിലെ വെള്ളത്തിന്റെ ലെവലിനസരിച്ചായിരുന്നു. ഇപ്പോൾ പുഴയിലെ വെള്ളം ഒരു സ്ഥിരം ലെവലിൽ ആയതിനാൽ കിണറിലെ വെള്ളവും സ്ഥിരമാണ്. പുഴക്കരയിലെ മിക്ക വീട്ടിലെയും കിണറുകളുടെയും സ്ഥിതി ഇതു തന്നെയായിരിക്കും.

             കുട്ടിക്കാലത്ത് ചാലിയാറിന്റെ തീരത്തെ മണൽ‌പരപ്പിൽ ഞങ്ങൾ പല കളികളും കളിച്ചിരുന്നു. ഫുട്ബാൾ തന്നെയായിരുന്നു അതിൽ പ്രധാനം. മണൽ‌പരപ്പിൽ ഓടിക്കളിച്ചവന് പിന്നീട് ഗ്രൌണ്ടിൽ കളിക്കുമ്പോൾ ക്ഷീണം തോന്നുകയില്ല എന്ന് അന്ന് പറയാറുണ്ടായിരുന്നു. അന്ന് അതിന്റെ പൊരുൾ അറിഞ്ഞിരുന്നില്ല. മണലിൽ ഓടാൻ കൂടുതൽ ഊർജ്ജം വേണമെന്നും ഗ്രൌണ്ടിൽ ഓടാൻ അത്രയും ഊർജ്ജം ആവശ്യമില്ലെന്നും, അതിനാലാണ് അങ്ങനെ പറഞ്ഞിരുന്നത് എന്നും കാലം പിന്നിട്ടപ്പോൾ മനസ്സിലായി.

              അക്കാലത്ത് ചാലിയാർ സുന്ദരിയായിരുന്നു. വിശാലമായ മണൽ‌പരപ്പും തെളിഞ്ഞ വെള്ളവും ഇരു കരയിലും ഇടതൂർന്ന് നിൽക്കുന്ന മരങ്ങളും നീലാകാശവും കൂടി സൃഷ്ടിക്കുന്ന ഫ്രെയിം ഹൃദ്യമായ ഒരു കാഴ്ച തന്നെയായിരുന്നു. തടയണ വന്നതിനാൽ കെട്ടി നിർത്തപ്പെട്ട ഇന്നത്തെ വെള്ളത്തിന് ഒരു തരം കറുത്ത പച്ച നിറമാണ്.കരയുടെ അടുത്ത് പോലും  നദിയുടെ അടിത്തട്ട് കാണാൻ സാധിക്കില്ല. മണൽ‌പരപ്പ് ചില സ്ഥലങ്ങളിൽ മാത്രമായി ഒതുങ്ങുകയും ചെയ്തു.

            അടുത്തിടെ ഞാൻ പെങ്ങളുടെ മകനെയും എന്റെ കുഞ്ഞു മോനെയും കൂട്ടി ചാലിയാറിൽ ഒന്നിറങ്ങി. കരയിൽ മരത്തോട് ബന്ധിപ്പിച്ച കുഞ്ഞുതോണി എന്നെ പഴയ പല ഓർമ്മകളിലേക്കും കൊണ്ടുപോയി. അമ്മാവന്റെ അടുത്ത് നിന്ന് കിട്ടിയ ഒരു അനുഭവം പെട്ടെന്ന് മനസ്സിലൂടെ കടന്നുപോയി. തോണിയുടെ ആ ഫ്രെയിം ക്യാമറയിൽ ഒന്ന് പകർത്താൻ  തോന്നി. കുട്ടികളെ തോണിയിൽ കയറ്റി ഇരുത്തി ഞാൻ ഒരു ഫോട്ടോ എടുത്തു. ചാലിയാർ വീണ്ടും ഫോട്ടോയിൽ സുന്ദരിയായി. 
            കുട്ടികളെയും കൊണ്ട് മുമ്പ് പലസമയത്തും ചാലിയാറിന്റെ സൌന്ദര്യം ആസ്വദിക്കാനും കാറ്റ് കൊണ്ടിരിക്കാനും പോയിട്ടുണ്ട്. അന്ന് മൊബൈൽ ക്യാമറയോ ഡിജിറ്റൽ ക്യാമറയോ ഇല്ലാത്തതിനാൽ അവ ഒന്നും പകർത്താൻ സാധിച്ചിരുന്നില്ല.
           ഇരുട്ട് പടരാൻ തുടങ്ങി. ചാലിയാറിന് അതിന്റെ യഥാർത്ഥ സൌന്ദര്യം തിരിച്ച് കിട്ടുന്ന നല്ല ദിനം സ്വപ്നം കണ്ട് ഞാൻ നദിയിൽ നിന്നും കയറി.

Tuesday, February 26, 2019

തൊട്ടുകളി

              കളിക്കാരുടെ എണ്ണം വളരെ കൂടുമ്പോഴും വളരെ കുറയുമ്പോഴും കളിക്കുന്ന ഒരു കളിയാണ് തൊട്ടുകളി. കളിക്കാനുള്ളവർ മുഴുവൻ അണിനിരന്ന് ഒന്ന് , രണ്ട് എന്നിങ്ങനെ എണ്ണിത്തുടങ്ങും. മിക്കവാറും പത്ത് എന്ന് എണ്ണുന്നവൻ ‘കള്ളൻ’ ആവും. അതായത് മറ്റുള്ളവരെ ഓടിത്തൊടേണ്ടത് അവനാണ്.

              എണ്ണിക്കഴിയുന്നതോടെ തന്നെ കളി ആരംഭിക്കുകയായി. ‘കള്ളൻ’ ഓരോരുത്തരുടെയും പിന്നാലെ ഓടും. മുടിയിലോ ഷർട്ടിലോ തൊട്ടാൽ തൊട്ടതായി പരിഗണിക്കില്ല.അതായത് തൊട്ടു എന്ന് തൊടപ്പെട്ടയാൾക്ക് ഫീൽ ചെയ്യണം. അത് പലപ്പോഴും തർക്കത്തിന് ഇടയാക്കുന്നതിനാൽ ‘കള്ളൻ’ പുറത്ത് അടിക്കുകയാണ് ചെയ്യാറ്‌. അടിയുടെ ശക്തി കൂടിയാൽ കളി അടിപിടിയിൽ കലാശിക്കാനും അത് മതി.

              ഒരാളെ തൊടുന്നതോട് കൂടി കള്ളൻ മാറി. പുതിയ കള്ളൻ അപ്പോൾ തന്നെ ‘ചാർജ്ജെ‘ടുക്കും. തൊട്ടടുത്ത് നിൽക്കുന്നവന്റെ പിന്നാലെ ഓടാൻ തുടങ്ങും. വെട്ടിച്ച് ഓടാൻ കഴിയുന്നവനും സ്പീഡിൽ ഓടാൻ കഴിയുന്നവനും പല കളികളിലും ഒരിക്കൽ പോലും കള്ളനാവാറില്ല. അത് കളിയിൽ ഒരു ക്രെഡിറ്റ് ആണ്. എന്നാൽ ചിലർ സ്ഥിരം കള്ളൻ ആയിക്കൊണ്ടേ ഇരിക്കും. അത്തരക്കാർക്ക്, സഹതാപം കൊണ്ട് മാത്രമേ പിന്നെ രക്ഷയുള്ളൂ. അതായത് എല്ലാവരും തീരുമാനിച്ച് കൊണ്ട് അയാളെ ഇനിയും തൊടുന്നത് വിലയ്ക്കണം. അല്ലെങ്കിൽ അയാൾക്ക് വേണ്ടി മറ്റൊരാൾ കുരിശ് ഏറ്റെടുക്കണം.അതുമല്ലെങ്കിൽ ആരെങ്കിലും അയാൾക്ക് തൊടാൻ നിന്ന് കൊടുക്കണം.

             തൊടാൻ നിന്ന് കൊടുക്കുന്നത് കളി നിയമ പ്രകാരം ശിക്ഷാർഹമാണ്. അത് പലപ്പോഴും ഇഷ്ടക്കാരന് വേണ്ടി ആണ് നിന്നു കൊടുക്കുന്നത് എന്നതു കൊണ്ടാണത്. കളിയിൽ എല്ലാവരും തുല്യരായതിനാൽ സ്വജനപക്ഷപാതവും സ്വവർഗ്ഗപ്രേമവും ഒന്നും ഭൂഷണമല്ല എന്ന് കളികളിൽ കൂടി അന്ന് ഞങ്ങൾ പഠിച്ചിരുന്നു. എന്നാൽ ഒരാൾ വളരെയധികം ഓടി തളർന്ന് കഴിഞ്ഞാൽ അയാൾക്ക് തൊടാൻ നിന്ന് കൊടുക്കാം.

             കളിക്കിടയിൽ അല്പം വിശ്രമിക്കാനോ വെള്ളം കുടിക്കാനോ മറ്റെന്തെങ്കിലും ആവശ്യം നിറവേറ്റാനോ ഷോർട്ട് ബ്രേക് എടുക്കാവുന്നതാണ്. ‘എനിക്കായിട്ടില്ല’ എന്ന് പറഞ്ഞായിരുന്നു ഞങ്ങളുടെ കാലത്ത് ഈ ഷോർട്ട് ബ്രേക് എടുത്തിരുന്നത്. എന്നാൽ ഇന്ന് “സുല്ല്” എന്ന് പറഞ്ഞാണ് ഷോർട്ട് ബ്രേക് എടുക്കുന്നത്. തൊടാൻ വേണ്ടി ഓടി അടുത്ത് എത്തുമ്പോൾ സുല്ല് വിളിക്കുന്ന വിരുതൻമാരുണ്ട്. ഇതും പലപ്പോഴും തർക്കങ്ങൾക്കും കളി തടസ്സപ്പെടുത്താനും കാരണമാകാറുണ്ട്.

             തൊട്ടുകളി യഥാർത്ഥത്തിൽ സ്റ്റാമിനയുടെ ഒരു പരീക്ഷണം കൂടിയാണ്. പെട്ടെന്ന് ക്ഷീണിക്കുന്നവർക്ക് ഇത് ഒട്ടും അനുയോജ്യമല്ല. ഒരു തൊട്ടുകളി കഴിഞ്ഞാൽ തല മുതൽ പാദം വരെ വിയർപ്പിൽ മുങ്ങി ആയിരുന്നു ഞങ്ങളിൽ പലരും കര കയറിയിരുന്നത്. ആണും പെണ്ണും എല്ലാം ഒരുമിച്ചായിരുന്നു കളിച്ചിരുന്നതും. സ്കൂളിൽ തൊട്ടുകളി പെൺകുട്ടികളുടെ മാത്രം കളിയാണ്. നീന്തൽ വശമുള്ളവർ പുഴയിലും തൊട്ടുകളി കളിച്ചിരുന്നു.

             ഇന്ന് ഇതിന്റെ വകഭേദങ്ങൾ പലതും കാണുന്നുണ്ടെങ്കിലും എന്റെ കുട്ടിക്കാലത്തെ തൊട്ടുകളി ഏകദേശം അന്യം നിന്നു കഴിഞ്ഞു.

Saturday, February 23, 2019

ബാപ്പയുടെ മകൻ

             അരീക്കോട് പാലം ഉത്ഘാടനം ചെയ്യപ്പെടുന്നതിന് മുമ്പ് കോഴിക്കോട്ടേക്ക് പോയിരുന്നത് കൊണ്ടോട്ടി വഴി മാത്രമായിരുന്നു (ഇന്ന് കോഴിക്കോട്ടേക്ക് ആരും പോകാത്ത വഴിയും അതു തന്നെ!). വേനലവധിക്കാലത്ത് ബാപ്പയുടെ നാടായ നൊച്ചാട്ടേക്ക് ഞങ്ങൾ പോയിരുന്നത് അതു വഴിയായിരുന്നു. ഈ  യാത്രയില്‍ കോഴിക്കോട് കഴിഞ്ഞാല്‍ ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു സ്ഥലപ്പേരാണ് അത്തോളി.ഇടുങ്ങിയ റോഡ് എത്തുമ്പോള്‍ മനസ്സിലാക്കാം അത്തോളി എത്തി എന്ന്. എന്റെ കുട്ടിക്കാലത്തെ മന്ത്രിമാരില്‍ പ്രധാനിയായിരുന്ന (മഞ്ചേരിയുടെ എം.എല്‍.എ യും) സി.എച്.മുഹമ്മദ് കോയയുടെ ജന്മനാട് കൂടിയായിരുന്നു അത്തോളി. എന്റെ പിതാവിന്റെ അദ്ധ്യാപക ജീവിതം ആരംഭിക്കുന്നതും അത്തോളിയില്‍ നിന്നാണെന്ന് മുമ്പെന്നോ ബാപ്പ പങ്കു വച്ചതായി  ഞാന്‍ ഓര്‍ക്കുന്നു.

             പല നാടുകളുടെയും മുഖഛായ മാറിയപോലെ അത്തോളിയും മാറി. പക്ഷെ റോഡ് ഇന്നും ഇടുങ്ങിയത് തന്നെ. അതിനാൽ അത്തോളി എത്തുന്നത് പെട്ടെന്ന് അറിയാൻ ഇന്നും സാധിക്കും. റോഡ് വക്കിൽ തന്നെയുള്ള ഹൈസ്കൂളിന്റെ ഗേറ്റിന് മുമ്പിൽ തന്നെയാണ് ബസ്‌സ്റ്റോപ്പും. ബാപ്പയുടെ അദ്ധ്യാപകാരങ്ങേറ്റം നടന്ന സ്കൂൾ പലതവണ ബസ്സിലിരുന്ന് കണ്ടിരുന്നു. ബാപ്പ ജീവിച്ചിരുന്ന സമയത്തും പിന്നീടും ഈ സ്കൂളിനെപ്പറ്റി അധികം കാര്യങ്ങൾ പറയാത്തതിനാൽ അവിടെ സന്ദർശിക്കാൻ ഇന്നുവരെ തോന്നിയതേ ഇല്ല.

          ദിവസങ്ങൾക്ക് മുമ്പ് എന്റെ സഹപ്രവർത്തകയും അത്തോളി ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ സൽമ ടീച്ചർ ഒരു ചെറിയ ആവശ്യവുമായി എന്നെ സമീപിച്ചു.സ്കൂളിലെ സയൻസ് - ഐ ടി ക്ലബുകളിലെ അംഗങ്ങൾക്ക് വേണ്ടി ഒരു മോട്ടിവേഷൻ ക്ലാസ് എടുക്കണം.പൂർവ്വ വിദ്യാർത്ഥീ സംഘടനകൾക്കാണ് ഇത്തരം സംഗതികൾ അറേഞ്ച് ചെയ്യാനുള്ള ചുമതല നൽകിയിരിക്കുന്നത്.

        പ്ലസ് വണ്ണിന് താഴെയുള്ള കുട്ടികൾക്ക് ക്ലാസെടുത്തുള്ള പരിചയം വളരെ കുറവായതിനാൽ ചെറിയൊരു ആശങ്കയോടെയാണ് ഞാൻ അത് ഏറ്റെടുത്തത്. കുട്ടികൾക്ക് ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന ‘ഷാഹിനയുടെ സ്കൂൾ’ എന്ന പുസ്തകം വായിച്ച പരിചയത്തിൽ നിന്നും ഞാൻ ചില കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു. സയൻസിന് ദൈനംദിന ജീവിതവുമായിട്ടുള്ള ബന്ധത്തിലൂന്നി അല്പം നർമ്മത്തോടെ അവതരിപ്പിച്ചാൽ കുട്ടികളെ പിടിച്ചിരുത്താൻ സാധിക്കും എന്നതായിരുന്നു അതിൽ പ്രധാനം.

           അങ്ങനെ തികച്ചും യാദൃശ്ചികമായി, ബാപ്പ അരങ്ങേറ്റം നടത്തിയ  അതേ സ്കൂളില്‍,  അത്തോളിയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഞാനും ഈ രംഗത്ത് അരങ്ങേറ്റം നടത്തി. ഉച്ചക്ക് ശേഷമായിട്ടും ഒന്നര മണിക്കൂറോളം കുട്ടികളെ ഉണർത്തിയിരുത്താൻ സാധിച്ചു. ക്ലാസിന് ശേഷം, കുട്ടികൾക്കും അദ്ധ്യാപകർക്കും ഉണ്ടായ സംശയങ്ങൾക്ക് മറുപടിയും നൽകി. വർഷങ്ങളായി എൻ.എസ്.എസ് മോട്ടിവേഷൻ ക്ലാസ്സുകൾ എടുക്കുന്ന എനിക്കും ഈ വ്യത്യസ്തത ഇഷ്ടപ്പെട്ടു.
അവസരം ഒരുക്കി തന്ന സൽമ ടീച്ചർക്കും, സ്കൂളധികൃതർക്കും, സാകൂതം ശ്രദ്ധിച്ച പ്രിയപ്പെട്ട മക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി.

Wednesday, February 20, 2019

റോബിന്‍‌ഹുഡ്

             R L Green എഴുതിയ Adventures of Robin Hood എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ സംഗൃഹീത പുനരാഖ്യാനം (അതെന്താണാവോ?) ആണ് “റോബിന്‍‌ഹുഡ്“ എന്ന പുസ്തകം. 2013 ഡിസംബർ മാസത്തിൽ എന്റെ രണ്ടാമത്തെ മകൾ ലുഅ അസുഖബാധിതയായി ആശുപത്രിയിൽ കിടക്കുമ്പോൾ അവൾക്ക് വായിക്കാനായി അനിയൻ സമ്മാനിച്ച പുസ്തകങ്ങളിൽ ഒന്നായിരുന്നു ഇത്.

           റോബിന്‍‌ഹുഡ് കഥകളിൽ ഏറ്റവും പ്രശസ്തമായത് എന്നാണ് ആമുഖത്തിൽ ആർ.എൽ.ഗ്രീനിന്റെ പുസ്തകത്തെപ്പറ്റി പറയുന്നത്. ധനികരെ കൊള്ളയടിച്ച്  പാവപ്പെട്ടവരെ സഹായിക്കുന്ന റോബിന്‍‌ഹുഡ് ഇംഗ്ലണ്ടിലെ കായംകുളം കൊച്ചുണ്ണി ആണെന്നാണ് ഞാൻ കേട്ടിരുന്നത്. കഥ വായിച്ചപ്പോൾ അത് ഏകദേശം ഒക്കെ ശരിയാണ്‌താനും.

          പക്ഷെ, കെ.പി സുമതി നിർവ്വഹിച്ച സംഗൃഹീത പുനരാഖ്യാനം ആണോ ഡോ.പി.കെ രാജശേഖരൻ നടത്തിയ എഡിറ്റിംഗ് ആണോ എന്നറിയില്ല പുസ്തകം വായിക്കാൻ ഒരു സുഖവും ഇല്ല. സംഭവം നടക്കുന്നത് എവിടെയെന്നോ സംഭാഷണങ്ങൾ ആര് തമ്മിലെന്നോ എന്നൊന്നും ചില സമയത്ത് ഒട്ടും മനസ്സിലാകുന്നില്ല. പരസ്പര ബന്ധമില്ലാത്ത കൊച്ചു കൊച്ചു അദ്ധ്യായങ്ങളും കൂടി ആയപ്പോൾ വായന വിരസമാകുന്നു.

          റോബിന്‍‌ഹുഡ് എത്ര വലിയ വില്ലാളി വീരനാണെങ്കിലും ചില സംഗതികൾ വായനക്കാർക്ക് ദഹിക്കും എന്ന് തോന്നുന്നില്ല.ഷരീഫിനും പ്രിൻസ് ജോണിനും എതിരെ പൊരുതുന്ന റോബിന്‍‌ഹുഡ് അവർ സംഘടിപ്പിക്കുന്ന അമ്പെയ്ത്ത് പോലെയുള്ള മത്സരങ്ങളിൽ കൂളായി പങ്കെടുക്കുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്നുണ്ട്. എന്നിട്ടും റോബിന്‍‌ഹുഡ്  ഷെർവുഡ് വനത്തിൽ തന്നെ തിരിച്ചെത്തുകയും ചെയ്യുന്നു.തങ്ങൾക്ക് തലവേദന സൃഷ്ടിക്കുന്ന റോബിന്‍‌ഹുഡിനെ പിടിക്കാൻ സമീപത്തെ ഷെർവുഡ് വനം വരെ പോകാൻപോലും ഈ ഭരണാധികൾക്ക് മിടുക്കില്ല എന്ന് വിശ്വസിക്കാൻ വയ്യ. പിന്നെ റോബിന്‍‌ഹുഡിന്റെ വേഷം മാറിയുള്ള യാത്ര - ആജന്മ ശത്രുവിനെ തിരിച്ചറിയാൻ പോലും പറ്റാത്ത രൂപത്തിൽ വേഷം മാറുന്നത് കേട്ട്‌കേൾവി പോലും ഇല്ല.

           അങ്ങനെ അങ്ങനെ വിശ്വസാഹിത്യമാല വിഭാഗത്തിൽ ഇറക്കിയ ഈ പുസ്തകത്തിൽ നിരവധി കല്ല്‌കടികൾ അനുഭവപ്പെട്ടു. പാശ്ചാത്യ നാടോടിക്കഥകളിൽ മുൻ‌പന്തിയിൽ നിൽക്കുന്ന റോബിന്‍‌ഹുഡ് കഥകൾ സംഗ്രഹിച്ച് എഴുതിയപ്പോൾ വികൃതമായിപ്പോയി എന്നാണ് എന്റെ അഭിപ്രായം.മുഖ്യ കഥാപാത്രങ്ങളെ തുടക്കത്തിൽ തന്നെ പരിചയപ്പെടുത്തുന്നത് കൊണ്ട് അവർ ആരെന്ന് ഇടക്കിടക്ക് റഫർ ചെയ്യാൻ സാധിക്കുന്നുണ്ട് എന്നത് ഒരു ഗുണം തന്നെ. കഥ ശരിക്കും ആസ്വദിക്കണമെങ്കിൽ ഇംഗ്ലീഷ് പതിപ്പ് തന്നെ വായിക്കേണ്ടി വരും.

പുസ്തകം :റോബിന്‍‌ഹുഡ്
രചയിതാവ്: ആർ എൽ ഗ്രീൻ
പേജ് : 88
വില: 50 രൂപ
പബ്ലിഷേഴ്സ്:ഡി സി ബുക്സ്.

Tuesday, February 12, 2019

ഉസ്മാന്റെ നീന്തൽ

ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം. ഇന്നത്തെപ്പോലെ ഒരു ജില്ലയിൽ തന്നെ വേറെ കുറെ ജില്ലകൾ ഇല്ലാതിരുന്ന കാലം. മലപ്പുറം ജില്ല എന്നാൽ മലപ്പുറം തന്നെ , അതിനകത്ത് തിരൂർ വിദ്യാഭ്യാസ ജില്ല ,തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല, വണ്ടൂർ വിദ്യാഭ്യാസ ജില്ല എന്നിങ്ങനെയൊന്നും ഉണ്ടായിരുന്നില്ല.ജില്ലയിലെ മൊത്തം സ്കൂളുകളെയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു കലാ-കായികമേളകൾ നടന്നിരുന്നത്.

സുബുലുസ്സലാം ഹൈസ്കൂൾ മൂർക്കനാട് എന്ന എന്റെ സ്കൂൾ സ്പോർട്സിൽ ജില്ലാ ചാമ്പ്യന്മാരായി വിരാചിക്കുന്ന കാലമായിരുന്നു അത്.ഗെയിംസ് ഇനത്തിൽ പങ്കെടുക്കാറുണ്ടെങ്കിലും പറയത്തക്ക വിജയങ്ങളൊന്നും സ്കൂളിന് ഉണ്ടായിരുന്നില്ല.അങ്ങനെയിരിക്കെ ജില്ലാ നീന്തൽ മത്സരം കടന്നു വന്നു. ചാലിയാറിന്റെ തീരത്തായതിനാൽ, വെള്ളത്തിൽ വീണാൽ നീന്തിക്കയറാൻ അറിയുന്ന നിരവധി പേർ സ്കൂളിൽ ഉണ്ടായിരുന്നു. എന്നാൽ മത്സരക്കുളത്തിൽ ഇറങ്ങാനുള്ള നിലവാരം പുലര്‍ത്തുന്ന ആരും തന്നെ ഉണ്ടായിരുന്നില്ല.

അന്നത്തെ പി.ടി മാസ്റ്റർ ശാരീരികാസ്വാസ്ഥ്യം  കാരണം ലീവിലായതിനാൽ കണക്ക് മാസ്റ്ററായ കൃഷ്ണൻ മാഷെ ആയിരുന്നു മത്സരത്തിന് ടീമിനെ കൊണ്ടുപോകേണ്ട ചുമതല ഏല്പിച്ചത്. കാടുപിടിച്ച തലയിൽ ഈ ചുമതല കൂടി വഹിച്ചാണ് അന്ന് കൃഷ്ണൻ മാസ്റ്റർ ക്ലാസ്സിലെത്തിയത്. ക്ലാസില്‍ കയറിയതും പതിവില്ലാത്ത വിധം, തലേ ദിവസം എടുത്ത ഭാഗത്ത് നിന്ന് മാസ്റ്റർ ഒരു ചോദ്യം ചോദിച്ചു.

“നാല് മീറ്റർ നീളവും രണ്ട് മീറ്റർ വീതിയുമുള്ള ദീർഘചതുരാകൃതിയിലുള്ള ഒരു കുളത്തിന്റെ ആഴം കണക്കാക്കുന്നത് എങ്ങനെ? ഗോവിന്ദൻ പറയൂ...”

“കുളത്തിൽ ചാടി മുങ്ങാം കുഴിയിട്ട് നോക്കിയാൽ മതി...” ഗോവിന്ദൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു.

“അതിന് നിനക്ക് നീന്തലറിയോ?”

“തോട്ടിൽ നീന്താനറിയാം...” ഗോവിന്ദൻ വെറുതെ തട്ടിവിട്ടു.

“ആ...എങ്കിൽ നിന്റെ ഉത്തരം ശരിയാണ്...!നിന്നെ ക്യാപ്റ്റനാക്കി തെരഞ്ഞെടുത്തിരിക്കുന്നു...!!എല്ലാരും ഒന്ന് കയ്യടിക്കൂ...”

“സേ....ർ.....എന്ത്....എന്തിന്റെ ക്യാപ്റ്റൻ ?” ഹർഷാരവത്തിനിടയിൽ ഗോവിന്ദൻ ചോദിച്ചു.

“ജില്ലാ നീന്തൽമേളക്കുള്ള നമ്മുടെ സ്കൂൾ ടീമിന്റെ ക്യാപ്റ്റൻ...”

“സേർ...ആ നീന്തൽ എനിക്കറിയില്ല...”

“സാരമില്ല...എളയൂരിലെ ഒരു പൊട്ടക്കുളത്തിലാ മത്സരം.... വിസിലടിക്കുമ്പോൾ നീ അങ്ങട്ട് ചാടി കയ്യൊന്ന് ആഞ്ഞ് വീശിയാൽ തന്നെ അക്കരെ എത്തും....ഫസ്റ്റാകും“

അപ്പോഴാണ് ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ഉസ്മാന്‍ ക്ലാസിന്റെ വാതിലിനടുത്ത് വന്ന് നിന്നത്.
“യെസ് കമിൻ...” ക്ലാസിലേക്ക് കയറാനുള്ളതാണെന്ന് കരുതി കൃഷ്ണൻ മാസ്റ്റർ പറഞ്ഞു.

“സേർ...കമിന്‍ അല്ല...ഞാന്‍ ഉസ്മാനാ... നീന്തലിന് ഞാനും ണ്ട് ന്ന് പറയാനാ...” ഉസ്മാന്‍ മറുപടി കൊടുത്തു.

“ആഹാ വെരിഗുഡ്...ക്യാപ്റ്റനെ ഞാന്‍ തെരഞ്ഞെടുത്തിട്ടുണ്ട്...ആട്ടെ, നീ ഏതൊക്കെ ഇനത്തിൽ മത്സരിക്കും?”

“ബാക്കോട്ടുള്ള നീന്തം...മുന്നോട്ടുള്ള നീന്തം...പൂമ്പാറ്റ നീന്തം...അങ്ങനെ എല്ലാം...”

“ആഹാ....നീ ഉസ്മാനല്ല...അസ്സല്‍ സ്പോര്‍ട്സ്‌മാനാ.... അപ്പോൾ ക്യാപ്റ്റൻ കരക്കിരുന്നോളും... മറ്റന്നാളാണ് മത്സരം...വേണമെങ്കിൽ ഇന്നും നാളെയും ഗ്രൌണ്ടിൽ ഒന്ന് പ്രാക്റ്റീസ് ചെയ്തോളൂ...”

* * * * * * * * *

“മലപ്പുറം ജില്ലയിലെ നീന്തല്‍ രാജകുമാരനെ കണ്ടെത്താനുള്ള 100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ മത്സരത്തിന്റെ ഹീറ്റ്സ് ആണ് ആദ്യം നടക്കാന്‍ പോകുന്നത്. ആദ്യ ഹീറ്റ്‌സില്‍ പങ്കെടുക്കുന്നത് നിലവിലുള്ള സംസ്ഥാന ചാമ്പ്യന്‍ അരീക്കോട് സുല്ലമുസ്സലാം ഓറിയെന്റല്‍ ഹൈസ്കൂളിന്റെ സൈദ് ഫസല്‍, മീറ്റിലെ കറുത്ത കുതിരയാകും എന്ന് പ്രതീക്ഷിക്കുന്ന മൂര്‍ക്കനാട് സുബുലുസ്സലാം ഹൈസ്കൂളിന്റെ ഉസ്മാന്‍, പുഴയില്ലാത്ത മഞ്ചേരിയുടെ അഭിമാനം കാക്കാന്‍ വാസുദേവന്‍,പിന്നെ ആതിഥേയരുടെ പ്രതീക്ഷകള്‍ മുഴുവന്‍ പേറുന്ന ജെയിംസ് മാത്യു....ആവേശകരമായ മത്സരം കാണാന്‍ എല്ലാവരെയും കുളക്കരയിലേക്ക് ക്ഷണിക്കുന്നു” മൈക്കില്‍ നിന്ന് ഉച്ചത്തില്‍ ശബ്ദം ഉയര്‍ന്നു.

നീളം കൂടിയ ടീ ഷര്‍ട്ടും അയഞ്ഞ ഒരു ഡ്രോയറും ഇട്ട് ഉസ്മാന്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റിലേക്ക് എത്തി.
“ഈ ഡ്രോയര്‍ എവിടന്ന് കിട്ടി ?”  ഉസ്മാന്റെ വേഷം കണ്ട കൃഷ്ണൻ മാസ്റ്റർ ചോദിച്ചു.

“അത്...ഇന്നലെ അമ്മാവന്‍ വീട്ടില്‍ വന്നിരുന്നു...”

“ആ...കണ്ടപ്പോഴേ തോന്നി , പത്ത് പതിനഞ്ച് കൊല്ലം സര്‍വീസ് ഉള്ളതാന്ന്...”

“ടീം മാനേജര്‍മാരും ക്യാപ്റ്റന്മാരും മത്സരാര്‍ത്ഥിയുടെ തൊട്ടു പിന്നില്‍ നിന്നു കൊണ്ട് പ്രോത്സാഹനം നല്‍കേണ്ടതാണ്...” വീണ്ടും അനൌന്‍സ്‌മെന്റ് മുഴങ്ങി. കൃഷ്ണൻ മാസ്റ്ററും ഗോവിന്ദനും ഉസ്മാന്റെ നേരെ പിന്നില്‍ വന്ന് നിന്നു.

“ഓണ്‍ യുവര്‍ മാര്‍ക്ക്....” റഫറി പറഞ്ഞപ്പോള്‍ എല്ലാവരും കുളത്തിലേക്ക് ചാടാന്‍ തയ്യാറായി നിന്നു.

“സെറ്റ്...ഫ്രീ...ബ്ലും...ബ്ലും...ബ്ലും.....” റഫറിയുടെ വിസിലിനൊപ്പം മൂന്ന് പേര്‍ കുളത്തിലേക്ക് ഡൈവ് ചെയ്തു. ഉസ്മാന്‍ അപ്പോഴും കരയില്‍ തന്നെ നില്‍ക്കുകയാണ് !!

“ചാടെടാ...” കൃഷ്ണൻ മാസ്റ്ററും ഗോവിന്ദനും ഒരുമിച്ച് അലറി. ഉസ്മാന്‍ അപ്പോഴും കൂസലില്ലാതെ വെള്ളത്തിലേക്ക് നോക്കി നിന്നു.

കൃഷ്ണൻ മാസ്റ്ററും ഗോവിന്ദനും കൂടി ഉസ്മാനെ ഒന്ന് തള്ളി.“പധോ!!”
മൂക്കും കുത്തി ഉസ്മാന്‍ വെള്ളത്തിലേക്ക് വീണു. ഗ്ലിം.....ഗ്ലും....വെള്ളം കുടിച്ച് ഉസ്മാന്‍  കുളത്തിന്റെ അടിയിലേക്ക് താഴാന്‍ തുടങ്ങി. അപകടം മണത്ത  സംഘാടകരിൽ ഒരാൾ ഉടൻ വെള്ളത്തിലേക്ക് ചാടി. മുങ്ങിക്കൊണ്ടിരുന്ന ഉസ്മാനെ മുടിക്ക് പിടിച്ച് വലിച്ച് കരക്ക് കയറ്റി. അപ്പോഴാണ് കൃഷ്ണൻ മാസ്റ്റർക്ക് ശ്വാസം നേരെ വീണത്.

“ എന്തു പണിയാടാ നീ ഈ കാണിച്ചത്...?” കൃഷ്ണൻ മാസ്റ്റർ ദ്വേഷ്യത്തോടെ ഉസ്മാന്റെ നേരെ തിരിഞ്ഞു.

“സേ...ർ....അത്....അത്..... ഇന്ന് കണക്കും ബയോളജിയും ക്ലാസ് പരീക്ഷ പറഞ്ഞിരുന്നു. അതിൽ നിന്ന് രക്ഷപ്പെടാനാ ഇങ്ങോട്ട് വന്നത്...മുട്ടോളം വെള്ളമേ പ്രതീക്ഷിച്ചുള്ളൂ...ഇത് മുട്ടും മുട്ടയും കഴിഞ്ഞ് മൊട്ടയോളം വെള്ളം... ഇത്രേം വലിയൊരു കുളത്തിൽ ചാടേണ്ടി വരും എന്ന് ഒട്ടും വിചാ‍രിച്ചില്ല....ക്ഷമിക്കണം സേർ...”

ഉസ്മാന്റെ ശരീരത്തിന്റെ മുന്നിലും പിന്നിലുമുള്ള സകല ദ്വാരങ്ങളിലൂടെയും പല സ്രവങ്ങളും പുറത്ത് വന്ന് കുളം മലിനമായതിനാൽ അന്നത്തെ ബാക്കി മത്സരങ്ങൾ നീട്ടി വച്ചു എന്നാണ് പിന്നീട് കേട്ടത്.

Friday, February 08, 2019

പാളക്കയറ്‌

           ദിവസങ്ങൾക്ക് മുമ്പ് പച്ചക്കറി കടയിൽ നിന്നും ഒരു കിലോ പഴം വാങ്ങി. സ്ഥിരം ചെയ്യുന്നത് പോലെ ഞാൻ അത് കടലാസിൽ പൊതിഞ്ഞ് വാങ്ങി. പോതിഞ്ഞ് കഴിഞ്ഞപ്പോൾ പൊതിക്ക് ഒരു ‘ബലം’ പോര എന്ന തോന്നലിൽ പീടിക ഉടമ ഒരു കയറെടുത്ത് കെട്ടി. ആ കയറും പൊതിയും എന്റെ മനസ്സിനെ വല്ലാതെ ആകർഷിച്ചു.
          മുപ്പത്തഞ്ചു വർഷങ്ങൾക്ക് മുമ്പുള്ള ഒരു സായാഹ്നത്തിലേക്കാണ് ആ പൊതി എന്നെ കൊണ്ടു ചെന്നത്. അരീക്കോട് അങ്ങാടിയിൽ നിന്നും സുല്ലമുസ്സലാം അറബിക്കോളേജിലേക്കുള്ള റോഡ്. ആ റോട്ടിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഓല ഷെഡിലായിരുന്നു അന്ന് മീൻ കച്ചവടം. വലിയ ലോറിയിൽ വാരി ഇട്ട നിലയിൽ എത്തുന്ന മത്തി തന്നെയായിരുന്നു പ്രധാന ഇനം. ഇന്ന്, കോൺക്രീറ്റ് കൂട്ട് ചട്ടിയിലേക്ക് കോരി ഇടുന്ന പോലെ ഈറ്റ കൊണ്ടുണ്ടാക്കിയ കൊട്ടയിലേക്ക് മത്തി  കോരി ഇടും. മുകളിൽ അല്പം മാത്രം ഐസ് വിതറും. ലോറിയിൽ നിന്നും വീഴുന്ന ഐസ് കഷ്ണം കൈക്കലാക്കാൻ കുട്ടികളുടെ ഒരു പടയും ഉണ്ടായിരുന്നു.

             കൊട്ടയുടെ കൈ ഭാഗത്ത് ഒരു കയറിന്റെ കെട്ട് ഉണ്ടായിരുന്നു. കയറ്‌ എന്നാൽ കമുകിന്റെ പാള ചീന്തി ഉണ്ടാക്കിയതായിരുന്നു (ഇന്ന് എനിക്ക് കിട്ടിയ കയറ്). മത്സ്യം പൊതിഞ്ഞിരുന്നത് തേക്കിന്റെ ഇലയിലും. അതും എല്ലാ മീൻ‌കാരുടെയും ഇരിപ്പിടത്തിന് തൊട്ടടുത്ത് കൂട്ടിയിട്ടിരിക്കും. നാലഞ്ച് ഇല ഒന്നിച്ച് വച്ച് മത്സ്യം അതിലേക്കിട്ട്, ഇല മടക്കി പാളക്കയറു കൊണ്ട് വരിഞ്ഞ് മുറുക്കി ഒരു പിരിച്ച് വയ്ക്കൽ ഉണ്ട്. ചട പടെ എന്ന് കഴിയുന്നതാണെങ്കിലും കാണാൻ ചന്തമുള്ള ഒരു കല !

             ഇന്നത്തെ പോലെ കിലോ കണക്കിനായിരുന്നില്ല അന്ന് മീൻ വില. എണ്ണത്തിനായിരുന്നു വില പറഞ്ഞിരുന്നത്. ചില ദിവസം ‘ഉർപ്പ്യക്ക് പത്ത്’ ആയിരിക്കും. അതായത് ഒരു രൂപക്ക് പത്ത് എണ്ണം. മറ്റു ചില ദിവസങ്ങളിൽ ‘വാരി’ കൊടുക്കും. അതായത് കുട്ടയിൽ നിന്നും വാരി ഇങ്ങെടുക്കും.പൊതിയിൽ എത്തുമ്പോഴേക്കും അതിൽ മുക്കാലും കുട്ടയിലേക്ക് തന്നെ വീണിട്ടുണ്ടാവും !അങ്ങനെ ഒരു മൂന്നോ നാലോ വാരൽ ആണ് ഒരു രൂപക്ക്. വാരുമ്പോൾ ഉള്ള എണ്ണൽ ഇന്നും കാതിൽ അലയടിക്കുന്നു - “ഒന്നേ ഒന്ന് ഒന്ന്...രണ്ടേ രണ്ട് രണ്ട്....മൂന്നേ....”. മത്സ്യത്തിന് ചീയലോ പൊട്ടലോ നിറം മാറ്റമോ ഉണ്ടെങ്കിലാണ് ഈ വാരി കൊടുക്കൽ എന്ന് വലുതായപ്പോഴാണ് അറിഞ്ഞത്.

             ഒന്നോ രണ്ടോ രൂപക്കായിരുന്നു അന്ന് മീൻ വാങ്ങിയിരുന്നത്. മീൻ വാങ്ങാൻ ചെല്ലുമ്പോൾ തന്നെ വില്പനക്കാർ മാടി വിളിക്കും. ‘മൌലവീ’ എന്നായിരുന്നു ചില ദിവസങ്ങളിൽ എന്നെ വിളിച്ചിരുന്നത്. എന്റെ മൂത്താപ്പ അറബിക് അധ്യാപകനായിരുന്നു.വി.പി മൌലവി എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ മകനാണെന്ന ധാരണയിലായിരിക്കും എന്നെ മൌലവി എന്ന് വിളിച്ചിരുന്നത്. മറ്റു ചില ദിവസങ്ങളിൽ ‘മാഷെ മോൻ’ എന്നും വിളിച്ചിരുന്നു. എന്റെ കുടുംബത്തിലെ ആണുങ്ങൾ എല്ലാം മാസ്റ്റർമാർ ആണെന്ന് മീൻ കച്ചവടക്കാർക്ക് അറിയാം.അതിൽ ഏതോ ഒരു മാഷുടെ മോൻ എന്ന നിലക്കായിരുന്നു ഈ വിളി. അന്നത്തെ വില്പനക്കാരിൽ ഇന്ന് എന്റെ ഓർമ്മയിലുള്ളത് “മമ്മൈസ” കാക്ക മാത്രമാണ്. ശരിയായ പേര് എന്ത് എന്ന് ഇന്നും അറിയില്ല.

             അമോണിയ വിതറാത്ത മത്സ്യം തേക്കിന്റെ ഇലയിൽ പൊതിഞ്ഞ് പാളക്കയറു കൊണ്ട് കെട്ടി വീട്ടിലെത്തിച്ചാൽ നാടൻ മുളകിട്ട് ഉമ്മ ഉണ്ടാക്കിത്തരുന്ന ഒരു ‘മൊളൂത്തി’ യുണ്ട്. ഇപ്പോഴും വായിൽ വെള്ളമൂറുന്ന ഓർമ്മകൾ തിരിച്ചു തന്ന പച്ചക്കറിക്കാരാ നന്ദി...നന്ദി.

Tuesday, February 05, 2019

ഷെൽട്ടർ ഹൌസ്

        ‘വീടെന്ന സ്വപ്നം‘ എന്ന് കേൾക്കുന്നതേ ഒരു കാലത്ത് അലർജി ആയിരുന്നു. ഒരു വീട് ഉണ്ടാക്കാൻ ഇത്ര കഷ്ടപ്പാടോ എന്ന തെറ്റിദ്ധാരണയായിരുന്നു അതിന് കാരണം. സ്വന്തമായി ഒരു വീട് പണി തുടങ്ങി ആറേഴ് വർഷത്തോളം അതിന്റെ പിന്നാലെ ഓടിക്കിതച്ചപ്പോഴാണ് വീട് ഒരു സ്വപ്നം തന്നെയാണെന്ന് എനിക്ക് ബോദ്ധ്യമായത്. ആ ബോദ്ധ്യത്തിൽ നിന്നാണ് നാഷണൽ സർവീസ് സ്കീമിന്റെ “ഹോം ഫോർ ഹോം‌ലെസ്സ്” എന്ന പദ്ധതി ഏറ്റെടുത്തതും  കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആയിരിക്കെ അഗതിയായ ഒരു സ്ത്രീക്ക് ഒരു വീട് നിർമ്മിച്ച് നൽകുകയും ചെയ്തത്.
       
           വീടെന്ന സ്വപ്നം പൂർത്തീകരിച്ച പലരുടെയും കണ്ണീര് വീണ വർഷമായിരുന്നു 2018. ജീവിതത്തിലെ സമ്പാദ്യങ്ങൾ മുഴുവൻ ഒരുക്കിക്കൂട്ടി പണി കഴിപ്പിച്ച നിരവധി വീടുകൾ പ്രളയത്തിലും പേമാരിയിലും നിലം പൊത്തി. പല വീടുകളും വെള്ളം കയറി വാസ യോഗ്യമല്ലാതായി. വിണ്ടുകീറിയ ചുമരുകളിലേക്ക് നോക്കി പിറ്റേ ദിവസം നേരം വെളുക്കുമോ എന്ന് തീർച്ചയില്ലാതെ ഉറക്കത്തിലേക്ക് ഊർന്നിറങ്ങുന്ന നിരവധി കുടുംബങ്ങൾ ഇന്നും നമുക്ക് ചുറ്റുമുണ്ട്. എല്ലാവരുടെയും സങ്കടങ്ങൾ തീർക്കാൻ സർക്കാരിനും സാമ്പത്തിക പരാധീനതകൾ ഏറെയാണ്.

         വയനാട്ടിൽ പ്രളയം ആർത്തലച്ചത് നിരവധി ആദിവാസി കുടുംബങ്ങളുടെ നെഞ്ചത്ത് കൂടിയായിരുന്നു.പനമരം പുഴ കര കവിഞ്ഞപ്പോൾ,  വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പണി കഴിപ്പിച്ച പല വീടുകളും പൂർണ്ണ്മായും വെള്ളത്തിനടിയിലായി. ഇപ്പോൾ ആ വീടുകളിൽ പലതിലും കയറാൻ തന്നെ പേടിയാണ്. എന്നിട്ടും അതിന്റെ ഒരു മൂലയിൽ അല്ലെങ്കിൽ തൊട്ടടുത്ത് ഫ്ലെക്സ് ഷീറ്റുകൾ കൊണ്ട് വലിച്ചു കെട്ടിയ ഷെഡുകളിൽ താമസിക്കുന്ന മനുഷ്യരെ കാണാനിടയായി. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘പ്രൊജക്ട് വിഷൻ‘ എന്ന ഒരു സംഘടന , ഈ പാവം മനുഷ്യർക്കായി ഒരു താൽക്കാലിക ഷെൽട്ടർ പണിയുന്നു എന്നറിഞ്ഞപ്പോൾ വയനാട്  ഗവ. എഞ്ചിനീയറിംഗ് കോളേജ്  എൻ.എസ്.എസ് യൂണിറ്റും അവരോട് കൈ കോർത്തു.

            ജനുവരി അവസാന വാരത്തിൽ നടന്ന എൻ.എസ്.എസ് സപ്തദിന ക്യാമ്പിലൂടെ ഇരുപതിലധികം താൽക്കാലിക ഷെൽട്ടർ പണിയാനും നേരത്തെ പണിതവ വൈദ്യുതീകരിക്കാനും സാധിച്ചതിൽ ഏറെ സന്തോഷം തോന്നുന്നു.ഏതാനും മണിക്കൂറുകൾ മാത്രമാണെങ്കിലും ഈ മഹത് കർമ്മത്തിൽ എനിക്കും ഭാഗഭാക്കാവാൻ സാധിച്ചു. ഗ്രാമീണ പാതകളും വയലും താണ്ടി ആദിവാസി ഊരിലേക്കുള്ള കാൽനടയാത്ര തന്നെ മനസ്സിന് ഉന്മേഷം നൽകുന്നതായിരുന്നു.
ഫോട്ടോ എടുത്തത് : അലി കെ.പി
            പുതിയൊരു വീട് നിർമ്മിക്കുന്നത് വരെയെങ്കിലും മഞ്ഞും മഴയും വെയിലും ഏൽക്കാതെ താമസിക്കാൻ ഒരു അഭയകേന്ദ്രം സ്വന്തമായി ലഭിച്ച സന്തോഷത്തിലാണ് പല കുടുംബങ്ങളും. എന്നാൽ ചിലർ ഇപ്പോഴും പഴയ കൂരയിൽ തന്നെ കഴിഞ്ഞ് കൂടുന്നു. ഏകദേശം മുന്നൂറോളം ഷെൽട്ടറുകൾ പൂർത്തിയാക്കിയതായി പ്രൊജക്ട് വിഷൻ അവകാശപ്പെടുന്നു. നേരത്തെ പൂർത്തീകരിച്ച മിക്ക ഷെൽട്ടറുകളുടെയും  വൈദ്യുതീകരണ പ്രവർത്തനങ്ങൾ നടത്തിയതും എൻ.എസ്.എസ് വളണ്ടിയർമാരായിരുന്നു.
              മണ്ണിന്റെ മക്കളുടെ മുഖത്ത് പുഞ്ചിരി വിടർത്തി, എന്റെ മക്കൾ വീണ്ടും പഠനത്തിന്റെ തിരക്കിലേക്ക് ചേക്കേറുമ്പോൾ ഹൃദയാഭിവാദ്യങ്ങൾ.