Pages

Wednesday, December 31, 2014

വിട പറയും മുമ്പേ....

എന്റെ കുട്ടിക്കാലത്ത് ഞാൻ കേട്ട ഒരു സിനിമാ പേര് ആയിരുന്നു വിട പറയും മുമ്പേ. 2014 വിട പറയും മുമ്പേ ചില കാര്യങ്ങൾ ഇവിടെ കുറിക്കാതിരിക്കാൻ നിർവ്വാഹമില്ല.

പുതുവർഷം പിറക്കുമ്പോൾ എടുക്കുന്ന ചില തീരുമാനങ്ങളുടെ അവസ്ഥ ഞാൻ മുമ്പ് ഇവിടെ സൂചിപ്പിച്ചിരുന്നു. പുതുവർഷം എന്നത് പ്രത്യേകിച്ച് ഒരു ചലനവും എന്നിൽ ഉണ്ടാക്കാത്തതിനാൽ അങ്ങനെ ഒരു തീരുമാനവും ഞാൻ എടുക്കാറില്ല എന്നും അന്ന് സൂചിപ്പിച്ചിരുന്നു. ഇപ്രാവശ്യവും അങ്ങനെത്തന്നെ.

2014 വിടപറയുമ്പോൾ എനിക്ക് സന്തോഷം തരുന്ന ഒരു സംഗതി എന്റെ പുസ്തക വായനാശീലം തിരിച്ചുപിടിക്കാൻ സാധിച്ചു എന്നതാണ്. ബൂലോകത്തെ പലരും പല പുസ്തകങ്ങളും വായിച്ച് അഭിപ്രായം രേഖപ്പെടുത്തുമ്പോൾ ഈ വർഷം പത്ത് പുസ്തകങ്ങൾ എങ്കിലും വായിക്കണം എന്ന് ഞാനും മനസ്സിൽ കരുതിയിരുന്നു.ഒരു കാലത്ത് പുസ്തകങ്ങൾ തേടി ഞാൻ സ്ഥിരം എത്താറുണ്ടായിരുന്ന നാട്ടിലെ വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഒരു വായനക്കൂട്ടായ്മ രൂപീകരിക്കാനും അതിൽ സജീവമായി പങ്കെടുക്കാനും സാധിച്ചതും ഈ വർഷം തന്നെ.

അന്തരിച്ച എന്റെ പിതാവിന്റെ ജ്യേഷ്ടസഹോദരൻ പ്രൊഫ.ടി.അബ്ദുള്ള സാഹിബിന്റെ സ്മരണികയായ ‘സ്നേഹതീരത്തൊരു പ്രൊഫസർ’ വായിച്ചായിരുന്നു പുസ്തക വായനാശീലം തിരിച്ചുപിടിക്കലിന്റെ തുടക്കം.കരിയർ ട്രെയിനർ ആയ മജീദ് മൂത്തേടത്തിന്റെ പോസിറ്റീവ് ഇമേജ് , വി.പി.മരക്കാരുടെ ശൈലികൾക്ക് പിന്നിലെ കഥകൾ, സിസ്റ്റർ ജസ്മിയുടെ ആമേൻ , വിശാലമനസ്കന്റെ രണ്ടാം കൊടകരപുരാണം, ജി.ആർ.ഇന്ദുഗോപന്റെ ഐസ് -196 ഡിഗ്രി സെത്ഷ്യസ്, ഡോ.അലക്സാണ്ടർ ജേക്കബിന്റെ വ്യത്യസ്തരാകാൻ , ഡോ.എ.പി.ജെ.അബ്ദുൽകലാമിന്റെ വിടരേണ്ട മൊട്ടുകൾ, എന്റെ നാട്ടുകാരൻ എം.പി.ഷൌക്കത്തലിയുടെ ഒരു ദേശാടനപക്ഷിയുടെ അനുഭവക്കുറിപ്പുകൾ, ബിൻസ് എം മാത്യുവിന്റെ  ഹൃദയപൂർവ്വം ആൻ, പ്രൊഫ.സ്റ്റീഫൻ ഹോക്കിംഗിന്റെ കാലത്തിന്റെ സംക്ഷിപ്ത ചരിത്രം (മുഴുവനാക്കിയില്ല) തുടങ്ങി വിവിധ വിഭാഗങ്ങളിൽ പെട്ട പുസ്തകങ്ങളാണ് ഞാൻ വായിച്ചതായി എന്റെ ഓർമ്മയിലുള്ളവ.ശൈഖ് സൈനുദ്ദീനുൽ മഖ്ദൂമിന്റെ തുഹഫത്തുൽ മുജാഹിദീനിന്റെ സ്വതന്ത്ര പരിഭാഷയാണ് ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നത്.

വൈകിയാണെങ്കിലും പല ബ്ലോഗിലൂടെയും കയറി അവ വായിച്ച് അതിൽ അഭിപ്രായവും രേഖപ്പെടുത്താനും പലപ്പോഴും സമയം കണ്ടെത്തി.

ഒരു ബ്ലോഗർ എന്ന നിലക്ക് 2014 എനിക്ക് തരുന്ന ഏറ്റവും വലിയ സന്തോഷം ഞാൻ ഇവിടെ പങ്കു വയ്ക്കട്ടെ.ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ബ്ലോഗുകൾ ഞാൻ എഴുതിയത് ഈ വർഷമായിരുന്നു. 2009 ലും 2013 ലും 111 വീതം പോസ്റ്റുകൾ എഴുതിയതായിരുന്നു ഇത് വരെ എന്റെ സ്വന്തം റിക്കാർഡ്. ഈ പോസ്റ്റോടെ 2014-ൽ എന്റെ പോസ്റ്റുകളുടെ എണ്ണം 113ൽ എത്തി.ബൂലോകത്ത് ഒരു പക്ഷേ ഒരു കലണ്ടർ വർഷത്തിൽ ഇതിലും കൂടുതൽ പോസ്റ്റ് ഇട്ടവർ ഉണ്ടായേക്കാം.വിവിധതരം തിരക്കുകൾക്കിടയിൽ വ്യത്യസ്ത വിഭാഗങ്ങളിലായി 113 പോസ്റ്റുകൾ ഇടാൻ സാധിച്ചതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു.കമന്റുകൾ കുറവാണെങ്കിലും ഓരോ പോസ്റ്റും ശരാശരി 150 ലധികം പേർ സന്ദർശിക്കുന്നതായി മനസ്സിലാക്കുന്നു (16999 visitors till 11.30AM today).ബൂലോകത്ത് എട്ട് വർഷം പൂർത്തിയാക്കി 837 പോസ്റ്റുകൾ ഇതുവരെ ‘മനോരാജ്യത്തെ തോന്ന്യാക്ഷരങ്ങളി‘ലൂടെ വെളിച്ചം കണ്ടു.

ബൂലോകത്തെ പലരും ഫേസ്ബുക്കിൽ ചേക്കേറി അവിടെ സ്ഥിരമായപ്പോൾ ബ്ലോഗുകൾ ശുഷ്കമായി എന്നത് നാം കണ്ടു.അതിനെപറ്റിയുള്ള ചർച്ച ഫേസ്ബുക്കിലെ ബ്ലോഗർമാരുടെ കൂട്ടായ്മയിൽ നടന്നു വരുന്നു.ആ ചർച്ച ബൂലോകത്തെ പഴയ പ്രതാപത്തിലേക്ക് എത്രത്തോളം തിരിച്ച് കൊണ്ട് വരും എന്ന് നിശ്ചയമില്ല. ഫേസ്ബുക്കിൽ ഒരു ലൈക്ക് അടിച്ച് സിംഗ്‌ൾ ക്ലിക്കിൽ സംഗതി കഴിയും എന്നതിനാൽ ബൂലോകത്തെ നീളൻ പോസ്റ്റുകൾ വായിച്ച് സമയം കളയാനോ കമന്റ് ചെയ്യാനോ പലരും തയ്യാറാകുന്നില്ല എന്നതാണ് ബൂലോകം വരണ്ട് തുടങ്ങാൻ കാരണം. ആഴ്ചയിൽ ഒരു പോസ്റ്റ് എങ്കിലും ഇട്ട് സ്വന്തം ബ്ലോഗുകൾ സജീവമാക്കാൻ ഓരോരുത്തരും ശ്രദ്ധിച്ചാൽ ബൂലോകം വീണ്ടും സജീവമാകും എന്നാണ് എന്റെ അഭിപ്രായം.ബൂലോകം സജീവമാക്കാൻ ഫൈസൽ ബാബുവും മറ്റും ചെയ്യുന്ന കഠിനപ്രയത്നങ്ങളെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു.

2014-ൽ മറ്റനേകം സംഭവങ്ങൾ സ്മരിക്കേണ്ടതുണ്ടെങ്കിലും ബൂലോകവുമായി അവയ്ക്ക് ബന്ധം ഇല്ലാത്തതിനാൽ ഇവിടെ പരാമർശിക്കുന്നില്ല.ബൂലോകർക്കെല്ലാം സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു.

Tuesday, December 30, 2014

കുടുംബകൃഷി വർഷം വിടവാങ്ങുമ്പോൾ....

ഇന്ന്  എ ഡി 2014ലെ അവസാനത്തെ മുപ്പതാം തീയതി! അതിലുമുപരി എ ഡി 2014ലെ  അവസാനത്തെ ചൊവാഴ്ച.അതിനാൽ തന്നെ ഈ വർഷം എന്റെ ക്രെഡിറ്റിൽ ഉള്ള അവസാനത്തെ കാഷ്വൽ ലീവ് കൂടി എടുത്ത് ആ അക്കൌണ്ട് ക്ലീൻ ആക്കാം എന്ന് ഞാൻ തീരുമാനിച്ചു.

സാധാരണ അവധി ദിവസങ്ങളിൽ ഒന്നും തന്നെ വീട്ടിൽ ഇരിക്കാൻ ഇപ്പോൾ എനിക്ക് അവസരം കിട്ടാറില്ല. ഏതെങ്കിലും മീറ്റിംഗോ ക്യാമ്പോ യോഗമോ ഒക്കെയായി ആ ദിവസം മർ ജായേഗ. ലീവ് എടുത്താലുള്ള സൌകര്യം അന്ന് വീട്ടിലിരിക്കാം എന്നതാണ്.മേല്പറഞ്ഞ ഒരു കെട്ടികെണീസും ഉണ്ടാകില്ല.പക്ഷേ അന്നേ ദിവസമായിരിക്കും ഏറ്റവും കൂടുതൽ തവണ എന്റെ ഫോൺ റിംഗ് ചെയ്യുന്നത്.എല്ലാ അണ്ടനും അടകോടനും സുഖവിവരം അന്വേഷിച്ച് വിളിക്കുന്നത് അന്നായിരിക്കും !അതിന്റെ പിന്നിലുള്ള രസതന്ത്രം ഇന്നേവരെ എനിക്ക് മനസ്സിലായിട്ടില്ല.

ലീവെടുത്ത് വീട്ടിൽ സുഖമായി കിടന്നുറങ്ങുക എന്നതാണ് ഒരു സാധാരണ പരിപാടി.ഓഫീസിലും ഇതേ പരിപാടിയുള്ളവർ ഒരു ലീവ് കളഞ്ഞ് വീട്ടിൽ ഈ കലാപരിപാടി നടത്തില്ല!എല്ലാവരും ഈ ഗണത്തിൽ പെടുന്നു എന്ന് എനിക്കഭിപ്രായമില്ല.എന്നിരുന്നാലും വർഷാവസാനം ബാക്കിയാവുന്ന കാഷ്വൽ ലീവുകൾക്ക് മിക്കവാറും ഉറങ്ങിത്തീരാനാണ് വിധി.

പക്ഷേ ലീവെടുക്കുന്ന ദിവസമാണ് എനിക്ക് കാര്യപ്പെട്ട് എന്തെങ്കിലും പണി ഉണ്ടാകുകയുള്ളൂ. കോളേജിൽ ആണെങ്കിൽ പ്രത്യേകിച്ച് ഒരു ജോലിയും ഇല്ലാത്തതിനാൽ ലീവ് ദിനത്തിലാണ് ഞാൻ കർമ്മനിരതനാകുന്നത് എന്ന് സാരം.

2014ന്റെ ഏറ്റവും വലിയ സവിശേഷത ഇത് യു.എൻ അന്താരാഷ്ട്ര കുടുംബകൃഷി വർഷമായി ആചരിക്കുന്നു എന്നതാണ്.ചെറുപ്പം മുതലേ, ഉള്ള സ്ഥലത്ത് ആവുന്ന തരത്തിലുള്ള പച്ചക്കറികൾ നട്ടു വളർത്തുന്ന ശീലം ഉള്ളതിനാൽ കൃഷി എനിക്ക് എന്നും ഇഷ്ടമായിരുന്നു.കോളേജിൽ എൻ.എസ്.എസ് വളണ്ടിയർമാരെക്കൊണ്ട് വിത്തിടീച്ച് നട്ടുവളർത്തി ഇക്കഴിഞ്ഞ ദിവസങ്ങളിൽ അതിന്റെ വിളവെടുപ്പും നടത്തി. വിഷം തീറ്റുന്ന പച്ചക്കറികളിൽ നിന്നും അല്പം ആശ്വാസം ലഭിക്കാൻ ഇത് ഞാനടക്കം പല കുടുംബങ്ങൾക്കും സഹായകമായി.കൂടുതൽ വിപുലമായ രീതിയിൽ കോളേജിൽ കൃഷി നടത്താൻ കൃഷിഭവനുമായി യോജിച്ച് ഒരു പദ്ധതി തയ്യാറായി വരുന്നു.

                                   എൻ.എസ്.എസ് പച്ചക്കറിത്തോട്ടം
                                            
 ഈ അന്താരാഷ്ട്ര കുടുംബകൃഷി വർഷത്തിൽ ഞാനും എന്റെ മക്കളും ചില പച്ചക്കറിത്തൈകൾ വച്ചു പിടിപ്പിച്ചിരുന്നു.പയർ,വെണ്ട,ചുരക്ക,പച്ചമുളക് എന്നിവയായിരുന്നു അതിൽ പ്രധാനപ്പെട്ടവ.അധികം ഉയരം വയ്ക്കാത്ത വെണ്ടയിൽ കാ പിടിച്ചു.പയറും നന്നായി വന്നെങ്കിലും വിളവ് തന്നില്ല.ചുരക്ക മുളച്ചത് പോലെ തന്നെ മണ്ണടിഞ്ഞു.പച്ചമുളക് ഇപ്പോൾ മുളക് തന്നു കൊണ്ടിരിക്കുന്നു.


 അയൽക്കൂട്ടം വഴി ഭാര്യക്ക് ലഭിച്ച പച്ചക്കറിതൈകളും ടെറസിനു മുകളിൽ ആരോഗ്യത്തോടെ വളർന്നു വരുന്നു (കഴിഞ്ഞാഴ്ച ഒരു ലീവ് ദിനത്തിൽ അതിനുള്ള മണ്ണും കൂടയും ഒരുക്കിയിരുന്നു).


ഇത്തിരിപോന്ന വീട്ടുമുറ്റത്ത് ഇപ്പോൾ നിലവിലുള്ള പച്ചക്കറി തൈകളെ പരിചരിക്കാനും പുതിയ തൈകൾ നടാനും ആയിരുന്നു ഇന്ന് എന്റെ ലീവ് ദിനം ഉപയോഗിച്ചത്.ഒപ്പം എന്റെ വീടിന്റെ ഒരു സവിശേഷത എന്ന് ഞാൻ അഭിമാനത്തോടെ പറയുന്ന വിവിധതരം ഫലവൃക്ഷങ്ങളേയും (സപ്പോട്ട,മുട്ടപ്പഴം,നാരകം,ചാമ്പ,പേരക്ക,സ്റ്റാർ ആപ്പ്‌ൾ, ഞാവൽ, മാവ്, പുളി, സീതപ്പഴം, ഇലഞ്ഞി, ജാതി  ...) പരിചരിക്കാൻ ഈ ദിനം ഉപയോഗിച്ചു.


വൈകിട്ട് മക്കളോടോപ്പം ഒരു ഒട്ടുമാവിൻ തൈയും ഒരു ടിഷ്യൂ കൾച്ചർ വാഴയും വച്ചു പിടിപ്പിച്ച് കൊണ്ട് ഈ അന്താരാഷ്ട്ര കുടുംബകൃഷി വർഷത്തിന് അർഹമായ യാത്രയയപ്പും ഞാൻ നൽകി.



വാൽ: അന്താരാഷ്ട്ര കുടുംബകൃഷി വർഷം വിടവാങ്ങുന്നു.വിഷരഹിത പച്ചക്കറി ലഭിക്കാൻ നാം തുടർന്നും കൃഷി ചെയ്തേ പറ്റൂ.അതിനാൽ കഴിയുന്ന തരത്തിലുള്ള പച്ചക്കറികൾ വീട്ടിൽ നട്ടുവളർത്താൻ നാമോരുരുത്തരും ശ്രദ്ധിക്കുക.

Saturday, December 27, 2014

ഉണരൂ ഉപഭോക്താവേ ഉണരൂ....


ഒരു ഓൺലൈൻ തട്ടിപ്പിനെപറ്റി ഞാൻ ഈ ബ്ലോഗിൽ പറഞ്ഞിരുന്നു.പലപ്പോഴും ഇത്തരം തട്ടിപ്പിനിരയായവർക്ക് അത് പുറത്ത് പറയാ‍ൻ മടിയാണെന്നും പറഞ്ഞിരുന്നു.പക്ഷേ ഇത്തരം തട്ടിപ്പുകൾ മിക്കപ്പോഴും പുറത്ത് വരാതിരിക്കാൻ മറ്റൊരു കാരണം ഇതിനെതിരെ എവിടെ പരാതി നൽകണം എന്ന് വ്യക്തമായ ധാരണ ഇല്ലാത്തതിനാലാണ്.പോലീസിൽചെന്ന് പരാതിപ്പെട്ടപ്പോൾ എനിക്കുണ്ടായ അനുഭവവും ഞാൻ ഇവിടെ പറഞ്ഞിരുന്നു.

ഇന്റെർനെറ്റിൽ തപ്പിയപ്പോൾ പരാതി രെജിസ്റ്റർ ചെയ്യാനുള്ള അല്ലെങ്കിൽ പരിഹാരം തേടാനുള്ള വിവിധ സൈറ്റുകൾ കണ്ടു.അവയിലൊന്നിൽ ഞാൻ എന്റെ പ്രശ്നം അവതരിപ്പിക്കുകയും ചെയ്തു.മിക്ക പരാതികളും സ്വീകരിക്കുക എന്നതല്ലാതെ നടപടി അല്ലെങ്കിൽ പരിഹാരം നിർദ്ദേശിക്കുക എന്നത് ഈ സൈറ്റുകളുടെ അജണ്ടയിൽ വരുന്നില്ല എന്ന്, ഇതു വരെ ഒരു മറുപടിയും ലഭിക്കാത്തതിനാൽ  എനിക്ക് മനസ്സിലായി. ഓൺലൈൻ  തട്ടിപ്പ് വീരന്മാരെ വെറുതെ വിട്ടാൽ പറ്റില്ല എന്ന തീരുമാനത്തിൽ നിന്ന് ഞാൻ പരാതി ബോധിപ്പിക്കാ‍നുള്ള ഇടം തേടി നടക്കവെ എന്റെ ഒരു ഡെൽഹി സുഹൃത്ത് ഉപഭോക്തൃതർക്കപരിഹാര കോടതിയിൽ പരാതി നൽകാൻ പ്രേരിപ്പിച്ചു.

ഞാൻ താമസിക്കുന്നത് മലപ്പുറം ജില്ലയിൽ ആയതിനാൽ മലപ്പുറം ജില്ലാ ഉപഭോക്തൃതർക്കപരിഹാര ഫോറത്തിന്റെ വിലാസവും ഫോണും സംഘടിപ്പിച്ച് ഞാൻ ആ ഓഫീസുമായി ബന്ധപ്പെട്ടു. അവർ പറഞ്ഞ് തന്ന പ്രകാരം പരാതി നൽകുന്ന വിധം എങ്ങനെ എന്ന് നോക്കാം (ഉപഭോക്തൃതർക്കപരിഹാര കോടതിയിൽ നൽകുന്ന ഏത് പരാതികളുടെയും മാതൃക ഇത് തന്നെയാണ്).

ഒരു എ4 വെള്ളപേപ്പറിൽ  താഴെ പറയും പ്രകാരം എഴുതിയുണ്ടാക്കുക


 “......... ജില്ലാ ഉപഭോക്തൃതർക്കപരിഹാര കോടതിയിൽ സമർപ്പിക്കുന്ന പരാതി “

ഹരജിക്കാരൻ

               നിങ്ങളുടെ പേരും അഡ്രസും മൊബൈൽ/ഫോൺ നമ്പറും

എതിർകക്ഷി

                  എതിർകക്ഷിയുടെ പേരും അഡ്രസും


             (പരാതി വിശദമായി എഴുതുക).ഞാൻ നേരിട്ട സാമ്പത്തിക/മാനസിക പ്രശ്നങ്ങൾക്ക് പരിഹാരമായി ....... രൂപയും കോടതി ചെലവായി ..... രൂപയും അനുവദിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

                                                                                                      ഒപ്പും പേരും

മേല്പറഞ്ഞ കാര്യങ്ങൾ എന്റെ അറിവിൽ പെട്ടിടത്തോളം സത്യമാണെന്ന് ബോധിപ്പിക്കുന്നു.

സ്ഥലം .....................
തീയതി .....................                                                                    ഒപ്പും പേരും


പരാതിക്കൊപ്പം സമർപ്പിക്കേണ്ടവ :

1.    ഒരു ലക്ഷം രൂപ വരെയുള്ള കേസുകളിൽ അതാത് ഉപഭോക്തൃതർക്കപരിഹാര ഫോറത്തിന്റെ പേരിൽ എടുത്ത 100രൂപയുടെ പോസ്റ്റൽ ഓർഡർ/ഡിഡി
2.    സാധനം വാങ്ങിയതിന്റെ ഒറിജിനൽ ബിൽ
3.    ഓൺലൈനിൽ വാങ്ങിയതാണെങ്കിൽ പണമടച്ചതിന്റെ തെളിവുകൾ (കാഷ് ട്രാൻസ്ഫർ സ്റ്റേറ്റ്മെന്റ്)
4.    പരാതി തെളിയിക്കാൻ സഹായകമായ മറ്റു രേഖകൾ


മേല്പറഞ്ഞവയിൽ പോസ്റ്റൽ ഓർഡർ/ഡിഡി ഒഴികെയുള്ളവയുടെയും പരാതിയുടേയും 4 കോപ്പികൾ കൂടി എടുത്ത് സെറ്റാക്കി മൊത്തം അഞ്ച് സെറ്റ് പരാതികളാണ് സമർപ്പിക്കേണ്ടത്. പരാതി നേരിട്ടോ രെജിസ്റ്റേഡ് പോസ്റ്റ് വഴിയോ ഇ-മെയിൽ വഴിയോ (വിലാസം ലഭിക്കാൻ CDRF എന്ന് ഗൂഗിളിൽ തപ്പുക) സമർപ്പിക്കാം.

പരാതി സ്വീകരിച്ചാൽ അതിനുള്ള നമ്പർ അപ്പോൾ തന്നെ തരും.നേരിട്ടല്ല സമർപ്പിക്കുന്നത് എങ്കിൽ ഫോണിൽ വിളിച്ച് പരാതിയുടെ നമ്പർ നാം കുറിച്ചെടുക്കേണ്ടതാണ്. പരാതി സമർപ്പിച്ച് ഒരാഴ്ച കഴിഞ്ഞ് ഫോൺ വഴി തന്നെ പരാതി പരിഗണിക്കുന്ന ദിവസവും വിളിച്ചന്വേഷിക്കാവുന്നതാണ്.


എല്ലാ വർഷവും ഡിസംബർ 24 ദേശീയ ഉപഭോക്തൃ അവകാശദിനമായി ആചരിച്ച് വരുന്നു.കേന്ദ്ര സർക്കാർ ഉപഭോക്തൃ മന്ത്രാലയം നൽകിയ പരസ്യപ്രകാരം 20,000 രൂപ വരെയുള്ള പരാതികൾ ജില്ലാ ഉപഭോക്തൃ ഫോറത്തിലും ഒരു കോടി വരെയുള്ള പരാതികൾ സംസ്ഥാന കമ്മീഷനിലും ഒരു കോടിക്ക് മുകളിൽ വരുന്ന പരാതികൾ ദേശീയ ഉപഭോക്തൃതർക്കപരിഹാര കമ്മീഷനിലും നൽകാവുന്നതാണ്.ഓൺലൈൻ വഴി പരാതി സമർപ്പിക്കാൻ www.nationalconsumerhelpline.in , www.core.nic.in എന്നിവയിൽ ഏതെങ്കിലും സന്ദർശിക്കുക.



Tuesday, December 23, 2014

രണ്ട് കെ.എസ്.ആർ.ടി.സി അനുഭവങ്ങൾ

ഇക്കഴിഞ്ഞ സെപ്തംബർ അവസാനത്തിൽ ചേർത്തല ഗവ.പോളിടെക്നിക് കോളേജിൽ ഒരു ഓറിയെന്റേഷൻ ക്ലാസ് എടുക്കാനായി ഞാൻ പോയി.അങ്കമാലിയിൽ നിന്നും ചേർത്തലയിലേക്ക് കയറിയ ഞാൻ കണ്ടക്ടർ സീറ്റിന്റെ തൊട്ടു പിന്നിലായിട്ടായിരുന്നു ഇരുന്നത്.അല്പം കഴിഞ്ഞ് ഒരു മധ്യവയസ്കൻ ബസ്സിൽ കയറി.

“പുത്തൻപള്ളി (ഞാൻ കേട്ടത്) നിർത്തോ ?” അയാൾ കണ്ടക്ടറോട് ചോദിച്ചു.

“ഇല്ല....” ഇഷ്ടപ്പെടാത്ത ഒരു ചോദ്യം കേട്ട പോലെ കണ്ടക്ടർ മറുപടി പറഞ്ഞു.

“പിന്നെ എവിടെയാ നീ നിർത്തിക്കുക?” യാത്രക്കാരന്റെ മറുചോദ്യം

“ചേർത്തല”

“എങ്കിൽ വൈറ്റില മതി...” അല്പം ദ്വേഷ്യത്തോടെ യാത്രക്കാരൻ പറഞ്ഞു.

“21 രൂപ...”

“ഇന്നാ പിടിച്ചോ...” യാത്രക്കാരൻ ഒരു 50 രൂപാ നോട്ട് എടുത്ത് നീട്ടി.

“ഒരു രൂപ ചില്ലറ താ.” കണ്ടക്ടർ കർക്കശ സ്വരത്തിൽ പറഞ്ഞു.

“ഒരു രൂപ ഇല്ല “ യാത്രക്കാരൻ താഴ്ന്നില്ല.

“ഇത് വേറൊരെണ്ണം തന്നേ...” യാത്രക്കാരൻ കൊടുത്ത നോട്ട് തിരിച്ച് കൊടുത്ത് കണ്ടക്ടർ പറഞ്ഞു.

“ഇതാ പിടിച്ചോ വേറെ...ഇനി വേണോ ?” മറ്റൊരു നോട്ട് നീട്ടി യാത്രക്കാരൻ കണ്ടക്ടറെ ഒന്ന് കളിയാക്കാൻ ശ്രമിച്ചു..

************************************
ഇക്കഴിഞ്ഞ രണ്ടാം ശനിയാഴ്ച തൃശൂരിൽ പോകാനായി രാവിലെ 7 മണിക്കുള്ള കെ.എസ്.ആർ.ടി.സി.യിൽ ഞാൻ അരീക്കോട് നിന്ന് കയറി.അന്നും നിൽക്കാൻ ഇടം ലഭിച്ചത് കണ്ടക്ടർ സീറ്റിന്റെ തൊട്ടടുത്ത്. തൃശൂരിലേക്കാണെങ്കിലും രാവിലെത്തന്നെ 500 രൂപ കൊടുത്ത് കണ്ടക്ടറുടെ വായിലുള്ളത് മുഴുവൻ ചെവിയിലേക്ക് ആവാഹിക്കേണ്ട എന്ന് കരുതി ഞാൻ 100 രൂപ നോട്ട് കൊടുത്തു.

“ഒരു പെരിന്തൽമണ്ണ” എന്റെ അടുത്ത സീറ്റിൽ ഇരുന്ന ആൾ ഒരു 1000 രൂപ നീട്ടിക്കൊണ്ട് പറഞ്ഞു. ഞാൻ അത്ഭുതത്തോടെ അയാളെ നോക്കി.

“ഒരു രൂപ തരുമോ...” കണ്ടക്ടർ താഴ്മയോടെ ചോദിച്ചു.ഞാൻ ആദരവോടെ കണ്ടക്ടറേയും നോക്കി.

യാത്രക്കാരൻ ടിക്കറ്റ് വാങ്ങി ഒരു രൂപ ചില്ലറയും കൊടുത്ത് ടിക്കറ്റിലേക്ക് നോക്കി.ടിക്കറ്റിലെ കാശ് കണ്ട ഉടനെ ആ യാത്രക്കാരൻ കീശയിൽ നിന്നും വേറെ കുറച്ച് നോട്ടെടുത്ത് കൊടുത്ത് കണ്ടക്ടറോട്‌ പറഞ്ഞു – “1000 ചെയ്ഞ്ച് ആക്കി തന്നാൽ മാത്രം മതി”

തലയാട്ടിക്കൊണ്ട്, മറ്റ് യാത്രക്കാരിൽ നിന്ന് പണം പിരിക്കാനായി കണ്ടക്ടർ മുന്നോട്ട് നീങ്ങി.അല്പം കഴിഞ്ഞ് കണ്ടക്ടർ ഈ യാത്രക്കാരന്റെ അടുത്ത് എത്തി ചോദിച്ചു  -
“ഒരു അഞ്ഞൂറും ബാക്കി ചില്ലറയായും തന്നാൽ പോരേ?”

****************************
മേല്പറഞ്ഞത് രണ്ടും ഒരേ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നവരുടേയും ഒരേ പോലെ യാത്ര ചെയ്യുന്നവരുടേയും പ്രതികരണങ്ങളാണ്.ആദ്യത്തെ കേസിൽ കണ്ടക്ടർ അല്പം ദേഷ്യത്തോടെ ഉത്തരം നൽകിയപ്പോൾ യാത്രക്കാരനും അതേ ടോണിൽ മറുപടി നൽകി.ശേഷം നടന്ന സംഭാഷണങ്ങൾ മുഴുവൻ അവരുടെ ഇടയിൽ സൌഹൃദം വിരിയിച്ചില്ല.പകരം കോപം നുരപൊന്തി.കേട്ട് നിൽക്കുന്നവർക്കും അവരെപ്പറ്റി മതിപ്പ് തോന്നിയില്ല.

എന്നാൽ രണ്ടാമത്തെ കേസിൽ കണ്ടക്ടർ താഴ്മയോടെ ഒട്ടും ദേഷ്യം കാണിക്കാതെ അതിരാവിലെ ആയിട്ടു പോലും ഒന്ന് കുശുകുശുക്കുക പോലും ചെയ്യാതെ യാത്രക്കാരനിൽ നിന്നും 1000 രൂപ സ്വീകരിക്കാൻ തയ്യാറായി.ആ മഹാമനസ്കതക്ക് മുമ്പിൽ യാത്രക്കാരൻ തന്നെ കൃത്യം രൂപ നൽകി 1000 രൂപക്ക് ചില്ലറ തന്നാൽ മതി എന്ന് പറയുകയും ചെയ്തു.വീണ്ടും യാത്രക്കാരന് ഏത് രൂപത്തിൽ ചില്ലറ വേണം എന്ന് അന്വേഷിക്കുക കൂടി ചെയ്തു നല്ലവനായ ആ കണ്ടക്ടർ.ഈ പെരുമാറ്റം രണ്ട് പേരെക്കുറിച്ചും കണ്ട് നിന്നവരിൽ എല്ലാവരിലും മതിപ്പുളവാക്കി.


നാം ഒരാളോട് പെരുമാറുന്നത് എങ്ങനെയാണോ അതേ പോലെയായിരിക്കും അവർ തിരിച്ച് നമ്മോടും പെരുമാറുന്നത്.ക്ഷണികമായ ഈ ലോക വാസത്തിൽ നമ്മോട് ഇടപെടുന്നവരോട് എല്ലാം സൌഹൃദം വിരിയിക്കുന്ന രൂപത്തിൽ സംസാരിക്കാൻ ശ്രമിച്ചാൽ നമുക്ക് ചുറ്റും സുഗന്ധം പരക്കും.ആ സുഗന്ധത്തിൽ ലയിക്കുന്ന ശലഭങ്ങളും തേനീച്ചകളും വണ്ടുകളും മറ്റുമായി നിരവധി പേർ നമുക്ക് ചുറ്റും സന്തോഷത്തോടെ സദാ നൃത്തം ചവിട്ടും.അവരുടെ സന്തോഷം നമുക്കും സന്തോഷം പകരും , തീർച്ച. 

Wednesday, December 17, 2014

പെഷവാറിൽ സ്വർഗ്ഗം പൂകിയവർക്ക്...


“നിങ്ങൾ ചൈനയിൽ പോയെങ്കിലും വിദ്യ നേടുക” എന്നായിരുന്നു ആണും പെണ്ണും അടക്കമുള്ള  തന്റെ സമുദായത്തോടുള്ള മുഹമ്മദ് നബി (സ) യുടെ ഉപദേശം.സഞ്ചരിക്കാൻ ഇന്നത്തെ പോലെ വിമാനങ്ങളോ മറ്റു എളുപ്പമാർഗ്ഗങ്ങളോ ഇല്ലാത്ത അക്കാലത്ത് മക്കയിൽ നിന്നും എത്രയോ ദൂരെ കിടക്കുന്ന ചൈനയിൽ പോയി വിദ്യാഭ്യാസം നേടാൻ നബി ഉപദേശിച്ചതിൽ നിന്നും ഇസ്ലാം മതം വിദ്യാഭ്യാസത്തിന് നൽകുന്ന പ്രാധാന്യം വ്യക്തമാണ്.എന്നിട്ടും ഇസ്ലാമിന്റെ വക്താക്കൾ എന്ന് സ്വയം അവകാശപ്പെടുന്ന താലിബാൻ, വിദ്യ അഭ്യസിക്കുന്നവർക്ക് നേരെ  പെഷവാറിൽ കാട്ടിക്കൂട്ടിയ മനുഷ്യത്വരഹിത നടപടി അവർ ഏത് ഗ്രന്ഥത്തിൽ നിന്നാണാവോ കണ്ടെത്തിയത്.

“യുദ്ധത്തിൽ ശത്രുപക്ഷത്തെ സ്ത്രീകളേയും കുട്ടികളേയും ബന്ധിയാക്കിയാൽ അവരെ വധിക്കരുത്” എന്നായിരുന്നു മുത്ത് നബി(സ) തന്റെ അനുയായികളെ പഠിപ്പിച്ചത്.ഒരു യുദ്ധം ഉണ്ടാകുന്നത് തന്നെ പീഢന പരമ്പരകളുടെ അവസാനത്തിലാണ്.എത്ര അധികം പീഢനം ഏറ്റുവാങ്ങിയാലും നിരാലംബരായ സ്ത്രീകളും കുട്ടികളും ശത്രു ആണെങ്കിൽ പോലും കരുണ അർഹിക്കുന്നു എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.അദ്ധ്യാപികയെ തീയിട്ട്, 132 കുട്ടികളെ വെടിവച്ച് കൊന്ന് അതിലും എത്രയോ അധികം കുട്ടികളെ ജീവിതത്തിന്റേയും മരണത്തിന്റേയും ഇടയിലുള്ള നൂൽ‌പ്പാലത്തിലാക്കിയ താലിബാൻ നടപടി ഏത് ഇസ്ലാമിലാണാവോ ജിഹാദാകുന്നത്?

“മുതിർന്നവരെ ബഹുമാനിക്കുക , കുട്ടികളോട് കരുണ കാണിക്കുക” എന്ന് തന്റെ സമുദായത്തെ പഠിപ്പിച്ച മുഹമ്മദ് നബി(സ) തന്റെ മകൾ ഫാത്തിമ (റ) വീട്ടിലേക്ക് വരുമ്പോൾ കാണിച്ചിരുന്ന പിതൃസ്നേഹം ഇസ്ലാമിക ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ടതാണ്.പെഷവാറിൽ കൊല്ലപ്പെട്ട ഓരോ കുഞ്ഞും തന്റെ മാതാപിതാക്കളുടെ സ്നേഹം നുണഞ്ഞ് മതിവരാത്തവരായിരിക്കും എന്നത് തീർച്ചയാണ്.ഇസ്ലാമിന്റെ അനുയായികൾ എന്നവകാശപ്പെടുന്ന താലിബാൻ നടത്തിയ ഈ കുരുന്ന് നരമേധം ഏത് സൈന്യത്തിന് എതിരെയായാലും മതത്തിന് വിപരീതമാണെന്നതിൽ സംശയമില്ല.

“അന്യായമായി ഒരു വ്യക്തിയുടെ ജീവൻ അപഹരിക്കാൻ നിങ്ങൾക്ക് അവകാശമില്ല” എന്നാണ് നബി(സ) അദ്ധ്യാപനം.വാപ്പയോ വല്യുപ്പയോ ചെയ്ത കൃത്യത്തിന് പ്രതികാരമായി മറ്റു തലമുറകളെ വേട്ടയാടുന്നത് തീർത്തും ഭീരുത്വമാണ്.സൈന്യം ചെയ്ത നടപടികൾക്ക്, അവരുടെ മക്കളും നിരപരാധികളായ വേറെ കുറേ മക്കളും പഠിക്കുന്ന സ്കൂളിൽ കയറി എല്ലാവരേയും വെടി വയ്ക്കുമ്പോൾ നബി(സ) യുടെ മേൽ‌വാക്കുകൾ എന്തുകൊണ്ട് ഇസ്ലാമിസ്റ്റുകളായി സ്വയം അവരോധിക്കുന്നവർ ഓർക്കുന്നില്ല.

ലോകത്തിലെ ഏതൊരു മതത്തേയും പോലെ ഇസ്ലാം മതവും തീവ്രവാദത്തെ അനുകൂലിക്കുന്നില്ല എന്ന് മാത്രമല്ല എതിർക്കുകയും ചെയ്യുന്നു.മതം നിർബന്ധപൂർവ്വം അടിച്ചേൽ‌പ്പിക്കേണ്ടതല്ല എന്നാണ് വിശുദ്ധഖുര്‌ആനിൽ പറയുന്നത്.എന്നിട്ടും ഇത്തരം കിരാതനടപടികൾ ഇസ്ലാമിന്റെ വക്താക്കൾ എന്ന് അവകാശപ്പെടുന്നവരിൽ നിന്ന് ഉണ്ടാകുമ്പോൾ അമുസ്ലിംങ്ങൾ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഏറെയാണ്.മേല്പറഞ്ഞ ഓരോ നബി വചനങ്ങളിൽ നിന്നും ഇസ്ലാം മതം തീവ്രവാദത്തെ അനുകൂലിക്കുന്നില്ല എന്ന് വ്യക്തവുമാണ്.

ഇന്നലെ ദൃശ്യമാധ്യമങ്ങളിലൂടെയും ഇന്ന് പത്രങ്ങളിലൂടേയും നാം പലരും ഈ വാർത്ത അറിഞ്ഞു.പെഷവാറിൽ സംഭവിച്ചതായതിനാൽ നമ്മിൽ പലർക്കും ഈ വാർത്തയിൽ ഒരു ഞെട്ടലും തോന്നിയിട്ടുണ്ടാവില്ല.എന്നാൽ ഒരു നിമിഷം നമ്മുടെ മക്കൾ പഠിക്കുന്ന സ്കൂളിനെപ്പറ്റി ഒന്ന് ആലോചിച്ച് നോക്കൂ.ഗേറ്റ് ഇല്ലാത്ത ഉണ്ടെങ്കിലും മലർക്കെ തുറന്നിട്ട ഗേറ്റിലൂടെ സ്കൂൾ സമയത്ത് ഒരു ഭ്രാന്തൻ നിറത്തോക്കുമായി വന്ന് ക്ലാസ്സിൽ കയറി വെടിയുതിർക്കാനുള്ള സാധ്യത നിലനിൽക്കുന്നില്ലേ?ഇന്നലെ പെഷവാറിൽ സംഭവിച്ചത് നാളെ മറ്റൊരു രൂപത്തിൽ നമ്മുടെ വിദ്യാലയത്തിലും സംഭവിച്ചേക്കാം എന്നും എന്റെ പൊന്നോമനയും അതിൽ നഷ്ടപ്പെട്ടേക്കാം എന്നും ചിന്തിച്ചവർ നമ്മുടെ കൂട്ടത്തിൽ എത്ര പേരുണ്ടാകും ?


പെഷവാറിൽ സ്വർഗ്ഗം പുൽകിയ പ്രിയപ്പെട്ട മക്കൾക്ക് , അദ്ധ്യാപകർക്ക് സർവ്വശക്തനായ ദൈവം അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ , ആമീൻ.

Tuesday, December 16, 2014

സൈബർ കുറ്റകൃത്യങ്ങളും ഇരുട്ടിൽ തപ്പുന്ന പോലീസും

ഓൺലൈൻ ഷോപ്പിംഗിൽ എനിക്ക് നേരിട്ട ഒരു ദുരനുഭവം ഞാൻ ഇവിടെ പങ്കുവച്ചിരുന്നു.എന്റെ വിളികൾക്കും മെയിലുകൾക്കും മറുപടി കിട്ടാതായപ്പോൾ പോലീസിൽ ഒരു പരാതി നൽകാൻ ഉദ്ദേശിച്ചു. അപ്പോഴാണ് കഴിഞ്ഞ വർഷം എന്റെ നേതൃത്വത്തിൽ സൈബർ കുറ്റകൃത്യങ്ങൾ എന്ന വിഷയത്തിൽ നടത്തിയ ഒരു എൻ.എസ്.എസ് ജില്ലാ ക്യാമ്പ് എന്റെ ഓർമ്മയിൽ വന്നത്.അന്ന് ആ ക്യാമ്പിൽ പങ്കെടുത്ത് സംസാരിച്ച കോഴിക്കോട് സൈബർ സെൽ സി.ഐ യുടെ നമ്പർ എന്റെ കയ്യിലുണ്ടായിരുന്നു.    

 എന്റെ ഓൺലൈൻ ദുരനുഭവം നടന്ന് ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് ഈ സി.ഐ അദ്ദേഹത്തിന്റെ ഒരു ബന്ധുവിന്റെ മെഡിക്കൽ എൻ‌ട്രൻസ് സംബന്ധമായ ഒരു സംശയവുമായി എന്റെ അടുത്ത് വന്നു.അന്ന് ഞാൻ എന്റെ സ്വതസിദ്ധമായ രൂപത്തിൽ അദ്ദേഹത്തിന്റെ സംശയങ്ങൾ എല്ലാം നിവാരണം ചെയ്തു.അതിനാൽ  തന്നെ എന്റെ ഇപ്പോഴത്തെ പ്രശ്നത്തിൽ   അദ്ദേഹത്തോട് അഭിപ്രായം ആരാഞ്ഞ ശേഷം പരാതി നൽകാൻ ഞാൻ തീരുമാനിച്ചു.    

ഫോൺ വിളിച്ച് ഇന്ന ആൾ എന്ന് പറഞ്ഞപ്പോഴേ അദ്ദേഹം സന്തോഷപൂർവ്വം കാര്യം ആരാഞ്ഞു.സംഭവിച്ച സംഗതികൾ എല്ലാം കേട്ട ശേഷം, ഒരു പരാതി എഴുതി അടുത്ത ദിവസം തന്നെ ലോക്കൽ പോലീസ് സ്റ്റേഷനിൽ നൽകാൻ പറഞ്ഞു.എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിക്കാനും പറഞ്ഞു.അതുപ്രകാരം വെള്ളക്കടലാസിൽ പരാതി തയ്യാറാക്കി കോർട്ട് ഫീ സ്റ്റാമ്പും ഒട്ടിച്ച് ഞാൻ അരീക്കോട് പോലീസ് സ്റ്റേഷനിൽ എത്തി.      

പരാതി നൽകാനാണെന്ന് പറഞ്ഞപ്പോൾ എസ്.ഐ ഊൺ കഴിക്കാൻ പോയതാണെന്നും അദ്ദേഹം വരട്ടെ എന്നും ആദ്യം പറഞ്ഞു.പിന്നീട് അവിടെ നിന്നിരുന്ന ഒരു പോലീസ്കാരൻ പരാതി വാങ്ങി വായിച്ചു നോക്കി എന്റെ ജോലിയും മറ്റും അന്വേഷിച്ചു.ശേഷം ഇന്നത്തെ മ്നോര‌മയിലും  ഇത്തരം തട്ടിപ്പ് വാർത്ത വായിച്ചില്ലേ എന്ന ഒരു ചോദ്യവും എറിഞ്ഞു.അവിടെ ഉണ്ടായിരുന്ന മറ്റൊരു പോലീസ്കാരനോടും സംഗതി പറഞ്ഞു.എസ്.ഐ യെ കാണാത്തതിനാൽ ഇതേ പോലീസ്കാരൻ എന്നെ മറ്റൊരാളുടെ അടുത്തേക്ക് കൊണ്ടുപോയി.അദ്ദേഹവും മുഴുവൻ വായിച്ച ശേഷം എന്നെ കളിയാക്കി.”സൈബർ സെൽ മുമ്പാകെ ബോധിപ്പിക്കുന്ന“ എന്നായിരുന്നു ഞാൻ എഴുതിയിരുന്നത്.അതിനാൽ തന്നെ അത് അവിടെ സ്വീകരിക്കാൻ പറ്റില്ല എന്നും എസ്.ഐ മുഖാന്തിരം എന്നാക്കി മാറ്റിയാൽ സ്വീകരിക്കുന്നത് പരിഗണിക്കാം എന്നും അദ്ദേഹം പറഞ്ഞു.മാത്രമല്ല കടലാസിൽ കുത്തിനിറച്ച് എഴുതുന്നതിന് പകരം ഡി.ടി.പി ചെയ്യാനും അദ്ദേഹം നിർദ്ദേശിച്ചു.    

അങ്ങനെ മാറ്റങ്ങൾ വരുത്തി വെള്ളക്കടലാസിൽ വൃത്തിയായി ടൈപ് ചെയ്ത പരാതിയുമായി ഞാൻ അടുത്ത ദിവസം വീണ്ടും സ്റ്റേഷനിൽ എത്തി.എസ്.ഐ സ്ഥലത്തില്ലെന്നും ചാർജ്ജുള്ള എസ്.ഐയെ കാണിക്കാമെന്നും പറഞ്ഞ് എന്നെ മറ്റൊരു റൂമിലേക്ക് കൊണ്ടുപോയി.അവിടെ ഇരുന്നിരുന്ന അല്പം വയസ്സായ ഒരു പോലീസ്കാരനെ കാണിച്ച് തന്ന് പരാതി അദ്ദേഹത്തെ കാണിക്കാൻ പറഞ്ഞു.പരാതി വാങ്ങി വായിച്ച് അദ്ദേഹവും എന്നെ കളിയാക്കി.ഓൺലൈൻ ഷോപ്പിംഗ് എന്നാൽ മുഴുവൻ നൈജീരിയൻ ലോട്ടറി കണക്കെ തട്ടിപ്പാണെന്നായിരുന്നു പാവം ഈ പോലീസുകാരുടെയെല്ലാം ധാരണ!            

ഇത്തരം ഒരു പരാതി ആദ്യമായിട്ടാണെന്നും ഇത് കൊടുക്കേണ്ടത് ജില്ലാ പോലീസ് മേധാവിക്കാണെന്നും അദ്ദേഹം പറഞ്ഞു.ഞാൻ അന്വേഷിച്ചറിഞ്ഞത് പ്രകാരം ലോക്കൽ പോലീസിൽ നൽകി അവർ അത് മേലധികാരിക്ക് ഫോർവേഡ് ചെയ്യലാണെന്ന് ഞാനും പറഞ്ഞു.മേൽ നടപടികൾ സ്വീകരിക്കാൻ ഒരു കീഴുദ്യോഗസ്ഥൻ എങ്ങനെ മേലധികാരിയോട് പറയും എന്നതിനാൽ അത് മുകളിൽ നിന്നും താഴോട്ട് വരുന്ന വിധത്തിലാണ് ചെയ്യേണ്ടത് എന്ന് അദ്ദേഹം ശഠിച്ചു.അപ്പോൾ തന്നെ ആരെയോ വിളിച്ച് ‘ഉറപ്പ്’ വരുത്തുകയും ചെയ്തു.ഞാനും വിളിച്ച് സംശയം മാറ്റിത്തരാം എന്ന് പറഞ്ഞെങ്കിലും നിങ്ങളുടെ പരിചയക്കാരെ വിളിക്കേണ്ടതില്ല എന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു.              

ഈ മറുപടി എനിക്ക് ഇഷ്ടപ്പെടാത്തതിനാൽ, സൈബർ സെൽ നിയമങ്ങൾ കോഴിക്കോട്ടും മലപ്പുറത്തും ഒരു പോലെയല്ലേ എന്ന ഒരു ചോദ്യം എന്റെ വായിൽ നിന്നും പുറത്ത് ചാടി.നീ എന്നോട് തർക്കിക്കാൻ വരികയാണോ , നിനക്കെന്താ മലപ്പുറത്ത് പോയി പരാതികൊടുത്താൽ എന്ന് കയർത്തുകൊണ്ട് എസ്.ഐ പരാതി തിരിച്ച് തന്നു.'ശരി,പക്ഷേ അവിടെ എത്തി പരാതി കൊടുക്കുമ്പോൾ ഇത് ലോക്കൽ പോലീസ് സ്റ്റേഷനിൽ നൽകേണ്ടതാണെന്ന്' പറഞ്ഞാൽ ഞാൻ എന്ത് ചെയ്യണം എന്ന് ചോദിച്ചു.അതിന് മുന്നിൽ എസ്.ഐ ഉത്തരം മുട്ടി.        

മാസങ്ങൾക്ക് ശേഷവും എനിക്ക്, സാധനങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ ഞാൻ എന്റെ പരാതി, മടക്കത്തപാൽ കവർ സഹിതം മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിന് സ്പീഡ് പോസ്റ്റിൽ അയച്ചു. പരാതിക്കത്ത് അവിടെ ഡെലിവർ ചെയ്തു എന്ന് നെറ്റിൽ നിന്നും മനസ്സിലാക്കിയെങ്കിലും പിന്നീടത് എവിടെപ്പോയി എന്നറിയില്ല.            

അതിനാൽ തന്നെ ജില്ല ഉപഭോക്തൃതർക്ക പരിഹാരകോടതിയിൽ ഒരു പരാതി നൽകാം എന്ന് തോന്നി.അത് നൽകുന്ന വിധം അടുത്ത പോസ്റ്റിൽ.

Friday, December 12, 2014

ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പ് – ഒരനുഭവം


ഓൺലൈൻ ഷോപ്പിംഗ് ഇന്ന് സർവ്വസാധാരണമായി മാറിയിരിക്കുന്നു.ആമ‌സോണും ഇ-ബേയും ഫ്ലിപ്കാർട്ടും നാട്ടിൻപുറങ്ങളിൽ വരെ സുപരിചിതമായ പേരുകളായി മാറി.എന്നാൽ ഇതിനിടക്ക് ചില വിരുതന്മാർ കൂടി കളിക്കുന്നുണ്ട് എന്ന് അനുഭവത്തിൽ നിന്ന് ഉണർത്താനാണ് ഞാൻ ഉദ്ദേശിക്കുന്നത്.എന്റേത് ഒറ്റപ്പെട്ട അനുഭവമായിരിക്കാം.പക്ഷേ മാനഹാനി പേടിച്ച് പുറത്ത് പറയാതിരുന്നാൽ കൂടുതൽ പേർ വഞ്ചിക്കപ്പെടും എന്നതിനാൽ തുറന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല.എവിടെ നിന്നോ ഒരു വാച്ച് എന്നെത്തേടി വന്ന കഥ ഞാൻ മുമ്പ് പറഞ്ഞതുകൊണ്ട് ഇക്കഥയും (അല്ല സംഭവവും) ഇവിടെ കുറിക്കട്ടെ.

ആറ് മാസങ്ങൾക്ക് മുമ്പാണ് ഈ സംഭവത്തിന്റെ ഒറിജിനൽ ആക്ഷൻ നടക്കുന്നത്. www.shineshoppinghub.in  എന്ന വെബ്സൈറ്റിലൂടെ നൽകുന്ന വിവിധ കോംബോ ഓഫറുകളെപറ്റി ഒരാൾ എന്നെ ഫോണിലൂടെ ധരിപ്പിച്ചു.ടെലിമാർക്കറ്റിംഗ് ഇന്നത്തെ കാലത്തെ മറ്റൊരു ട്രെന്റ് ആയതിനാൽ ഞാൻ സുന്ദരമായി കേട്ടു.എന്റെ കുറേ സംശയങ്ങൾ തിരിച്ച് ചോദിക്കുകയും ചെയ്തു.എല്ലാറ്റിനും മറുപടിയും കിട്ടി.പക്ഷേ അവർ തന്ന കോംബിനേഷനിൽ ചിലത് എനിക്ക് ആവശ്യമില്ലാത്തവ ആയതിനാൽ ഞാൻ അത് വേണ്ടെന്ന് വച്ചു.ഇത് മനസ്സിലാക്കി പ്രസ്തുത കക്ഷി ഞാനാവശ്യപ്പെട്ട രൂപത്തിൽ ഒരു കോംബിനേഷൻ ഉണ്ടാക്കി വിലയും നിശ്ചയിച്ചു തന്നു.പ്രസ്തുത സംഖ്യ വെബ്സൈറ്റിൽ തന്നെയുള്ള ഒരു ഒപ്ഷനിലൂടെ അടക്കാനും നിർദ്ദേശിച്ചു.പണമിടപാട് നെറ്റ് ബാങ്കിംഗ് വഴിയായതിനാൽ ഞാൻ ഇത് ചെയ്യുന്നതിനിടക്ക് അവൻ എന്റെ അക്കൌണ്ടിൽ വല്ല പണിയും ചെയ്യുമോ എന്ന ‘മലയാളി’ സംശയം ഉയർന്നതിനാൽ കാശ് അടച്ച ഉടനെ എന്റെ പാസ്‌വേഡ് ഞാൻ മാറ്റുകയും ചെയ്തു.

കാശ് അടച്ചു എന്നതിന് തെളിവായി എനിക്ക് ഒരു ഇ-മെയിലും കൂടാതെ കമ്പനിയുടെ ഓർഡർ മെയിലും അഷുവേഡ് ഗിഫ്റ്റ് മെയിലും എല്ലാം കിട്ടി.സൈറ്റിൽ തന്നെയുള്ള മറ്റൊരു ലിങ്കിലൂടെ ഒരു ഭാഗ്യപരീക്ഷണം കൂടി നടത്താനായി മേൽകക്ഷി എന്നോട് ആവശ്യപ്പെട്ടു.എനിക്ക് തന്ന ഡോക്യുമെന്റിലെ ചില നമ്പറുകൾ അവിടെ നൽകാനായിരുന്നു പറഞ്ഞത്.അപ്രകാരം ചെയ്ത് അല്പ സമയത്തിനകം തന്നെ ഒരു ബമ്പർ നറുക്കെടുപ്പിൽ എനിക്ക് നാലാം സമ്മാനം(വിശ്വസനീയമാക്കാൻ വേണ്ടി ഒന്നും രണ്ടും മൂന്നും തന്നില്ല!!) ലഭിച്ചതായും വലിയൊരു സംഖ്യയാണ് സമ്മാനമെന്നും അതിൽ പകുതിയേ കാശായി നൽകൂ എന്നും ബാക്കി സാധനങ്ങളായി മാത്രമേ നൽകൂ എന്നും എന്നെ ധരിപ്പിച്ചു.ഇത്തരം മെയിലുകളും എസ്.എം.എസ് കളും ധാരാളം കിട്ടി, എന്റെ ഒരു അമ്പത് തലമുറക്ക് കഴിയാനുള്ള ആസ്തി വായുവിൽ ചുറ്റിക്കറങ്ങുന്നുണ്ട് എന്ന് പറഞ്ഞ് ഈ കെണിയിൽ എന്നെ വീഴ്ത്തേണ്ട എന്ന ഒരു സൂചന ഞാൻ നൽകി.അതോടെ എന്റെ ഓർഡറിന്റെ കഷ്ടകാലവും തുടങ്ങി !

ഏഴ് ദിവസത്തിനകം ഡെലിവർ ചെയ്യും എന്ന് പറഞ്ഞ സാധനം പത്താമുദയവും കഴിഞ്ഞപ്പോൾ ഞാൻ വിളിച്ചന്വേഷിച്ചു.ഓവർനൈറ്റ് എക്സ്പ്രെസ് എന്ന കൊറിയർ വഴി അയച്ചതായി ഡോകറ്റ് നമ്പർ അടക്കം പറഞ്ഞ് തന്നു!ഇങ്ങനെ ഒരു കൊറിയർ സ്ഥാപനം ഞാൻ കേട്ടിട്ടില്ലാത്തതിനാൽ അതും നെറ്റിൽ തപ്പി കോഴിക്കോട് ബ്രാഞ്ച് നമ്പറും സംഘടിപ്പിച്ചു.തന്ന നമ്പർ ഞാൻ ട്രേസ് ചെയ്ത് നോക്കിയെങ്കിലും ഇൻ‌വാലിഡ് നമ്പർ എന്ന മറുപടി കിട്ടി.കോഴിക്കോട് ബ്രാഞ്ചിൽ വിളീച്ചപ്പോൾ അവരും അതേ മറുപടി തന്നു.

പിന്നെ നിരന്തരം വിളിച്ചിട്ടും മെയിൽ ചെയ്തിട്ടും ഒരു മറുപടിയും ലഭിക്കാതായപ്പോൾ എനിക്ക് ചില ദു:സൂചനകൾ തോന്നി.വിളിച്ചതെല്ലാം എന്റെ മൊബൈലിൽ നിന്നായതിനാൽ അത് അവർ നോട്ട് ചെയ്തു എന്ന് ഞാൻ മനസ്സിലാക്കി.അതിനാൽ തന്നെ ഒരു പരീക്ഷണാർത്ഥം ലാന്റ് ലൈനിൽ നിന്ന് വിളിച്ചു.അത്ഭുതം – ഒരു വിദ്വാൻ കെണിയിൽ കുടുങ്ങി!അവന് ആവശ്യത്തിനുള്ള ഡോസ് എനിക്കറിയാവുന്ന ഹിന്ദിയിലും ഇംഗ്ലീഷിലും ആയി കൊടുത്തപ്പോൾ അവനും ഒരു ഡോക്കറ്റ് നമ്പർ തന്നു.പക്ഷേ അതും മേല്പറഞ്ഞപോലെ ഇൻ‌വാലിഡ് ആയിരുന്നു.അവനും എന്നെ ശശിയാക്കി എന്ന് സാരം.

സംഗതി ഓൺലൈനിൽ ഞാൻ വഞ്ചിക്കപ്പെട്ടു എന്ന് ഏകദേശം ഉറപ്പായപ്പോൾ ഒരു പരാതിയുമായി ഞാൻ പോലീസ് സ്റ്റേഷനിൽ എത്തി.ആ കഥ ഇതിന്റെ പിന്നാലെ പറയാം.പിന്നെ പല വിധത്തിലും ഫോൺ ചെയ്ത് നോക്കിയിട്ടും മെയിൽ അയച്ചിട്ടും ഒന്നും രക്ഷയില്ല എന്ന് കണ്ടപ്പോൾ കേസ് ഫയൽ ചെയ്യാം എന്ന് തീരുമാനിച്ചു.അപ്പോഴാണ്  എൻ.എസ്.എസ് വഴി പരിചയമുള്ള ഉത്തർപ്രദേശുകാരനായ ഒരു മുൻ പ്രോഗ്രാം ഓഫീസറുടെ ഈദാശംസകൾ നേർന്ന് കൊണ്ടുള്ള ഒരു എസ്.എം.എസ് എനിക്ക്  ലഭിച്ചത്.ദൈവത്തിന്റെ ഇടപെടലുകൾ എന്ന് ഇതിനെ ഞാൻ വിശേഷിപ്പിക്കുന്നു.സംഗതി ഉടൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നു.പരിഹാരം ആയില്ലെങ്കിലും അദ്ദേഹവും സുഹൃത്തുക്കളും എനിക്ക് വേണ്ടി കമ്പനിയിൽ നേരിട്ട് ചെന്ന് അന്വേഷിക്കാമെന്ന് ഏറ്റു ! ലക്നൌവിൽ കോണ്ടാക്റ്റ് ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഈ വിരുതന്മാരെ പൊളിച്ചടുക്കാൻ സഹായിക്കണമെന്ന് അപേക്ഷ.

ഇപ്പോഴും ഈ സൈറ്റ് കോമ്പോ ഓഫറുകളുമായി രംഗത്തുണ്ട് എന്നതിനാലാണ് ഞാൻ ഇത്രയും വിസ്തരിച്ച് പറഞ്ഞത്.യു.പിയിൽ എനിക്ക് വേണ്ടി മേൽ സഖാക്കളും ഡെൽഹിക്കാരനായ മറ്റൊരു സുഹൃത്തും ശ്രമിക്കുന്നതിനാൽ പ്രശ്നം സോൾ‌വായേക്കാം.പക്ഷേ യാതൊരു അത്താണിയുമില്ലാത്തവർ ഇനിയും വഞ്ചിക്കപ്പെട്ടേക്കാം.അതിനാൽ തന്നെ ഒരു കേസ് ഫയൽ ചെയ്യൽ നിർബന്ധമായി തോന്നി.ഫലപ്രാപ്തി നിശ്ചയമില്ലെങ്കിലും, ഇന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിൽ ഒരു പരാതിയും ഞാൻ നൽകി.ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇനിയും പലപ്പോഴും എനിക്കെന്നപോലെ മറ്റുള്ളവർക്കും ഉപയോഗപ്പെട്ടേക്കാം എന്നതിനാൽ അടുത്ത പോസ്റ്റിൽ അതിനെപറ്റി പറയാം.



Tuesday, December 09, 2014

ഐസ് -196 ഡിഗ്രി സെത്ഷ്യസ്

കുട്ടിക്കാലത്ത് ഒരേ വീട്ടിൽ താമസിച്ച് ഒരേ ഭക്ഷണം കഴിച്ച് ഒരേ കലാലയത്തിൽ പഠിച്ച് ഒരേ സ്ഥാപനത്തിൽ ജോലി ചെയ്ത രണ്ട് പേർ...ബിന്ദുവും രശ്മിയും !ഇടക്കാലത്ത് അവർ തമ്മിൽ പിണങ്ങിയാൽ എന്ത് സംഭവിക്കും? ആ പിണക്കത്തിന്റെ കാരണം ഒരു പെണ്ണ് കൂടിയാണെങ്കിൽ അതിന്റെ ആഴം എത്രയായിരിക്കും? അതിൽ നിന്നുയരുന്ന പകയുടെ അഗ്നിയുടെ സംഹാരശക്തി എത്രയായിരിക്കും? അതാണ് ഐസ് -1960 C എന്ന നോവലിന്റെ ഇതിവൃത്തം.

ജി.ആർ.ഇന്ദുഗോപൻ എഴുതിയ ഈ നോവൽ മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സയൻസ് ഫിക്ഷൻ എന്നും ടെക്നോളജിയിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെ നോവൽ എന്നുമെല്ലാം അവകാശപ്പെടുന്നു.നാനോ നോവൽ എന്ന് ടൈറ്റിലിൽ പറയുന്നുണ്ടെങ്കിലും അത് വലിപ്പം കൊണ്ടല്ല മറിച്ച് നാനോടെക്നൊളജി ഉപയോഗിച്ചു കൊണ്ട് ഭവിയിൽ നടക്കാൻ സാധ്യതയുള്ള വിഷയം പ്രതിപാദിക്കുന്നത് കൊണ്ടാണ്.



 കുസാറ്റ് മുൻ വൈസ് ചാൻസലർ ഡോ.കെ.ബാബു ജോസഫ് തയ്യാറാക്കിയ ഈ നോവലിന്റെ പഠനത്തിൽ അദ്ദേഹം പറയുന്നത് മനുഷ്യനേയും മനസ്സിനേയും നമ്മെയും ഒക്കെ നിയന്ത്രിക്കാൻ പോകുന്ന ഭാവിയെക്കുറിച്ച് കൃത്യമായി ഉത്തരം നൽകുന്ന ഒരു കൃതി എന്നാണ്.ഒരേ മനുഷ്യർ ഒരേ ജീവിതകാലത്ത് രണ്ട് ജന്മങ്ങളിലൂടെ കടന്ന് പോകുന്ന അപൂർവ്വമായ ഒരു പരസ്പരപ്രതികാരത്തിന്റെ കഥയാണ് ഐസ് -1960 C.2003 ൽ തുടങ്ങി 2050 വരെയുള്ള കാലഘട്ടമാണ് നോവലിന്റെ പശ്ചാത്തലം.

ടെക്നോളജിയുടെ വികാസത്തോടോപ്പം അത് മനുഷ്യരാശിക്ക് വരുത്തിവച്ച അപകടങ്ങളും നാം ലോകത്തിൽ പലയിടത്തും ദർശിച്ചു , ഇപ്പോഴും ദർശിച്ചു കൊണ്ടിരിക്കുന്നു.ആറ്റം ബോംബിന്റെ കണ്ട്പിടുത്തം മനുഷ്യരാശിയെ ചുട്ടെടുക്കാൻ പ്രയോഗിച്ചപ്പോൾ അത് ഒരു മഹാകണ്ടുപിടുത്തത്തിന്റെ ദുരന്തപൂർണ്ണമായ പര്യവസാനമായി.അതേ പോലെ ക്രയോണിക്സ് എന്ന സാങ്കേതിക വിദ്യയിലൂടെ മരിച്ച് പോയ മനുഷ്യരെ വീണ്ടും ഉയർത്തെഴുന്നേൽ‌പ്പിക്കാനുള്ള സാധ്യതയും അത് ഒരേ പോലെ നല്ലവരും തീവ്രവാദികൾ അടക്കമുള്ള ചീത്തവരും ഉപയോഗിക്കുന്നതും അതിന്റെ പര്യ്‌വസാനവും നമുക്ക് മുമ്പിൽ തുറന്ന് തരാൻ ഐസ് -1960 C എന്ന നോവൽ ശ്രമിക്കുന്നു. ശാസ്ത്രകുതുകിയായ ഒരാൾ ഒറ്റ ഇരുപ്പിന് വായിച്ച് തീർക്കാൻ സാധ്യതയുള്ള ഈ നോവൽ മറ്റുള്ളവരിലും ഒരു ഉൽകണ്ഠ സൃഷ്ടിക്കും എന്നതിൽ സംശയമില്ല.

പ്രസിദ്ധീകരണം : 2005 
പ്രസാധകർ        : ഡി.സി ബുക്സ്, കോട്ടയം
വില                  : 115 രൂപ


Sunday, December 07, 2014

ലൂന മോളുടെ ഫസ്റ്റ് ക്ലിക്ക്

എന്റെ കുട്ടിക്കാലത്ത് ക്യാമറ ഒരു അത്ഭുത വസ്തുവായിരുന്നു.അതിൽ നിന്നും പുറത്ത് വരുന്ന മിന്നൽ വെളിച്ചം കാണുന്നവരൊക്കെ അതിനകത്തെ ചിത്രത്തിൽ പതിയും എന്ന ആരോ പറഞ്ഞറിവിൽ, അന്ന് കല്യാണവീട്ടിൽ ഫോട്ടോ എടുക്കുമ്പോഴെല്ലാം ഈ വെളിച്ചം ദേഹത്ത് തട്ടാൻ ‘പ്രത്യേകം’ ശ്രദ്ധിക്കാറുണ്ടായിരുന്നു.ആ ഫോട്ടോകൾ ഒന്നും തന്നെ പിൽക്കാലത്ത് കാണാൻ ഇട വരാത്തതിനാൽ ഇത് ശരിയോ തെറ്റോ എന്ന് തെളിയിക്കാൻ സാധിച്ചിരുന്നില്ല.

കാലം കടന്നുപോയി.ഇടക്ക് എപ്പോഴോ ക്യാമറ കൈകാര്യം ചെയ്യാനുള്ള ഒന്ന് രണ്ട് അവസരങ്ങൾ ലഭിച്ചു.ഫിലിം റോൾ വാങ്ങി അത് ക്യാമറയിൽ ലോഡ് ചെയ്ത് ക്ലിക്കാൻ വരെ ധൈര്യം ലഭിച്ചു! 32 മുതൽ 36 വരെ ഫോട്ടോകൾ ഒരു റോളീൽ നിന്നും കിട്ടും എന്ന അറിവും അതൊടൊപ്പം കിട്ടി.ഈ മുറിയറിവിൽ എനിക്ക് കിട്ടിയ ആത്മവിശ്വാസവും ‘എന്റെ കഴിവിൽ’ മറ്റാരുടെയോ വിശ്വാസവും കൂടിച്ചേർന്നപ്പോൾ മൂത്താപ്പയുടെ മകളുടെ ഏക കല്യാണത്തിന്റെ ഫോട്ടോകൾ ക്ലിക്ക് ചെയ്യാനുള്ള അവസരവും എനിക്ക് ലഭിച്ചു.ലെൻസിന് ഷട്ടറിട്ട് 32ഉം ക്ലിക്കി ഒരു ഫോട്ടോ പോലും കിട്ടാത്ത രൂപത്തിൽ അത് ‘ഭംഗിയാക്കി’ നിർവ്വഹിച്ചു കൊടുത്തത് ഇന്ന് വരെ അറിയാവുന്നവർ ലോകത്ത് രണ്ട് പേർ മാത്രം – ഒന്ന് ഞാനും , പിന്നെ ഈ കടുംകൈക്ക് എന്നെ ഏല്പിച്ച മൂത്താപ്പയുടെ മകൻ (പുതുപ്പെണ്ണിന്റെ അനിയൻ) എന്റെ സമപ്രായക്കാരനായ മജീദും!കല്യാണച്ചടങ്ങുകൾ കഴിഞ്ഞ് പേരാമ്പ്രക്കടുത്ത് നൊച്ചാടുള്ള വീട്ടിൽ നിന്ന് ഞങ്ങൾ അരീക്കോട്ട് തിരിച്ചെത്തി രണ്ട് ദിവസം കഴിഞ്ഞാണ് ഈ ‘മഹാസംഭവം’ ഞാൻ അറിഞ്ഞത്!മജീദ് എന്തും പറഞ്ഞാണ് അന്ന് ആ വൈതരണി തരണം ചെയ്തത് എന്ന് ഇന്നും അജ്ഞാതമായി തുടരുന്നു.

എന്റെ കല്യാണം കഴിഞ്ഞ് ഒന്നോ രണ്ടോ വർഷങ്ങൾക്ക് ശേഷം ഗൾഫിലുള്ള അളിയന്മാരിൽ മൂത്തയാൾ തിരിച്ചു വരുമ്പോൾ പുതിയ അളിയന് സമ്മാനമായി എന്ത് വേണം എന്ന് ആരാഞ്ഞപ്പോൾ എന്റെ ആദ്യ ചോയിസ് സ്വാഭാവികമായും ക്യാമറയായി.കാരണം സ്വന്തമായി ഈ സാധനം കയ്യിലുണ്ടെങ്കിൽ പിന്നെ കല്യാണശേഷമുള്ള ‘ചുറ്റലുകൾ’ മറ്റുള്ളവരെ ആരെയും അറിയിക്കാതെ നടത്താം.ഇല്ല എങ്കിൽ ചുരുങ്ങിയത് ക്യാമറമുതലാളി എങ്കിലും വിവരമറിയും.ഞാൻ ഒരു യാത്രാപ്രേമി കൂടി ആയതിനാൽ എനിക്ക് സ്വന്തമായി ഒരു ക്യാമറ ആവശ്യമായിരുന്നുതാനും.എതായാലും എന്റെ ആവശ്യം മാനിച്ച് അളിയൻ എനിക്ക് ഒരു “യാഷിക” ക്യാമറ തന്നെ എത്തിച്ചു തന്നു.നിരവധി സുന്ദരമുഹൂർത്തങ്ങൾ ഒപ്പിയെടുത്ത ആ ക്യാമറ ഇന്ന് എന്റെ മേശക്കകത്ത് ഒരു പുരാവസ്തുവായി കിടക്കുന്നു (ഈ അടുത്ത് ബിലാത്തിപ്പട്ടണത്തിന്റെ മകളുടെ(?) കല്യാണത്തിന് തൃശൂർ പോയപ്പോൾ ജെ.പി വെട്ടിയാട്ടിൽ അദ്ദേഹത്തിന്റെ വീട്ടിലേക്കും കൊണ്ടുപോയി.അവിടെ ഇതേ സാധനം ജെ.പി യുടെ പേരമകളുടെ കളിക്കോപ്പായി കണ്ടു).

ഇന്ന് ക്യാമറ എന്നത് ഒരു അത്ഭുത വസ്തുവേയല്ല.മൊബൈൽ ഫോൺ വാങ്ങുമ്പോൾ ക്യാമറ (അതും വീഡിയോ ക്യാമറ അടക്കം) സൌജന്യം എന്ന രൂപത്തിലായി കാലം മാറി.അതുകൊണ്ട് തന്നെ ഫോട്ടോ എടുക്കാൻ ഏത് ഒന്നാം ക്ലാസുകാരനും സാധിക്കും എന്നതാണ് സത്യം.അങ്ങനെയൊരു സംഭവം ഇന്നലെ നടന്നതാണ് ഈ ക്യാമറചരിതം മുഴുവൻ ഇവിടെ പറയാൻ ഇടയാക്കിയത്.

ഇന്നലെ കുടുംബസമേതം അല്പ നേരം കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് കാറ്റുകൊള്ളാൻ പോയി.മക്കൾ കളിക്കുന്ന ഫോട്ടോകൾ പിടിച്ചു.ലുലു മോൾക്ക് സമ്മാനമായി കിട്ടിയക്യാമറ ഉപയോഗിച്ചായിരുന്നു ക്ലിക്ക്.പുതിയ ക്യാമറയിൽ എനിക്കത്ര പ്രാഗൽഭ്യം ഇല്ലാത്തതിനാൽ വീഡിയോ എടുക്കാൻ എത്ര ശ്രമിച്ചിട്ടും വിജയിച്ചില്ല.

എൽ.കെ.ജിക്കാരിയായ കുഞ്ഞുമോളോടൊപ്പം പോസ് ചെയ്ത് രണ്ടാമത്തെ മകൾ ലുഅയെക്കൊണ്ട് (ആറാം ക്ലാസുകാരി) ഒരു ഫോട്ടോ എടുക്കാൻ ഞാൻ പറഞ്ഞു.ഉടനെ എൽ.കെ.ജിയുടെ മുഖം വാടി.കാരണം എനിക്ക് പെട്ടെന്ന് പിടികിട്ടി – അവൾക്കും ക്യാമറ ‘കൈകാര്യം’ ചെയ്യണം.ഒന്ന് സമാധാനിപ്പിക്കാൻ കയ്യിൽ കൊടുക്കാം എന്ന് ഞാൻ കരുതി.ഞാനും ലുഅ മോളും പോസ് ചെയ്ത് നിന്നു.എൽ.കെ.ജിക്കാരി അല്പം ദൂരേക്ക് നീങ്ങി നിന്നു.ശേഷം സ്ക്രീനിൽ നോക്കി ഒരു ക്ലിക്ക് !


തിരിച്ച് എന്റെ കയ്യിൽ തന്ന ക്യാമറയിൽ ആ ചിത്രം ഞാൻ വെറുതെ ഒന്ന് നോക്കി – നല്ല ക്ലാരിറ്റിയുള്ള ഞങ്ങളെ രണ്ട് പേരെയും കൃത്യമായി ഫ്രെയിമിൽ കിട്ടിയ ഒരു ഫോട്ടൊ ! ലൂന മോളുടെ ആദ്യത്തെ ക്ലിക്ക് താഴെ.

ലൂന മോളുടെ ആദ്യത്തെ ക്ലിക്ക്


കുസൃതിക്കുടുക്കകള്‍


ഔട്ട്ഡേറ്റഡ് !!!

എന്റെ സഹോദരിയുടെ ഇളയമകൻ അമൽ ഹിഷാമും  എന്റെ രണ്ടാമത്തെ മകൾ ആതിഫ ജും‌ലയും ഒരേ സ്റ്റാൻഡേഡിലാണ് പഠിക്കുന്നത് – ആറാം ക്ലാസ്സിൽ.അവൻ സി.ബി.എസ്.സി യും മോൾ കേരള സിലബസ് ഇംഗ്ലീഷ് മീഡിയത്തിലും.സ്വാഭാവികമായും അവന്റെ സ്കൂളിലെ മത്സരങ്ങൾ മോളെ സ്കൂളിൽ ഇല്ല, ഇവിടെയുള്ള മത്സരങ്ങൾ അവിടെയും ഇല്ല.എങ്കിലും ആഴ്ചയിലൊന്നോ രണ്ടോ തവണ എന്നെ ഫോൺ ചെയ്ത് വിശേഷങ്ങൾ ചോദിച്ച് കുറഞ്ഞത് മൂന്ന് ചോദ്യങ്ങൾ എങ്കിലും ചോദിപ്പിക്കുക എന്നത് അവന്റെ പതിവായിരുന്നു.

പത്രവായന പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾ മിക്കവാറും അതാത് ദിവസത്തെ പത്രത്തിൽ നിന്നായിരിക്കും.കഥകളും മറ്റും വായിക്കാൻ ഇഷ്ടമാണെങ്കിലും പത്രം വായിക്കാൻ അവന് അത്രകണ്ട് ഇഷ്ടമുണ്ടായിരുന്നില്ല.അതിനാൽ തന്നെ അത്തരം ചോദ്യങ്ങൾക്ക് മറുപടി പറയാൻ അവന് പലപ്പോഴും സാധിച്ചിരുന്നില്ല. ‘ഇന്ന് പത്രം വായിച്ചില്ല’ എന്നോ ‘ആ വാർത്ത എന്റെ വീട്ടിലെ പത്രത്തിൽ ഇല്ല എന്നോ‘ തുടങ്ങീ നിരവധി ന്യായങ്ങൾ അവന്റെ ഭാഗത്ത് നിന്നും നിരത്തും.കേട്ട് ചിരിക്കാൻ കൌതുകമുള്ളതായതിനാൽ ഞാൻ അത് മുഴുവൻ കേൾക്കും.

അങ്ങനെയിരിക്കെ ഒരു ദിവസം പതിവ് പോലെ അമൽ എന്നെ വിളിച്ചു.സംസാരം ചോദ്യോത്തര വേളയിലേക്കെത്തി.ഇന്ന് ചോദിക്കേണ്ടത് സ്പേസിനെപറ്റി ആണെന്ന് അവൻ പറഞ്ഞു.

“ഓ.കെ....ഈ അടുത്ത് അമേരിക്കയുടെ ഒരു ബഹിരാകാശ വാഹനം വിക്ഷേപണത്തറയിൽ വച്ച് തന്നെ പൊട്ടിത്തെറിച്ചു....ആ വാഹനത്തിന്റെ പേരെന്തായിരുന്നു?” ഞാൻ ചോദിച്ചു.

“ആബി കാക്കാ...ഇങ്ങളേത് കോത്താഴത്തുകാരനാ...?” അമലുവിന്റെ ഉത്തരം വരുന്നത് കണ്ടപ്പോൾ ഞാൻ കരുതി ചോദ്യം അത്രയും എളുപ്പമായത് കൊണ്ടാവും എന്ന്.

“ങാ...പറയൂ...”

“അത് തന്നെയാ പറയുന്നത്.....ആ വാഹനം പൊട്ടിത്തെറിച്ച് കഷ്ണം കഷ്ണമായി ചിന്നിച്ചിതറി....ഇനിയും അതിന്റെ പേര് പഠിച്ചു വച്ചതുകൊണ്ട് എനിക്കെന്ത് പ്രയോജനം ? അതുകൊണ്ട് ഔട്ട്ഡേറ്റഡ് ആയ ആ ചോദ്യം മാറ്റി പുതിയ വല്ലതും ചോദിക്ക്....!!“


മരുമകന്റെ മുന്നിൽ അമ്മാവൻ കൈ കൂപ്പിപ്പോയി.

Saturday, November 29, 2014

വിദ്യാധനം സർവധനാൽ പ്രദാനം

എൽ.പി സ്കൂളിലെ ഏതോ ക്ലാസ്സിലെ കോപ്പി ബുക്കിലെ രണ്ട് വര്യ്ക്കുള്ളിൽ എഴുതിയ വരികളാണ് ഈ പോസ്റ്റിന്റെ തലക്കെട്ട്. അതെന്താണെന്ന് അന്ന് മനസ്സിലായിരുന്നില്ല എങ്കിലും കാലം കഴിഞ്ഞ് അത് ബോധ്യമായി.വിവിധതരം വിദ്യകൾ നേടിയത് സ്കൂളിലും കോളേജിലും പോയിട്ട് മാത്രമല്ല , ജീവിതത്തിലെ അനുഭവങ്ങളിൽ നിന്ന് കൂടിയായിരുന്നു.

ക്ലാസിൽ പോയി ഇരുന്ന് പഠിക്കുന്നത് ഇന്നത്തെകാലത്ത് പലർക്കും സാധിക്കണം എന്നില്ല.വിദ്യ നേടാൻ ആഗ്രഹിക്കുന്ന ഒരു വീട്ടമ്മക്ക് തന്റെ വീട്ടിലെ കലാപരിപാടികൾ കഴിഞ്ഞ് ക്ലാസ്സിൽ കയറി ഇരിക്കാൻ സാധ്യമായെന്ന് വരില്ല.അതേ പോലെ എന്തെങ്കിലും ജോലി ചെയ്യുന്ന ഒരാൾക്ക് അയാളുടെ ജോലി സമയത്ത് അതൊഴിവാക്കി ക്ലാസ്സിൽ ഇരിക്കാൻ സാധിക്കണം എന്നില്ല.ഇത്തരക്കാർക്ക് ആശ്വാസമായിട്ടാണ് വിവിധ സർവ്വകലാശാലകൾ വിദൂരവിദ്യാഭ്യാസവും സായാഹ്ന കോഴ്സുകളും മറ്റും എല്ലാം നടത്തുന്നത്.

ഫിസിക്സിൽ  നല്ല മാർക്കോടെ ഡിഗ്രി കഴിഞ്ഞ് പി.ജിക്ക് പ്രവേശനം കിട്ടാതെ ഇരിക്കുമ്പോഴാണ് പി.ജി.ഡി.സി.എ യിലൂടെ ഞാൻ കമ്പ്യൂട്ടർ രംഗത്തേക്ക് പ്രവേശിച്ചത്.അന്ന് കൂടെ പഠിച്ചിരുന്ന ശബീർ (ഇന്ന് ഐ.എച്.ആർ.ഡി കോളേജ് , പെരിന്തൽമണ്ണ പ്രിൻസിപ്പാൾ) പറഞ്ഞാണ് ഡിപ്ലോമ ഇൻ ഹിന്ദി എന്ന കോഴ്സിനോ അല്ലെങ്കിൽ ഡിപ്ലോമ ഇൻ റെയിൽ ട്രാൻസ്പോർട്ട് മാനേജ്മെന്റ് എന്ന കോഴ്സിനോ ( ഏതെന്ന് കൃത്യമായി ഓർമ്മയില്ല - കറസ്പോണ്ടൻസ് ആയി ഈ രണ്ട് കോഴ്സും ഞാൻ മുഴുവനാക്കി ) ഞാൻ ചേർന്നത് . റഗുലർ ആയി ബി.എഡും കൊല്ലങ്ങൾ കഴിഞ്ഞ് ഫിസിക്സിൽ പി.ജിയും ചെയ്തു.

പഠന വിഷയങ്ങളിലെ വൈവിധ്യങ്ങൾ തേടി അലഞ്ഞ എന്റെ മുമ്പിൽ അടുത്ത കോഴ്സ് ആയി വന്നത് സർട്ടിഫിക്കറ്റ് ഇൻ ഉർദു സ്ക്രിപ്റ്റ് ആയിരുന്നു. അതും ഭംഗിയായി പൂർത്തിയാക്കി.  ഒരു പി.ജി ഉണ്ടായിരുന്നിട്ടും ഒന്ന് കൂടി ആവട്ടെ എന്ന് കരുതി അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എച്.ആർ.എം കൂടി കരസ്ഥമാക്കി.അവിടെ തന്നെ പി.ജി ഡിപ്ലോമ ഇൻ അഡ്വെർടൈസിംഗിന് ചേർന്നെങ്കിലും അത് മുഴുവനാക്കാൻ സാധിച്ചില്ല.ഈ വർഷം അതിന്റെ പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്നു.

ഒരു ഡോക്ടറേറ്റ് കൂടി നേടുക എന്നതായിരുന്നു പിന്നീട് എന്റെ ചിന്ത.അത് എന്റെ ഇഷ്ടവിഷയമായ ഫിസിക്സിൽ തന്നെയാകട്ടെ എന്ന് കരുതി പാർട് ടൈം പി.എച്.ഡി ഓഫർ ചെയ്യുന്ന യൂണിവേഴ്സിറ്റികൾക്കായി ഒരു പാട് അന്വേഷിച്ചു.പക്ഷേ ഉത്തരം കിട്ടിയില്ല.ഇന്ന് നെറ്റിലൂടെ അവ ലഭ്യമാണ്, പക്ഷേ ചേരാൻ ഒടുക്കത്തെ ഫീസും! ഫിസിക്സിൽ സാധ്യമല്ലെങ്കിൽ എച്.ആർ.എം-ൽ ചെയ്യാം എന്ന് കരുതി സെർച് ചെയതപ്പോൾ എവിടേയും കണ്ടില്ല.ആർക്കെങ്കിലും അറിയുമെങ്കിൽ പറഞ്ഞ്തരാൻ അപേക്ഷ.

അങ്ങനെ ഇരിക്ക്മ്പോഴാണ് ബി.എസ്.സിയും ബി.എഡും കഴിഞ്ഞ ഭാര്യക്കും ഒരു പി.ജി മോഹം വന്നത്.സയൻസ് സബ്ജക്ടിൽ വിദൂര വിദ്യാഭ്യാസം വഴി പി.ജി ചെയ്യുന്നത് ഉത്തമമല്ല എന്നതിനാൽ, ഞാൻ അവളുടെ വിഷയമായ സുവോളജി വിടാൻ ഉപദേശിച്ചു.പിന്നെ വേറെ ഏത് എന്ന ചോദ്യത്തിന് ഉത്തരമായി എത്തിയത് അപ്ലൈഡ് സൈക്കോളജിയിൽ ആയിരുന്നു.കാരണം ബി.എഡിൽ സൈക്കോളജി അല്പം പഠിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ചുറ്റുമുള്ള നിരീക്ഷണത്തിലൂടെ തന്നെ ധാരാളം പഠിക്കാൻ സാധിക്കും എന്നതിനും പുറമേ ക്ലാസ്സും പ്രാക്ടിക്കലും പരീക്ഷയും എല്ലാം കോഴിക്കോട് തന്നെ എന്നതും അതിൽ ഉറപ്പിച്ചു.


അങ്ങനെയെങ്കിൽ എന്തുകൊണ്ട് ഒരു പി.ജി കൂടി എടുത്തുകൂടാ എന്ന ചോദ്യം എന്റെ മനസ്സിലും കയറി.അങ്ങനെ ഞാനും അതേ കോഴ്സിന് ചേരാൻ തീരുമാനിച്ചു!അതേ,ലോക ചരിത്രത്തിൽ ഒരു പക്ഷേ ആദ്യമായി ഭാര്യയും ഭർത്താവും പതിനഞ്ച് വർഷത്തിന് ശേഷം ഒരേ ക്ലാസ്സിൽ!!ഇന്നലെ ഞാനും ഭാര്യയും ഭാരതിയാർ യൂണിവേഴ്സിറ്റിയുടെ വിദൂരവിദ്യാഭ്യാസ വകുപ്പിന് കീഴിൽ എം.എസ്.സി അപ്ലൈഡ് സൈക്കോളജിക്ക് ചേർന്നു - വിദ്യാധനം സർവധനാൽ പ്രദാനം.

Wednesday, November 26, 2014

ലുലുമോൾക്ക് വീണ്ടും റാങ്ക് !

അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്....

ഈ മാസം പകുതിയായപ്പോൾ , എന്റെ ജീവിതത്തിൽ സംഭവിച്ച ചില സന്തോഷ നിമിഷങ്ങൾ “വർഷം 16“ എന്ന പേരിൽ പോസ്റ്റിയിരുന്നു.പത്ത് ദിവസം കഴിഞ്ഞപ്പോഴേക്കും ഇതാ അടുത്ത സന്തോഷവാർത്ത – വിദ്യാകൌൺസിൽ നടത്തുന്ന അഖില കേരള എം.ടി.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ  പത്താം ക്ലാസ് വിഭാഗത്തിൽ , ബൂലോകത്ത് നിന്ന് തൽക്കാലം ലീവെടുത്ത എന്റെ മൂത്തമോൾ ഐഷനൌറ എന്ന ലുലുവിന് ഒന്നാം റാങ്ക് !എട്ടാം ക്ലാസിൽ പഠിക്കുമ്പോഴും ഇതേ സ്കോളർഷിപ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിക്കൊണ്ട് , അവളുടെ സ്കൂളായ കൊടിയത്തൂർ വാദിറഹ്മ ഇംഗ്ലീഷ് സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ റാങ്ക്കാരി എന്ന അഭിമാന നേട്ടം തന്റെ പേരിൽ ചേർത്തിരുന്നു. രണ്ടായിരം രൂപ കാഷ് പ്രൈസും സർട്ടിഫിക്കറ്റും മെമന്റോയും ഡിസംബർ 27ന് നടക്കുന്ന ചടങ്ങിൽ വച്ച് വിതരണം ചെയ്യും. വീണ്ടും വീണ്ടും ദൈവത്തിന് സ്തുതി.


Sunday, November 23, 2014

വായനക്കൂട്ടം ഒത്തുചേരൽ - നവംബർ

അരീക്കോട് വായനക്കൂട്ടത്തിന്റെ മാസാന്ത ഒത്തുചേരൽ വൈ.എം.എ ഹാളിൽ മലപ്പുറം ഡി.ഇ.ഒ ശ്രീ.പി.സഫറുല്ലയുടെ നേതൃത്വത്തിൽ നടന്നു. സാഹിത്യകാരി പ്രൊഫ. ഹൃദയകുമാരി ടീച്ചറുടേയും ഹാസ്യ‌സാഹിത്യകാരനും മുൻ കളക്ടറുമായ ശ്രീ.സനൽകുമാറിന്റേയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു യോഗം ആരംഭിച്ചത്. പുതിയതായി ചേർന്ന അംഗങ്ങൾ സ്വയം പരിചയപ്പെടുത്തി. ശേഷം വായനക്കൂട്ടാംഗങ്ങളുടെ വായനാനുഭവങ്ങൾ പങ്കു വച്ചു.

ഡി.ഇ.ഒ ശ്രീ.പി.സഫറുല്ല പരിചയപ്പെടുത്തിയത് ശ്രീ.വി.സി.സി ജോർജ്ജ് എഴുതിയ ‘മൂല്യദർശനം ക്ലാസ്സുകളിൽ’ എന്ന പുസ്തകമായിരുന്നു. തമിഴ് സാഹിത്യത്തിലെ ബൈബിൾ എന്നറിയപ്പെടുന്ന തിരുവള്ളുവരുടെ ‘തിരുക്കുറൾ’ പ്രതിപാദിക്കുന്ന ചിന്താശകലങ്ങളും ഡി.ഇ.ഒ പങ്കു വച്ചു. തമിഴ് ജനത ഈ ഗ്രന്ഥത്തെയും ഗ്രന്ഥകർത്താവിനേയും മനസ്സിൽ കുടിയിരുത്തുന്ന രീതിയും സ്വന്തം അനുഭവത്തിൽ നിന്നും അദ്ദേഹം വിശദീകരിച്ചപ്പോൾ അത് ഈ വായനക്കൂട്ടത്തിന് നവ്യാനുഭവമായി.

ബ്ലോഗിൽ നിന്നും അച്ചടിച്ച ആദ്യ കൃതിയായ  നമ്മുടെ വിശാലമനസ്കന്റെ ‘കൊടകരപുരാണം’ ആയിരുന്നു ഞാൻ പരിചയപ്പെടുത്തിയത്.ഗ്രന്ഥകാരന്റെ കുട്ടിക്കാലഅനുഭവങ്ങളും മറ്റും ഹൃദ്യമായി അവതരിപ്പിച്ചതും വിശാലന്റെ അവതരണ ശൈലിയും വായനക്കൂട്ടത്തിൽ പങ്കുവച്ചപ്പോൾ തങ്ങളുടെ കുട്ടിക്കാലവും കടലാസിലേക്ക് പകർത്താൻ അംഗങ്ങൾക്ക് പ്രചോദനമായി.

അരീക്കോട് നിന്നും ആദ്യമായി ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ച ശ്രീ.എം.പി.ബി ഷൌക്കത്ത് തന്റെ ആദ്യത്തെ എഴുത്തനുഭവവും പങ്കുവച്ചു.മലയാളം പഠനം എൽ.പി.ക്ലാസ്സുകളിൽ വച്ച് തന്നെ  നിന്നു പോയതിനാൽ തന്റെ എഴുത്തിൽ വരുന്ന അക്ഷരത്തെറ്റുകളെക്കുറിച്ചുള്ള വ്യാകുലത അദ്ദേഹം തുറന്ന് പ്രകടിപ്പിച്ചു. അതുകൊണ്ട് തന്നെ ഇപ്പോൾ പുറത്തിറക്കിയ “ഒരു ദേശാടനപക്ഷിയുടെ അനുഭവക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലെ കഥകൾ ആരും അറിയാതെ സേഫിനകത്ത് സൂക്ഷിക്കേണ്ടി വന്ന ഗതികേടും അദ്ദേഹം പങ്കുവച്ചു. ഒരു മുഴുസമയ വ്യാപാരിയായ താൻ, വലിയ ജ്യേഷ്ടനിൽ നിന്നുള്ള പ്രചോദനം കാരണം ഇന്നും എഴുത്തും രചനയും തുടരുന്നതായി ശ്രീ.ഷൌക്കത്ത് പറഞ്ഞു.വ്യാപാര മനസ്സ് ആയതിനാൽ കൂടുതൽ വരുമാനം ലഭിക്കുന്ന പരസ്യചിത്രങ്ങളുടെ സ്ക്രിപ്റ്റ് എഴുത്തിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും അദ്ദേഹം തുറന്ന് സമ്മതിച്ചു.




 ശ്രീ.എം.കെ രാമചന്ദ്രൻ എഴുതിയ ‘ദേവഭൂമിയിലൂടെ’ എന്ന പുസ്തകമായിരുന്നു ശ്രീ.വിവേക് പരിചയപ്പെടുത്തിയത്.കേദാർനാഥിനെപറ്റി പ്രതിപാദിക്കുന്ന ഈ പുസ്തകം ഹിമാലയത്തെപറ്റിയും അവിടെ സന്യസിക്കുന്ന വിവിധ മുനിമാരെപ്പറ്റിയും അടുത്തറിയാൻ സഹായകമാണ്. ഭാരതസംസ്കാരത്തെപറ്റി കൂടുതൽ അറിയാൻ ശ്രീ.എം.കെ രാമചന്ദ്രന്റെ ഈ സീരീസിലുള്ള പുസ്തകങ്ങളുടെ പിന്തുണയും വിവേക് പങ്കു വച്ചു.

തീ പിടിച്ച മനുഷ്യ ചിന്തകളുടെ കഥ പറയുന്ന ദൊസ്തോവ്സ്കിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന പുസ്തകവും ആനന്ദിന്റെ ‘ആൾക്കൂട്ടവും’ തമ്മിലുള്ള ബന്ധം ഗവേഷണ വിഷയമാക്കുന്ന കോഴിക്കോട് സർവ്വകലാശാലാ വിദ്യാർത്ഥി കൂടിയായ സമീർ കാവാട്ട് ആ വായനാനുഭവങ്ങൾ അടുത്ത കൂടിച്ചേരലിൽ  പങ്കുവയ്ക്കാമെന്നേറ്റു.

കവിതാലോകത്ത് അരീക്കോടിന്റെ പേര് പതിപ്പിച്ച ശ്രീ.വിശ്വൻ അരീക്കോട് തന്റെ കവിതാസമാഹാരമായ ‘നോവുകൾ, നൊമ്പരങ്ങൾ’ എന്ന കൃതി പരിചയപ്പെടുത്തി.പ്രസ്തുത കൃതിയിലെ അവസാനത്തെ കവിത ‘മലാല’യിൽ മലാലക്ക് നോബൽ സമ്മാനം ലഭിക്കുന്നതിനെപറ്റി മുൻ‌കൂട്ടി  പരാമർശം നടത്തിയത് ഹിന്ദു അടക്കമുള്ള പത്രങ്ങൾ പ്രാധാന്യത്തോടെ സുവാദമാക്കിയത് ശ്രീ.വിശ്വൻ പങ്കുവച്ചു.

                   


അരീക്കോട്ട് നിന്നുമുള്ള മറ്റൊരു കവിയും സിനിമാ‍ഗാന രചയിതാവുമായ ശ്രീ.വാസു അരീക്കോട് ‘മൌനനമ്പരം’ എന്ന തന്റെ കവിതാസമാഹാരത്തിൽ നിന്നുള്ള അമ്മ എന്ന കവിത ആലപിച്ചു.കുട്ടിക്കാലത്ത് തന്റെ വായനക്ക് വളമേകിയ സ്ഥാപനങ്ങൾ വൈ.എം.എ യും വൈ.എം.ബിയും ആയിരുന്നു എന്ന് അദ്ദേഹം സ്മരിച്ചു.അന്ന് മനുഷ്യനെ സംസ്കരിക്കാനുതകുന്നവയായിരുന്നു സാഹിത്യസൃഷ്ടികൾ എന്ന് രമണനിലെ ‘കാനനഛായയിൽ ആടുമേക്കാൻ ...’ എന്ന ഗാനവും ഇന്നത്തെ ‘പലവട്ടം കാത്തുനിന്നു ഞാൻ കോളേജിൻ മൈതാനത്ത്...‘ എന്ന പുതിയ ഗാനവും താരത‌മ്യം ചെയ്ത് അദ്ദേഹം സമർത്ഥിച്ചു.



യാത്രകളിലൂടെ ഇന്ത്യയുടെ വിവിധഭാഗങ്ങൾ അരിച്ചുപെറുക്കിയ സഹദേവൻ മാസ്റ്റർ തന്റെ കേദാർനാഥ്-ബദരീനാഥ് യാത്രാനുഭവങ്ങൾ ആണ് ആദ്യം പങ്കുവച്ചത്. അപകടം നിറഞ്ഞ ചെങ്കുത്തായ പാതയിലൂടെയുള്ള കേരള സംഘത്തിന്റെ നടന്നുകയറ്റം വായനക്കൂട്ടം ശ്വാസമടക്കിപ്പിടിച്ച് ശ്രവിച്ചു.ശേഷം ഇന്ത്യൻ  ആംഗലേയ സാഹിത്യകാരനായ ശ്രീ.ആർ.കെ നാരായണിന്റെ ‘എ ടൈഗർ ഫോർ മാൽഗുഡി’ എന്ന പുസ്തകത്തിലെ രസകരമായ വായനാനുഭവവും പങ്കുവച്ചു.

കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ തേടാനുള്ള നിർദ്ദേശത്തോടെയായിരുന്നു ഷീജ ടീച്ചർ അവതരണം ആരംഭിച്ചത്. സി.രാധാകൃഷ്ണന്റെ ‘പുള്ളിപ്പുലിയും വെള്ളിനക്ഷത്രങ്ങളും’ എന്ന പുസ്തകവും അകാലത്തിൽ പൊലിഞ്ഞ ടി.വി.കൊച്ചുബാവയുടെ ‘വൃദ്ധസദനം’ എന്ന കൃതിയും വായനക്കൂട്ടത്തിന് മുമ്പിൽ ടീച്ചർ പരിചയപ്പെടുത്തി.വൃദ്ധസദനത്തിലെ സിറിയക് തോമസ് എന്ന കഥാപാത്രം നൽകുന്ന പോസിറ്റീവ് എനർജി ചിന്തകൾ ടീച്ചർ അനുസ്മരിച്ചു.



 വിദ്യാർത്ഥിയായ ആൽ‌വിൻ  പി ജോർജ്ജ് പരിചയപ്പെടുത്തിയത് രണ്ട് ഇംഗ്ലീഷ് കൃതികളായിരുന്നു.’അയാം നുജൂദ് ഡൈവോർസ്‌ഡ് അറ്റ് ടെൻ’ എന്ന കൃതിയും ‘അയാം മലാല’ എന്ന കൃതിയും.കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ വിശദീകരിക്കുന്ന ഈ രണ്ട് കൃതികളും എല്ലാവരും വായിക്കണം എന്നും ആൽ‌വിൻ നിർദ്ദേശിച്ചു.


അടുത്ത ഒത്തുചേരലിന് കാർമ്മികത്വം വഹിക്കേണ്ടവരുടെ സാധ്യതാലിസ്റ്റ് യോഗത്തിൽ ചർച്ച ചെയ്തു.നിർദ്ദേശിക്കപ്പെട്ട വ്യക്തികളുമായി ബന്ധപ്പെടാൻ നിർദ്ദേശം വച്ചവരെത്തന്നെ ചുമതലപ്പെടുത്തി.കൂടുതൽ സമയം കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാനായി അവലംബിക്കേണ്ട പുതിയ മാർഗ്ഗങ്ങളും യോഗത്തിൽ ആരാഞ്ഞു. ചർച്ചകൾ ക്രോഡീകരിച്ച് സഫറുല്ല മാസ്റ്റർ സമാപനപ്രസംഗം നടത്തി.

Wednesday, November 19, 2014

ആ അഭിമാന മുഹൂർത്തത്തിന് ഒരു വയസ്....

പ്രിയപ്പെട്ടവരേ....

ഇന്ന് നവംബർ 19.കഴിഞ്ഞ വർഷം ഇതേ ദിവസം ഉച്ചക്ക് 12 മണിക്കായിരുന്നു എന്റെ ജീവിതത്തിലെ ആ അഭിമാന മുഹൂർത്തം.ഇന്ത്യയിലെ ഏറ്റവും മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള ഇന്ദിരാഗാന്ധി ദേശീയ അവാർഡ് ന്യൂഡൽഹിയിൽ രാഷ്ട്രപതി ഭവനിൽ വച്ച് രാഷ്ട്രപതി ശ്രീ.പ്രണബ് മുഖർജിയിൽ നിന്നും ഏറ്റുവാങ്ങിയ നിമിഷം.

ഏറെ അഭിമാനത്തോടെ സന്തോഷത്തോടെ ഇന്ന് വീണ്ടും ആ നിമിഷങ്ങൾ സ്മരിക്കുന്നു.




പിറ്റേ ദിവസത്തെ മാതൃഭൂമി ദിനപത്രത്തിന്റെ ഡൽഹി എഡിഷൻ. 

Tuesday, November 18, 2014

ബാക്ക് ടു കേരള (ആദ്യ വിമാനയാത്ര – 16)


ഡെൽഹിയിൽ നിന്ന് ആഗ്ര വരെയും തിരിച്ചുമുള്ള ബസ് യാത്രയും നട്ടുച്ചക്കുള്ള ആഗ്രയിലെ കറക്കങ്ങളും പലരേയും വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു.പക്ഷേ റിട്ടേൺ വിമാനത്തിന്റെ അന്തമില്ലാത്ത സമയം ആലോചിച്ചപ്പോൾ ആർക്കും ഉറക്കം വന്നില്ല. രാത്രി വളരെ വൈകി ഞങ്ങൾ റൂമിൽ തിരിച്ചെത്തി.

പിറ്റേന്ന് രാവിലെ നാല് മണിക്കുള്ള വിമാനത്തിൽ ആയിരുന്നു ഞങ്ങളുടെ ടിക്കറ്റ്.അതിനാൽ തന്നെ ഉറക്കം എന്റെ കണ്ണിൽ ഊഞ്ഞാൽ കെട്ടിയില്ല.എന്നാൽ ചിലർ കൂർക്കം വലിച്ചുറങ്ങിയപ്പോൾ ഇവരൊന്നും നാട്ടിലേക്ക് പോരുന്നില്ലേ എന്ന സംശയം ഉടലെടുത്തു.അപ്പോഴാണ് മടക്കം രണ്ട് വിമാനങ്ങളിലായിട്ടാണെന്ന് മനസ്സിലായത്.

ഹോട്ടൽ മുറിയിൽ നിന്നും ഡെൽഹി വിമാനത്താവളത്തിൽ എത്താൻ വേണ്ടി ഞങ്ങൾ നേരത്തെ ഒരു വാഹനം ഏർപ്പാട് ചെയ്തിരുന്നു.അർദ്ധരാത്രി കൃത്യം 3 മണിക്ക് തന്നെ, തണുപ്പിൽ മരവിച്ച് കിടന്ന ഇന്ദ്രപ്രസ്ഥവീഥിയിലൂടെ ഞങ്ങളേയും വഹിച്ച് ഒരു മാരുതി ഒംനി വാൻ വിമാനത്താവളം ലക്ഷ്യമാക്കി കുതിക്കാൻ തുടങ്ങി.റോഡ് വിജനമായിരുന്നതിനാൽ പഹാർഗഞിൽ നിന്നും എയർപോർട്ടിൽ എത്താൻ അര മണിക്കൂർ സമയം മാത്രമേ ആവശ്യമായി വന്നുള്ളൂ.ഞാനും നിസാം സാറും സുരേഷ് സാറും മൂന്ന് വനിതാ രത്നങ്ങളും അടങ്ങുന്നതായിരുന്നു ആദ്യ റിട്ടേൺ സംഘം.

ടേക് ഓഫിന് ഇനിയും സമയം ബാക്കിയുള്ളതിനാൽ നിസ്സാം സാറും ഞാനും ലോബിക്കുള്ളിൽ തന്നെ ഒന്ന് നടന്നു നോക്കാൻ തീരുമാനിച്ചു.തണുപ്പ് ഞങ്ങളെ അടിമുടി വിറപ്പിച്ചിരുന്നതിനാൽ ‘ഹോട്ട്’‘ എന്തെങ്കിലും കഴിക്കണം എന്ന കലശലായ ആഗ്രഹം എന്നിൽ ഉടലെടുത്തു. കൃത്യ സമയത്ത് തന്നെ നിസാം സാർക്കും അങ്ങനെ തോന്നിയതിനാൽ തൊട്ടടുത്ത് കണ്ട ഒരു കോഫി ഷോപ്പിലേക്ക് ഞങ്ങൾ കയറി.

“അരെ ഭായ്...ദൊ കോഫീ....” നിസാം സാർ ഡെൽഹിയിലെ അവസാനത്തെ ഹിന്ദി പ്രയോഗം നടത്തി. അല്പ സമയം കഴിഞ്ഞ് സാമാന്യം നല്ല വലിപ്പമുള്ള ഒരു പേപ്പർ കപ്പിൽ നിറയെ കോഫീ മുന്നിലെത്തി.നല്ല തണുപ്പ് അനുഭവപ്പെട്ടിരുന്നതിനാൽ കോഫിയിൽ നിന്നും പറക്കുന്ന ആവി മുഴുവൻ കൈ വച്ചും മൂക്കിലൂടെയും ഞങ്ങൾ അകത്താക്കി.ഏതോ ഒരു അമേരിക്കൻ കമ്പനിയുടെതാണെന്ന് ഈ കോഫി എന്ന് നിസാം സാർ പറഞ്ഞു.ഞാൻ അത് മൂളിക്കേട്ട് കോഫി മെല്ലെ മെല്ലെ നുണഞ്ഞ് കുടിച്ചു.എന്തോ കാരണത്താൽ കോഫിയുടെ കൂടെ മറ്റൊന്നും വാങ്ങാൻ ഞങ്ങൾക്ക് തോന്നിയില്ല.മറ്റൊന്നും വേണ്ട എന്ന് പറഞ്ഞതോടെ തന്നെ ബിൽ കിട്ടി – 180 രൂപ!!

“ദൊ കോഫി കെലിയെ എക് സൌ അസ്സി?” ചുടുകാപ്പിക്ക് ശേഷം വന്ന ബില്ലും കൂടി എന്റെ രക്തം തിളപ്പിച്ചതിനാൽ ഞാൻ ചോദിച്ചു.

“ഹാം സാബ്...” തണുത്ത് മരവിച്ച ഷോപ്കീപ്പറുടെ മറുപടി എന്നെയും തണുപ്പിച്ചു.

കാശ് കൊടുത്ത് പുറത്തിറങ്ങിയപ്പോഴാണ് കൂടെയുള്ള മൂന്ന് നാരികൾ അങ്ങോട്ട് വരുന്നത് കണ്ടത്. “കയറേണ്ട മക്കളേ...ഒരു കോഫിക്ക് നൂറ് രൂപയാ വില...” അവരെ കണ്ട പാടേ നിസാം സാർ പറഞ്ഞു. കോഫീ മോഹം തൽക്കാലം അടക്കി അവർ തിരിഞ്ഞ് നടന്നു.

കൃത്യ സമയത്ത് തന്നെ ഞങ്ങൾ വിമാനത്തിൽ കയറി. മുംബൈ വഴിയുള്ള വിമാനമായിരുന്നതിനാൽ അല്പനേരം മുംബൈ വിമാനത്താവളത്തിൽ ‘വെയ്റ്റിംഗ് ‘ ഉണ്ടായിരുന്നു (അന്ന് അജ്മൽ കസബിനെ തൂക്കിക്കൊന്ന ദിവസമായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്).പറഞ്ഞ സമയത്ത് തന്നെ ഞങ്ങളേയും വഹിച്ച് സ്പൈസ്ജെറ്റ് വിമാനം നെടുംബാശ്ശേരിയിൽ ലാന്റ് ചെയ്തു. ഒരു മണിക്കൂർ വ്യത്യാസത്തിൽ ബാക്കിയുള്ളവർ കൂടി എത്തിയതോടെ ഞങ്ങൾ എല്ലാവരും ചേർന്ന് പുറത്തേക്കിറങ്ങി.എറണാകുളം ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള എൻ.എസ്.എസ് വളണ്ടിയർമാരുടെ ഊഷ്മള സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ഞങ്ങൾ ഓരോരുത്തരായി പല വഴിയെ പിരിഞ്ഞു.




അങ്ങനെ രണ്ടര ദിവസത്തെ(!!) സംഭവബഹുലമായ ഡെൽഹിയാത്രക്കും വിരാമമായി.

(അവസാനിച്ചു)

ഈ യാത്ര നടന്നിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു.തുടക്കം മുതലുള്ള ‘കഥ ‘ ഓരോ അദ്ധ്യായങ്ങളായി താഴെ.

15.താജ്മഹലിന്റെ മുന്നിൽ....

Sunday, November 16, 2014

വിധിയുടെ ക്രൂരതകൾ...

ഒരു കല്യാണത്തിൽ പങ്കെടുക്കാനാണ് ,എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഞാൻ പഠിച്ച സുബുലുസ്സലാം ഹയർസെക്കണ്ടറി സ്കൂൾ (അതേ, തോണി അപകടത്തിൽ എട്ട് കുട്ടികൾ നഷ്ടപ്പെട്ട അതേ സ്കൂൾ തന്നെ) സ്ഥിതി ചെയ്യുന്ന ഊർങ്ങാട്ടിരി പഞ്ചായത്തിലെ തച്ചണ്ണയിൽ എത്തിയത്.എൻ.എസ്.എസ് ന്റെ ഒരു അനൌദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്നതിനായി കുട്ടിക്കാട്ടൂർ എ.ഡബ്ലിയു.എച് എഞ്ചിനീയറിംഗ് കോളേജിൽ എത്തേണ്ടതിനാൽ ഭക്ഷണം കഴിച്ച് അല്പസമയത്തിനകം തന്നെ ഞാൻ വിടവാങ്ങി.

തിരിച്ച് പോരാൻ  ബസ് കാത്ത് നിൽക്കുന്നതിനിടെ ഒരു ഗുഡ്സ് ഓട്ടോ ഞാൻ നിൽക്കുന്ന സ്ഥലത്തെ ഗ്യാപിൽ ഒതുക്കി നിർത്തി.പുറത്തിറങ്ങി വന്ന കണ്ണട വച്ച ഡ്രൈവർ എന്റെ നേരെ കൈ നീട്ടി പറഞ്ഞു – “അസ്സലാമുഅലൈക്കും...ആബിദേ”

ഞാൻ പകച്ചു നിൽക്കുന്നതിനിടെ അടുത്ത ചോദ്യവും എത്തി – “അറിയോ?”

അതോടെ എന്റെ സ്ഥലകാലബോധം തിരിച്ചു കിട്ടി.ഇത് എന്റെ പഴയ സ്കൂൾ സുഹൃത്തുക്കളിൽ ഒരാളാകാനാണ്  സാധ്യത എന്നതിനാലും കല്യാണം നടക്കുന്നത് തച്ചണ്ണ ആയതിനാലും ഞാൻ ഒരു ഊഹം നടത്തി ‌– “ശൈഖ്..???”

“അതെ...ശൈഖ് മുജീബ് റഹ്മാൻ”

എട്ടാം ക്ലാസ്സിൽ ഞാൻ ചേരുമ്പോൾ എന്റെ ക്ലാസ്സിൽ തച്ചണ്ണയിൽ നിന്ന് ഉണ്ടായിരുന്ന   ത്രിമൂർത്തികളായിരുന്നു -  ശൈഖ് മുജീബ് റഹ്മാൻ, അൻ‌വർ സാദത്ത്,ഷാജഹാൻ എന്നിവർ. പേര് സൂചിപ്പിക്കും പോലെ അത്ര വലിയകൊമ്പന്മാർ ആയിരുന്നില്ല ഈ മൂ‍വ്വർസംഘം.ഇതിൽ അൻ‌വറിനെ പലപ്പോഴും അരീക്കോട് വച്ച് കാണാറുണ്ടായിരുന്നതിനാൽ ആഗതൻ മുജീബോ ഷാജഹാനോ എന്നതിലേ സംശയം തോന്നിയുള്ളൂ.ആഗതന്റെ ഇരുനിറം പണ്ടത്തെ മുജീബിന്റേയും എന്റേയും ട്രേഡ്മാർക്ക് ആയിരുന്നതിനാലും ഷാജഹാൻ അന്നേ വെളുത്ത് തടിച്ച പ്രകൃതക്കാരനായതിനാലും പിന്നെ ആളെ ഉറപ്പിക്കാൻ എനിക്ക് സമയം പാഴാക്കേണ്ടി വന്നില്ല.

സംസാരത്തിനിടക്ക് ഞാൻ ഷാജഹാനെപ്പറ്റി വെറുതേ ഒന്ന് തിരക്കി.ഉടൻ ഷൈഖിന്റെ മുഖം വാടി.അവൻ മെല്ലെ പറഞ്ഞു. – “ഷാജഹാൻ മരിച്ചു!!!“

“ങേ!!എവിടെ വച്ച്?”

“അവൻ ഗൾഫിലായിരുന്നു...അവ്ടെ വച്ച് തന്നെ ഹൃദയസ്തംഭനം ഉണ്ടായി..”

“കുറെ ആയോ ?”

“ഒരു അഞ്ചാറ് വർഷം കഴിഞ്ഞിരിക്കും....”


എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല.ക്ലാസ്സ് ലീഡറായിരുന്ന ഷാജഹാന്റെ ശബ്ദം ഇപ്പോഴും എന്റെ മനസ്സിൽ അലയടിക്കുന്നു.വർഷങ്ങൾക്ക് ശേഷം ഒരു പഴയ സുഹൃത്തിനെ കിട്ടിയപ്പോൾ മറ്റൊരു സുഹൃത്തിന്റെ വിയോഗവാർത്ത എന്നെ ഏറെ ദു:ഖിതനാക്കി.ഈ ലോകത്ത് ആരും നശ്വരല്ല എന്നതിനാൽ വിധിയുടെ ക്രൂരതകൾ അംഗീകരിച്ച് ഞാൻ നാട്ടിലേക്ക് തിരിച്ച് കയറി.

Saturday, November 15, 2014

വർഷം 16 ...


ജീവിതത്തിലെ ചില വഴിത്തിരിവുകൾ സംഭവിക്കുന്നത് ചില ടേണിംഗ് പോയിന്റുകളിൽ ആയിരിക്കും എന്ന് ശ്രീ.ജഗതി ശ്രീകുമാർ ഒരു പക്ഷേ ഏതെങ്കിലും സിനിമയിൽ പറഞ്ഞിരിക്കാൻ സാധ്യതയുണ്ട്.ഇല്ലെങ്കിൽ ഈ ഡയലോഗിന്റെ പേരന്റ് (പേറ്റന്റ് അല്ല,രക്ഷാകർതൃത്വം) എനിക്ക് തന്നേക്കുക.

അങ്ങനെ സംഭവിച്ച ഒരു വഴിത്തിരിവിന്റെ 17ആം വാർഷികദിനമാണ് ഇന്ന്. എന്റെ ജീവിതത്തിന്റെ ഭാഗമാകാൻ മമ്പാട്ടുകാരി ലുബ്ന എത്തിയിട്ട് ഇന്നേക്ക് 16 വർഷം തികഞ്ഞു.മുറ്റത്ത് ഒരു പ്ലാവ് നട്ട് ഞങ്ങൾ ഈ ദിനം ആചരിച്ചു.

2013ൽ വിവാഹത്തിന്റെ 16-ആം വാർഷികം നടന്നത് ,ലോകചരിത്രത്തിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള അനശ്വരപ്രേമത്തിന്റെ സ്മൃതികുടീരമായ താജ്മഹലിന് മുമ്പിലായിരുന്നു എന്നത് വെറും യാദൃശ്ചികം മാത്രം!



ഈ വാർഷികദിനത്തിൽ മക്കളുടെ വകയായുള്ള വിവാഹസമ്മാനവും ഞങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നു.കൊടിയത്തൂർ വാദിറഹ്മ ഇംഗ്ലീഷ് സ്കൂളിൽ പഠിക്കുന്ന ഐഷനൌറ എന്ന ലുലുമോൾക്ക് ,വിദ്യാ കൌൺസിൽ കാസർകോട് പടന്നയിൽ വച്ച് നടത്തിയ സംസ്ഥാന ഇംഗ്ലീഷ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.രണ്ടാമത്തെ മകൾ ആതിഫ ജും‌ലക്ക് അരീക്കോട് സബ്ജില്ലാ വിദ്യാരംഗം കലോത്സവത്തിൽ യു.പി വിഭാഗം കൊളാഷ് മത്സരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.മൂന്നാമത്തെ മകൾ ജ്യേഷ്ടത്തിമാരുടെ പാത പിന്തുടർന്നു കൊണ്ട് എൽ.കെ.ജി മത്സര അരങ്ങേറ്റം കുറിക്കുകയും ചെയ്തു.


അൽഹംദുലില്ലാഹ് (ദൈവത്തിന് സ്തുതി)...മൂന്ന് സിസേറിയൻ ഉണ്ടാക്കിയ മുറിവുകൾ അല്ലാതെ, ഭാര്യയെ മുറിവേൽ‌പ്പിക്കേണ്ട ഒരു സ്ഥിതിവിശേഷം എനിക്കോ എന്നെ മുറിവേൽ‌പ്പിക്കേണ്ട ഒരു സ്ഥിതിവിശേഷം ഭാര്യക്കോ ഉണ്ടായിട്ടില്ല. മാതാപിതാക്കളെ ജീവന് തുല്യം സ്നേഹിച്ച ബീഹാറിലെ റിക്ഷക്കാരന്റെ മകൻ ഇർഫാൻ ആലം എന്ന ഐ ഐ എം ടോപ്പറുടെ ജീവിതകഥ  കുടുംബത്തിൽ പങ്കുവച്ച് ഈ ദിനം വീണ്ടും ധന്യമാക്കിയ സന്തോഷത്തിൽ ഇനി ഞാൻ ഉറങ്ങട്ടെ... 

Sunday, November 09, 2014

താജ്മഹലിന്റെ മുന്നിൽ....(ആദ്യ വിമാനയാത്ര - 15)


താജ്മഹലിന്റെ അടുത്ത്  ബസ് പാർക്കിംഗ് ഏരിയയിൽ ഞങ്ങളുടെ ബസും എത്തി.എല്ലാവരും ബസ്സിൽ നിന്നിറങ്ങി.പാർക്കിംഗ് ഏരിയയിൽ നിന്ന് താജ് ഗേറ്റിലേക്ക് കുറച്ചധികം ദൂരമുണ്ട് .മുമ്പ് രണ്ട് തവണ വന്നപ്പോഴും നേരെ ഗേറ്റിൽ എത്തിയതായിട്ടായിരുന്നു ഓർമ്മ.അപ്പോൾ താജ് കുറേ പിന്നോട്ട് നീങ്ങി എന്ന് സാരം.വാസ്കോഡഗാമ കപ്പലിറങ്ങിയ സ്ഥലം എന്ന് കാപ്പാ‍ട് കടപ്പുറത്ത് രേഖപ്പെടുത്തിയ സ്ഥലവും കടലും തമ്മിൽ ഏകദേശം അരക്കിലോമീറ്റർ ദൂരമുള്ള പോലെ ഇവിടേയും എന്തോ സംഭവിച്ചിരിക്കാം.

താജിനടുത്തേക്ക് യാ‍ത്രക്കാരെ എത്തിക്കാൻ പലതരം വാഹനങ്ങൾ കാത്ത് നിൽ‌പ്പുണ്ട്.അഞ്ചോ ആറോ പേർക്ക് കയറാവുന്ന പെട്ടി ഓട്ടോകളും കുതിരവണ്ടികളും (കാശ് എത്ര വാങ്ങും എന്നറിയില്ല) നിരനിരയായി നിർത്തിയിട്ടിരുന്നു.



ആഗ്ര ഡവലപ്മെന്റ് അതോറിറ്റിയുടെ ശബ്ദമില്ലാത്ത ഒരു വാഹനം ഇടക്കിടെ ധാരാളം പേരെ കയറ്റിക്കൊണ്ട് പോകുന്നതും കണ്ടു.വെറും പത്ത് രൂപ മാത്രം ഈടാക്കുന്നതിനാൽ അതിൽ നല്ല തിരക്കും ഉണ്ടായിരുന്നു.സൌരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളായിരുന്നു അവ.അത്തരം ഒന്നിൽ ഞങ്ങൾ എല്ലാവരും കയറി.



താജ് ഗേറ്റിൽ നല്ല തിരക്കായിരുന്നെങ്കിലും ജമാൽ ക ദോസ്ത് പോലെ പണിക്കേഴ്സ് ട്രാവത്സ് എന്ന ലേബൽ അവിടേയും ഞങ്ങളുടെ രക്ഷക്കെത്തി.ചെങ്കല്ല് കൊണ്ടുണ്ടാക്കിയ താജ് ഗേറ്റും അനുബന്ധ കെട്ടിടങ്ങളും മുഗൾ കാലഘട്ടത്തിലെ ശില്പചാതുരി വിളിച്ചോതി.

ബി.എസ്.സി ഫിസിക്സ് ഡിഗ്രി പരീക്ഷ എഴുതിയ ശേഷം അലീഗർ സർവ്വകലാശാലയിൽ പി.ജി പ്രവേശനത്തിനായുള്ള പരീക്ഷ എഴുതാൻ ചില സുഹൃത്തുക്കൾക്കൊപ്പം പോയപ്പോഴാണ് താജ്മഹൽ ആദ്യമായി സന്ദർശിച്ചത്.പ്രീഡിഗ്രിക്ക് എന്റെ റൂം മേറ്റ് ആയിരുന്ന അഷ്‌റഫ് ഡിഗ്രിക്ക് പഠിക്കുമ്പോൾ കൊടൈക്കനാലിൽ ടൂർ പോയപ്പോൾ ഒരു കാർഡിൽ “ഈ കത്തെഴുതുന്നത് കൊടൈക്കനാലിൽ നിന്ന്” എന്ന് എഴുതി വിട്ടതിന് ‘പ്രതികാരം’ എന്ന നിലയിൽ ആദ്യ താജ് സന്ദർശന വേളയിൽ ഞാൻ അവനും ഒരു കാർഡ് എഴുതി ‘ഇത് എഴുതുന്നത് ലോകാൽഭുതങ്ങളിൽ ഒന്നായ താജ്മഹലിന്റെ മുമ്പിൽ നിന്ന്’ !അന്ന് ആ കാർഡ് പോസ്റ്റ് ചെയ്ത പോസ്റ്റ് ബോക്സ് അതേ സ്ഥാനത്ത് ഇന്നും നിലനിൽക്കുന്നത് കണ്ടപ്പോൾ ഓർമ്മ പഥത്തിലൂടെ സുനാമികൾ അനവധി കടന്നുപോയി.

ദൂരെ, താജ്മഹൽ എന്ന വെണ്ണക്കല്ലിലെ കാവ്യശില്പം ഞങ്ങൾക്ക് മുമ്പിൽ ദൃശ്യമായി.



സന്ദർശകരെ അവിടെയും ഇവിടെയും എല്ലാം നിർത്തി കൈ പൊക്കിയും താഴ്ത്തിയും മറ്റും എല്ലാം ഫോട്ടോഗ്രാഫർമാർ പടം പിടിക്കുന്നത് കണ്ട് അഫ്നാസ് പറഞ്ഞു –
“കക്ഷം കാട്ട്യാണോ ഫോട്ടോക്ക് പോസ് ചെയ്യുന്നത്?”

“കക്ഷം കാണിക്കുന്നതല്ല, അവർ താജ്മഹലിന്റെ ടിപ്പിൽ ടച്ച് ചെയ്യുകയാണ്...” ഞാൻ അഫ്നാസിന് മനസ്സിലാക്കിക്കൊടുത്തു.

“ഓ..മുംതാസ് മഹലിന്റെ ടിപ്പിൽ ഒരു ടച്ച്...നടക്കട്ടെ.... നടക്കട്ടെ....“ ചിരിച്ചുകൊണ്ട് അഫ്നാസ് പറഞ്ഞു.

“താജ് ക അന്തർ ജാനെ കൊ സബ് ജൂത ബാഹർ രഖ്ന ഹെ.ലേകിൻ ആപ് സബ്കൊ എക് സഫേദിജേബ് ദിയ ഹെ...വഹ് ജൂത കെ ഊപർ പഹൻ‌കർ ആപ് അന്തർ ചലേം....” ഞങ്ങളുടെ ഗൈഡ് പറഞ്ഞു.

“സാറെ...ജൂതന്മാർക്ക് പ്രവേശനം ഇല്ല എന്നാണോ പറഞ്ഞത്?” അഫ്നാസ് സംശയമുയർത്തി.

“അകത്ത് കയറാൻ ഉറ ഇടണം എന്ന്...” ഷാജഹാൻ സാർ പറഞ്ഞു.

“ഉറയോ?”

“കാലിലിടാൻ ഒരു ഉറ തന്നില്ലേ, അതു തന്നെ....ഇതാ ഇങ്ങനെ അങ്ങ് കയറ്റുക..” ഷാജഹാൻ സാർ ഡെമോ കാണിച്ചതും ഉറയുടെ മുൻഭാഗം തുളഞ്ഞ് കാൽ പുറത്ത് വന്നതും ഒരുമിച്ചായിരുന്നു.

‘എല്ലാ ഉറയും ഇങ്ങനെത്തന്നെയാ...’ ആരുടെയോ ആത്മഗതം പുറത്തുചാടി.ബസ്സിൽ നിന്നും തന്ന വെള്ള കാലുറ ഷൂവിനും ചെരിപ്പിനും മുകളിൽ ഞങ്ങൾ കുത്തിക്കയറ്റി.മിക്കവാറും എല്ലാവരുടേയും  അവസ്ഥ ഷാജഹാൻ സാറിന്റെ ഡെമോ പോലെ തന്നെയായി.

വലതുഭാഗത്തെ ഒരു ചുവന്ന കെട്ടിടത്തിലേക്കായിരുന്നു(പേരറിയില്ല) ആദ്യം കയറിച്ചെന്നത്.





ശേഷം താജിന്റെ പിൻഭാഗത്തെത്തി.ശാന്തമായി ഒഴുകുന്ന യമുന, താജിനോട് പറയുന്ന കിന്നാരങ്ങൾ പതിയിരുന്ന് കേൾക്കുന്ന ഷാജഹാൻ ചക്രവർത്തിയെപറ്റിയാണ് ഞാൻ അപ്പോൾ ചിന്തിച്ചത്. ടൂറിസത്തിന്റെ ഉപോല്പന്നമായ മലിനീകരണവും ആ മാലിന്യക്കൂമ്പാരത്തിൽ എന്തോ തിരയുന്ന രണ്ട് പിഞ്ചു ബാലന്മാരും എന്നെ ആ ചിന്തയിൽ നിന്ന് പെട്ടെന്ന് തന്നെ മുക്തനാക്കി. താജിന്റെ ഇടതുഭാഗത്തുള്ള പള്ളിയിൽ കയറി ഞാൻ ളുഹറൂം അസറും നമസ്കരിച്ചു.




ഈ കാഴ്ചകൾക്ക് ശേഷം എല്ലാവരും താജ്മഹലിനകത്തേക്ക് പ്രവേശിച്ചു.പരിശുദ്ധ ഖുർ‌ആനിലെ സൂക്തങ്ങൾ മുഴുവനായി ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് പറയപ്പെടുന്നതിനാൽ ഞാൻ താജിന്റെ ചുമരുകളും മേൽക്കൂരയും എല്ലാം പ്രത്യേകം ശ്രദ്ധിച്ചു.അകത്ത് ഹെക്സഗൺ പോലെയുള്ള മറക്കകത്ത് മുംതാസ് രാജ്ഞിയുടേയും ഷാജഹാൻ ചക്രവർത്തിയുടേയും ഖബറിടങ്ങൾ സംരക്ഷിച്ചിരുന്നു.അവിടേയും കാശ് എറിയുന്ന ചിലരെ കണ്ടു.തിരക്ക് കാരണം അതിനകത്ത് അധികനേരം ഞങ്ങൾ തങ്ങിയില്ല.പുറത്തിറങ്ങി താജിന്റെ പുറം ഭാഗങ്ങളും കണ്ട ശേഷം ഞങ്ങൾ താജ്മഹലിനോട് വിട പറഞ്ഞു.





തിരിച്ച് ബസ്സിൽ കയറുമ്പോൾ ആകാശത്ത് ഇരുൾ മൂടിത്തുടങ്ങിയിരുന്നു.ഡൽഹിയിൽ എത്തി അല്പ സമയത്തിനകം തന്നെ വിമാനം കയറണം എന്നതിനാൽ ഈ യാത്രയിൽ കിട്ടുന്ന ഉറക്കിനായി ഞങ്ങൾ കാത്തിരുന്നു.


(തുടരും...)