Pages

Showing posts with label അച്ചടിമഷി പുരണ്ടത്. Show all posts
Showing posts with label അച്ചടിമഷി പുരണ്ടത്. Show all posts

Wednesday, December 21, 2016

പ്രതിജ്ഞകള്‍ പ്രതികളാകുന്നോ?


        ഡിസംബര്‍ പിറന്ന ശേഷം 15 ദിവസം പിന്നിടും മുമ്പ് മൂന്ന് പ്രതിജ്ഞകളാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ജോലിക്കാരനും  കോളേജില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ പ്രോഗ്രാം ഓഫീസറുമായ എനിക്ക് എടുക്കേണ്ടി വന്നത്. ഡിസമ്പര്‍ ഒന്നിന് ലോക എയ്‌ഡ്‌സ് ദിനത്തോടനുബന്ധിച്ച് ആയിരുന്നു ഗവന്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം ഈ മാസത്തെ ആദ്യ് പ്രതിജ്ഞ.കൃത്യം ഒരാഴ്ച കഴിഞ്ഞ് ഡിസമ്പര്‍ എട്ടിന് കേരള സര്‍ക്കാരിന്റെ നവകേരള മിഷനോടനുബന്ധിച്ചുള ഹരിത കേരളം പദ്ധതിയുടെ ഉത്ഘാടന ദിവസവും ഒരു പ്രതിജ്ഞ തയ്യാറാക്കുകയും ജീവനക്കാരും വിദ്യാര്‍ത്ഥികളും അതേറ്റ് ചൊല്ലുകയും ചെയ്തു. ഡിസമ്പര്‍ 14ന് ഊര്‍ജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ചും പ്രതിജ്ഞ എടുത്തു.

         പ്രതിജ്ഞ എടുക്കുന്നതില്‍ തെറ്റൊന്നും ഇല്ല. മേല്‍ പറഞ്ഞ മൂന്ന് അവസരങ്ങളിലും എടുത്ത പ്രതിജ്ഞ ജീവിതത്തില്‍ പാലിക്കപ്പെട്ടാല്‍ വളരെ നല്ലതു തന്നെ. പക്ഷെ മുകളില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കുന്നതിനനുസരിച്ച് എടുക്കുന്ന പ്രതിജ്ഞകള്‍ക്ക് എത്രമാത്രം ജീവന്‍ ഉണ്ടാകും എന്നതില്‍ സംശയമുണ്ട്.
         
         അടിച്ചേല്‍പ്പിക്കുന്ന പ്രതിജ്ഞാ ചടങ്ങുകള്‍ക്ക് പകരം അതിന്റെ കാമ്പ് ജീവിതത്തില്‍ പകര്‍ത്താനു സന്ദേശങ്ങള്‍ നല്‍കുന്നതായിരിക്കും കൂടുതല്‍ മഹത്തരം.ഉദാഹരണത്തിന് എയ്‌ഡ്‌സ് ദിനത്തില്‍ പ്രതിജ്ഞ ചൊല്ലുന്നതിന് പകരം അവര്‍ക്കായി ഇതുവരെ ഓരോരുത്തരും ചെയ്ത സേവനങ്ങളെപ്പറ്റി ഒരു ചോദ്യാവലി നല്‍കാമായിരുന്നു.അതിലൂടെ ഒരു സ്വയം തിരിച്ചറിവെങ്കിലും സൃഷ്ടിക്കാം. ഹരിതകേരളം പ്രതിജ്ഞക്കപ്പുറം പ്രവര്‍ത്തനങ്ങളാണ് വേണ്ടത്.അന്ന് എടുത്ത പ്രതിജ്ഞയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്തും ജൈവ പച്ചക്കറി രംഗത്തും ജല സംരക്ഷണ രംഗത്തും ഒരാഴ്ചകൊണ്ട് എന്ത് ചെയ്തു എന്ന് ഒരു റിപ്പോര്‍ട്ട് ചോദിച്ചാല്‍ പലരും മേലോട്ട് നോക്കും.ഊര്‍ജ്ജ സംരക്ഷണ രംഗത്തും മലയാളിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിജ്ഞക്കപ്പുറം എവിടെയും എത്തുന്നില്ല എന്നതാണ് സത്യം.

        കോളേജില് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കാണ് ഇത്തരം എല്ലാ ചടങ്ങുകളുടെയും ചാര്‍ജ്ജ് നല്‍കുന്നത്. എല്ലാ ആഴ്ചയും പ്രതിജ്ഞ എടുക്കുന്നതിന് ആള്‍ക്കാരെ സംഘടിപ്പിക്കുന്നതിലെ ബുദ്ധിമുട്ടും കേള്‍ക്കേണ്ടി വരുന്ന പരിഹാസങ്ങളും ഞങ്ങള്‍ സഹിക്കുകയേ നിവൃത്തിയുളൂ. പ്രതിജ്ഞകളും നേതൃത്വം നല്‍കുന്നവരും പ്രതികളാകുന്ന അവസ്ഥ ഒഴിവാക്കിയേ തീരൂ.

(ഈ പ്രതികരണം ഇന്ന് 21/12/2016ന് മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത് താഴെ)

Wednesday, May 11, 2016

ഓര്‍മ്മ മരം

             വേനലിന്റെ കടുത്ത ചൂടിലാണ് ഇത്തവണ കേരളം തെരഞ്ഞെടുപ്പ് ചൂടും കൂടി നേരിട്ട് കൊണ്ടിരിക്കുന്നത്. ആരോപണ പ്രത്യാരോപണങ്ങളും വിമതശല്യവും അടിയൊഴുക്കുകളും കൂടിയായതോടെ പ്രധാന മുന്നണികളുടെ സ്ഥാനാര്‍ത്ഥികളും അണികളും പെടാപാട് തന്നെയാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. 
          പ്രകൃതി ഇത്ര മാത്രം വികൃതമായിട്ടും അതിന് ഒരു മറുവിധി നല്‍കാന്‍ വാക്കിലൂടെയല്ലാതെ പ്രവൃത്തിയിലൂടെ ഒരു മുന്നണിക്കും സാധ്യമായിട്ടില്ല എന്നാണ് കേരളത്തിലൂടെ സഞ്ചരിക്കുമ്പോള്‍ മനസ്സിലാകുന്നത്. ശ്രീ തോമസ് ഐസക്കും മറ്റു ചിലരും തങ്ങളുടെ മണ്ഡലങ്ങളില്‍ ശുചീകരണം നടത്തിക്കൊണ്ടും മരം നട്ടും പ്രചാരണം ആരംഭിച്ചു എന്ന് കേട്ടു. വളരെ നല്ല കാര്യം.പക്ഷേ പ്രചാരണ രംഗത്ത് നിന്ന് ഫ്ലെക്സ് ബോര്‍ഡുകളെ മാറ്റി നിര്‍ത്താന്‍ ഇതില്‍ എത്ര പേര്‍ക്ക് സാധിച്ചു എന്ന് ചോദിച്ചാല്‍ ഒരാള്‍ക്കും പറ്റിയില്ല എന്ന് തന്നെ പറയേണ്ടി വരും.ഞാന്‍ സ്ഥിരം യാത്ര ചെയ്യുന്ന റൂട്ടിലെ ഒരു മണ്ഡലത്തില്‍ ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ മത്സരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രചാരണാര്‍ത്ഥം സ്ഥാപിച്ചതും ഫ്ലെക്സ് ബോര്‍ഡുകള്‍ തന്നെയാണ് എന്നത് ഈ വിഷയത്തില്‍ സാക്ഷര കേരളം എത്രത്തോളം ഉത്ബുദ്ധരാണ് എന്നതിന്റെ ചൂണ്ടുപലകയാണ്. 
      വോട്ടുചെയ്യുക എന്ന പൗരധര്‍മ്മത്തോടൊപ്പം മരംനട്ട് പ്രകൃതി സംരക്ഷണത്തിലും പങ്കാളിയാവുക എന്ന ഒരു നൂതന ആശയമാണ് ഇത്തവണ  വയനാട് ജില്ലയില്‍ കലക്ടറുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നത്.  'ഓര്‍മ്മ മരം' എന്ന ഈ പദ്ധതിയിലൂടെ ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നിവോട്ട് ചെയ്യുന്നവര്‍ക്കും 75 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ക്കും വീട്ടിലോ പോളിങ്ങ് സ്റ്റേഷന്‍ പരിസരത്തോ പൊതുസ്ഥലത്തോ നടുന്നതിന് രണ്ട് വൃക്ഷത്തൈകള്‍ വീതം വിതരണം ചെയ്യാന്‍ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.
     എന്നാല്‍ ഹൈറേഞ്ച് പ്രദേശമായിട്ട് പോലും അന്തരീക്ഷ താപനില സംസ്ഥാന ശരാശരിയോളം ഉയര്‍ന്നതും മഴ കുറഞ്ഞതും കുടിവെള്ളക്ഷാമവുമെല്ലാം കണക്കിലെടുത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും മരം നടാനുള്ള അവസരം ലഭിക്കുന്ന തരത്തില്‍ പദ്ധതി വിപുലമാക്കാന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ സംഘം തീരുമാനിച്ചത് വളരെയധികം അഭിനന്ദനമര്‍ഹിക്കുന്നു. അഞ്ചര ലക്ഷത്തോളം വരുന്ന ജില്ലയിലെ വോട്ടര്‍മാര്‍ രണ്ട് തൈ വീതം നടുന്നതിലൂടെ പത്ത് ലക്ഷത്തിലധികം മരങ്ങള്‍ ഈ പദ്ധതിയിലൂടെ നടാന്‍ സാധിക്കും.സാമൂഹ്യ വനവല്‍ക്കരണ വിഭാഗവുമായി സഹകരിച്ച് ആര്യവേപ്പ്, കൂവളം, മഹാഗണി, മണിമരുത്, നീര്‍മരുത്, സീതപ്പഴം, മാതളം, നെല്ലി, പൂവരശ്, മന്ദാരം, ഗുല്‍മോഹര്‍, രാജമല്ലി,   വിവിധ തരം മുളകള്‍, സീതപ്പഴം,  പ്ലാവ്, മാവ്, പേര, ഇലഞ്ഞി, ഞാവല്‍, ആല്‍, അത്തി,  സില്‍വറോക്ക് തുടങ്ങീ തൈകള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
        ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് പോളിങ്ങ് ബൂത്തുകള്‍, പൊതു സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഇത്തരത്തില്‍ 10 ലക്ഷം വൃക്ഷത്തൈകള്‍ നടാനാണ് തീരുമാനം.കൂടാതെ പോലീസുകാര്‍ അടക്കമുള്ള എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും തൈകള്‍ നല്‍കും.
         ഇക്കഴിഞ്ഞ അഞ്ചാം തീയതി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാം വട്ട പരിശീലനത്തില്‍ പങ്കെടുത്തപ്പോള്‍ തന്നെ ഞങ്ങള്‍ക്കുള്ള തൈകള്‍ ലഭിച്ചു.നെല്ലിയും പതിമുഖവും ആണ് ഞാന്‍ സ്വീകരിച്ചത്.
          നെല്ലി മരം പിറ്റേ ദിവസം തന്നെ അനിയനും എന്റെ മക്കളും കൂടി ഞങ്ങളുടെ വീട്ടുവളപ്പില്‍ നടുകയും ചെയ്തു.
വരളരുത് ഈ നാട്...വഴിമുട്ടരുത്...എല്ലാം ശരിയാക്കണം.

ഈ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍ 14/5/2016ലെ തേജസ് ദിനപത്രത്തില്‍....

Tuesday, November 10, 2015

അടുത്ത തെരഞ്ഞെടുപ്പിനെങ്കിലും....

           തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടതു മുതല്‍ കുറെ പേരെങ്കിലും അത് ഒഴിവാക്കാന്‍ വിയര്‍പ്പൊഴുക്കുന്നവരാണ്.സ്വാധീനം ഉപയോഗിച്ചും മറ്റും പലരും അവ ഒഴിവാക്കി എടുക്കുകയും ചെയ്യും.എന്നാല്‍ സര്‍വീസില്‍ ഒരു നിശ്ചിത എണ്ണം  തെരഞ്ഞെടുപ്പ് ജോലി നിര്‍വ്വഹിച്ചാല്‍ പ്രത്യേക സേവന/സാമ്പത്തിക ആനുകൂല്യങ്ങള്‍ (പേഴ്സണല്‍ പേ, ഗ്രേഡ് പേ,ഇന്‍സന്റീവ് , ഗുഡ് സര്‍വീസ് എന്‍‌ട്രി തുടങ്ങിയവ ) അനുവദിച്ചാല്‍ തെരഞ്ഞെടുപ്പ് ജോലി ചോദിച്ച് വാങ്ങുന്ന ഒരവസ്ഥയിലേക്ക് എത്താന്‍ സാധ്യതയുണ്ട്.അതല്ല എങ്കില്‍ ശമ്പളം പറ്റുന്ന സംസ്ഥാനത്തെ എല്ലാ ഉദ്യോഗസ്ഥരും (കേന്ദ്ര-സംസ്ഥാന-സ്വകാര്യ-പൊതുമേഖല ഉള്‍പ്പെടെ) സര്‍വീസ് കാലയളവില്‍ രണ്ട് തവണ വീതം എങ്കിലും പഞ്ചായത്ത്-നിയമസഭ-പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം എന്ന് ബന്ധപ്പെട്ട സര്‍വീസ് നിയമങ്ങളില്‍ നിഷ്കര്‍ഷിക്കാവുന്നതാണ്.
           1996ല്‍ സര്‍ക്കാര്‍ സേവനത്തിന് കയറിയതുമുതല്‍ ഞാന്‍ തെരഞ്ഞെടുപ്പ് ജോലിയും നിര്‍വ്വഹിച്ചു വരുന്നുണ്ട്.ഒരേ തെരഞ്ഞെടുപ്പിന് ബൂത്തിലും എണ്ണലിനും ഡ്യൂട്ടി ലഭിച്ച അവസരങ്ങളും ഉണ്ടായിട്ടുണ്ട്.ഒരു തെരഞ്ഞെടുപ്പിന് ഡ്യൂട്ടി ലഭിക്കാത്തവരെയും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവായവരെയും നിര്‍ബന്ധമായും അടുത്ത തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചാല്‍ തുടര്‍ച്ചയായി ഒരാള്‍ക്ക് തന്നെ ഡ്യൂട്ടി വരുന്ന അവസ്ഥ ഒഴിവാക്കാന്‍ സാധിക്കും.മാത്രമല്ല സ്ത്രീ സംവരണ വാര്‍ഡില്‍ പോളിംഗ് ഉദ്യോഗസ്ഥരായും പോളിംഗ് ഏജന്റുമാരായും സ്ത്രീകളെത്തന്നെ നിയോഗിക്കാവുന്നതാണ്.സ്ത്രീ സമത്വവും സംവരണവും ആവശ്യപ്പെടുന്ന കാലത്ത് ഈ ഡ്യൂട്ടിയില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല.
             ഡ്യൂട്ടിയില്‍ ഞാന്‍ അനുഭവിച്ച ഒരു പ്രശ്നം ഓപണ്‍ വോട്ട് സംബന്ധിച്ചാണ്.എഴുത്തും ചിഹ്നവും കാണിച്ച് കൊടുത്ത് കാഴ്ച പരിശോധിക്കാനേ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നിര്‍വ്വാഹമുള്ളൂ. എന്നാല്‍ ആദിവാസി മേഖലയില്‍ വായിപ്പിക്കല്‍ പ്രായോഗികമല്ല എന്നതിനാല്‍ അവര്‍ പറയുന്നത് വിശ്വസിക്കുകയേ നിര്‍വ്വാഹമുള്ളൂ.ഇതിന് ഒരു പരിഹാരം എന്ന നിലയില്‍ ഇത്തരം വോട്ടര്‍മാര്‍ ഒരു മാസത്തിനിടക്ക് ഒരു സിവില്‍ സര്‍ജ്ജനില്‍ നിന്നും വാങ്ങിയ കാഴ്ച/അവശത സംബന്ധമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിഷ്കര്‍ഷിക്കാവുന്നതാണ്.അല്ലെങ്കില്‍ ഇത്തരം വോട്ടര്‍മാര്‍ക്ക് പ്രത്യേകം ബാലറ്റില്‍ വോട്ട് രേഖപ്പെടുത്താന്‍ സൌകര്യം നല്‍കാവുന്നതാണ്.ഓപണ്‍ വോട്ടുകള്‍ക്ക് യഥാര്‍ത്ഥ വോട്ടിന്റെ മൂല്യം നല്‍കുന്നതും ഒഴിവാക്കാവുന്നതാണ്(ടെന്‍‌ണ്ടേഡ് വോട്ടിനെപ്പോലെ).
            കണ്ണൂരില്‍ ചില ബൂത്തുകളില്‍ 100 ഓപണ്‍ വോട്ടുകള്‍ വരെ രേഖപ്പെടുത്തിയതായി വായിച്ചു.17 ഓപണ്‍ വോട്ടുകള്‍  രേഖപ്പെടുത്തപ്പെട്ടപ്പോള്‍ തന്നെ അതിന്റെ നിജസ്ഥിതി അറിയാനും അവരെക്കൊണ്ട് സത്യപ്രസ്താവന തയ്യാറാക്കിക്കാനും പ്രത്യേക ഫോറത്തില്‍ ഒപ്പ് വയ്പ്പിക്കാനും ഞാന്‍ ചെലവാക്കിയ സമയവും പ്രയത്നവും എനിക്കേ അറിയൂ.അപ്പോള്‍ 100 ഓപണ്‍ വോട്ടുകള്‍ വന്ന ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍ അനുഭവിച്ച ക്ലേശങ്ങള്‍ ഊഹിക്കാവുന്നതാണ്.അവരവരുടെ ശക്തികേന്ദ്രങ്ങളില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഈ ഹീനതന്ത്രം പയറ്റും എന്നതിനാല്‍ സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പ് ജോലി നിര്‍വ്വഹിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടത് അനിവാര്യമാണ്.
             കോടികള്‍ ചെലവാക്കുന്ന ഒരു പ്രക്രിയയാണ് തെരഞ്ഞെടുപ്പ് .എന്നാല്‍ അതിന് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ഹോണറേറിയം വളരെ തുച്ഛമാണ്. 8 മണിക്കൂര്‍ ജോലിക്ക് മറുനാടന്‍ തൊഴിലാളികള്‍ക്ക് പോലും 800 രൂപ വരെ ലഭിക്കുമ്പോള്‍ ഗസറ്റഡ് ഉദ്യോഗസ്ഥരായ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് 48 മണിക്കൂര്‍ ടെന്‍ഷന്‍ നിറഞ്ഞ ജോലിക്ക് ലഭിക്കുന്നത് വെറും 1000 രൂപയും മറ്റ് പോളിം
ഗ് ഉദ്യോഗസ്ഥര്‍ക്ക് 800 രൂപയുമാണ് എന്നത് പുറത്ത് പറയാന്‍ മടിയുണ്ട്.തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യവും അടിയന്തിരമായി പുന:പരിശോധിക്കേണ്ടതുണ്ട്. 

(5/11/2015ന് ഈ കുറിപ്പ് മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ചത് താഴെ)


 (11/11/2015ന് തേജസ് ദിനപത്രത്തിലും...)




Sunday, May 03, 2015

അന്ത്യോദയ അന്നയോജന ഉപഭോക്താവ്

ഭക്ഷ്യ സുരക്ഷാ ബില്ലും ഭൂമി ഏറ്റെടുക്കൽ ബില്ലും തുടങ്ങീ ബില്ലുകളായ ബില്ലുകളെല്ലാം പ്രശ്നങ്ങൾ സൃഷ്ടിക്കുകയോ സൃഷ്ടിക്കും എന്ന് ധ്വനിപ്പിക്കുകയോ ചെയ്തു കൊണ്ടിരിക്കുന്നു. അതിനിടക്ക് നമ്മുടെ മലയാള നാട്ടിൽ റേഷൻ കാർഡ് പുതുക്കലും വോട്ടർ കാർഡ് പുതുക്കലും ആയി ഉദ്യോഗസ്ഥരും നാട്ടുകാരും തലങ്ങും വിലങ്ങും ഓടുന്നു.

എല്ലാം കണ്ട് ഈ ചിരിദിനത്തിൽ കരക്കിരുന്ന് ചിരിക്കുമ്പോഴാണ് വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു റേഷൻ കാർഡ് പുതുക്കൽ സംഭവം മിഡ്ൽ  പീസ് ആയി 2001ൽ പത്രത്തിൽ പ്രസിദ്ധീകരിച്ചത് ഓർമ്മ വന്നത്.....ചിത്രത്തിൽ ക്ലിക്കി വലുതാക്കി വായിച്ചു നോക്കൂ...

Wednesday, April 23, 2014

സിനിമാ അവാർഡ് വിവാദങ്ങൾ ഇല്ലാതാക്കാൻ….

       മലയാള ചലചിത്ര അവാർഡ് പ്രഖ്യാപനം ഇത്തവണയും പതിവുകൾ തെറ്റിച്ചില്ല – സാസ്കാരിക വകുപ്പ് മന്ത്രി ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വിവാദ പ്രസ്താവനകളും പുറത്തിറങ്ങി.ശ്രീ.സുരാജ് വെഞ്ഞാറമൂടിന് ഭരത് അവാർഡിന് പിന്നാലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാർഡും ലഭിച്ചപ്പോൾ അത് ഇരട്ടിമധുരമായി എന്ന് അദ്ദേഹവും വരട്ടിക്കരിച്ചു എന്ന് മറ്റു ചിലരും അഭിപ്രായമിറക്കി.ഭരത് സുരാജിനെ അവാർഡ് നിർണ്ണയ ജൂറി അവഹേളിച്ചു എന്ന ആദ്യ വെടി പൊട്ടിയത് അദ്ദേഹത്തെ അതിനർഹനാക്കിയ “പേരറിയാത്തവർ” എന്ന സിനിമയുടെ സംവിധായകൻ ഡോ.ബിജുവിൽ നിന്ന് തന്നെയാണ്.

    ഏതായാലും കഴുതയായ പൊതുജനത്തിന് ഇരുകൂട്ടരോടും ചോദിക്കാൻ നിരവധി ചോദ്യങ്ങളുണ്ട്.ദേശീയ അവാർഡ് ജൂറിയും സംസ്ഥാന അവാർഡ് ജൂറിയും വ്യത്യസ്തമാണെന്ന് ഡോ.ബിജുവിന് അറിയാതിരിക്കാൻ വഴിയില്ല.സ്വാഭാവികമായും രണ്ടിന്റേയും തീരുമാനങ്ങൾ വ്യത്യസ്തമാകാനുള്ള സാധ്യതയും വളരെക്കൂടുതലാണ്.അപ്പോൾ താങ്കളുടെ പ്രസ്താവനയിലൂടെ അപഹാസ്യമാക്കപ്പെടുന്നത് താങ്കൾ സ്വയവും അവഹേളിക്കപ്പെടുന്നത് ശ്രീ.ഭരത് സുരാജുമാണ്. ദേശീയ അവാർഡ് ജേതാവിന് തന്നെ സംസ്ഥാന അവാർഡും നൽകണം എന്ന് അവാർഡ് നിയമാവലിയിൽ എവിടെയും പറയുന്നില്ല.നേരത്തെ പ്രഖ്യാപിച്ച ദേശീയ അവാർഡ് സംസ്ഥാന അവാർഡ് ജൂറിയെ ഒട്ടും സ്വാധീനിച്ചില്ല എന്ന നല്ല സൂചനയാണ് ഒരു തരത്തിൽ ഈ അവാർഡ് പ്രഖ്യാപനം നൽകിയത്.

      എന്നാൽ സംസ്ഥാന അവാർഡ് ജൂറി തീരുമാനങ്ങൾ മുഴുവൻ കുറ്റമറ്റതാണ് എന്ന് എനിക്കഭിപ്രായമില്ല. മികച്ച ചിത്രം തെരഞ്ഞെടുക്കപ്പെടുന്നത് ഏത് മാനദണ്ഡം അനുസരിച്ചാണ് എന്നത് മലേഷ്യൻ വിമാനം കണക്കെ അഞാതമാണ്. മികച്ച ചിത്രം ഒരുക്കിയ സംവിധായകൻ തന്നെ ആയിരിക്കണം മികച്ച സംവിധായകൻ എന്ന് പൊതുജനം ധരിച്ചാൽ അവരെ കുറ്റം പറയാൻ ഒക്കില്ല.ഇത്തവണ കെ.ജി ക്ലാസ്സുകളിൽ സമ്മാനം നൽകുന്ന പോലെ എല്ലാവർക്കും നൽകുന്ന രൂപത്തിലായി പോയി മേൽ അവാർഡുകൾ.മികച്ച ചിത്രം ഒന്ന്, സംവിധായകൻ വേറെ.അപ്പോൾ ജൂറിയിൽ ചില താല്പര്യങ്ങൾ കടന്നു കൂടിയോ എന്ന് ന്യായമായും സംശയം ഉയർന്നേക്കാം.

      അവാർഡും വിവാദങ്ങളും കൂടെപ്പിറപ്പായതിനാൽ വിവാദങ്ങൾ ഒഴിവാക്കാനുള്ള ചില ലളിതമായ രീതികൾ കൂടി പങ്കു വയ്ക്കട്ടെ.തീർച്ചയായും അവാർഡ് നിർണ്ണയം സുതാര്യമാക്കുന്ന കൂട്ടത്തിൽ വരും വർഷങ്ങളിൽ ഇവയും പരീക്ഷിക്കാവുന്നതാണ്.

1.            1.  അവാർഡുകളുടെ എണ്ണം പരിമിതപ്പെടുത്തി അപേക്ഷകർക്കെല്ലാം പ്രോത്സാഹന അവാർഡ് ഏർപ്പെടുത്തുക!(പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ടാണല്ലോ വിവാദങ്ങൾ ഉണ്ടാകുന്നത്.എല്ലാവർക്കും ഓരോ അപ്പക്കഷ്ണം ഇട്ടു കൊടുത്താൽ അവരതിൽ ഒതുങ്ങിക്കൊള്ളും. പക്ഷേ നൽകുന്ന അവാർഡുകൾ വ്യത്യസ്ത പേരുകളിൽ ആവണം എന്ന് മാത്രം . ഉദാ:- മികച്ച സന്ദേശ ചിത്രം, മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച ചിത്രം )

2.                          2.   ദേശീയ അവാർഡിന് മുമ്പേ സംസ്ഥാന അവാർഡ് പ്രഖ്യാപ്പിക്കുക. സംസ്ഥാന അവാർഡ്
ലഭിച്ച സിനിമകൾ മാത്രം അതേ കാറ്റഗറിയിൽ ദേശീയ അവാർഡിന് സമർപ്പിക്കുക. (അത് സർക്കാർ വഴി മാത്രമേ സമർപ്പിക്കാവൂ എന്ന് മാത്രം).

3.    3. അവാർഡിന് പരിഗണിക്കുന്ന ചിത്രങ്ങൾ പ്രേക്ഷകർക്ക് മുമ്പാകെ പ്രദർശിപ്പിച്ചവ ആയിരിക്കണം.പെട്ടിയിൽ ഉറങ്ങുന്ന ചിത്രങ്ങൾക്ക് സംസ്ഥാന-ദേശീയ അവാർഡുകൾ നൽകാൻ പാടില്ല.

4.        4. അവാർഡ് നിർണ്ണയത്തിൽ പ്രേക്ഷകാഭിപ്രായത്തിനും ഒരു വെയിറ്റേജ് നൽകുക. ഇതിന് ഓൺലൈൻ വോട്ടിംഗ് രീതി പരീക്ഷിക്കാവുന്നതാണ്.

5.    5. ജൂറി തീരുമാനം അന്തിമമായിരിക്കും എന്ന് അപേക്ഷ സമർപ്പണ വേളയിൽ തന്നെ അസന്നിഗ്ധമായി പ്രഖ്യാപ്പിക്കുക.അവാർഡ് തുകയുടെ അഞ്ചിരട്ടി കെട്ടി വച്ചതിന് ശേഷം മാത്രം ചോദ്യം ചെയ്യാനുള്ള അവസരം നൽകുക.

6.       6. 85 സിനിമയോളം ജൂറിയുടെ മുമ്പാകെ വന്നു എന്നും അതിനാൽ തന്നെ അടുത്ത വർഷം പ്രാഥമിക സ്ക്രീനിംഗ് ഏർപ്പെടുത്തും എന്നും മന്ത്രിയുടെ പ്രസ്താവന കണ്ടു.സ്ഥാനാർഥികൾ തുക കെട്ടി വയ്ക്കുന്ന പോലെ ഇവിടേയും ഒരു വരുമാനമാർഗ്ഗം പരീക്ഷിക്കാവുന്നതാണ്.


        എത്ര തന്നെ വിവാദമുണ്ടായാലും ഒരാഴ്ച്ച മാത്രമേ അവ മലയാളിയുടെ മനസ്സിൽ നിൽക്കൂ. അപ്പോഴേക്കും മറ്റൊരു വിഷയം അച്ചടി-ദൃശ്യ മാധ്യമങ്ങൾ നമ്മുടെ മുന്നിൽ എത്തിച്ചിട്ടുണ്ടാവും. ഇനി അടുത്ത അവാർഡ് പ്രഖ്യാപനം വരുമ്പോഴേ ഇവ വീണ്ടും ചർച്ചയാവുകയുള്ളൂ. ആയതിനാൽ കൂടുതൽ നിർദ്ദേശങ്ങൾ നൽകി ഞാൻ ശശിയാവുന്നില്ല.

Wednesday, March 19, 2014

ശാർങ്‌ധരൻ രസതന്ത്രം ഉത്തരമെഴുതുകയാണ്....

         പത്താം തരം പരീക്ഷ ഞാൻ എഴുതുന്നത് വരെ അതിന്റെ പേര് എസ്.എസ്.എൽ.സി  (സെക്കണ്ടറി സ്കൂൾ ലീവിംഗ് സെർട്ടിഫിക്കറ്റ്) എന്നായിരുന്നു.ഞാൻ എഴുതിയ 1987-ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി അന്തരിച്ച ശ്രീ.ടി.എം ജേക്കബിന്റെ പരിഷ്കാരത്തിന്റെ ഭാഗമായി ‘എൽ’ ഊരിയെടുത്ത് എസ്.എസ്.സി (സെക്കണ്ടറി സ്കൂൾ സെർട്ടിഫിക്കറ്റ്) എന്നാക്കി മാറ്റി.പത്താം തരം പാസ്സായാലും സ്കൂളിൽ നിന്നും വിടില്ല എന്നതിനാൽ “ലീവിംഗ്” ഒഴിവാക്കിയതിന് പുറമേ വന്ന ചില മാറ്റങ്ങൾ പറയാതിരിക്കാൻ വയ്യ.അന്നു വരെ ആരുടെ കക്ഷത്തിലും കീശയിലും ഒതുങ്ങുന്ന വലിപ്പമായിരുന്നു എസ്.എസ്.എൽ.സി മാർക്ക്ലിസ്റ്റിന്. പക്ഷേ ആ വർഷം അത് ഇമ്മിണി ബല്യ ഒരു കിതാബ് തന്നെയായി.അന്ന് വരെ 600-ൽ ഇട്ടുകൊടുത്തിരുന്ന മാർക്ക് ആ വർഷം ആദ്യമായും അവസാനമായും 1200ൽ ആയി.അങ്ങനെ ബല്യ എസ്.എസ്.സി ബുക്കും ബല്യ മാർക്കും വാങ്ങി ബല്യ ആളായി പതിവ്പോലെ ഞമ്മളും സ്കൂൾ വിട്ടു.”ലീവിംഗ്” ഇല്ലാതെ തന്നെ സ്കൂൾ വിടേണ്ടി വന്നതിനാൽ അടുത്ത വർഷം തന്നെ എല്ലാം പഴയപടിയാക്കി ഉത്തരവിറങ്ങി.   

           കാലം കുറേ കഴിഞ്ഞ് പ്ലസ്ടു എന്ന സാധനം എല്ലാ ഹൈസ്കൂളിലും കുടിയേറിയപ്പോഴും പഴയ അനുഭവം വച്ച് എസ്.എസ്.എൽ.സി എന്ന പേര് അങ്ങനെത്തന്നെ തുടർന്നു. പരിഷ്കാരങ്ങൾ പിന്നേയും പലതും നടപ്പിലാക്കി.ഇന്ന് എസ്.എസ്.എൽ.സി എത്ര മാർക്കിലാണെന്ന് ചോദിച്ചാൽ അഞ്ച് മിനുട്ട് കാത്തിരുന്ന് കേൾക്കേണ്ട അത്രയും വലിയൊരു ഉത്തരമാണ്!അതിനാൽ തന്നെ  അരി ആഹാരം കഴിക്കുന്ന ഒരു മനുഷ്യനും അത്തരം ഒരു ചോദ്യം ഇപ്പോൾ ചോദിക്കാറില്ല.  

     സിലബസ് എന്നൊരു കുന്ത്രാണ്ടം കൂടി അന്ന് ഓരോ വിഷയത്തിനും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഓരോ പരീക്ഷ കഴിയുമ്പോഴും ‘ഔട്ട് ഓഫ് സിലബസ്’ ചോദ്യം വന്നു എന്ന് പത്രത്തിലൂടേയും അദ്ധ്യാപകരിലൂടേയും കേൾക്കാറുണ്ടായിരുന്നു.ആ പറഞ്ഞ ബസിനെപറ്റി ഞമ്മൾക്ക് അന്ന് വലിയ കാര്യബോധം ഇല്ലാത്തതിനാൽ പേപ്പർ കെട്ടുകൾ കൊണ്ടുപോകാൻ വരുന്ന അന്നത്തെ ആ കട്ടവണ്ടിയുടെ പേരാണ് അതെന്നായിരുന്നു പൊതുവെയുള്ള ധാരണ.പിന്നീട് കോളേജിൽ പഠിക്കുമ്പോഴാണ് പഠിക്കാൻ നിഷ്കർഷിക്കപ്പെട്ട രൂപരേഖയാണ് സിലബസ് എന്ന് മനസ്സിലായത്.   

       ഇന്ന് മാർക്ക് നൽകുന്നത് കൊട്ടയിലും ചട്ടിയിലും ഒക്കെ ആയതിനാൽ ഉത്തരക്കടലാസിൽ അത് വയ്ക്കാനുള്ള ഒരിടം ഉണ്ടായിരിക്കണം എന്ന് ചോദ്യകർത്താവോ അല്ലെങ്കിൽ മറ്റാരോ ആദ്യമേ തീരുമാനിക്കാറുണ്ട് എന്ന് ചിലർ അടക്കം പറയുന്നു. അതനുസരിച്ച് ഒരു ‘ഔട്ട് ഓഫ് സിലബസ്’ ചോദ്യം വരും.ആ ചോദ്യത്തിന്റെ മാർക്ക് കുട്ട നിറഞ്ഞ് കവിയുന്ന അത്രയും ആയിരിക്കും.ആ ചോദ്യത്തിന്റെ നമ്പർ മാത്രം ഉത്തരക്കടലാസിൽ എഴുതിയവന് ‘കാരുണ്യബമ്പർ’ അടിക്കും - മേല്പറഞ്ഞ മുഴുവൻ മാർക്ക് !!!പിന്നെ അല്പസ്വല്പം അറിയാവുന്നതൊക്കെ ഒപ്പിച്ചു അടുക്കി വച്ചാൽ 20 മാർക്ക് കിട്ടും.അതോടെ മോഡറേഷന് അർഹതയായി.അതോടെ ആ വിഷയം പാസാകുകയും ചെയ്യും.ചുരുക്കി പറഞ്ഞാൽ ഈ ‘കടമ്പകൾ’ കടന്ന് ഒരുത്തൻ എസ്.എസ്.എൽ.സി തോറ്റാൽ അവനെ അരിയിട്ട് വാഴ്ത്തണം, പൂവിട്ട് പൂജിക്കണം , നോബൽ സമ്മാനം തന്നെ നൽകി ആദരിക്കണം എന്നർത്ഥം.    

     ഇത്തരം നാടകങ്ങൾ ഒന്നും നടക്കാത്ത കാലത്ത് നടന്ന ഒരു എസ്.എസ്.എൽ.സി പരീക്ഷയുടെ വിശേഷങ്ങൾ എന്റെ വീക്ഷണകോണിലൂടെ നോക്കിയപ്പോൾ ചന്ദ്രിക ദിനപത്രം 2005 ജൂൺ 2ന് അത് പ്രസിദ്ധീകരിച്ചു. എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്ന ഈ അവസരത്തിൽ ബൂലോകർക്കായി അത് ഇവിടെ പേസ്റ്റുന്നു.

Thursday, March 13, 2014

വോട്ടേഴ്സ് ലിസ്റ്റ്

     ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണെന്ന് നാമേവർക്കും അറിയാം.അറിയാത്തവർ വാഗ അതിർത്തിയിൽ പോയി താഴെക്കാണുന്ന സ്വാഗത ബോർഡ് കണ്ട് മനസ്സിലാക്കുക.




           ഈ ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണ ചക്രത്തിന്റെ കടിഞ്ഞാൺ  അടുത്ത അഞ്ചു വർഷം ആര് പിടിക്കണം എന്ന് തീരുമാനിക്കാൻ 18 വയസ്സ് തികഞ്ഞ എല്ലാ അണ്ടനും അടകോടനും അവകാശം നൽകാൻ വോട്ടർ പട്ടിക പുതുക്കുക എന്ന ഒരു കർമ്മം പലരും അറിയാതെ നടക്കാറുണ്ട്. രണ്ടായിരാമാണ്ടിലും അങ്ങനെ ഒന്ന് എന്റെ കണ്മുന്നിൽ സംഭവിച്ചു.


     ആ സംഭവം എനിക്കും അന്നത്തെ ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്റർക്കും ഏറെ ഇഷ്ടപ്പെട്ടതിനാൽ 2000 ജനുവരി 13ന് പത്രത്തിൽ അച്ചടിച്ച് വന്നു.പ്രിയപ്പെട്ട ബൂലോകർക്കായി ആ ചരിത്രസംഭവം താഴെ കൊടുക്കുന്നു(ക്ലിക്കിയാൽ വലുതാകും എന്ന് പ്രതീക്ഷിക്കുന്നു)