Pages

Tuesday, April 29, 2014

പൂർവ്വകാലം മറക്കാതിരിക്കുക...

കടന്നുപോന്ന വഴികൾ തിരിഞ്ഞു നോക്കണം എന്ന് എല്ലാവരും പറയാറുണ്ട് (ഒന്നൊഴികെ ...അതേതെന്ന് ഞാൻ പറയേണ്ടതില്ലല്ലോ). എങ്കിലേ നമ്മുടെ പൂർവ്വാ‍ശ്രമ ജീവിതവും ഇപ്പോഴത്തെ അനുഗ്രഹവും വേർതിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സാധിക്കൂ എന്നത് തന്നെയാണ് ഇതിന്റെ പിന്നിലുള്ള സത്യം.ചിലർക്ക് അത് പഴയ അനുഗ്രഹവും ഇപ്പോഴത്തെ വിഷമഘട്ടങ്ങളും ആകാം.അതും ഒരു പുനർവിചിന്തനത്തിനുള്ള നിമിത്തമായേക്കാം.

 സർ എഡ്മണ്ട് ഹിലാരി എവറെസ്റ്റ് കൊടുമുടി കീഴടക്കുനതിന് മുമ്പേ അതിനടുത്തുള്ള മിക്ക ഗിരിശൃംഘങ്ങളും കീഴടക്കിയിരുന്നു.ഓരോ ആരോഹണവും വിജയിക്കുമ്പോൾ പിന്നിട്ട പാതയിലേക്കായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ തിരിഞ്ഞുനോട്ടം. അടുത്ത നോട്ടമാകട്ടെ ചുറ്റുമുള്ള ഉയർന്നു നിൽക്കുന്ന അടുത്ത കൊടുമുടികളിലേക്കും. പിന്നിട്ട പാത തരുന്ന ആത്മവിശ്വാസമാണ് അടുത്തത് കീഴടക്കാനുള്ള ആത്മധൈര്യം പകർന്നു നൽകിയിരുന്നത് എന്ന് ഇതിൽ നിന്നും വ്യക്തമാണ്.

 വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചു വീഴാതെ സ്വപ്രയത്നത്താൽ ധനികനായ ഒരാൾ തന്റെ പഴയ അവസ്ഥയെപ്പറ്റി ആലോചിക്കുമ്പോൾ  സ്വാഭാവികമായും അയാളുടെ ഉള്ളിൽ  തന്റെ സഹജീവികളോട് ഒരു ദീനാനുകമ്പ മൊട്ടിടും. അത് പുഷ്പിച്ച് കായ്ഫലങ്ങൾ ഉണ്ടാകുമ്പോൾ അയാളുടെ ചുറ്റുമുള്ള സമൂഹത്തിൽ അതിന്റെ അനുരണങ്ങൾ കാണാൻ സാധിക്കും. അത് മാതൃകയാക്കി മറ്റുള്ളവരും പ്രവർത്തിക്കാൻ തുടങ്ങിയാൽ ലോകം തന്നെ മാറിമറിയും.എന്നാൽ എല്ലാം എന്റെ കഠിനപ്രയത്നത്തിന്റെ ഫലമാണ് എന്ന ധാരണയിൽ മറ്റുള്ളവരെ പുച്ഛിക്കുകയും തന്റെ പൂർവ്വകാലം മറക്കുകയും ചെയ്യുന്നവന് നിലനില്പ് തന്നെ അസാധ്യമായേക്കാം.

ഇത് ജീവിതത്തിൽ വലിയ വലിയ നേട്ടങ്ങൾ എത്തിപ്പിടിച്ചവർക്കോ വിജയം കൈവരിച്ചവർക്കോ മാത്രമുള്ള ഒരു ഉപദേശമല്ല. മറിച്ച് എല്ലാവരും പ്രാവർത്തികമാക്കേണ്ട ഒരു കാര്യമാണ്. തിരിച്ചറിവിൽ നിന്നുള്ള പാഠമേ ജീവിതത്തെ മാറ്റിമറിക്കുകയുള്ളൂ.

(തികച്ചും യാദൃശ്ചികമായി ഇന്നലെ ഞാൻ നടന്ന കോഴിക്കോട്ടെ ഒരു ഊടുവഴി (പലരും ഉപയോഗിച്ച് കൊണ്ടിരിക്കുന്ന, കണ്ണൂർ റോഡിനേയും സ്വപ്നനഗരിയിലേക്ക് എത്തുന്ന മിനിബൈപാസിനേയും ബന്ധിപ്പിക്കുന്ന) യിലൂടെ അതിലേറെ യാദൃശ്ചികമായി ഇന്നും നടന്നുപോയപ്പോൾ എന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകളാണ് മേൽ പറഞ്ഞത്. )

Wednesday, April 23, 2014

സിനിമാ അവാർഡ് വിവാദങ്ങൾ ഇല്ലാതാക്കാൻ….

       മലയാള ചലചിത്ര അവാർഡ് പ്രഖ്യാപനം ഇത്തവണയും പതിവുകൾ തെറ്റിച്ചില്ല – സാസ്കാരിക വകുപ്പ് മന്ത്രി ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വിവാദ പ്രസ്താവനകളും പുറത്തിറങ്ങി.ശ്രീ.സുരാജ് വെഞ്ഞാറമൂടിന് ഭരത് അവാർഡിന് പിന്നാലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാർഡും ലഭിച്ചപ്പോൾ അത് ഇരട്ടിമധുരമായി എന്ന് അദ്ദേഹവും വരട്ടിക്കരിച്ചു എന്ന് മറ്റു ചിലരും അഭിപ്രായമിറക്കി.ഭരത് സുരാജിനെ അവാർഡ് നിർണ്ണയ ജൂറി അവഹേളിച്ചു എന്ന ആദ്യ വെടി പൊട്ടിയത് അദ്ദേഹത്തെ അതിനർഹനാക്കിയ “പേരറിയാത്തവർ” എന്ന സിനിമയുടെ സംവിധായകൻ ഡോ.ബിജുവിൽ നിന്ന് തന്നെയാണ്.

    ഏതായാലും കഴുതയായ പൊതുജനത്തിന് ഇരുകൂട്ടരോടും ചോദിക്കാൻ നിരവധി ചോദ്യങ്ങളുണ്ട്.ദേശീയ അവാർഡ് ജൂറിയും സംസ്ഥാന അവാർഡ് ജൂറിയും വ്യത്യസ്തമാണെന്ന് ഡോ.ബിജുവിന് അറിയാതിരിക്കാൻ വഴിയില്ല.സ്വാഭാവികമായും രണ്ടിന്റേയും തീരുമാനങ്ങൾ വ്യത്യസ്തമാകാനുള്ള സാധ്യതയും വളരെക്കൂടുതലാണ്.അപ്പോൾ താങ്കളുടെ പ്രസ്താവനയിലൂടെ അപഹാസ്യമാക്കപ്പെടുന്നത് താങ്കൾ സ്വയവും അവഹേളിക്കപ്പെടുന്നത് ശ്രീ.ഭരത് സുരാജുമാണ്. ദേശീയ അവാർഡ് ജേതാവിന് തന്നെ സംസ്ഥാന അവാർഡും നൽകണം എന്ന് അവാർഡ് നിയമാവലിയിൽ എവിടെയും പറയുന്നില്ല.നേരത്തെ പ്രഖ്യാപിച്ച ദേശീയ അവാർഡ് സംസ്ഥാന അവാർഡ് ജൂറിയെ ഒട്ടും സ്വാധീനിച്ചില്ല എന്ന നല്ല സൂചനയാണ് ഒരു തരത്തിൽ ഈ അവാർഡ് പ്രഖ്യാപനം നൽകിയത്.

      എന്നാൽ സംസ്ഥാന അവാർഡ് ജൂറി തീരുമാനങ്ങൾ മുഴുവൻ കുറ്റമറ്റതാണ് എന്ന് എനിക്കഭിപ്രായമില്ല. മികച്ച ചിത്രം തെരഞ്ഞെടുക്കപ്പെടുന്നത് ഏത് മാനദണ്ഡം അനുസരിച്ചാണ് എന്നത് മലേഷ്യൻ വിമാനം കണക്കെ അഞാതമാണ്. മികച്ച ചിത്രം ഒരുക്കിയ സംവിധായകൻ തന്നെ ആയിരിക്കണം മികച്ച സംവിധായകൻ എന്ന് പൊതുജനം ധരിച്ചാൽ അവരെ കുറ്റം പറയാൻ ഒക്കില്ല.ഇത്തവണ കെ.ജി ക്ലാസ്സുകളിൽ സമ്മാനം നൽകുന്ന പോലെ എല്ലാവർക്കും നൽകുന്ന രൂപത്തിലായി പോയി മേൽ അവാർഡുകൾ.മികച്ച ചിത്രം ഒന്ന്, സംവിധായകൻ വേറെ.അപ്പോൾ ജൂറിയിൽ ചില താല്പര്യങ്ങൾ കടന്നു കൂടിയോ എന്ന് ന്യായമായും സംശയം ഉയർന്നേക്കാം.

      അവാർഡും വിവാദങ്ങളും കൂടെപ്പിറപ്പായതിനാൽ വിവാദങ്ങൾ ഒഴിവാക്കാനുള്ള ചില ലളിതമായ രീതികൾ കൂടി പങ്കു വയ്ക്കട്ടെ.തീർച്ചയായും അവാർഡ് നിർണ്ണയം സുതാര്യമാക്കുന്ന കൂട്ടത്തിൽ വരും വർഷങ്ങളിൽ ഇവയും പരീക്ഷിക്കാവുന്നതാണ്.

1.            1.  അവാർഡുകളുടെ എണ്ണം പരിമിതപ്പെടുത്തി അപേക്ഷകർക്കെല്ലാം പ്രോത്സാഹന അവാർഡ് ഏർപ്പെടുത്തുക!(പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ടാണല്ലോ വിവാദങ്ങൾ ഉണ്ടാകുന്നത്.എല്ലാവർക്കും ഓരോ അപ്പക്കഷ്ണം ഇട്ടു കൊടുത്താൽ അവരതിൽ ഒതുങ്ങിക്കൊള്ളും. പക്ഷേ നൽകുന്ന അവാർഡുകൾ വ്യത്യസ്ത പേരുകളിൽ ആവണം എന്ന് മാത്രം . ഉദാ:- മികച്ച സന്ദേശ ചിത്രം, മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച ചിത്രം )

2.                          2.   ദേശീയ അവാർഡിന് മുമ്പേ സംസ്ഥാന അവാർഡ് പ്രഖ്യാപ്പിക്കുക. സംസ്ഥാന അവാർഡ്
ലഭിച്ച സിനിമകൾ മാത്രം അതേ കാറ്റഗറിയിൽ ദേശീയ അവാർഡിന് സമർപ്പിക്കുക. (അത് സർക്കാർ വഴി മാത്രമേ സമർപ്പിക്കാവൂ എന്ന് മാത്രം).

3.    3. അവാർഡിന് പരിഗണിക്കുന്ന ചിത്രങ്ങൾ പ്രേക്ഷകർക്ക് മുമ്പാകെ പ്രദർശിപ്പിച്ചവ ആയിരിക്കണം.പെട്ടിയിൽ ഉറങ്ങുന്ന ചിത്രങ്ങൾക്ക് സംസ്ഥാന-ദേശീയ അവാർഡുകൾ നൽകാൻ പാടില്ല.

4.        4. അവാർഡ് നിർണ്ണയത്തിൽ പ്രേക്ഷകാഭിപ്രായത്തിനും ഒരു വെയിറ്റേജ് നൽകുക. ഇതിന് ഓൺലൈൻ വോട്ടിംഗ് രീതി പരീക്ഷിക്കാവുന്നതാണ്.

5.    5. ജൂറി തീരുമാനം അന്തിമമായിരിക്കും എന്ന് അപേക്ഷ സമർപ്പണ വേളയിൽ തന്നെ അസന്നിഗ്ധമായി പ്രഖ്യാപ്പിക്കുക.അവാർഡ് തുകയുടെ അഞ്ചിരട്ടി കെട്ടി വച്ചതിന് ശേഷം മാത്രം ചോദ്യം ചെയ്യാനുള്ള അവസരം നൽകുക.

6.       6. 85 സിനിമയോളം ജൂറിയുടെ മുമ്പാകെ വന്നു എന്നും അതിനാൽ തന്നെ അടുത്ത വർഷം പ്രാഥമിക സ്ക്രീനിംഗ് ഏർപ്പെടുത്തും എന്നും മന്ത്രിയുടെ പ്രസ്താവന കണ്ടു.സ്ഥാനാർഥികൾ തുക കെട്ടി വയ്ക്കുന്ന പോലെ ഇവിടേയും ഒരു വരുമാനമാർഗ്ഗം പരീക്ഷിക്കാവുന്നതാണ്.


        എത്ര തന്നെ വിവാദമുണ്ടായാലും ഒരാഴ്ച്ച മാത്രമേ അവ മലയാളിയുടെ മനസ്സിൽ നിൽക്കൂ. അപ്പോഴേക്കും മറ്റൊരു വിഷയം അച്ചടി-ദൃശ്യ മാധ്യമങ്ങൾ നമ്മുടെ മുന്നിൽ എത്തിച്ചിട്ടുണ്ടാവും. ഇനി അടുത്ത അവാർഡ് പ്രഖ്യാപനം വരുമ്പോഴേ ഇവ വീണ്ടും ചർച്ചയാവുകയുള്ളൂ. ആയതിനാൽ കൂടുതൽ നിർദ്ദേശങ്ങൾ നൽകി ഞാൻ ശശിയാവുന്നില്ല.

Tuesday, April 22, 2014

ലോകത്തിലെ ഗ്രീൻ പട്ടണങ്ങൾ

ഇന്ന് ലോക ഭൌമ ദിനം. പ്രകൃതിയേയും ഭൂമിയേയും പറ്റി ചിന്തിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഒരു ദിനം കൂടി. “ഗ്രീൻ പട്ടണങ്ങൾ” എന്നതാണ് ഈ വർഷത്തെ ഭൌമദിന തീം. ലോക ജനസംഖ്യയുടെ പകുതിയിലധികവും താമസിക്കുന്നത് പട്ടണങ്ങളിൽ ആയതിനാൽ ഈ തീമിന് സവിശേഷ പ്രാധാന്യമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച 30 ഗ്രീൻ പട്ടണങ്ങളിൽ ഒന്ന് നമ്മുടെ ഭാരതത്തിന്റെ തലസ്ഥാന നഗരിയായ ന്യൂഡൽഹി ആണ് എന്നതിൽ സന്തോഷമുണ്ട്. 30 ഗ്രീൻ പട്ടണങ്ങളും അവയുടെ പ്രത്യേകതകളും താഴെ പറയുന്നു.
 • ഓസ്ലൊ (നോർവെ) - 70% കൃഷിഭൂമിയുള്ള പട്ടണമാണ് ഓസ്ലോ
 • മാൽമൊ (സ്വീഡൻ) - 30 % ജനങ്ങളും ബൈക്കിൽ സഞ്ചരിക്കുന്നു (ഇതുകൊണ്ടു കൂടുതൽ മലിനീകരണം അല്ലേ നടക്കുക എന്ന് എനിക്കും സംശയമുണ്ട്)
 • റെയ്ക്ജാവിക് (ഐസ്ലാന്റ്) - 99% ഊർജ്ജവും പാരമ്പര്യേതര സ്രോതസ്സിൽ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്നു.
 • ബാഴ്സലോണ(സ്പെയിൻ) - 113,000 sq ft സോളാർപാനൽ സ്ഥാപിക്കപ്പെട്ട പട്ടണം
 • കോപ്പൻഹേഗൻ (ഡെന്മാർക്ക്) - 50 % ൽ അധികം ജനങ്ങളും ബൈക്കിൽ സഞ്ചരിക്കുന്നു (മലിനീകരണം കൂടുമോ കുറയുമോ ആവോ)
 • ബെർമിംഗ്‌ഹാം (ഇംഗ്ലണ്ട്) - 3500 ഹെക്റ്ററിലധികം തുറസ്സായ സ്ഥലം 
 • സ്റ്റോൿഹോം (സ്വീഡൻ) - 99% ഗാർഹികമാലിന്യങ്ങളും പുനർചംക്രമണം ചെയ്യുകയോ ഊർജ്ജോല്പാദനത്തിന് ഉപയോഗിക്കുകയോ ചെയ്യുന്നു.
 • സെമാറ്റ് (സ്വിറ്റ്സർലാന്റ്) - പട്ടണത്തിലെ ചരക്കുനീക്കത്തിനായി കുതിരവണ്ടിയോ മനുഷ്യൻ വലിക്കുന്ന വണ്ടിയോ ഉപയോഗിക്കുന്നു. 
 • വാങ്കൂവർ (കാനഡ) - 2020ഓടെ ഏറ്റവും മികച്ച ഗ്രീൻ പട്ടണം ആവാനുള്ള തയ്യാറെടുപ്പുകൾ നടന്ന് വരുന്നു (എന്തൊക്കെയാണെന്ന് അറിവില്ല)
 • ടൊറന്റോ (കാനഡ) - ഹരിതവാതക ഉല്പാദനം 40% കുറക്കാൻ സാധിച്ചു
 • ചിക്കാഗോ (യു.എസ്.എ) - 20 ലക്ഷം സ്ക്വയർഫീറ്റ് മട്ടുപ്പാവ് പൂന്തോട്ടം ഉള്ള പട്ടണം
 • യൂജിൻ  (യു.എസ്.എ) - പച്ചപ്പ് കാരണം എമറാൾഡ് സിറ്റി എന്നറിയപ്പെടുന്നു
 • കോസ്റ്റാറിക്ക (കോസ്റ്റാറിക്ക) - വനവൽക്കരണം
 • സാൻഫ്രാൻസി‌സ്കോ  (യു.എസ്.എ) - 77% മാലിന്യങ്ങളും പുനർചംക്രമണം ചെയ്യുന്നു
 • ഓസ്റ്റിൻ  (യു.എസ്.എ) - 2020 ഓടെ 20% പാരമ്പര്യേതര ഊർജ്ജ ഉല്പാദനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നു.
 • പോർട്ട്ലാന്റ്  (യു.എസ്.എ) - 288 പാർക്കുകൾ ഉള്ള അമേരിക്കയിലെ ഏറ്റവും മികച്ച ഗ്രീൻ സിറ്റി
 • മിനാപോളിസ്  (യു.എസ്.എ) - 60% ജോലിക്കാരും പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നു.
 • ന്യൂഡൽഹി (ഇന്ത്യ) - ഏഷ്യയിൽ ഏറ്റവും കുറഞ്ഞ മാലിന്യം ഉല്പാദിപ്പിക്കുന്ന പട്ടണം
 • സിംഗപ്പൂർ (സിംഗപ്പൂർ) - 480 ഗ്രീൻ സർട്ടിഫൈഡ് കെട്ടിടങ്ങൾ
 • ടോക്കിയോ (ജപ്പാൻ) - ഏഷ്യയിൽ കാർബൺ ഡയോക്സൈഡ് ഏറ്റവും കുറച്ച് ഉല്പാദിപ്പിക്കുന്ന പട്ടണം
 • അക്ര (ഘാന) - മോണോറെയിൽ നിർമ്മാണം ( എങ്ങനെ ഗ്രീൻ ആവും ആവോ)
 • കേപ്ടൌൺ (ദക്ഷിണാഫ്രിക്ക) - 10% വീടുകളിലും സൌരോർജ്ജ പാനൽ
 • നെയ്‌റോബി (കെനിയ) -സൈക്ലിംഗ് ഫാഷൻ ആക്കിയ പട്ടണം 
 • മെൽബൺ (ആസ്ത്രേലിയ) - ധാരാളം കാർ ഫ്രീ സോണുകൾ ഉള്ള പട്ടണം
 • സിഡ്‌നി (ആസ്ത്രേലിയ) - 2030ഓടെ കാർബൺ ഡയോക്സൈഡ് ഉല്പാദനം 70% കുറക്കാൻ ലക്ഷ്യം
 • അഡ്ലൈഡ് (ആസ്ത്രേലിയ) - പരിസ്ഥിതി സഹായക പട്ടണം
 • കുരിതിബ (ബ്രസീൽ) - പുനർചംക്രമണത്തിന് പകരമായി പാവങ്ങൾക്ക് ഭക്ഷണം നൽകുന്ന പട്ടണം
 • ബൊഗോട്ട (കൊളംബിയ) - പൊതുഗതാഗത സംവിധാനം കൂടുതൽ ഉപയോഗപ്പെടുത്തുന്നു
 • ബാഹിയ ഡി കാരക്കാസ് (ഇക്വഡോർ) - ലോകത്തിലെ ആദ്യത്തെ സർട്ടിഫൈഡ് ഓർഗാനിക് ഷ്രിമ്പ് ഫാം ഉള്ള പട്ടണം (എന്താണ് എന്ന് ഗൂഗിളമ്മയോട് തന്നെ ചോദിക്കുക)
 • ബേലൊ ഹോറിസോണ്ടോ (ബ്രസീൽ) - 2030ഓടെ ഹരിതഗൃഹവാതകങ്ങൾ 20% കുറക്കാൻ ലക്ഷ്യമിടുന്നു
ഇനി നമ്മുടെ പട്ടണങ്ങളും ഈ ലിസ്റ്റിൽ എത്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. If there is a will there is a way എന്നാണല്ലോ. അപ്പോൾ നമുക്കും ഒത്തൊരുമിച്ച് പരിശ്രമിക്കാം.

Sunday, April 20, 2014

അഞ്ജുലക്ഷ്മി തന്ന സമ്മാനം

        നാല് വർഷത്തെ സേവനത്തിന് ശേഷം എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പദവിയിൽ നിന്നും ഞാൻ ഒഴിയുകയാണ്. 2010-ൽ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിന്റെ നാഷണൽ സർവീസ് സ്കീമിന്റെ അമരത്വം ഏറ്റെടുക്കുമ്പോൾ 2 വർഷം യൂണിറ്റിനെ നയിക്കുക (മൂന്നാം വർഷം ട്രാൻസ്ഫർ ആകും എന്ന പ്രതീക്ഷയിൽ) എന്നതായിരുന്നു എന്റ്റെ ഉദ്ദേശ്യം.സ്ഥലം മാറ്റം ഉണ്ടാകാത്തതിനാൽ മുഴുവൻ കാലവധിയായ മൂന്ന് വർഷവും പിന്നെ രാഷ്ട്രപതി ഭരണം നീട്ടുന്ന പോലെ പ്രിൻസിപ്പാളുടെ അനുമതി പ്രകാരം ഒരു വർഷവും കടന്ന് നാല് വർഷം എന്ന പരമാവധി കാലയളവിൽ ഇപ്പോൾ ഞാൻ എത്തി.

          ഈ നാലു വർഷം എന്റെ ജീവിതത്തിലും ഈ എൻ.എസ്.എസ് യൂണിറ്റിന്റെ ചരിത്രത്തിലും ഇക്കാലയളവിൽ വളണ്ടിയർമാരായി സേവനം അനുഷ്ടിച്ച വിദ്യാർത്ഥീ-വിദ്യാർത്ഥിനികളുടെ ജീവിതത്തിലും എന്നും പച്ചപിടിച്ച് നിൽക്കും എന്ന് തീർച്ച. കാരണം ദേശീയതലത്തിലെ രണ്ട് അവാർഡും സംസ്ഥാന തലത്തിൽ പതിനഞ്ചോളം അവാർഡുകളും അടക്കം 23 അവാർഡുകളാണ് യൂണിറ്റിന്റെ ഷോക്കേസിൽ എന്റെ വളണ്ടിയർമാരുടെ പ്രവർത്തനം കാരണം എത്തിച്ചേർന്നത് എന്നത് തന്നെ.ഈ എൻ.എസ്.എസ് യൂണിറ്റ് നിലനിൽക്കുന്നിടത്തോളം കാലം ഈ നേട്ടങ്ങൾ അതിലെ വളണ്ടിയർമാർക്ക് എന്നും പ്രചോദനമാകും എന്നതും തീർച്ചയാണ്.

    ദിവസങ്ങൾക്ക് മുമ്പ് എന്റെ വളണ്ടിയർമാർ എനിക്ക് ഒരു ഹൃദ്യമായ യാത്രയയപ്പ് നൽകി.ഔദ്യ്യോഗികമായി സ്ഥലം മാറ്റം ആയിട്ടില്ല എങ്കിലും മറ്റാരും നൽകുന്നതിന് മുമ്പേ അതിന് ഏറ്റവും കടപ്പെട്ടവർ തന്നെ നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് അവർ ഈ ചടങ്ങ് ഒരുക്കിയത്. “പരിസ്ഥിതിയും മനുഷ്യനും’ എന്ന വിഷയത്തിലൂന്നി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ മിനി ക്യാമ്പിനിടക്ക് വച്ചാണ് ,എൻ.എസ്.എസിന് എന്റെ കൂടെത്തന്നെ അവരുടേതായ സേവനം നൽകിയ മറ്റു മൂന്നുപേർക്കൊപ്പം എനിക്കും യാത്രയയപ്പ് നൽകിയത്.

        ക്യാമ്പ് കഴിഞ്ഞ് ഉച്ചഭക്ഷണം കഴിക്കുമ്പോഴാണ് ഒരു കൂട്ടം വളണ്ടിയർമാർ എന്റെ നേരെ വന്ന് “സാറിന് ഞങ്ങളുടെ സ്നേഹോപഹാരം“ എന്ന് പറഞ്ഞ് ഒരു പൊതി സ്നേഹപൂർവ്വം എന്റെ നേരെ നീട്ടിയത് . ഒരുകൂട്ടം വളണ്ടിയർമാർ മാത്രം തന്ന ആ ഉപഹാരം സ്വീകരിക്കാൻ ഞാൻ അല്പം ശങ്കിച്ചു.അവരുടെ നിർബന്ധപ്രകാരം അത് സ്വീകരിച്ച ശേഷം ഞാൻ എന്റെ ലാബിലേക്ക് നീങ്ങി.ക്യാമ്പിന്റെ ബാക്കി പത്രങ്ങൾ മുഴുവനാക്കുന്ന തിരക്കിനിടക്ക് വളണ്ടിയർമാർ ഓരോരുത്തരായി കയറി വരാൻ തുടങ്ങി. നിമിഷ നേരം കൊണ്ട് എന്റെ ടേബിളിൽ നിരവധി ഉപഹാരങ്ങൾ വന്നടിഞ്ഞു.മിക്കവയും വളണ്ടിയർമാർ സ്വയം നിർമ്മിച്ചവയായിരുന്നു.ആദ്യത്തെ ഒന്ന് സ്വീകരിച്ചതിനാൽ എല്ലാം ഏറ്റുവാങ്ങാൻ ഞാൻ നിർബന്ധിതനായി. 

        കൂട്ടത്തിൽ എനിക്ക് ലഭിച്ച ഒരു ഉപഹാരം തീർത്തും വിഭിന്നമായി.എന്റെ നാല് വർഷത്തെ സേവനത്തിന് ഏറ്റവും അനുയോജ്യമായ ഒരു സമ്മാനമായി അഞ്ജുലക്ഷ്മി എന്ന വളണ്ടിയർ എനിക്ക് തന്നത് ഒരു ജാതിക്ക തൈ ആയിരുന്നു. “ഞാൻ നട്ടു വളർത്തിയ തൈ സാറിന് “ എന്ന് അഞ്ജുലക്ഷ്മി പറഞ്ഞപ്പോൾ എന്റെ മനസ്സ് നിറഞ്ഞു.പരിസ്ഥിതി സംരക്ഷണത്തിന്റെ നിരവധി പ്രവർത്തനങ്ങൾ വളണ്ടിയർമാർക്ക് പകർന്നു കൊടുത്തതിന് എനിക്ക് എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു സമ്മാനം.എന്റെ വീട്ടിൽ ജാതി‌തൈ ഉണ്ടെങ്കിലും ഇത് വീട്ടിൽ തന്നെ വയ്ക്കണം എന്നും ഞാൻ തീരുമാനിച്ചു.അതേ ദിവസം തന്നെ അപ്രതീക്ഷിതമായി പെയ്ത മഴ ഈ സമ്മാനത്തിനുള്ള ദൈവത്തിന്റെ അനുഗ്രഹവും ആയി.


എന്റെ സ്വന്തം വീടിന്റെ മുൻഭാഗത്ത് തന്നെ അഞ്ജുലക്ഷ്മി തന്ന സമ്മാനം ഇപ്പോൾ വേരൂന്നിത്തുടങ്ങി.


Thursday, April 17, 2014

പ്രകൃതി പഠന ക്യാമ്പ്

   സൈലന്റ് വാലി സന്ദർശിക്കുക എന്നത് വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു കാര്യമായിരുന്നു.കഴിഞ്ഞ ഫെബ്രുവരി 24 ആം തീയതി എന്റെ കോളേജിലെ ഭൂമിത്രസേനക്ക് അനുവദിച്ച പ്രകൃതി പഠന ക്യാമ്പിലൂടെ ആ മോഹം സഫലമായി.

     പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിന്നും അഗളി, ആനക്കട്ടി ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി ഏകദേശം അമ്പത് മിനുട്ട് സഞ്ചരിച്ചാൽ മുക്കാലി എന്ന സ്ഥലത്ത് എത്തും. ചീനി മരങ്ങൾ തണൽ വിരിച്ച മുക്കാലി അങ്ങാടിയിൽ നിന്ന് തന്നെ ഇടത്തോട്ട് പോകുന്ന റോഡിൽ അല്പം മുന്നോട്ട് നടന്നാൽ വനം വകുപ്പിന്റെ ഡോർമെട്രിയും അല്പം കൂടി മുന്നോട്ട് നടന്നാൽ ഇൻഫർമേഷൻ ഓഫീസും കാണാം.

      സ്കൂളിലേയും കോളേജിലേയും പരിസ്ഥിതി ക്ലബ്ബുകൾക്കും എൻ.എസ്.എസ്,എൻ.സി.സി പോലെയുള്ള സേവന സംഘങ്ങൾക്കും യുവജനക്ലബ്ബുകൾക്കും പരിസ്ഥിതി സംരക്ഷണ സംഘടനകൾക്കും എല്ലാം വനം വന്യജീവി വകുപ്പ് സൌജന്യമായി നടത്തുന്ന മൂന്ന് ദിവസത്തെ ക്യാമ്പാണ് പ്രകൃതി പഠന ക്യാമ്പ്.ഏത് നാഷണൽ പാർക്കിലാണോ അല്ലെങ്കിൽ വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണോ നാം ക്യാമ്പ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് തീർച്ചപ്പെടുത്തി അതാത് വൈൽഡ്‌ലൈഫ് വാർഡനാണ് നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകേണ്ടത്. അപേക്ഷ ഫോം വനം വകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്തെടുക്കാം.

       ഒരു ദിവസം വൈകിട്ട് 4 മണിക്ക് റിപ്പോർട്ട് ചെയ്ത് മൂന്നാം ദിവസം ഉച്ച ഭക്ഷണത്തോടെ അവസാനിക്കുന്നതാണ് മിക്ക പ്രകൃതി പഠന ക്യാമ്പുകളും.രണ്ട് ദിവസത്തേയും ഒരു ദിവസത്തേയും ക്യാമ്പുകളും ഉണ്ട്.ത്രിദിന ക്യാമ്പുകളിലൂടെയാണ് നമുക്ക് കാടിനെക്കുറിച്ചും വന്യജീവികളെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും നന്നായി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ എന്നതിനാൽ അത്തരം ക്യാമ്പുകളായിരിക്കും കോളേജ് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും കൂടുതൽ അഭികാമ്യം.

   പരിസ്ഥിതി പഠന ക്യാമ്പിൽ ഒന്നാം ദിവസം കാടിനെക്കുറിച്ച് തന്നെയാണ് ക്ലാസ്സ് നൽകുന്നത്.വനം വകുപ്പ് ഉദ്യോഗസ്ഥനോ പരിസ്ഥിതി പ്രവർത്തകനോ ആയിരിക്കും ഈ ക്ലാസ് കൈകാര്യം ചെയ്യുന്നത്.നമ്മുടെ ധാരണകളും വനം എന്ന പദത്തിന്റെ അർത്ഥവ്യാപ്തിയും അത് സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും ഒരു മണിക്കൂർ അല്ലെങ്കിൽ ഒന്നര മണിക്കൂർ നേരത്തെ ക്ലാസ്സിലൂടെ ഏതൊരാൾക്കും നിഷ്‌പ്രയാസം മനസ്സിലാക്കാൻ സാധിക്കും.രാത്രി ഭക്ഷണത്തിന് ശേഷം പരിസ്ഥിതി വിഷയമായിട്ടുള്ള ഒരു ഡൊക്യുമെന്ററി പ്രദർശനവും ഉണ്ടായിരിക്കും.

    രണ്ടാം ദിവസം വ്യായാമത്തിനും പ്രാതലിനും ശേഷം പ്രകൃതി സന്ദർശനം ആരംഭിക്കും. കാട്ടിലൂടെയുള്ള നടത്തമാണ് ഇതിലെ പ്രധാന പരിപാടി.പങ്കെടുക്കുന്ന ടീമിന്റെ പ്രായം,സ്വഭാവം,താല്പര്യം എന്നിവക്കനുസരിച്ച് നടത്തം നാല് മുതൽ പതിനെട്ട് കിലോമീറ്റർ വരെയാകാം. മൃഗങ്ങളെ കാണാനുള്ള സാധ്യത ഈ നടത്തത്തിനിടയിൽ വളരെ വിരളമാണ്.കാരണം ഒരു ക്യാമ്പിലെ നാല്പതോളം വരുന്ന അംഗങ്ങൾ കാട്ടിനകത്ത് കയറിയാൽ ഉണ്ടാകുന്ന ശബ്ദവ്യതിയാനം മൃഗങ്ങൾക്ക് പെട്ടെന്ന് മനസ്സിലാകുന്നതിനാൽ അവ ഉൾക്കാട്ടിലേക്ക് പെട്ടെന്ന് വലിയും.എന്നാൽ കാട്ടിലെ സസ്യ സമ്പത്തിനെപ്പറ്റിയും ജൈവസമ്പത്തിനെപ്പറ്റിയും ജൈവവൈവിധ്യത്തെപറ്റിയും വിവിധ കാട്ടുചെടികളുടെ ഔഷധഗുണങ്ങളെക്കുറിച്ചും വളരെ നല്ലൊരു വിവരണം നമ്മുടെ കൂടെയുള്ള ഗൈഡിൽ നിന്നോ വനം വകുപ്പ് ഉദ്യോഗസ്ഥനിൽ നിന്നോ നമുക്ക് ലഭിക്കും.ഈ വിവരണം ഏതൊരു സസ്യത്തേയും അല്ലെങ്കിൽ ജന്തുവിനേയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നമുക്ക് മനസ്സിലാക്കിത്തരും.

    ഉച്ചഭക്ഷണത്തിന് ശേഷം വീണ്ടും ക്ലാസ്സോ അല്ലെങ്കിൽ ചർച്ചയോ ഉണ്ടാകും.നമ്മുടെ ജീവിതശൈലിയെപ്പറ്റിയും അത് നമ്മിൽ ഉണ്ടാക്കുന്ന വിവിധ മാറ്റങ്ങളെപ്പറ്റിയും ആധുനിക മനുഷ്യന്റെ ആരോഗ്യപ്രശ്നനങ്ങൾ അടക്കമുള്ള സംഗതികളും ഈ ക്ലാസ്സുകളിൽ വിഷയമാകും.പ്രകൃതിയിലേക്ക് മടങ്ങേണ്ട ആവശ്യകത കൃത്യമായി മനസ്സിൽ പതിപ്പിക്കുന്ന രൂപത്തിലായിരിക്കും ഈ ക്ലാസ്സുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. രാത്രിയും ഇത്തരം ക്ലാസ്സുകളും ഡൊക്യുമെന്ററി പ്രദർശനവും നടക്കും.

      മൂന്നാം ദിവസം വ്യായാമത്തിനും പ്രാതലിനും ശേഷം നാം വസിക്കുന്ന സ്ഥലവും പരിസരവും വൃത്തിയാക്കുക എന്ന ചെറിയ ഒരു ജോലി ക്യാമ്പംഗങ്ങൾക്കുണ്ട്.അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുക എന്നതാണ് മിക്ക പരിസ്ഥിതി ക്യാമ്പുകളിലും നടത്തുന്ന പ്രവൃത്തി. ഈ പ്രവൃത്തിക്ക് ശേഷം വീണ്ടും ഫീൽഡ് സന്ദർശനം നടത്തും. തലേ ദിവസം പോയ ഭാഗത്തേക്കല്ല പോകുന്നത് എന്നതിനാലും തലേ ദിവസത്തെ അനുഭവങ്ങളും എല്ലാവരേയും ഉത്തേജിപ്പിക്കും എന്ന് തീർച്ച. പക്ഷേ ഈ സന്ദർശനം ഏതാനും കിലോമീറ്ററുകൾ മാത്രമേ നീളുകയുള്ളൂ.

     സന്ദർശനം കഴിഞ്ഞ് മടങ്ങി എത്തിയാൽ ഉച്ചഭക്ഷണവും ശേഷം ചെറിയ ഒരു ക്യാമ്പ് അവലോകനവും നടക്കും.ചില ക്യാമ്പുകളിൽ സർട്ടിഫിക്കറ്റ് വിതരണം ഈ അവലോകന സമയത്ത് വിതരണം ചെയ്യും.ചില ക്യാമ്പുകളിൽ അതുവരെ നടത്തിയ ക്ലാസ്സുകളേയും ഫീൽഡ് സന്ദർശനങ്ങളേയും ഡോക്യുമെന്ററികളേയും ആസ്പദമാക്കി ക്വിസ് മത്സരമോ മറ്റോ നടത്തും.അതോടെ ക്യാമ്പ് സമാപിക്കുകയും ചെയ്യും.കുളിമുറിയും കക്കൂസും അടക്കം നാം ഉപയോഗിച്ച സ്ഥലങ്ങൾ വൃത്തിയാക്കിയ ശേഷം ഒരു പിടി നല്ല അനുഭവങ്ങളും ഓർമ്മകളും അതിലേറെ നല്ല കുറേ തിരിച്ചറിവുകളുമായി നമുക്ക് നമ്മുടെ വാസസ്ഥലങ്ങളീലേക്ക് മടങ്ങാം.

      ഇത്തരം ഒരു പ്രകൃതി പഠന ക്യാമ്പിലെങ്കിലും പങ്കെടുക്കാൻ ശ്രമിക്കണം എന്ന് മാത്രമാണ് എനിക്ക് അപേക്ഷിക്കാനുള്ളത്.സസ്യ-ജന്തു വിഭാഗങ്ങൾ അടക്കമുള്ള, വരും തലമുറക്കും അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന് മനസ്സിലാക്കി പ്രവർത്തിക്കാൻ ഇത്തരം ക്യാമ്പുകൾ എല്ലാവർക്കും പ്രചോദനമാകും എന്ന് തീർച്ച.വനം വകുപ്പ് മൂന്ന് ദിവസം  സൌജന്യമായി കാട്ടിനകത്ത് താമസവും ഭക്ഷണവും ഒരുക്കിത്തന്ന് നടത്തുന്ന ഇത്തരം ക്യാമ്പുകളിലൂടെ വർഷത്തിൽ ഒരാളെങ്കിലും പരിസ്ഥിതി അനുകൂല തീരുമാനമെടുത്താൽ അത് മതി ആ ക്യാമ്പ് വിജയിക്കാൻ.(സൈലന്റ് വാലി അനുഭവങ്ങൾ ഉടൻ പ്രതീക്ഷിക്കാം...)

ഓർക്കുക, വനങ്ങൾ നമ്മുടെ ഭാവി തലമുറയുടെ സ്വത്താണ്.നാം അതിന്റെ സൂക്ഷിപ്പുകാർ മാത്രമാണ്.Tuesday, April 08, 2014

വല്യ വല്യുപ്പാന്റെ വീരസാഹസിക കഥ


               വീണ്ടും ഒരു തെരഞ്ഞെടുപ്പ് പ്രക്രിയക്ക് കൂടി നാം സാക്ഷ്യം വഹിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നെഞ്ചിടിപ്പും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഹൃദയമിടിപ്പും മറ്റുള്ളവര്‍ക്ക് മനം‌മടുപ്പും ഉണ്ടാക്കുന്ന ഒരു പ്രക്രിയ എന്ന് ഇന്നത്തെക്കാലത്തെ ഇലക്ഷനെ സാമാന്യമായി ആരോ ഒരാള്‍ പറഞ്ഞു.

             കോടികള്‍ ചെലവഴിച്ച് ഗവണ്മെന്റും കോടാന(ത്തിമിം‌ഗല)കോടികള്‍ ചെലവഴിച്ച് രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും അനുയായികളും വിയര്‍പ്പൊഴുക്കിയിട്ടും, ‘അവന്മാര്‍’ക്ക് ഡല്‍ഹിയില്‍ പോയി സുഖിക്കാന്‍ ഞാന്‍ എന്തിന് ഈ മീനച്ചൂടേറ്റ് വാടണം എന്ന ചിന്ത വോട്ടര്‍മാരില്‍ പലരും മനസ്സില്‍ സൂക്ഷിക്കുന്നു.അതിനാല്‍ തന്നെ സകലവിധ സൌകര്യങ്ങളും ഒരുക്കിയാണ് ഇലക്ഷന്‍ കമ്മീഷന്‍ വോട്ടര്‍മാരെ ബൂത്തിലേക്ക് ആകര്‍ഷിക്കുന്നത്.പാലും തേനും ഒഴുക്കണം എന്ന് പോലും ആഗ്രഹമുണ്ടെങ്കിലും അത് ചട്ട വിരുദ്ധം ആകുമെന്ന ഭയം കാരണം നടപ്പിലാകുന്നില്ല.എങ്കിലും സമീപ ഭാവിയില്‍, വിഭവ സ‌മൃദ്ധമായ ഒരു കല്യാണ സദ്യ ഉണ്ട് പായസോം അടിച്ച് വോട്ട് ചെയ്യുന്ന ഒരു രീതി നമുക്ക് പ്രതീക്ഷിക്കാം (അതേ , വീട്ടിലിരുന്ന് ഇതെല്ലാം കഴിച്ച് ഏമ്പക്കം വിട്ട് ഓണ്‍ലൈനായി വോട്ട് ക്ലിക്കുന്ന കാലം  !!!!)

         അന്ന് എന്റെ പേര മകന്‍/മകള്‍ അവരുടെ പേരമക്കള്‍ക്ക് ഒരു വല്യ വല്യുപ്പാന്റെ വീരസാഹസിക കഥ പറഞ്ഞു കൊടുക്കും......

ആത്മാക്കള്‍ വോട്ട്‌ ചെയ്യുന്ന സ്ഥലം..!!! എന്ന ഈ സംഭവ കഥ.

Tuesday, April 01, 2014

വിടപറയും മുമ്പേ …(ലുധിയാന 10)

ദുല്ല ഭട്ടിയും ലോഡി ആഘോഷവും…..(ലുധിയാന -9)


         ലുധിയാനയിലൂടെ ചുറ്റിക്കറങ്ങാൻ തുടങ്ങിയിട്ട് 6 ദിവസം കഴിഞ്ഞു.ഇതിനിടയിൽ യാദൃശ്ചികമായി  കണ്ടുമുട്ടിയ മൂന്ന് പഞ്ചാബികളെപ്പറ്റി പറയാതെ ഈ സഞ്ചാരം പൂർണ്ണമാവില്ല.കാരണം അത് കേരളീയരെക്കുറിച്ച് പഞ്ചാബികളുടെ എന്നല്ല ഉത്തരേന്ത്യക്കാരുടെ മുഴുവൻ അഭിപ്രായമാണ് എന്നത് തന്നെ.

വാഗ അതിർത്തിയിലേക്കുള്ള രണ്ടാം യാത്രക്കിടയിൽ ട്രെയിനിൽ വച്ചാണ് എന്റെ അടുത്ത് നിന്ന ഒരു പഞ്ചാബിപ്പയ്യൻ എന്നോട് ചോദിച്ചത് ”ആപ് കാലികറ്റ് സെ..?”

“ഹാംകൈസെ മാലും?” പെട്ടെന്ന് എന്നെ അവൻ തിരിച്ചറിഞ്ഞത് എങ്ങനെ എന്ന ആകാംക്ഷയാൽ ഞാൻ ചോദിച്ചു.എന്റെ കഴുത്തിൽ തൂങ്ങുന്ന കോളേജ് ഐ.ഡി കാർഡിന്റെ ടാഗിൽ ഗവ.എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട് എന്ന് ഇംഗ്ലീഷിൽ എഴുതിയിരുന്നു.അവൻ ആംഗ്യത്തിലൂടെ അതെന്നെ കാണിച്ചു.

“ആപ് കെ.ടി.സി മാലും? പി.വി സാമി..പി.വി.ചന്ദ്രൻ വഗൈരഹ്.”

കോഴിക്കോടെ പ്രമുഖ ഗ്രൂപ് ആയ കെ.ടി.സിയെപ്പറ്റി അവൻ ചോദിച്ചപ്പോൾ വീണ്ടും എന്റെ മനസ്സ് തുടിച്ചു.”ആപ് കൈസെ മാലും വെ?”

“കെ.ടി.സി കൊ ജലന്ധർ മേം ബ്രാഞ്ച് ഹൈ.മേം വഹാം കാം കർത ഹെ.യെ ലോഗ് ബഹുത് അച്ച ഹേ.കേരള ലോഗ് സിമ്പ്‌ൾ ഹേ.പഠ ലിഖ ഹെനാരാസ് നഹീം ഹോത ഹെ.”

നാം നല്ല വിദ്യാഭ്യാസമുള്ളവരാണെന്നും ദ്വേഷ്യപ്പെടാത്ത ലളിതമായി ജീവിക്കുന്ന നല്ല മനുഷ്യരാണെന്നും ആ പയ്യൻ എന്നെ നോക്കി പറഞ്ഞപ്പോൾ ഞാൻ അഭിമാനം കൊണ്ടു.

“ആപ് കഭീ കേരള ആയ ഹേ?”


“നഹീം.ആന ഹേമേം കേരല കൊ പസന്ത് കർത ഹേ.കേരല ലോഗോം കൊ ഭീ പസന്ത് കർത ഹേ” ജലന്ധർ സിറ്റിയിൽ ഇറങ്ങുന്നതിന് മുമ്പ് എന്നോട് വിട ചോദിക്കുമ്പോൾ കിഷൻസിങ് എന്ന ആ പയ്യൻ പറാഞ്ഞ വാക്കുകൾ എന്റെ മനസ്സിനെ പുളകം കൊള്ളിച്ചു.

******************************************************

തർലോക് സിങ് അമൃതസർ സിറ്റിയിലെ ടാക്സി ഡ്രൈവറാണ്.വാഗയിലേക്കുള്ള രണ്ടാം യാത്രയിൽ തന്നെയാണ് ഈ സൌമ്യനായ മദ്ധ്യവയസ്കനെ ഞാൻ പരിചയപ്പെടുന്നത്.അമൃതസർ സ്റ്റേഷനിൽ നിന്ന് വേഗം ടാക്സി പിടിക്കാനായി പുറത്തിറങ്ങുമ്പോൾ എന്റെ മുമ്പിൽ ഈ നീണ്ടു മെലിഞ്ഞ സിങ് എത്തിപ്പെട്ടു.

“സാർ വാഗ ബോഡർ ജാന ഹേ.സുമോ മേം ജായേഗ..കിത്ന സവാടി ഹേ?”

“പന്ദ്രഹ്.കിത്‌ന ഹോഗ?”

‘പന്ദ്ര.എക് സൌ പെർ സവാടി.”

ആദ്യത്തെ പ്രാവശ്യം ഓട്ടോയിൽ ഒരാൾക്ക് 80 രൂപ തോതിൽ കുത്തിനിറച്ച് പോയതോർക്കുമ്പോൾ ഇത് ലാഭകരമാണെന്ന് തോന്നിയിട്ടും എന്റെ മലയാളി മനസ്സ് പെട്ടെന്നുണർന്നു – അയാൾ പറയുന്നത് അങ്ങനെത്തന്നെ സമ്മതിക്കാൻ പാടില്ല, ഒരു വിലപേശൽ വേണം(നാട്ടിൽ നമ്മിൽ പലർക്കും ഏറ്റവും വലിയ നാണക്കേടായി തോന്നുന്ന സംഗതി അന്യനാട്ടിൽ നാം നന്നായി പയറ്റുന്നു).

“നബ്ബെ ദേഗ.പർസോം ഹം അസ്സി കോ ഗയ ധ

“സർ.നബ്ബേ കോ ആട്ടോ മിലേഗ.സുമോ നഹീം.”

“തൊ ചോഡൊഹം ഔർ കിസീ ഗാഡീ ദേഖേഗ” ഞാൻ ഒന്ന് ഭീഷണിപ്പെടുത്തി നോക്കി.

“സർ.ദസ് രുപയെ മേം ക്യാ ഹോത ഹേ.നബ്ബെ തൊ നബ്ബെ..ചലോ.” അങ്ങനെ ഞങ്ങൾ എല്ലാവരും സുമോയിൽ വാഗയിലേക്ക് തിരിച്ചു.

ഞങ്ങൾ ഉച്ച് ഭക്ഷണം കഴിച്ചില്ല എന്നറിയിച്ചപ്പോൾ പോകുന്ന വഴിയിൽ ഒരു പഞ്ചാബി ടാബയിൽ നിർത്തി.തർലോക് സിങിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം സ്നേഹപൂർവ്വം നിരസിച്ചു.ലുധിയാനയിൽ എത്തിയ ദിവസം ആ കൊടും തണുപ്പിൽ ധരിച്ച ഷൂവും ഷർട്ടും പാന്റ്സും അടക്കം ഒരു ബക്കറ്റ് വെള്ളം തലയിലൂടെ ഒഴിച്ചുകൊടുത്ത് ജന്മദിനം ആഘോഷിപ്പിച്ച ഹരീഷിന്റെ വകയായിരുന്നു അന്നത്തെ പഞ്ചിംഗ് ലഞ്ച്.

ഭക്ഷണം കഴിഞ്ഞ് യാത്രക്കിടയിൽ ഞാൻ തർലോക് സിങ്ങിനോട് പല കാര്യങ്ങളും സംസാരിച്ചു കൊണ്ടിരുന്നു.അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അവസ്ഥയും പഠിക്കുന്ന കുട്ടികളും ഉച്ചക്ക് ശേഷം ഇന്ന് ആദ്യമായി ലഭിച്ച ഈ ഓട്ടവും എല്ലാം ആ വർത്തമാനത്തിലൂടെ കടാന്നു പോയി.അത് കേട്ടപ്പോൾ അദ്ദേഹത്തോട് വിലപേശിയത് ശരിയായില്ല എന്ന് എനിക്ക് തോന്നി.

“കേരള ലോഗോം കൊ ഹം മാൻ‌തെ ഹേം.ക്യോകി വെ സബ് ബഡ പഠ ലിഖ ഹെലട്കിയോം ഭീ ബഹുത് പഠ ഹേ.യഹാം ലട്ക യ ലട്കി ദസ് ക്ലാസ് കെ ബാദ് പഡ്ന മുശ്കിൽ സമച്ത ഹേ.”

“ആപ് കേരള മേം ആയ ഹേ?”

“നഹീം.ആനെ കൊ ചാഹ്ത ഹേലേകിൻ അഗർ ആയ തൊ മേരെ ഗാഡി ചലേഗ നഹീം.ഗാഡി ചലേഗ ന തൊ ഫാമിലി ചലേഗ നഹീം.മേര ബച്ചോം കൊ ഖാനെ കൊ നഹീം മിലേഗ” അദ്ദേഹത്തിന്റെ പ്രാരാബ്ദ്ധങ്ങൾ എന്നെയും വിഷമിപ്പിച്ചു.

വാഗയിലെ റിട്രീറ്റ് സെറിമണിയും കണ്ട് ഷോപ്പിംഗും കഴിഞ്ഞ് സാവകാശത്തോടെ ഞങ്ങളെ അതേ സുമോയിൽ തിരിച്ച് അമൃതസർ റെയിൽ‌വേ സ്റ്റേഷനിൽ എത്തിച്ച് തർലോക് സിങ് വിടവാങ്ങുമ്പോൾ അദ്ദേഹം ആദ്യം പറഞ്ഞ സംഖ്യ ഞാൻ അദ്ദേഹത്തിന്റെ കയ്യിൽ വച്ചു കൊടുത്തു.

“ശുക്രിയ സർഅഗർ കേരള സെ കോയീ ആതെ ഹോ കൃപയ മേര നമ്പർ ദോ.”

“സരൂർധന്യവാദ്!!“ അദ്ദേഹവും യാത്രയായി

***************************************

ജലന്ധറിൽ നിന്നും തിരിച്ചു വന്ന് രാത്രി ലുധിയാനയിൽ ഞങ്ങൾ അവസാനവട്ട ഷോപ്പിങ്ങിനായി വീണ്ടും ചോട്ട മാർക്കറ്റിലൂടെ കറങ്ങി.പഞ്ചാബിന്റെ സവിശേഷമായ എന്തെങ്കിലും നാട്ടിലെത്തിക്കണം എന്ന നിശ്ചയം കാരണം അത് പഞ്ചാബി പലഹാരങ്ങൾ തന്നെയാകാം എന്ന് കരുതി. അങ്ങനെ ഞങ്ങൾ നാലഞ്ചു പേർ ‘പർകാശ് ബേക്കറി’യിൽ കയറി.
പ്രത്യേകതരം കടല മിഠായിയും ഉരുളകിഴങ്ങ് കൊണ്ടുണ്ടാക്കിയ പലഹാരങ്ങളും മധുര പലഹാരങ്ങളും എല്ലാം വാങ്ങുന്നതിനിടക്ക് അറുപത് കഴിഞ്ഞ ഒരാൾ എന്നോട് ചോദിച്ചു.

“ആപ് സൌത് ഇന്ത്യ സെ??”

“ഹാം ജീ

“മദ്രാസീ??”

“നഹീം.കേരള സെ

“വാഹ്.നമസ്തെ ജീ..ഹം പഞ്ചാബി ആപ്കൊ വെൽകം കർത ഹേ.”

“താങ്ക് യൂ സർ

“മേം എക് പ്രഫസർ ധ.അബ് റിട്ടയർ കിയ.ഹം പഞ്ചാബിയോം കേരളൊം കോ ബഹുത് ബഹുത് മാൻ‌തെ ഹെ.ക്യോംകി അഭീ ബതായേഗആപ് ക്യാ കർതെ ഹോ?”

“മേം എഞ്ചിനീയറിംഗ് കോളേജ് മേം കാം കർത ഹും..”

“അച്ചാആപ് ക്യാ കർതെ ഹോ?” കുട്ടികളിൽ ഒരാളുടെ നേരെ തിരിഞ്ഞ് ചോദിച്ചു.

“ബി ടെക് കർത ഹേ

“ഔർ ആപ്..?” പെൺകുട്ടികളിൽ ഒരാളോട് ചോദിച്ചു.

“ബി ടെക് കോ പട്തി ഹെ

“യെഹ് ഹെ ഹമാര റെസ്പെക്റ്റ് ക നിദാൻലട്ക യ ലട്കി , കേരള ക സബ് ലോഗ് അച്ച സെ അച്ച പഠ ലിഖ ഹേ.പഞ്ചാബ് മേം ഐസ നഹീം ദേഖേഗക്യാ മേം ആപ് കെ ടീം കോ പീനെ കോ ബതായേഗ.” ആരാധന മൂത്ത അദ്ദേഹം പറഞ്ഞു.

“ശുക്രിയ സർ.അബ് നഹീം ക്യോംകി ഹംകൊ ജൽദി ജാന ഹേകൽ സുബഹ് കി ട്രെയിൻ മേം കേരള വാപസ് ജാന ഹേ.”

“ഓകെസൊ വിഷ് യു എ ഹാപ്പി ജേർണി..’

അദ്ദേഹത്തിന്റെ പേര് മറന്നെങ്കിലും ആ ഊഷ്മളമായ നിമിഷങ്ങൾ മനസ്സിൽ തങ്ങി നിൽക്കുന്നു.
കേരള ജനതയെപ്പറ്റി പഞ്ചാബിന്റെ മൂന്ന് തലമുറകളുടെ മനോവിചാരങ്ങൾ ആണ് മേല്പറഞ്ഞത്. ഞാൻ ചോദിച്ചിട്ടോ നിർബന്ധിച്ചിട്ടോ അല്ല അവരാരും ഇത് പറഞ്ഞത്.നമ്മുടെ പെരുമാറ്റ രീതിയും സ്വഭാവസവിശേഷതകളും കണ്ടും കേട്ടും ദൈവത്തിന്റെ സ്വന്തം നാടിനെ മനസാ വരിച്ചിട്ടായിരുന്നു. യാദൃശ്ചികമായി എനിക്ക് കിട്ടിയ ഈ ഫീഡ്ബാക്കിൽ, പതിനെട്ടാമത് നാഷണൽ യൂത്ത്ഫെസ്റ്റിവലിലെ  കേരള എൻ.എസ്.എസ് ടീമിന്റെ നായകൻ എന്ന നിലക്ക് ഞാൻ ഏറെ അഭിമാനം കൊള്ളുന്നു.


(അവസാനിച്ചു)