Pages

Wednesday, February 27, 2013

ഞാന്‍ കണ്ട ബിനാലെ - ഭാഗം 2


                  (ഒന്നാം ഭാഗം വായിക്കാൻഇവിടെ ക്ലിക്കുക.)

ആസ്പിൻ‌വാൾ ആണ് ബിനാലെയുടെ മുഖ്യസൈറ്റ്. ഞാനും കുടുംബവും പെപ്പെർ ഹൌസിൽ നിന്നിറങ്ങി ആസ്പിൻ‌വാൾ ലക്ഷ്യമാക്കി നടന്നു.ജനം കൂട്ടമായി നടക്കുന്നതിനാൽ ദൂരം എത്രയുണ്ടെന്നോ എങ്ങനെ പോകണമെന്നോ എന്നൊന്നും ഞങ്ങൾ ചിന്തിച്ചില്ല. ആൾക്കൂട്ടത്തോടൊപ്പം ഞങ്ങളും നടന്നു.പെപ്പെർഹൌസിനും ആസ്പിൻ‌വാളിനും ഇടക്ക് മറ്റു ബിനാലെ സൈറ്റുകൾ ഉണ്ടോ എന്നറിയില്ല.പത്രത്തിൽ ബിനാലെ എന്ന് കാണുന്ന അന്നുമുതൽ കേൾക്കുന്നത് ആസ്പിൻ‌വാൾ ആയതിനാൾ അത് കാണണം എന്നതായിരുന്നു ആഗ്രഹം.
ആസ്പിൻ‌വാൾ കവാടം ജനത്തിരക്കിൽ വീർപ്പുമുട്ടുന്നുണ്ടെങ്കിലും ഞങ്ങൾ സുഗമമായി അകത്ത് കടന്നു.സൈൻ ബോർഡുകൾക്കനുസരിച്ച് ഞങ്ങളും നീങ്ങി.ശലഭങ്ങൾ കൊണ്ട് ചില ‘വൃത്തികേടുകൾ’ (എന്റെ അഭിപ്രായം) ആയിരുന്നു ആദ്യം കണ്ടത്. അല്പം കൂടി മുന്നോട്ട് പോയപ്പോൾ ഒരു താടിക്കാരനായ മൊട്ടത്തലയനും ഒരു സായിപ്പും നിൽക്കുന്നത് കണ്ടു. തൊട്ടടുത്ത് കാണുന്ന പെയ്ന്റിങ്ങുകളിൽ എല്ലാം രണ്ട് മുഖങ്ങൾ.ഒന്ന് പരിചിതമുഖം,മറ്റേത് അപരിചിതവും.പക്ഷേ പെട്ടെന്നാണ് ഒരു സംഗതി മനസ്സിലായത്.എല്ലാ ചിത്രത്തിലേയും ഒരു മുഖം കോമൺ ആണ് – ഒരു താടിക്കാരൻ.പെട്ടെന്ന് ഞാൻ പിന്നോട്ട് നോക്കി.അതേ ആ നിൽക്കുന്ന മൊട്ടത്തലയനായ താടിക്കാരൻ തന്നെ. ഗാന്ധിജിയുടെ മുഖത്ത് ഈ താടിക്കാരൻ, ചെഗ്വേരയുടെ മുഖത്തും ഈ താടിക്കാരൻ!ബിനാലെയെല്ലാം കണ്ട് ആഴ്ചകൾക്ക് ശേഷമാണ് ആ താടിക്കാരനെ മനസ്സിലായത് – ബോസ് കൃഷ്ണമാചാരി,കൊച്ചിൻ-മുസ്‌രിസ് ബിനാലെയുടെ മുഖ്യസൂത്രധാരകരിൽ ഒരാൾ.

                                            ബോസ് കൃഷ്ണമാചാരി


                                      ബോസ് കൃഷ്ണമാചാരിയുടെ പെയ്ന്റിംഗ്

ധാരാളം പേർ തള്ളിക്കയറുന്നത് കണ്ടാണ് മറ്റൊരു കുടുസ്സുമുറിയുടെ മുമ്പിൽ ഞങ്ങൾ എത്തിയത്. ഏതോ ക്ഷേത്രാങ്കണത്തിൽ എത്തിയപോലെ അവിടെ സുഗന്ധപൂരിതമായിരുന്നു. ജനങ്ങൾ അകത്തേക്ക് കയറുന്നതിന് മുമ്പ് പാദരക്ഷകൾ അഴിച്ചുവയ്ക്കുന്നതും കണ്ടു.ഞങ്ങളും മുമ്പേ ഗമിക്കും ഗോ തൻ പിമ്പേ ഗമിക്കും ഗോക്കളെല്ലാം എന്ന പോലെ അനുസരിച്ചു.അകത്ത് ഒരു പ്രതിഷ്ഠ തന്നെയായിരുന്നു.പിന്നെ കുറേ വേസ്റ്റുകൾ കൊണ്ടുണ്ടാക്കിയ അലങ്കാരങ്ങളും.അതിൽ ഏതിൽ തൊട്ടാലും ക്ഷേത്ര നടയിലെ മണി മുഴങ്ങും!അതിന്റെ ഗുട്ടൻസ് പിടികിട്ടാത്തതിനാലും അപാരമായ തിരക്ക് അനുഭവപ്പെട്ടതിനാലും ഞാൻ വേഗം പുറത്തിറങ്ങി.
അടുത്ത ഹാളിൽ സ്ക്രീനിലും പുസ്തകത്തിലും എല്ലാം സിനിമപ്രദർശനം പോലെ എന്തോ സംഗതി നടക്കുന്നു. എവിട നിന്നാണ് ഇത് പ്രൊജക്ട് ചെയ്ത് വിടുന്നത് എന്ന് മാത്രം കാണുന്നില്ല.വിവിധ തരം നെൽ‌വിത്തുകളും (നൂറിലധികം വരും എന്ന് തോന്നുന്നു) അവിടെ അടുക്കി വച്ചത് ഹൃദ്യമായ കാഴ്ചയായി.
വീണ്ടും ഒരു കുടുസ്സ് മുറിയിലേക്ക് ഞങ്ങൾ കയറി.അവിടേയും പാഴ്വസ്തുക്കൾ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. വിവിധതരം പാഴ്വസ്തുക്കൾ അടുക്കിവച്ചുകൊണ്ട് ഒരു ക്ലോക്ക്.ഓരോ സെക്കന്റിലും ക്ലോക്കിലെ ഒരു ദണ്ഠ് ഒരു മദ്ദളത്തിൽ പോയി മുട്ടും!ബാക്കി സാധനങ്ങൾ എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഏതായാലും അതോടെ കൂടുതൽ മുറികളിലേക്ക് കയറുന്നത് ഞങ്ങൾ നിർത്തി.
പുറത്ത് കായലിനരികിൽ വലിയൊരു ഉരൽ പോലെ മുളകൾ കെട്ടിയുണ്ടാക്കിയ ഒരു ഇൻസ്റ്റലേഷൻ കണ്ടു.വശങ്ങളിൽ ദീപം വയ്ക്കാനുള്ള വളയങ്ങളും കണ്ടു.അത് മുഴുവനാകാത്ത ഇൻസ്റ്റലേഷൻ ആയതിനാൽ കൂടുതൽ നേരം അതിലേക്ക് ശ്രദ്ധ കൊടുത്തില്ല.എന്നാൽ അതിന്റെ തൊട്ടപ്പുറം ഉണ്ടായിരുന്ന ഒരു ഇൻസ്റ്റലേഷൻ എന്നെ ഞെട്ടിച്ചു.ഒരു ഓട്ടോറിക്ഷയുടെ രെക്സിൻ ഷീറ്റുകളും ടയറുകളും മാറ്റി കട്ടപ്പുറത്ത് കയറ്റി വച്ചിരിക്കുന്നു!നമ്മുടെ റോഡ് വയ്ക്കുകളിൽ ഇപ്പോൾ സുലഭമായി കാണുന്ന കരിമ്പ് ജ്യൂസു് മെഷീനുകൾ ഇതിലും നല്ല ഒരു ഇൻസ്റ്റലേഷൻ ആണ്.
ആസ്പിൻ‌വാളിന്റെ മുറ്റത്ത് ഒരുക്കിയ ഒരു ഇൻസ്റ്റലേഷൻ ഞാൻ പത്രത്തിലും കണ്ടിരുനു.ഉയരത്തിൽ കെട്ടിത്തൂക്കിയിരിക്കുന്ന വലിയൊരു കിളിക്കൂട് പോലെ ഒരു സാധനം-മുളകൾ കൊണ്ട് കെട്ടിയുണ്ടാക്കിയത്.അതിലേക്ക് കയറാനായി ചാക്ക് കെട്ടുകൾ നിരത്തി വച്ച ഒരു പാത!ആരും അതിലൂടെ നടന്ന് ആ കിളിക്കൂടിലേക്ക് കയറാത്തതിനാൽ ഞങ്ങളും അതിന് മുതിർന്നില്ല.
തിരിച്ച് നാട്ടിലേക്ക് പുറപ്പെടേണ്ട സമയം അടുത്തതിനാൽ ബിനാലെയുടെ മറ്റ് സൈറ്റുകളോ ആസ്പിൻ‌വാളിലെ തന്നെ മറ്റു ഇൻസ്റ്റലേഷനുകളോ കാണാൻ ഞങ്ങൾ നിന്നില്ല.ഒരു കാര്യം മനസ്സിലായി.കേട്ട ബിനാലേയും കണ്ട ബിനാലേയും രണ്ടും രണ്ടാണ്.അതിനാൽ കേൾക്കാത്തവർ കാണുക , കണ്ടവർ കേൾക്കുക!തീർച്ചയായും അത് നിങ്ങൾക്ക് ഒരു പുതിയ അനുഭവം തന്നെയായിരിക്കും. അരീക്കോട് ബിനാലെ എന്നെങ്കിലും നടക്കുകയാണെങ്കിൽ അതിൽ ഒരു ഇൻസ്റ്റലേഷൻ തയ്യാറാക്കാൻ നിങ്ങൾക്ക് ഈ അനുഭവം ഒരു മുതൽക്കൂട്ടും ആയിരിക്കും.


കൂടുതൽ ഫോട്ടോകൾ ഇവിടെയുണ്ട്


ഞാന്‍ കണ്ട ബിനാലെ - ഭാഗം 1


          ബിനാലെ ബിനാലെ എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായിരുന്നു.ഈ പുതിയ സാധനം എന്താണെന്ന് അറിയാന്‍ വേണ്ടി അതുമായി ബന്ധപ്പെട്ട് വന്ന ഒട്ടുമിക്ക ലേഖനങ്ങളും അഭിപ്രായങ്ങളും കോപ്രായങ്ങളും ഒക്കെ വായിച്ചു നോക്കി.ഇന്‍സ്റ്റലേഷന്‍ എന്ന പേരില്‍ എന്തൊക്കെയോ കല ചെയ്തു വയ്കുന്നതാണ് ഇതിന്റെ പ്രധാന പരിപാടി എന്ന് സാമാന്യം തലച്ചോറിലേക്ക് ഫീഡ് ചെയ്തുകൊടുത്തു. രണ്ട് വര്‍ഷത്തില്‍ ഒരിക്കലേ ഇത്തരം ‘പ്രകടനങ്ങള്‍’ നടത്താവൂ (ഇല്ലെങ്കില്‍ ജനം കല്ലെറിയും) എന്ന് മറ്റ് ബിനാലെക്കാര്‍ എഴുതി വച്ചതിനാല്‍ ഇതിന് രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ എന്നര്‍ത്ഥം വരുന്ന ബൈ ആന്വല്‍ ചുരുക്കി ബിനാലെ എന്ന സുന്ദര നാമവും കിട്ടി.കൊച്ചിയില്‍ ഇപ്പോള്‍ ജനിക്കുന്ന ആണിനും പെണ്ണിനും എല്ലാം പേര് ബിനാലെ,ഇന്‍സ്റ്റ, ലേഷ, ലേഷന്‍ എന്നൊക്കെയാണ് പോലും!ഇന്ത്യയിലെ ആദ്യത്തെ ബിനാലെയെ ഓര്‍മ്മയി എന്നെന്നും സൂക്ഷിക്കാന്‍ ഏറ്റവും നല്ല വഴി ഇതു തന്നെയാണ് മലയാളീ (ആരും ആ വഴി ചിന്തിച്ചിട്ടില്ലെങ്കില്‍ ചിന്തിച്ചു തുടങ്ങാം)



           12/12/12 എന്ന അപസ്മാര ഡേറ്റില്‍ (ഒരു പ്രത്യേകതയില്ലെങ്കിലും നമ്മള്‍ ഉണ്ടാക്കുന്ന ചില പ്രത്യേകതകള്‍ ഡേറ്റുകളെ അപസ്മാരികമാക്കുന്നു) ആണ് കൊചിന്‍ - മുസ്‌രിസ് ബിനാലെ ആരംഭിച്ചത്.കലയുടെ പ്രദര്‍ശനം എന്നതല്ല മറ്റെന്തൊക്കെയോ ആണ് ബിനാലെ കൊണ്ടുദ്ദേശിക്കുന്നത് എന്ന് ഇതിന്റെ വരവില്‍ നിന്ന് തന്നെ മനസ്സിലായിരുന്നു.പക്ഷേ ഒരിക്കലും ബിനാലെയില്‍ ഞാന്‍ എത്തിപ്പെടും എന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല.ബിനാമി എന്ന് കേട്ടതും ബിലാലിനെ  സ്വപ്നം കണ്ടതും ആണ് ഇതിന്റെ അടുത്തെത്തിയ എന്റെ പ്രകടനങ്ങള്‍.എന്നിട്ടും ഞാനും കുടുംബവും അപ്രതീക്ഷിതമായി ബിനാലെയില്‍ എത്തി.സ്വപ്നത്തിലല്ല , നേരിട്ട് തന്നെ.

            ഡിസമ്പറ് 16ന് ഫോര്‍ട്ട്കൊച്ചിയിലൂടെ  വെറുതെ കുടുംബ സമേതം അലയുമ്പോളാണ് ബിനാലെ നടക്കുന്ന വിവരം പെട്ടെന്ന് മനസ്സിലെത്തിയത്. തുടക്കമായതിനാല്‍ അധികം ആള്‍ക്കാര്‍ കാഴ്ചക്കാരായി എത്തിത്തുടങ്ങിയിരുന്നില്ല.പക്ഷേ ഞായറാഴ്ച ആയതിനാല്‍ നല്ല തിരക്ക് ഉണ്ടായിരുന്നുതാനും.പ്രവേശനം ഫ്രീ ആയിരുന്നു.മിക്ക ഇന്‍സ്റ്റലേഷനുകളും ആയി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ നറ്റക്കുമ്പോഴാണ് ‘പെപര്‍ ഹൌസ്’ ശ്രദ്ധയില്‍ പെട്ടത്. ഞങ്ങളും കയറി.അത് ബിനാലെ നടക്കുന്ന പന്ത്രണ്ട് സൈറ്റുകളില്‍ ഒന്നായിരുന്നു.ആദ്യം കണ്ട ഇന്‍സ്റ്റലേഷന്‍ ഒരു സ്പ്രേ പെയിന്ററുടെ ചുമരിനെ അനുസ്മരിപ്പിച്ചു - പെയിന്റിന് പകരം ഉപയോഗിച്ചത് കരിഓയില്‍ ആണെന്ന് മാത്രം! തലങും വിലങ്ങും തല കീഴായും നേരെയും ഞങ്ങള്‍ നാല് തല കൊണ്ടും (ഞാനും ഭാര്യയും രണ്ട് മക്കളും) ആലോചിച്ചിട്ടും സംഗതി പിടികിട്ടിയില്ല.വെറുതെയല്ല ആറും ആ വഴി കയറി നോക്കാത്തത് എന്ന് ഞങ്ങള്‍ക്ക് അപ്പോള്‍ തന്നെ മനസ്സിലായി.

              പിന്നെ ഒന്നിന് പിറകെ ഒന്നായി പല റൂമിലൂടെയും ഞങ്ങള്‍ കയറിയിറങ്ങി.ഒരു ഇരുട്ടുമുറിയില്‍ സജ്ജീകരിച്ച തുണികൊണ്ടുള്ള സിലിണ്ടറിനുള്ളിലൂടെ വരുന്ന പ്രകാശം ഒരു നിശ്ചിത കോണില്‍ ചരിച്ചു കഴിഞ്ഞാല്‍ മറുവശത്ത് എത്താത്ത ഒരു കാഴ്ച ഒരു ഫിസിക്ശ് വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്നെ ആകര്‍ഷിച്ചു.മറ്റൊരു റൂമില്‍ കുറേ വയലിനുകള്‍ കെട്ടി തൂക്കിയത് എന്തിനാണെന്ന് മനസ്സിലായില്ല.പലരും ഒരു ഏണിയിലൂടെ വലിഞ്ഞുകയറി തട്ടിന്‍പുറത്ത് സ്ഥാപിച്ച ഒരു ഇന്‍സ്റ്റലേഷന്‍ കാണുന്നത് കണ്ടപ്പോള്‍ ചെറിയ മോളേയും എടുത്ത് ഞാനും വലിഞ്ഞു കയറി.കുറേ ചാക്കുകള്‍ അട്ടി വച്ചതാണ് ആ ഇന്‍സ്റ്റലേഷന്‍! എന്റെ വീട്ടിന്റെ അട്ടത്ത് (അടുക്കളയിലെ തട്ടിന്‍പുറം) ഇതിലും വൃത്തിയായി ഓലക്കൊടികള്‍ കെട്ടിവച്ചത് അരീക്കോട് ബിനാലെ വരുമ്പോള്‍ ഞാനും പ്രദര്‍ശിപ്പിക്കും, ഇന്‍ഷാ അല്ലാഹ്!!!


കൂടുതൽ ഫോട്ടോകൾ ഇവിടെയുണ്ട്

                                                                                       
                                                                              (തുടരും…)

 

Wednesday, February 20, 2013

ലുലു മോള്‍ക്ക് റാങ്ക്....

             ജീവിതത്തില്‍ നിരവധി സന്തോഷങ്ങള്‍ അനുഭവിച്ചിട്ടുണ്ട്,നിരവധി ദു:ഖങ്ങളും . ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സന്തോഷ വാര്‍ത്ത കൂടി എന്റെ കുടുംബത്തില്‍ എത്തി.അല്‍ഹംദുലില്ലാഹ് (ദൈവത്തിന് സ്തുതി) , എന്റെ മൂത്ത മകള്‍ ഐഷ നൌറ എന്ന ലുലുമോള്‍ക്ക് , വിദ്യ കൌണ്‍സില്‍ സംഘടിപ്പിച്ച സംസ്ഥാനതല ടാലന്റ് സര്‍ച്ച് പരീക്ഷയില്‍ എട്ടാം ക്ലാസ്സില്‍ ഒന്നാം റാങ്ക് ലഭിച്ചു !പൊതു വിജ്ഞാനം, മെന്റല്‍ എബിലിറ്റി , പാഠ്യവിഷയങ്ങള്‍ എന്നിവയിലെ പ്രാവീണ്യമാണ് ഈ പരീക്ഷയിലൂടെ പരിശോധിക്കുന്നത്.അവാര്‍ഡ് ദാനം ഇക്കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് പാരമൌണ്ട് ടവറില്‍ വച്ച് നടന്നു.

            മുമ്പ് എല്‍.പി.ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ ഗുരുശിഷ്യ സ്കോളര്‍ഷിപ്പും പി.സി.എം സ്കോളര്‍ഷിപ്പും നേടിയിരുന്നെങ്കിലും ആദ്യത്തെ പത്ത്റാങ്കുകളില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.പിതാവ് എന്ന നിലയില്‍ ഈ നേട്ടത്തില്‍ എന്റെ സംഭാവന വട്ടപൂജ്യമാണ്.ഔദ്യോഗിക തിരക്കുകള്‍ കാരണം ഈ വര്‍ഷം  മക്കള്‍ രണ്ടു പേരുടേയും പഠനത്തില്‍ ശ്രദ്ധ കൊടുക്കാന്‍ എനിക്ക് സാധിച്ചിട്ടേ ഇല്ല.


             മകള്‍ പഠിക്കുന്ന കൊടിയത്തൂര്‍ വാദിറഹ്മ ഇംഗ്ലീഷ് സ്കൂളില്‍ ഒരു ഒന്നാം റാങ്ക് എത്തുന്നത് ആദ്യമായിട്ടാണ് എന്ന് പ്രിന്‍സിപ്പള്‍ പറഞ്ഞു.സ്കൂള്‍ മൊത്തം ഇതിന്റെ സന്തോഷത്തില്‍ ഞങ്ങളോടൊപ്പം പങ്ക് ചേരുന്നു.