Pages

Showing posts with label കായികം. Show all posts
Showing posts with label കായികം. Show all posts

Friday, December 30, 2022

ദി ഡി മരിയ എഫെക്ട്

അപ്രതീക്ഷിത സഹായം എത്തിക്കുന്ന, ദൈവത്തിന്റെ ദൂതരെയാണ് മാലാഖ അഥവാ എയ്ഞ്ചൽ എന്ന് വിളിക്കുന്നത്.അർജന്റീന ടീമിൽ അത്തരം ഒരു എയ്ഞ്ചൽ ഉണ്ട്.ലയണൽ മെസ്സിയുടെ നിഴലിൽ ഒതുങ്ങിക്കൂടുന്ന സാക്ഷാൽ എയ്ഞ്ചൽ ഡി മരിയ എന്ന മിഡ്‌ഫീൽഡർ.നീണ്ടു മെലിഞ്ഞ ആ കാലുകളിൽ നിന്ന് വഴിമാറിപ്പോകാൻ പന്തിന് പോലും മടിയാണ് എന്ന് തോന്നിപ്പോകും ഈ മാലാഖയുടെ കളി കണ്ടാൽ.

ഡി മരിയയുടെ സഹായം അർജന്റീനയ്ക്ക് ആവശ്യം വരുന്നത് ഫൈനൽ മത്സരങ്ങളിലാണ്. മെസ്സി അമിത സമ്മർദ്ദത്തിൽ ഉഴറുമ്പോൾ രക്ഷകനാകുന്നത് ഡി മരിയ ആയിരിക്കും.ഇക്കഴിഞ്ഞ ലോകകപ്പ് ഫൈനലിലും നാം അത് ദർശിച്ചതാണ്. ഡി മരിയ കളത്തിലുള്ളപ്പോൾ അർജന്റീനയുടെ ആക്രമണങ്ങൾക്ക് മൂർച്ചയുണ്ടായിരുന്നു.ഡി മരിയയുടേതടക്കം രണ്ട് ഗോളുകൾ അടിച്ച് ടീം സെറ്റ് ആയി എന്ന് തോന്നിയ നിമിഷത്തിൽ അർജന്റീന കോച്ച് ഡി മരിയയെ പിൻവലിച്ചു.അതോടെ കളി അർജന്റീനയുടെ കയ്യിൽ നിന്നും വഴുതിത്തുടങ്ങി.കൈലിയൻ എംബാപ്പേ രണ്ട് ഗോളുകളും തിരിച്ചടിച്ചപ്പോൾ സൈഡ് ബെഞ്ചിലിരുന്ന് കണ്ണീർ വാർക്കുന്ന ഡി മരിയയെ ലോകം മുഴുവൻ കണ്ടു.

മറഡോണക്ക് ശേഷം അർജന്റീന ഫുട്ബാൾ ടീം നേടിയ രാജ്യാന്തര കപ്പുകളിൽ എല്ലാം ഡി മരിയയുടെ കാലൊപ്പ് പതിഞ്ഞിട്ടുണ്ട്.2008 ൽ ബീജിംഗ് ഒളിമ്പിക്സിൽ നൈജീരിയയെ തോല്പിച്ച് ഒളിമ്പിക് ഫുട്ബാൾ സ്വർണ്ണം നിലനിർത്തിയപ്പോൾ ഫൈനലിലെ ഏക ഗോളിന്റെ ഉടമ ഡി മരിയ ആയിരുന്നു. 2014 ൽ ഫിഫ ലോകകപ്പിൻറെയും 2015 ലും 2016 ലും കോപ്പ അമേരിക്ക ഫൈനലിലും അർജന്റീന എത്തിയെങ്കിലും ഡി മരിയയുടെ ബൂട്ടിൽ നിന്ന് ഗോൾ പിറന്നില്ല.മൂന്നിലും അർജന്റീന പരാജയപ്പെടുകയും ചെയ്തു.

2021 ൽ ബ്രസീലിനെ അവരുടെ നാട്ടിൽ വച്ച് മുട്ടുകുത്തിച്ച് അർജന്റീന കോപ്പ അമേരിക്ക കപ്പ് നേടുമ്പോൾ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ ആദ്യത്തെ അന്താരാഷ്ട്ര കിരീടമായിരുന്നു അത്.മിശിഹായ്ക്ക് വേണ്ടി മാലാഖയായി അവതരിച്ച് ഫൈനലിലെ ഏക ഗോൾ അടിച്ചത് എയ്ഞ്ചൽ ഡി മരിയയും.കോപ്പ അമേരിക്ക ചാമ്പ്യന്മാരും യൂറോപ്യൻ ചാമ്പ്യന്മാരും തമ്മിലുള്ള ഫൈനലിസിമയിൽ ഇറ്റലിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തപ്പോൾ അതിലൊരു ഗോൾ ഡി മരിയയുടെ പേരിലായിരുന്നു.ഇപ്പോഴിതാ 2022 ൽ ഫ്രാൻസിനെ തോല്പിച്ച് ലോകകിരീടം ചൂടിയപ്പോഴും മെസ്സിക്ക് കട്ട സപ്പോർട്ടുമായി ഒരു ഗോൾ അടിച്ചുകൊണ്ട് എയ്ഞ്ചൽ ഡി മരിയ എന്ന നിശബ്ദ താരം അർജന്റീനയുടെ  സാക്ഷാൽ മാലാഖയാകുന്നു.

അർജന്റീന ഫൈനലിൽ എത്തുകയും ഡി മരിയ ഒരു ഗോളടിക്കുകയും ചെയ്‌താൽ പിന്നെ എതിർ ടീം കപ്പിൽ മുത്തമിടില്ല എന്ന് നാലാം തവണയും തെളിഞ്ഞു.അതാണ് ദി ഡി മരിയ എഫെക്ട്.ഇനിയും ഈ മാലാഖയുടെ അവതാരങ്ങൾ ഫുട്ബാൾ ലോകം ആകാംക്ഷയോടെ കാത്ത് നിൽക്കുന്നു.

Wednesday, December 28, 2022

മരുഭൂമിയിലെ നത്തോലികൾ

ഖത്തറിൽ വേൾഡ് കപ്പ് മത്സരങ്ങൾ തുടങ്ങുന്നതിന്റെ തലേ ദിവസം എന്റെ നാട്ടിൽ മീഡിയാ വൺ ചാനലിന്റെ ഒരു OB വാൻ വന്നു. വിവിധ നാടുകളിലെ ലോകകപ്പിന്റെ ആവേശം പ്രേക്ഷകരിൽ എത്തിക്കുക എന്നതായിരുന്നു Road Kick എന്ന ആ പരിപാടിയുടെ ഉദ്ദേശം. ഞാനും സുഹൃത്തുക്കളോടൊപ്പം അതൊന്ന് കാണാൻ പോയി(ഇവിടെ ക്ലിക്ക് ചെയ്താൽ കാണാം). അന്നവിടെ കൂടിയവരിൽ തൊണ്ണൂറ്റി ഒമ്പത് ശതമാനവും അർജന്റീന അല്ലെങ്കിൽ ബ്രസീലിന്റെ ഫാൻസ് ആയിരുന്നു. ബാക്കിയുള്ളവർ പോർച്ചുഗൽ,ജർമ്മനി, ഇംഗ്ലണ്ട്, ബെൽജിയം എന്നീ രാജ്യങ്ങളെ പിന്തുണക്കുന്നവരും.

കളി തുടങ്ങി മൂന്നാം ദിവസം തന്നെ അർജന്റീന ഫാൻസ് ഞെട്ടിത്തരിച്ചു പോയി. നിഷ്പ്രയാസം തോൽപിക്കാം എന്ന് കരുതിയ സൗദി അറേബ്യയോട് മെസ്സിയും കൂട്ടരും 2-1 ന്റെ തോൽവി ഏറ്റുവാങ്ങിയപ്പോൾ ഖത്തറിൽ പല തലകളും ഉരുളും എന്നതിന്റെ സൂചനയായി അത് മാറി. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ഈ തോൽവി എന്നത് കൂടുതൽ ഷോക്കിംഗ് ആയി. അന്ന് മുതൽ ഖത്തറിന്റെ മരുഭൂമിയിൽ നത്തോലികൾ നീന്താൻ തുടങ്ങി.

സൗദി അറേബ്യ നൽകിയ ഊർജ്ജം ആവാഹിച്ചെടുത്തത് ജപ്പാനായിരുന്നു. ലോകകപ്പിൽ മികച്ച പ്രകടനങ്ങളുടെ ചരിത്രമുള്ള ജർമ്മനി ആദ്യ കളിയിൽ തന്നെ ജപ്പാന് കീഴടങ്ങി (2-1). ലീഡെടുത്ത ശേഷമായിരുന്നു ജർമ്മനിയുടെയും തോൽവി.താമസിയാതെ പ്രഥമ റൗണ്ടിൽ തന്നെ ജർമ്മനി പുറത്താവുകയും ചെയ്തു. 

അന്ന് തന്നെ ആരും ശ്രദ്ധിക്കാതെ പോയ ഒരു മത്സരത്തിൽ നിലവിലുള്ള റണ്ണേഴ് അപ്പായ ക്രൊയേഷ്യയെ ആഫ്രിക്കയിൽ നിന്നുള്ള മൊറോക്കോ ഗോൾ രഹിത സമനിലയിൽ കുരുക്കി , വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ ഒരു സൂചന നൽകി.മൂന്ന് ദിവസം കഴിഞ്ഞ് മൊറോക്കോ തകർത്തത് ഈ ലോകകപ്പിൽ മുത്തമിടും എന്ന് കരുതിയ ലോക രണ്ടാം നമ്പറുകാരായ ബെൽജിയത്തെയായിരുന്നു. നത്തോലികൾക്ക് സ്രാവിന്റെ ശക്തിയും ഉണ്ടാകാം എന്ന് അന്ന് തെളിഞ്ഞു. 

മൂന്ന് ദിവസം കൂടി കഴിഞ്ഞ് ടുണീഷ്യ എന്ന നത്തോലി പുളഞ്ഞപ്പോൾ വഴി മാറിക്കൊടുത്തത് നിലവിലുളള ചാമ്പ്യന്മാരായിരുന്ന ഫ്രാൻസ് എന്ന കൊമ്പൻസ്രാവ് ആയിരുന്നു.രണ്ട് ദിവസം കഴിഞ്ഞ് ജപ്പാൻ സുനാമി ആർത്തിരമ്പിക്കയറിയത് സ്പെയിനിന് മുകളിലായിരുന്നു (2-1). അതേ സ്കോറിന് കൊറിയ, പറങ്കികളെയും കൊത്തി നുറുക്കിയപ്പോൾ യൂറോപ്യൻ ഫുട്ബാളിന്റെ അപ്പോസ്തലർ എല്ലാം ഏഷ്യൻ ഫുട്ബാളിന്റെ ശക്തി മനസ്സിലാക്കി.അതും കഴിഞ്ഞാണ് ലോകം വീണ്ടും ഞെട്ടിത്തരിച്ച് പോയത്.  അവസാന നിമിഷത്തിലെ ഗോളിൽ കാമറൂണിന് മുന്നിൽ സാക്ഷാൽ നെയ്മറും സംഘവും നാണം കെട്ടു.

നോക്ക്ഔട്ട് റൗണ്ടിൽ മൊറോക്കോ വീണ്ടും ഞെട്ടിച്ചു. വീണത് മുൻചാമ്പ്യന്മാരായ സ്പെയിൻ ആയിരുന്നു.ക്വാർട്ടർ ഫൈനലിൽ പെനാൽട്ടി ഷൂട്ടൗട്ടിലൂടെ ക്രൊയേഷ്യ ബ്രസീലിനെ വിമാനം കയറ്റിയപ്പോൾ മൊറോക്കോ മറുപടിയില്ലാത്ത ഒരു ഗോളിന് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും സംഘത്തെയും മടക്കി അയച്ചുകൊണ്ട് ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മാറി.സെമിയിലും ഫൈനലിലും അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല.ആദ്യ കളി തോറ്റ അർജന്റീന കപ്പുമായി (Click & Read) മടങ്ങി.

ഫോട്ടോ കടപ്പാട് : ഗൂഗിള്‍

ലാറ്റിനമേരിക്കക്കും യൂറോപ്പിനും പുറത്ത് നിന്ന് ഇതുവരെ ഒരു ലോകചാമ്പ്യൻ ഫുട്ബാളിൽ ഉയർന്ന് വന്നിട്ടില്ല. പക്ഷേ, ഖത്തർ വേൾഡ് കപ്പ് അവരെയെല്ലാം ഒരു പാഠം പഠിപ്പിച്ചു; ഈ രണ്ട് ഭൂഖണ്ഡങ്ങൾക്കും അപ്പുറവും ഫുട്ബാൾ ശക്തിപ്രാപിക്കുന്നുണ്ട്. സമീപ ഭാവിയിൽ ആ സ്വർണ്ണകപ്പിൽ മുത്തമിടാൻ , മരുഭൂമിയിൽ നീന്താൻ ആരംഭിച്ച ഈ നത്തോലികൾ കൊമ്പൻ സ്രാവുകളായി പരിണമിക്കും എന്ന് ഓർത്തിരിക്കുക. 

NB:നത്തോലി ചെറിയ ഒരു മീനല്ല.

ദി ഡി മരിയ എഫെക്ട് ഇവിടെ വായിക്കുക

Wednesday, December 21, 2022

ആ കാവ്യനീതി പുലർന്നു

ഒടുവിൽ ഒരു കാവ്യനീതി പോലെ ലയണൽ മെസ്സി ആ സ്വർണ്ണക്കപ്പിൽ മുത്തം വച്ചു. നിലവിലുള്ള ചാമ്പ്യന്മാരായ ഫ്രാൻസിനെ മുട്ടുകുത്തിക്കുമ്പോൾ , കഴിഞ്ഞ ലോകകപ്പിൽ തങ്ങളെ നാട്ടിലേക്ക് വിമാനം കയറ്റിയ ടീമിനോടുള്ള പ്രതികാരം കൂടിയായി അത് മാറി. ഫൈനലിൽ കവാത്ത് മറക്കുന്നവൻ എന്ന ശാപത്തിൽ നിന്നും മെസ്സിക്ക് മോചനവുമായി .


ടെലിവിഷൻ നമ്മുടെ നാട്ടിൽ വന്ന് തുടങ്ങിയ 1990 മുതൽ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഞാൻ കാണാറുണ്ട്. പക്ഷെ ഇതുവരെ ഇത്രയും ആകാംക്ഷ നിറഞ്ഞ, ഞെരമ്പുകൾ വലിഞ്ഞ് മുറുകിയ , ആവേശം പരകോടിയിലെത്തിയ ഒരു മത്സരം കണ്ടിട്ടില്ല.  ഫൈനൽ വരെ ടീമിനെ തോളിലേറ്റിയ എംബാപ്പെയെ ഒന്ന് ക്ലോസപ്പിൽ കാണാൻ പോലും കിട്ടാതെ എൺപതാം മിനുട്ട് വരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ഫ്രാൻസ് പെട്ടെന്ന് തന്നെ കീഴടങ്ങും എന്നായിരുന്നു മത്സരം വീക്ഷിച്ച എല്ലാവരുടെയും ധാരണ. 

പക്ഷേ, കാലിൽ കൊരുത്ത പന്തിനെ വലയിൽ കയറ്റാതെ വിടാൻ ഒരുക്കമില്ലാത്ത എംബാപ്പെ വിശ്വരൂപം പ്രാപിച്ചത് കിരീടം കൈയിൽ നിന്നും വഴുതുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴാണ്. ഓരോ അടിക്കും തിരിച്ചടി നൽകി ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയപ്പോൾ പലപ്പോഴും ശ്വാസം പോലും നിലച്ചു പോയി. മെസ്സിയുടെ അടിക്ക് എംബാെപ്പയുടെ തട എന്ന രീതിയിൽ കളി പുരോഗമിച്ചപ്പോൾ രണ്ട് മണിക്കൂർ നേരത്തേക്ക് ലോകം മുഴുവൻ ആ കുഞ്ഞ് പന്തിന്റെ ഗതികൾ നിരീക്ഷിച്ചിരുന്നു പോയി.

വിശ്വകിരീടത്തിന് പുറമെ ഗോൾഡൻ ബോളിനും ഗോൾഡൻ ബൂട്ടിനും കൂടി ഈ ഫൈനൽ പോരാട്ടം നിർണ്ണായകമായിരുന്നു.തോൽവിയോടെ തുടങ്ങി അവസാനം വിശ്വവിജയികളാക്കി അർജന്റീനയെ മാറ്റിമറിച്ച ലയണൽ ആന്ദ്രെ മെസ്സി എന്ന മിശിഹാ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബാൾ ഏറ്റുവാങ്ങിയപ്പോൾ അത് അർഹതക്കുള്ള അംഗീകാരമായി.ക്ലബ്ബ് ഫുട്ബാളിൽ ഒരേ ടീമിനായി കളിക്കുന്ന മെസ്സിയും എംബാപ്പയും ഇഞ്ചോടിഞ്ച് പോരാടിയപ്പോൾ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് എംബാപ്പെയും കരസ്ഥമാക്കിയതോടെ ഫൈനൽ മത്സരം കണ്ട എല്ലാവർക്കും ആശ്വാസവുമായി.


 ഫുട്ബാളിലെ ഏതാണ്ട് എല്ലാ റിക്കാർഡുകളും പങ്കിട്ടെടുക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും ഫിഫ വേൾഡ് കപ്പ് കയ്യിലേന്താൻ ഒരു അവസരം ലഭിച്ചിരുന്നില്ല.ഈ ലോകകപ്പോടെ ഈ രണ്ട് ഇതിഹാസങ്ങളും ലോകകപ്പ് മത്സരങ്ങളോട് വിട പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആ സ്വപ്നം സഫലീകരിക്കാൻ സാധിച്ചില്ല.പക്ഷെ, കഠിനപ്രയത്നത്തിന്റെ  പര്യായമായ മെസ്സി, ഒരു കുഞ്ഞിനെ എന്നപോലെ ആ ട്രോഫിയിൽ തലോടുമ്പോൾ ലോകത്തെ എല്ലാ സോക്കർ പ്രേമികളും ഉറക്കെ പറയുന്നു..." യൂ ഡിസർവ് ഇറ്റ് മെസ്സി , യൂ ആർ ദ ലജന്റ് ഓഫ് സോക്കർ വേൾഡ് " .

വേൾഡ് കപ്പിന്റെ ആരവം തൽക്കാലം നിലക്കുമ്പോൾ ഒരു കാര്യം വ്യക്തമാവുന്നു.ഇന്ന് മെസ്സിയുടെ പേരിലുള്ള സകല റിക്കാർഡുകളും താമസിയാതെ എംബാപ്പെ സ്വന്തം പേരിലാക്കും. പത്തൊമ്പതാം വയസ്സിൽ റഷ്യയിൽ തുടങ്ങിയ ആ പട്ടാഭിഷേകം ഖത്തറിലും തുടർന്നു.ഇനി മെക്സിക്കോയിലും തുടരും, ഇൻഷാ അല്ലാഹ്.

Wednesday, December 14, 2022

ഫീനിക്സ് പക്ഷികൾ

ടെലിവിഷനും ഇന്റർനെറ്റും ഇല്ലാത്ത കാലത്ത് സ്പോർട്സ്റ്റാർ എന്ന മാഗസിനിലൂടെ അറിഞ്ഞ (എന്റെ അനുഭവം) മറഡോണയെന്ന ഫുട്ബാൾ മാന്ത്രികനിലൂടെയായിരുന്നു അർജന്റീന എന്ന രാജ്യം മലപ്പുറത്ത് പേരെടുത്തത്.അതുകൊണ്ട് തന്നെയായിരിക്കാം മലപ്പുറത്ത് അന്നും ഇന്നും സോക്കർ ആരാധകർ കൂടുതലുള്ള രാജ്യമായി അർജന്റീന തുടരുന്നത്.പക്ഷെ മറഡോണ കളം വിട്ടതോടെ അർജന്റീന എന്റെ മനസ്സിൽ നിന്നും കൂടൊഴിഞ്ഞു.ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ അതേ അർജന്റീനയിൽ നിന്നുള്ള ലയണൽ മെസ്സി എന്ന സിംഹമാണ് ഫുട്ബാളിലെ സകല സിംഹാസനത്തിലും കയറി നിൽക്കുന്നത്.അർജന്റീനയും ബാഴ്‌സലോണയും എന്റെ ഇഷ്ട ടീമല്ലെങ്കിലും മെസ്സി മാജിക്കിൽ ഞാനും ആകൃഷ്ടനായി.

" ഫുട്ബാൾ മൈതാനത്ത്, കഴുകന്റെ കണ്ണും പുള്ളിപ്പുലിയുടെ വേഗതയും കുറുക്കന്റെ കൌശലവും സിംഹത്തിന്റെ ഗാംഭീര്യവും സമന്വയിപ്പിച്ച് ചിത്രശലഭം പോലെ പാറിക്കളിക്കുന്ന  ഒരു പാവം പയ്യൻ എന്ന് ഒറ്റ വാചകത്തിൽ മെസ്സിയെ പരിചയപ്പെടുത്താം " 

 2013 ൽ തുടർച്ചയായി നാലാം തവണയും ഫിഫ ബാലൺ ഡി ഓർ (FIFA Ballon d'Or) പുരസ്കാരത്തിനായി ലയണൽ മെസ്സി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഞാൻ എൻറെ ബ്ലോഗിൽ കുറിച്ച വരികളാണിത് (പൂർണ്ണമായും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) വീണ്ടും നാല് തവണ കൂടി ബാലൺ ഡി ഓർ നേടി സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയെയും ബഹുദൂരം പിന്നിലാക്കി മെസ്സി സോക്കർ ലോകത്തെ സിംഘമായി ഗർജ്ജനം തുടർന്നു.പക്ഷേ, വർഷങ്ങൾ കാത്തിരുന്നിട്ടും ഒരു അന്താരാഷ്‌ട്ര ഫുട്ബാൾ കിരീടം സ്വന്തം നാട്ടിലെത്തിക്കാൻ മെസ്സിക്ക് സാധിക്കാത്തത് ഈ നേട്ടങ്ങൾക്കിടയിലും വിമർശനങ്ങളുടെ കൂരമ്പുകൾ ഏറ്റുവാങ്ങാൻ ഇടയാക്കി. 

2021 ജൂലൈ 10ന് നിലവിലുള്ള ചാമ്പ്യന്മാരായ സാക്ഷാൽ ബ്രസീലിനെ അവരുടെ നാട്ടിൽ വച്ച് മലർത്തിയടിച്ച് കോപ്പ അമേരിക്ക കപ്പ് എന്ന ആദ്യ അന്താരാഷ്‌ട്ര ഫുട്ബാൾ കിരീടം ലയണൽ മെസ്സി ഉയർത്തിയപ്പോൾ ഞാൻ ബ്ലോഗിലിട്ട കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയായിരുന്നു.
"ഫുട്ബാൾ ആരാധകരുടെ കണ്ണ് ഇനി ഖത്തറിലേക്കാണ്. കോപ്പയിലെ വിജയം ചായക്കോപ്പയിലെ കൊടുങ്കാറ്റ് ആയിരുന്നില്ല എന്ന് 2022 ലോക കപ്പിൽ മെസ്സിക്കും കൂട്ടർക്കും തെളിയിക്കേണ്ടതുണ്ട്. പേരുദോഷം കഴുകിക്കളഞ്ഞ ടീമിന്റെ പടയോട്ടത്തിന്റെ തുടക്കമാകുമോ കോപ്പയിലെ ബ്രസീലിനെതിരെയുള്ള വിജയം ? കാത്തിരുന്ന് കാണാം".(പൂർണ്ണമായും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

ആരാധകരുടെ മനസ്സിൽ വാനോളം പ്രതീക്ഷകൾ ഉയർത്തി ഖത്തറിൽ ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ, എല്ലാവരും എഴുതിത്തള്ളിയ സൗദി അറേബ്യക്ക് മുന്നിൽ ഫുട്ബാളിലെ രാജകുമാരൻ ശിരസ്സ് നമിച്ചപ്പോൾ ലോകം മുഴുവൻ ഞെട്ടി.ഈ ലോകകപ്പിൽ എന്റെ ഫേവറിറ്റ് ടീം ഇംഗ്ലണ്ട് ആയിരുന്നെങ്കിലും (ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റു മടങ്ങി) സഹപ്രവർത്തകൻ റഹീമിന്റെ ദുഃഖം കണ്ട ഞാൻ പറഞ്ഞു - "1990ൽ നിലവിലുള്ള ചാമ്പ്യൻമാർ എന്ന പരിവേശത്തോടെ ഇറ്റലിയിൽ ആദ്യ കളിക്കിറങ്ങിയ അർജന്റീന കാമറൂണിനോട് തോറ്റു കൊണ്ടാണ് തുടങ്ങിയത്.പക്ഷെ അന്ന് കളി അവസാനിപ്പിച്ചത് ഫൈനലിൽ ആയിരുന്നു.ഈ വർഷവും നമുക്ക് അങ്ങനെ പ്രതീക്ഷിക്കാം."

ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ മെക്സിക്കോയെയും മൂന്നാം മത്സരത്തിൽ പോളണ്ടിനെയും തകർത്ത് പ്രീക്വാർട്ടറിൽ കയറിയ അർജന്റീന, ആസ്‌ട്രേലിയയെ കെട്ടുകെട്ടിച്ച് ക്വാർട്ടറിലേക്ക് മുന്നേറി.ക്വാർട്ടറിൽ നെഡർലാന്റിനെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ മുട്ടുകുത്തിച്ച് സെമിയിൽ കയറി.ചിര വൈരികളായ ബ്രസീലിനെ നിലം പരിശാക്കി എത്തിയ ക്രൊയേഷ്യ ആയിരുന്നു സെമിയിൽ എതിരാളി.2018 റഷ്യൻ ലോകകപ്പിൽ തങ്ങളെ 3 - 0 ന് നാണം കെടുത്തിയ ക്രൊയേഷ്യയെ അതേ സ്‌കോറിൽ പുറത്താക്കുമ്പോൾ മെസ്സി എന്ന മാന്ത്രികന്റെ മുഖത്ത് കളിക്കിടയിൽ ആദ്യമായി നിലാവുദിക്കുന്നത് എല്ലാവരും ദർശിച്ചു.ഒരു ഫീനിക്സ് പക്ഷിയെ പോലെ അയാൾ മൈതാനത്ത് ചിറകടിച്ചുയർന്നു.

ഇനി കപ്പിനും ചുണ്ടിനും ഇടയിൽ നിലവിലുള്ള ചാമ്പ്യന്മാരായ ഫ്രാൻസ്  മാത്രം.റിക്കാർഡുകൾ കുന്നു കൂട്ടിയ ഭൂമിയിലെ ഒരേ ഒരു ഫുട്ബാൾ രാജാവ് കിരീടം വയ്ക്കുമോ അതല്ല ഉടയ്ക്കുമോ എന്ന് കണ്ടറിയാം.

                                                          ഫോട്ടോ കടപ്പാട് : ഗൂഗിള്‍



Tuesday, January 20, 2015

ലോകറെക്കോഡിൽ ഞാനും !!



                         ദേശീയ ഗെയിംസിനെ ചുറ്റിപ്പറ്റി നിരവധി അന്ത:പുര വാർത്തകളും പൂമുഖ വാർത്തകളും വന്നുകൊണ്ടിരിക്കുന്നുണ്ട്. ഐക്യം ഒരു കാര്യത്തിലും ഉണ്ടാകരുത് എന്ന് ദൃഢപ്രതിജ്ഞ എടുത്തപോലെയാണ് ഗെയിംസിന്റെ കാര്യത്തിലും അനുഭവപ്പെടുന്നത്.രാഷ്ട്രീയ പ്രേരിതവും അല്ലാത്തതുമായ നിരവധി ആരോപണങ്ങൾ ഉണ്ടെങ്കിലും  ഇന്ന് കേരളത്തിന്റെ ഏതാണ്ട് എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും അരങ്ങേറിയ ദേശീയ ഗെയിംസിനോടനുബന്ധിച്ചുള്ള റൺ കേരള റൺ എന്ന കൂട്ടയോട്ടത്തിൽ ഞാനും പങ്കെടുത്തു.ലോകത്ത് ഇന്നേവരെ ഇത്രയും പേർ പങ്കെടുത്ത കൂട്ടയോട്ടം ഉണ്ടായിട്ടില്ല എന്ന് അവകാശവാദം ഉയർത്തുന്നതിനാൽ ഈ ലോകറെക്കോഡിൽ ഞാനും പങ്കാളിയായി.  

    

                       വെസ്റ്റ്‌ഹിൽ നിന്ന് ചക്കോരത്ത്കുളം വരെയുള്ള 2 കിലോമീറ്റർ ദൂരമായിരുന്നു ഞാനും എൻ.എസ്.എസ് വളണ്ടിയർമാരും ഇടത്-വലത് ചേരിതിരിവില്ലാതെ അല്പം ചില സ്റ്റാഫ് അംഗങ്ങളും ഓടിയത്. മഹത്തായ കായികപാരമ്പര്യമുള്ള ഒരു നാട്ടിലെ താമസക്കാർ എന്ന നിലക്ക് കേരളത്തിന്റെ ഏകമനസ്സും സ്പോട്സ് സ്നേഹവും ഉയർത്തിക്കാണിക്കാനുള്ള നല്ല ഒരവസരമായിരുന്നു ഈ കൂട്ടയോട്ടം. അതാണ് പലതിന്റേയും പേരിൽ നാം കളഞ്ഞുകുളിച്ചത്.പോയ ബസ്സിന് കൈ കാണിച്ചിട്ട് ഇനി കാര്യമില്ലാത്തതിനാൽ അതേപറ്റി അധികം പറയുന്നില്ല.                

                 വരാൻ പോകുന്ന ഗെയിംസിലെങ്കിലും ചേരിതിരിവില്ലാതെ നല്ല ടീമുകളെ പ്രോത്സാഹിപ്പിക്കാനും നമ്മുടെ അതിഥികളായി വരുന്ന അന്യ സംസ്ഥാനത്തിലെ കായിക താരങ്ങളെ പുഞ്ചിരിയോടെ സ്വീകരിക്കാനും അതിലേറെ ഊഷ്മളമായി ഗെയിംസിന് ശേഷം വിട നൽകാനും കഴിഞ്ഞാൽ നാം അവകാശപ്പെടുന്ന ദൈവത്തിന്റെ സ്വന്തം നാട് അവർക്ക് അനുഭവത്തിലൂടെ അറിയാനാകും.ഗെയിംസിന്റെ പേരിൽ കേട്ടുകൊണ്ടിരിക്കുന്ന എല്ലാ ‘കഥ’കളും, സത്യമായാലും കള്ളമായാലും മറ്റുള്ളവർക്ക് മുമ്പിൽ നാം നമ്മെത്തന്നെ കൊച്ചാക്കാതിരിക്കാൻ ശ്രദ്ധിക്കുക. കേരളത്തിൽ നടന്ന ദേശീയ ഗെയിംസ് എല്ലാവരുടേയും മനസ്സിൽ കേരളം പോലെ പച്ച പിടിച്ചു നിൽക്കട്ടെ.


Sunday, January 11, 2015

നാഷണൽ ഗെയിംസിന് അരീക്കോടനും !

മുപ്പത്തിഅഞ്ചാമത് നാഷണൽ ഗെയിംസ് മുൻ‌നിശ്ചയപ്രകാരം നടക്കുകയാണെങ്കിൽ ഈ വരുന്ന ജനുവരി 31ന് തിരുവനന്തപുരത്ത് തുടക്കം കുറിക്കപ്പെടും. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, ആലപ്പുഴ, കൊച്ചി , തൃശൂർ,കോഴിക്കോട്,കണ്ണൂർ എന്നീ പട്ടണങ്ങളും ഗെയിംസ് വേദിയാകുന്നുണ്ട്. ഇപ്പറഞ്ഞ സ്ഥലങ്ങളിൽ വിവിധ വേദികളിലായി വിവിധ തരം മത്സരങ്ങളാണ് അരങ്ങേറുന്നത്.

കോഴിക്കോട് നഗരത്തിൽ നാല് വേദികളാണ് ഗെയിംസിനായി ഒരുങ്ങുന്നത്.കോർപ്പറേഷൻ സ്റ്റേഡിയവും മെഡിക്കൽ കോളേജ് ഗ്രൌണ്ടും പുരുഷ ഫുട്ബാൾ മത്സരങ്ങൾക്ക് വേദിയാകും. ഇൻഡോർ സ്റ്റേഡിയം വോളിബാൾ മത്സരങ്ങൾക്കും ബീച്ച്, ബീച്ച് വോളിബാളിനും വേദിയാകും.

ഓരോ വേദിയിലേക്കും വെന്യൂ  മാനേജർ എന്ന പേരിൽ ഒരാളെ വീതം പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാല് വർഷം കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ പ്രോഗ്രാം ഓഫീസറായി സേവനമനുഷ്ടിച്ചതിനാൽ ഞാനും ഇപ്പറഞ്ഞ നാല് സ്റ്റേഡിയങ്ങളിൽ ഒന്നിന്റെ വെന്യൂ  മാനേജർ ആയി നിയമിക്കപ്പെട്ട വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു(ഒരു പക്ഷേ ബൂലോകത്ത് നിന്ന് നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്ന ആദ്യ വ്യക്തി എന്ന റിക്കാർഡും ഇതോടെ കുറിക്കപ്പെട്ടേക്കും).കോഴിക്കോട് ബീച്ച് ആണ് എനിക്ക് കിട്ടിയ വേദി. വെന്യൂ  മാനേജർമാരുടെ ആദ്യ യോഗം ഇക്കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരം ജി.വി.രാജ സ്പോട്സ് കോം‌പ്ലെക്സിലെ നാഷണൽ ഗെയിംസ് ഫെസിലിറ്റേഷൻ സെന്ററിൽ വച്ച് നടന്നു.


അപ്പോൾ, നാഷണൽ ഗെയിംസ് നിശ്ചയിച്ചപോലെ നടക്കുകയാണെങ്കിൽ സ്പോർട്സിനെ എന്നും സ്നേഹിക്കുന്ന എന്നാൽ ഇതുവരെ അതിന് വേണ്ടി കാര്യമായൊന്നും ചെയ്യാൻ കഴിയാത്ത എനിക്കും ഈ വൻ സംരംഭത്തിന്റെ ഭാഗഭാക്കാകാൻ അവസരം ലഭിക്കും.ഒരു പക്ഷേ ഗെയിംസ് അംബാസഡർ ആയ സാക്ഷാൽ സചിൻ ടെൻഡുൽക്കറെ നേരിട്ട് കാണാനും അവസരം ലഭിച്ചേക്കും ! അസൂയപ്പെടേണ്ട , കാരണം അസൂയക്കും എന്റെ ‘തല‘ക്കും മുന്നിൽ വൈദ്യശാസ്ത്രം ഇന്നും തല കുനിച്ചേ നിൽക്കൂ.

Sunday, July 06, 2014

ആ മലയാളികളോട് ഒരു ചോദ്യം ?

“ഭാരതമെന്ന് കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം 
കേരളമെന്ന് കേട്ടാല്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍ “…. എന്നാണ് കവി പാടിയത്. 

പക്ഷേ കേരളവുമായി ഈ അടുത്ത് മാത്രം ഒരു നൂൽ ബന്ധം ഉണ്ടാക്കിയ സച്ചിൻ ടെൻഡുൽക്കറെ അറിയില്ലെന്ന് പറഞ്ഞാൽ ‘കുറിക്കണം തെറി ഫേസ്ബുക്കിൽ’ എന്ന് മലയാളിയെ പഠിപ്പിച്ചതാരാണാവോ? 

അതേ , സച്ചിൻ ടെൻഡുൽക്കറെ പറ്റി കേട്ടിട്ടില്ലാത്ത ഇന്ത്യക്കാരൻ ഉണ്ടാകില്ല.എന്ന് വച്ച് ലോകത്തെ എല്ലാവരും അല്ലെങ്കിൽ എല്ലാ സ്പോർട്സ് താരങ്ങളും സച്ചിനെ അറിയണം എന്ന് പറയാൻ സാക്ഷാൽ സച്ചിന് പോലും ധൈര്യമുണ്ടാകില്ല. അവിടെയാണ്  സച്ചിനെ അറിയില്ല എന്ന് പറഞ്ഞതിന് റഷ്യൻ ടെന്നീസ് താരം മരിയ ഷരപ്പോവയുടെ ഫേസ്ബുക്ക് പേജിൽ മലയാളികൾ  കുത്തി നിറച്ച തെറികളുടെ എണ്ണം റിക്കാർഡ് സൃഷ്ടിച്ചതായി വാർത്ത വന്നത്.

രാജാവിനെക്കാളും വലിയ രാജഭക്തി കാണിക്കുന്ന ഈ മലയാളികളിൽ ആർക്കെങ്കിലും രഞ്ജി ട്രോഫിക്കായുള്ള കേരള ക്രിക്കറ്റ് ടീമിലെ പകുതി പേരുടെയെങ്കിലും പേര് പറയാൻ പറ്റുമോ?

Tuesday, January 08, 2013

മെസ്സി... വീണ്ടും വീണ്ടും വീണ്ടും ലോക ഫുട്ബോളര്‍ !!!

             കാല്പന്തുകളിയിൽ പോയ വർഷം പുതിയ ചരിത്രം കുറിച്ച ഫുട്ബാളിൽന്റെ രാജകുമാരൻ ലയണൽ മെസ്സി, യഥാർത്ഥ ഫുട്ബാൾ ഇതിഹാസം താൻ തന്നെയാണെന്ന് ലോകത്തിന് മുമ്പിൽ ഒരിക്കൽ കൂടി തെളിയിച്ചു.ഗോൾ വേട്ടയിൽ എന്ന പോലെ ലോക ഫുട്ബാളർ പുരസ്കാര വേട്ടയിലും തന്നെ വെല്ലാൻ ആരുമില്ലെന്ന് തെളിയിച്ചുകൊണ്ട് തുടർച്ചയായി നാലാം തവണയും
ഫിഫ  ബാലൺ ഡി ഓർ (FIFA Ballon d'Or) ‍ പുരസ്കാരം അർജന്റീനക്കാരൻ  ലയണൽ മെസ്സി കരസ്ഥമാക്കി.

            ഫുട്ബാൾ മൈതാനത്ത്, കഴുകന്റെ കണ്ണും പുള്ളിപ്പുലിയുടെ വേഗതയും കുറുക്കന്റെ കൌശലവും സിംഹത്തിന്റെ ഗാംഭീര്യവും സമന്വയിപ്പിച്ച് ചിത്രശലഭം പോലെ പാറിക്കളിക്കുന്ന  ഒരു പാവം പയ്യൻ എന്ന് ഒറ്റ വാചകത്തിൽ മെസ്സിയെ പരിചയപ്പെടുത്താം. സ്വയം ഗോളടിക്കുന്നതിന് പുറമേ കൂട്ടുകാരെക്കൊണ്ട് ഗോളടിപ്പിക്കുന്നതിലും മെസ്സി ഒട്ടും പിന്നിലല്ല എന്ന് ബാഴ്സലോണയുടെ സ്പാനിഷ് ലീഗ് മത്സരഫലങ്ങൾ നമ്മോട് പറയുന്നു.ഇരുപത്തി അഞ്ചാം വയസ്സിൽ തന്നെ ഇത്രയധികം നേട്ടങ്ങൾ കൊയ്ത ഈ ഇതിഹാസം, ക്രിക്കറ്റിൽ സചിൻ ടെൻഡുൽക്കർ സൃഷ്ടിച്ചപോലെ ഫുട്‌ബാളിൽ റിക്കാർഡുകളുടെ ഒരു മല തന്നെ  സൃഷ്ടിച്ചേക്കാം.

                ഫ്രാൻസിന് യൂറോകപ്പും ലോക കപ്പും നേടിക്കൊടുക്കുന്നതിലും റയൽ മാഡ്രിഡിനെ സ്പാനിഷ്‌ലീഗിലും ചാമ്പ്യൻസ് ലീഗിലും ജേതാക്കളാക്കുന്നതിലും മുഖ്യപങ്കു വഹിച്ച സിനദിൻ സിദാനും ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ചതാരം എന്ന ബഹുമതിയും ബ്രസീലിനെ തുടർച്ചയായി മൂന്ന് തവണ ലോകകപ്പ് ഫൈനലിൽ എത്തിക്കുന്നതിലും രണ്ട് തവണ ചാമ്പ്യന്മാർ ആക്കുന്നതിലും മുഖ്യപങ്ക് വഹിച്ച റൊണാൽഡൊയുമായിരുന്നു മുമ്പ് ഈ ബഹുമതി തുടർച്ചയായി മൂന്ന് തവണ നേടി ഫുട്ബാൾ ആരാധകരെ വിസ്മയിപ്പിച്ചത്.മെസ്സി ആ അതിശയ ചരിത്രവും മാറ്റി എഴുതിക്കഴിഞ്ഞു.
  
               സ്പെയിനിന്റെ ലോകകപ്പ് വിജയത്തിലേക്കും വീണ്ടും യൂറോകപ്പ് നേട്ടത്തിലേക്കും നയിച്ച ആന്ദ്രെ ഇനിയെസ്റ്റ എന്ന മിഡ്ഫീൽഡ് ജനറലിനെയും റയൽ മാഡ്രിഡിനെ സ്പാനിഷ്‌ലീഗ് കിരീടം തിരിച്ചുപിടിക്കാൻ കരുത്ത് പകർന്ന സാക്ഷാൽ കൃസ്ത്യാനോ റോണാൾഡൊയേയും കടുത്ത മത്സരത്തിൽ പിന്തള്ളിയാണ് മെസ്സി ഇത്തവണ നേട്ടം കൊയ്തത്. തുടർച്ചയായി ആറാം തവണയാണ് മെസ്സി ഈ പുരസ്കാരത്തിന്റെ അവസാനലിസ്റ്റിൽ ഇടം പിടിക്കുന്നത് എന്നത് തന്നെ ഈ താരത്തെ ഭൂമിയിലെ ഫുട്‌ബാൾ രാജാവാക്കി മാറ്റുന്നു.
 

                   ഗർഡ്മുള്ളറുടെ 40 വർഷം പഴക്കമുള്ള ഒരു റിക്കാർഡ് ആണ് 2012 എന്ന വിസ്മയ വർഷത്തിൽ മെസ്സി പഴംകഥയാക്കിയത്. ലോക ഫുട്ബാളിൽ ഇതിനകം എത്രയോ താരങ്ങളും ‘ഇതിഹാസ‘ങ്ങളും ഉദിച്ചെങ്കിലും കലണ്ടർ വർഷം 85 ഗോളുകൾ എന്ന റിക്കാർഡ് കാലങ്ങളായി മായാതെ കിടന്നു.ഫുട്ബാളിന്റെ മിഷിഹ അത് ബഹുദൂരം പിന്നിലാക്കി 91 എന്ന സംഖ്യയിൽ അത് അവസാനിപ്പിച്ചു - ബാഴ്സലോണക്ക് വേണ്ടി 79ഉം അർജന്റീനക്ക് വേണ്ടി 12ഉം ഗോളുകളാണ് 2012ൽ മെസ്സിയുടെ ബൂട്ടിൽ നിന്ന് വലതുളച്ചു കയറിയത്. ഇതിനിടയിൽ സീസണിലെ കപ്പ് വിജയങ്ങളുടെ എണ്ണത്തിലും സ്പാനിഷ്‌ലീഗിലെ അപരാചിതകുതിപ്പിന്റെ എണ്ണത്തിലും ബാഴ്സലോണ റിക്കാർഡ് സ്ഥാപിച്ചിരുന്നു.

                ഫ്രെഞ്ച് ഫുട്ബാൾ മാഗസിൻ 1956 മുതൽ നൽകി വരുന്ന ബാലൺ ഡി ഓർ പുരസ്കാരവും  (Ballon d'Or) ഫിഫയുടെ ലോക ഫുട്ബാളർ ഓഫ് ദ ഇയർ പുരസ്കാരവും (World Footballer of the Year) സമന്വയിപ്പിച്ച് 2010 മുതലാണ് ഫിഫ  ബാലൺ‍ ഡി ഓർ (FIFA Ballon d'Or) ‍ പുരസ്കാരംനൽകിത്തുടങ്ങിയത്. 2009ൽ ലോക ഫുട്ബാളർ ഓഫ് ദ ഇയർ പുരസ്കാരവും 2010 , 2011 വർഷങ്ങളിൽ ഫിഫ  ബാലൺ‍ ഡി ഓർ പുരസ്കാരവും ആണ് മെസ്സി കരസ്ഥമാക്കിയത്. വിവിധ ദേശീയ ടീമുകളുടെ നായകരും പരിശീലകരും ലോകത്തെ മുൻ‌നിര കളി‌എഴുത്തുകാരും ആണ് മികച്ച താരത്തെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പിൽ പങ്കെടുക്കുന്നത്.

             ഇത്രയും നേട്ടങ്ങൾക്കിടയിലും ഒരു സ്വകാര്യ ദു:ഖം മെസ്സിയെ പിന്തുടരുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. മെസ്സി അംഗമായ അർജന്റീന ടീമിന് ലോകകപ്പ് നേടാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നത് തന്നെയാണത്. മാത്രമല്ല ലോകകപ്പിൽ ഒരു ഗോൾ നേടാൻ ഗോളുകളുടെ തമ്പുരാന് ഇതുവരെ സാധിച്ചിട്ടില്ല എന്നതും വിസ്മയാവഹം തന്നെ.എങ്കിലും ഹോർമോൺ ചികിത്സക്ക് ബാഴ്സലോണയിൽ എത്തിയ ഈ പയ്യനിൽ നിന്ന്, അർജന്റീന ഇനിയും പലതും പ്രതീക്ഷിക്കുന്ന പോലെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫുട്ബാൾ ആരാധകരും പലതും പ്രതീക്ഷിക്കുന്നു.











Saturday, July 28, 2012

ഒളിമ്പിക്സും ഇന്ത്യയും

രാവിലെത്തന്നെ പോക്കരാക്കയെ കണ്ടുമുട്ടിയപ്പോള്‍ എന്തെങ്കിലും സംസാരിക്കാമെന്ന് തോന്നി.
“പോക്കരാക്കാ.....ഒളിമ്പിക്സ് തുടങ്ങ്യല്ലോ?”
പോക്കരാക്ക :  മോനേ രാവിലെത്തന്നെ ലണ്ടനടിക്കല്ലേ....
ഞാന്‍ : വാഹ്....കറക്ട് ....ലണ്ടനില്‍ തന്നെ....ഇന്ത്യ എത്ര സ്വര്‍ണ്ണം നേടുമോ ആവോ?
പോക്കരാക്ക : പിന്നേ...ആ സ്വര്‍ണ്ണം കിട്ടീട്ടു മാണ്ടേ അന്റെ മൂന്നിനേയും കെട്ടിച്ചു ബ്‌ടാന്‍ ....
ഞാന്‍ : എന്നാലും ഒരു ടെന്‍ഷന്‍
പോക്കരാക്ക :ഇന്ന് വരെ ഒളിമ്പിസ്സ്‌ല് ടെന്‍ഷന്‍ ല്ലാതെ കൂട്യ ഒരേ ഒരു ടീമേ ള്ളൂ...അത് ഞമ്മളെ ഇന്ത്യ മാത്രാ....പിന്നെത്ത്നാ ജ്ജ് ഇബടെക്കെടന്ന് ടെന്‍ഷന്‍ അടിച്ച് ചാവ്ണേ?

Saturday, July 03, 2010

ഈ വേള്‍ഡ് കപ്പ് മയിലാടി!!!!!!

ഐ.ടി ഫീല്‍ഡില്‍ ജോലി ചെയ്തിരുന്ന എന്റെ കസിന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മെയില്‍ അയച്ചു - “പൊട്ടത്തിക്കും ഇ-മെയില്‍ ഐഡി,ഇന്റെര്‍നെറ്റ് മയിലാടി”.

ഇന്ന് അര്‍ജന്റീനയുടെ കളി കൂടി കഴിഞ്ഞതോടെ, ഇനി സ്പെയിനും കൂടി തോല്‍ക്കുകയാണെങ്കില്‍ ഞാന്‍ പറയും - “വേള്‍ഡ് കപ്പ് മയിലാടി”.

എങ്ങനെ പറയാതിരിക്കും?

നിലവിലുള്ള ചാമ്പ്യന്മാര്‍ ഇറ്റലിയും റണ്ണേഴ്സ് അപ് ഫ്രാന്‍സും ഒന്നാം റൌണ്ടില്‍ തന്നെ പുറത്ത് !

മുന്‍ ചാമ്പ്യന്മാര്‍ ഇംഗ്ലണ്ടും കഴിഞ്ഞ പ്രാവശ്യത്തെ സെമിഫൈനലിസ്റ്റുകളുമായ പോര്‍ചുഗലും രണ്ടാം റൌണ്ടില്‍ പുറത്ത് !!

അഞ്ചുതവണ കപ്പില്‍ മുത്തമിട്ട ബ്രസീലും കപ്പുറപ്പിച്ച് വിമാനമിറങ്ങിയ അര്‍ജന്റീനയും മൂന്നാം റൌണ്ടില്‍ പുറത്ത് !!!

ഇനി പര്വെഗ്വെ കൂടി ജയിച്ചാല്‍ ഈ വേള്‍ഡ് കപ്പ് മയിലാടി!!!!!!

Thursday, June 10, 2010

‘ജുബുലാനി’ ഉരുണ്ടു തുടങ്ങുമ്പോള്‍....

ദക്ഷിണാഫ്രിക്കന്‍ ഗ്രൌണ്ടുകളില്‍ ‘ജുബുലാനി’ ഉരുണ്ടു തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.നമ്മുടേ നാട്ടിലെ ആവേശം കണ്ടാല്‍ ഇന്ത്യ എത്രയും പെട്ടെന്ന് ഒന്ന് യോഗ്യത നേടിയെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.ഫ്ലക്സ് ബോഡുകള്‍ അത്രയും മലീമസമാക്കിയിരിക്കുന്നു നമ്മുടേ കവലകളെ.ഇന്ത്യ യോഗ്യത നേടിയാല്‍ ഇക്കണ്ട അണ്ടന്റേയും അടകോടന്റേയും പതാകകളും ഫ്ലക്സ് ബോഡുകളും നമ്മുടെ കവലകളില്‍ ഇടം പിടിക്കില്ലായിരുന്നു.ഫുട്ബാള്‍ കമ്പം മുറുകിയവരാണ് മലബാറിലെ ഭൂരിഭാഗവും.എന്റെ ഒരു ചെറിയ അനുഭവം ഞാനിവിടെ പങ്കു വയ്ക്കട്ടെ.

ഐ ലീഗില്‍ വിവാ കേരളയും സാല്‍ഗോക്കറും തമ്മിലുള്ള മത്സരം കാണാനായി കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെത്തി.ഒരു തിക്കും തിരക്കും കാണാത്തതിനാല്‍ അവിടെ നിന്ന സെക്യൂരിറ്റിക്കാരനോട് ഞാന്‍ കളിയപറ്റി അന്വേഷിച്ചു.
“കളി നാളെ, ഏതായാലും വന്നതല്ലേ, പ്രാക്ടീസ് കണ്ട് പൊയ്ക്കോളൂ...” അദ്ദേഹം പറഞ്ഞു.

അയാള്‍ പറഞ്ഞ പോലെ ഞാനും സ്റ്റേഡിയത്തില്‍ കയറി. പിന്നെ ഞാന്‍ ശ്രദ്ധയൂന്നിയത് കളിയിലല്ല, രണ്ടു പേര്‍ തമ്മിലുള്ള സംഭാഷണത്തിലാണ്.ഒരാള്‍ക്ക് ഏകദേശം എഴുപത് വയസ്സ് തോന്നിപ്പിക്കുന്നു.

ഒന്നാമന്‍‍: വിവായുടെ, ഇവരുമായുള്ള ഒന്നാം കളിയുടെ ഫലം എന്തായിരുന്നു?
70 കാരന്‍: ഒരു ഗോളിന് തോറ്റു.

ഒന്നാമന്‍‍: അപ്പോള്‍ ഇത് വിവയുടെ അവസാനത്തെ കളിയാണോ?”

70 കാരന്‍: ഏയ്...അവര്‍ക്കിനി സ്പോര്‍ട്ടിങ് ഗോവയുമായി ഗോവയില്‍ മുട്ടാനുണ്ട്. പൂനെ എഫ്.സി യും ലജോങ്ങും ഇവിടെ വന്ന് മുട്ടാനുമുണ്ട്.

ഒന്നാമന്‍‍:അവ്ര്ക്ക്, അവരുടെ നാട്ടില്‍ വിവയുമായുള്ള കളി കഴിഞോ?

70 കാരന്‍:കഴിഞോന്നോ??പൂനെയോട് 3 -0 ത്തിനാ തോറ്റത്.ലജോങ്ങിനോട്‌ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും.സ്പോര്‍ട്ടിങ്ങിനെ 4-2 ന് തുരത്തുകയും ചെയ്തു.

ഒന്നാമന്‍‍:ആ കളി എങ്ങനെ ഉണ്ടായിരുന്നു?

70 കാരന്‍:അന്ന് പത്താം നമ്പറ് , റൂബന്റെ ദിവസമായിരുന്നു.സ്റ്റോപ്പര്‍ ബാക്ക് ആയി ഇരുപത്തി ഒന്നാം നമ്പര്‍ ബെല്ലോ റസാക്കും..

ഒന്നാമന്‍‍: അപ്പോള്‍ ഇനി ,ബാക്കി കളിയൊക്കെ എന്നാ?

70 കാരന്‍: 28, 30....പിന്നെ ഏഴാം തീയതിയും.അത് കഴിഞാല്‍ പിന്നെ നീണ്ട ഒരിടവേള.

ഒന്നാമന്‍‍: അതെന്തിനാ ഒരിടവേള?

70 കാരന്‍: സന്തോഷ് ട്രോഫി ക്യാമ്പ് ഒമ്പതാം തീയതിമുതല്‍ ആരംഭിക്കുകയാണ്!!!

ഈ 70 കാരന്‍ കഴിഞ്ഞ കളികളിലെ സ്കോറ് വരെ പറഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. തുടര്‍ന്ന് കളിയിലെ താരങ്ങളുടെ ജഴ്സി നമ്പറും പേരും, പിന്നെ ഇനി കളിക്കാനുള്ള മത്സരങ്ങളും‍ എണ്ണി എണ്ണി പറഞ്ഞപ്പോള്‍ ഞെട്ടല്‍ വീണ്ടും കൂടീ.അതും കഴിഞ്ഞ് സന്തോഷ് ട്രോഫിയുടെ ഡേറ്റും ഈ വയസ്സന്‍ കാക്ക ഓര്‍മ്മിച്ച് വച്ചിരിക്കുമ്പോള്‍ ചെറുപ്പക്കാരനായ എനിക്ക് എന്റെ അറിവിന്റേയും ഓര്‍മ്മയുടേയും പരിമിതിയില്‍ ലജ്ജ തോന്നി.

Saturday, May 15, 2010

ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്.

നാടിനെ നടുക്കിക്കൊണ്ട് മറ്റൊരു ദുരന്തം കൂടി എന്റെ അയല്‍ പഞ്ചായത്ത് ആയ ഊര്‍ങ്ങാട്ടിരിയിലെ തെരട്ടമ്മലില്‍ സംഭവിച്ചു.സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനായി കെട്ടി ഉയര്‍ത്തിയ താല്‍ക്കാലിക ഗ്യാലറികളിലെ ഒരു ഗ്യാലറി മുഴുവനായും നിലം പൊത്തി.അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ മഞ്ചേരി ജില്ലാ ആശുപത്രി,അരീക്കോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍,ജനറല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

മെഡിഗാര്‍ഡ് അരീക്കോടും ഫിഫ മഞ്ചേരിയും തമ്മിലുള്ള ഫൈനല്‍ മത്സരമായിരുന്നു തെരട്ടമ്മലില്‍ ഇന്ന്.മത്സരം തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കകം അസാധ്യമായ രീതിയില്‍ ഫിഫയുടെ സുഡാനി താരം അടിച്ച ഗോളിന് ആര‍വമുയര്‍ത്തി ഗ്യാലറിയിലിരുന്നവര്‍ എഴുന്നേറ്റതാണ് ദുരന്തത്തിന് കാരണം.

കളി കാണാന്‍ ഗ്രൌണ്ടില്‍ താമസിച്ചെത്തിയ എനിക്ക് ഗ്യാലറിയില്‍ പോയിട്ട് എവിടെയെങ്കിലും നില്‍ക്കാന്‍ പോലും ഇടം ലഭിച്ചിരുന്നില്ല.എങ്കിലും കളി കാണുന്ന ദിവസങ്ങളില്‍ സാധാരണ കയറാറുള്ള ഇന്ന് നിലം പൊത്തിയ ഗ്യാലറിയുടെ മുന്നില്‍ വേലിയും കടന്ന് ഗ്രൌണ്ടിനടുത്ത് നില്‍ക്കുകയായിരുന്നു ഞാന്‍.(എന്റെ കൂടെ വന്ന അനിയനും എവിടെയോ പോയി നിന്നു.)ഇടക്ക് നില്‍ക്കുന്നവരെയെല്ലാം ഇരുത്തിയപ്പോള്‍ ഞാനും ഇരുന്നെങ്കിലും ഉടന്‍ തന്നെ എഴുന്നേറ്റു.അല്പ സമയത്തിനകം ഗോളും പിറന്നു.ഉടന്‍ പിന്നില്‍ നിന്നും എന്തോ കെട്ട് പൊട്ടുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോഴേക്കും ഒരു മിന്നല്‍ പോലെ ആ ഭാഗം ഒന്നടങ്കം ശൂന്യമാകുന്ന കാഴ്ചയാണ് ഞെട്ടലോടെ കണ്ടത്.ഗ്യാലറി വീണു എന്ന് തിരിച്ചറിഞ്ഞ ജനം, ഉടന്‍ എണീറ്റ് ഗ്രൌണ്ടിന്റെ മധ്യത്തിലേക്ക് ഓടി.

പിന്നില്‍ സം‌ഭവിച്ച ദുരന്തത്തിലേക്ക് എത്തി നോക്കാനാകാതെ ഞാനും വേഗം മൈതാന മധ്യത്തിലേക്ക് നീങ്ങി.പിന്നെ ഗ്രൌണ്ടിന് ചുറ്റുമുള്ള വേലി പോളിക്കുന്നതും പരിക്കേറ്റവരെ എടുത്ത് കൊണ്ടുപോകുന്നതുമാണ് കണ്ടത്.കുട്ടികളടക്കം ആയിരത്തിലധികം പേര്‍ പ്രസ്തുത ഗ്യാലറിയില്‍ ഉണ്ടായിരുന്നു.അമിത ഭാരവും തുടര്‍ച്ചയായ മഴയില്‍ കുതിര്‍ന്ന് കിടന്ന മണ്ണും ഗ്യാലറി ഒരു വശത്തേക്ക് ചെരിയാന്‍ കാ‍രണമായി.ഇടതുഭാഗത്തേക്ക് ഒന്നടങ്കം ചെരിഞ്ഞ് നിലം പൊത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ഇരുന്നിടം പൊട്ടി വീഴുകയോ മുന്നോട്ടോ പിന്നോട്ടോ വീഴുകയോ ചെയ്തിരുന്നുങ്കില്‍ ദുരന്തത്തിന്റെ ആഴം പ്രവചനാതീതമായേനെ.ആരും ഗ്യാലറിക്കടിയില്‍ പെട്ടതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

“പെട്ടെന്ന് ഒരു ചെറിയ കുലുക്കം തോന്നി.തല മിന്നുന്നതാണോ എന്ന് ചിന്തിക്കുമ്പോഴേക്കും ഗ്യാലറി ഒരു ഭാഗത്തേക്ക് ചെരിഞ്ഞു.” താഴെ നിന്നും നാലാം നിരയില്‍ ഇരുന്ന എന്റെ സുഹൃത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട ആശ്വാസത്തില്‍ പറഞ്ഞു.

കഴിഞ്ഞ നവമ്പറില്‍ നടന്ന ബോട്ട് ദുരന്തത്തിന് ശേഷം എന്റെ ഗ്രാമത്തെ വീണ്ടും ഞെട്ടിപ്പിച്ചിരിക്കുകയാണ് ഈ ദുരന്തം.

Friday, May 07, 2010

ദൈവത്തിന്റെ വികൃതികള്‍

മിക്ക അരീക്കോടുകാരന്റേയും രക്തത്തില്‍ ഫുട്ബാള്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു.ചില സമയങ്ങളില്‍ അത് അസാധാരാണമായ ആവേശത്തോടെ ഒഴുകാന്‍ തുടങ്ങും.അന്ന് അവന്റെ ദൈനംദിന ജീവിതത്തില്‍ ആ ഉരുണ്ട സാധനം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. എന്നുവച്ചാല്‍ സംസാരം മുഴുവന്‍ ഫുട്ബാള്‍, ഉറക്കമിളച്ചുള്ള കളി കാണല്‍, ഭക്ഷണസമയം പോലും മാറ്റിമറിക്കുന്ന ഭ്രാന്ത്.അതേ അതാണ് ഒരു മാസം കൂടി കഴിഞ്ഞാല്‍ എന്റെ നാട് ദര്‍ശിക്കാന്‍ പോകുന്നത്.അരീക്കോടന്‍ അത്ര ഭ്രാന്തന്‍ അല്ലെങ്കിലും കളി കാണാന്‍ താല്പര്യമുണ്ട്.

തളിപ്പറമ്പില്‍ പഠിക്കുന്ന കാലത്ത് അവിടെ നിന്നും ഏകദേശം മുപ്പത് കിലോമീറ്റര്‍ അകലെയുള്ള കണ്ണൂരില്‍ ,ഇന്ത്യന്‍ ഫുട്ബാളിലെ വന്‍ ക്ലബ്ബുകള്‍ മാറ്റുരക്കുന്ന ഫെഡറേഷന്‍ കപ്പ് വിരുന്നെത്തി.നല്ല ക്ലബ്ബുകള്‍ കളിക്കാനിറങ്ങിയ മിക്ക ദിവസങ്ങളിലും ഞാനും കണ്ണൂരിലെത്തി.ക്ലാസ് കട്ട് ചെയ്തോ അല്ല അത് കഴിഞ്ഞോ എന്ന് ഇപ്പോള്‍ ഓര്‍മ്മയില്ല!!കളി കഴിഞ്ഞ് തിരിച്ച് തളിപ്പറമ്പ് വരെ ബസ് കിട്ടും.അവിടെ നിന്നും ഹോസ്റ്റലിലേക്കുള്ള മൂന്നര കിലോമീറ്റര്‍ ദൂരം പാട്ടും പാടി നടന്നാല്‍ പേടി അറിയാതെ രക്ഷപ്പെടാം.

അങ്ങനെ ഏതോ ഒരു കളി കഴിഞ്ഞ് ഞാന്‍ ഒറ്റക്ക് നടന്ന് വരുന്ന വഴി.സ്റ്റേഡിയത്തില് കയറുന്നതിന് മുമ്പ് വാങ്ങിക്കഴിച്ച അരക്കിലോ ഓറഞ്ച് മാത്രമാണ് വയറ്റിലുള്ളത്.ഇത്തരം ദിവസങ്ങളില്‍ നേരം വൈകുന്നതിനാല്‍ , ഹോസ്റ്റലില്‍ രാത്രി ഭക്ഷണവും കിട്ടില്ല.വിശപ്പും ദാഹവും പേടിയും എന്നെ വലക്കുമ്പോള്‍ ഒരു മൂളിപ്പാട്ട് പോലും എന്നില്‍ നിന്നും പുറത്ത് വന്നില്ല. പെട്ടെന്ന് ഒരു ഓട്ടോ എന്നെ പാസ് ചെയ്തു അല്പം മുന്നോട്ട് ആയി നിര്‍ത്തി. .(ഇവിടെ വച്ച് എന്റെ മനസ്സിലൂടെ പല കഥാ സന്ദര്‍ഭങ്ങളും കടന്നുപോകുന്നു.പക്ഷേ അന്ന് സംഭവിച്ചത് മാത്രം ഇപ്പോള്‍ പറയുന്നു).

“ആബിദ്ക്കാ….കയറിക്കോ…..” ഓട്ടോയില് നിന്നും പരിചിതമായ ശബ്ദം.ഈ ഇരുട്ടിലും എന്നെ തിരിച്ചറിഞ്ഞ (അന്ന് എന്റെ തലയുടെ ഇപ്പോഴത്തെ ട്രേഡ്‌‌മാര്‍ക്ക് രെജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ല !) ആ നല്ല സുഹ്രുത്തുക്കള്‍ മറ്റാരുമായിരുന്നില്ല , എന്നെപ്പോലെ കളികഴിഞ്ഞ് മടങുന്ന ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥികളായ പൂക്കോയയും മുല്ലക്കോയയും മറ്റേതോ കോയയും.അങ്ങനെ അന്ന് അപ്രതീക്ഷിതമായി ദൈവത്തിന്റെ സഹായം എന്നെ തേടി എത്തി.

എന്റെ നാട്ടിലും തൊട്ടടുത്ത പ്രദേശത്തും നടക്കുന്ന ഫുട്ബാള്‍ വാശിയെപറ്റി ഞാന്‍ മുമ്പ് ഇവിടെ സൂചിപ്പിച്ചിരുന്നു. ഇതില്‍ അരീക്കോട്ടെ കളി വേനല്‍ മഴയില്‍ ഒലിച്ചുപോയി.തെരട്ടമ്മലില്‍ സെമിഫൈനലിന്റെ ആവേശവും.ഞാനും കളികാണാന്‍ പോയി.കളി താമസിച്ച് അവസാനിച്ചതിനാല്‍ തിരിച്ചുപോരാന്‍ ഒരു വാഹനവും കിട്ടിയില്ല.വീണ്ടും പഴയ തളിപ്പറമ്പിലെ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് രണ്ടര കിലോമീറ്റര്‍ വരുന്ന ദൂരം പാട്ടു പാടാതെ (മെയിന്‍ റോഡ് ആയതിനാല്‍) ഞാന്‍ നടന്നു.വരുന്ന ഓട്ടൊകള്‍ക്ക് മിക്കതിനും കൈ കാട്ടിയെങ്കിലും അവര്‍ ആരും എന്റെ കറുത്ത കൈ ഇരുട്ടില്‍ കണ്ടില്ല.പെട്ടെന്ന് ഒരു സ്കൂട്ടര്‍ ഞാന്‍ കൈ കാണിക്കാതെ തന്നെ മുന്നില്‍ നിര്‍ത്തി!

“എന്താ നടക്കാന്‍ തന്നെ തീരുമാനിച്ചോ?”

“ഇല്ല…ഒരാള്‍ക്കും എന്റെ അഞ്ചു രൂപ കിട്ടിയിട്ട് അരി വാങ്ങേണ്ട ഗതികേട് ഇല്ല എന്ന് തോന്നി.അതിനാല്‍ ഞാന്‍ നടക്കാന്‍ തീരുമാനിച്ചു…”

“എങ്കില്‍ കയറൂ..” എന്റെ അകന്ന ബന്ധുവായ സലാം ആ ഇരുട്ടിലും എന്നെ തിരിച്ചറിഞ്ഞപ്പോള്‍ ദൈവത്തിന്റെ സഹായം വീണ്ടും ലഭിച്ചതില്‍ ഞാന്‍ സര്‍വ്വ‌ശക്തനെ സ്തുതിച്ചു.

Thursday, October 29, 2009

ഞാന്‍ കണ്ട ആദ്യ ഐ ലീഗ്,വിവയുടെ ആദ്യ ജയവും

ഇന്ത്യന്‍ ഫുട്ബാളിന് ഷറഫലി,ജാബിര്‍ തുടങ്ങിയ പ്രഗല്‍ഭരേയും കേരള ഫുട്ബാളിന് സക്കീര്‍, ഹബീബ്‌റഹ്മാന്‍, ജസീര്‍ കാരണത്ത്,നൌഷാദ് പ്യാരി,കെ.ടി.നവാസ്,എം.പി.സക്കീര്‍ തുടങ്ങിയവരേയും (ഇത്രയും പേരേ എന്റെ പരിമിതമായ ഓര്‍മ്മയില്‍ വരുന്നുള്ളൂ) സംഭാവന ചെയ്ത നാടാ‍ണ് എന്റെ ഗ്രാമമായ അരീക്കോട്‌.സ്വാഭാവികമായും ഫുട്ബാള്‍ ഏതൊരു അരീക്കോടന്റേയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കും.ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഫുട്ബാള്‍ ലീഗില്‍ (ഐ ലീഗ്) കേരളത്തിന്റെ പ്രതിനിധിയായ വിവ കേരളയെ നയിക്കുന്നത് അരീക്കോട്ട്കാരനായ എം.പി.സക്കീര്‍ ആണ്.അതിനാല്‍ തന്നെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന വിവയുടെ ഹോം മാച്ച് കാണാന്‍ ഞാനും പോയി.ഐ ലീഗില്‍ ഞാന്‍ ആദ്യമായി നേരിട്ട് കാണുന്ന കളിയായിരുന്നു ഇത്.


കഴിഞ്ഞ ഐ ലീഗില്‍ വളരെ നല്ല പ്രകടനം കാഴ്ച വച്ച സ്പോര്‍ട്ടിങ് ഗോവ ആയിരുന്നു ഇന്ന് വിവയുടെ എതിരാളികള്‍.പോയന്റ് നിലയില്‍ അവസാനത്തില്‍ നിന്നും എണ്ണിയാല്‍ ആദ്യം നില്‍ക്കുന്ന വിവയും രണ്ടാമത് നില്‍ക്കുന്ന സ്പോര്‍ട്ടിങും തമ്മിലുള്ള മത്സരം പൊടിപാറും എന്ന കണക്കുകൂട്ടലിലാണ് ഞാന്‍ സ്റ്റേഡിയത്തില്‍ പ്രവേശിച്ചത്.കാണികള്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ നാലാം മിനുട്ടില്‍ തന്നെ വിവയുടെ വല കുലുങ്ങിയപ്പോള്‍ ഒന്നാമത്തെ ഹോം മാച്ചില്‍ കല്‍ക്കത്ത ചിരാഗ് യുണൈറ്റിനോട് തോല്‌വി ഏറ്റുവാങ്ങിയത് വീണ്ടും ആവര്‍ത്തിക്കുമോ എന്ന ഭയം എന്റെ ഉള്ളില്‍ മിന്നി.കാരണം അത്ര അനായാസകരമായിരുന്നു ഇന്നത്തെ ആ ആദ്യഗോള്‍.ഗോളിയുടെ തലക്ക് മുകളിലൂടെ എതിര്‍ ക്യാപ്റ്റന്റെ വക അനായാസകരമായ ഒരു പ്ലേസിങ്.

പക്ഷേ ഗോവക്കാരുടെ ആഹ്ലാദം അധികം നീണ്ടു നിന്നില്ല.മുന്നേറ്റ നിരയില്‍ അദ്ധ്വാനിച്ചു കളിച്ച ഘാന സ്ട്രൈക്കര്‍ റൂബന്‍സാന്യോ അതിമനോഹരമായ ഗോളിലൂടെ  പതിനേഴാം മിനുട്ടില്‍ വിവയ്ക്ക് സമനില നല്‍കി.ഇടവേളക്ക് പിരിയുന്നതിന് മുമ്പ് തന്നെ മറ്റൊരു മനോഹര നീക്കത്തിലൂടെ സിറാജും വിവക്ക് വേണ്ടി സ്കോര്‍ ചെയ്തു.വീണ്ടും പല സുവര്‍ണ്ണാവസരങ്ങളും ലഭിച്ചെങ്കിലും അവ ഗോളാക്കി മാറ്റാന്‍ വിവയ്ക്ക് സാധിച്ചില്ല.


ഇടവേളക്ക് ശേഷം ഗോവ ആഞ്ഞടിച്ചതോടെ വിവ പ്രതിരോധം ആടിയുലഞ്ഞു.പക്ഷേ അനീഷിലൂടെ വിവ ലീഡ് വര്‍ദ്ധിപ്പിച്ചു.ഗോളിന്റെ മുഴുവന്‍ ക്രെഡിറ്റും റൂബന്‍സാന്യോക്ക് കൂടി അവകാശപ്പെട്ടതായിരുന്നു. കാരണം സന്യോയുടെ തകര്‍പ്പന്‍ അടി റീബൌണ്ട് ചെയ്തത് നല്ലൊരു ഹെഡ്ഡറിലൂടെ അനീഷ് വലക്കകത്താക്കി.വിവയുടെ പ്രതിരോധഭടന്റേയും  പ്രതിരോധനിരയുടേയും പോരായ്മകള്‍ നന്നായി മനസ്സിലാക്കിയ ഗോവക്കാര്‍ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടി.ഫലം വിവ ഗോളിയുടെ ഒരു സേവിങ് ,ഗോള്‍ വര കടന്നതിനാല്‍ ഗോളായി വിധിക്കപ്പെട്ടു.സ്കോര്‍ 3-2



അവസാന നിമിഷത്തില്‍ സമനിലക്കായി രണ്ടും കല്‍പ്പിച്ച് ഗോവയുടെ പതിനൊന്ന് പേരും വിവ ഗോള്‍മുഖത്തേക്ക് ഇരച്ചു കയറാന്‍ തുടങ്ങി.വളരെ മുന്നോട്ട് കയറി വന്ന ഗോവന്‍ ഗോളിയുടെ ഒരു ഷോട്ട് പിടിച്ചെടുത്ത് റൂബന്‍സാന്യോ ഗോളിയേയും കബളിപ്പിച്ച് വിവയുടെ നാലാമത്തെ ഗോളും നേടിയപ്പോള്‍ മുമ്പ് ഏതോ ലോകകപ്പില്‍ കൊളംബിയന്‍ ഗോളി ഹ്വിഗ്വിറ്റ ഇതേ പോലെ വഴങ്ങിയ ഗോള്‍ ഓര്‍മ്മയില്‍ മിന്നിത്തെളിഞ്ഞു(അന്നും ഗോളടിക്കാരന്‍ കാമറൂണ്‍കാരനായ ഒരാള്‍ ആയിരുന്നോ?).ഗോളിയുടെ നിരാശ അദ്ദേഹത്തിന്റെ ഭാവപ്രകടനങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.


കാണികളുടെ നിര്‍ലോഭ പിന്തുണയോടെ ഇന്നത്തെ മത്സരം 4-2ന് ജയിച്ചുകയറിയ വിവ പോയിന്റ് നിലയിലും സ്പോര്‍ട്ടിങിനെ പിന്തള്ളി.ഈ വര്‍ഷത്തെ ഐ ലീഗില്‍ വിവ സ്കോര്‍ ചെയ്യുന്നതും ആദ്യമായിട്ടായിരുന്നു.മൈതാനം നിറഞ്ഞു കളിച്ച റൂബന്‍സാന്യോ ആണ് ഇന്നത്തെ മാന്‍ ഓഫ് ദ മാച്ച്.വിവയുടെ അടുത്ത മത്സരം ഈസ്റ്റ്ബംഗാളുമായി ഈ തിങ്കളാഴ്ച വൈകിട്ട് 6.30ന് ആണ്.



വാല്‍:മത്സരം ഇന്ത്യന്‍ ഫുട്ബാള്‍ ലീഗ് ആണെങ്കിലും മൈതാനം നിറഞ്ഞു നിന്നത് രണ്ട് ടീമിലേയും ആഫ്രിക്കക്കാര്‍ ആയിരുന്നു.വിവ കേരള എന്ന ടീം പേര്  വിവ ആഫ്രിക്ക എന്നാക്കണോ എന്ന് പോലും ചിന്തിച്ചു പോയി.