Pages

Monday, October 31, 2016

രാജീവ്‌ഗാന്ധി നാഷണല്‍ പാര്‍ക്ക് , നാഗര്‍ഹോളെ

                  നാഗര്‍ഹോളെ എന്‍‌ട്രി പോയിന്റിലെ വാഗ്വാദം കഴിഞ്ഞ് കാര്‍ ഒന്നുരുണ്ടതേയുള്ളൂ , കാടിന്റെ അവകാശികള്‍ ഞങ്ങള്‍ക്ക് സ്വാഗതമോതാന്‍ തുടങ്ങി. 
                തോല്പെട്ടിയില്‍ കണ്ടവന്മാര്‍ ഒരു സ്നാപ്പിന് പോലും നിന്ന് തന്നിരുന്നില്ല. പക്ഷെ ഇവിടെ ഇവന്മാര്‍ സെല്‍ഫിക്ക് പോലും നിന്ന് തരും!മലയാളി മാനും കന്നട മാനും തമ്മിലുള്ള വ്യത്യാസം ഇത് തന്നെയാകണം. കൊമ്പുള്ളവനും ഇല്ലാത്തവനും  പുള്ളിയുള്ളവനും ഇല്ലാത്തവനും വലിയവനും ചെറിയവനും അങ്ങനെ നിരവധി തരത്തിലുള്ളവ, ഈ വാഹനങ്ങള്‍ മുഴുവന്‍ പായുന്നതിനിടയില്‍ കൂസലില്ലാതെ റോഡ് വയ്ക്കത്ത് മേഞ്ഞുകൊണ്ടിരുന്നു.
 
     
                     ആനകളെയും കാട്ടുപോത്തുകളെയും മയിലുകളെയും ഞാന്‍ പ്രതീക്ഷിച്ചു, പക്ഷേ പുറത്ത് പറഞ്ഞില്ല.കാരണം വണ്ടിയിലുള്ളവരുടെ ധൈര്യം അത്രക്കധികമായിരുന്നു. അഞ്ചോ ആറോ കിലോമീറ്റര്‍ അങ്ങനെ കഴിഞ്ഞതും മനുഷ്യരെ വീണ്ടും കാണാന്‍ തുടങ്ങി. കാട്ടിനകത്തെ ആദിവാസി കോളനികളിലെ മനുഷ്യരായിരുന്നു അത്. അല്പസമയത്തിനകം തന്നെ ഞങ്ങള്‍ രാജീവ്‌ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ സഫാരി പോയിന്റില്‍ എത്തി.
                    സംഘര്‍ഷം കാരണം തോല്പെട്ടി അടച്ചതിനാലാവാം നാഗര്‍ഹോളെയില്‍ നല്ല തിരക്കായിരുന്നു. സഫാരി ഞങ്ങളുടെ അജണ്ടയില്‍ ഇല്ലാത്തതിനാല്‍ മക്കള്‍ അവിടെയുള്ള പ്രകൃതി കാഴ്ചകള്‍ ആസ്വദിക്കുകയും പകര്‍ത്തുകയും ചെയ്തു.
                തലേ ദിവസം അല്പം ബ്രഡും ജാമും വാങ്ങി കയ്യില്‍ കരുതിയിരുന്നു.കാട്ടിനകത്ത് മറ്റൊരു ഭക്ഷണവും കിട്ടില്ല എന്നറിയിച്ചതോടെ ഒരു ഇടക്കാലാശ്വാസത്തിനായി കുടുംബം അത് മുഴുവന്‍ തീര്‍ത്തു. ഞാന്‍ വെറുതെ പറഞ്ഞതായിരുന്നെങ്കിലും നാഗര്‍ഹോളെയില്‍ വരുന്നവര്‍ മിക്കവരും ഭക്ഷണം കൊണ്ടുവരുന്നതായി ഞാന്‍ മനസ്സിലാക്കി (അത് തന്നെയായിരിക്കും നല്ലതും).
 
               ഏകദേശം ഒരു മണിക്കൂര്‍ ഞങ്ങള്‍ അവിടെ ചെലവഴിച്ചു.12 പേരുമായി വന്ന മലയാളി സംഘം എന്നെപ്പോലെ 3600 രൂപ ഗോപിയാകുന്നതില്‍ നിന്നും ജസ്റ്റ് രക്ഷപ്പെട്ടു. അഭൂതപൂര്‍വ്വമായ തിരക്ക് കാരണം സഫാരി ക്ലോസ് ചെയ്യുകയും ചെയ്തു.റോഡിലൂടെ ഇനിയും മുന്നോട്ട്  പോയാല്‍ മൃഗങ്ങളെ കാണും എന്ന് ഞാന്‍ പറഞ്ഞെങ്കിലും എന്റെ കുടുംബം സമ്മതിച്ചില്ല.
               തിരിച്ച് പോരുമ്പോഴും വഴി നീളെ മാന്‍‌കൂട്ടങ്ങള്‍ കണ്ടു. ‘ഇവിടെ കടുവ ഇല്ല എന്നത് മനസ്സിലായി‘ എന്ന് ഒരു നെടുവീര്‍പ്പോടെ കുടുംബം പറഞ്ഞു. കാടിന്റെ മക്കള്‍ കാറിന്റെ പിന്നാലെ ഓടി സന്തോഷം പ്രകടിപ്പിച്ചത് എന്നെ കുട്ടിക്കാലത്തേക്ക് നയിച്ചു.

               ചെക്ക് പോസ്റ്റില്‍ വീണ്ടും എന്റെ കാര്‍ തടഞ്ഞു ! കാരണം തിരക്കിയപ്പോള്‍ “ചോറും കറിയും” നല്‍കുന്നുണ്ട് എന്നായിരുന്നു മറുപടി.ഇവര്‍ എന്നെ വിടില്ല എന്ന് മനസ്സിലാക്കി ഞാന്‍ വീണ്ടും കാറില്‍ നിന്നിറങ്ങി.നേരത്തെ എന്നോട് തര്‍ക്കിച്ച ‘ഏമാന്‍‘ അവിടെത്തന്നെയുണ്ട്!!സഫാരി ക്ലോസ് ചെയ്തിട്ടും ഇപ്പോള്‍ വണ്ടി കടത്തിവിടുന്നത് ഞാന്‍ ചോദ്യം ചെയ്തു.വീണ്ടും എന്റെ വിവരങ്ങള്‍ രെജിസ്റ്ററില്‍ ചേര്‍ത്ത്  എന്തോ കാശ് അടക്കാന്‍ നിര്‍ദ്ദേശിച്ച് ‘ഏമാന്‍’ സ്കൂട്ടായി.തൊട്ടു പിന്നാലെ വണ്ടി എടുത്ത് ഞാനും ചെക്ക്‍പോസ്റ്റ് കടന്നു !! അല്ല പിന്നെ , ഇന്ത്യാ രാജ്യത്ത് എനിക്ക് മാത്രം ഒരു നിയമമോ?

Friday, October 28, 2016

നാഗര്‍ഹോളെയിലേക്ക്

                   കുട്ടയിൽ നിന്നും നാഗർഹോളെയിലേക്കുള്ള 12 കിലോമീറ്റർ ദൂരം പാട്ടും പാടി അര മണിക്കൂർ കൊണ്ട് എത്താം എന്നായിരുന്നു എന്റെ ധാരണ. പക്ഷേ റോഡിന്റെ സ്ഥിതി അതീവ ഗുരുതരാ‍വസ്ഥയിലായിരുന്നു.ഹുൻസൂർ വഴി മൈസൂരിലേക്ക് സഞ്ചാരികൾ നിരന്തരം ഉപയോഗപ്പെടുത്തുന്ന റോഡ് ഇതു തന്നെയോ എന്ന് സംശയം ജനിക്കും.

              ഉരുണ്ട ടയർ മുന്നോട്ട് തന്നെ (വച്ച കാൽ എന്ന പ്രയോഗം നിലവിലില്ലാതായല്ലോ) എന്ന തീരുമാനത്തിൽ അഞ്ചോ ആറോ കിലോമീറ്റർ താണ്ടിയപ്പോൾ വാഹനങ്ങളുടെ ഒരു ക്യൂ മുന്നിൽ പ്രത്യക്ഷപ്പെട്ടു.ഞാനും ക്യൂവിൽ അരിച്ചരിച്ച് ഒരു ചെക്ക് പോസ്റ്റിലെത്തി.

           നാഗർഹോളെ നാഷണൽ പാർക്കിലേക്കുള്ള പ്രവേശന കവാടമായിരുന്നു അത്.ഇവിടെ പേരും വാഹനത്തിന്റെയും സഞ്ചാരികളുടെയും വിവരങ്ങളും ഒരു രെജിസ്റ്ററിൽ ചേർക്കണം.ഒപ്പും ഇട്ട് കൊടുക്കണം.

 “എങ്ങോട്ട് പോകുന്നു?” ചെക്ക് പോസ്റ്റിലെ ‘ഏമാൻ‘ കാറിലേക്ക് നോക്കി ഒരു ചോദ്യം

“നാഗർഹോളെ വരെ...” ഞാൻ നിഷ്കളങ്കമായി മറുപടി പറഞ്ഞു.

“എന്തിന്..?”

“വെറുതേ ഒന്ന് കാട് കാണാൻ...”

“വെറുതെ കാട്ടിലൂടെ ഡ്രൈവ് ചെയ്യാൻ പറ്റില്ല...പോകുന്നെങ്കിൽ അവിടെ സഫാരിക്ക് കയറണം...തിരിച്ച് വരുമ്പോൾ ഇതാ ഇതുപോലെ ടിക്കറ്റ് കാണിക്കണം...” ചുവന്ന ഒരു കാഷ് ബിൽ പോലെ എന്തോ സാധനം കാണിച്ച് അയാൾ പറഞ്ഞു.

“എത്രയാ അവിടെ എൻ‌ട്രി ഫീസ്?”

“ഒരാൾക്ക് 300 രൂപ!!”

“യാ കുദാ‍ാ‍ാ‍ാ‍!!!“ ആരവം ഉയർന്നത് വണ്ടിക്കകത്ത് നിന്നായിരുന്നു.

              തോല്പെട്ടിയിൽ  400 രൂപ സ്വാഹ ആക്കേണ്ട എന്ന് കരുതി വന്നപ്പോൾ 300രൂപ പ്രകാരം ആറ് പേര്‍ക്ക് ഇവിടെ 1800 രൂപ ഗോപി!!പിന്നിലെ വണ്ടികൾക്ക് കടന്നു പോകാനുള്ളതിനാൽ പെട്ടെന്ന് തീരുമാനിക്കാൻ ‘ഏമാൻ‘ വക നിർദ്ദേശം വന്നു. ആ കണ്ടീഷനിൽ മുന്നോട്ട് പോകേണ്ട എന്ന തീരുമാനത്തിൽ ഞാൻ കാർ അല്പം കൂടി മുന്നോട്ടെടുത്ത് തിരിച്ചു നിർത്തി സൈഡാക്കി.പക്ഷേ ഇന്ത്യാ രാജ്യത്ത് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ഈ നടപടി എന്തിന്റെ പേരിൽ എന്ന് ഒന്നറിയണം എന്ന് തന്നെ ഞാൻ തീരുമാനിച്ചു.

            കുടുംബത്തെ കാറിൽ ഇരുത്തി ഞാൻ കാറിൽ നിന്നും ഇറങ്ങി ആ ഉദ്യോഗസ്ഥന്റെ നേരെ നീങ്ങി.സിനിമയിലായിരുന്നു ഈ രംഗമെങ്കിൽ ഇപ്പോൾ കേൾക്കുന്ന പശ്ചാത്തല സംഗീതം എന്റെ മനസ്സിൽ ആർത്തിരമ്പി.പേഴ്സിൽ നിന്നും എന്റെ പഴയ ഒരു ഐഡന്റിറ്റി കാർഡും ഞാൻ വലിച്ചെടുത്തു.

             എന്റെ പിന്നിൽ വന്ന ഓട്ടോക്കാരൻ (നാല് ചക്ര ഓട്ടോ) ഏതോ ഒരു സ്ഥലം പറഞ്ഞ് രക്ഷപ്പെട്ടു.മലയാളികളിൽ പലരും ഒപ്പമുള്ള  കന്നടക്കാരുടെ (അതോ കന്നട പറയുന്ന മലയാളിയോ) സഹായത്തോടെ രക്ഷപ്പെട്ടു. അപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് എനിക്ക് പിടി കിട്ടിയത്- ഒന്നുകിൽ നുണ പറയണം , അല്ലെങ്കിൽ അവിടെ വല്ലതും തടയണം.

“ഇതിന്റെ വകുപ്പ് എന്താണെന്ന് എനിക്കറിയണം...”കൌണ്ടറിൽ യൂണിഫോം ഇട്ട് ഇരിക്കുന്ന ആളോട് ഞാൻ പറഞ്ഞു

“അത് പറഞ്ഞ് തരാം...വെയിറ്റ്...”
മലയാളം നന്നായി സംസാരിക്കുന്ന നേരത്തെ എന്നെ തടഞ്ഞ ‘ഏമാൻ’ ആയിരുന്നു മറുപടി പറഞ്ഞത്.ശേഷം അയാൾ അവിടെ നിന്നും എങ്ങോട്ടോ മറഞ്ഞു.

അല്പനേരം കൂടി ഞാൻ അവിടെ കാത്ത് നിന്നു. എനിക്ക് അവസരം തരില്ല എന്ന് മനസ്സിലായപ്പോള്‍ കൌണ്ടറിൽ നില്‍ക്കുന്ന ആളോട് ഞാന്‍ അല്പം ഉച്ചത്തില്‍ തന്നെ ചോദിച്ചു : “എനിക്ക് മാത്രം പോകാന്‍ പറ്റാത്തതെന്താണെന്ന് പറയൂ?”

എന്റെ ശബ്ദത്തിലെ വ്യത്യാസമാണോ അതല്ല കേരള ഗവണ്മെന്റിന്റെ ആന ചിഹ്നമുള്ള കോളേജ് ഐഡന്റിറ്റി കാര്‍ഡ് കണ്ടാണോ എന്നറിയില്ല അയാള്‍ എന്റെ വിവരങ്ങളും രെജിസ്റ്ററില്‍ ചേര്‍ത്തു ഒപ്പിട്ട് വാങ്ങി !ആകാംക്ഷയോടെ കാത്ത് നില്‍ക്കുന്ന കുടുംബത്തിനടുത്തേക്ക് വിജയശ്രീലാളിതനായി ചെന്ന് ഞാന്‍ കാര്‍ വീണ്ടും തിരിച്ചു....ഇനി സഞ്ചാരം നാഗര്‍ഹോളെ രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിലൂടെ !!!

Wednesday, October 26, 2016

ഇര്‍പ്പ് വെള്ളച്ചാട്ടം

                 ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ഗേറ്റിൽ ഇറുപ്പിന്റെ സംഗീതവും ആസ്വദിച്ച് ഞാൻ അല്പനേരം നിന്നു - കുഞ്ഞുമോനെയും എടുത്തു കൊണ്ട് അത്യാവശ്യം ദൂരം നടന്നതിനാലുള്ള ക്ഷീണം ഒന്നകറ്റാനും അല്പ നേരം ശുദ്ധമായ ഓക്സിജൻ ശ്വാസകോശത്തിലേക്ക് നിറക്കാനും.ഇവിടുന്നങ്ങോട്ട് പടികൾ തുടങ്ങുകയാണ്. തടിയന്മാരും വയസ്സായവരും ഒരു വടി കരുതിയാൽ പടി കയറൽ എളുപ്പമാകും.അല്പമൊന്ന് വിശ്രമിക്കാൻ ആകെയുള്ളത് കുറച്ച് മുകളിലായി രണ്ടേ രണ്ട് സിമന്റ് ബെഞ്ചുകൾ മാത്രമാണ്.
             ഏതാനും പടികൾ കയറിയാൽ തന്നെ അങ്ങകലെ തങ്ങളുടെ ജന്മ കർത്തവ്യം നിർവ്വഹിക്കുന്ന വെള്ളത്തുള്ളികളെ കാണാം. മലമുകളിൽ നിന്നും ഒരുമിച്ച് അരുവിയായി മാറി ആരുടെയൊക്കെയോ ദാഹവും ക്ഷീണവും അകറ്റാൻ കല്ലിലും മുള്ളിലും തലയും ശരീരവുമുരച്ച് ഒരു പരിഭവവും പറയാതെ അവ ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുന്നു.പ്രതിഫലമായി കുറെ പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും തനിക്ക് വേണ്ടാത്ത എല്ലാ സാധനങ്ങളും മനുഷ്യൻ അതിന് തിരിച്ചും നൽകുന്നു !


              കാവേരിയുടെ പോഷക നദിയായ ലക്ഷ്മണ തീർത്ഥ നദി ഇറുപ്പ് വെള്ളച്ചാട്ടത്തിൽ നിന്നാണ് രൂപം കൊള്ളുന്നത്. അതിനാൽ ഇതിന്  ലക്ഷ്മണ തീർത്ഥ വെള്ളച്ചാട്ടം എന്നും പറയാറുണ്ട്.ശ്രീരാമനും ലക്ഷ്മണനും രാവണൻ തട്ടിക്കൊണ്ടുപോയ സീതയെയും അന്വേഷിച്ച് നടക്കുന്നതിനിടയിൽ ബ്രഹ്മഗിരിയിൽ എത്തിയെന്ന് പറയപ്പെടുന്നു. ക്ഷീണിച്ചവശനായ രാമൻ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ ലക്ഷ്മണൻ ബ്രഹ്മഗിരി കുന്നുകളിലേക്ക് അസ്ത്രമെയ്ത് ഉറവയുണ്ടാക്കി.ആ ഉറവയാണ് ലക്ഷ്മണ തീർത്ഥ വെള്ളച്ചാട്ടം എന്ന് ഐതിഹ്യം പറയുന്നു.  ഇംഗ്ലീഷിൽ  Irupu Falls ( Iruppu Falls) എന്നൊക്കെയാണ് പറയുന്നത്. രാമേശ്വര ശിവ ക്ഷേത്രം തൊട്ടടുത്ത് തന്നെ ആയതിനാൽ ഇതൊരു ഹിന്ദു തീർത്ഥാടന കേന്ദ്രം കൂടിയാണ്.
                    മൻസൂൺ കാലത്ത് തന്നെയാണ് ഇരുപ്പ് വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും നല്ലത് (2013ലെ മൺസൂണിൽ ജോഗ് വെള്ളച്ചാട്ടം സന്ദർശിച്ചപ്പോൾ കോട തടസ്സം സൃഷ്ടിച്ചിരുന്നു.ഇവിടെ അങ്ങനെയുണ്ടാകുമോ എന്നറിയില്ല).വെള്ളച്ചാട്ടത്തിന് നേരെ താഴെ ചെന്ന് കുളിക്കാം എന്നതിനാൽ മൺസൂണിൽ അതല്പം അപകടം നിറഞ്ഞത് കൂടിയാണ് എന്നത് ഓർക്കണം.കുളിക്കാൻ താല്പര്യമില്ലാത്തവർക്കും വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് വരെ പോകാൻ മുമ്പ് ഒരു പ്ലാറ്റ്‌ഫോം ഉണ്ടായിരുന്നു.ഇത്തവണ പോയപ്പോൾ അതിന്റെ അവശിഷ്ടങ്ങളായി കുറച്ച് ഇരുമ്പ് റെയിലുകൾ മാത്രം കണ്ടു.

               ഞങ്ങൾ എല്ലാവരും മുകളിൽ വരെ എത്തി.തിരക്ക് കൂടുതലായതിനാൽ കൊച്ചുമോനെയും കൊണ്ട് നിൽക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ ഭാര്യയും അവനും താഴേക്കിറങ്ങി.താനിതുവരെ കേൾക്കാത്ത കാടിന്റെയും വെള്ളത്തിന്റെയും മാസ്മര സംഗീതവും സൌന്ദര്യവും ലിദു മോനും നന്നായി ആസ്വദിച്ചു.

             മനസ്സിൽ തൽക്കാലം മറ്റു പ്ലാനുകൾ ഒന്നും ഇല്ലാത്തതിനാൽ അത്യാവശ്യം നേരം ഞാനും കുടുംബവും പ്രകൃതിയുടെ ഈ വിരുന്ന് ആസ്വദിച്ചു. കാർമേഘം ഉരുണ്ട് കൂടാൻ തുടങ്ങിയപ്പോൾ ഞങ്ങൾ മെല്ലെ ഇരിപ്പിൽ നിന്നും എഴുന്നേറ്റു.
              വന്ന വഴി ദുർഘടമായതിനാലും ഒന്ന് രണ്ട് വാഹനങ്ങൾ മാത്രം അതിലെ തിരിച്ച് പോകുന്നത് കണ്ടതിനാലും മെയിൻ റോഡിലേക്ക് മറ്റേതെങ്കിലും വഴിയുണ്ടാകും എന്ന് ഞാൻ മനസ്സിലാക്കി.ഗേറ്റിലെ സെക്യൂരിറ്റിയോട് ചോദിച്ച് അത് മനസ്സിലാക്കി.അത് വഴി തിരിച്ചു പോയപ്പോഴാണ് അത്രയും നല്ലൊരു റോഡ് ഉണ്ടായിട്ടും ആ ചൂണ്ടുപലക വഴി തെറ്റിച്ചത് മനസ്സിലായത്.
           തിരിച്ചുപോകുന്നതിനിടയിൽ കാറിലെ സംസാരം നാഗർഹോളെ സന്ദർശിക്കാനുള്ള തീരുമാനത്തിലെത്തിച്ചു. കുട്ടയിലെത്തി പോലീസ് സ്റ്റേഷന് മുമ്പിലൂടെ ഞങ്ങൾ നാഗർഹോളെ റോഡിലേക്ക് തിരിഞ്ഞു.

Saturday, October 22, 2016

ബ്രഹ്മഗിരി വന്യജീവി സങ്കേതം

                 അതിരാവിലെ എണീറ്റ് വെളുക്കുന്നതിന് മുമ്പേ മാനന്തവാടി നിന്നും സംസ്ഥാന അതിര്‍ത്തിയായ തോല്‍‌പെട്ടി വരെ വണ്ടിയോടിച്ചാല്‍ ആനയടക്കമുള്ള മൃഗങ്ങളെ അവയുടെ ആവാസവ്യവസ്ഥയില്‍ കണ്ടുമുട്ടാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഒരുള്‍ക്കിടിലത്തോടെയാണ് കുടുംബം അത് ശ്രവിച്ചത്. കാടിനകത്തേക്കുള്ള സവാരിയില്‍ മൃഗങ്ങളെ കാണാനുള്ള സാധ്യത താരതമ്യേന കുറവായിരിക്കും. കാരണം നിരവധി വാഹനങ്ങള്‍ മുമ്പെ പോയി മൃഗങ്ങളെയെല്ലാം കാട്ടിനകത്തേക്ക് വലിയാന്‍ പ്രേരിപ്പിച്ചിരിക്കും (മുന്‍ അനുഭവപാഠം).ട്രിപ്പിന് നല്‍കുന്ന 400 രൂപ “സ്വാഹ”.

                ആറ് മണിക്ക് ആരംഭിക്കാനുദ്ദേശിച്ച കാനനയാത്ര എല്ലാവരും ഒരുങ്ങിക്കഴിഞ്ഞപ്പോള്‍ ഒന്നര മണിക്കൂര്‍ വൈകി. തോല്‍‌പെട്ടിയില്‍ ഞങ്ങളെത്തുമ്പോള്‍ സമയം എട്ടര മണി കഴിഞ്ഞിരുന്നു. വഴിയില്‍ കുരങ്ങുകള്‍ക്ക് പുറമെ രണ്ട് മൂന്ന് മാനുകളെ മാത്രം കണ്ടു.
                    തോല്‍‌പെട്ടിയില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ പോലും സാധിക്കാത്ത വിധം ജനങ്ങളും വാഹനങ്ങളും തിങ്ങി നിറഞ്ഞിരുന്നു.ആ തിരക്കില്‍ സഫാരിക്ക് ടിക്കറ്റ് എടുത്താലും വണ്ടി കിട്ടാന്‍ താമസിക്കും എന്നതിനാല്‍ ഞങ്ങള്‍ തോല്‍‌പെട്ടിയില്‍ ഇറങ്ങുക പോലും ചെയ്തില്ല (പിറ്റേന്ന് പത്രത്തില്‍ നിന്നാണ് ഡ്രൈവര്‍മാര്‍ തമ്മിലുള്ള തര്‍ക്കം കാരണം വന്യജീവി സങ്കേതം അടച്ചതും ഈ തിരക്കിന്റെ കാരണവും മനസ്സിലാക്കിയത്).അല്പം കൂടി മുന്നോട്ട് പോയി സംസ്ഥാന അതിര്‍ത്തിയും കഴിഞ്ഞുള്ള കര്‍ണ്ണാടക ഗ്രാമമായ കുട്ടയില്‍ ഒന്ന് വെറുതെ പോയിവരാമെന്ന് തീരുമാനിച്ചു.

                  കേരള അതിര്‍ത്തി കഴിഞ്ഞതും കൃഷിഭൂമികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.  കുടക് ജില്ലയുടെ ഭാഗമാണ് കുട്ട.കുടക് എന്നാല്‍ പണ്ടു മുതലേ ഓറഞ്ചിനും കാപ്പിക്കും ഇഞ്ചിക്കും പേരു കേട്ട സ്ഥലവും. സംസാര ഭാഷ മലയാളം മാത്രവും!
കുട്ടയില്‍ നിന്ന് പ്രാതല്‍ കഴിച്ചിറങ്ങുമ്പോള്‍ കാഷ്യറോട് ഞാന്‍ വെറുതെ ഒരു ചോദ്യം ചോദിച്ചു.

“ഇവിടെ അടുത്ത് കാണാനുള്ളതായി എന്തുണ്ട്?”

“ഇരിപ്പ് വെള്ളച്ചാട്ടം” ഹോട്ടലുടമ പറഞ്ഞു.

“ഏകദേശം എത്ര ദൂരം കാണും?” ഇരുപ്പില്‍ മുമ്പ് പോയതാണെങ്കിലും ഞാന്‍ ചോദിച്ചു.

“5 കിലോമീറ്റര്‍...പിന്നെ നാഗര്‍ഹോള നാഷണല്‍ പാര്‍ക്ക് - 12 കിലോമീറ്റര്‍”

“ആഹാ...എങ്കില്‍ രണ്ടും കണ്ടിട്ട് തന്നെ മടക്കം...”

“നാഗര്‍ഹോള കാട്ടിനകത്ത് സവാരിക്ക് പോകേണ്ട...റോഡില്‍ കൂടി തന്നെ 10-15 കിലോമീറ്റര്‍ മുന്നോട്ട് പോയാല്‍ മിക്ക മൃഗങ്ങളെയും റോഡില്‍ തന്നെ കാണാം...”

                അങ്ങനെ ഞങ്ങള്‍ വെള്ളച്ചാട്ടം കാണാനായി യാത്ര തുടര്‍ന്നു. കുട്ടയില്‍ നിന്നും 3 കിലോമീറ്റര്‍ മുന്നോട്ട് പോയാല്‍ ഇടതുഭാഗത്തേക്ക് ഒരു ചൂണ്ടുപലക കാണാം.കാപ്പിത്തോട്ടങ്ങള്‍ക്ക് നടുവിലൂടെ പൊട്ടിപ്പൊളിഞ്ഞ ഒരു റോഡും മുന്നില്‍ പ്രത്യക്ഷപ്പെടും.ഇനി 2 കിലോമീറ്റര്‍ യാത്ര ഇതിലൂടെയാണ് (ഇത് വഴി ആരും പോകരുത്.മെയിൻ റോഡിന് തന്നെ 2 കിലോമീറ്റർ മുന്നോട്ട് പോയാൽ ഇടതുഭാഗത്തേക്ക് നല്ല റോഡുണ്ട്.തിരിച്ചു വരുമ്പോഴാണ് ഇത് മനസ്സിലായത്)

             ഇരുഭാഗത്തെയും കാപ്പിച്ചെടികള്‍ക്കിടയില്‍ അവിടെയും ഇവിടെയുമായി ഓറഞ്ച് കായ്ച്ച് നില്‍ക്കുന്നത് നയനമനോഹരവും ഉമിനീരുറവ പൊട്ടിക്കുന്നതും ആയിരുന്നു. ഇടക്ക് ഒരു സംഘം തോട്ടത്തില്‍ കയറി ഓറഞ്ച് പൊട്ടിച്ച് ഞങ്ങള്‍ക്ക് നേരെ നീട്ടി. ഏതോ കര്‍ഷകന്റെ വിയര്‍പ്പിന്റെ ഫലം കട്ടു തിന്നാന്‍ മനസ്സ് വരാത്തതിനാല്‍ ഞാന്‍ അത് നിരസിച്ചു.
               കുത്തിയും കുലുങ്ങിയും ഇരുപ്പ് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന ദ്വാരമായ ശ്രീ രാ‍മേശ്വര ക്ഷേത്രത്തിനടുത്ത് എത്തുമ്പോള്‍ അവിടെയും ഒരു വാഹനസമുദ്രം രൂപപ്പെട്ട് കഴിഞ്ഞിരുന്നു (തോല്പെട്ടിയില്‍ കയറാന്‍ കഴിയാത്തവര്‍ മുഴുവന്‍ ഇറുപ്പില്‍ വന്നെത്തിയിരുന്നു).

                 ഇറുപ്പ് വെള്ളച്ചാട്ടത്തിലേക്ക് പ്രവേശന ഫീ ഒരാള്‍ക്ക് (12 വയസ്സ് കഴിഞ്ഞവര്‍ക്ക്) 50 രൂപയാണ്.ടിക്കറ്റില്‍ 25 രൂപയേ രേഖപ്പെടുത്തൂ.ബാക്കി ക്ഷേത്രത്തിനോ അതോ പോക്കറ്റിലേക്കോ എന്നറിയില്ല.കുപ്പായമിടാത്ത ഒരു പൂണൂല്‍ ധാരിയാണ് ടിക്കറ്റ് നല്‍കുന്നത് . വണ്ടി എവിടെ നിര്‍ത്തിയാലും പാര്‍ക്കിംഗ് ഫീ 10 രൂപയും കൊടുക്കണം. കൂടുതല്‍ അംഗങ്ങളുള്ള ഒരു സംഘത്തെ ഗേറ്റില്‍ നില്‍ക്കുന്നയാള്‍ സ്വകാര്യമായി വിളിച്ച് എന്തോ മന്ത്രിച്ചു. ആ സംഘം ടിക്കറ്റ് എടുക്കാതെ അകത്ത് കയറുകയും ചെയ്തു!

               വെള്ളച്ചാട്ടത്തിലേക്കുള്ള വഴി കാടിനകത്ത് കൂടിയാണ് (അതോ കാവിനകത്ത് കൂടിയോ?).ഈ സ്ഥലങ്ങള്‍ ക്ഷേത്രത്തിന്റെ സ്വത്താണെന്ന് ഇടക്കിടെയുള്ള സൂചനാബോര്‍ഡുകള്‍ പറഞ്ഞു തന്നു.അരുവിയുടെ കളകളാരവം ശ്രവിച്ച് ഞങ്ങള്‍ മുന്നോട്ട് നീങ്ങി.അരുവിയില്‍ ഇടക്ക് ഒരു സ്ഥലത്ത് ഒരു വന്‍ മരം കടപുഴകി വീണുകിടക്കുന്നതും അങ്ങോട്ട് പലരും പോയതിന്റെ ലക്ഷണങ്ങളും കണ്ടു.ഉടന്‍ എന്റെ മക്കളെയും ആ വന്യഭംഗി ആസ്വദിക്കാന്‍ ഞാന്‍ അങ്ങോട്ട് നയിച്ചു.
              അല്പനേരം ആ മരത്തില്‍ കയറിമറിഞ്ഞ ശേഷം ഞങ്ങള്‍ മുന്നോട്ട് നീങ്ങി. അരുവിക്ക് അക്കരെ പറ്റാന്‍ ഒരു ചെറിയ തൂക്കുപാലം ഉണ്ടായിരുന്നു.
             തൂക്കുപാലവും കടന്ന് മുന്നോട്ട് നീങ്ങിയപ്പോള്‍ ഒരു കടുവയുടെ പടം കണ്ടു.അതോടെ ലൂന മോളുടെ ഉള്ളിലെ ഭയത്തില്‍ നിന്നുള്ള ചോദ്യം പുറത്ത് ചാടി.
“ഉപ്പച്ചീ... ഇവിടെ കടുവ ഉണ്ടാക്വോ...?”

“കാടല്ലേ....കാട്ടില്‍ നിരവധി മൃഗങ്ങള്‍ ഉണ്ടാകും ...അതില്‍ ഒരു പക്ഷേ കടുവയും ഉണ്ടാകാം...”

“നിങ്ങള്‍ കുട്ടികളെ വെറുതെ പേടിപ്പിക്കാതെ...” ലൂന മോളുടെ മുഖത്ത് ആശങ്ക പടരുന്നത് കണ്ട് എന്റെ ഭാര്യ പറഞ്ഞു.

              അല്പം കൂടി മുന്നോട്ട് നീങ്ങിയതോടെ “ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിലേക്ക് സ്വാഗതം” എന്ന ആര്‍ച്ച് ഗേറ്റ് കണ്ടു. ഇങ്ങനെയൊരു വന്യജീവി സങ്കേതം ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു.
           ഇറുപ്പ് വെള്ളച്ചാട്ടത്തിലേക്ക് ഇനിയും കയറണം. ഇവിടെ നിന്നാല്‍ വെള്ളം മൂക്കും കുത്തി വീണുടയുന്നതിന്റെ ശബ്ദം കേള്‍ക്കാം.

Tuesday, October 18, 2016

പൂക്കോട് തടാകം

                പൂക്കോട് തടാകം സന്ദര്‍ശിക്കാന്‍ ഈ യാത്ര പുറപ്പെടുന്നതിന് മുമ്പ് എനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. പക്ഷേ സമയം വൈകുന്നേരം ആയതിനാല്‍ ഇനി ഒരു സ്ഥലത്തും എത്തിപ്പെടാന്‍ സാധിക്കില്ല എന്നതിനാല്‍ പൂക്കോട് തടാകം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. അവിടെ അഭൂതപൂര്‍വ്വമായ ജനത്തിരക്ക് എന്നെ അത്ഭുതപ്പെടുത്തി. കാരണം തടാകത്തിലൂടെയുള്ള ഒരു ബോട്ടിംഗ് (അതും 20 മിനുട്ട് നേരത്തേക്ക് 4 പേര്‍ക്ക് 300 രൂപ )മാത്രമായിരുന്നു അവിടെയുള്ള ഏക ആകര്‍ഷണം.പ്രവേശന ഫീസായി 20 രൂപയും നല്‍കണം.

              എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലും ടൂറിസം വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയിലെ ഒരു ഡെസ്റ്റിനേഷന്‍ ആയിരുന്നു പൂക്കോട് തടാകം. തുഷാരഗിരിയില്‍ അനുഭവിച്ച സൌജന്യ പ്രവേശനം ഇവിടെയും സാധ്യമായിരുന്നു എന്ന് സാരം. പക്ഷേ ആ ജനത്തിരക്കില്‍ സൌജന്യം പറ്റാന്‍ നില്‍ക്കാതെ ടിക്കറ്റെടുത്ത് ഞങ്ങള്‍ അകത്ത് പ്രവേശിച്ചു.

              അന്യസംസ്ഥാനക്കാരായ വിനോദയാത്രാ സംഘങ്ങളായിരുന്നു അവിടെയുള്ള മിക്കവരും എന്ന് അവരുടെ സംസാരത്തില്‍ നിന്നും മനസ്സിലായി. ബോട്ട് ഹൌസിന്റെ അടുത്ത് കണ്ട തിരക്കില്‍ നിന്നും ഇവര്‍ തടാകവും ബോട്ടും മുമ്പ് കാണാത്തവരാണെന്നും പെട്ടെന്ന് മനസ്സിലായി. പെഡല്‍ ബോട്ടില്‍ കയറി തടാകത്തില്‍ വട്ടം കറങ്ങിക്കൊണ്ടിരിക്കുന്ന നിരവധി സഞ്ചാരികളെയും നോക്കി ഞാനും ഭാര്യയും തടാകക്കരയിലെ കസേരയില്‍ ഇരുന്നു. ഉടന്‍ ഒന്നാം ക്ലാസ്സുകാരി ലൂന മോള്‍ക്ക് അത് ഒരു ഫ്രെയിമിലാക്കാന്‍ മോഹം. ഞാന്‍ ക്യാമറ എടുത്ത് കൊടുത്തു. അവള്‍ അത് മനോഹരമായ ഒരു ഓര്‍മ്മ ചിത്രമാക്കി.

                11 വര്‍ഷം മുമ്പ് ഉപ്പയും ഉമ്മയും അടക്കമുള്ള കുടുംബാംഗങ്ങളെയും കൊണ്ട് വയനാട് കാണാന്‍ പോയ സമയത്ത് ഞങ്ങള്‍ ആദ്യമെത്തിയത് പൂക്കോട് തടാകത്തിലായിരുന്നു. രണ്ടാമത്തെ മോള്‍ ലുഅ അന്ന് കൈകുഞ്ഞായിരുന്നു. അവളെയും കൊണ്ട് ഒരു ഫോട്ടോക്ക് പോസ് ചെയ്ത അക്കേഷ്യ മരം ഇന്നും അതേ പോലെ തടാകത്തിലേക്ക് തല ചായ്ച്ച് നില്‍പ്പുണ്ട്. അതിന് ശേഷം ഇന്നാണ് ഞങ്ങള്‍ വീണ്ടും പൂക്കോട് തടാകം സന്ദര്‍ശിക്കാനെത്തിയത്.

              കുട്ടികള്‍ക്കായുള്ള ഒരു മിനി പാര്‍ക്ക് തടാകത്തില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളും മുതിര്‍ന്നവരും അതില്‍ ഒരു പോലെ കയറിനിരങ്ങുന്നുണ്ട്. ‘ചിരിപ്പിക്കും കണ്ണാടികള്‍’ എന്ന ഒരു പ്രദര്‍ശനവും പ്രത്യേകം ടിക്കറ്റെടുത്ത് സഞ്ചാരികള്‍ക്ക് ആസ്വദിക്കാവുന്നതാണ്. എം.എസ്.സിക്ക് പൊന്നാനി എം.ഇ.എസ് കോളേജില്‍ പഠിക്കുന്ന കാലത്ത് ഹോസ്റ്റല്‍ ടൂര്‍ പോയ സമയത്ത് (1995) ഇവിടെ ഒരു അക്വേറിയം സന്ദര്‍ശിച്ചിരുന്നു. പിന്നീട് ഇതിലും വലിയ നിരവധി അക്വേറിയങ്ങള്‍ കണ്ട് കഴിഞ്ഞതിനാല്‍ ഇത്തവണ ഇവിടെ വീണ്ടും കാണാന്‍ മനസ്സ് വന്നില്ല.

                നിരവധി ‘യൂസ് മീ’കള്‍ ഉണ്ടായിട്ടും ഭക്ഷിച്ചതിന് ശേഷമുള്ള കടലാസുകളും കപ്പുകളും മറ്റും അലക്ഷ്യമായി വലിച്ചെറിഞ്ഞത് കണ്ടപ്പോള്‍ സങ്കടം തോന്നി. കാരണം രണ്ട് ദിവസം മുമ്പ് ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയുടെ ഒരു കൂട്ട ശുചീകരണ യജ്ഞം അവിടെ നടന്നതായി പത്രത്തില്‍ വായിച്ചിരുന്നു. വീണ്ടും പരിസരം വൃത്തികേടാക്കാതിരിക്കാന്‍ ടൂറിസം വകുപ്പ് അധികൃതര്‍ ഒട്ടും ശ്രദ്ധിക്കുന്നില്ല എന്നത് സങ്കടകരമാണ്.മാലിന്യം വലിച്ചെറിഞ്ഞ് മറ്റുള്ളവര്‍ക്ക് അസൌകര്യമുണ്ടാക്കുന്നത് ശരിയല്ല എന്ന ബോധം അത് വലിച്ചെറിയുന്നവനും ഇല്ലാതെ പോയി.

               സമയം ഇരുട്ടാനും മഴ ചാറാനും തുടങ്ങി. ഇനിയും അവിടെ തങ്ങുന്നത് പന്തിയല്ല എന്ന് തോന്നിയതിനാല്‍ ഞങ്ങള്‍ മെല്ലെ പുറത്തിറങ്ങി.വൈത്തിരി എത്തി ഇടത്തോട്ട് തിരിഞ്ഞ് പൊഴുതന വഴിയായിരുന്നു തുടര്‍‌യാത്ര. ചായത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള ആ യാത്ര ഒരു ഊട്ടി ഫീലിംഗ് സമ്മാനിച്ചു. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ റിസര്‍വോയര്‍ പ്രദേശവും ഈ യാത്രയില്‍ ദൃശ്യമായി (ഫോട്ടോ പഴയ ശേഖരത്തില്‍ നിന്ന്).


Monday, October 17, 2016

താമരശ്ശേരി ചുരം

             ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് മൈസൂരിലേക്ക് എന്റെ ആദ്യത്തെ സംസ്ഥാനാന്തര വിനോദയാത്ര നടന്നത്.ഇന്നത്തെ ലൈന്‍ ബസ്സിന്റെ അത്രപോലും മോടി ഇല്ലാത്ത “സായി ട്രാവത്സ്” എന്ന ബസ്സില്‍ കൂളിംഗ് ഗ്ലാസ് വച്ച തടിയനായ ഒരു ഡ്രൈവറും അന്ന് ടൂറിന് കൂടെ പോന്ന ടീച്ചറെ ഉന്നം വച്ച് (എന്ന് എനിക്ക് തോന്നിയ) അദ്ദേഹം ബസ്സില്‍ തുറന്ന് വിട്ട “ആ....ദേവീ, ശ്രീദേവീ....” എന്ന ഗാനവും ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

               അന്ന് അടിവാരത്തെത്തിയപ്പോള്‍ ബസില്‍ നിന്നും അദ്ധ്യാപകരിലാരോ ഞങ്ങളോട് സംസാരിക്കാന്‍ തുടങ്ങി.”വയനാട് ചുരം കയറാന്‍ തുടങ്ങുകയാണ്. ശരിക്കും ശ്രദ്ധിച്ച് കാഴ്ചകള്‍ കാണണം.ചുരത്തില്‍ %# ഹെയര്‍പിന്‍ വളവുകള്‍ (അന്ന് എത്ര എണ്ണമാണ് പറഞ്ഞിരുന്നത് എന്നെനിക്കോര്‍മ്മയില്ല) ഉണ്ട്”.

“സേര്‍....ചൊരം ന്ന് പറഞ്ഞാലെത്താ...?” ആരോ ചോദിച്ചു.

“മലയുടെ മുകളിലേക്ക് വളഞ്ഞ് പുളഞ്ഞ് പോകുന്ന റോഡ്...ചുരത്തിന്റെ മുകളിലെത്തി താഴോട്ട് നോക്കിയാല്‍ മനോഹരമായ കാഴ്ചകള്‍ കാണാം...”

“ങേ!! അപ്പം തായത്ത്ക്ക് ബ്‌ഗൂലെ (അപ്പോള്‍ താഴേക്ക് വീഴില്ലേ?).“ കുട്ടികളായ ഞങ്ങള്‍ ഉത്‌കണ്ഠാകുലരായി.

“ഇല്ല...ചുരത്തിന്റെ ഏറ്റവും മുകളിലെത്തിയാലുള്ള സ്ഥലമാണ് ലക്കിടി...കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലം...അവിടെ ഒരു മരത്തില്‍ കെട്ടിയ ചങ്ങല കാണാം...”

“ങേ!മരത്ത്‌നെ ചെങ്ങലെ കെട്ടേ?” ഞങ്ങള്‍ അത്ഭുതപ്പെട്ടു.

“അല്ല...മരത്തില്‍ ചങ്ങല കെട്ടിയത്...അതിന്റെ പിന്നി‍ല്‍ ഒരു കഥയുണ്ട്...മിണ്ടാതിരുന്നാല്‍ കഥ കേള്‍ക്കാം...”

“കേക്കട്ടെ സേര്‍...” എല്ലാവരും കഥക്കായി കാതോര്‍ത്തു.

“വയനാട് എന്നാല്‍ പണ്ട് മുഴുവന്‍ കാടായിരുന്നു. നിരവധി വന്യജീവികള്‍ വസിച്ചിരുന്ന സ്ഥലം, പിന്നെ കുറെ ആദിവാസികളും....അങ്ങനെ ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പട്ടാള ഉദ്യോഗസ്ഥന്‍ ഒരു ആദിവാസിയുടെ (കരിന്തണ്ടന്‍ എന്നാണ് ഇയാളുടെ പേര് എന്ന് ഇപ്പോള്‍ അറിയുന്നു) സഹായത്തോടെ കാട് നിറഞ്ഞ ഈ മല കയറാന്‍ തുടങ്ങി.അത്യന്തം അപകടകരമായ ആ യാത്ര വിജയകരമായി പൂര്‍ത്തിയാക്കി അവര്‍ മലയുടെ മുകള്‍ ഭാഗത്തെത്തി. വയനാട്ടിലേക്കുള്ള വഴി കണ്ടെത്തിയത് താനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പട്ടാള ഉദ്യോഗസ്ഥന്‍ ആ പാവം ആദിവാസിയെ കൊലപ്പെടുത്തി...”

“അയ്യോ...!ന്നട്ട്...”

“അങ്ങനെ ഈ  ഉദ്യോഗസ്ഥന്‍ താഴെ തിരിച്ചെത്തി തന്റെ മികവ് തെളിയിക്കാന്‍ കുതിരപ്പട്ടാളവുമായി വീണ്ടും മലകയറി.പക്ഷെ പല വണ്ടികളും മുകളിലെത്തുന്നതിന് മുമ്പെ കൊല്ലിയിലേക്കും മറ്റും മറിഞ്ഞു.പിന്നീട് മറ്റു വാഹനങ്ങള്‍ക്കും ഇങ്ങനെ അപകടം സംഭവിച്ചു കൊണ്ടിരുന്നു...”

“കുട്ടിച്ചാത്തന്‍ ആയിരിക്കും....” ഞങ്ങള്‍ പറഞ്ഞു.

“അതെ....അന്ന് പട്ടാളക്കാരന്‍ കൊന്ന ആദിവാസിയുടെ പ്രേതം ആയിരുന്നു ഈ പ്രവര്‍ത്തികള്‍ ചെയ്തിരുന്നത് എന്ന് എല്ലാവരും വിശ്വസിച്ചു...”

“അയ്യോ പ്രേതമോ....??” ഞങ്ങള്‍ ഞെട്ടി.

“ആ പ്രേതത്തെ ബന്ധനസ്ഥനാക്കിയാല്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ആരോ പറഞ്ഞു. അങ്ങനെ പ്രേതത്തെ മരത്തില്‍ ആവാഹിച്ച് ചങ്ങല ഇട്ട് ബന്ധനസ്ഥനാക്കി...അതാണ് ചങ്ങല മരം..”

“ഹാവൂ....സമാധാനായി....”

              ചുരം കയറാന്‍ തുടങ്ങിയതോടെ അന്നത്തെ ആ ടൂറിന്റെ ഓര്‍മ്മകള്‍ എന്റെ മനസ്സിലൂടെ ഒരു ബ്ലാക്ക് & വൈറ്റ് ചിത്രമായി ഓടാന്‍ തുടങ്ങി. മരങ്ങള്‍ ഇട തൂര്‍ന്ന് നില്‍ക്കുന്ന ചുരം റോഡിലൂടെ അധികമൊന്നും പ്രയാസം കൂടാതെ വാഹനത്തിരക്കിലും പെടാതെ ഒന്‍പത് ഹെയര്‍പിന്‍ വളവുകളും താണ്ടി ഞങ്ങള്‍ മുകളിലെത്തി. വഴിയില്‍ ചെറിയ ചെറിയ ജലപധനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നീരൊഴുക്ക് കുറവായത് കാരണം അവയൊന്നും ആകര്‍ഷകമായിരുന്നില്ല.

              ആറാം ക്ലാസ്സിലെ ടൂറില്‍ വ്യൂ പോയിന്റില്‍ ഇറങ്ങിയിരുന്നോ ഇല്ലേ എന്നൊന്നും എനിക്കോര്‍മ്മയില്ല.പക്ഷേ അന്നത്തെ വ്യൂ പോയിന്റും ഇന്നത്തെ വ്യൂ പോയിന്റും അജഗജാന്തരമുണ്ട്. വയനാട്ടില്‍ മുമ്പ് ജോലി ചെയ്ത സമയത്ത് പലതവണ ഈ വ്യൂ പോയിന്റ്റില്‍ ഇറങ്ങി കാഴ്ചകള്‍ ആസ്വദിച്ചിരുന്നു. അന്ന് ജനിച്ചിട്ടില്ലാത്ത മൂന്നാമത്തെ മകള്‍ ലൂനമോള്‍ക്കും ഇപ്പോള്‍ ഞങ്ങളുടെ കൂടെ താമസിക്കുന്ന ഭാര്യാസഹോദരി പുത്രി അംനക്കും ആ കാഴ്ചകള്‍ ആസ്വദിക്കാനായി ഞങ്ങള്‍ പുറത്തിറങ്ങി.

              കാഴ്ചകള്‍ കണ്ട് വേലിക്കെട്ടിനരികെ നില്‍ക്കവെ ഒരു കുരങ്ങന്‍ ഒരു കൂസലും കൂടാതെ അരികിലൂടെ നടന്നുപോയി.കുട്ടികള്‍ എല്ലാവരും പേടിച്ച് വഴിമാറി.അപ്പോഴാണ് ലുഅ മോള്‍ അപൂര്‍വ്വമായ ആ മനോഹര ദൃശ്യം ചൂണ്ടിക്കാണിച്ചത് - ചാറല്‍ മഴയും വെയിലും സംഗമിക്കുന്നിടത്ത് മരങ്ങള്‍ പിന്നാമ്പുറ ചിത്രങ്ങളായി മനോഹരമായ ഒരു മഴവില്ല്! ഭാഗ്യവശാല്‍ അത് കൃത്യമായിത്തന്നെ ലുലു മോള്‍ ക്യാമറയില്‍ പകര്‍ത്തി. തുഷാരഗിരിയിലെ മഴവില്‍ ചാട്ടത്തില്‍ കാണാത്തത് ഇവിടെ ദര്‍ശിച്ചു.

             ലക്കിടി കടന്ന് ചങ്ങല മരത്തിന്റെ അടുത്തെത്തി.അംനക്ക് അതിന്റെ കഥ പറഞ്ഞ് കൊടുത്ത ശേഷം ഞങ്ങള്‍ അടുത്ത സന്ദര്‍ശന കേന്ദ്രത്തിലേക്ക് നീങ്ങി.

Friday, October 14, 2016

വൃദ്ധസദനം

മഴ മാറി സൂര്യന്റെ പൊന്‍‌കിരണങ്ങള്‍ മുറ്റത്ത് പതിച്ചു കൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്‍ മെല്ലെ വീടിന് പുറത്തേക്കിറങ്ങി. മുറ്റത്തെ മാവിഞ്ചോട്ടില്‍ പഴുത്ത ഇലകള്‍ കുറെ വീണു കിടക്കുന്നുണ്ട്.അവക്കിടയിലൂടെ ഉണ്ണിക്കുട്ടന്‍ ദിവസങ്ങള്‍ക്ക് മുമ്പ് കൂട്ടിയിട്ട മണ്‍കൂനയുടെ അടുത്തെത്തി.

“ഉണ്ണീ...മഴ മാറിയപ്പോഴേക്കും തുടങ്ങിയോ നിന്റെ മണ്ണില്‍കളി?” 
മണ്‍കൂനയിലേക്ക് നോക്കി നില്‍ക്കുന്ന ഉണ്ണിയെക്കണ്ട് അമ്മ ചോദിച്ചു.

‘ഹോ...ഈ ഭൂമിയിലെ മണ്ണ് ഉണ്ണികള്‍ക്കും കൂടി കളിക്കാനുളതാണെന്ന് എന്നാണാവോ അമ്മ പഠിക്കുക’  ഉണ്ണിക്കുട്ടന്‍ ആത്മഗതം ചെയ്തു.

“ആഹാ...അഞ്ചാം ക്ലാസിലെത്തിയിട്ടും മണ്ണിലാണോ ഉണ്ണീ ഇപ്പോഴും കളി?” അച്ഛനും ചോദ്യവുമായി പ്രത്യക്ഷപ്പെട്ടു.

“ഞാന്‍ ഒരു വീടിന്റെ മാതൃക ഉണ്ടാക്കുകയാ...”

“ങാ...അത് നല്ലതാ...ആര്‍ക്കാ ഈ വീട്?”

“അത്...ഞാന്‍ വലുതായി പഠിത്തവും കല്യാണവുമൊക്കെ കഴിഞ്ഞ് ഒരു ഉണ്ണി ജനിച്ച ശേഷം ഉണ്ടാക്കാന്‍ പോകുന്ന വീടിന്റെ മാതൃക....”

“ങേ! അതിന് ഇനി എത്ര കാലം കഴിയണം?”

“ഇല്ല...കാലം വേഗം കറങ്ങിത്തീരും അച്ഛാ...”

“സമ്മതിച്ചു...നിനക്ക് ഈ വീട് ഉണ്ടല്ലോ...പിന്നെ ആ വീട് ആര്‍ക്കാ?”

“അത് എന്റെ അച്ഛനു വേണ്ടി തന്നെ...”

“അന്നേക്ക് ഞാന്‍ മൂത്ത് നരച്ച് പോവില്ലേ ഉണ്ണീ...”

“അതെ... പക്ഷേ ആ വീട്ടില്‍ നരച്ച കുറെ അംഗങ്ങള്‍ കൂടി ഉണ്ടാകും!!”

“ങേ!”

“മാത്രമല്ല എല്ലാവിധ സൌകര്യങ്ങളും ആ വീട്ടിലുണ്ടാകും...”

“എന്തിനാ ഉണ്ണീ ഇതൊക്കെ?”

“മുത്തച്ഛനെപ്പോലെ വയസ്സുകാലത്ത് അച്ഛനും നരകിക്കാതിരിക്കാന്‍...”

“പക്ഷേ...കുറെ അംഗങ്ങള്‍ ആരൊക്കെയാ...?”

“ആ വീടിന്റെ പേരാണ് വൃദ്ധസദനം... കമ്പനി തരാന്‍, അച്ഛനെപ്പോലെ വയസ്സായ കുറെ ആള്‍ക്കാര്‍ കൂടി അവിടെ വേണ്ടേ അച്ഛാ...ഇല്ലെങ്കില്‍ മുത്തച്ഛനെപ്പോലെ ഏതോ വൃദ്ധസദനത്തില്‍ ആരോരുമില്ലാതെ അച്ഛനും....?”


“ഉണ്ണീ!!!” (പ്ധിം)

തുഷാരഗിരി

                   തുഷാരഗിരിയില്‍ ഇത്തവണത്തേതടക്കം  എത്ര തവണ പോയി എന്ന് ഇപ്പോള്‍ എനിക്ക് കണ്‍ഫ്യൂഷനാണ്.കഴിഞ്ഞ തവണ പോയത് കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ത്രിദിന ക്യാമ്പിന്റെ ഭാഗമായിട്ടുള്ള ട്രക്കിംഗിനായിരുന്നു.അന്ന് ഭാര്യയും മക്കളും കൂടി ക്യാമ്പില്‍ എന്റെ കൂടെ ഉണ്ടായിരുന്നതിനാല്‍ എനിക്കതൊരു ഫാമിലി ടൂറ് കൂടിയായിരുന്നു.

                ഇക്കഴിഞ്ഞ എട്ടാം തീയതി വയനാട്ടിലേക്ക് കുടുംബ സമേതം യാത്ര പോകുമ്പോഴാണ് തുഷാരഗിരിയില്‍ വീണ്ടും എത്തിയത്. ഇത്തവണ മണാശ്ശേരി കെ.എം.സി.ടി വനിതാ എഞ്ചിനീയറിംഗ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ സപ്തദിന ക്യാമ്പിന്റെ ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചാണ് വയനാട് യാത്ര അതു വഴിയാക്കിയത്.

            അരീക്കോട് നിന്നും മുക്കം അഗസ്ത്യന്മുഴിയിലെത്തി വലത്തോട്ട് തിരിഞ്ഞ് 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുവമ്പാടി എന്ന മലയോര ഗ്രാമത്തിലെത്തും. അവിടെ നിന്നും ഏകദേശം 10 കിലോമീറ്റര്‍ കൂടി മുന്നോട്ട് പോയാല്‍ കോടഞ്ചേരിയിലും. വീണ്ടും 10 കിലോമീറ്റര്‍ കൂടി സഞ്ചരിക്കണം തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ എത്താന്‍. കൃത്യമായി പറഞ്ഞാല്‍ എന്റെ വീട്ടില്‍ നിന്നും 42 കിലോമീറ്റര്‍ ദൂരമേ തുഷാരഗിരിയിളെക്കുള്ളൂ എന്ന് ഈ യാത്രയിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു. തുഷാരം പൂക്കുന്ന മലകളാണ് തുഷാരഗിരി എന്ന് പറഞ്ഞാല്‍ തെറ്റൊന്നുമില്ല.

            തുഷാരഗിരിയില്‍ പ്രധാനമായും നാല് വെള്ളച്ചാട്ടങ്ങളുണ്ട്. ഈരാറ്റുമുക്ക് , മഴവില്‍ വെള്ളച്ചാട്ടം,തുമ്പിതുള്ളും പാറ , തേന്‍പാറ എന്നിവയാണവ.ഇതില്‍ ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിലേ പലരും എത്താറുള്ളൂ.ഇന്റര്‍ലോക്കും കോണ്‍ക്രീറ്റും ഇട്ട് അകത്തേക്കുള്ള വഴി ഭംഗിയാക്കിയിട്ടുണ്ട്. അങ്ങോട്ട് പോകുന്ന വഴിയില്‍ തന്നെ കൊച്ചുകുട്ടികള്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന രൂപത്തില്‍ ഒരു നീരൊഴുക്ക് പ്രകൃതി ഒരുക്കിയിട്ടുണ്ട്.

                 ഇവിടെ നിന്ന് കൈകുമ്പിളില്‍ അല്പം വെള്ളമെടുത്ത് ഒന്ന് മുഖം കഴുകാന്‍ ആരും കൊതിച്ചുപോകും.കാട്ടിനകത്തു നിന്നും ഊര്‍ന്നിറങ്ങി വരുന്ന ആ ജലധാര നല്‍കുന്ന തണുപ്പ് ഏതൊരാളെയും ഉന്മേഷവാനാക്കും. ഇതും കഴിഞ്ഞ് മുന്നിലെ ചെറിയൊരു തൂക്കുപാലം കടന്നാല്‍ ഈരാറ്റുമുക്ക് വെള്ളച്ചാട്ടം ദൃഷ്ടിപഥത്തില്‍ പതിയും. വെള്ളം കുറവാണെങ്കിലും പ്രകൃതി ഒരുക്കിയ കാഴ്ചവിരുന്നിന് സൌന്ദര്യം ഒട്ടും കുറവായിരുന്നില്ല.കളിക്കാനും കുളിക്കാനും അനുയോജ്യമാണെങ്കിലും കാട്ടിനകത്ത് മഴ പെയ്താല്‍ നീരൊഴുക്ക് അപകടകരമാകും.


                ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിലേക്ക് തിരിയുന്നതിന് പകരം ഇടത്തേക്കുള്ള വഴിയിലൂടെ അല്പം മുന്നോട്ട് പോയാല്‍ “ഹോളോ ട്രീ” എന്നറിയപ്പെടുന്ന താന്നി മുത്തശ്ശിയെ കാണാം.മൂന്നോ നാലോ പേര്‍ക്ക് അകത്തേക്ക്   കയറാന്‍ സാധിക്കുന്ന രൂപത്തില്‍ ആ മുത്തശ്ശി എല്ലാവരെയും സ്വീകരിക്കുന്നു. ഏറ്റവും മുകളിലെ ദ്വാരത്തിലൂടെ സൂര്യപ്രകാശം കടന്നുവരുന്ന കാഴ്ച അപൂര്‍വ്വങ്ങളിലൊന്നാണ്. 320 വര്‍ഷത്തോളം പഴക്കം മതിക്കുന്ന മുത്തശ്ശിയെ എല്ലാ വര്‍ഷവും ആദരിക്കാറുണ്ട് എന്ന് ഡെസ്റ്റിനേഷന്‍ മാനേജര്‍ മാത്യു ഷെല്ലി പറഞ്ഞു. വെള്ളച്ചാട്ടം ചാലിപ്പുഴയായി താന്നി മുത്തശ്ശിയുടെ മടിത്തട്ടിലൂടെ ഒഴുകി ചാലിയാറിലെത്തുന്നു.


                 ഈരാറ്റുമുക്കില്‍ നിന്ന് 400 മീറ്ററോളം കയറിയാല്‍ മഴവില്‍ വെള്ളച്ചാട്ടത്തിലേക്ക്  എത്തും. വെള്ളച്ചാട്ടത്തില്‍ മഴവില്ല് വിരിയുന്ന അപൂര്‍വ്വ സുന്ദര ദൃശ്യമാണ് ഈ പേരിന് കാരണം. ഇത്തവണ ഞാന്‍ അങ്ങോട്ട് കയറിയില്ല.കഴിഞ്ഞ തവണ അവിടെ എത്തിയെങ്കിലും വെള്ളം കുറവായത് കാരണം മഴവില്ല് വിരിഞ്ഞില്ല.

             മഴവില്‍ ചാട്ടത്തില്‍ നിന്നും വീണ്ടും 500 മീറ്റര്‍ കയറിയാല്‍ ‘തുമ്പിതുള്ളും പാറ‘ യില്‍ എത്തും.തുമ്പികളും പൂമ്പാറ്റകളും തുള്ളിക്കളിക്കുന്ന സ്ഥലമായതുകൊണ്ടാണ് ഈ പേര് വന്നത്. ഇന്ന് മനുഷ്യര്‍ മുഴുവന്‍ അവരുടെ തുള്ളല്‍ സ്ഥാനത്ത് എത്തുന്നതിനാല്‍ പേര് ബാക്കിയാക്കി അവരെല്ലാം പോയി. 

              തുമ്പിതുള്ളും പാറയില്‍ നിന്ന് വീണ്ടും മുകളിലേക്ക് കയറി കാട്ടിനകത്ത് കൂടെ അഞ്ചാറ് കിലോമീറ്റര്‍ നടന്നാല്‍ തേന്‍‌പാറയിലെത്താം. 4 ഏക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ആ ഒറ്റപ്പാറയിലേക്ക് ഞാന്‍ ഇതുവരെ പോയിട്ടില്ല. ആരൊക്കെയോ പോയി അവിടെ ടെന്റ് കെട്ടി താമസിച്ച കഥ കേട്ടിട്ടുണ്ട്. അതിന് വനം വകുപ്പ് സമ്മതിക്കുമോ എന്നറിയില്ല.  അവിടെ  നിന്നുള്ള കാഴ്ച  അതിമനോഹമാണെന്ന് പറയുന്നു. നിന്ന് നോക്കിയാല്‍ തലകറങ്ങുന്നതുപോലെ തോന്നുമെന്നതിനാല്‍ പാറയില്‍  കിടന്നാണ്  താഴ്വരക്കാഴ്‌ച്ച ആസ്വദിക്കാറ് പോലും! ബാച്ചി ടീമിന്റെ കൂടെയേ അത് നടക്കൂ എന്നതിനാല്‍ ഇത്തവണയും അങ്ങോട്ട് കയറിയില്ല. 

                 തേന്‍ പാറയും കഴിഞ്ഞ് മുകളിലേക്ക്  ട്രക്കിങ്ങിന് പോകാം. വയനാട് ജില്ലയിലെ വൈത്തിരിയില്‍ എത്തും എന്ന് പറയുന്നു. ട്രക്കിങ്ങിനും  ക്യാമ്പിങ്ങിനും വനം വകുപ്പ് സൌകര്യമൊരുക്കുന്നുണ്ട്. മുന്‍‌കൂട്ടി വിവരം അറിയിക്കണം എന്ന് മാത്രം. ഒരു ഫോറസ്റ്റ് ഗാര്‍ഡിന്റെ സഹായവും ലഭിക്കും. ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനായ  അഷ്‌റഫ് സാറെ ബന്ധപ്പെടാം എന്ന് അറിയിച്ചു (ഫോണ്‍:9747345408). ഡെസ്റ്റിനേഷന്‍ മാനേജര്‍ മാത്യു ഷെല്ലിയുമായി ബന്ധപ്പെട്ടാല്‍ താമസ സൌകര്യങ്ങളും  മറ്റും അറിയാം (9447278388). 

                  ക്യാമ്പിലെ ക്ഷണിക്കപ്പെട്ട അതിഥി എന്ന നിലക്ക് അഷ്രഫ് സാറും മാത്യു ഷെല്ലിയും എനിക്കും കുടുംബത്തിനും പ്രത്യേക പരിഗണന നല്‍കി. ഇനി വരുമ്പോഴും ടിക്കറ്റ് എടുക്കരുതെന്ന (!) ഉപദേശത്തോടെയും (30 രൂപയാണ് പ്രവേശന ഫീസ്)  വീണ്ടും കാണാമെന്ന ഉപചാര വാക്കോടെയും  ഞങ്ങള്‍ തുഷാരഗിരിയോട് വിടപറഞ്ഞു. അടിവാരത്തേക്ക് എത്താന്‍ ഇപ്പോള്‍ പുതിയൊരു പാലം ഉണ്ട്.മനോഹരമായ ആ കാഴ്ചയും ആസ്വദിച്ചു കൊണ്ട് ഞങ്ങള്‍ ചുരം കയറാന്‍ തുടങ്ങി.

Wednesday, October 12, 2016

ഗ്യാസ് കണക്ഷന്റെ ‘ഗ്യാസ്’ - 2

ഗ്യാസ് കണക്ഷന്റെ ‘ഗ്യാസ്’

           ശനിയാഴ്ചയും ഞായറാഴ്ചയും കോളേജില്‍ എന്‍.എസ്.എസിന്റെ ഡ്യൂട്ടി ഉണ്ടായിരുന്നതിനാല്‍ തിങ്കളാഴ്ച ഞാന്‍ ലീവ് എടുത്തു.കറക്ട് അന്ന് ഒമ്പത് മണിയോടെ വീട്ടിലെ ഗ്യാസും കഴിഞ്ഞു.

“സിലിണ്ടര്‍ രണ്ടും കാലിയായാല്‍ ഗ്യാസ് കണക്ഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യാം എന്നല്ലേ നിങ്ങള്‍ പറഞ്ഞിരുന്നത്?” ഭാര്യ ചോദിച്ചു.

“ഞാനല്ല പറഞ്ഞത്, അസീസ്ക്കയാ പറഞ്ഞത്...”

“അസീസ്ക്കയോ...?അതാരാ?”

“ഗ്യാസ് ഏജന്‍സി ഉടമ”

“ ഏത് കാക്കയായാലും വേണ്ടില്ല... സിലിണ്ടര്‍ രണ്ടും കാലിയാ...ഗ്യാസ് എടവണ്ണപ്പാറ നിന്നും ഇന്ന് തന്നെ അരീക്കോട്ടേക്ക് മാറ്റാന്‍ നോക്കണം...”

“അതിന് കുറെ ഫോര്‍മാലിറ്റീസുണ്ട്...മാത്രമല്ല നമ്മുടേത് ഇന്‍ഡേനാ,അരീക്കോട്ടേത് എച്.പിയും...“

“ഇന്ത്യനായാലും മറ്റതായാലും ഗ്യാസ് ഇല്ലാതെ ഇനി ഭക്ഷണം ഇല്ല...”

“ഞാന്‍ ഒന്ന് വിളിച്ചു നോക്കട്ടെ...” ഞാന്‍ ഭാര്യയെ സമാധാനിപ്പിച്ചു.

     ഉടന്‍ ഞാന്‍ ഗ്യാസ് ഏജന്‍സി പാര്‍ട്ട്ണറെ വിളിച്ചു. കാലിയായ രണ്ട് സിലിണ്ടറും റെഗുലേറ്ററും എസ്.വി പേപ്പറും ഐ.ഡി കാര്‍ഡും കൊണ്ട് ഏജന്‍സി ഓഫീസില്‍ വന്നാല്‍ അരമണിക്കൂറിനകം ട്രാന്‍സ്ഫര്‍ ചെയ്യാം എന്ന് അദ്ദേഹം അറിയിച്ചു.നാട്ടിലെ ഏജന്‍സിയില്‍ ബന്ധപ്പെട്ട് അവിടെത്തെ 'സംഗതികള്‍' നമ്മള്‍ അറിഞ്ഞിരിക്കണം എന്നും പറഞ്ഞു.
ഇപ്പോള്‍ കണക്ഷന്‍ മാറ്റുന്നതിനുള്ള കാരണവും ആ സൌഹൃദ സംഭാഷണത്തില്‍ അദ്ദേഹം ആരാഞ്ഞു.

      എന്റെ അടുത്ത കാള്‍ നേരെ നാട്ടിലെ ഏജന്‍സിയിലേക്കായിരുന്നു. പഴയ ഏജന്‍സിയില്‍ നിന്നും കിട്ടുന്ന ഒരു പേപ്പറും, ആധാര്‍ കാര്‍ഡിന്റെ രണ്ട് കോപ്പിയും (ഒന്ന് അപേക്ഷയുടെ കൂടെ വയ്ക്കാനും രണ്ടാമത്തേത് ബാങ്ക് അക്കൌണ്ടുമായി ലിങ്ക് ചെയ്യാനും), ബാങ്ക് പാസ്ബുക്കിന്റെ ഒന്നാം പേജിന്റെ കോപ്പിയും( ഇതും ബാങ്ക് അക്കൌണ്ടുമായി ലിങ്ക് ചെയ്യാനാണ്) , റേഷന്‍ കാര്‍ഡിന്റെ കോപ്പിയും,രണ്ട് ഫോട്ടോയും ഓഫീസില്‍ നിന്നും കിട്ടുന്ന അപേക്ഷ ഫോറത്തിന്റെ കൂടെ നല്‍കി ആവശ്യമായ പണം അടച്ചാല്‍ ഉടന്‍ കണക്ഷന്‍ നല്‍കാമെന്ന് അവര്‍ അറിയിച്ചപ്പോള്‍ ഞാന്‍ ഇപ്പോള്‍ ജീവിക്കുന്ന കാലവും അഞ്ച് വര്‍ഷം മുമ്പത്തെ അവസ്ഥയും ആലോചിച്ചുപോയി.

        ആവശ്യമായ എല്ലാ പേപ്പറുകളും സാമഗ്രികളും എടുത്ത് ഞാന്‍ നേരെ എന്റെ കണക്ഷന്‍ നല്‍കിയ ഏജന്‍സിയില്‍ എത്തി. പുതിയ കണക്ഷന്റെ ആവശ്യത്തിനായി ഒരുപാട് പേര്‍ അവിടെ വട്ടമിട്ട് നിന്നിരുന്നു. എങ്കിലും അസീസ്ക്ക പറഞ്ഞപോലെ സാധനങ്ങള്‍ തിരികെ നല്‍കി അരമണിക്കൂറിനകം തന്നെ എന്റെ പേപ്പര്‍ റെഡിയായി. ഒപ്പം രണ്ട് സിലിണ്ടറിന് നല്‍കിയ അഡ്വാന്‍സ് തുക 2500 രൂപയും റെഗുലേറ്ററിന്റെ 150രൂപയും തിരികെ ലഭിച്ചു.

        ഈ പേപ്പറും മേല്പറഞ്ഞ പേപ്പറുകളുമായി അടുത്ത അരമണിക്കൂറിനുള്ളീല്‍ ഞാന്‍ അരീക്കോട്ടെ ഏജന്‍സിയില്‍ എത്തി.അവിടെ നിന്നും ലഭിച്ച അപേക്ഷ ഫോറം പൂരിപ്പിച്ച് എല്ലാ രേഖകളും സമര്‍പ്പിച്ച് സിലിണ്ടറിന്റെയും റെഗുലേറ്ററിന്റെയും അഡ്വാന്‍സും രണ്ട് സിലിണ്ടറിന്റെ വിലയായ 1050 രൂപയും നാമ മാത്രമായ സ്റ്റേഷണറി ചാര്‍ജ്ജും അടച്ചതോടെ പുതിയ റെഗുലേറ്ററും പാസ്സ്ബുക്കും രണ്ട് സിലിണ്ടറുകളും (ആദ്യത്തെ തവണ ഗോഡൌണില്‍ നിന്ന് സ്വന്തം ചെലവില്‍ എടുക്കണം)  നല്‍കി എന്നെ എച്.പി കസ്റ്റമറായി സ്വീകരിച്ചു.

         ആകെക്കൂടി രണ്ട് മണിക്കൂറില്‍ താഴെ മാത്രം എടുക്കുന്ന ഒരു പ്രക്രിയക്ക് വേണ്ടിയായിരുന്നു ഇത്രയും കാലം കാത്ത് നിന്ന്, ഓരോ സിലിണ്ടറിലും അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് ചാര്‍ജ്ജും നല്‍കിയിരുന്നതെന്ന് അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്. അനുഭവത്തില്‍ നിന്നും ഞാന്‍ പറയുന്നു, ആവശ്യമായ പേപ്പറുകള്‍ എല്ലാം കയ്യിലുണ്ടെങ്കില്‍ ഗവണ്മെന്റ് ഗ്യാസ് ഏജന്‍സികളില്‍ നിന്ന് പരസ്പരം കണക്ഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ വളരെ എളുപ്പമാണ്.

Friday, October 07, 2016

ഗ്യാസ് കണക്ഷന്റെ ‘ഗ്യാസ്’

       മാനന്തവാടിയിലെ ഒന്നാംഘട്ട താമസ സമയത്ത് എനിക്ക് ഗ്യാസ് കണക്ഷന്‍ ഇല്ലായിരുന്നു.സര്‍ക്കാര്‍ കണക്ഷന്‍ കിട്ടാന്‍ ബുദ്ധിമുട്ടുള്ള‍ അക്കാലത്ത് "Elf" എന്നൊരു പ്രൈവറ്റ് ഗ്യാസ് കണക്ഷനും നീതിസ്റ്റോര്‍ വഴി കിട്ടിയ നീതി ഗ്യാസ് കണക്ഷനും ഞങ്ങളുടെ കുടുംബവക വീട്ടില്‍ അരീക്കോട്ട് ഉണ്ടായിരുന്നു. അതില്‍ "Elf" ഞാന്‍ മാനന്തവാടിയിലേക്ക് എടുത്തു. ഗ്യാസ് കഴിയുന്ന സമയത്ത് ഞങ്ങള്‍ക്കും സര്‍ക്കാര്‍ കണക്ഷന്‍ ഉള്ളവര്‍ക്കും റീഫില്‍ ചെയ്യാന്‍ താമസ സ്ഥലത്തിന് തൊട്ടടുത്ത് തന്നെ ഒരു പ്രൈവറ്റ് ഏജന്‍സിക്കാരന്‍ ഉണ്ടായിരുന്നു (ആറ് വര്‍ഷത്തിന് ശേഷം തിരിച്ച് മാനന്തവാടിയില്‍ എത്തിയപ്പോള്‍ അദ്ദേഹം ഈ പരിപാടി നിര്‍ത്തിയിരുന്നു).

      അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തില്‍ എനിക്കും സര്‍ക്കാര്‍ ഗ്യാസിന് ഒരാശ തോന്നി.എല്ലാവര്‍ക്കും വില കുറച്ച് കിട്ടുന്ന സാധനം ഞാന്‍ മാത്രം കൂടിയ വിലക്ക് വാങ്ങി കഞ്ഞി വയ്ക്കേണ്ട ആവശ്യം എന്ത് എന്ന് സഹധര്‍മിണി തലയണമന്ത്രം ഓതിയോ അതല്ല എനിക്ക് സ്വയം ബോധോദയം വന്നോ എന്നൊന്നും ഓര്‍മ്മയില്ല.പക്ഷെ അതിന് റേഷന്‍ കാര്‍ഡ് ആവശ്യമാണെന്ന് ആരോ മൊഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ ആശയെ കുഴിച്ചുമൂടി.കാരണം എനിക്കും ഉപ്പക്കും ഉമ്മക്കും അനിയനും കൂടി ഉണ്ടായിരുന്നത് ഒറ്റ റേഷന്‍ കാര്‍ഡ് ആയിരുന്നു !

     ആയിടക്കാണ് വീണ്ടും ആരോ എന്നെ തട്ടിയുണര്‍ത്തിയത്.റേഷന്‍ കാര്‍ഡില്ലാത്തവനും കഞ്ഞി വയ്ക്കാന്‍ അവകാശമുണ്ടെന്നും വാടകക്ക് താമസിക്കുന്നവനും ഗ്യാസ് കിട്ടാന്‍ വകുപ്പുണ്ടെന്നും ആ തട്ടലില്‍ ഞാന്‍ അറിഞ്ഞു.പക്ഷെ പഞ്ചായത്ത് ആപ്പീസില്‍ നിന്നോ അതോ വില്ലേജ് ആപ്പീസില്‍ നിന്നോ ലഭിക്കുന്ന റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് എന്ന താമ്രപത്രം വേണം. അത് കിട്ടണമെങ്കില്‍ വാടകച്ചീട്ടും വേണം. അങ്ങനെ ഞങ്ങളുടെ പുന്നാര ഹാജിക്കയില്‍ നിന്നും ഒരു വാടകച്ചീട്ട് ഒപ്പിച്ച് പ്രസ്തുത പത്രം കൈക്കലാക്കി തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒരു കോപ്പിയും സഹിതം ഗ്യാസ് ഏജന്‍സിയില്‍ പോയി ഒരു അപേക്ഷാഫോമും വാങ്ങി പൂരിപ്പിച്ച് നല്‍കി ഞാന്‍ ദിവസങ്ങള്‍ എണ്ണി.

       കലണ്ടറിലെ പേജുകള്‍ മുഴുവന്‍ മറിഞ്ഞ് കഴിഞ്ഞു. വിഷുവിന് കിട്ടും,  ഓണത്തിന് കിട്ടും, പെരുന്നാളിന് കിട്ടും , ക്രിസ്തുമസിന് കിട്ടും എന്നിങ്ങനെ അയല്‌വാസികള്‍ പറഞ്ഞപ്പോള്‍ ഗ്യാസും മതേതരനായതില്‍ ഞാന്‍ സന്തോഷിച്ചു.പുതിയ കലണ്ടര്‍ ചുവരില്‍ തൂക്കി ഞാന്‍ പിന്നെയും കറുപ്പും ചുവപ്പും അക്കങ്ങളിലേക്ക് തുറിച്ച് നോക്കിയിരുന്നു.ഓരോ പ്രാവശ്യവും ഗ്യാസ് വണ്ടി വരുന്ന കടകട ശബ്ദം എന്റെ ഹൃദയത്തിന്റെ പെറുമ്പറ ശബ്ദത്തില്‍ അലിഞ്ഞില്ലാതായി.അവസാനം ഗ്യാസിന് അപേക്ഷ നല്‍കിയതിന്റെ തെളിവായുള്ള കടലാസും കോളേജില്‍ നിന്നും സ്ഥലം മാറ്റം കിട്ടിയതിന്റെ കടലാസും ഭാര്യക്ക് ഗ്യാസിന്റെ അസുഖം ഉണ്ടെന്ന് ഡോക്ടര്‍ നല്‍കിയ കടലാസും ചേര്‍ത്ത് പിടിച്ച് 2009 ഏപ്രിലില്‍ ഞാന്‍ കുടുംബ സമേതം മാനന്തവാടിയോട് വിട പറഞ്ഞു.

      2010ല്‍ പുതിയ വീട്ടിലേക്ക് താമസം തുടങ്ങുന്നതിന് മുമ്പ് തന്നെ ഞാന്‍ പുതിയ റേഷന്‍ കാര്‍ഡ് ഉണ്ടാക്കി (ആ കഥ പിന്നീട് പറയാം). പുതിയതായി ഗ്യാസ് കണക്ഷന് അപേക്ഷ നല്‍കാനുള്ള എല്ലാം കയ്യില്‍ കിട്ടിയ ആത്മവിശ്വാസത്തോടെ നാട്ടില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരെയുള്ള മഞ്ചേരിയിലെ എച്.പി ഗ്യാസ് ഏജന്‍സിയില്‍ ഞാന്‍ ചെന്നു. എനിക്ക് ഏറ്റവും അടുത്തത് എടവണ്ണപ്പാറയിലുള്ള ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സിയാണെന്ന ന്യായം പറഞ്ഞ് അവര്‍ എന്നെ നിഷ്കരുണം പറഞ്ഞുവിട്ടു.വീട്ടില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരമുള്ള  എടവണ്ണപ്പാറയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പോകുന്നതിന് മുമ്പെ മാനന്തവാടിയിലെ പഴയ കടലാസ് എന്നെ മാടിവിളിച്ചു !

      രണ്ട് വര്‍ഷം മുമ്പ് അപേക്ഷിച്ച എനിക്ക് സീനിയോറിറ്റി ഉണ്ട് എന്ന് ആരോ എന്റെ ഉള്ളീല്‍ നിന്നും വിളിച്ച് പറഞ്ഞ പ്രകാരം ആ തെളിവുമായി ഞാന്‍ എടവണ്ണപ്പാറയില്‍ എത്തി.പക്ഷെ ഗ്യാസ് ഏജന്‍സി നടത്തുന്നവര്‍ എന്നാല്‍ ഇന്ത്യന്‍ പ്രെസിഡന്റിന്റെയും മുകളില്‍ ആണ് എന്ന ധാരണയുള്ളവരായിരുന്നതിനാല്‍ അവര്‍ എന്റെ അവകാശവാദങ്ങള്‍ അംഗീകരിച്ചില്ല. നിരാശനായി പുതിയ അപേക്ഷ സമര്‍പ്പിച്ച് രണ്ട് മൂന്ന് വര്‍ഷത്തെ കഞ്ഞി അടുപ്പില്‍ തന്നെ വേവുന്നത് മനസ്സില്‍ കണ്ട് ഞാന്‍ അരീക്കോട്ടേക്ക് തിരിച്ച് കയറി.

      റോഡ് ഗട്ടര്‍ സ‌മൃദ്ധമായതിനാല്‍ യാത്രക്കിടയില്‍ ബസ് അതിലൊന്നില്‍ ചാടി.ആ കുലുക്കത്തില്‍ എന്റെ തലയില്‍ കസ്റ്റമര്‍ കെയര്‍ എന്ന ആശയം എങ്ങനെയോ എത്തി.വീട്ടിലെത്തിയ ഉടന്‍ ഞാന്‍ ഇന്‍ഡേന്‍ കസ്റ്റമെര്‍ കെയര്‍ നമ്പറില്‍ വിളിച്ച് എന്റെ ന്യായമായ ആവശ്യം ബോധിപ്പിച്ചു.രണ്ടാം ദിവസം ഗ്യാസ് ഏജന്‍സിയില്‍ നിന്നും എനിക്ക് വിളി വന്നു - നിങ്ങളുടെ കണക്ഷന്‍ റെഡിയായിരിക്കുന്നു.ഇന്ന് തന്നെ വന്ന് അതിന്റെ ഫോര്‍മാലിറ്റികള്‍ മുഴുവനാക്കണം !!! 

      അന്ന് മുതല്‍ ഇക്കഴിഞ്ഞ മൂന്നാം തീയതി എന്റെ കണക്ഷന്‍ അവിടെ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യുന്നത് വരെ ഞാനും എടവണ്ണപ്പാറ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സി മാനേജിംഗ് പാര്‍ട്ട്ണറും ഭായി ഭായി ആണ്. ഇതിനിടക്ക് സ്റ്റൌ,ലൈറ്റര്‍,റ്റ്യൂബ് എന്നിവ വാങ്ങാത്തതും, എസ്.വി പേപ്പര്‍ കാണാതായതും, രണ്ടാം സിലിണ്ടര്‍ ആവശ്യവും ഒന്നും എനിക്ക് പ്രശ്നം ആയില്ല. കാരണം എന്റെ കയ്യിലിരിക്കുന്ന അറിവിന്റെ ആയുധങ്ങളുടെ മൂര്‍ച്ച അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഉപഭോക്താക്കള്‍ അറിയേണ്ട സംഗതികള്‍ അറിഞ്ഞിരുന്നാല്‍ ഒരു ഏജന്‍സിക്കാരനും നമ്മെ ചൂഷണം ചെയ്യാന്‍ സാധിക്കില്ല എന്ന് അനുഭവത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.