Pages

Showing posts with label Malabar. Show all posts
Showing posts with label Malabar. Show all posts

Thursday, February 20, 2025

മലബാർ കലാപ ചരിത്ര ഭൂമികളിലൂടെ.... 3 - കൊണ്ടോട്ടി ഖുബ്ബ

"കൊണ്ടോട്ടി ഖുബ്ബേന്ന് 
മേലോട്ട് നോക്ക്യപ്പം 
തടസ്സൊന്നും കൂടാതെ 
ആകാശം കണ്ടോവർ"  

എന്റെ കുട്ടിക്കാലത്ത് ഏതൊക്കെയോ മതപ്രസംഗത്തിനിടക്ക് പ്രാസംഗികർ പാടാറുണ്ടായിരുന്ന ചില വരികളാണിത്.ഇതിലെ ഖുബ്ബ എന്താണെന്ന് കണ്ടതും മനസ്സിലായതും പി.എസ്.എം.ഒ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. എല്ലാ ആഴ്ചയും ഒരു അപ്പും ഒരു ഡൗണുമായി രണ്ട് തവണ ഖുബ്ബക്ക് സമീപത്തുകൂടി ബസ്സിൽ കടന്നുപോകും.അതിനിടക്ക് അൽപ നേരം കാണുന്ന ആ കാഴ്ച തന്നെയായിരുന്നു എനിക്കതിനെപ്പറ്റി ആകെയുള്ള അറിവും. 

2007 ൽ ഹൈദരാബാദിൽ പോയപ്പോൾ കണ്ട ഏഴ് കുത്തബ് ഷാഹി ശവകുടീരങ്ങളുമായി കൊണ്ടോട്ടി ഖുബ്ബക്കുള്ള രൂപ സാദൃശ്യം, പിന്നീട് അത് വഴിയുള്ള യാത്രകളിൽ ഞാൻ ശ്രദ്ധിച്ചിരുന്നു.മലബാർ കലാപത്തിൽ ബ്രിട്ടീഷുകാർക്കൊപ്പം നിന്ന തങ്ങളുടെ ചരിത്രം കൂടി വായിച്ചതോടെ അവിടം സന്ദർശിച്ച്  കാര്യങ്ങൾ മനസ്സിലാക്കണമെന്നും മനസ്സിൽ കരുതി.

മമ്പുറം തങ്ങളുടെയും പൊന്നാനി ഖാസിമാരുടെയും നേതൃത്വത്തിൽ, മലബാറിലെ മുസ്ലിംകൾ ഐക്യത്തോടെ കഴിഞ്ഞു കൊണ്ടിരുന്ന കാലത്താണ് മഹാരാഷ്ട്രയിനിന്നും മുഹമ്മദ് ഷാ എന്നൊരാൾ കൊണ്ടോട്ടിയിലെത്തുന്നത്. സൂഫി പരിവേഷത്തിലെത്തിയ ഷാ, വലിയ്യ് എന്ന് സ്വയം പരിചയപ്പെടുത്തി ധാരാളം അനുയായികളെ ആകർഷിച്ചു. യഥാർത്ഥ ഇസ്‌ലാമിന് വിരുദ്ധമായ ആശയങ്ങളും ആചാരങ്ങളും പ്രചരിപ്പിച്ച മുഹമ്മദ് ഷായുമായി ബന്ധം പുലർത്തുന്നത് പിഴച്ച വിശ്വാസത്തിലേക്ക് നയിക്കുമെന്നും വിശ്വാസികൾക്ക് അദ്ദേഹവുമായി യാതൊരു തരത്തിലുള്ള ബന്ധങ്ങളും പാടില്ലെന്നും പൊന്നാനി ഖാസിമാരും മമ്പുറം തങ്ങളും മത വിധി പുറപ്പെടുവിച്ചു.

പൊന്നാനി ഖാസിക്ക് കീഴിലുള്ളവർ ഷായുടെ അനുയായികൾ എന്നിങ്ങനെ ഇരുവിഭാഗങ്ങളായി പിരിഞ്ഞതോടെ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിൽ സമുദായത്തിനകത്ത് കലഹത്തിന് തുടക്കമായി. ഇത് പലപ്പോഴും സംഘട്ടനങ്ങളിൽ വരെ എത്തിച്ചേർന്നു  മുഹമ്മദ് ഷാ ക്രമേണ കൊണ്ടോട്ടി തങ്ങളായി മാറി.

പൊന്നാനി ഖാസിമാരും അനുയായികളായ പൊന്നാനി കൈക്കാരും അധിനിവേശ വിരുദ്ധ പോരാളികളായിരുന്നു. എന്നാൽ കൊണ്ടോട്ടി തങ്ങൾമാരും അനുയായികളായ കൊണ്ടോട്ടി കൈക്കാരും ബ്രിട്ടീഷ് അനുകൂലികളായിരുന്നു. കൊണ്ടോട്ടി തങ്ങൾ കുടുംബത്തിന് അരീക്കോട് താഴത്തങ്ങാടിയിൽ ഒരു തഖിയ ഉണ്ടായിരുന്നു. ഇവിടെയുള്ള തങ്ങൾ കുടുംബം 'തഖിയേക്കൽ' എന്നറിയപ്പെട്ടു. 

താഴത്തങ്ങാടി നിവാസികൾ നൂറ് ശതമാനവും പൊന്നാനി കൈക്കാരായിരുന്നു. അതിനാൽ തന്നെ വിശ്വാസാദർശങ്ങളിലും രാഷ്ട്രീയ സാംസ്കാരിക സമീപനങ്ങളിലും അരീക്കോട്ടുകാരും കൊണ്ടോട്ടി തങ്ങൾമാരും തമ്മിൽ ധ്രുവാന്തരമുണ്ടായിരുന്നു.ഈ വൈരുദ്ധ്യങ്ങളുടെ സംഘർഷമാണ് "കൊടികേറ്റം" എന്ന പ്രതിഷേധ സമരത്തിൻ്റെ അന്തഃസത്ത. അരീക്കോടിന്റെ സാമൂഹിക,, സാംസ്കാരിക, രാഷ്ട്രീയ ജീവിതത്തിന്റെ നേർചിത്രം വരച്ചുകാണിക്കുന്ന ഒരു ചരിത്ര കൃതി കൂടിയാണ് "കൊടികേറ്റം".

മുഹമ്മദ് ഷായുടെ മരണ ശേഷം അദ്ദേഹത്തെ കൊണ്ടോട്ടിയിൽ തന്നെ ഖബറടക്കി. മുഗൾ ശൈലിയിൽ പൂര്‍ണമായും കരിങ്കല്ലുകൊണ്ട് പണിത അദ്ദേഹത്തിൻ്റെ ശവകുടീരമാണ് കൊണ്ടോട്ടി ഖുബ്ബ എന്നറിയപ്പെടുന്നത്. 

പേര്‍ഷ്യന്‍ ശില്പകലയിലുള്ള കേരളത്തിലെ ആദ്യത്തെ ചരിത്രസ്മാരകം കൂടിയാണിത്. കര്‍ണ്ണാടകയിലെ ബീജാപ്പൂർ സുല്‍ത്താന്‍മാര്‍ അയച്ചുകൊടുത്ത ശില്പികളാണ് ഖുബ്ബ നിര്‍മ്മിച്ചത് എന്ന് പറയപ്പെടുന്നു.  ചിഷ്തി ഖാദിരി തരീഖ്വത്ത് വിഭാഗക്കാരുടെ ആരാധനാകേന്ദ്രം കൂടിയാണ് കൊണ്ടോട്ടി ഖുബ്ബ. കൊണ്ടോട്ടി നേര്‍ച്ച നടക്കുന്നതും  ഇവിടെയാണ്.മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ഖബറിടവും ഖുബ്ബയ്ക്ക് സമീപത്താണ്.

പ്രാർത്ഥനക്കായി മഖാമുകൾ സന്ദർശിക്കുന്നത് എനിക്കും കുടുംബത്തിനും താല്പര്യമില്ല. ഖുബ്ബക്കകത്ത് തങ്ങളുടെ മഖാമാണ് എന്നറിഞ്ഞത് ഈ ആദ്യ സന്ദർശനത്തിലാണ്. അവിടെ കണ്ട വ്യക്തിയോട് അടുത്ത് ചെന്ന് കാണാൻ അനുവാദം ചോദിച്ചപ്പോൾ അമർഷത്തോടെയായിരുന്നു മറുപടി കിട്ടിയത്. അതിനാൽ പുറത്ത് നിന്ന് മഖ്ബറ കണ്ട് ഞങ്ങൾ അടുത്ത സന്ദർശന സ്ഥലത്തേക്ക് നീങ്ങി.

(തുടരും..)

Thursday, February 06, 2025

മലബാർ കലാപ ചരിത്ര ഭൂമികളിലൂടെ.... 2 - അരീക്കോട്‌ വലിയ ജുമുഅത്ത്‌ പള്ളി (എന്റെ അരീക്കോട്)

മലബാർകലാപ ചരിത്ര ഭൂമികളിലൂടെ -1

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ എന്റെ നാടായ അരീക്കോട് ഒരു പൊതുജന ശ്രദ്ധാകേന്ദ്രമായിരുന്നു.സ്വാതന്ത്ര്യം കിട്ടുന്നത് വരെ ബ്രിട്ടീഷ് പട്ടാളത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്ന അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നായിരുന്നു അരീക്കോട്. 

മദ്രസയിൽ പഠിക്കുന്ന കാലത്ത്, വെള്ളപ്പട്ടാളം എന്നറിയപ്പെടുന്ന ബ്രിട്ടീഷ് പട്ടാളത്തെ നേരിൽ കണ്ടത് എൻ്റെ മൂത്തുമ്മയിൽ നിന്ന് ഞാൻ നിരവധി തവണ കേട്ടിട്ടുണ്ട്. വെള്ളപ്പട്ടാളം നാട്ടിൽ നടത്തിയ ചില ക്രൂര സംഭവങ്ങൾ പല സ്ഥലങ്ങളിലും ഞാൻ വായിച്ചിട്ടുമുണ്ട്.അനീതിക്ക് എതിരെ നിർഭയം പ്രതികരിക്കുന്ന ഒരു ജനതയായിരുന്നു അരീക്കോട്ടുകാർ എന്നും അതിനാൽ പട്ടാള സാന്നിദ്ധ്യം എപ്പോഴും അനിവാര്യമായിരുന്നു എന്നാണ് വാമൊഴികളിലൂടെ കേട്ടത്.ഇതിന്റെ ബാക്കിപത്രം എന്നോണമാണ് മലബാർ സ്‌പെഷ്യൽ പോലീസിന്റെ (എം.എസ്.പി) ഒരു ക്യാമ്പ് അരീക്കോട്ട് സ്ഥാപിതമായത് എന്നാണറിവ്. തൊട്ടടുത്ത് തന്നെ ഇന്നും പ്രവർത്തിക്കുന്ന ഒരു ടൂറിസ്റ്റു ബംഗ്ളാവും ഉണ്ട്.എം.എസ്.പി ക്യാമ്പ് ഇപ്പോൾ മാവോയിസ്റ്റ് തീവ്രവാദ വിരുദ്ധ സേനയായ തണ്ടർ ബോൾട്ടിന്റെ ക്യാമ്പായി പ്രവർത്തിക്കുന്നു.

മലബാറിലെ മാപ്പിള ചരിത്രത്തിൽ എടുത്തു പറയേണ്ട ഒരു പള്ളി അരീക്കോട്ടുണ്ട് -1719 ൽ (ഹിജ്റ വർഷം 1131) അരീക്കോട് താഴത്തങ്ങാടിയിൽ സ്ഥാപിതമായ ചെറിയ പള്ളി.ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ അതേ രൂപമാതൃകയാണിതിന്.  

ഈ പള്ളിയിലെ സ്ഥലപരിമിതി കാരണം, തൊട്ടടുത്ത് തന്നെ 1769ൽ  നിർമ്മിക്കപ്പെട്ട വലിയ പള്ളി സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ പല സംഭവങ്ങൾക്കും മൂക സാക്ഷിയാണ്. ചെറിയ പള്ളിയിലെയും വലിയ പള്ളിയിലെയും ആദ്യകാല ഖാളിമാരെ നിശ്ചയിച്ചിരുന്നത്‌ പൊന്നാനിയില്‍ നിന്നായിരുന്നു.

പണ്ഡിതനും സൂഫി വര്യനുമായിരുന്ന അഹമ്മദ് കുരിക്കളാണ്‌ വലിയ പള്ളിയുടെ സ്ഥാപകന്‍. അരീക്കോട് കോവിലകത്തെ തമ്പുരാന്‌ (തമ്പുരാന്റെ മകൾക്ക് എന്നും പറയപ്പെടുന്നുണ്ട്) പിടിപെട്ട ഒരു കണ്ണസുഖം  ഭേദമാക്കുന്നതില്‍ നാട്ടു വൈദ്യന്‍മാരെല്ലാം പരാജയപെട്ടപ്പോള്‍ ചികിത്സകന്‍ കൂടിയായിരുന്ന അഹ്‌മദ്‌ കുരിക്കള്‍ അതു സുഖപ്പെടുത്തി. പ്രതിഫലമായി തമ്പുരാന്‍ പല പാരിതോഷികങ്ങളും വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം അതെല്ലാം നിരസിച്ചു കൊണ്ട് ഒരു പള്ളി നിര്‍മ്മിക്കാനുള്ള സ്ഥലം ആവശ്യപ്പെട്ടു. അങ്ങനെ, ഇപ്പോൾ വലിയ പള്ളി നില്‍ക്കുന്ന സ്ഥലം തമ്പുരാൻ വിട്ടു കൊടുത്തു. പള്ളിയുടെ മുന്‍വശത്ത്  പള്ളിയോടു ചേര്‍ന്നു അഹമ്മദ് കുരിക്കളുടെ മഖ്‌ബറ ഇന്നും കാണാം. 

വലിയ പള്ളിയുടെ അകവശം ഇന്നും ഞാൻ അത്ഭുതത്തോടെയാണ് നോക്കിക്കാണാറുള്ളത്. മരത്തിൽ തീർത്ത വണ്ണമുള്ള തൂണുകളും മിമ്പറും (പ്രസംഗ പീഠം) നല്ല കനമുള്ള മരത്തിന്റെ വാതിൽ പൊളികളും തടി കൊണ്ടു തന്നെയുള്ള  മച്ചും എന്തോ ഒരു പ്രത്യേക അനുഭൂതി സൃഷ്ടിക്കും.

അകം പള്ളിയുടെ വാതിലിൽ ബ്രിട്ടീഷ് പട്ടാളം ശൗര്യം തീർത്തതിന്റെ അടയാളങ്ങളും കാണാം. പള്ളിയുടെ ചുമരിൽ കാണുന്ന ചിത്രപ്പണികൾ പുരാതന  പേർഷ്യയിൽ കണ്ടിരുന്ന ചിത്രങ്ങളുമായി സാമ്യം ഉള്ളതായി പറയപ്പെടുന്നു.പ്രസ്തുത ചിത്രങ്ങൾ പലതും ഇന്ന് നശിച്ചു കൊണ്ടിരിക്കുന്നു.

വളരെ ഇടുങ്ങിയ ഒരു തെരുവാണ് താഴത്തങ്ങാടി.ഇവിടെ താള്‍തൊടിയില്‍, ശിയാ വിഭാഗത്തിൽ പെട്ട കൊണ്ടോട്ടി തങ്ങന്മാര്‍ക്ക്‌ ആസ്ഥാനം ഉണ്ടായിരുന്നു. കൊടിയേറ്റവും നേര്‍ച്ചയും ചെണ്ടവാദ്യങ്ങളും ഇവിടെ നടത്തിയിരുന്നു.അനിസ്‌ലാമികമായ ഈ ആചാരങ്ങൾക്ക് തടയിടാന്‍ നാട്ടുകാരും പള്ളി ഭാരവാഹികളും തീരുമാനിച്ചു. 

വലിയ പള്ളിയുടെ മുമ്പിലൂടെ ചെണ്ട കൊട്ടി ബഹളം വച്ച് കൊണ്ടുള്ള ജാഥ കടന്നുപോവാന്‍ അനുവദിക്കില്ലെന്ന്‌ പറഞ്ഞു കൊണ്ട് നാട്ടുകാർ ആ വർഷത്തെ നേർച്ച വരവ് തടഞ്ഞു. സർവ്വ സന്നാഹങ്ങളോടെ മറുവിഭാഗവും ഏറ്റുമുട്ടാൻ ഒരുങ്ങിയപ്പോള്‍ പോലീസ്‌ ഇടപെട്ടു.അങ്ങനെ ആ വര്‍ഷം നേര്‍ച്ച ഒഴിവാക്കി. അടുത്ത വര്‍ഷം പോലീസ്‌ സന്നാഹത്തോടെ തങ്ങന്മാരുടെ ആളുകള്‍ വീണ്ടും ഒരു വരവ്‌ നടത്തി. എന്നാല്‍ നാട്ടുകാരുടെ കടുത്ത നിസ്സഹകരണം മൂലം നേർച്ച ആഘോഷം വിജയിച്ചില്ല. തുടര്‍ വര്‍ഷങ്ങളില്‍ കൊടിയേറ്റവും അനുബന്ധ പരിപാടികളും പൂര്‍ണ്ണമായും നിർത്തി.1917 ൽ നടന്ന ഈ സംഭവമാണ് കൊടിയേറ്റം എന്ന പേരിൽ അറിയപ്പെടുന്നത്. 

കൊടിയേറ്റത്തെ ആസ്പദമാക്കി അരീക്കോട്ടുകാരനായ മാപ്പിള മഹാകവി മുണ്ടമ്പ്ര ഉണ്ണിമമ്മദ് അറബിമലയാളത്തിലെഴുതിയ "കൊടികേറ്റം" എന്ന മാപ്പിള ഖണ്ഡകാവ്യമാണ് അരീക്കോടിന്റെ എഴുതപ്പെട്ട ആദ്യ ചരിത്രരേഖ. അക്കാലത്തെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക ചരിത്രത്തെ ഈ കൃതി വരച്ചുകാണിക്കുന്നു. 

(തുടരും...)

Friday, January 24, 2025

മലബാർ കലാപ ചരിത്ര ഭൂമികളിലൂടെ.... 1

എൻ്റെ ഹൈസ്‌കൂൾ കാലഘട്ടത്തിൽ 'ചരിത്രവും പൗരധർമ്മവും' എന്ന പേരിൽ ചരിത്രം പഠിക്കാനുള്ള ഒരു പുസ്തകം ഉണ്ടായിരുന്നു.എൻ്റെ പിതാവ് ഒരു ചരിത്രാദ്ധ്യാപകൻ ആയിരുന്നെങ്കിലും എനിക്ക് അതത്ര ഇഷ്ടമുള്ള വിഷയമായിരുന്നില്ല.പാനിപ്പത്ത് യുദ്ധങ്ങൾ നടന്ന വർഷവും ലോകമഹായുദ്ധ കാരണങ്ങൾ പഠിക്കലും ചന്ദ്രഗുപ്ത മൗര്യന്റെ ഭരണപരിഷ്കാരങ്ങൾ മന:പാഠമാക്കുന്നതും അതേ പോലെയുള്ള നിരവധി കാര്യങ്ങൾ ഹൃദിസ്ഥമാക്കുന്നതും ആ പ്രായത്തിൽ അത്ര എളുപ്പമായിരുന്നില്ല. 

എൻ്റെ മക്കളും ഇതേ പ്രയാസം നേരിടാൻ സാദ്ധ്യതയുണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് ചരിത്രപ്രാധാന്യമുള്ള പല സ്ഥലത്തേക്കും പിന്നീട് ഞാൻ അവരെയും കൊണ്ട് യാത്ര പോകാൻ തുടങ്ങിയത്.ആഗ്രയിലും ഡൽഹിയിലും ജയ്പൂരും ഹൈദരാബാദും എല്ലാം ഈ ഉദ്ദേശത്തിൽ ഞാൻ കുടുംബ സമേതം പോയി.നാട്ടു ചരിത്രം പഠിക്കാനായി കൊച്ചു കൊച്ചു ഹെറിറ്റേജ് ടൂറുകളും ഇതോടൊപ്പം പ്ലാൻ ചെയ്തിരുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തിയ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഇതേപ്രകാരം ഞങ്ങൾ എത്തി.

പിന്നീടെപ്പോഴോ ആണ് പ്രാദേശിക ചരിത്രാറിവ് കൂടി കുട്ടികൾക്ക് പകർന്ന് നൽകണം എന്ന് തോന്നിയത്.സ്‌കൂൾ ക്‌ളാസ്സുകളിൽ പഠിക്കാൻ ഇല്ല എങ്കിലും ചരിത്രം പലതും വളച്ചൊടിക്കുകയും തമസ്കരിക്കുകയും ചെയ്യുന്ന കാലത്ത് ഇവിടെ ഇങ്ങനെയും ചിലർ ജീവിച്ചിരുന്നു എന്ന് അടുത്ത തലമുറയെ അറിയിക്കൽ ഒരു ഉത്തരവാദിത്വമായി ഏറ്റെടുത്തതിനാലാണ് ഈ ചിന്ത വന്നത്. 

മലപ്പുറം ജില്ലയിലെ മിക്ക പ്രദേശങ്ങളും മലബാർ കലാപത്തിന്റെ ചൂരും ചോരയും അനുഭവിച്ച സ്ഥലങ്ങളായതിനാൽ ആദ്യം അതിനെപ്പറ്റിയുള്ള അറിവുകൾ നേടാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ 1921ലെ മാപ്പിള ലഹള എന്നറിയപ്പെടുന്ന മലബാർ കലാപത്തിനെപ്പറ്റി പ്രതിപാദിക്കുന്ന പുസ്തകങ്ങൾ പലതും ഞാൻ വാങ്ങി. അവ വായിച്ചതിൽ നിന്നും പത്രത്താളുകളിൽ നിന്നും വാമൊഴികളിൽ നിന്നും എൻ്റെ ഉമ്മയടക്കമുള്ളവരുടെ കിസ്സ പറച്ചിലുകളിൽ നിന്നും നിരവധി സംഭവങ്ങളെപ്പറ്റിയും അവ നടന്ന സ്ഥലങ്ങളെപ്പറ്റിയും എനിക്ക് വിവരങ്ങൾ ലഭിച്ചു. 

തിരൂരങ്ങാടി,തിരൂർ,പൂക്കോട്ടൂർ,പാണ്ടിക്കാട്,പന്തലൂർ തുടങ്ങിയവയ്‌ക്കൊപ്പം എൻ്റെ നാടായ അരീക്കോടും അന്നത്തെ മലബാർ കലാപ രണഭൂമികളിൽ ഉൾപ്പെട്ടിരുന്നു. കൊണ്ടോട്ടി നേരിട്ട് ഈ ചരിത്രത്തിൽ വരുന്നില്ലെങ്കിലും അന്ന് ബ്രിട്ടീഷുകാർക്ക് സഹായം ചെയ്തുകൊടുത്ത കൊണ്ടോട്ടി തങ്ങൾ മുഹമ്മദ് ഷായുടെ ആസ്ഥാനം എന്ന നിലയിൽ ചരിത്ര കുതുകികൾക്ക് വേണ്ടപ്പെട്ട സ്ഥലമാണ്. ഇത് കൂടാതെ കോഴിക്കോട് രാജാവ് സാമൂതിരിയുടെ പ്രശസ്തമായ മാമാങ്കം നടന്ന തിരുന്നാവായ, സൈനുദ്ദീനുൽ മഖ്‌ദൂമിന്റെ പൊന്നാനി തുടങ്ങിയവയും മലപ്പുറം ജില്ലയിലെ ചരിത്രമുറങ്ങുന്ന ഇടങ്ങളാണ്.

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും മറ്റനേകം വീരശൂര പരാക്രമികളും നിറഞ്ഞാടിയ സ്ഥലങ്ങളും സംഭവങ്ങളും ഏകദേശം മനസ്സിലാക്കിയതോടെ ഞാൻ എൻ്റെ യാത്രയ്ക്ക് ആരംഭം കുറിച്ചു. യഥാർത്‌ഥത്തിൽ യാത്ര നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും മേൽ സൂചിപ്പിച്ച ഉദ്ദേശ്യപൂർവ്വമുള്ള യാത്ര ആരംഭിച്ചത് പുതുവർഷത്തിലാണ്. ഈ യാത്രകളുടെ വിശേഷങ്ങൾ താമസിയാതെ ഇവിടെ വായിക്കാം.


(തുടരും...)