Pages

Sunday, December 30, 2018

സ്നേഹതീരം ബീച്ച്

എന്റെ മിക്ക യാത്രകളും മുന്‍‌കൂട്ടി പ്ലാന്‍ ചെയ്ത് കുടുംബത്തോടൊപ്പം നടത്തുന്നതാണ്.സോളോ യാത്രകളും കൂട്ടുകാരുടെ കൂടെയുള്ള യാത്രകളും വളരെ വളരെ കുറവാണ്. പറ്റിയ ഒരു ഫാമിലിയെ കിട്ടിയാല്‍ അവരുടെ കൂടെ യാത്ര പ്ലാന്‍ ചെയ്യാറുണ്ട്. അടുത്ത ഏപ്രിലില്‍ അത്തരം ഒരു യാത്രക്കുള്ള പ്ലാന്‍ നടന്നുവരുന്നു.

വളരെ അപൂര്‍വ്വമായി സംഭവിക്കുന്നതാണ് ചില അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍. ഇക്കഴിഞ്ഞ ദിവസം അങ്ങനെ ഒരു യാത്രയും ഉണ്ടായി. കസിന്റെ മകളുടെ മാരിയേജ് റിസപ്ഷന്‍ കൊടുങ്ങല്ലൂരിനടുത്തുള്ള എറിയാട് ആയിരുന്നു ഒരുക്കിയിരുന്നത്.ഒരു ബസ് നിറയെ ബന്ധുക്കളുമായിട്ടാണ് ഞങ്ങള്‍ പോയത്. റിസപ്ഷന്‍ കഴിഞ്ഞ് തിരിച്ച് പോരുമ്പോള്‍ എല്ലാവരെയും കൊണ്ട് ചേരമാന്‍ ജുമാ മസ്ജിദ്  (105)  കാണാന്‍ പോയി. ഞാന്‍ പല തവണ പോയതാണെങ്കിലും ഞങ്ങളുടെ കൂട്ടത്തില്‍ ഇതുവരെ ആ പള്ളി കാണാത്തവര്‍ നിരവധി പേരുണ്ടായിരുന്നു.

ചേരമാന്‍ മസ്ജിദ് കണ്ട് തിരിച്ച് പോരുമ്പോഴാണ് ബീച്ചില്‍ കൂടി പോകണം എന്ന് ചിലര്‍ക്ക് ആഗ്രഹമുദിച്ചത്. പോകുന്ന വഴിയില്‍ ഏതെങ്കിലും ബീച്ചില്‍ കയറാമെന്ന് പറഞ്ഞെങ്കിലും കൊടുങ്ങല്ലൂരിനടുത്ത് മതിലകത്ത് താമസിക്കുന്ന എന്റെ സുഹൃത്ത് ഖൈസിനെ വിളിച്ച് ഞാന്‍ വെറുതെ ഒരഭിപ്രായം തേടി. എറിയാടുള്ള ‘മുനക്കല്‍’ ബീച്ച് ആയിരുന്നു തൃശൂര്‍ ജില്ലയിലെ തന്നെ ഏറ്റവും നല്ല ബീച്ച് എന്നറിഞ്ഞപ്പോള്‍ അവിടം വിട്ടതില്‍ കുണ്ഠിതം തോന്നി. അടുത്ത ഒപ്ഷന്‍ ആയി അവന്‍ പറഞ്ഞത് തളിക്കുളം ബീച്ച് ആയിരുന്നു.

പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത്, തൃശൂരില്‍ വച്ച് നടന്ന ഇന്റര്‍സോണ്‍ കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍,  അന്നത്തെ ഹോസ്റ്റല്‍ മേറ്റ് ആയിരുന്ന തളിക്കുളം സ്വദേശി ഷാഹുല്‍ ഹമീദ് സഗീറിന്റെ വീട്ടില്‍ പോയതും ബീച്ചില്‍ പോയതും പെട്ടെന്ന് ഓര്‍മ്മയില്‍ വന്നു. മാസങ്ങള്‍ക്ക് മുമ്പ് സഗീറിന്റെ നമ്പര്‍ കിട്ടിയതിനാല്‍ ഉടന്‍ അവനെ വിളിച്ച് കാര്യങ്ങള്‍ തിരക്കി. മുനക്കല്‍ ബീച്ച് മിസ് ആക്കിയതില്‍ അവനും എന്നെ പഴിച്ചു. പക്ഷെ അപ്പോള്‍ മാത്രമാണ് വര്‍ഷങ്ങളായി ഞാന്‍ കേട്ട് കൊണ്ടിരിക്കുന്ന  സ്നേഹതീരം ബീച്ച് ആണ് ഈ തളിക്കുളം ബീച്ച് എന്ന് മനസ്സിലായത്.

സ്നേഹതീരം ബീച്ചില്‍ ഞങ്ങള്‍ എത്തുമ്പോള്‍ സൂര്യന്‍ കടലില്‍ താഴ്ന്നിറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ബീച്ച് നിറയെ ജനങ്ങളും. 50 മീറ്ററോളം കടലിലേക്കിറങ്ങി കളിക്കുകയും കുളിക്കുകയും ചെയ്യുന്ന നിരവധി പേര്‍ ! ഞങ്ങളുടെ കൂട്ടത്തിലെ കുട്ടികളും അല്പ നേരം തിരകളോട് സല്ലപിച്ചു. കേരള ടൂറിസം വകുപ്പിന്റെ കീഴിലുള്ള സ്നേഹതീരം ബീച്ച് സന്ദര്‍ശിക്കാന്‍ കൊള്ളാവുന്ന ഒരു ബീച്ച് തന്നെയാണെന്നാണ് എന്റെ അഭിപ്രായം. തളിക്കുളം സെന്ററില്‍ നിന്നും 3.5 കിലോമീറ്റര്‍ ദൂരമുണ്ട് ബീച്ചിലേക്ക്. വൈകിട്ട് 4 മണിക്കെങ്കിലും ബീച്ചില്‍ എത്തണം.
 തൊട്ടടുത്ത് തന്നെ കുട്ടികളുടെ ഒരു പാര്‍ക്കും ഉണ്ട്. കുട്ടികള്‍ക്ക് 5 രൂപയും മുതിര്‍ന്നവര്‍ക്ക് 10 രൂപയും ആണ് ടിക്കറ്റ് നിരക്ക്.പാര്‍ക്കിനകത്ത് ഒരു അക്വേറിയവും ഉണ്ട്. നേരം ഇരുട്ടിയതിനാല്‍ ഞങ്ങള്‍ക്ക് പാര്‍ക്കില്‍ കയറാന്‍ സാധിച്ചില്ല. ഇരുട്ട് വ്യാപിക്കാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു.

 (എല്ലാവരും റിസപ്ഷനില്‍ പങ്കെടുത്ത് കൊണ്ടിരിക്കെ ഞാനും ഫാമിലിയും മറ്റൊരു അപ്രതീക്ഷിത സന്ദര്‍ശനം കൂടി ഒപ്പിച്ചു. മേല്‍ സൂചിപ്പിച്ച സുഹൃത്ത് ഖൈസിന്റെ സഹോദരിയുടെ മകന്റെ കല്യാണം തൊട്ട് തലേ ദിവസമായിരുന്നു. എനിക്കും കുടുംബത്തിനും ക്ഷണം ഉണ്ടായിരുന്നെങ്കിലും ഈ റിസപ്ഷന് പോകുന്നതിനാല്‍ അന്ന് വരാം എന്ന് ഏറ്റു. അങ്ങനെ ആ ക്ഷണവും ഒരു ദിവസം വൈകിയാണെങ്കിലും സ്വീകരിച്ചു)

Thursday, December 27, 2018

പൊത്താം കല്ല്

ചാലിയാര്‍ ഇന്നത്തെപ്പോലെ ആവുന്നതിന് മുമ്പ് പലതരം കളികളും അതിന്റെ തീരത്തും വെള്ളത്തിലും അരങ്ങേറിയിരുന്നു. മാട് എന്നറിയപ്പെടുന്ന പുഴയുടെ തീരത്തെ മണലില്‍ പന്ത് കളിയും ക്രിക്കറ്റ് കളിയും കബഡിയും അരങ്ങേറിയിരുന്നു. വെള്ളത്തിലാകട്ടെ മുങ്ങാം കുഴിയും തൊട്ട്കളിയും പൊത്താം കല്ലും ആയിരുന്നു കളികള്‍.

പൊത്താം കല്ല് എന്ന കളിയില്‍ കയ്യില്‍ പിടിക്കാവുന്ന ഒരു കല്ല് ഒരാള്‍ പൊക്കി പിടിക്കും. ബാക്കിയുള്ളവര്‍ അയാള്‍ക്ക് ചുറ്റും നില്‍ക്കും. ശേഷം അയാള്‍ ഇങ്ങനെ പറയും.
“പോത്താം കല്ല്
ആരെടുക്കും?”

“ഞാനെടുക്കും” ചുറ്റും നില്‍ക്കുന്നവര്‍ ഒരുമിച്ച് പറയും.

“എങ്ങനെയെടുക്കും?”  കല്ലും കൊണ്ട് നില്‍ക്കുന്നയാള്‍ ചോദിക്കും

“മുങ്ങിയെടുക്കും” എല്ലാവരും ഒരുമിച്ച് പറയും.

അതോടെ അയാള്‍ കല്ല് അല്പം ദൂരേക്ക് പൊത്തോം എന്നെറിയും. അതുകൊണ്ടായിരിക്കും ഇതിന് പൊത്താം കല്ല് എന്ന പേര് വീണത്. ചുറ്റും നില്‍ക്കുന്നവര്‍ മുങ്ങാം കുഴിയിട്ട് ആ കല്ല് തപ്പി എടുക്കും. പലപ്പോഴും എറിഞ്ഞ കല്ലിന് പകരം മറ്റു കല്ലുമായി പലരും വെള്ളത്തില്‍ നിന്ന് പൊങ്ങി വരും!

ചില വിരുതന്മാര്‍ നിലയില്ലാ കയത്തിലേക്ക് കല്ലെറിയും. അത് വാക് തര്‍ക്കത്തിനും എറിഞ്ഞവനെ കളിയില്‍ നിന്ന് പുറത്താക്കാനും വരെ ഇടയാക്കും. കല്ല് മുങ്ങി എടുത്ത് കൊണ്ട് വരുന്നവന്‍ അടുത്ത ഏറുകാരനായി കളി തുടരും.

നല്ല മണലോട് കൂടിയ അടിത്തട്ടുള്ള പുഴകളിലേ ഈ കളി കളിക്കാവൂ. പാറ നിറഞ്ഞിടത്തും ചെളി നിറഞ്ഞിടത്തും കളിച്ചാല്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്.

Thursday, December 20, 2018

ഷാഹിനയുടെ സ്കൂള്‍

            ശാസ്ത്രത്തിന്റെ പ്രയോജന ഫലങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നാം എല്ലാവരും മുന്‍‌പന്തിയിലാണ്.ഏറ്റവും അത്യാധുനികമായ സൌകര്യങ്ങള്‍ സ്വന്തമാക്കണം എന്ന് തന്നെയാണ് ഭൂരിപക്ഷം ജനങ്ങളുടെയും ലക്ഷ്യം.എന്നാല്‍ ഈ വളര്‍ച്ചക്ക് കാരണക്കാരായ ശാസ്ത്രജ്ഞരുടെ ജീവചരിത്രം വായിക്കാനോ അവര്‍ വളര്‍ന്നു വന്ന സാഹചര്യങ്ങള്‍ അറിയാനോ നേരിട്ട വെല്ലുവിളികള്‍ കേള്‍ക്കാനോ പലരും ഇഷ്ടപ്പെടുന്നില്ല. പുതുതലമുറക്ക് പുതിയൊരു ആഖ്യാനരീതിയിലൂടെ ആ കഥകള്‍ പറഞ്ഞുകൊടുക്കുന്ന പുസ്തകമാണ് ഷാഹിനയുടെ സ്കൂള്‍.

             ശാസ്ത്രം പഠിക്കാന്‍ തുടങ്ങുന്നത് മുതല്‍ കുട്ടികള്‍ കേള്‍ക്കുന്ന പേരുകളാണ് ഐസക് ന്യൂട്ടണും ഐന്‍സ്റ്റീനും ഗലീലിയോയും . ഈ മൂന്ന് ശാസ്ത്രജ്ഞന്മാരുടെയും ജീവിതവും അവര്‍ കണ്ടെത്തിയ മഹത്തായ ശാസ്ത്ര സത്യങ്ങളും ഷാഹിന എന്ന വിദ്യാര്‍ത്ഥിനി നമുക്ക് പറഞ്ഞ് തരുന്നു.വെറുതെ പറഞ്ഞ് തരുന്നതിന് പകരം, സ്കൂളിലെ ഹാളില്‍ പ്രദര്‍ശിപ്പിച്ച ഫോട്ടോകളുമായി ഷാഹിന സംവദിക്കുന്ന രൂപത്തില്‍ ആയതിനാല്‍ അത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഹൃദ്യമാകും.ഒപ്പം സംശയങ്ങള്‍ തീര്‍ക്കാനും ലൈവായി പറഞ്ഞു കൊടുക്കാനും പപ്പന്‍ മാഷും.ഗ്രന്ഥകര്‍ത്താവ് പാപ്പുട്ടി സാര്‍ തന്നെയാണോ ഈ പപ്പന്‍ മാഷ് എന്ന് സംശയം തോന്നാതില്ല.
               മുന്‍ സ്കൂളിലെ രമേശന്‍ മാഷ് ശാസ്ത്രത്തില്‍ ഇട്ടുകൊടുത്ത അടിത്തറയാണ് ഷാഹിന ചോദ്യങ്ങളും സംസാരങ്ങളും ഡയലോഗുകളും ആയി വികസിപ്പിച്ചെടുക്കുന്നത്. കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടി ഈ പുസ്തകം പറയാതെ പറയുന്നു.

              നര്‍മ്മ ഭാഷണത്തിലൂടെയാണ് മൂന്ന് ജീവിത കഥകളും അവതരിപ്പിച്ചിരിക്കുന്നത് എന്നതിനാല്‍ കുട്ടികളും മുതിര്‍ന്നവരും ഒറ്റ ഇരിപ്പില്‍ തന്നെ പുസ്തകം വായിച്ച് തീര്‍ക്കും.പാപ്പുട്ടി സാര്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്നു എന്നത് പുസ്തകം വായിച്ച ശേഷമാണ് ഞാന്‍ മനസ്സിലാക്കിയത്.ഐന്‍സ്റ്റീനിന്റെ  ചരിത്രം പറയുമ്പോള്‍ ദൈവ ചിന്തയെപ്പറ്റി ചില പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട് ഈ പുസ്തകത്തില്‍.കുഞ്ഞുമനസ്സുകളില്‍ അത് ചില ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. മതചിന്ത ചില സ്ഥലങ്ങളില്‍ മദം പൊട്ടാറുണ്ടെങ്കിലും മനുഷ്യകുലം നിലനില്‍ക്കുന്നത് വിവിധതരം മതവിശ്വാസം ഉള്ളത് കൊണ്ട് തന്നെയാണ്.

            ശങ്കരന്‍ വൈദ്യര്‍ മെമ്മോറിയല്‍ യു.പി സ്കൂളീലേക്ക് പോകുന്ന ഷാഹിന പുസ്തകത്തിന്റെ അവസാന താളുകളിലേക്ക് എത്തുമ്പോഴേക്കും എട്ടാം ക്ലാസുകാരി ആവുന്നത് രചയിതാവ് ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു. എന്തായാലും ഭൌതികശാസ്ത്രത്തിന്റെ വികാസത്തെപ്പറ്റി ഒരു ഫിസിക്സ് വിദ്യാര്‍ത്ഥിക്ക് പെട്ടെന്നൊരു ചിത്രം മനസ്സില്‍ രൂപപ്പെടുത്താന്‍ “ഷാഹിനയുടെ സ്കൂള്‍“ സഹായകമാകും. ഫിസിക്സില്‍ ബിരുദാനന്തര ബിരുദമുള്ള എനിക്കും ഈ പുസ്തകം ഉപകാരപ്രദമായി എങ്കില്‍ ശാസ്ത്രലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്ന കുട്ടികള്‍ക്ക് അത് വളരെ ഉപകാരപ്പെടും എന്നതിന് സംശയമില്ല.

പുസ്തകം : ഷാഹിനയുടെ സ്കൂള്‍
കര്‍ത്താവ് : പ്രൊഫ.കെ.പാപ്പൂട്ടി
പ്രസാധകര്‍: പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്
പേജ് : 112
വില  : 120 രൂപ

Monday, December 17, 2018

കല്ലുകൾ കവിത വിരിയിക്കുന്ന കരിയാത്തന്‍‌പാറ

             കോഴിപ്പാറയില്‍ ഒരു സായാഹ്നം  (283) ചെലവിടാന്‍ പോയപ്പോഴാണ് ആ സ്ഥലത്തിന്റെ മനോഹാരിത മനസ്സിലായത്.അതുകഴിഞ്ഞ് അരിപ്പാറ (153)എന്ന് പറഞ്ഞപ്പോഴേക്കും  കുട്ടികള്‍ റെഡിയായതും അതിന്റെ എഫക്ട് തന്നെ.ആ രണ്ട് ഓര്‍മ്മകള്‍ മായാതെ നില്‍ക്കുമ്പോഴാണ് മൂന്നാമതൊരു പാറ ഞാന്‍ കുടുംബത്തിന്റെ മുന്നില്‍ എടുത്തിട്ടത് - കരിയാത്തന്‍‌പാറ !

               പച്ചപരവതാനി വിരിച്ച കരിയാത്തന്‍‌പാറ  (54) എന്റെ മനസ്സില്‍ വരച്ച ചിത്രങ്ങള്‍ക്ക് നാഷണല്‍ സര്‍വീസ് സ്കീമിന്റെ  (190)മധുരിക്കുന്ന സ്മരണകളുടെ പിന്‍‌ബലം കൂടിയുള്ളതിനാല്‍ എന്നും ഏറെ ഹൃദ്യമായി തോന്നിയിരുന്നു. അതുകൊണ്ട് തന്നെയായിരുന്നു തലേദിവസത്തെ ഫുഡ്‌ഫെസ്റ്റിന്റെ (23)ജഗപൊഗ പണികളുടെ ഹാങ്ങോവര്‍ മാറ്റാന്‍ കുടുംബസമേതം ഒരു ഔട്ടിംഗ് തീരുമാനിച്ചത്.ദൂരം കൂടുതലാണെങ്കിലും കുടുംബം ഇതുവരെ കാണാത്ത കരിയാത്തന്‍‌പാറയിലേക്കാവട്ടെ അത് എന്നും തീരുമാനിച്ചു.

                കരിയാത്തന്‍‌പാറയില്‍ ഞങ്ങള്‍ എത്തുമ്പോള്‍ സമയം അഞ്ച് മണി കഴിഞ്ഞിരുന്നു.സൂര്യന്‍ അന്നത്തെ ദര്‍ശനം നല്‍കല്‍ നിര്‍ത്താന്‍ ഇനി മിനുട്ടുകള്‍ മാത്രം. കരിയാത്തന്‍‌പാറയുടെ സൌന്ദര്യം ആസ്വദിക്കാന്‍ സമയം അധികം കിട്ടില്ല എന്നതിനാല്‍ കാര്‍ റോഡ് സൈഡില്‍ തന്നെ പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ വേഗം പുഴയിലേക്കിറങ്ങി.കാലം മിനുക്കിയെടുത്ത ഉരുളന്‍ കല്ലിലൂടെ ഞങ്ങള്‍ ശ്രദ്ധിച്ചിറങ്ങി. ചെറുതും വലുതുമായ കല്ലുകള്‍ക്ക് ഒരു പ്രത്യേകതരം വെള്ളനിറമായിരുന്നു.
                                      
               പശ്ചിമഘട്ടത്തിന്റെ ഏതോ ഉത്തുംഗതയില്‍ നിന്ന് ഉരുണ്ടും മറിഞ്ഞും എത്തി ഞങ്ങളുടെ കാലിനടിയില്‍ ഞെരിഞ്ഞമരുന്ന ഓരോ കല്ലിനും നിരവധി കഥകള്‍ പറയാനുണ്ടാകും. പക്ഷേ കേള്‍ക്കാന്‍ സമയമില്ലാത്തതിനാല്‍ ഞാന്‍ ചെവിയോര്‍ത്തില്ല. കല്ലുകള്‍ പ്രകൃതിയില്‍ കൊത്തിയ കവിതയുടെ മനോഹാരിതയും ആസ്വദിച്ച് ഞങ്ങള്‍ വലിയൊരു പാറപ്പുറത്ത് കയറി.
             ശുദ്ധമായ തെളിനീര് ഒരു ചെറിയ ജലപാതമായി അവിടെ നിന്നും താഴേക്ക് പതിക്കുന്നുണ്ടായിരുന്നു.അല്പം കൂടി അകലെയായി കുട്ടികള്‍ കളിക്കാനും കുളിക്കാനും ഇറങ്ങുന്നുണ്ട്. ഒഴിവ് ദിനമായതിനാല്‍ നിരവധി സഞ്ചാരികളും പുഴയുടെ വിവിധ ഭാഗങ്ങളിലായി ഉണ്ട്. സൌകര്യപ്രദമായ ഒരു സ്ഥലത്ത് ഞാനും മക്കളെ കുളിക്കാനിറക്കി. കുളിക്കാനിറങ്ങുമ്പോള്‍ ശ്രദ്ധിക്കണം എന്ന് ആ നാട്ടുകാരനായ പ്രസാദേട്ടന്‍ മുന്നറിയിപ്പ് തന്നിരുന്നതിനാല്‍ ഞാന്‍ അതീവ ജാഗ്രത പുലര്‍ത്തി.പാറകള്‍ക്കിടയിലെ ആഴമുള്ള കുഴികള്‍ ഒരാഴ്ചമുമ്പും ഒരു കുട്ടിക്ക് മരണക്കെണി ഒരുക്കിയത് ഞെട്ടലോടെയാണ് ശ്രവിച്ചത്.  എല്ലാ സഞ്ചാരികളും കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.

               കഴിഞ്ഞ വര്‍ഷം കുടുംബസമേതം കൊച്ചിന്‍-മുസ്‌രിസ് ബിനാലെ (115)സന്ദര്‍ശിച്ചപ്പോള്‍ സന്ദര്‍ശകര്‍ ഒരുക്കിയ ഇന്‍സ്റ്റലേഷനുകളുടെ ഒരു ഏരിയ കണ്ടിരുന്നു.ചെറിയ ചെറിയ ഉരുളന്‍ കല്ലുകള്‍ അടുക്കി വച്ചതായിരുന്നു അതില്‍ ഏറ്റവും കൂടുതല്‍.പരന്ന പാറപ്പുറത്ത് നദിയില്‍ നിന്നും പെറുക്കിയ ചെറിയ ചെറിയ കല്ലുകള്‍ അടുക്കി വച്ചത് കരിയാത്തന്‍‌പാറയിലും പല സ്ഥലത്തും കണ്ടു.ലുലുവും ലുഅയും എന്റെ ഭാര്യയുടെ അനിയത്തിയും കൂടി കുറെ കല്ലുകള്‍ പെറുക്കി അടുക്കിവച്ചപ്പോള്‍ ഒരു ശിലാഗോപുരം കൂടി ഉയര്‍ന്നു.കെട്ടിപ്പൊക്കിയ ഗോപുരം കല്ലെറിഞ്ഞ് തകര്‍ത്ത് അവര്‍ പൊട്ടിച്ചിരിച്ചപ്പോള്‍ നാറാണത്ത് ഭ്രാന്തനെയും അനുസ്മരിച്ചു.
              കക്കയം വാലി എന്നു കൂടി അറിയപ്പെടുന്ന ഈ സ്ഥലത്തിന്റെ മുകളിലെവിടെയോ ആയിരുന്നു അടിയന്തിരാവസ്ഥാ കാലത്ത് രാജന്‍ എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണം നടന്നത്.അതിന് ശേഷം നിരവധി മഴമേഘങ്ങള്‍ പെയ്തൊഴിഞ്ഞ് മലമുകളില്‍ നിന്ന് കുത്തി ഒലിച്ചിറങ്ങിയെങ്കിലും ഒരച്ഛന്റെ കണ്ണുകളില്‍ നിന്നും ഒഴുകിയ കണ്ണുനീരിന്റെ ഉപ്പുരസം ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല.അതുകൊണ്ട് തന്നെയായിരിക്കാം ഓരോ സഞ്ചാരിയും അറിയാതെ കക്കയം വാലിയിലെ വെള്ളത്തിന്റെ രുചി നുണയുന്നത്.
            അരീക്കോട് നിന്നും താമരശ്ശേരി കഴിഞ്ഞ് കൊയിലാണ്ടി റോഡില്‍ ഏകദേശം എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എസ്റ്റേറ്റ് മുക്ക് എത്തും. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് 13ഓ 15ഓ കിലോമീറ്റര്‍ താണ്ടിയാല്‍ കരിയാത്തന്‍‌പാറയില്‍ എത്താം.എന്റെ നാട്ടില്‍ നിന്ന് 50 കിലോമീറ്റര്‍ ആണ് ദൂരം. കോഴിക്കോട് നിന്ന് ബാലുശ്ശേരി എത്തി താമരശ്ശേരി റോഡ് വഴി എസ്റ്റേറ്റ് മുക്ക് എത്താം. ഉച്ചക്ക് രണ്ടര മണിയോടെയെങ്കിലും കരിയാത്തന്‍‌പാറയില്‍ എത്തിയാല്‍ പുഴയും പുല്‍മേടും എല്ലാം ആസ്വദിച്ച് ഒരു കുളിയും കഴിഞ്ഞ് നവോന്മേഷത്തോടെ മടങ്ങാം.

          കണ്ണുകള്‍ പറിച്ചെടുത്താണ് ഓരോ സഞ്ചാരിയും കരിയാത്തന്‍‌പാറയോട് വിട ചൊല്ലുന്നത്. സൂര്യന്‍ പൂര്‍ണ്ണമായും താഴ്ന്നതോടെ ഞങ്ങളും തിരിച്ച് കയറി. മടങ്ങുന്ന വഴി തലയാട് വച്ച് 2010ലെ NSS ക്യാമ്പിനെ സജീവമാക്കിയ ബിജുവിനെയും സിദ്ദീഖ്ക്കയെയും കണ്ടുമുട്ടി. 
              ആ സൌഹൃദ സംഭാഷണത്തില്‍ നിന്നാണ് മലബാറിലെ ഗവി എന്നറിയപ്പെടുന്ന വയലട മുള്ളമ്പാറ വ്യൂ പോയിന്റ് കൂടി തൊട്ടടുത്ത് ഉണ്ടായിരുന്നു എന്നറിഞ്ഞത്. കരിയാത്തന്‍‌പാറ വീണ്ടും മാടിവിളിക്കുന്നതിനാല്‍ അന്ന് അതും കൂടി കാണാമെന്ന പ്രതീക്ഷയില്‍  നല്ലവരായ ആ സുഹൃത്തുക്കളോട് ഞങ്ങള്‍ യാത്ര പറഞ്ഞു. 

Tuesday, December 11, 2018

കരിയാത്തന്‍‌പാറയിലെ പച്ചപ്പരവതാനിയിലൂടെ....

              2011പുതുവർഷദിനത്തിൽ ഞാൻ പുതിയൊരു ബ്ലോഗ് തുടങ്ങി. എന്റെ യാത്രാ വിവരണങ്ങൾ എഴുതാൻ ഉദ്ദേശിച്ചു കൊണ്ടുള്ള ആ ബ്ലോഗിലെ ആദ്യത്തെ പോസ്റ്റിന്റെ പേര് “കരിയാത്തന്‍‌പാറയിലെ പച്ചപ്പരവതാനിയിലൂടെ....“ എന്നായിരുന്നു.കക്കയത്തിനടുത്തുള്ള പ്രകൃതി രമണീയമായ കരിയാത്തന്‍‌പാറയിൽ, അതിന്റെ തൊട്ടടുത്ത സ്ഥലമായ തലയാട് വച്ച്  നടന്ന എൻ.എസ്.എസ് സപ്തദിന ക്യാമ്പിനിടക്ക് പോയതിന്റെ വിവരണമായിരുന്നു ആ പോസ്റ്റ്. മാതൃഭൂമി യാത്രയുടെ ഓൺലൈൻ പതിപ്പിൽ ഞാൻ എഴുതിയ കുറിപ്പിന്റെ ലിങ്ക് ( http://archives.mathrubhumi.com/yathra/travel_blog/article/155560/index.html ) ആയിരുന്നു ആ പോസ്റ്റിൽ  നൽകിയിരുന്നത് . കരിയാത്തൻ‌പാറയിലേക്ക് വീണ്ടും പോകാൻ തയ്യാറെടുക്കുമ്പോൾ ആ ആർട്ടിക്കിൾ തെരഞ്ഞപ്പോഴാണ്  അത് കാണാനേ ഇല്ല എന്ന യാഥാർത്ഥ്യം ഞാൻ മനസ്സിലാക്കുന്നത്.

           തൂമഞ്ഞ് വീണുകൊണ്ടിരിക്കുന്ന ഒരു ഡിസംബർ പ്രഭാതം. എല്ലാ എൻ.എസ്.എസ് ക്യാമ്പിലും ഉണ്ടാകാറുള്ള പോലെ അവസാന ദിനത്തിൽ ഒരു ട്രക്കിംഗ് എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. പക്ഷെ സ്നേഹം കൊണ്ട് ഞങ്ങളെ വീർപ്പ് മുട്ടിച്ച തലയാടുകാർ ട്രക്കിങ്ങിന് മുമ്പ് ഒരു ഔട്ടിംഗ് എന്ന ആശയത്തോടെ ഞങ്ങളെ നയിച്ചത് കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ റിസർവോയർ ആയ കരിയാത്തന്‍‌പാറയിലേക്കാണ്. മൂക്കിന് താഴെയുള്ള ഇത്രയും മനോഹരമായ ഒരു സ്ഥലം ഇതുവരെ അറിയാതെ പോയല്ലോ എന്ന സങ്കടമായിരുന്നു അവിടെ എത്തിയപ്പോൾ ആദ്യം തോന്നിയത്.
                   
 
          ചിത്രങ്ങളിൽ കണ്ട തേക്കടിയുടെ ഒരു കോഴിക്കോടൻ പതിപ്പ് എന്ന് ഒറ്റ നോട്ടത്തിൽ പറയാം. ചില്ലകളാൽ സ‌മൃദ്ധമായ വിവിധതരം മരങ്ങൾ തിങ്ങി നിൽക്കുന്ന കര ഭാഗം. ആഴം എത്രയുണ്ട് എന്ന് പറയാൻ പറ്റാത്ത വിധത്തിൽ ഒഴുക്ക് നിലച്ച കുറ്റ്യാടി പുഴ.വെള്ളം ഇറങ്ങിപ്പോയ സ്ഥലങ്ങളിൽ ഇടക്കിടക്ക് ഉണങ്ങിയ മരങ്ങൾ തീർത്ത നിശ്ചലദൃശ്യങ്ങൾ. അപ്പുറം പച്ചപ്പരവതാനി വിരിച്ച പോലെ പുൽമേട്. അതിനുമപ്പുറം ഇട തൂർന്ന് വളർന്ന് നിൽക്കുന്ന മരങ്ങൾ.അതും കഴിഞ്ഞ് മേഘം മുട്ടി നില്‍ക്കുന്ന നീലമലകള്‍.ശരിക്കും യൂറോപ്യന്‍ രാജ്യങ്ങളില്‍ കാണുന്ന പോലെയുള്ള ഒരു കാഴ്ച. 
                പഴയ ഓർമ്മകൾ പുതുക്കാനായി 2012 ഏപ്രിലിൽ വീണ്ടും കരിയാത്തൻപാറയിൽ എത്തിയപ്പോഴെടുത്ത ചിത്രങ്ങളിൽ ചിലതാണ് മേലെ കാണുന്നത്. കൊടും വേനലിലും പച്ചപ്പരവതാനി വിരിച്ച് കരിയാത്തൻപാറ അന്നും ഞങ്ങളെ വരവേറ്റു. വെള്ളാരം കല്ലുകൾ കൊണ്ട് കവിത വിരിയിക്കുന്ന പ്രളയാനന്തര കരിയാത്തൻപാറയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച ഞാൻ കുടുംബ സമേതം വീണ്ടും പോയി. അത് നാളെ പറയാം.

Sunday, December 09, 2018

ചരിത്രം കുറിച്ച ‘കൂട്ടായ്മയുടെ കൈപുണ്യം‘

            അരീക്കോട് എന്ന എന്റെ ഗ്രാമം പല സ്ഥലത്തും പല രൂപത്തില്‍ ആണ് പ്രസിദ്ധം.കളിക്കമ്പക്കാര്‍ക്കിടയില്‍, നിരവധി അന്താരാഷ്ട്ര താരങ്ങളെ സംഭാവന ചെയ്ത ഇത് ഫുട്‌ബാളിന്റെ മെക്കയാണ്. വിദ്യാഭ്യാസ വിചക്ഷണര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നരുള്ള നാടാണ്. ഉദ്യോഗസ്ഥ വൃന്ദത്തില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്ള നാടാണ്.കെട്ടിട നിര്‍മ്മാണ രംഗത്ത് അരീക്കോട് മണല്‍ ഏറെ പ്രസിദ്ധമാണ്. ചരിത്ര രംഗത്ത് 1921ലെ മലബാര്‍ ലഹളയുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. കലാ-സാംസ്കാരിക രംഗത്തെ പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചവരുടെ നാടും കൂടിയാണ്.അങ്ങനെ ഒരു നാടിനെപ്പറ്റി അഭിമാനിക്കാന്‍ നിരവധി ഘടകങ്ങള്‍.

          ഇക്കഴിഞ്ഞ ദിവസം ഈ നാട്ടുകാര്‍ക്കും സമീപവാസികള്‍ക്കും ഒരു ഉത്സവദിനമായിരുന്നു. നാട്ടിലെ വിദ്യാഭ്യാസ രംഗത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന സുല്ലമുസ്സലാം സ്ഥാപനങ്ങളില്‍ ഒന്നായ ഓറിയെന്റെല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സംഘടിപ്പിച്ച ഭക്ഷ്യമേള വേറിട്ട ഒരനുഭവമായിരുന്നു. നിര്‍ധനരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വീട് പണിയാന്‍ വേണ്ടി 10 ലക്ഷം രൂപ സമാഹരിക്കാനായിരുന്നു ‘കൂട്ടായ്മയുടെ കൈപുണ്യം’ എന്ന ഫുഡ് ഫെസ്റ്റ്.

            കുട്ടികള്‍ സ്വന്തം വീട്ടില്‍ നിന്ന് ഓരോ തരം വിഭവങ്ങള്‍ ഉണ്ടാക്കി കൊണ്ടു വന്ന് അത് ഓരോ ക്ലാസിന്റെ സ്റ്റാളുകളില്‍ വച്ച് വിറ്റു കിട്ടുന്ന പണത്തിലൂടെ ധനം സമാഹരിക്കലായിരുന്നു ലക്ഷ്യം.ഓരോ ക്ലാസുകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം കൂടിയായപ്പോള്‍ പല വീടുകളില്‍ നിന്നും അഞ്ചും ആറും വിഭവങ്ങള്‍ ഭക്ഷ്യമേളയില്‍ എത്തി.മേള ആരംഭിച്ച ഉച്ച്ക്ക് മൂന്ന് മണിക്ക് തന്നെ സ്കൂള്‍ പരിസരം ജന നിബിഡമായി. സന്ധ്യ മയങ്ങിയപ്പോഴേക്കും ജനസാഗരത്തിലൂടെ നൂഴ്ന്ന് പോകാന്‍ പോലും പറ്റാത്ത അവസ്ഥ!
             നാട്ടില്‍ നടക്കുന്ന ആദ്യത്തെ ഫൂഡ്‌ഫെസ്റ്റ് ആയിരുന്നു ഇത്. പത്താം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ രണ്ടാമത്തെ മകള്‍ ലു‌അ അവളുടെ ക്ലാസിന് വേണ്ടി തയ്യാറാക്കിയ ഒരു ഓഡിയോ പരസ്യം കേട്ട് സത്യത്തില്‍ ഞാന്‍ പോലും ഞെട്ടിപ്പോയി. മുന്‍ പരിചയം ഒന്നും ഇല്ലാഞ്ഞിട്ടും ഈ മക്കള്‍ ഇത്രയും നന്നായി തയ്യാറാക്കി അത് ജനങ്ങളില്‍ കൃത്യമായി എത്തിച്ചത് തന്നെയാണ് ഈ വിജയത്തിന്റെ രഹസ്യം. ഒപ്പം അവര്‍ക്ക് സര്‍വ്വ പിന്തുണയുമായി എല്ലാ അടുക്കളയിലെയും അടുപ്പുകള്‍ മത്സരിച്ചപ്പോള്‍ അത് കുട്ടികളുടെ മാതാപിതാക്കള്‍ക്കിടയില്‍ ഒരു ബന്ധം സൃഷ്ടിക്കാനും ഉതകുന്നതായി.വെറും ആറ് മണിക്കൂറിനുള്ളീല്‍ 20 ലക്ഷത്തിലേറെ രൂപ  സമാഹരിക്കാന്‍ സാധിച്ചു എന്നാണ് പ്രാഥമിക കണക്ക്.
പണം എത്ര കിട്ടി എന്നതിലുപരി ഞാന്‍ ഇതില്‍ നിരവധി പ്ലസ് പോയിന്റുകള്‍ കാണുന്നു.
1. വലിയൊരു ഇവന്റ് വിജയകരമായി സംഘടിപ്പിക്കുന്നതില്‍ വിദ്യാര്‍ഥികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് വ്യക്തമായി.
2. കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും പല തരത്തിലുള്ള കഴിവുകളും പ്രകടമായി.
3. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഒരു അനുഭവമായി.
4. സദുദ്ദേശത്തിന് പൊതുജനം നല്‍കുന്ന അപാര പിന്തുണ മനസ്സിലായി.
5. ഒരു സ്കൂളില്‍ പഠിച്ചാലും കിട്ടാത്ത സ്നേഹത്തിന്റെയും മാനവികതയുടെയും പാഠങ്ങള്‍ ഒറ്റ ദിവസം കൊണ്ട് അനുഭവിച്ചറിഞ്ഞു.

ഇനിയും ഇത്തരം പരിപാടികള്‍ ജനം കൈ നീട്ടി സ്വീകരിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.

Saturday, December 08, 2018

പ്രണയം പോലെ യാത്രകള്‍

            വായനയുടെ വസന്ത കാ‍ലത്ത് ആവേശത്തോടെ വായിച്ച ഒരു പുസ്തകമായിരുന്നു ശ്രീ.പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘സ്മാരകശിലകള്‍’. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഈ നോവലിനെപ്പറ്റി എഴുതണമെങ്കില്‍ അത് ഇനിയും ഒന്നുകൂടി വായിക്കണം. മുമ്പ് വായിച്ച ആരോ, ആ പുസ്തകത്തിലെ ചില വരികള്‍ക്കടിയില്‍ വരച്ച് വച്ചതും ഓര്‍മ്മയിലുണ്ട്. ‘കൂട്ടപ്രാര്‍ത്ഥന’ ക്കടിയിലായിരുന്നു കൂടുതല്‍ വരകള്‍!

           ഒരു മാസം മുമ്പ് മാതൃഭൂമി ബുക്സില്‍ പുസ്തകങ്ങള്‍ തിരയുന്നതിനിടയിലാണ് പുനത്തിലിന്റെ ‘പ്രണയം പോലെ യാത്രകള്‍’ ശ്രദ്ധയില്‍ പെട്ടത്. കൌ ബോയ് തൊപ്പിയും കൂളിംഗ് ഗ്ലാസ്സും വച്ച് ടീ ഷര്‍ട്ടും ബര്‍മുഡയും ഇട്ട് ചിരിച്ചു കൊണ്ട് ഒരു ബീച്ചില്‍ നില്‍ക്കുന്ന പുനത്തിലിന്റെ മുഖചിത്രത്തില്‍ ആണ് സത്യത്തില്‍ ഞാന്‍ വീണത്. യാത്രാവിവരണങ്ങള്‍ എഴുതുന്നതിനാല്‍ ഒരു സാഹിത്യകാരന്റെ ശൈലി അറിയാന്‍ കൂടിയായിരുന്നു ഈ പുസ്തകം ഞാന്‍ വാങ്ങിയത്.
                                       
               അവസാനത്തെ ദേവദാസി , കുറിപ്പുകള്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായിട്ടാണ് ഈ പുസ്തകം. ആന്ധ്രയിലെ ഗോദാവരി ജില്ലയിലെ പെദ്ദാപൂര്‍ എന്ന ഗ്രാമത്തിലേക്ക് ദേവദാസികളെ കാണാനും അവരുടെ ജീവിത ചരിത്രം അറിയാനും ആയിട്ടുള്ള യാത്രയുടെ വിവരണം അത്ര കണ്ട് ഭംഗിയില്ലെങ്കിലും ദേവദാസികളെപ്പറ്റി അറിയാന്‍ ഉപകാരപ്പെടും. സായി എന്ന ദേവദാസി സ്ത്രീയെ കാണുന്നതും ‘കണ്ണേരകം’ പോലുള്ള ചടങ്ങുകളെക്കുറിച്ച് ഉളുപ്പില്ലാതെ ചോദിക്കുന്നതും അതില്‍ വായിക്കാം. (ഒരു ദേവദാസി സ്ത്രീയുടെ കന്യകാത്വം നഷ്ടപ്പെടുത്തുന്ന ചടങ്ങാണ് കണ്ണേരകം)

           രണ്ടാം ഭാഗത്തിലാണ് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച കുറിപ്പുകള്‍ ഉള്ളത്. വാഗ അതിര്‍ത്തിയിലെ നൊമ്പരങ്ങള്‍ എന്ന അദ്ധ്യായത്തില്‍ “....കര്‍ഷകരുടെ വിയര്‍പ്പിന്റെ ഗന്ധം സന്ധ്യ മയങ്ങിയിട്ടും വയലുകളില്‍ തങ്ങി നിന്നു. ഞങ്ങള്‍ സുവര്‍ണ്ണ ക്ഷേത്രം ലക്ഷ്യം വച്ച് ചന്‍ഢീഗഡും ലുധിയാനയും മറികടന്ന് മുന്നേറുകയാണ്...” എന്ന് പറയുന്നു. വാഗയില്‍ നിന്ന് തൊട്ടടുത്ത പട്ടണമാണ് സുവര്‍ണ്ണക്ഷേത്രം സ്ഥിതി ചെയ്യുന്ന അമൃതസര്‍ !!   (215,166) അപ്പോള്‍ എങ്ങോട്ടാണാവോ ഈ യാത്ര?

           അതേപോലെ ഗോസായിക്കുന്നിനെപ്പറ്റിയുള്ള കുറിപ്പില്‍ ‘വിശുദ്ധ ഖുര്‍‌ആനില്‍ സാത്താന്‍ ഹിറാമല നക്കിനക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നപോലെ മാഫിയകള്‍ ഗോസായിക്കുന്ന് നക്കിനക്കിത്തീര്‍ത്തിരിക്കുന്നു’ എന്ന് പറയുന്നു. സാത്താന്‍ ഹിറാമല നക്കിത്തീര്‍ക്കുന്നത് ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. തഹജ്ജുദ് , തബ്‌ലീഗ് തുടങ്ങി മുസ്ലിങ്ങള്‍ സ്ഥിരം പ്രയോഗിക്കുന്ന പദങ്ങള്‍ തയജ്ജുദ് , തബ്‌ലീക് എന്നിങ്ങനെ ആക്കിയത്  ഗ്രന്ധകാരന് അവ ഒട്ടും പരിചയമില്ലാത്ത ധ്വനിയും ജനിപ്പിക്കുന്നു.

              അലീഗഡിലും ലക്‍നൌവിലും പോയിട്ടുള്ളതിനാല്‍ ആ തെരുവുകളെക്കുറിച്ചുള്ള വിവരണം എനിക്ക് ഇഷ്ടപ്പെട്ടു. ‘അലീഗര്‍ കി ഖട്മല്‍ രാം‌പൂര്‍ ക ചാക്കു ലഖ്‌നൌ കി കുര്‍ത്ത’  അന്ന് ഞാനും കേട്ടിരുന്നു. ലഖ്‌നൌവില്‍ നിന്ന് അന്ന് കുര്‍ത്ത വാങ്ങുകയും ചെയ്തിരുന്നു.

            ഈ പുസ്തകം വാങ്ങിയതിന്റെ ഉദ്ദേശം  മുകളില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. പക്ഷെ എന്റെ പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയര്‍ന്ന ഒരു യാത്രാവിവരണം അല്ല ഈ പുസ്തകം. നമ്മുടെ മുബിയും  മന്‍സൂറും ഒക്കെ എഴുതുന്ന യാത്രാവിവരണങ്ങള്‍ ഇതുക്കും എത്രയോ മേലെയാണ്.

പുസ്തകം : പ്രണയം പോലെ യാത്രകള്‍
രചയിതാവ് : പുനത്തില്‍ കുഞ്ഞബ്ദുള്ള
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്
പേജ് : 127
വില : 150 രൂപ

Thursday, December 06, 2018

അക്കുത്തിക്കുത്താന

             സ്കൂള്‍ കാലഘട്ടത്തിലെ പ്രധാന കളികളില്‍ ഒന്നായിരുന്നു “അക്കുത്തിക്കുത്താന“ കളി. മഴ പെയ്യുന്ന ദിവസങ്ങളില്‍ പുറത്ത് കളിക്കാന്‍ പറ്റാത്തതിനാല്‍ വല്യുമ്മയുടെ മുന്നിലായിരുന്നു പലപ്പോഴും ഈ കളി കളിച്ചിരുന്നത്.ആണും പെണ്ണും എല്ലാം ഒരുമിച്ചായിരുന്നു കളി.  സ്കൂളിലും ഈ കളി ഉണ്ടായിരുന്നെങ്കിലും പെണ്‍‌കുട്ടികള്‍ മാത്രമായിരുന്നു കളിച്ചിരുന്നത്.

         അഞ്ചോ ആറോ കുട്ടികള്‍ വട്ടം കൂടിയിരുന്നാണ് ഈ കളി കളിക്കാറ്‌. വട്ടത്തില്‍ ഇരിക്കുന്ന എല്ലാവരും അവരുടെ കൈപത്തികള്‍ മുന്നിലെ കളത്തില്‍ കമഴ്ത്തി വയ്ക്കും. ശേഷം ഒരാള്‍ ഓരോരുത്തരുടെയും കൈപ്പത്തിക്കു മുകളില്‍ മ്രുദുവായി ഒന്ന് കുത്തും. ഒപ്പം 
"അക്കുത്തിക്കുത്താന വരും
കുത്തക്കരെ നിക്ക്‌ണ വെള്ളാട്ടീന്റെ
കയ്യോ കാലോ രണ്ടാലൊന്ന്
തട്ടീമുട്ടി ഒടിഞ്ഞാട്ടെ....!!" എന്ന് ഉച്ചത്തില്‍ ചൊല്ലും.

         ‘ഒടിഞ്ഞാട്ടെ‘ എന്ന് പറഞ്ഞ് ഏത് കയ്യില്‍ ആണോ അവസാനിക്കുന്നത് ആ കൈ പിന്നെ മലര്‍ത്തി വയ്ക്കണം.അങ്ങനെ ഓരോരോ കൈകളായി മലര്‍ന്ന് തുടങ്ങും. മലര്‍ന്ന കയ്യില്‍ വീണ്ടും ‘ഒടിഞ്ഞാട്ടെ‘ അവസാനിച്ചാല്‍ ആ കൈ കളിയില്‍ നിന്ന് പുറത്താകും.രണ്ട് കയ്യും പുറത്തായാല്‍ അയാള്‍ കളിക്ക് പുറത്തായി. അങ്ങനെ അവസാനം വരെ നില്‍ക്കുന്ന കൈ ആരോ അവന്‍/അവള്‍ വിജയിയാകും. യഥാര്‍ത്ഥത്തില്‍ കുറെ കുത്തുകള്‍ കിട്ടുന്നത് ഈ വിജയിക്കായിരിക്കും എന്നത് ഇപ്പോഴാണ് തിരിച്ചറിഞ്ഞത് !
                                                                     കടപ്പാട്: ഗൂഗിള്‍
      ചൊല്ലുന്ന പാട്ടിലെ ആദ്യത്തെ രണ്ട് വരി എന്താണെന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു. എന്നാല്‍ അവസാനത്തെ രണ്ട് വരി മനസ്സിലായിരുന്നു.ആ വരികള്‍ ചൊല്ലാന്‍ പാടില്ല എന്ന് മാതാപിതാക്കളുടെ ഒരു വിലക്കും ഈ കളിക്കിടയില്‍ ഉണ്ടായിരുന്നു. ഒരാളുടെ നാശം തേടരുത് എന്നായിരുന്നു അതിന് അന്ന് പറഞ്ഞ കാരണം.

      ഇതേ കളി മറ്റൊരു പാട്ടുമായി ഇന്നത്തെ കുട്ടികള്‍ കളിക്കുന്നത് കണ്ടിട്ടുണ്ട്.

അത്തള പിത്തള തവളാച്ചി
ചുക്കുമ്മിരിക്കണ ചൂളാപ്പ
മറിയം വന്ന് വിളക്കൂതി
ഗുണ്ടാ മാണീ സാറാ കോട്ട്

ഇതില്‍ മൂന്നാമത്തെ വരിയുടെ അര്‍ത്ഥം മാത്രമേ ഇത്ര പ്രായമായിട്ടും മനസ്സിലാകുന്നുള്ളൂ !! ജനറേഷന്‍ ഗ്യാപ് ആയിരിക്കും അല്ലേ?

      പലതരം കളികളാൽ സമൃദ്ധമായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം. ഇനിയും പല കളികളും ഓര്‍മ്മയില്‍ വരുന്നു. പറയാം ഓരോന്നായി പിന്നീട്.