Pages

Sunday, December 09, 2018

ചരിത്രം കുറിച്ച ‘കൂട്ടായ്മയുടെ കൈപുണ്യം‘

            അരീക്കോട് എന്ന എന്റെ ഗ്രാമം പല സ്ഥലത്തും പല രൂപത്തില്‍ ആണ് പ്രസിദ്ധം.കളിക്കമ്പക്കാര്‍ക്കിടയില്‍, നിരവധി അന്താരാഷ്ട്ര താരങ്ങളെ സംഭാവന ചെയ്ത ഇത് ഫുട്‌ബാളിന്റെ മെക്കയാണ്. വിദ്യാഭ്യാസ വിചക്ഷണര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നരുള്ള നാടാണ്. ഉദ്യോഗസ്ഥ വൃന്ദത്തില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്ള നാടാണ്.കെട്ടിട നിര്‍മ്മാണ രംഗത്ത് അരീക്കോട് മണല്‍ ഏറെ പ്രസിദ്ധമാണ്. ചരിത്ര രംഗത്ത് 1921ലെ മലബാര്‍ ലഹളയുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. കലാ-സാംസ്കാരിക രംഗത്തെ പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചവരുടെ നാടും കൂടിയാണ്.അങ്ങനെ ഒരു നാടിനെപ്പറ്റി അഭിമാനിക്കാന്‍ നിരവധി ഘടകങ്ങള്‍.

          ഇക്കഴിഞ്ഞ ദിവസം ഈ നാട്ടുകാര്‍ക്കും സമീപവാസികള്‍ക്കും ഒരു ഉത്സവദിനമായിരുന്നു. നാട്ടിലെ വിദ്യാഭ്യാസ രംഗത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന സുല്ലമുസ്സലാം സ്ഥാപനങ്ങളില്‍ ഒന്നായ ഓറിയെന്റെല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സംഘടിപ്പിച്ച ഭക്ഷ്യമേള വേറിട്ട ഒരനുഭവമായിരുന്നു. നിര്‍ധനരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വീട് പണിയാന്‍ വേണ്ടി 10 ലക്ഷം രൂപ സമാഹരിക്കാനായിരുന്നു ‘കൂട്ടായ്മയുടെ കൈപുണ്യം’ എന്ന ഫുഡ് ഫെസ്റ്റ്.

            കുട്ടികള്‍ സ്വന്തം വീട്ടില്‍ നിന്ന് ഓരോ തരം വിഭവങ്ങള്‍ ഉണ്ടാക്കി കൊണ്ടു വന്ന് അത് ഓരോ ക്ലാസിന്റെ സ്റ്റാളുകളില്‍ വച്ച് വിറ്റു കിട്ടുന്ന പണത്തിലൂടെ ധനം സമാഹരിക്കലായിരുന്നു ലക്ഷ്യം.ഓരോ ക്ലാസുകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം കൂടിയായപ്പോള്‍ പല വീടുകളില്‍ നിന്നും അഞ്ചും ആറും വിഭവങ്ങള്‍ ഭക്ഷ്യമേളയില്‍ എത്തി.മേള ആരംഭിച്ച ഉച്ച്ക്ക് മൂന്ന് മണിക്ക് തന്നെ സ്കൂള്‍ പരിസരം ജന നിബിഡമായി. സന്ധ്യ മയങ്ങിയപ്പോഴേക്കും ജനസാഗരത്തിലൂടെ നൂഴ്ന്ന് പോകാന്‍ പോലും പറ്റാത്ത അവസ്ഥ!
             നാട്ടില്‍ നടക്കുന്ന ആദ്യത്തെ ഫൂഡ്‌ഫെസ്റ്റ് ആയിരുന്നു ഇത്. പത്താം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ രണ്ടാമത്തെ മകള്‍ ലു‌അ അവളുടെ ക്ലാസിന് വേണ്ടി തയ്യാറാക്കിയ ഒരു ഓഡിയോ പരസ്യം കേട്ട് സത്യത്തില്‍ ഞാന്‍ പോലും ഞെട്ടിപ്പോയി. മുന്‍ പരിചയം ഒന്നും ഇല്ലാഞ്ഞിട്ടും ഈ മക്കള്‍ ഇത്രയും നന്നായി തയ്യാറാക്കി അത് ജനങ്ങളില്‍ കൃത്യമായി എത്തിച്ചത് തന്നെയാണ് ഈ വിജയത്തിന്റെ രഹസ്യം. ഒപ്പം അവര്‍ക്ക് സര്‍വ്വ പിന്തുണയുമായി എല്ലാ അടുക്കളയിലെയും അടുപ്പുകള്‍ മത്സരിച്ചപ്പോള്‍ അത് കുട്ടികളുടെ മാതാപിതാക്കള്‍ക്കിടയില്‍ ഒരു ബന്ധം സൃഷ്ടിക്കാനും ഉതകുന്നതായി.വെറും ആറ് മണിക്കൂറിനുള്ളീല്‍ 20 ലക്ഷത്തിലേറെ രൂപ  സമാഹരിക്കാന്‍ സാധിച്ചു എന്നാണ് പ്രാഥമിക കണക്ക്.
പണം എത്ര കിട്ടി എന്നതിലുപരി ഞാന്‍ ഇതില്‍ നിരവധി പ്ലസ് പോയിന്റുകള്‍ കാണുന്നു.
1. വലിയൊരു ഇവന്റ് വിജയകരമായി സംഘടിപ്പിക്കുന്നതില്‍ വിദ്യാര്‍ഥികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് വ്യക്തമായി.
2. കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും പല തരത്തിലുള്ള കഴിവുകളും പ്രകടമായി.
3. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഒരു അനുഭവമായി.
4. സദുദ്ദേശത്തിന് പൊതുജനം നല്‍കുന്ന അപാര പിന്തുണ മനസ്സിലായി.
5. ഒരു സ്കൂളില്‍ പഠിച്ചാലും കിട്ടാത്ത സ്നേഹത്തിന്റെയും മാനവികതയുടെയും പാഠങ്ങള്‍ ഒറ്റ ദിവസം കൊണ്ട് അനുഭവിച്ചറിഞ്ഞു.

ഇനിയും ഇത്തരം പരിപാടികള്‍ ജനം കൈ നീട്ടി സ്വീകരിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.

12 comments:

Areekkodan | അരീക്കോടന്‍ said...

പണം എത്ര കിട്ടി എന്നതിലുപരി ഞാന്‍ ഇതില്‍ നിരവധി പ്ലസ് പോയിന്റുകള്‍ കാണുന്നു.

Joselet Joseph said...

നല്ല നാട്ടുകാരുടെ സഹകരണമാണ് ഏറെ പ്രശംസനീയം.ഞങ്ങളുടെയൊക്കെ നാട്ടിൽ ഇങ്ങനെ ഒരാശയം മുന്നോട്ടു വെച്ചാൽ ' എന്റെ കുഞ്ഞിനെ സ്‌കൂളിൽ വിടുന്നത് ചായക്കട നടത്താനല്ല അവനൊന്നും വേറെ പണിയില്ലന്നു' പറഞ്ഞു കുട്ടികളെ കൂടി പിന്തിരിപ്പിക്കും.

Areekkodan | അരീക്കോടന്‍ said...

ജോസ്‌ലെറ്റ്...നാട്ടുകാരുടെ സഹകരണം നിര്‍ണ്ണായകം തന്നെയാണ്

Manikandan said...

വളരെ സന്തോഷകരമായ വാർത്ത തന്നെയാണ് അരീക്കോടൻ മാഷേ. നമ്മൾ ഓൺലൈൻ രംഗത്ത് നടത്തുന്ന പല ചാരിറ്റി പ്രവർത്തനങ്ങൾക്കും വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മനുഷ്യത്വം വറ്റാത്ത സുമനസ്സുകൾ നമുക്കു ചുറ്റും ധാരാളം ഉണ്ടെന്നത് തീർച്ചയായും സന്തോഷം നൽകുന്നു.

Mohamedkutty മുഹമ്മദുകുട്ടി said...

ഓഡിയോ പ്രതീക്ഷിച്ചു, കണ്ടില്ല[ സോറി കേട്ടില്ല!]

Areekkodan | അരീക്കോടന്‍ said...

Manikandan ji...സന്തോഷം

കുട്ടിക്കാ...അതിവിടെ പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല.നിങ്ങൾക്ക് വാട്സ് ആപ് ചെയ്തിട്ടുണ്ട്.

Typist | എഴുത്തുകാരി said...

തീര്ച്ചയായും വളരെ നല്ലൊരു ഉദ്യമം. നല്ലൊരു തുക സമാഹരിക്കാന്‍ കഴിഞ്ഞു എന്നത് അതിലേറെ സന്തോഷം.

ഞങ്ങള്‍ക്ക് അരീക്കോട് എന്നത് അരീക്കോടന്റെ നാടായിട്ടാണ്.

Areekkodan | അരീക്കോടന്‍ said...

എഴുത്തുകാരി ചേച്ചീ...“ഞങ്ങള്‍ക്ക് അരീക്കോട് എന്നത് അരീക്കോടന്റെ നാടായിട്ടാണ്...” വളരെ സന്തോഷം.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇനിയും ഇത്തരം പരിപാടികള്‍ ജനം കൈ നീട്ടി സ്വീകരിക്കും ...!

Areekkodan | അരീക്കോടന്‍ said...

മുരളിജീ...അതെ, നന്മകൾ ഇനിയും നിറയട്ടെ.

Cv Thankappan said...

നന്മവിളയും നാട് ,അരീക്കോട്!
ആശംസകൾ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...നല്ല വാക്കുകള്‍ക്ക് നന്ദി

Post a Comment

നന്ദി....വീണ്ടും വരിക