Pages

Monday, August 29, 2022

ദ ലാസ്റ്റ് ക്ലിക്ക് (കാശ്മീർ ഫയൽസ് -23)

 കാശ്മീർ ഫയൽസ് -22 (Click & Read)

സുന്ദരമായ ആ രാത്രിക്ക് സൂര്യൻ ആയുസ് അധികം നൽകിയില്ല. മതിലുകൾ എന്ന സിനിമയിൽ മമ്മുട്ടി "ഹൂ വാണ്ട്സ് ഫ്രീഡം" എന്ന് ചോദിച്ച പോലെ എന്റെ മനസ്സിലും ഒരു ചോദ്യം ഉയർന്നു - "ആർക്കു വേണം ഈ പകൽ? " 

അങ്ങകലെ ഗിരിശൃംഗങ്ങൾ മഞ്ഞ് പുതപ്പിനടിയിൽ തന്നെ ഉറങ്ങുകയാണ്. ലിഡർ നദിക്ക് കുറുകെ പണിത ഇരുമ്പ് പാലത്തിന്റെ മഞ്ഞനിറം പ്രഭാത സൂര്യന്റെ കിരണങ്ങളേറ്റ് കൂടുതൽ തിളങ്ങുന്നുണ്ട്.വെള്ളാരം കല്ലുകളോട് കിന്നാരം പറഞ്ഞ്  നദി എങ്ങോട്ടോ കുതിക്കുന്നുമുണ്ട്.മലനിരകളിലെ
പൈൻ മരങ്ങളുടെ കോണിക്കൽ ബ്യൂട്ടിയിലേക്ക് ഒരിക്കൽ കൂടി നോക്കിക്കൊണ്ട് ഞാൻ ഒരു നെടുവീർപ്പിട്ടു - എല്ലാ കാഴ്ചകളും ഏതാനും നിമിഷങ്ങൾക്കകം മനസ്സിന്റെ ഹാർഡ് ഡിസ്ക് ലേക്ക് സേവ് ചെയ്യപ്പെടാൻ പോവുകയാണ്.

ആർമാദങ്ങളെല്ലാം കഴിഞ്ഞു. ഇന്ന് ഇനി തിരിച്ച് പോവുകയാണ്. കാശ്മീർ ശരിക്കും കണ്ടോ എന്ന് ചോദിച്ചാൽ 'ഉണ്ടില്ല' എന്നാണുത്തരം. എന്നാൽ ശരിക്കും അനുഭവിച്ചു കഴിഞ്ഞു. ആറ് മാസവും ഒരു വർഷവും ഒക്കെ ഇന്ത്യ കാണാനായി ചെലവഴിക്കുന്ന വിദേശികളോട് അസൂയ തോന്നുന്നത് ഇത്തരം നിമിഷങ്ങളിലാണ്.നമുക്കെന്ന് ഇന്ത്യ മുഴുവൻ ഒന്ന് കാണാൻ പറ്റും എന്ന ചോദ്യവും മനസ്സിൽ ഉയരുന്നത് അപ്പോഴാണ്.


" ആബിദ് സാർ... " ഇഷ്ഫാഖിന്റെ വിളി എന്നെ ചിന്തയിൽ നിന്ന് ഉണർത്തി.


"സബീ റെഡി ഹെ തൊ സാമാൻ ഗാഡി മേം ലഗേഗ ... ശ്രീനഗർ മേം കർഫ്യൂ ഡിക്ളേർ കിയ ഹെ... " യാസിൻ മലിക് കേസിലെ വിധി കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഞങ്ങൾ അനുഭവിച്ച് അറിയുകയാണ്.


"സൂൺ ഇൻറർനെറ്റ് കാട്ട് കരേഗ ... ശായദ് ഫോൺ ഭീ..." ഇന്റർനെറ്റും ഫോണും അടക്കമുള്ള ആശയ വിനിമയ മാർഗ്ഗങ്ങൾ നിലക്കാൻ പോകുന്നു എന്നത് ഞങ്ങളിലും ഭയം സൃഷ്ടിച്ചു.


"സൊ... ഹം യഹാം സെ വാപസ് ജാതെ ഹെ... ആപ് കൊ ജമ്മു ജാനെ കൊ ദൂസരാ ഗാഡി തയ്യാർ കീ ഹെ... രാസ് തെ മേം ഗാഡി ബദലേഗ ... " ഇത്രയും ദിവസം കൂടെയുണ്ടായിരുന്ന വണ്ടിയും ഡ്രൈവറും ഒപ്പം ഇഷ്ഫാഖും കൂടി വിട പറയുകയാണ്. ഇഷ്ടപ്പെട്ടില്ലെങ്കിലും സമ്മതിക്കുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു.


ബാഗുകളും മറ്റും വണ്ടിയിലേക്ക് കയറ്റി വയ്ക്കുമ്പോൾ മനസ്സ് വീണ്ടും വിങ്ങിത്തുടങ്ങി. ജമ്മുവിൽ നിന്ന് ഡൽഹിയിലേക്കുള്ള ട്രെയിൻ രാത്രിയായിരുന്നു. എങ്കിലും പ്രവചനാതീതമായ കാശ്മീർ - ജമ്മു യാത്രാ സമയം കണക്കിലെടുത്ത് നേരത്തെ പുറപ്പെടണം എന്ന് ഇഷ്ഫാഖ് നിർദ്ദേശിച്ചിരുന്നതിനാൽ രാവിലെ ആറരക്ക് തന്നെ ഞങ്ങൾ പഹൽഗാം വിട്ടു. ജമ്മു-ശ്രീനഗർ ദേശീയ പാതയിലെ റൺവേയിൽ വച്ച് ഞങ്ങൾക്ക് കയറേണ്ട വണ്ടി കണ്ടുമുട്ടി. ഇഷ്ഫാഖും ഇജാസും കൂടി ബാഗുകൾ എല്ലാം പുതിയ വണ്ടിയിലേക്ക് മാറ്റി. ഇഷ്ഫാഖിനെ കെട്ടിപ്പിടിച്ച് യാത്ര പറയുമ്പോൾ അറിയാതെ ഒന്ന് വിതുമ്പി.


മൻവീർ സിംഗ് ആയിരുന്നു പുതിയ ഡ്രൈവർ. കാഴ്ചയിൽ ഒരു സിംഗിന്റെ യാതൊരു വിധ അടയാളങ്ങളും അയാളിൽ കണ്ടില്ല. ഏഴര മണിക്ക് ജമ്മു ലക്ഷ്യമാക്കി വണ്ടി ഓടാൻ തുടങ്ങിയപ്പോഴും ഒരു പഞ്ചാബി ശൗര്യം മൻവീർ സിംഗ് കാണിച്ചില്ല. ഏകദേശം ഒരു മണിക്കൂർ ഓടിയപ്പഴേക്കും വാഹനങ്ങളുടെ  ഒരു നീണ്ട നിര മുന്നിൽ പ്രത്യക്ഷപ്പെട്ടു.

ട്രക്കുകൾ മാത്രമായി തടഞ്ഞിട്ട പോലെയായിരുന്നു തോന്നിയതെങ്കിലും എല്ലാ വാഹനങ്ങളും തടയപ്പെട്ടതായി കണ്ടു. കോൺവോയ് വരുന്നതാണ് കാരണം എന്ന് പറഞ്ഞതിനാൽ അവർ കടന്നു പോകുന്നതോടെ ബ്ലോക്ക് ക്ലിയർ ആകും എന്ന പ്രതീക്ഷയിൽ ഞങ്ങളിരുന്നു.കോൺവോയ് വരുന്ന സൈഡിൽ പാർക്ക് ചെയ്ത ഞങ്ങളുടെ വാഹനം ഒരു സൈനിക ട്രക്ക് വന്ന് മാറ്റാൻ ആവശ്യപ്പെട്ടു.അങ്ങനെ മറുഭാഗത്തെ ക്യൂവിൽ പിന്നിലായി ഞങ്ങളുടെ സ്ഥാനം.


ഇപ്പോൾ ശരിയാകും എന്ന് കരുതിയ ബ്ലോക്ക് അര മണിക്കൂർ പിന്നിട്ടിട്ടും ഒന്നുമാകാത്തതിനാൽ ഞങ്ങൾ വാഹനത്തിൽ നിന്നിറങ്ങി.ബ്രേക്ഫാസ്റ്റ് കഴിക്കാത്തതിനാൽ കുട്ടികൾക്ക് വിശക്കാനും തുടങ്ങിയിരുന്നു.ഒരു പെട്ടിപ്പീടിക പോലും ഇല്ലാത്ത സ്ഥലത്തായിരുന്നു വണ്ടികളുടെ കിടപ്പ് എന്നതിനാൽ വിശപ്പ് തുടരും എന്ന് എല്ലാവർക്കും മുന്നറിയിപ്പ് നൽകി.

ഒന്നര മണിക്കൂർ പിന്നിട്ടിട്ടും ബ്ലോക്ക് മാറാതായപ്പോൾ ഒന്ന് നടന്നു നോക്കി പരിസരം വീക്ഷിക്കാൻ ഞാനും നൗഷാദും തീരുമാനിച്ചു.അപ്പോഴാണ് റോഡിൽ നിന്നും ഉള്ളോട്ട് മാറി ഒരാൾ ഒരു കട തുറക്കുന്നത് കണ്ടത്.ഭാഗ്യത്തിന് അതൊരു ടീ ഷോപ് ആയിരുന്നു. അങ്ങനെ ചായ കിട്ടി.ചപ്പാത്തി തയ്യാറാക്കി തരാം എന്ന് അയാൾ പറഞ്ഞെങ്കിലും ബ്ലോക്കിന്റെ ആയുസ്സ് അറിയാത്തതിനാൽ ഓർഡർ നൽകാൻ മടിച്ചു.കടയിലുണ്ടായിരുന്ന പത്തോളം ബിസ്കറ്റ് പാക്കറ്റുകൾ ഞങ്ങൾ വാങ്ങി വണ്ടിയിലേക്ക് നൽകി. വിശന്ന് പൊരിഞ്ഞ് നിൽക്കുമ്പോൾ അതും ആർത്തിയോടെ എല്ലാവരും അകത്താക്കി.വീണ്ടും എന്തെങ്കിലും കിട്ടുമോ എന്നറിയാൻ ചെന്നപ്പോഴേക്കും ആ കട കർണ്ണാടകയിൽ നിന്നുള്ള ഒരു ടീം കയ്യേറിയിരുന്നു. അവർ തന്നെ ചപ്പാത്തി പരത്തി ചുട്ട് കൊണ്ടിരിക്കുന്നു. കടക്കാരൻ ഓംലറ്റ് ഉണ്ടാക്കിയും കൊടുത്തു.ആണുങ്ങളിൽ ചിലർ ചായയും ഉണ്ടാക്കി.എല്ലാം അവർ തന്നെ തിന്നുകയും കുടിക്കുകയും ചെയ്തു.ഇതിനിടയിൽ ഞങ്ങൾക്ക് സ്ഥാനമില്ലാത്തതിനാൽ മെല്ലെ സ്ഥലം കാലിയാക്കി.


സമയം അപ്പോൾ പതിനൊന്ന് മണിയായിരുന്നു.സൈനിക വാഹന വ്യൂഹം ഇട്ട തടവില്ലാതെ കടന്നു പൊയ്ക്കൊണ്ടിരുന്നു.മറ്റു വാഹനങ്ങളിൽ നിന്നിറങ്ങി റോട്ടിൽ നിൽക്കുന്നവർ തിരിച്ച് കയറണം എന്ന് സൈനിക വാഹനത്തിൽ നിന്നും അനൗൺസ് ചെയ്തത് ഞങ്ങളിൽ വീണ്ടും ഒരു ഭീതി പടർത്തി.ഇത്രയും നേരം ബ്ലോക്കുണ്ടായത് മറ്റെന്തോ കാരണത്താലാണോ എന്ന് പോലും ചിന്ത പായാൻ തുടങ്ങി. ഇതിനിടയിൽ പലർക്കും മൂത്ര ശങ്കയും ഉണ്ടായി.ടീ ഷാപ്പിൽ ഒരു ടോയ്‌ലറ്റ് ഉണ്ടായിരുന്നെങ്കിലും വെള്ളം ഉണ്ടായിരുന്നില്ല. തൊട്ടടുത്ത വീട്ടിൽ ചെന്ന് ചോദിച്ചപ്പോൾ അവർ സന്തോഷപൂർവ്വം അനുമതി നൽകി. എല്ലാവരുടെയും മൂത്രശങ്ക തീർന്നതും ബ്ലോക്കും ഒഴിവായി! അങ്ങനെ മൂന്നര മണിക്കൂറിന് ശേഷം  വാഹനങ്ങൾ നിര നിരയായി നീങ്ങാൻ തുടങ്ങിയപ്പോഴാണ് നേരത്തെ ഇഷ്‌ഫാഖ്‌ പറഞ്ഞ ജമ്മു യാത്രയുടെ സമയത്തിലെ അനിശ്ചിതത്വത്തെപ്പറ്റി ശരിക്കും മനസ്സിലായത്.ഞങ്ങളുടെ ട്രെയിൻ രാത്രി പതിനൊന്ന് മണിക്കായിരുന്നതിനാൽ വലിയ ടെൻഷൻ അനുഭവിച്ചില്ല.


വഴിയരികിൽ നിരത്തി വച്ച ചെറിപ്പഴങ്ങൾ എല്ലാ യാത്രക്കാരെയും എന്ന പോലെ ഞങ്ങളുടെയും ആഗ്രഹത്തെ ഉദ്ദീപിപ്പിച്ചു.രണ്ട് പെട്ടി വാങ്ങിയത് നിമിഷങ്ങൾക്കകം തന്നെ കാലിയായി. പള്ളിയും ഹോട്ടലും ഉള്ള ഒരിടത്ത് ഭക്ഷണത്തിന് നിർത്താനായി മൻവീർ സിംഗിനോട് നിർദ്ദേശിച്ചു. രണ്ടും കൂടി ഒത്തുവരില്ല എന്ന് ഉറപ്പായതോടെ ആദ്യം ആമാശയത്തിന് ആശ്വാസം നൽകാൻ തീരുമാനിച്ചു.ഫുൾ ഉത്തരേന്ത്യൻ ഭക്ഷണം കഴിച്ച് കൊണ്ട് വിശപ്പിനെ പമ്പ കടത്തി. അൽപ സമയം കഴിഞ്ഞ് പള്ളിയും കണ്ടതോടെ ആശ്വാസമായി.പള്ളി ഇമാമിന്റെ അനുവാദത്തോടെ സ്ത്രീകളും പള്ളിക്കകത്ത് നിന്ന് തന്നെ നമസ്കാരം നിർവ്വഹിച്ചു.

വണ്ടിയുടെ വേഗത ക്രമേണ കൂടാൻ തുടങ്ങി.അഞ്ച് ദിവസം മുമ്പ് കടന്ന് പോയ ടണലുകൾ ഒന്നൊന്നായി ഞങ്ങൾ പിന്നിട്ടു കൊണ്ടിരുന്നു.ഇനി എന്തെങ്കിലും തടസ്സം വഴിയിൽ നേരിട്ടാൽ എന്ത് ചെയ്യും എന്ന ചോദ്യം എന്റെ മനസ്സിലൂടെ വെറുതെ ഒന്ന് മിന്നിപ്പോയി.


 "ഠോ..." 

വലിയൊരു ശബ്ദവും വണ്ടിക്ക് ഒരു കുലുക്കവും സംഭവിച്ചത് ഒരുമിച്ചായിരുന്നു. ഡ്രൈവർ മൻവീർ സിംഗിന്റെ കൈകൾ ഒന്നുലയുന്നത് ഞാൻ കണ്ടു. പക്ഷെ അയാൾ വാഹനം സുരക്ഷിതമായി സൈഡാക്കി.ലൂന മോൾ വാതിൽ തുറന്ന് വേഗം പുറത്തേക്ക് ചാടി.എന്തോ സംഭവിച്ചു എന്ന മട്ടിൽ  മറ്റുള്ളവരും വേഗം ഇറങ്ങി.


ടയർ പൊട്ടിയതാണ് എന്നായിരുന്നു എന്റെ ധാരണ. പക്ഷെ മൻവീർ സിംഗ് അത് സമ്മതിച്ചില്ല.നാല് ടയറും പരിശോധിച്ചെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല! എതിരെ പോയ ഒരു ട്രക്കിന്റെ ടയർ ആണ് പൊട്ടിയതെന്ന് അയാൾ പറഞ്ഞു. പിന്നെ എന്തുകൊണ്ട് അദ്ദേഹത്തിന്റെ കൈകൾ വിറച്ചു എന്നത് ഒരു പിടിയും കിട്ടിയില്ല.ദൈവത്തെ സ്തുതിച്ചു കൊണ്ട് ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി.

ഇരുട്ട് വ്യാപിക്കാൻ തുടങ്ങിയിട്ടും ഞങ്ങൾ ജമ്മുവിൽ എത്തിയിരുന്നില്ല. ലുലുവിനാകട്ടെ എട്ടു മണിക്ക് മുമ്പ് ഹോസ്റ്റലിൽ കയറുകയും വേണം. റെയിൽവേ സ്റ്റേഷനിൽ നിന്നും വീണ്ടും പതിനഞ്ച് മിനുട്ട് ദൂരത്തിലാണ് അവളുടെ ഹോസ്റ്റൽ.അവസാനം രാത്രി എട്ടു മണിയോടെ ഞങ്ങൾ ജമ്മുവിൽ എത്തി. ഡ്രൈവറോട് കയർത്താണെങ്കിലും, അവളെ ഹോസ്റ്റലിൽ ഇറക്കി ജസ്ററ് ഒന്ന് കണ്ട ശേഷം ഞങ്ങൾ സ്റ്റേഷനിലേക്ക് തന്നെ മടങ്ങി. ജമ്മുവിൽ നിന്നുള്ള അവസാന ഫോട്ടോ ഞാൻ മൊബൈലിൽ പകർത്തി. 

ഒരു യാത്ര കൂടി അവസാനിക്കുകയാണ്. ഓരോ യാത്രയും ഓരോ പാഠങ്ങളാണ്, അനുഭവങ്ങളാണ്.നാളെയെ പ്രതീക്ഷയോടെ കാത്തിരിക്കാനുള്ള ഊർജ്ജമാണത്. അതിനാൽ യാത്ര ഇനിയും തുടരണം,ഇൻഷാ അല്ലാഹ്.

 

(തുടരും...)

കാശ്മീർ ഫയൽസ് -24


Wednesday, August 24, 2022

ലിഡർ നദിയും കടന്ന് ...(കാശ്മീർ ഫയൽസ് -22)

 
ഇഷ്‌ഫാഖും ഡ്രൈവറും ഞങ്ങളെയും കാത്ത് താഴെ നിൽക്കുന്നുണ്ടായിരുന്നു. ഏതാനും ദൂരം നടന്ന് ഞങ്ങൾ തിരിച്ചിറങ്ങും എന്നായിരുന്നു അവർ കരുതിയിരുന്നത്. അതിനാൽ തന്നെ ഇഷ്‌ഫാഖ്‌ ചോദിച്ചു.
"സാർ ...ആപ് കഹാം തക് ഗയ?"
"ബൈസരണ് വാലി തക് ..."
"ബൈസരണ് വാലി?? ആപ് ഖുദ്‌ യാ ബീബി ബച്ചോമ് ഭീ ..." ഒറ്റക്കാണ് പോയതെന്ന ഊഹത്തിൽ ഇഷ്ഫാഖ് ചോദിച്ചു.
"സബ് ഏക് സാഥ് ..." ഞാൻ മറുപടി പറഞ്ഞു.
"അരെ...യെ ബചോം ഭീ ...പൈദൽ യാ ഘോടെ മേം ..."
"പൈദൽ ഹീ ഗയ.." ഞങ്ങളെല്ലാവരും നടന്നു കയറി എന്നത് ഇഷ്ഫാഖിന് വിശ്വസിക്കാൻ സാധിച്ചില്ല.
"കൈസാ ഹേ സാർ , ബൈസരൻ ?"
"ബഹുത്ത് ഖുബ്‌സൂരത്ത് ....അസലീ സ്വിട്സർലാന്റ് ഹേ... " കാശ്മീരി ആയിട്ടും ബൈസരൻ വാലി കാണാത്ത ഇഷ്ഫാഖിനോട് ഞങ്ങൾ ഇതിലും നന്നായി ഇനി എങ്ങനെ പറയാനാ? 
 
"ഹാം...അബ് കഹാം ചൽന ഹേ?" 
ബേതാബ് വാലി, ആരുവാലി,ചന്ദൻവാരി തുടങ്ങീ മനോഹരമായ സ്ഥലങ്ങൾ എല്ലാം പഹൽഗാമിനടുത്തായി ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിലും രാവിലെ കണ്ട നദിയിൽ അൽപ നേരം ഇറങ്ങി കളിക്കണമെന്ന് എല്ലാവർക്കും ആഗ്രഹം ഉണ്ടായിരുന്നു. അതിനാൽ ഞങ്ങൾ തിരിച്ച് അങ്ങോട്ട് തന്നെ പോകാൻ തീരുമാനിച്ചു.
"കയീ നഹീം ... സീദ നദീ കെ കിനാരെ..." ഞാൻ പറഞ്ഞു.

എമറാൾഡ് ഗ്രീൻ നിറമുള്ള അതി സുന്ദരിയായ ഒരു നദിയാണ് പഹൽഗാമിലെ ലിഡർ നദി. Jhalam നദിയുടെ പോഷക നദിയാണ് ലിഡർ.കോലഹോയി ഗ്ലേസിയറിൽ നിന്നും ഉത്ഭവിക്കുന്നതിനാൽ മരവിപ്പിക്കുന്ന തണുപ്പാണ് നദിയിലെ ജലത്തിന്.ആരും അതിൽ മുങ്ങിക്കുളിക്കുന്നത് കണ്ടില്ല,ബട്ട് കുട്ടികളടക്കം വെള്ളത്തിൽ ഇറങ്ങി കളിക്കുന്നുണ്ടായിരുന്നു.ഉരുളൻ പാറക്കല്ലുകൾ ചിതറിക്കിടക്കുന്ന ആ നദീ തടത്ത് എത്ര നേരമിരുന്നാലും മതി വരില്ല. ശുദ്ധമായ ആ ജലാശയത്തിലെ പാറകളിൽ കയറി ഇരുന്ന് ഹിമാലയത്തിലെ മഞ്ഞിന്റെ തണുപ്പ് ഞങ്ങൾ ആവോളം ആസ്വദിച്ചു.ഇടക്ക് പല തവണ മഴ ചാറിയെങ്കിലും നദിയിൽ നിന്ന് കയറാൻ തോന്നിയില്ല.
 
ആടുകളെ മേയ്ച്ചു കൊണ്ട് ആട്ടിടയന്മാർ കുടുംബ സമേതം നദീ പരിസരത്ത് ഉണ്ടായിരുന്നു.അവരുടെ കുട്ടികൾ ഞങ്ങളെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിച്ചു.ഈ പുഴക്കും നാടിനും അപ്പുറമുള്ള ലോകം അവർക്ക് അറിയുകയേ ഇല്ല.സ്കൂളുകളോ പാഠപുസ്തകങ്ങളോ അലട്ടാത്ത മനസ്സുമായി ആ കുഞ്ഞുങ്ങൾ ആ നദീതടത്തിൽ അലഞ്ഞു നടക്കുന്നത് മനസ്സിൽ നീറിപ്പുകയുന്ന ഒരു കാഴ്ചയായി.ഈ ഒരു വിഭാഗം ലോകത്തെല്ലായിടത്തുമുണ്ട്.വലിയ വലിയ ആഗ്രഹങ്ങളില്ലാത്ത, ഒന്നോ രണ്ടോ കുതിരപ്പുറത്തൊതുങ്ങുന്ന സമ്പാദ്യങ്ങൾ മാത്രമുള്ള, ഒരു നൊമാഡിക് ജനത..
 
സഞ്ചാരികളെ ലക്‌ഷ്യം വച്ച് നിരവധി വഴി വാണിഭങ്ങൾ നദിക്കരയിലുണ്ട്.കാശ്മീരി വേഷത്തിൽ ഫോട്ടോ എടുക്കുന്നതിലാണ് പലർക്കും താൽപര്യം.250 രൂപയാണ് ഒരു കോപ്പി ഫോട്ടോക്ക് ഈടാക്കുന്നത്.മാല വിൽക്കുന്ന ഒരു കച്ചവടക്കാരന്റെ അടുത്ത് ചെന്ന് ഹിബ ഒരു മാലയുടെ വില ചോദിച്ചു.ഞങ്ങളെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അയാൾ ആ മാല ഹിബക്ക് ഫ്രീയായി കൊടുത്തു! 
 
നേരം ഇരുട്ടി തുടങ്ങിയതോടെ നദീതടം വിജനമായി. ഞങ്ങളും നദിയിൽ നിന്ന് കയറി.
 
പഹൽഗാമിന്റെ യഥാർത്ഥ സുഖം അനുഭവിക്കണമെങ്കിൽ ഒരു ദിവസം അവിടെ താമസിക്കണം. തടിയിൽ തീർത്ത ഭംഗിയുള്ള നിരവധി റിസോർട്ടുകൾ ഇവിടെയുണ്ട്.ഇഷ്‌ഫാഖിന്റെ സുഹൃത്തിന്റെ സൺസ്റ്റാർ റിസോർട്ടിൽ ആയിരുന്നു ഞങ്ങൾ താമസിച്ചത്.പീക്ക് സീസൺ ആയതിനാൽ 3000 രൂപയായിരുന്നു ഒരു റൂമിന്റെ വാടക. ഭക്ഷണം വേണമെങ്കിൽ വേറെ ഓർഡർ ചെയ്യണം.
 
തൊട്ടടുത്ത് തന്നെ ഒരു പള്ളി ഉണ്ടായിരുന്നതിനാൽ ഞാനും നൗഷാദും അങ്ങോട്ടിറങ്ങി.
"ആബിദ് സാർ...കിസീ ആപ്കോ അപ്ന ഘർ ജാനേ യാ ചായ് പീനെ കോ ബുലായേഗ...കൃപയാ മത് ജാവോ..." 
ഇന്നും ഞങ്ങൾ ആരുടെയെങ്കിലും കൂടെ പോകും എന്ന് തോന്നിയതിനാൽ ചിരിച്ചുകൊണ്ട് ഇഷ്‌ഫാഖ്‌ മുന്നറിയിപ്പ് തന്നു.ഇഷ്‌ഫാഖ്‌ പറഞ്ഞതുപോലെ തന്നെ പള്ളിയിൽ വന്നവർ ഞങ്ങളെ പൊതിഞ്ഞു, ചായക്ക് ക്ഷണിച്ചു.തൽക്കാലം നിവൃത്തി ഇല്ലാത്തതിനാൽ നന്ദി പറഞ്ഞ് പിരിഞ്ഞു.

സമയം രാത്രി ഏറെയായി.പിറ്റേന്ന് കാശ്മീരിനോടും ഇഷ്‌ഫാഖിനോടും എല്ലാം യാത്ര പറയുകയാണ്. കണ്ണുകൾ ഉറങ്ങാൻ മടി പിടിച്ച് നിന്നു.കഴിഞ്ഞ നാല് ദിവസത്തെ അനുഭവങ്ങൾ ഒരു ന്യൂസ് റീല് കണക്കെ മനസ്സിലൂടെ പാഞ്ഞു കൊണ്ടിരുന്നു. ഇടക്കെപ്പഴോ ഞാൻ ഉറങ്ങിപ്പോയി.

(തുടരും...)
കാശ്മീർ ഫയൽസ് -23


 

Sunday, August 21, 2022

മിനി സ്വിറ്റ്സർലാന്റ് (കാശ്മീർ ഫയൽസ് - 21)

കാശ്മീർ ഫയൽസ് - 20 (Click & Read)

 " ഗ്ര... ഡ്ര... പ്ര... " ശബ്ദം കേട്ട് ഞങ്ങളൊന്ന് ഞെട്ടി. ഒരു കുതിരക്കാരൻ കുതിരക്കുള്ള സ്റ്റാർട്ടിംഗ് മന്ത്രം ചൊല്ലുകയാണ്. കൊല്ലങ്ങളോളമായുള്ള അതിന്റെ നടത്തം, ഏത് ദിശയിൽ തിരിയണം എന്ന് പോലും അതിനെ പഠിപ്പിച്ച പോലെ അത് നടത്തം തുടങ്ങി. ചെളിയും ചരിവും കുന്നും മലയും താണ്ടി ആ പാവം ജന്തു, പുറത്തൊരു ഭാരവുമായി കയറിപ്പോകുന്നത് എത്രാം തവണ ആയിരിക്കും എന്നത് അതിന്റെ കൂടെയുള്ള ആൾക്ക് പോലും നിശ്ചയം ഉണ്ടാകില്ല. കുതിരയോടൊപ്പം ആ ദൂരം മുഴുവൻ അയാളും കാൽനടയായി കയറുന്നത് കാണാതിരിക്കാൻ വയ്യ. ആടുകളെ മേച്ച് ഉപജീവനം നടത്തിയിരുന്നവരുടെ പിൻ തലമുറക്കാരാണ് ഈ ഘോടാ വാലകൾ .തലപ്പാവും നീണ്ട കുപ്പായവും ചളി പിടിച്ച ഷൂസും ധരിച്ച്  ജീവിക്കാൻ വേണ്ടി അവർ മലഞ്ചെരിവുകളിൽ വിയർത്തു മുഷിയുന്നു.

തണൽ നോക്കി നടന്ന് നീങ്ങിയ ഞങ്ങളുടെ അടുത്തേക്ക് മുഷിഞ്ഞ ഉടുപ്പിട്ട ഒരു പെൺകുട്ടി എവിടെ നിന്നോ കയറി വന്നു. അവളുടെ കയ്യിൽ ഒരു മുയൽ കുട്ടിയും ഉണ്ടായിരുന്നു. അവളതിനെ ഞങ്ങൾക്ക് നേരെ നീട്ടി. കുട്ടികൾ അതിനെ സ്നേഹത്തോടെ തൊടുകയും തലോടുകയും കയ്യിൽ വാങ്ങുകയും ചെയ്തു. എല്ലാം കഴിഞ്ഞ് മുയലിനെ തിരിച്ച് നൽകിയപ്പോൾ അവൾ പറഞ്ഞു.

"ദീദി ...ദസ് രൂപയേ ദോ" ക്ഷീണിച്ച സ്വരത്തിൽ ആ പെൺകുട്ടി ചോദിച്ചപ്പോൾ നൽകാതിരിക്കാനായില്ല. 

കുത്തനെയുള്ള കയറ്റം കയറിയാൽ പലപ്പോഴും പെട്ടെന്നെത്താം. നടന്ന് തഴഞ്ഞ വഴികളിലൂടെ കുതിരകൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനാൽ കാൽ നടക്കാർക്ക് പലപ്പോഴും അനുയോജ്യമല്ല. അങ്ങനെ സംസാരിച്ച് നീങ്ങുന്നതിനിടയിലാണ് അൽപം മുകളിലെ കുന്നിൽ നിന്ന് ഒരു ചോദ്യം കേട്ടത്.

"നിങ്ങൾ എവിടുന്നാ?"

മലയാളത്തിലെ ചോദ്യം കേട്ട് നോക്കിയപ്പോൾ മധ്യവയസ്കരായ ഒരു പുരുഷനും സ്ത്രീയും പൈൻ മരങ്ങളുടെ തണൽ പറ്റി പുല്ലിൽ വിശ്രമിക്കുന്നതാണ് കണ്ടത്. ഞങ്ങൾ അവരുടെ നേരെ നടന്ന് കയറി. കോട്ടയം സ്വദേശികളായിരുന്നു അവർ. ഞങ്ങളെ പോലെ തന്നെ കുട്ടികളോടൊപ്പം കയറാൻ തുടങ്ങിയതാണ്. മുകളിൽ എത്തിയിട്ട് കാണാനുളളത് എന്ത് എന്ന് അറിയാത്തതിനാൽ അവർ ഇവിടെ തങ്ങി. കുട്ടികൾ മുകളിലേക്ക് കയറിപ്പോവുകയും ചെയ്തു. കയറിയത് മതി എന്ന് ഞങ്ങൾക്കും തോന്നിയെങ്കിലും ആരുടെയോ നിർബന്ധം കാരണം ഞങ്ങൾ മുന്നോട്ട് നീങ്ങി.

അര മണിക്കൂർ കൂടി പിന്നിട്ടതും കുതിരകൾ കൂട്ടം കൂട്ടമായി നിൽക്കുന്ന ഒരു കമാനത്തിന് മുന്നിൽ ഞങ്ങളെത്തി. 

" വെൽകം ടു ബൈസരൺ വാലി " എന്ന ബോർഡ് കണ്ട് ഞങ്ങൾ ഞെട്ടി. ഒരു കുതിരക്ക് 2500 രൂപ നിരക്ക് പറഞ്ഞിരുന്ന മിനി സ്വിറ്റ്സർലന്റ് എന്ന പേരിൽ അറിയപ്പെടുന്ന ബൈസരൺ വാലിയിലാണ് അലക്ഷ്യമായി നടന്ന് കയറിയ ഞങ്ങൾ എത്തിയത് എന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല.25 രൂപ എൻട്രി പാസെടുത്ത് ഞങ്ങൾ അകത്ത് കയറി. കമാനത്തിന് തൊട്ടടുത്തുള്ള ടീ ഷോപ്പിൽ നിന്ന് ചായയും നൂഡിൽസും കഴിച്ച് വിശപ്പ് അകറ്റി. സീറോ പോയിന്റിലേത് പോലെ ഭക്ഷണത്തിന് മിതമായ നിരക്ക് ആയിരുന്നു ഇവിടെയും 

ബൈസരൺ വാലിയിലെ പച്ച പുൽതകിടി ഏതൊരു സഞ്ചാരിയെയും അതിലൊന്ന് ശയിക്കാൻ ക്ഷണിക്കും.അവിടെക്കിടന്ന് കൊണ്ട് ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു.

മഞ്ഞുമൂടിയ മലനിരകൾ.....

തല ഉയർത്തി നിൽക്കുന്ന പൈൻമരക്കാടുകൾ.....

നിരവധി സിനിമകളുടെ ഷൂട്ടിങ് പോയിന്റുകൾ.....

വർണ്ണങ്ങൾക്കൊണ്ട് പ്രകൃതി തന്നെ തുന്നിയുണ്ടാക്കിയ പരവതാനി പോലെ മനോഹരമായ മിനി സ്വിറ്റ്സർലാന്റ്. അതാണ് ബൈസരൺ വാലി. മഞ്ഞ് കാലത്ത് ആറടി ഉയരത്തിൽ വരെ മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശമാണിത് എന്ന് വിശ്വസിക്കാനാവുന്നില്ല.

നമസ്കാരം നിർവ്വഹിക്കാനായി ഒരിടം തേടിയപ്പോഴാണ് വാലിയുടെ താഴെ അറ്റത്ത് ഒരു ചെറിയ പള്ളി കണ്ടത്. ആണും പെണ്ണും അടക്കം ഞങ്ങളെല്ലാവരും അവിടെ കയറി നമസ്കാരവും നിർവ്വഹിച്ചു.

മനസ്സിനെ പറിച്ചെടുത്ത് കൊണ്ടാണ് ബൈസരൺ വാലിയിൽ നിന്ന് തിരിച്ചിറങ്ങിയത്. വഴിയിൽ,കുതിരപ്പുറത്ത് നിന്ന് വീണ് കൈക്കുഴ തെറ്റി വേദന കൊണ്ട് പുളയുന്ന ഒരു സ്ത്രീയും എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന ഘോട വാലയും കുതിരസവാരിയിലെ അപകടം മനസ്സിലാക്കിത്തന്നു. 

തിരിച്ചിറങ്ങാൻ ഞാനും മക്കളും ഒരു വഴിയും മറ്റുള്ളവർ മുകളിലേക്ക് കയറിയ അതേ വഴിയും തന്നെ തിരഞ്ഞെടുത്തു. വഴിയിൽ വച്ച് പരിചയപ്പെട്ട മുഷ്താഖ് എന്ന ഫോട്ടോഗ്രാഫർ ഞങ്ങൾക്ക് വഴി കാട്ടിയായി. ഓരോ വളവിലും തിരിവിലും എന്നെയും മക്കളെയും കാത്ത് നിന്ന് അയാൾ കാണിച്ച സന്മനസ്സ് ഒരിക്കൽ കൂടി കാശ്മീരികളുടെ സ്നേഹം വെളിപ്പെടുത്തി. ഫോട്ടോഗ്രാഫർമാരും കുന്നിൻ മുകളിലെ താമസക്കാരും മാത്രം ഉപയോഗിക്കുന്ന ആ വഴിയിലൂടെ ഞങ്ങൾ വളരെ പെട്ടെന്ന് തന്നെ താഴെ എത്തുകയും ചെയ്തു.



(തുടരും...)

കാശ്മീർ ഫയൽസ് - 22


Thursday, August 18, 2022

വെൽകം ടു പഹൽഗാം (കാശ്മീർ ഫയൽസ് - 20)

കാശ്മീർ ഫയൽസ് - 19 (Click & Read)

പഹൽഗാമിലേക്കുള്ള യാത്രയിൽ കുടുംബം മുഴുവൻ വേർപിരിയലിന്റെ ഹാങ്ങ് ഓവറിലായിരുന്നു . ഇഷ്ഫാഖ് വണ്ടിയിൽ ഉള്ളതിനാൽ എനിക്കത് അത്രയധികം ഫീലായില്ല. ശ്രീനഗർ നഗരപരിധിയും കഴിഞ്ഞ് വണ്ടി മെല്ലെ മെല്ലെ നീങ്ങികൊണ്ടിരിക്കുകയാണ്. പുറത്തേക്ക് വെറുതെ ഒന്ന് നോക്കിയപ്പോഴാണ് കടകളുടെ ബോർഡിൽ അനന്ത്നാഗ് എന്ന് കണ്ടത്. മനസ്സ് പെട്ടെന്ന് കുട്ടിക്കാലത്ത് കേട്ട ഡെൽഹി റിലേ റേഡിയോ വാർത്തയിലേക്ക് ഓടിക്കയറി.

"ആകാശവാണി ... വാർത്തകൾ വായിക്കുന്നത് ഗോപൻ ... ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ ഭീകരാക്രമണത്തിൽ ആറ് സൈനികർക്ക് വീര മൃത്യു .....". ഇന്ന് അമ്പതാം വയസ്സിൽ ഞാൻ എത്തി നിൽക്കുമ്പോഴും സ്ഥിതിഗതികൾ വ്യത്യസ്തമല്ല എന്ന് റോഡിൽ കാണുന്ന സൈനിക വ്യൂഹം വിളിച്ച് പറയുന്നു.

" ഇഷ്ഫാഖ് ...ഇത്ന ആർമി ലോഗ് ക്യോം ഹെ യഹാം ...?"

"സർ... യെ അനന്ത്നാഗ് ഹെ... സുനാ ഹെ ന പുൽവാമ... നസ്ദീഖ് ഹെ..."

മൂന്ന് വർഷം മുമ്പ് നാൽപതിലധികം സൈനികരുടെ മരണത്തിന് കാരണമായ ഭീകരാക്രമണം നടന്ന സ്ഥലമാണ് പുൽവാമ. അതിനടുത്തുള്ള പ്രധാന പട്ടണമെന്ന നിലക്ക് സൈനികർ സദാ ജാഗരൂകരായിരിക്കുന്ന സ്ഥലമാണ് അനന്ത്നാഗ് .

"വെൽകം ടു പഹൽഗാം - ദ വാലി ഓഫ് ഷെഫേർഡ്സ് " എന്ന മതിലെഴുത്ത് കണ്ടപ്പോൾ സമാധാനമായി. താമസിയാതെ ഝലം നദിയുടെ പോഷക നദിയായ  ലിഡ്ഡർ നദി ഒരു ഭാഗത്ത് പ്രത്യക്ഷപ്പെട്ടു. കാശ്മീർ മേഖലയിലെ ഏറ്റവും മനോഹരമായ ഒരു താഴ് വാരത്തിലൂടെയാണ് ഇപ്പോൾ ഞങ്ങൾ യാത്ര ചെയ്ത് കൊണ്ടിരിക്കുന്നത്. പച്ച പുതച്ച് നിൽക്കുന്ന കുന്നുകളും പൈൻ മരങ്ങളും ദേവദാരു മരങ്ങളും ആപ്പിൾ തോട്ടങ്ങളും ഡെയ്സി പൂക്കൾ നിറഞ്ഞ് നിൽക്കുന്ന പുൽമേടുകളും മഞ്ഞ് പുതച്ച മലകളും വെള്ളി നിറത്തിലുള്ള ലിഡർ നദിയും കൂടി സൃഷ്ടിച്ചെടുക്കുന്ന പ്രകൃതിയുടെ നിറക്കൂട്ട് സഞ്ചാരികളുടെ മനസ്സിൽ പഹൽഗാമിനോട് പെട്ടെന്ന് പ്രണയം ജനിപ്പിക്കും. പൈൻ മരങ്ങൾക്കിടയിൽ ചുറ്റിത്തിരിഞ്ഞെത്തുന്ന മഞ്ഞ് കാറ്റും മഞ്ഞുരുകി ഒലിച്ചിറങ്ങി വരുന്ന ലിഡർ നദിയുടെ തണുപ്പും കൂടി മനസ്സിനെ ഉത്തേജിപിപ്പിക്കും.

 ശ്രീനഗറിൽ നിന്നും 90 കിലോമീറ്റർ ദൂരമാണ് പഹൽഗാമിലേക്കുള്ളത്. ലിഡ്ഡർ നദിയ്ക്കു കുറുകെയുള്ള വലിയ ഇരുമ്പുപാലം പിന്നിട്ട് ഞങ്ങൾ പഹൽഗാം എന്ന മലയോര പട്ടണത്തിന്റെ കവാടം കടന്നു.പഹൽഗാം ഡെവലപ്മെന്റ് അതോറിറ്റിയ്ക്കാണ് ടൂറിസത്തിന്റെ ചുമതല. 

ആഗസ്ത്- സെപ്റ്റംബർ മാസങ്ങളിലെ ആപ്പിൾ വിളവെടുപ്പുകാലമാണ് പഹൽഗാമിനെ ശരിക്കും ജീവൻ വയ്പ്പിക്കുന്നത്.ആരുവാലി, ബേട്ടാബ് വാലി,ബായ് സരൺ വാലി, ലിഡ്ഡർ നദി, തുളിയൻ ലേക്ക്, ചന്ദൻവാരി ഇവയൊക്കെയാണ് പഹൽഗാമിലെ പ്രധാന ആകർഷണകേന്ദ്രങ്ങൾ.

പഹൽഗാമിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് കുതിര സവാരി തുടങ്ങുന്ന സ്ഥലത്താണ് ഇഷ്ഫാഖ് വണ്ടി നിർത്തിയത്. ഞങ്ങൾ പുറത്തിറങ്ങിയതും പലരും ചുറ്റും കൂടി. അവിടെ സ്ഥാപിച്ച ഒരു ബോർഡ് ചൂണ്ടിക്കാട്ടി സ്ഥലങ്ങളെപ്പറ്റി വിവരിച്ചു. ശേഷം അതിൽ തന്നെ പ്രിന്റ് ചെയ്ത് വച്ച സവാരിക്കുള്ള "ഗവ. റേറ്റും " ബോദ്ധ്യപ്പെടുത്തി. പക്ഷെ ഞങ്ങൾക്ക് ഓരോരുത്തർക്കും 500 രൂപ അതിൽ നിന്നും കുറച്ച് തരും പോലും ! അങ്ങനെ ഒരു കുതിരക്ക് 2000 രൂപ മാത്രം നൽകിയാൽ മതി എന്ന്!!

സമയക്കുറവും  മലകയറുവാനുള്ള പ്രയാസവും കാരണം സഞ്ചാരികൾ പലരും കുതിര സവാരിക്ക് മുതിരും. പക്ഷെ ഉരുളൻ കല്ലുകളും കയറ്റിറക്കങ്ങളും നിറഞ്ഞ വഴിയിലൂടെ അതത്ര എളുപ്പമല്ല എന്നത് പിന്നീടാണ് ബോധ്യം വരുക. പറഞ്ഞ് പറഞ്ഞ് ഒരാൾക്ക് 1250 രൂപ വരെ എന്ന റേറ്റിൽ കുതിരക്കാർ എത്തിയെങ്കിലും ആ ബോർഡിൽ കണ്ട ഏറ്റവും അടുത്തുള്ള ഒരു കേന്ദ്രത്തിലേക്ക് ഗൂഗിൾ മാപ്പിട്ട് നടന്ന് കയറാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ കുതിരകളെ പിൻ പറ്റി ഞങ്ങളും നടത്തം ആരംഭിച്ചു.

Saturday, August 13, 2022

വേർപിരിയലിന്റെ വേദന (കാശ്മീർ ഫയൽസ് - 19 )

കാശ്മീർ ഫയൽസ് - 18  (Click & Read)

അതിരാവിലെ തന്നെ എല്ലാവരും എണീറ്റു. എല്ലാവരുടെ മുഖത്തും ഒരു മ്ലാനത നിഴലിട്ടിരുന്നു. സൂര്യനും ആർക്കോ വേണ്ടി ഉദിച്ച് വന്നപോലെ ഒരു നരച്ച വെളിച്ചം തൂകി.നാല് ദിവസമായി ഞങ്ങൾ പതിനൊന്ന് പേരെയും അവരുടെ കുടുംബാംഗങ്ങളായി സ്വീകരിച്ച ആ കുടുംബത്തോട് ഇന്ന് ഞങ്ങൾ യാത്ര പറയുകയാണ്. അവരിലാരെയും ഇനി ഈ ദുനിയാവിൽ വച്ച് നേരിട്ട് കണ്ട് മുട്ടുമോ എന്ന് നിശ്ചയമില്ല. എന്നും വൈകിട്ട് പാട്ട് പാടി രസിക്കുന്ന കുട്ടിക്കൂട്ടത്തിന്  അന്ന് വൈകിട്ട് ഉണ്ടായേക്കാവുന്ന ശൂന്യത , പത്താം ക്ലാസുകാരി സായിമക്ക് നഷ്ടപ്പെടുന്ന അമൂല്യമായ കൂട്ടുകെട്ട് , ഞങ്ങളുടെ മക്കൾക്കുണ്ടാകുന്ന വിരഹവേദന എല്ലാം കൂടി ആലോചിച്ചപ്പോൾ ഒരു വെറും ടൂറിസ്റ്റ് മാത്രമായി വന്നാൽ മതിയായിരുന്നു എന്നൊരു തോന്നൽ മനസ്സിലുണ്ടാക്കി.

എല്ലാവരെയും കൂട്ടി ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ എല്ലാ ദിവസവും ആഗ്രഹിച്ചിരുന്നു. ബട്ട്, നടന്നില്ല. ഇന്നും നടന്നില്ലെങ്കിൽ ഈ ഭൂമിയിൽ വച്ച് അത് നടക്കില്ല എന്നതിനാൽ അവൈലബിൾ ആയ എല്ലാവരെയും തട്ടിക്കൂട്ടാൻ ഇഷ്ഫാഖിനെ ഏല്പിച്ചു. ഞങ്ങളോടൊപ്പം പഹൽഗാമിലേക്ക് വരുന്നു എന്ന് പറഞ്ഞ ഇഷ്ഫാഖ് ഒരു മുറിയൻ പാന്റും ടീഷർട്ടും ഇട്ട് എത്തി.

"തും ഖേത് മേം ജാതെ ഹോ.. യാ പഹൽഗാം ആതെ ഹോ?" അവന്റെ വേഷം കണ്ട് ഞാൻ ചോദിച്ചു. പതിവ് പോലെ അവനൊന്ന് വെളുക്കെ ചിരിച്ചു.

അപ്പോഴാണ് വടിയും കുത്തി മെല്ലെ മെല്ലെ നടന്ന് വരുന്ന ഇഷ്ഫാഖിന്റെ വല്ല്യുമ്മയെ കണ്ടത്. നീര് വന്ന കാലും ഏച്ച് വലിച്ച് കഴിഞ്ഞ നാല് ദിവസങ്ങളിലും അവർ ഞങ്ങളെ കാണാൻ വന്നിരുന്നു. നൂറ് പൂർണ്ണ ചന്ദ്രൻമാരെ കണ്ട് കഴിഞ്ഞ അവർ ഇനി ഞങ്ങളെ കാണില്ല എന്നത് തീർച്ചയാണ്.കയ്യിൽ ഒരു ചെറിയ പ്ലാസ്റ്റിക് കവറുമായിട്ടായിരുന്നു അവർ വന്നത്. ഇഷ്ഫാഖിനോട് കാശ്മീരിയിൽ അവർ എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് വാൾനട്ട് സംഘടിപ്പിച്ച് തരാൻ ഇഷ്ഫാഖിനോട് നിർദ്ദേശിക്കുകയാണ് എന്ന് അവൻ പരിഭാഷപ്പെടുത്തിത്തന്നു. 

ഒരു കസേര വലിച്ചിട്ട് വല്യുമ്മയെ അതിൽ ഇരുത്തി. അൽപനേരം എല്ലാവരെയും ഒന്ന് നോക്കിയ ശേഷം അവർ കയ്യിലെ പ്ലാസ്റ്റിക് കവറിന്റെ വായ തുറന്നു. അതിൽ നിന്നും രണ്ടെണ്ണം എടുത്ത് ലിദുമോന്റെ നേരെ നീട്ടി. അത് വാങ്ങാൻ ഞാൻ അവനോട് പറഞ്ഞു. വീണ്ടും രണ്ടെണ്ണം എടുത്ത് ലൂന മോൾക്ക് നൽകി. അങ്ങനെ രണ്ടെണ്ണം വീതം ഞങ്ങൾക്കെല്ലാവർക്കും കിട്ടി. അവസാനമായി എന്റെ ഭാര്യ രണ്ടെണ്ണം വാങ്ങിയതോടെ ആ കവർ കാലിയായി ! ഈ നൂറാം വയസ്സിലും, ഞങ്ങളുടെ എണ്ണം കൃത്യമായെടുത്ത് രണ്ടെണ്ണം വീതം എല്ലാവർക്കും നൽകാൻ അവർ മന:ക്കണക്ക് കൂട്ടിയതിലായിരുന്നു എനിക്ക് ആശ്ചര്യം തോന്നിയത്. പൊട്ടിക്കാത്ത ഉണങ്ങിയ രണ്ട് വാൾനട്ട് കായകളായിരുന്നു അവർ ഞങ്ങൾക്ക് തന്ന സ്നേഹ സമ്മാനം.

നാല് ദിവസമായി ഞങ്ങളെ ഹൃദയത്തിൽ കൊണ്ടിരുത്തിയ ഇഷ്ഫാഖിന്റെ കുടുംബത്തോടൊപ്പം നിന്ന് ഞങ്ങൾ നിരവധി ഫോട്ടോകൾ എടുത്തു. അതിലും എത്രയോ ഏറെ തവണ അത് മനസ്സിൽ പതിഞ്ഞതായതിനാൽ ഒരു ഫോട്ടോക്കും പെർഫക്ഷൻ തോന്നിയില്ല. മക്കളും ഭാര്യയും എല്ലാവരെയും കെട്ടിപ്പിടിച്ച് യാത്ര പറയുന്ന രംഗം ക്യാമറയിൽ പകർത്താൻ മനസ്സനുവദിച്ചതുമില്ല. മുഴുവൻ കുടുംബാംഗങ്ങളെയും കേരളത്തിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്തു കൊണ്ട് നിറകണ്ണുകളോടെ ഞങ്ങൾ വാഹനത്തിലേക്ക് കയറി. വണ്ടി കൺ മുന്നിൽ നിന്ന് മറയുന്നത് വരെ സായിമ കൈവീശി യാത്ര പറഞ്ഞു.
ഒരു യാത്രയിൽ ഇത്തരം ഒരു വേർപാട് ജീവിത്തിൽ ആദ്യത്തെ അനുഭവമായിരുന്നു.

(തുടരും...)


Wednesday, August 10, 2022

ജന്നത്തിലെ മുള്ളുകൾ (കാശ്മീർ ഫയൽസ് - 18)

കാശ്മീർ ഫയൽസ് -  17 (Click & Read) 

ഇഷ്ഫാഖിന്റെ വീടിന് അടുത്ത് തന്നെയായിരുന്നു ആ നാട്ടിലെ പള്ളിയും ഖബർസ്ഥാനും (ശ്‌മശാനം). പള്ളിയിൽ നിന്നും ദിവസവും ഉയർന്ന് കേൾക്കുന്ന ബാങ്ക് വിളി എനിക്കും നൗഷാദിനും ഏറെ ഹൃദ്യമായി തോന്നി.അതിനാൽ ഏതെങ്കിലും ഒരു നമസ്കാര സമയത്ത് പള്ളിയിൽ ഒന്ന് പോയി നോക്കാൻ ഞങ്ങളാഗ്രഹിച്ചു. പ്രസ്തുത വിവരം ഇഷ്‌ഫാഖിനോട് പറയുകയും ചെയ്തു.ഇഷ്‌ഫാഖിന്റെ ആപ്പിൾ-ചെറി തോട്ടങ്ങളിലെ തേരോട്ടം കഴിഞ്ഞ് ദ്രുരൂ (അതാണ് അവന്റെ നാടിന്റെ യഥാർത്ഥ പേര്) വിൽ തിരിച്ചെത്തിയപ്പോൾ മഗ്‌രിബ് നമസ്കാരത്തിന്റെ സമയമായിരുന്നു.ഞങ്ങൾ ആവശ്യപ്പെട്ട പ്രകാരം പള്ളി കാണിച്ച് തന്ന് ഇഷ്‌ഫാഖ്‌ എങ്ങോട്ടോ പോയി.

പള്ളിയിൽ നിന്ന് മഗ്‌രിബ് നമസ്കാരവും, സൂഫി സംഗീതം പോലെയുള്ള അവരുടെ പ്രാർത്ഥനയും കഴിഞ്ഞ് ഞാൻ പുറത്തിറങ്ങിയപ്പോഴാണ്, ഇഷ്‌ഫാഖിന്റെ വീട്ടിലെ കുട്ടികൾക്കായി കുറച്ച് മിഠായികൾ വാങ്ങാൻ ഭാര്യ എന്നോട് ഫോൺ ചെയ്ത് പറഞ്ഞത്.അത് പ്രകാരം അങ്ങാടിയിലേക്ക് നീങ്ങിയ ഞങ്ങൾ കണ്ടത് ഒരു ജനക്കൂട്ടത്തെയാണ്. യാസീൻ മാലിക്ക് കേസിൽ വിധി വന്നതിൽ പ്രതിഷേധിക്കാൻ ഒരുക്കം കൂട്ടുന്നവരോ അതല്ല അത് ചർച്ച ചെയ്യുന്നവരോ എന്നറിയാത്തതിനാൽ വിദേശികളായ ഞങ്ങൾ അല്പം മാറി നിന്ന് വീക്ഷിച്ചു.പ്രതിഷേധിക്കാൻ കാശ്മീർ ജനതക്ക് സ്വാതന്ത്ര്യമില്ലാത്തതാണോ എന്നറിയില്ല ആ ആൾക്കൂട്ടം പെട്ടെന്ന് തന്നെ ഇല്ലാതായി.

ഞങ്ങൾ തൊട്ടടുത്ത കടയിൽ കയറി ആവശ്യമായ മിഠായികൾ വാങ്ങി തിരിച്ചു പോരാൻ ഇറങ്ങി.അപ്പോഴാണ് ഇത്രയും ദിവസത്തെ ഞങ്ങളുടെ വണ്ടി ഡ്രൈവർ ഇജാസിനെ റോട്ടിൽ വച്ച് കണ്ടത്.കുശല സംഭാഷണം കഴിഞ്ഞ് അദ്ദേഹത്തോട് സലാം പറഞ്ഞു.അപ്പോഴാണ് ഞങ്ങളുടെ തൊട്ടു മുന്നിൽ നടന്നു നീങ്ങുന്ന ആളെ ഇജാസ് ശ്രദ്ധിച്ചത്.ഞങ്ങൾ പോകുന്ന അതേ വഴിയിൽ പോകേണ്ട ആളായിരുന്നു അത്.അതിനാൽ ഞങ്ങളെയും കൂട്ടിക്കൊണ്ടു പോകാൻ ഇജാസ് അയാളോട് പറഞ്ഞു.ആ സ്നേഹത്തിനു മുന്നിൽ ഞങ്ങൾ നമ്രശിരസ്കരായി.

ഇഷ്‌ഫാഖിന്റെ വീടും കഴിഞ്ഞ് അടുത്ത പറമ്പിലായിരുന്നു അദ്ദേഹത്തിന്റെ വീട്.നടക്കുന്നതിനിടയിൽ ഞങ്ങൾ പലതും സംസാരിച്ചു.കാശ്മീരിനെപ്പറ്റിയുള്ള ഞങ്ങളുടെ അഭിപ്രായങ്ങൾക്ക് അദ്ദേഹത്തിന്റെ ഏക മറുപടി "കശ്മീർ ജന്നത്ത് ഹേ "  എന്നായിരുന്നു .ഇഷ്‌ഫാഖിന്റെ ഗേറ്റിന് മുന്നിലെത്തിയപ്പോൾ അദ്ദേഹത്തിന് ഒരേയൊരു നിർബന്ധം - ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലണം , ചായ കുടിക്കണം !!ആ സ്നേഹത്തിനു മുന്നിലും ഞങ്ങൾ നന്ദിയോടെ കീഴടങ്ങി.

കുട്ടികൾക്കുള്ള മിഠായികൾ കൊടുത്ത് ഉടനെ വരാം എന്ന് പറഞ്ഞ് ഞാൻ അകത്തേക്ക് പോയി.നൗഷാദും അയാളും ഗേറ്റിന് പുറത്ത് തന്നെ നിന്നു.അകത്ത് കുട്ടികളുടെ തകൃതിയായ കലാപരിപാടികൾ നടക്കുകയായതിനാൽ ജനലിൽ തട്ടി ഞാൻ ഭാര്യയെ പുറത്തേക്ക് വിളിച്ച് മിഠായിപ്പൊതി ഏൽപ്പിച്ചു.ഉടൻ വരാം എന്ന് മാത്രം പറഞ്ഞ് ഞാൻ ഇരുട്ടിലേക്കോടി.തുടർന്ന് ഞാനും നൗഷാദും അദ്ദേഹത്തോടൊപ്പം അയാളുടെ വീട്ടിലേക്ക് പോയി.

വലിയൊരു ഇരുനില വീടായിരുന്നു അത്.മുകളിലെ മജ്‌ലിസ് ഹാളിലേക്കാണ് അദ്ദേഹം ഞങ്ങളെ നയിച്ചത്.ഇഷ്‌ഫാഖിന്റെ വീട്ടിലെ ഹാളിന്റെ ഇരട്ടി വലിപ്പമുള്ളതും വളരെ ആകർഷകമായ പരവതാനി വിരിച്ചതും ആയിരുന്നു അത്.ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിനെ മദിപ്പിക്കുന്ന ഒരു വീടും ഹാളും.കുറെ ചായകളുടെ പേര് പറഞ്ഞ് അതിൽ ഏത് തരം ചായയാണ് ഞങ്ങൾക്കിഷ്ടം എന്ന ചോദ്യത്തിന് മറുപടി പറയാൻ ഞങ്ങൾ വിഷമിച്ചു.ടാങ്മാർഗ്ഗിൽ സ്വന്തമായി തുണിക്കട നടത്തുന്ന ആളായിരുന്നു അദ്ദേഹം.അൽപം കഴിഞ്ഞ് ഇസ്‌ലാമിക വേഷത്തിൽ അദ്ദേഹത്തിന്റെ മകൾ ചായയുമായി വന്നു.അവളും ഞങ്ങളുടെ സദസ്സിൽ ഇരുന്നു.അല്പം കൂടി കഴിഞ്ഞ്, സ്വന്തം ടാക്സി ഓടിക്കുന്ന മകനും എത്തിച്ചേർന്നു.ചായയും പലഹാരങ്ങളും ഇന്നത്തെ കാശ്മീരിനെയും അവിടത്തെ യുവതയെയും പറ്റിയുള്ള സംസാരവും ഒക്കെ ആയി നേരം പോയത് ഞങ്ങളറിഞ്ഞില്ല.

ഇതേ സമയം വീട്ടിൽ തിരിച്ചെത്തിയ ഇഷ്‌ഫാഖ് എന്നെ അന്വേഷിച്ചു.ഞാനും നൗഷാദും തിരിച്ചെത്തിയിട്ടില്ല എന്നറിഞ്ഞ ഇഷ്‌ഫാഖ്‌ അൽപനേരം മൗനം പാലിച്ചു.പിന്നെ ഞാൻ ഫോൺ ചെയ്തിരുന്നോ എന്ന് എന്റെ ഭാര്യയോട് ചോദിച്ചു.ഇപ്പോൾ വരാം എന്നും പറഞ്ഞ് ഓടിപ്പോയി എന്ന് അവൾ മറുപടി പറഞ്ഞതോടെ ഇഷ്‌ഫാഖിന്റെ മുഖത്ത് ഒരു ഭീതി പടർന്നു. അവിടെയുണ്ടായിരുന്ന അവന്റെ പിതൃസഹോദര പുത്രന്മാരോട് അവൻ എന്തോ പറഞ്ഞു.അവർ അവരുടെ ഭാര്യമാരോട് എന്തോ കുശുകുശുത്തു. എല്ലാവരുടെയും മുഖഭാവം മാറുന്നത് ഞങ്ങളുടെ ഭാര്യമാർ ശ്രദ്ധിച്ചു.പിന്നെ ഓരോരുത്തരായി പലർക്കും ഫോൺ ചെയ്യാൻ തുടങ്ങി.അപ്പോഴാണ് എന്തോ അരുതാത്തത് സംഭവിച്ചിട്ടുണ്ട് എന്ന് ഞങ്ങളുടെ ബാക്കിയുള്ളവർക്ക് മനസ്സിലായത്.അങ്ങനെ അവരുടെ മനസ്സിലും ആശങ്ക പടർന്നു.

ഇതൊന്നും അറിയാതെ തൊട്ടടുത്ത വീട്ടിൽ ഞങ്ങൾ ചായ കുടിച്ച് രസിക്കുന്നതിനിടയിലാണ് ഇഷ്‌ഫാഖ്‌ ധൃതിയിൽ അങ്ങോട്ട് ഓടിക്കയറി വന്നത്.ഞങ്ങളെ കണ്ടതും അവൻ ആശ്വാസത്തിന്റെ ഒരായിരം നെടുവീർപ്പുകളിട്ട് ഞങ്ങളെ കണ്ടെത്തിയതായി വീട്ടിലേക്ക് വിളിച്ച് പറഞ്ഞു.ശേഷം കാശ്മീരി ഭാഷയിൽ അദ്ദേഹത്തോടും എന്തൊക്കെയോ സംസാരിച്ചു.

ഞങ്ങൾ തിരിച്ചെത്താത്തത് ആണ് എല്ലാ പുകിലും ഉണ്ടാക്കിയത്.കാശ്മീരിൽ ഇങ്ങനെ പൊടുന്നനെ അപ്രത്യക്ഷമാകുന്ന നിരവധി മനുഷ്യജീവിതങ്ങൾ ഉണ്ടത്രേ.അവരാരും പിന്നീട് ഒരിക്കലും തിരിച്ചെത്താറില്ല പോലും.ആരാണ് കൊണ്ടുപോയത് എന്ന് പോലും ഒരു വിവരവും ലഭിക്കാറില്ല.കാണാതായവർ ഇനി വരും  എന്ന് ആരും പ്രതീക്ഷിക്കാറില്ല.യുവാക്കളാണ് ഇങ്ങനെ അപ്രത്യക്ഷമാകുന്നവരിൽ ഏറിയ പങ്കും.ആ ദിവസത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കൂടി കൂട്ടി വായിച്ചാൽ ഞങ്ങളെ കാണാതായത് ഒരു വലിയ പ്രശ്നമാകുമായിരുന്നു.പോലീസിലും വിളിച്ച് വിവരം പറയാൻ ഇരുന്നതായിരുന്നു പോലും! പക്ഷെ, ഡ്രൈവർ ഇജാസിനെ ഇഷ്‌ഫാഖ്‌ വിളിച്ചതായിരിക്കും എന്ന് കരുതുന്നു, ഞങ്ങളിരിക്കുന്ന സ്ഥലം അവൻ കൃത്യമായി  മനസ്സിലാക്കി.

പിറ്റേന്ന് തിരിച്ച്‌ പോവുകയാണെന്നറിയിച്ചപ്പോൾ ഞങ്ങളുടെ പുതിയ ആതിഥേയനും മകളും ഞങ്ങളുടെ കൂടെ ഇഷ്ഫാഖിന്റെ വീട്ടിലേക്ക് ഞങ്ങളെ അനുഗമിച്ചു.കുടുംബത്തിലെ എല്ലാവരെയും സന്ദർശിച്ച് സന്തോഷം പങ്കിട്ട് തിരിച്ച് പോകുമ്പോളും ഞങ്ങളുടെ കുടുംബം ഞെട്ടലിൽ നിന്ന് മുക്തമായിരുന്നില്ല.ബാനിഹാൾ മുതൽ ഞങ്ങൾ അനുഭവിച്ച് തുടങ്ങിയ കാശ്മീരികളുടെ സ്നേഹത്തിന്റെ ആഴവും പരപ്പും അപ്പോൾ ഞങ്ങളെ അതിശയപ്പെടുത്തി.

അടുത്ത ദിവസം ഇനി പഹൽഗാമിലേക്കാണ് യാത്ര.അതിരാവിലെ എണീറ്റ് ഇഷ്‌ഫാഖിനോടും കുടുംബത്തോടും യാത്ര പറയണം .അതിനാൽ ഞങ്ങളെല്ലാവരും വേഗം വിരിപ്പിലേക്ക് ചെരിഞ്ഞു. 

(തുടരും...) 

കാശ്മീർ ഫയൽസ് -  19

Monday, August 08, 2022

ഏദൻ തോട്ടത്തിൽ.... (കാശ്മീർ ഫയൽസ് - 17)

കാശ്മീർ ഫയൽസ് -  16 (Click & Read)

ചാറ്റൽ മഴയും സന്ധ്യയും (വൈകിട്ട് ഏഴര മണി), ആപ്പിൾ തോട്ടം കാണുക എന്ന ഞങ്ങളുടെ ആഗ്രഹത്തിന് വിലങ്ങ് തടിയാകുമോ എന്നൊരാശങ്ക എ   മനസ്സിൽ നിറഞ്ഞു. ഞങ്ങളെ അത് കാണിച്ചേ അടങ്ങൂ എന്ന് ഇഷ്ഫാഖിനും നിർബന്ധമായതിനാൽ വണ്ടി സാമാന്യം നല്ല വേഗത്തിൽ തന്നെ പാഞ്ഞു.അന്നത്തെ അത്താഴം ഞങ്ങളുടെ വക ആയതിനാൽ വഴിയിൽ ഭക്ഷണ പാർസലിനും കാത്തിരിക്കേണ്ടതുണ്ടായിരുന്നു.

മരങ്ങൾ ഇട തൂർന്ന് വളർന്ന് നിൽക്കുന്ന ഒരു സ്ഥലത്താണ് ആ യാത്ര അവസാനിച്ചത്. ഒരു പ്രൈമറി സ്കൂളിന്റെ മുറ്റമായിരുന്നു അത്. തൊട്ടടുത്ത് നിന്ന് തന്നെ ഒരു അരുവിയുടെ കളകൂജനം കൂടി കേൾക്കുന്നുണ്ടായിരുന്നു. തലേ ദിവസം മോഹിപ്പിച്ച സിന്ധു നദി ഇന്ന് ഒരു അരുവിയായി മോഹിപ്പിക്കാൻ വന്നതാണോ എന്ന് തോന്നി. ശബ്ദം കേട്ട ഭാഗത്തേക്കാണ് ഇഷ്ഫാഖ് ഞങ്ങളെ നയിച്ചത്. യെസ്, ആ അരുവി മുറിച്ച് കടന്ന് വേണം ഞങ്ങൾക്ക് പോകാൻ. വെള്ളത്തിൽ കാല് വച്ചതും "എന്റുമ്മച്ചിയേ" എന്നൊരു വിളിയും ഉയർന്നത് ഒപ്പമായിരുന്നു. വെള്ളത്തിന്റെ തണുപ്പ് അത്രയും കൂടുതലായിരുന്നു. അരുവി കടന്നാലേ ആപ്പിൾ തോട്ടം കാണൂ എന്നതിനാൽ തണുപ്പ് സഹിച്ച് എല്ലാവരും അക്കരെ പറ്റി.

ജീവിതത്തിലാദ്യമായി ആപ്പിളിനെ ആപ്പിൾ മരത്തിൽ വച്ച് കണ്ട സന്തോഷത്തിൽ ഞങ്ങളതിന്റെ അടുത്തേക്ക് ഓടി അടുത്തു. ആപ്പിൾ കായ്ച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. നമ്മുടെ നാട്ടിലെ മുഴുത്ത പേരക്കയുടെ വലിപ്പമായിരുന്നു അവയ്ക്ക്. പഴുത്ത് പാകമാകാൻ ഒക്ടോബർ ആകും എന്ന് ഇഷ്ഫാഖ് പറഞ്ഞു. എങ്കിലും ഇതിന്റെ രസം അറിയാൻ വേണ്ടി ഞങ്ങൾ ഓരോന്ന് പൊട്ടിച്ചു. മധുരം കലർന്ന പുളി രസമായിരുന്നു അതിന്റെ രുചി.

ആപ്പിൾ തിന്ന് കഴിഞ്ഞപ്പഴാണ് നിദക്ക് തലയിൽ ഒരു മിന്നലാട്ടം ഉണ്ടായത്. ഫിസിക്സ് പഠിപ്പിക്കുന്ന അവളുടെ ഉപ്പയുടെ നേരെ തിരിഞ്ഞ് ഒരു ചോദ്യം.
"ആപ്പിൾ മരത്തിന് ഇത്രയേ വലിപ്പമുണ്ടാകു?"
"അതെ " നൗഷാദ് മറുപടി പറഞ്ഞു.
" അപ്പോൾ നിങ്ങൾ ഞങ്ങളെ പഠിപ്പിച്ചത് പച്ചനുണയല്ലേ?"
"എന്ത് പഠിപ്പിച്ചത്?"
" ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണത്... ഇത്രയും ചെറിയ ഒരു മരത്തിന്റെ ചുവട്ടിൽ ആർക്കെങ്കിലും ഇരിക്കാൻ തോന്നുമോ?"
"അത് മൂപ്പര് മൂത്രമൊഴിക്കാൻ ഇരുന്നതായിരിക്കും " ഹാഷിമിന്റെ മറുപടി രംഗം ശാന്തമാക്കി.

അടുത്തത് ചെറിത്തോട്ടമായിരുന്നു. നാട്ടിൽ ചെറി എന്ന പേരിൽ പല പഴങ്ങളും കായ്ച്ചു നിൽക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ഇപ്പോഴാണ് യഥാർത്ഥ ചെറി ചെടിയും പഴവും കണ്ടത്. പഴങ്ങൾ മിക്കവാറും പഴുത്തിരുന്നതിനാലും കയ്യെത്തും ഉയരത്തിലായതിനാലും എല്ലാവരും   രുചി നോക്കി. നാട്ടിലെ ബേക്കറികളിൽ കിട്ടുന്ന ചെറിയുടെ നിറവും ഒറിജിനൽ ചെറിയുടെ നിറവും തമ്മിൽ അജഗജാന്തരം ഉണ്ട്. കുലകളായി തൂങ്ങി നിൽക്കുന്ന ചെറിപ്പഴങ്ങൾ പറിക്കാനും ഒരു പ്രത്യേക രീതിയുണ്ട് എന്ന് ഇഷ്ഫാഖ് പറഞ്ഞപ്പഴാണ് മനസ്സിലായത്.

അടുത്തത് വാൾനട്ട് തോട്ടമായിരുന്നു. നമ്മുടെ നാട്ടിലെ റോഡ് സൈഡിലെ മാവ് മരങ്ങൾ വച്ച് പിടിപ്പിച്ചത് പോലെയായിരുന്നു അതിന്റെ സ്ഥിതി. ആരും ശ്രദ്ധിക്കാതെ തന്നെ അതിൽ നിറയെ കായ ഉണ്ടാകും. കുറെ എണ്ണം വീണ് പോവും. ബാക്കിയുള്ളവ പറിച്ച് പൊട്ടിച്ച് പരിപ്പെടുക്കും. ഈ തോട്ടം ഇഷ്ഫാഖിന്റെ അധീനതയിൽ അല്ലാത്തതിനാൽ ഞങ്ങളാരും ഒരു കായ പോലും പറിച്ചില്ല.

അങ്ങനെ ഭൂമിയിലെ ഏദൻ തോട്ടത്തിലൂടെ തിമർത്ത് രസിക്കുമ്പോഴാണ് തലേ ദിവസം സന്ധ്യക്ക് തൊട്ടടുത്ത തോട്ടത്തിൽ കരടി വന്ന വിവരം ഇഷ്‌ഫാഖ്‌ പറഞ്ഞത്.ഞങ്ങൾക്ക് അവിടെ കൂടുതൽ സമയം നിൽക്കാൻ തോന്നിയെങ്കിലും ഞങ്ങളുടെ സുരക്ഷക്ക് അത് ഭീഷണിയാകും എന്നതിനാൽ ഇരുട്ട് മൂടാൻ തുടങ്ങിയതോടെ ഞങ്ങൾ തിരിച്ചു പോന്നു. 

അന്ന് രാത്രി, എൻറെ ആതിഥേയന്റെ കുടുംബത്തിലെ മുഴുവൻ പേരെയും ഞങ്ങളുടെ കുടുംബത്തെയും, ഏതാനും നിമിഷങ്ങൾ മുൾമുനയിൽ നിർത്തിയ ഒരു സംഭവം ഉണ്ടായി.


(തുടരും...)

കാശ്മീർ ഫയൽസ് -  18





Monday, August 01, 2022

ചിനാർ മരത്തണലിൽ... (കാശ്മീർ ഫയൽസ് - 16)

കാശ്മീർ ഫയൽസ് - 15  (Click & Read)

ലോകപ്രശസ്തമായ മുഗൾ ഉദ്യാനങ്ങളാണ് കാശ്മീരിലുള്ളത്. ചെഷ്മഷാഹി, ഷാലിമാർ ബാഗ്, നിഷാന്ത് ബാഗ് ,പരി മഹൽ തുടങ്ങീ നിരവധി ഗാർഡനുകളാണ് ദാൽ തടാകത്തിന് ചുറ്റുമായി പരന്നു കിടക്കുന്നത്. ജലധാരകളും കനാലുകളും കുളങ്ങളും മരങ്ങളും ചെടികളും പൂക്കളും നിറഞ്ഞതാണ് എല്ലാ മുഗൾ ഗാർഡനുകളും. പേർഷ്യൻ ഉദ്യാനങ്ങളുടെ ശൈലിയിലാണ് ഇവയുടെ  നിർമ്മിതി .

ദാലിലെ കാഴ്ചകളും കാശ്മീരി വാസ് വാൻ രുചിയും അറിഞ്ഞ ശേഷം തൊട്ടടുത്ത പരി മഹലിലേക്കാണ് ഇഷ്ഫാഖ് ഞങ്ങളെ നയിച്ചത്. വണ്ടി അൽപം മുന്നോട്ട് നീങ്ങിയപ്പോഴേക്കും നല്ലൊരു  ട്രാഫിക്ക് കുരുക്കിൽ പെട്ടു . പരിമഹലിന്റെ ഗേറ്റ് മുതൽ തുടങ്ങിയതാണ് ഈ ബ്ലോക്ക് എന്നറിഞ്ഞപ്പോൾ പെട്ടെന്നൊന്നും അവിടെ എത്തിപ്പെടാൻ സാദ്ധ്യതയില്ല എന്ന് തിരിച്ചറിഞ്ഞു. 

"സർ... പരി മഹൽ ദേഖ്ന മുശ്കിൽ ഹോഗ... വൈസാ ഹെ ഭീഡ് ... " ഇഷ്ഫാഖ് എന്നോടായി പറഞ്ഞു.

" ക്യാ കരേഗ ?"

" പീച്ചെ ഹെ ബൊട്ടാണിക്കൽ ഗാർഡൻ ... യഹാം ഖടെ തൊ ആജ് കോയി ഗാർഡൻ ദേഖ് നഹിം സകേഗ"

വണ്ടിയുമായി ആ ബ്ലോക്കിൽ കാത്ത് നിന്നാൽ ഇന്നിനി മറ്റൊന്നും കാണാൻ സാധിക്കില്ല എന്ന മുന്നറിയിപ്പ് എന്നെ അങ്കലാപ്പിലാക്കി. കാണാനാവുന്നത് എങ്കിലും കാണുക എന്ന ഉദ്ദേശത്തിൽ വണ്ടി നേരെ റിവേഴ്‌സ് അടിച്ചു.തൊട്ടടുത്ത് തന്നെയുള്ള ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡനിന്റെ മുമ്പിലാണ് പിന്നെ നിർത്തിയത്. 35 രൂപയാണ് പ്രവേശന ഫീസ്.ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലെപ്പോലെ, വലിയ തിക്കും തിരക്കും അനുഭവപ്പെടാത്ത കൗണ്ടറിൽ നിന്നും ടിക്കറ്റെടുത്ത് ഞങ്ങൾ അകത്ത് കയറി.

പൂക്കൾ തീർക്കുന്ന വർണ്ണപ്രപഞ്ചം ആസ്വദിക്കണോ അതല്ല ഓക്ക് മരങ്ങളും ചിനാർ മരങ്ങളും ഒരുക്കുന്ന തണലിൽ ഇരിക്കണോ അതുമല്ല ചെറിയ ചെറിയ കുന്നുകളിലെ പുൽത്തകിടിയിൽ കിടന്നുരുളണോ അതൊന്നുമല്ല ദാൽ തടാകത്തിൽ നിന്നുള്ള സൂഫി സംഗീതം നിറഞ്ഞ കാറ്റുമേറ്റ് ചുറ്റും നടക്കണോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു ഞങ്ങൾ.

എൺപത് ഏക്കറിലധികം സ്ഥലത്ത് പരന്ന് കിടക്കുന്ന ഗാർഡൻ മുഴുവൻ പോയിട്ട്, കാൽ ഭാഗമെങ്കിലും കാണാനുള്ള സമയം ഞങ്ങളുടെ പക്കൽ ഇല്ലാത്തതിനാൽ ചിനാർ മരങ്ങളുടെയും മറ്റു മരങ്ങളുടെയും ശീതളഛായയിൽ അൽപനേരം വിശ്രമിച്ചു.

ഇതാണ് ചിനാർ മരം

ടുലിപ് പുഷ്പങ്ങൾ വിടരുന്ന ഏപ്രിൽ മാസത്തിലെ ആദ്യത്തെ അഞ്ചു ദിവസം മാത്രം തുറക്കുന്ന ടുലിപ് ഗാർഡൻ ബൊട്ടാണിക്കൽ ഗാർഡനിന്റെ അകത്ത് തന്നെയാണ് . ദൂരെ മറച്ച് കെട്ടിയ നിലയിലുള്ള അവസ്ഥയിലായതിനാൽ ഞങ്ങൾ അങ്ങോട്ട് പോയതേയില്ല.സ്‌കൂൾ കുട്ടികൾക്ക് പ്രവേശനം സൗജന്യമാണോ എന്നറിയില്ല, നിരവധി കുട്ടികൾ ജോഡികളായും സംഘങ്ങളായും ബൊട്ടാണിക്കൽ ഗാർഡനനികത്ത് പലവിധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നത് കണ്ടു.

കാശ്മീരിന്റെ കാലാവസ്ഥ ഏതൊരു സഞ്ചാരിയുടെയും മനം കുളിർപ്പിക്കും. എന്നാൽ അതേ കാശ്മീരിന്റെ തന്നെ പെട്ടെന്ന് മാറിമറിയുന്ന രാഷ്ട്രീയ കാലാവസ്ഥ ചിലപ്പോൾ സഞ്ചാരികളുടെ മനം മടുപ്പിക്കുകയും ചെയ്യും.ഞങ്ങൾ ശ്രീനഗറിലെ കാഴ്ചകൾ കാണാൻ ഇറങ്ങിയ ദിവസമാണ് സുപ്രീം കോടതിയിൽ യാസീൻ മാലിക്കിന്റെ കേസ് വിധി പറയാൻ എടുത്തത്.അതിനാൽ ശ്രീനഗർ തലേ ദിവസം മുതലേ അതിജാഗ്രതയിൽ ആയിരുന്നു. പല സ്ഥലങ്ങളിലും പ്രതിഷേധങ്ങൾ നടക്കുന്നതിനാൽ ആ വഴിക്ക് പോകാൻ പോലും പറ്റില്ലായിരുന്നു.

ഷാജഹാൻ ചക്രവർത്തി പ്രിയ പത്നിക്കായി താജ്മഹൽ പണി കഴിപ്പിച്ച പോലെ ജഹാംഗീർ തന്റെ പ്രിയ പത്നി നൂർജഹാന് വേണ്ടി നിർമ്മിച്ച ഷാലിമാർ  ബാഗ്, മുഗൾ കാലത്തിന്റെ ഗതകാല പ്രൗഢി വെളിവാക്കുന്ന  ഉദ്യാനമായ നിഷാന്ത് ബാഗ്, ഉദ്യാന നിർമ്മാണത്തിലെ പേർഷ്യൻ ടച്ച് വ്യക്തമാക്കുന്ന ചഷ്മേ ഷാഹി, പ്രവാചകന്റെ മുടി സൂക്ഷിച്ചു വച്ചിരിക്കുന്നതായി പറയപ്പെടുന്ന വെള്ളമാർബിളിൽ പണിത ഹസ്രത്ത് ബാൽ പള്ളി,ശ്രീനഗറിന്റെ വ്യാപാര കേന്ദ്രം ലാൽ ചൗക്ക് എന്നിവയൊന്നും പ്രതിഷേധങ്ങൾ നടക്കുന്ന കാരണത്താൽ ഞങ്ങൾക്ക് കാണാൻ സാധിച്ചില്ല. 

"സാർ ... ആജ് ശ്രീനഗർ മേം ഖുംന അഛാ നഹീം ...ഹം വാപസ് ജാകർ മേരാ ഓർച്ചാഡ്‌സ് ദെഖേക... കൽ സബേരെ ഹീ ഘർ ചോഡ്നാ ഹേ ... ഫിർ ഔർ ഏക് ബാർ ആയെ തോ സാര ദേഖേൻഗ..." ചിരിച്ചുകൊണ്ട് ഇഷ്‌ഫാഖ്‌ പറഞ്ഞപ്പോൾ സമ്മതിക്കുകയല്ലാതെ നിവൃത്തി ഇല്ലായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസവും പ്ലാൻ ചെയ്‌തെങ്കിലും ഇഷ്ഫാഖിന്റെ ആപ്പിൾ തോട്ടവും ചെറിത്തോട്ടവും കാണാൻ സാധിച്ചിരുന്നില്ല.അടുത്ത ദിവസം കാലത്ത് തന്നെ പഹൽഗാമിലേക്ക് പുറപ്പെടാനുള്ളതിനാൽ ഇനിയൊരു ദിവസം ബാക്കിയില്ലതാനും.ശ്രീനഗറിൽ ഇനി കൂടുതൽ സമയം ചെലവഴിക്കുന്നത് പന്തിയല്ല എന്നതിനാൽ ഒരിക്കൽ കൂടി വരികയാണെങ്കിൽ ബാക്കിയുള്ളവയെല്ലാം കാണാം എന്ന പ്രതീക്ഷയിൽ ഞങ്ങൾ ശ്രീനഗറിൽ നിന്നും തിരിച്ചു പോന്നു.


(തുടരും...)

കാശ്മീർ ഫയൽസ് -  17