Pages

Friday, July 29, 2022

ദാൽ തടാകത്തിലെ ജീവിതങ്ങൾ (കാശ്മീർ ഫയൽസ് -15 )

കാശ്മീർ ഫയൽസ് -14   (click & read)

കാശ്മീർ സന്ദർശനത്തിന്റെ മൂന്നാം ദിനമാണിന്ന്. തലസ്ഥാനമായ ശ്രീനഗറിലെ കാഴ്ചകളാണ് ഇന്ന് കാണാനുള്ളത്. ശ്രീനഗർ എന്ന് കേൾക്കുമ്പോഴേ മനസ്സിൽ തിരതല്ലി എത്തുന്നത് ദാൽ തടാകവും ശിക്കാര ബോട്ടുകളുമാണ്.ദാലിലെ ശിക്കാര യാത്രയില്ലാതെ കാശ്മീർ യാത്ര പൂർണ്ണമാകില്ല.   ഇഷ്ഫാഖിന്റെ വീട്ടിൽ നിന്നും തിരിക്കാൻ വൈകിയതിനാൽ ദാൽ തടാകത്തിന് മുന്നിൽ ഞങ്ങളെത്തുമ്പോൾ സമയം പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു. ദാലിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഒരിക്കലും ആ സമയത്ത് ഇറങ്ങരുത് എന്നാണ് എന്റെ അഭിപ്രായം.

ജമ്മു കാശ്മീരിലെ രണ്ടാമത്തെ വലിയ തടാകമാണ് ദാൽ തടാകം. പൂക്കളുടെ തടാകം, ശ്രീനഗറിന്റെ രത്നം എന്നീ അപരനാമങ്ങളിൽ ഇതറിയപ്പെടുന്നു.ആമ്പലും താമരയും പൂവിട്ട് നിൽക്കുന്ന ദാലിന്റെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്.

ശിക്കാര റൈഡിന്റെ ആദ്യത്തെ ടെർമിനലുകളിലെല്ലാം തിരക്കും നിരക്കും കൂടുതലായിരിക്കും എന്ന് ലുലു പറഞ്ഞു. തിരക്കൊഴിഞ്ഞ ഒരു ടെർമിനലിന് മുന്നിൽ വാഹനം നിർത്തി ഞങ്ങളിറങ്ങി.ദാലിലെ എട്ട് സ്പോട്ടുകൾ കാണിക്കുന്ന ഒരു മണിക്കൂർ യാത്രക്ക് 2500 രൂപയായിരുന്നു ആവശ്യപ്പെട്ടത്. കുട്ടികളടക്കം ഒരു ശിക്കാരയിൽ നാല് പേർക്കേ കയറാനും പറ്റൂ. അവസാനം 2000 രൂപ തോതിൽ മൂന്ന് ശിക്കാരകളിലായി ഞങ്ങൾ യാത്ര തുടങ്ങി.

അൽപം മുന്നോട്ട് നീങ്ങിയപ്പോഴേക്കും ശിക്കാരയുടെ അടുത്തേക്ക് ചെറിയ ചെറിയ ബോട്ടുകൾ വന്ന് തുടങ്ങി. ഒന്നിൽ കാശ്മീർ കഹ് വയാണെങ്കിൽ അടുത്തതിൽ പഴങ്ങളായിരുന്നു. അവ നീങ്ങിയാൽ മാലയും വളയും; കാശ്മീരി വസ്ത്രങ്ങളണിയിച്ച് ഫോട്ടോ എടുക്കാനുള്ള സ്റ്റുഡിയോ വരെ ഇങ്ങിനെ നമ്മുടെ അടുത്ത് തുഴഞ്ഞെത്തും! ഞങ്ങൾക്കതിലൊന്നും താൽപര്യം തോന്നിയില്ല.

"ബുംറോ ബുംറോ
ശ്യാമ് രംഗ് ബുംറോ ...."
പെട്ടെന്നാണ് ശിക്കാര തുഴയുന്ന മുഹമ്മദ് യുസഫിന്റെ ചുണ്ടിൽ നിന്ന് ഒരു പാട്ടുതിർന്നത്.
ഗുൽമാർഗ്ഗിൽ നിന്ന് തിരിച്ച് ഇഷ്ഫാഖിന്റെ വീട്ടിലെത്തിയ ദിവസം കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളിൽ ,ഒന്നാം ക്ലാസിൽ പഠിക്കുന്ന അലീന ഈ പാട്ടിനനുസരിച്ച് ഡാൻസ്  ചെയ്തത് എന്റെ ഓർമ്മയിൽ വന്നു.
"സാർ... ബായേം ഓർ ദേഖോ .... ബുംറോ ബുംറോ ഗാന യെഹ് ഹൗസ് ബോട്ട് മേം ഷൂട്ട് കിയാ  ..."
കാശ്മീർ ഫയൽസ് എന്ന വിവാദ സിനിമയിലെ പ്രസ്തുത ഗാനം  കേട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ അതിന്റെ ലൊക്കേഷനിൽ യാദൃശ്ചികമായി ഞങ്ങളെത്തി ! 

"സാബ്... ദൂർ മേം എക് പേട് ദേഖ്ത ഹെ ന...?"

ദൂരെ ഒറ്റക്ക് നിൽക്കുന്ന ഒരു മരത്തിലേക്ക് ചൂണ്ടി ശിക്കാരി പറഞ്ഞു.
"ഹാം .."
" വഹ് ഹെ... ചാർ ചിനാർ ... ചാർ ചിനാർ ധ വഹാം... തീൻ മർ ഗയ... അബ് സിർഫ് എക്..."
കാനഡയുടെ സൗന്ദര്യം കാണിക്കാൻ പല ഫോട്ടോകളിലും കാണിക്കുന്ന ചുവന്ന ഇലകളുള്ള മേപ്പിൾ മരത്തിനാണ് ചിനാർ എന്ന് പറയുന്നത് എന്നാണ് മരത്തിന്റെ ഇല കണ്ടപ്പോൾ എനിക്ക് മനസ്സിലായത്.

18 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുകയാണ് ദാൽ തടാകം. തുഴഞ്ഞെത്തുന്ന കച്ചവടക്കാർക്ക് പുറമെ നിരവധി ഹൗസ് ബോട്ടുകളിലായി ഒരുക്കിയ ഒരു ഫ്ലോട്ടിംഗ് മാർക്കറ്റ് തന്നെ ദാൽ തടാകത്തിലുണ്ട്. ടൗണിലെ ഒരു കടയിൽ കയറിയ പ്രതീതിയേ ഉള്ളിൽ കയറിയാൽ അത് ജനിപ്പിക്കു. സമൃദ്ധമായി വളരുന്ന പച്ചക്കറികളും ചതുപ്പ് നിലങ്ങളും എല്ലാമായി ദാൽ ഒരു വിസ്മയ ലോകം തന്നെ നമുക്ക് മുന്നിൽ സൃഷ്ടിക്കും. 

തടാകത്തിന്റെ ഒരു കരയിൽ മുഴുവൻ ഹൗസ് ബോട്ടുകളാണ്. സഞ്ചരിക്കാതെ സ്ഥിരമായി നിർത്തിയിട്ട ഇവയിൽ പലതിലും നാലോ അഞ്ചോ റൂമുകൾ ഉണ്ടാകും. ആവശ്യമുള്ളവർക്ക് ഒരു രാത്രി അതിൽ തങ്ങാം.  രണ്ട് ബെഡുള്ള ഒരു റൂമിന് സീസണിൽ 2500 - 3000 രൂപയാകും. 500-1500 റേഞ്ചിൽ കിട്ടുന്നവയും ഉണ്ട്. ഇഷ്ഫാഖ് ആദ്യം തന്നെ നിരുത്സാഹപ്പെടുത്തിയതിനാൽ ഞങ്ങളതിൽ താമസിക്കുന്ന കാര്യം ആലോചിച്ചതേയില്ല. ദാലിലെ വെള്ളം പരിശുദ്ധമായിരുന്നു എന്നും ഇന്ന് ആയിരക്കണക്കിന് ഹൗസ് ബോട്ടുകളിൽ നിന്ന് ദിവസവും അനധികൃതമായി തള്ളുന്ന മാലിന്യം കാരണം ദാലിൽ കൈ മുക്കാൻ പോലും അറപ്പാണ് എന്നും യൂസഫ് പറഞ്ഞു.

തടാകത്തിലെ തുരുത്തുകളിൽ ജനങ്ങൾ താമസിക്കുന്നുണ്ട്. അവിടെയുള്ള കുട്ടികളെ സ്കൂളിൽ വിടാൻ തടാകം കടത്തിവിടുന്നത് അമ്മമാരാണ്. നമ്മുടെ ഓരോ വീട്ടിലും സ്കൂട്ടർ അല്ലെങ്കിൽ കാർ ഉള്ളത് പോലെ തുരുത്തിലെ എല്ലാ വീട്ടിലും ചെറിയ വള്ളങ്ങൾ ഉണ്ട്. നാല് വയസ്സാകുന്നതോടെ കുട്ടികളെ നീന്തലും ആറ് വയസ്സിൽ വഞ്ചി തുഴയലും  പഠിപ്പിക്കും എന്ന് യൂസഫ് പറഞ്ഞപ്പോൾ ആ കുഞ്ഞ് ജീവിതങ്ങൾ ബാല്യത്തിലേ നേരിടുന്ന വെല്ലുവിളികൾ ഓർത്തു പോയി. മഞ്ഞ് കാലത്ത് ഉറച്ച് പോകുന്ന തടാകത്തിൽ വഴി വെട്ടിയുണ്ടാക്കിയിട്ട് വേണം പോലും കര പറ്റാൻ! ഒരു തുരുത്തിൽ ഇറങ്ങി പള്ളിയിൽ കയറി ഞങ്ങൾ നമസ്കാരം നിർവ്വഹിച്ചു.

ഇപ്പറഞ്ഞതെല്ലാം ചുറ്റിക്കണ്ടപ്പഴേക്കും സമയം ഒരു മണിക്കൂറായി. തടാകത്തിൽ തന്നെയുള്ള നെഹ്റു പാർക്കിൽ കയറാൻ പ്രത്യേകം ടിക്കറ്റെടുക്കണം. വിശപ്പ് കൂടിയതിനാൽ ഞങ്ങൾ ശിക്കാരയാത്ര അവസാനിപ്പിച്ച് കരയിലിറങ്ങി.

കാശ്മീരി വാസ് വാൻ എന്ന കാശ്മീരിന്റെ തനത് ഭക്ഷണം ആസ്വദിക്കണം എന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. അങ്ങനെ റോഗൻ ജോഷ്,തബാക് മാസ്സ് , കബാബ് , റിസ്ത,ഗുഷ്ടാബ  എന്നിവയടങ്ങിയ ഒരു മിനി വാസ് വാൻ ഞങ്ങൾ രുചി നോക്കി. വില 750 രൂപ ആയെന്ന് മാത്രം.ആട്ടിറച്ചിയും ചിക്കനും കൊണ്ടുണ്ടാക്കിയ ഇത്തരം ഇരുപത്തിനാല് ഐറ്റവും ഇത്തിരി ചോറും ഉള്ള യഥാർത്ഥ വാസ് വാന് വില 2500 രൂപയാണ്.




(തുടരും....)

കാശ്മീർ ഫയൽസ് -16

1 comments:

Areekkodan | അരീക്കോടന്‍ said...

നാല് വയസ്സാകുന്നതോടെ കുട്ടികളെ നീന്തലും ആറ് വയസ്സിൽ വഞ്ചി തുഴയലും പഠിപ്പിക്കും എന്ന് യൂസഫ് പറഞ്ഞപ്പോൾ ആ കുഞ്ഞ് ജീവിതങ്ങൾ ബാല്യത്തിലേ നേരിടുന്ന വെല്ലുവിളികൾ ഓർത്തു പോയി.

Post a Comment

നന്ദി....വീണ്ടും വരിക