Pages

Tuesday, January 26, 2016

മനം നിറച്ച ഒരു റിപബ്ലിക് ദിനാഘോഷം


                    സ്കൂൾ കാലഘട്ടത്തിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ മനസ്സിൽ പലപ്പോഴും തിരിച്ചെത്താറുണ്ടെങ്കിലും ഒരു റിപബ്ലിക് ദിനാഘോഷം മെയിൻ മെമ്മറിയിലേക്ക് തിരിച്ചെത്തിയതായി  എന്റെ ഓർമ്മയിൽ ഇല്ല.കോളേജിൽ പഠിക്കുന്ന കാലത്ത് എൻ.എസ്.എസ് വളന്റിയർ ആയിരുന്നെങ്കിലും റിപബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തതായി ഓര്മ്മ കിട്ടുന്നില്ല.എന്നാൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായ ശേഷം ഇതിന് ഭംഗവും വരുത്തിയിട്ടില്ല.

                     ഇന്ന് എന്റെ കോളേജിൽ സംഘടിപ്പിച്ച റിപബ്ലിക് ദിനാഘോഷം എനിക്ക് എന്നെന്നും മനസ്സിൽ സൂക്ഷിക്കാനുള്ളതായി.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എന്ന നിലക്ക് കോളേജിലെ റിപബ്ലിക് ദിനാഘോഷ പരിപാടി നടത്താൻ പ്രിൻസിപ്പാൾ  ചുമതലപ്പെടുത്തിയത് എന്നെയും ഫിസിക്കൽ എജുക്കേഷൻ  ടീച്ചരെയും  ആയിരുന്നു. ഒന്നാം വര്ഷത്തിലെ എൻ.എസ്.എസ് വളണ്ടിയർമാരിൽ പകുതിയിലധികവും  ഹാജരായിരുന്നു. ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശം ഉള്ളതിനാൽ നിരവധി ജീവനക്കാരും കൃത്യസമയത്ത് തന്നെ എത്തിയിരുന്നു.അങ്ങനെ കാലങ്ങളായി, വിരലിൽ എണ്ണാവുന്ന അത്രയും ആള്ക്കാരെ വച്ച് ആഘോഷിച്ചിരുന്ന റിപബ്ലിക് ദിനം ജനനിബിഡമായി.



                    എന്റെ സഹപ്രവർത്തകരെയും സഹ അദ്ധ്യാപകരേയും അപേക്ഷിച്ച് ഈ കാമ്പസിൽ എന്റെ സർവീസ് തുടങ്ങിയിട്ട് ആറു മാസം മാത്രമേ ആയിട്ടുള്ളൂ.ഡോക്ടര്മാരും പ്രൊഫസർമാരും വകുപ്പ് മേധാവികളും   നിരവധിയുള്ള ഈ കാമ്പസിൽ ഞാൻ താരതമ്യേന ഒരു ശിശു ആയിരുന്നു . പക്ഷെ ഇന്ന് റിപബ്ലിക് ദിനാഘോഷ പരിപാടികളിൽ പങ്കെടുത്ത് പ്രിൻസിപ്പാളിനും അക്കൗണ്ട്സ് ഒഫീസര്ക്കും ഒപ്പം സഹപ്രവർത്തകരെയും വിദ്യാർത്ഥികളെയും അഭിസംബോധന ചെയ്യാനുള്ള ഭാഗ്യം ലഭിച്ചത് എനിക്കായിരുന്നു.ദേശീയ ദിനങ്ങൾ ആചരിക്കുന്നതിന്റെ പ്രാധാന്യം ഊന്നി,  മുന് പ്രാസംഗികരിൽ നിന്നും വ്യത്യസ്തമായി അത് അവതരിപ്പിക്കുകയും ചെയ്തതോടെ ആ പ്രസംഗവും അവിസ്മരണീയമായി.



                സാധാരണ ഗതിയിൽ  ഒന്നോ രണ്ടോ മണിക്കൂറിൽ ഒതുങ്ങിയിരുന്ന റിപബ്ലിക് ദിനാഘോഷം ഇന്നാദ്യമായി വൈകുന്നേരം വരെ നീണ്ടു. വിദ്യാർത്ഥികളുടെ ചിന്താപരവും ആശയപരവുമായ  കഴിവുകൾ വികസിപ്പിച്ച് അത് അവതരിപ്പിക്കാനുള്ള വേദി നൽകിക്കൊണ്ട് NSS ഒരിക്കൽ കൂടി വിദ്യാർഥികളുടെ മനസ്സിലേക്ക് കുടിയേറി.

 എല്ലാവര്ക്കും റിപബ്ലിക് ദിനാശംസകൾ 

Saturday, January 23, 2016

ഒരു വെടക്കന്‍ സെല്‍ഫി


            മൂന്ന് വര്‍ഷം മുമ്പാണ് ,അപ്രതീക്ഷിതമായ ഒരു വിളിയുടെ അടിസ്ഥാനത്തില്‍ എന്റെ കോളേജിനടുത്ത് തന്നെയുള്ള ആ സ്ഥാപനവും തേടി ഞാന്‍ പുറപ്പെട്ടത്. പറഞ്ഞ് തന്നതില്‍ കണ്‍ഫ്യൂഷന്‍ ഇല്ലായിരുന്നു , ബട്ട് മനസ്സിലാക്കിയതില്‍ തെറ്റ് പറ്റിയതിനാല്‍ സ്പോട്ടിലെത്താന്‍ അല്പം വൈകി.എന്നെയും കാത്ത് എന്റെ ആതിഥേയന്‍ പൂമുഖപ്പടിയില്‍ പുഞ്ചിരിച്ച് നില്‍ക്കുന്നുണ്ടായിരുന്നു.

‘അസ്സലാമുഅലൈക്കും യാ അരീക്കോടന്‍‘  എന്ന് വാ തുറന്ന് പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ മുഖം അത് പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.കൈ നീട്ടി സ്വീകരിച്ച് എന്റെ ആതിഥേയന്‍ ചില കുടുസ്സു വഴികളിലൂടെ എന്നെ ആ കെട്ടിടത്തിനുള്ളിലേക്ക് നയിച്ചു.മരപ്പലകകള്‍ കൊണ്ട് തീര്‍ത്ത ആ ഇടവഴികളും ഗോവണികളും എന്നെ പഴയ ഒരു വായനാനുഭവത്തിലേക്കാണ് എത്തിച്ചത് – ഷെര്‍ലോക് ഹോംസിന്റെ ഓഫീസായിരുന്ന ലണ്ടനിലെ 221B ബേക്കര്‍ സ്ട്രീറ്റീലേക്ക്.

“അല്പ നേരം ഇവിടെ ഇരിക്കൂ....” ഒരു പാത്രത്തില്‍ നിന്നും വറുത്ത കായ (ചിപ്സ്) തിന്നുകൊണ്ടിരിക്കുന്ന ഒരാളുടെ അടുത്ത് എന്നെ ഇരുത്തി എന്റെ ആതിഥേയന്‍ ഏതോ മുറിയുടെ ഇരുട്ടിലേക്ക് മറഞ്ഞു.

‘പുതിയ ഒരു പാത്രത്തില്‍ ചിപ്സും ആവി പറക്കുന്ന ചായയും’ പ്രതീക്ഷിച്ച് ഞാന്‍ അവിടെ ഇരുന്നു.എന്റെ ‘സഹ‌ഇരിയന്‍’ ചിപ്സിന്റെ രുചിയില്‍ മാത്രം കേന്ദ്രീകരിച്ച് ഇരുന്നതിനാല്‍ അരീക്കോടന്‍ എന്ന മഹാസംഭവത്തെപറ്റി അയാള്‍ക്ക് ഒരു വിവരവും കിട്ടിയില്ല.! അയാളെന്ന  മഹാസംഭവത്തെപറ്റി അരീക്കോടനും  ഒരു ചുക്കും പിടി കിട്ടിയില്ല.!

“വരൂ നമുക്ക് അല്പം ടച്ചിംഗ്‌സ് നടത്താം....” ഏകദേശം പത്ത് മിനുറ്റ് കഴിഞ്ഞ് എന്റെ ആതിഥേയന്‍ തിരിച്ചെത്തിക്കൊണ്ട് പറഞ്ഞു .ടെലിവിഷന്‍ ഷോകളും സീരിയലുകളും കാണാത്തതിനാല്‍ ചിപ്സും ചായക്കുമുള്ള പുതിയ പേരാണ് ടച്ചിംഗ്‌സ് എന്ന ധാരണയില്‍ ഞാന്‍ അദ്ദേഹം നയിച്ച വഴിയേ നടന്നു.

“അതാ....അങ്ങോട്ട് കയറിക്കോളൂ....ഞാനിതാ വന്നു....” ഒറ്റക്കസേരയുള്ള ബാര്‍ബര്‍ഷോപ്പ് പോലെയുള്ള ഒരു കുടുസ്സ് മുറി കാണിച്ച് തന്ന് ആതിഥേയന്‍ വീണ്ടും സ്കൂട്ടായി ! തിന്നുന്നത് അപരനായിരുന്നെങ്കിലും ചിപ്സിന്റെ ഗന്ധമെങ്കിലും ആസ്വദിക്കാന്‍ കിട്ടിയിരുന്ന സ്ഥലത്ത് നിന്നും , നേരെ ചൊവ്വെ ശ്വാസം വിടാന്‍ പോലും പറ്റാത്ത ഒരു റൂമില്‍  “ടച്ചിംഗ്‌സ്” പ്രതീക്ഷിച്ച് ഞാന്‍ ഇരുന്നു.തടികൊണ്ട് തീര്‍ത്ത ഇടനാഴിയിലെ കാലൊച്ചകള്‍ക്കൊടുവില്‍ , മുടി നീട്ടിവളര്‍ത്തിയ ഒരു ബുജിയും മുഷിഞ്ഞ ഒരു ബാഗുമായി അസിസ്റ്റന്റും ആ കുടുസ്സ് മുറിയിലേക്ക് കയറി – മൂന്ന് പേര്‍ അകത്തിരുന്നാല്‍ നടക്കാന്‍ പോകുന്ന വാഗണ്‍ ട്രാജഡി മുന്‍‌കൂട്ടി കണ്ട് ഞാന്‍ വാതില്‍ തുറന്നിടാന്‍ പറഞ്ഞു.

“സര്‍...തുടങ്ങാം...” ബുജി പറഞ്ഞു.

“എന്ത്?”

“ടച്ചിംഗ്‌സ് നടത്തേണ്ടത് സാറിനല്ലേ..?”

“അതേ...എവിടെ സാധനം?”

“സാധനമോ?” ബുജി ഞെട്ടിപ്പോയി.

“സാര്‍ ....ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറി കിടക്കുന്ന പ്രേക്ഷകലക്ഷങ്ങളുടെ മുമ്പിലാണ് ഏതാനും ദിവസങ്ങള്‍ക്കകം സാര്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നത്....” ബുജി പറഞ്ഞ് തുടങ്ങി.

“ഓഹോ...!”

“അപ്പോള്‍ സാറെ ഒന്ന് മൊത്തം കുളിപ്പിച്ച് വൃത്തിയാക്കണം...”

“ങേ! ഞാനിന്ന് കുളിച്ചിട്ട് തന്നെയാ വന്നത്....നീ പോയി ഒന്ന് കുളിച്ച് വരൂ (ആത്മഗതം)“

“അത് വെള്ളം കുളി , ഇത് വര്‍ണ്ണക്കുളി....ഇനി അനങ്ങാതെ അവിടെ ഇരുന്നാല്‍ മതി...ഞങ്ങള്‍ പണി തുടങ്ങട്ടെ....” 

നരച്ച ബാഗില്‍ നിന്നും പല ഡെപ്പികളും കുപ്പികളും പുറത്തേക്കെടുത്ത് വച്ച് അസിസ്റ്റന്റ് ഒരു ബ്രെഷിലേക്ക് പകര്‍ന്ന് കൊടുത്തു.ബുജി അത് എന്റെ മീശയിലെ വെള്ളിരോമങ്ങളിലേക്കും പകര്‍ത്തി.പൊതുവെത്തന്നെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കമുള്ള കഷണ്ടിയിലും എന്തോ സാധനം തേച്ചതോടെ അത് പത്തരമാറ്റില്‍ തിളങ്ങി.പുതിയൊരു ബ്രഷില്‍ എന്തോ സാധനമെടുത്ത് ചുണ്ടിലും പുരട്ടിയപ്പോള്‍ ഗതികെട്ട് ഞാന്‍ ചോദിച്ചു –
“ബായ്....ഇതെല്ലാം കഴുകിയാല്‍ പോകുന്നത് തന്നെയല്ലേ?”

“അതെന്താ , അങ്ങനെയൊരു ചോദ്യം ?”

“ഞാന്‍ ഇപ്പോള്‍ കോളേജില്‍ നിന്നാണ് വരുന്നത്....തിരിച്ച് ചെല്ലുമ്പോള്‍ കുട്ടികള്‍ എന്നെ തിരിച്ചറിയാതെ പോകരുത്...വൈകിട്ട് വീട്ടിലെത്തുമ്പോള്‍ ഭാര്യയും മക്കളും ‘ഇതാരപ്പാ?’ എന്ന് ചോദിച്ചുപോയാല്‍....”

“അതൊന്നും സാര്‍ പേടിക്കേണ്ട....ഇനി ധൈര്യമായി ക്യാമറയുടെ മുന്നില്‍ ഇരുന്നോളൂ...” 

കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുള്ള ഒരു റൂമിലേക്ക് എന്നെ ആക്കിത്തന്ന് അവര്‍ സ്ഥലം വിട്ടു.സെല്‍ഫി എന്ന് പേരിട്ട ശേഷം ജീവിതത്തിലാദ്യമായി അന്ന് ഞാന്‍ ഒരു സെല്‍ഫി എടുത്തു – ഒരു വെടക്കന്‍ സെല്‍ഫി (ഈ വെടക്ക് കോലത്തെ പിന്നെ എന്താ വിളിക്കാ...?)



പിന്നെ നടന്ന സംഭവങ്ങള്‍ നിങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് ദര്‍ശന ടി.വിയിലൂടെ ദര്‍ശിച്ചതിനാ‍ല്‍ ഇനിയും വിവരിക്കുന്നില്ല.

Saturday, January 09, 2016

പൂരം കൊടിയിറങ്ങുമ്പോള്‍....

കാല്പന്ത് കളിയിലൂടെ ദേശാന്തരവാര്‍ത്തകളില്‍ നിറഞ്ഞ്  നിന്ന അരീക്കോട്....
വെള്ളപ്പട്ടാളത്തെ നെഞ്ചുവിരിച്ച് നേരിട്ട ഏറനാടന്‍ പെരുമ ഉറങ്ങുന്ന അരീക്കോട്....
ഇതിഹാസകാരന്‍ ഒ.വി.വിജയന്‍ സ്കൂള്‍പഠനം ആരംഭിച്ച അരീക്കോട്....
മഹാകവി മുണ്ടമ്പ്ര ഉണ്ണിമമ്മദിന്റെ മാപ്പിളകാവ്യങ്ങള്‍ പെയ്തിറങ്ങിയ അരീക്കോട്....
ചാലിയാറിന്റെ താരാട്ട് കേട്ട് കേട്ടുറങ്ങിയിരുന്ന അരീക്കോട്....
ഇന്നലെ വരെ ഇതൊക്കെയായിരുന്നു എന്റെ നാടിനെപ്പറ്റി ഞാന്‍ കേട്ടതും പറഞ്ഞതും.പക്ഷേ മലപ്പുറം റവന്യൂ ജില്ലാ കലോത്സവം എന്റെ നാട്ടില്‍ കൊടിയിറങ്ങുമ്പോള്‍ എല്ലാവരും സൂചിപ്പിച്ചത് മറ്റൊന്നായിരുന്നു – ഈ നാടിന്റെ ആതിഥേയത്വം.

അഞ്ച് ദിവസങ്ങളിലായി എണ്ണായിരത്തില്പരം മത്സരാര്‍ഥികളും അവരുടെ രക്ഷിതാക്കളും അദ്ധ്യാപകരും അനുഭവിച്ചറിഞ്ഞത് ഈ നാടിന്റെ അറിയപ്പെടാത്ത ഒരു നന്മയായിരുന്നു. നാട്ടിലെ യുവാക്കള്‍ സന്നദ്ധ സേവകരായി സ്വയം മുന്നോട്ട് വന്നപ്പോള്‍ ,സ്കൂളിന് ചുറ്റുമുള്ള വീട്ടുകാര്‍ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും മേക്കപ്പിനും മറ്റും സൌകര്യം ഒരുക്കി.കുടുംബശ്രീ പ്രവര്‍ത്തകര്‍ കലാനഗരിയിലെ ശുചീകരണം ഏറ്റെടുത്തപ്പോള്‍ വിവിധ സ്കൂളുകളില്‍ നിന്നുള്ള എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ അതിഥികള്‍ക്കാവശ്യമായ സൌകര്യങ്ങള്‍ ഒരുക്കാനായി നെട്ടോട്ടമോടി.അങ്ങനെ എല്ലാവരും കൂട്ടമായി പ്രവര്‍ത്തിച്ചപ്പോള്‍ അത് നാടിന്റെ നന്മയായി അതിഥികള്‍ തിരിച്ചറിഞ്ഞു.

ഇതുവരെയുള്ള കലോത്സവത്തില്‍ നിന്നും ഞങ്ങളുടെ ഈ കലോത്സവത്തിന് മറ്റു ചില പ്രത്യേകതകള്‍ കൂടിയുണ്ടായിരുന്നു.ഉത്ഘാടന വേദിയിലെ അതിഥികളെ സ്വാഗതം ചെയ്തപ്പോള്‍ ബൊക്കക്ക് പകരം നല്‍കിയത് കെ.പി.കേശവമേനോന്‍ എഴുതിയ ജീവിതചിന്തകള്‍ എന്ന പുസ്തകമായിരുന്നു.കൂടാതെ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് മംഗള്‍‌യാനെപ്പറ്റിയുള്ള  പുസ്തകവും.വായനാപ്രിയനായ എന്റെ സുഹൃത്ത് , അരീക്കോട്ടുകാരനായ മലപ്പുറം ജില്ലാ വിദ്യാഭ്യ്യാസ ഓഫീസര്‍ പി.സഫറുല്ല മാസ്റ്ററുടെ തല ഈ പരിഷ്കാരത്തിന്  പിന്നില്‍ ഉണ്ടാകും എന്ന് തീര്‍ച്ച.


ജില്ലാകലോത്സവം കൊടിയിറങ്ങിയപ്പോള്‍ അരീക്കോട്ടുകാരുടെ സ്വപ്നം ഇനി അതുക്കും മേലെയാണ്. മറ്റേതോ നാടുകളില്‍ അരങ്ങേറിയ സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ നിരവധി ഇനങ്ങളില്‍ വെന്നിക്കൊടി പാറിപ്പിച്ച വിദ്യാര്‍ഥീ ചരിത്രമുള്ള ഈ നാട്ടില്‍ വച്ച് ഒരു സംസ്ഥാന സ്കൂള്‍ കലോത്സവം നടത്തണം.അരീക്കോട്ടുകാരുടെ നന്മ കേരളമാകെ അറിയണം.ജില്ലാ പഞ്ചായത്ത് ഈ ആവശ്യത്തോട് അനുഭാവം പ്രകടിപ്പിച്ചതിനാല്‍ ഇനി മലപ്പുറത്തിന് ലഭിക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കാന്‍ ഞങ്ങള്‍ക്കാകും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

Monday, January 04, 2016

കലയുടെ മാമാങ്കം അരീക്കോട്ട്

              അരീക്കോട് എന്നാൽ ഫുട്ബാളിന്റെ നാട് എന്നാണ് പൊതുവെ അറിയപ്പെടുന്നത്. എന്റെ നാടിന്റെ ഈ പ്രത്യേകതയെപ്പറ്റി ഞാൻ ഇതുവരെ ബ്ലോഗിൽ എഴുതിയിട്ടില്ല എങ്കിലും പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട് എന്നാണ് ഓര്മ്മ.കായിക രംഗത്ത് നേരത്തെ ശ്രദ്ധിക്കപ്പെട്ടതിനാൽ സംസ്ഥാന തലത്തിലുള്ള മൽസരങ്ങൾ പലതും ഇവിടെ അരങ്ങേറിയിട്ടുണ്ട്. എന്നാൽ കലാരംഗത്തും അരീക്കോടിന്റെ പേർ പതിപ്പിച്ച നിരവധി പേർ കഴിഞ്ഞ്  പോയിട്ടുണ്ട് , നിലവിൽ ജീവിക്കുന്നവരും ഉണ്ട്.

            അരീക്കോട്ടെ കലാസ്നേഹികൾക്ക് കലാവിരുന്ന് ഒരുക്കിക്കൊണ്ട്  മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്  അരീക്കോട് ഗവ. ഹയര് സെക്കന്ററി സ്കൂളിൽ ഈ ഞായറാഴ്ച തിരി തെളിഞ്ഞു. എന്റെ നാട് ഇതുവരെ കാണാത്ത വർണ്ണാഭമായ ഘോഷയാത്രയോടെയായിരുന്നു തുടക്കം.



           ഞാൻ ആദ്യാക്ഷരം കുറിച്ച ജി.എം.യു.പി സ്കൂളിൽ നിന്നാരംഭിച്ച ഘോഷയാത്ര സമാപിച്ചത് എന്റെ പിതാവ് സര്ക്കാര് സേവനത്തിന് വിരാമമിട്ട  അരീക്കോട് ഗവ. ഹയര് സെക്കന്ററി സ്കൂളിൽ ആയിരുന്നു. എകദേശം 2 കിലോമീറ്ററിലധികം നടന്ന് കുട്ടികളും പങ്കെടുത്തവരും എല്ലാം വെള്ളം കുടിച്ചിരിക്കും എന്നത് സത്യം.




          അരീക്കോടിന്റെ മണ്ണിൽ ആദ്യമായെത്തുന്ന കലമാമാങ്കത്ത്തിൽ ഞാനും അഭിമാനിക്കുന്നു. ഉത്ഘാടന വേദിയിലെ ആദ്യത്തെ ചടങ്ങായ പ്രാർത്ഥനാ ഗാനത്തിന്റെ ടീം അംഗമായി എന്റെ മൂത്തമകൾ ഐഷനൗറയും സ്റ്റേജിൽ പാടി .വരും ദിവസങ്ങളിൽ സംഘഗാന മത്സരത്തിലും അവളും ടീമും മാറ്റുരക്കുന്നുണ്ട്.രണ്ടാമത്തെ മകൾ ഏഴാം ക്ലാസ്സുകാരി ആതിഫ ജുംലയും ഇത്തവണ വേദിയിൽ കയറുന്നു. ഹിന്ദി കഥാരചനയിലും ഉർദു , അറബി സംഘഗാനങ്ങളിലും അവൾ മത്സരിക്കുന്നു. എന്റെ നാട്ടിൽ ,എന്റെ നാട്ടുകാര്ക്ക് മുമ്പിൽ, വ്യത്യസ്ത സ്കൂളുകളെ പ്രതിനിധീകരിച്ച്, എന്റെ പിതാവിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് കര്മ്മ ഭൂമിയായ സ്കൂളിൽ എന്റെ മക്കൾ മത്സരിക്കുമ്പോൾ ഒരു പിതാവെന്ന നിലയിൽ എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.